ദിലീപ് നിരപരാധിയാണെങ്കില്‍  ഈ പരാക്രമം കാണിക്കേണ്ട കാര്യമെന്താണ്? | അഡ്വ. ടി.ബി. മിനിയുമായി അഭിമുഖം


അഡ്വ. ടി.ബി. മിനി \ രമ്യ ഹരികുമാര്‍

7 min read
Read later
Print
Share

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. കേസില്‍ അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ.ടി.ബി.മിനിയുമായുളള സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ 

.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍നിന്ന് ഉണ്ടായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് പരിശോധന നടത്തണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് എങ്ങനെയെന്ന ചോദ്യമുയര്‍ന്നാല്‍ ഉത്തരം നല്‍കാന്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ എട്ടാം പ്രതി ദിലീപ് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച ഹൈക്കോടതി പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കേസില്‍ അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ. ടി.ബി. മിനിയുമായുളള സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.



നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരിക്കുകയാണ്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

ഈ വിജയം ഊര്‍ജമാണ്. അതിജീവിതയ്ക്കും അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കും ഒരു വെട്ടം കിട്ടിയിരിക്കുന്നു. ക്രൂരമായ പീഡനത്തിന് ഇരയായിട്ടുളള കുട്ടിക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളായ സമൂഹത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും അങ്ങേയറ്റം നിരാശയും വേദനയും സങ്കടവും ഉണ്ടായിരുന്ന ഒരു അവസ്ഥയില്‍നിന്ന് ഒരു പ്രകാശം ലഭിച്ചു. അതാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി എന്ന് പറയുന്നത്.

പല പെണ്‍കുട്ടികളും എന്നെ വിളിച്ചു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മനുഷ്യര്‍ വിളിച്ചു. പൂര്‍ണമായും നിരാശരായിരുന്നു എല്ലാവരും. ലൈംഗിക പീഡനത്തിന് ഇരയായിട്ടുളള നിരവധി ആളുകളുണ്ട്. അവര്‍ അനുഭവിക്കുന്ന മാനസികാഘാതമുണ്ട്. നീതിപീഠ സംവിധാനങ്ങള്‍ അതിജീവിതമാര്‍ക്കെതിരേ നില്‍ക്കുകയാണെങ്കില്‍ ഇനി എന്ത് പ്രതീക്ഷയാണ് ഉളളത് എന്ന് ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ആളുകളും ചിന്തിച്ചുകൊണ്ടിരുന്നത്. അവരോടെല്ലാം ഞാന്‍ പറഞ്ഞത് പ്രതീക്ഷയോടെയാണ് നാം മുന്നോട്ടുപോകേണ്ടത് എന്നാണ്.

നിയമസംവിധാനത്തില്‍ വരുന്ന വീഴ്ചകളെ പരിഹരിക്കാന്‍ നിയമസംവിധാനത്തെ തന്നെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. അതോടൊപ്പം സമൂഹത്തിന്റെ നിലവിളി എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ നിയമങ്ങളും സമൂഹത്തിന് വേണ്ടിയാണ്. ജുഡീഷ്യറിയുടെ തെറ്റുകള്‍ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഒരു നിയമത്തിലും പറയുന്നില്ല, എന്നാല്‍ പുറത്ത് നിന്നുളള ആളുകളല്ല നിര്‍ദേശിക്കേണ്ടതെന്ന് സി.ആര്‍.പി.സിയില്‍ ഒരു വകുപ്പുണ്ട്. 195. അതുതന്നെ ചില പ്രത്യേക വകുപ്പുകളുടെ കാര്യത്തില്‍ മാത്രമാണ് പറയുന്നത്.

വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് പരിശോധന വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. ഇതിനെ എട്ടാം പ്രതി ദിലീപ് എതിര്‍ത്തിരുന്നല്ലോ?

ഒരു അന്വേഷണത്തിന്റെ ഭാഗമായി കത്തി പിടിച്ചെടുത്താന്‍ അത് കോടതിയുടെ സുരക്ഷിതമായ കസ്റ്റഡിയില്‍ വെക്കുന്നു. കോടതിയുടെ കസ്റ്റഡിയില്‍ വെക്കുമ്പോള്‍ ഒരു ജുഡീഷ്യല്‍ സംവിധാനത്തെ സംബന്ധിച്ച് അത് ഏറ്റവും സേഫ് ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ,ഇവിടെ അതിലൊരു തെറ്റുപറ്റുന്നു. അത് ടാംപര്‍ ചെയ്യപ്പെടുന്നു. അതാരും വിശ്വസിക്കുന്നില്ല. ആ വിശ്വാസത്തെയാണ് പ്രതി അടക്കമുളള ആളുകള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. കോടതിയില്‍ സൂക്ഷിക്കപ്പെട്ട ഒന്നിന് മാറ്റം സംഭവിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കോടതിക്കാണ്. അത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്റാണ്. ഒരു മനുഷ്യന്റെ ജീവിതമാകെ ആ ഇലക്ട്രോണിക് ഡോക്യുമെന്റില്‍ കിടക്കുകയാണ്. പ്രതികള്‍ സുപ്രീം കോടതി വരെ എന്തിന് ഈ മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ പോയി എന്നത് വലിയ വിഷയമാണ്. ഒന്ന് സ്റ്റേറ്റ് എഫ്എസ്എല്‍ എന്നത് പോലീസിലെ ഒരു സംവിധാനമാണ്. അതുകൊണ്ടുതന്നെ പോലീസുകാര്‍ സ്വാധീനിച്ച് അവര്‍ക്കാവശ്യമുളളത് പോലെ ഇത് അവര്‍ മാറ്റും അതാണ് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയെ കുറിച്ച് എട്ടാം പ്രതിക്കുളള വിമര്‍ശനം. രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍, ഇവിടെ എട്ടാം പ്രതി മാത്രമാണ് ഇതിന് പിറകേ നടക്കുന്നത്. ഇതില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. ഏറ്റവും കൂടുതല്‍ പ്രശ്നം അയാള്‍ക്കാണ്. പക്ഷേ, എട്ടാം പ്രതി പണവും സ്വാധീനവുമുളള ആളായതുകൊണ്ട് എല്ലാ അര്‍ഥത്തിലും സ്വാധീനിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

എട്ടാം പ്രതിയായ ദിലീപിന്റെ അനാവശ്യമായ ഇടപെടല്‍ തന്നെ സംശയാസ്പദമല്ലേ എന്നാണോ?

മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് അവരുടെ വാദം എന്നുപറയുന്നത് ഈ മെമ്മറി കാര്‍ഡ് മാര്‍ക്ക് ചെയ്യപ്പെട്ടതാണ്, പിന്നെ ഇത് എന്തിന് വീണ്ടും ഫോറന്‍സിക്കിലേക്ക് അയക്കുന്നു? അതാണ് അവരുടെ ചോദ്യം. മെമ്മറി കാര്‍ഡ് അവര്‍ മാര്‍ക്ക് ചെയ്തു. 2021-ല്‍ മെമ്മറി കാര്‍ഡ് മാര്‍ക്ക് ചെയ്യുമ്പോള്‍ ഹാഷ് വാല്യു മാറിയിട്ടുണ്ട്. മാറി എന്ന് പറയുന്ന സത്യത്തെ മൂടിവെച്ചുകൊണ്ട് എ എന്ന ഹാഷ് വാല്യൂ മാര്‍ക്ക് ചെയ്യപ്പെട്ടു. എന്നിട്ട് ഇവര്‍ വളരെ നല്ല കുട്ടികളായിട്ട് എഫ്എസ്എലില്‍ നിന്ന് വന്ന റിപ്പോര്‍ട്ടിന് എതിരായിട്ട് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് സുപ്രീം കോടതി വരെ കോടികള്‍ മുടക്കി പോയിട്ട്. ഇത് ഒരു ഇലക്ട്രോണിക് ഡോക്യമുമെന്റ് ആയതുകൊണ്ടും അതില്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് എന്നുളളതുകൊണ്ടും അത് കാണുന്നത് ഫോറന്‍സിക് ലാബിലെ അതോറിറ്റീസിന്റെ മുന്നിലും പ്രോസിക്യൂഷന്റെയും ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറുടെ സാന്നിധ്യത്തിലുമായിരിക്കണം എന്നാണ് വിധി. 19-12-19 ഈ ഡേറ്റില്‍ ഇത് കാണുന്നു. ഉച്ചയ്ക്ക് ശേഷം ദിലീപിന്റെ അഭിഭാഷകന്‍ സംസാരിച്ചു, ഞങ്ങളാണ് സുപ്രീംകോടതിയില്‍ പോയത്, അതുകൊണ്ട് മുഴുവന്‍ പ്രതികളെയും അവരുടെ ആളുകളെയും പുറത്താക്കിക്കൊണ്ട് ഞങ്ങള്‍ക്ക് മാത്രമായി കാണാന്‍ പോകണം എന്ന്. ഉച്ചയ്ക്ക് ശേഷം ദിലീപും അഭിഭാഷകനും കോടതിയും രണ്ട് എഫ്എസ്എല്‍ ഉദ്യോഗസ്ഥരും മാത്രമാണ് അത് കണ്ടത്. ഇവിടെ എല്ലാവരും പറയുന്നത് ദിലീപ് നിരപരാധിയാണ്, ഞങ്ങള്‍ അറിയുന്ന ദിലീപ് ഇത് ചെയ്യില്ല എന്നൊക്കെയാണ്‌. ദിലീപ് നിരപരാധിയാണെങ്കില്‍ ഈ പരാക്രമം കാണിക്കേണ്ട കാര്യമെന്താണ്?. ഇത് വലിയ ചോദ്യമല്ലേ?

മെമ്മറി കാര്‍ഡ് കണ്ടിട്ട് സിഎഫ്എസ്എല്ലിലേക്ക് അയക്കുന്നതിനായിട്ട് ഇതിന്റെ ക്ലോണ്‍ കോപ്പി എടുക്കാന്‍ പോയി. അതിനായി ലാബില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്നത് കോടതിയെ അറിയിക്കണം. പ്രധാനപ്പെട്ട കാര്യം ക്ലോണ്‍ കോപ്പി എടുത്ത് സിഎഫ്എസ്എല്ലിലേക്ക് അയുക്കുന്നതിനായിട്ട് 10-1-20ല്‍ സുപ്രീംകോടതിയുടെ ഫോര്‍വേഡ് നോട്ടുണ്ട്. അന്നുതന്നെ തിരിച്ചുവേണം എന്നാവശ്യപ്പെട്ടിട്ടാണ് കൊടുക്കുന്നത്. വൈകുന്നേരമാകുമ്പോഴേക്കും ഇത് കൊടുത്തുവിടുന്നു ഇതിന്റെ ഒരു റിപ്പോര്‍ട്ടും കൊടുത്തുവിടുന്നു. അപ്പോഴും ഇതിന്റെ അനലൈസ് ചെയ്ത റിപ്പോര്‍ട്ട് കൊടുക്കുന്നില്ല. കിട്ടിക്കഴിഞ്ഞാല്‍ പരിശോധിക്കാന്‍ സമയം വേണമല്ലോ. 29-1-2020ലാണ് റിപ്പോര്‍ട്ട് കൊടുക്കുന്നത്. 29-1-20ല്‍ ഈ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ റിപ്പോര്‍ട്ട് അറിയുന്ന രണ്ടേ രണ്ട് ആളുകളാണ് ഉളളത്. ഒരാള്‍ ജഡ്ജി, ഒരാള്‍ എഫ്എസ്എല്ലിലെ ഡയറക്ടര്‍. റിപ്പോര്‍ട്ട് കിട്ടുന്നത് 29-1-20-ല്‍ ട്രയല്‍ ആരംഭിക്കുന്നത് 30-1-20ല്‍. ഹാഷ് വാല്യു മാറിയ കാര്യം വാദിയെയും പ്രതിയെയും അറിയിക്കേണ്ട പ്രാഥമിക ചുമതല കോടതിക്കുണ്ട്.

ഫസ്റ്റ് വിറ്റ്നസിനെ വിസ്തരിക്കുമ്പോള്‍ വിഷ്വല്‍സ് കാണിച്ചു കൊടുത്തിട്ട് അത് ക്രോണ്‍ടാഡിക്ട് ചെയ്യേണ്ട ചുമതല ക്രോസ് ചെയ്യുന്ന ആളുകള്‍ക്ക് ഉണ്ട്. ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന്‌ അറിയിക്കേണ്ട പ്രൈമറി ചുമതല കോടതിക്കുണ്ട്. കോടതിയുടെ നിലപാട് നിഷ്‌കളങ്കമാണെന്ന് പറയാനാവില്ല. ട്രയല്‍ നടക്കുന്ന സമയത്ത് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇത് പരിശോധിക്കുക. കോടതി ഇത് ഒരാളുടെ സാന്നിധ്യമില്ലാതെ ചെയ്യില്ല. അല്ലെങ്കില്‍ പ്രൊസീഡിങ്സ് എഴുതിവെക്കണം. പ്രതിയെ സഹായിച്ചിട്ടുണ്ട് ആരോ. നമുക്ക് കോടതിയാണെന്ന് പറയാന്‍ സാധിക്കില്ല. ആരോ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുണ്ടാകുന്ന ദോഷമാണ് പ്രശ്നം. ഇവര്‍ മെമ്മറി കാര്‍ഡ് മാര്‍ക്ക് ചെയ്തു. യഥാര്‍ഥത്തില്‍ ഹാഷ് വാല്യു ബി-യാണ്. ഹാഷ് വാല്യു എ-യാണ് എന്ന നിലയിലാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്. അത് ബി ആയി മാറിയിട്ടുണ്ട്. അതാണ് ക്ലോണ്‍ കോപ്പിയെടുത്ത് ലാബിലേക്ക് അയക്കുന്നത്. അപ്പോള്‍ തിരിച്ചുവരുന്ന റിപ്പോര്‍ട്ട് ബി-യാണ് ഹാഷ് വാല്യു എന്നായിരിക്കും. അപ്പോള്‍ ഡോക്യുമെന്റ് ഇതല്ലല്ലോ. ആ ഒറ്റ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിക്ക് ഊരിപ്പോരാം, ഇത് കോമണ്‍സെന്‍സാണ്.

ഈ കേസില്‍ പ്രതിയുടെ ആളുകള്‍ പറയുന്നത് മെമ്മറി കാര്‍ഡ് എഫ്എസ്എല്‍ പരിശോധനയ്ക്ക് പോകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ട്രയലില്‍ കയറി നില്‍ക്കാനുളള മടികൊണ്ടാണ് എന്നും ഈ കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നുമാണ്. സാധാരണ രീതിയില്‍ അതിജീവിതയാണ്‌ കേസ് എത്രയും വേഗം തീര്‍ക്കണമെന്നാഗ്രഹിക്കുന്നത്. അല്ലാതെ നീട്ടിക്കൊണ്ടുപോകണമെന്ന് അവര്‍ ആഗ്രഹിക്കില്ല. കേസ് നീളുന്നതിന്റെ കാരണം എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്ന മാറ്റം കൊണ്ട് ഇത് പ്രോസിക്യൂഷന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാതെ ഒന്നര മാസം വെച്ചുകൊണ്ടിരുന്നു. തീരുമാനം എടുക്കാതെ ഒന്നര മാസം വെച്ചു. ഹൈക്കോടതിയില്‍ അതിജീവിതയ്ക്ക്‌ കേസ് ഫയല്‍ ചെയ്യേണ്ടി വന്നു.

പ്രോസിക്യൂട്ടര്‍മാരുടെ രാജിയും ഈ കേസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടല്ലോ?

ഈ കോടതിയില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. രണ്ട് പേർ രാജിവെക്കുമ്പോള്‍ അതു വെറുതെയുള്ള രാജിയല്ല. ഒരു പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ എനിക്ക് പ്രോസിക്യൂഷന് തെളിവുകള്‍ നല്‍കാന്‍ ഈ കോടതി സമ്മതിക്കുന്നില്ല എന്നാണ് പറഞ്ഞത്. കോടതിയുടെ ജോലി എന്നുപറയുന്നത് നിഷ്പക്ഷമായി വാദപ്രതിവാദങ്ങള്‍ കേട്ട് അത് എഴുതിയെടുക്കുകയും അതില്‍ വരുന്ന നിയമവശങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയിലേക്ക് എത്തുകയുമാണ്. പക്ഷം പിടിക്കരുത്. പക്ഷം പിടിക്കുന്നു എന്നു പറയുന്നത് തന്നെ കോടതിയുടെ പരാജയമാണ്.

പ്രോസിക്യൂട്ടറും കോടതിയും തമ്മില്‍ ഒരു ബന്ധമുണ്ട്. പ്രതികള്‍ ഔട്ട്സൈഡേഴ്സാണ്. പ്രോസിക്യൂട്ടര്‍ എല്ലായ്പ്പോഴും കോടതിയില്‍ ഉളളതും കോടതിയെ അസിസ്റ്റ് ചെയ്യാനുളളതുമായ നിയമസംവിധാനമാണ്. നിയമങ്ങള്‍ വരുന്നത് പ്രതിയെ ശിക്ഷിക്കാന്‍ വേണ്ടിയാണ്. പ്രതിയെ ശിക്ഷിക്കാനാണ് സര്‍ക്കാറും ഇന്‍വെസ്റ്റിഗേഷനും കോടതിയും പ്രോസിക്യൂഷനും. ഇതു തമ്മില്‍ നല്ല ബന്ധമില്ലെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകും. സാക്ഷികളെ പ്രോസിക്യൂട്ടറിന് കാണുന്നതിനായിട്ട് കോടതിയോട് ചേര്‍ന്ന് ഒരു മുറിയുണ്ട്. ഈ കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് സാക്ഷികളെ കാണാന്‍ പാടില്ലെന്ന ഉദ്ദേശത്തില്‍ സാക്ഷികളുമായി ഒന്നിച്ചിരിക്കുന്നതിന് തടസ്സം ഏര്‍പ്പെടുത്തി. പ്രതിയുടെ പക്ഷം മാത്രം പിടിക്കുന്ന രീതിയില്‍ കോടതി പോയി. ഇവിടെ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍ പ്രോസിക്യൂട്ടറുടെ സാക്ഷികളെ പറഞ്ഞുപഠിപ്പിക്കുന്നതിനുളള ആ മുറി പോലും പ്രോസിക്യൂഷന് നിഷേധിച്ചു.

പ്രോസിക്യൂട്ടറെ സംബന്ധിച്ച് അവരുടെ മാനാഭിമാനങ്ങള്‍ തകര്‍ന്നുപോകുന്ന രീതിയിലാണ് കോടതി സംസാരിച്ചു കൊണ്ടിരുന്നത്,. അങ്ങനെയാണ് പ്രോസിക്യൂട്ടര്‍ കേരള ഹൈക്കോടതിയില്‍ ഈ കോടതി മാറ്റണം നിലപാട് സ്വീകരിച്ചത്. പക്ഷപാതമില്ലാത്ത വിചാരണയാണ് നടക്കുന്നതെന്ന് പറയാനാകാത്ത പിഴവാണ് പിന്നെയും പിന്നെയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

നമ്മള്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഒരു രേഖ സംബന്ധിച്ചാണ് കോടതിയില്‍ ചര്‍ച്ച നടക്കുന്നത്. അതുമാത്രമല്ല, പ്രോസിക്യൂട്ടര്‍ കോടതിയില്‍ പോയിരിക്കുകയാണ്. അപ്പോഴെങ്കിലും കോടതി പറയണ്ടേ? പ്രോസിക്യൂട്ടര്‍ക്ക് ബെഞ്ച് ക്ലാര്‍ക്കിനോട് സംസാരിക്കാന്‍ സാധിക്കുന്നില്ല, സാക്ഷികളോട് സംസാരിക്കാന്‍ സാധിക്കുന്നില്ല. സാക്ഷികളെ മുഴുവന്‍ സ്വാധീനിച്ച് അപ്പുറത്ത് എതിരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷന്‍ സംസാരിക്കുമ്പോള്‍ ഏതെങ്കിലും സാക്ഷികള്‍ തിരിച്ചുവന്നാലോ എന്ന് കരുതിയാണ് പ്രോസിക്യൂഷനുമായി സംസാരിക്കരുത് എന്ന് കോടതി പറയുന്നത്.

അതിജീവിതയുടെ കേസിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഞാന്‍ ചാനലുകളില്‍ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടിട്ടാകാം അതിജീവിതയ്ക്ക് എതിരായി ഒരാള്‍ വന്ന് ഒരു മണിക്കൂര്‍ എന്നോട് സംസാരിച്ചു. അന്നൊന്നും അതിജീവിതയെ എനിക്ക് നേരിട്ട് പരിചയമില്ല. കേസുമായി എനിക്ക് ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ അയാള്‍ വന്നുപറഞ്ഞ കാര്യങ്ങള്‍ എനിക്ക് ബോധ്യപ്പെടുന്ന കാര്യമല്ല. കണ്‍സെന്റ് ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍. ഒരു നിരപരാധിയെയും ശിക്ഷിക്കണമെന്ന് എനിക്കില്ല. തെറ്റ് ചെയിതിട്ടില്ലെങ്കില്‍ എന്തിനാണ് പ്രതി പിന്നെയും പിന്നെയും തെറ്റ് ചെയ്യുന്നത്? അതാണ് ഇയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അടുത്ത കാലത്താണ് അതിജീവിതയുമായി ഞാന്‍ ബന്ധപ്പെടുന്നത്. അന്വേഷണങ്ങളില്‍ എനിക്ക് മനസ്സിലായത്‌ ഈ കേസ് അവര്‍ തകര്‍ക്കുകയാണെന്നാണ്‌, അപ്പോഴാണ് ഞാന്‍ ഇറങ്ങാന്‍ തീരുമാനിക്കുന്നത്.

മുന്നോട്ടുളള യാത്ര യാത്രയില്‍ എത്രത്തോളം പ്രതീക്ഷയുണ്ട്?

ഇത് പ്രകൃതിയുടെ ഇടപെടലാണെന്നേ എനിക്ക് പറയാനാവു. സത്യം തെളിഞ്ഞുവരികയാണ്. രണ്ടു ഘട്ടങ്ങളിലായി സത്യം തെളിഞ്ഞുവന്നു. ആദ്യത്തെ അന്വേഷണത്തില്‍ ഉണ്ടായിട്ടുളള പരാജയമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ആദ്യം ദിലീപ് ഇല്ലാതെയാണ് ചാര്‍ജ് ഫയല്‍ ചെയ്യുന്നത്.. അത് തിരക്ക് പിടിച്ച് എന്തിനാണ് ചെയ്തത്? ചാര്‍ജ് ഫയല്‍ ചെയ്തില്ലെങ്കില്‍ ദിലീപ് പ്രതിയല്ലല്ലോ. ഈ സമയത്താണ് പള്‍സര്‍ സുനിയുടെ കത്തും ഫോണും ദിലീപിലേക്ക് വരുന്നത്. എന്നെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഡി.ജി.പിക്ക് എഴുതിക്കൊടുത്തിട്ട് അയാള്‍ ഗള്‍ഫ് പര്യടനത്തിന് പോയി. ഡി.ജി.പിക്ക് നല്‍കിയ കത്ത് ഫോര്‍വേഡ് ചെയ്ത് കിട്ടിയ ഉദ്യോഗസ്ഥനായിരുന്നു ബൈജു പൗലോസ്. അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ പള്‍സര്‍ സുനി മൊബൈല്‍ ഉപയോഗിക്കുന്നതും കത്തെഴുതുന്നതും ഉള്‍പ്പടെയുളള തെളിവുകള്‍ കണ്ടെത്തി. അങ്ങനെ പ്രതി തന്നെ പ്രതിക്കെതിരേയുളള വിവരങ്ങള്‍ നല്‍കുകയായിരുന്നു. പ്രകൃതിയുടെ കൈയൊപ്പ്. രണ്ടാമത് വരുന്നതാണ് ബാലചന്ദ്രകുമാര്‍. എന്തുസംഭവിച്ചാലും ബാലചന്ദ്രകുമാര്‍ മൊഴി മാറ്റില്ല. പ്രതീക്ഷയിലാണ് കേസ്‌ മുന്നോട്ടുപോകുന്നത്


നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലുള്ള മെമ്മറി കാര്‍ഡ് രണ്ടു ദിവസത്തിനകം തിരുവനന്തപുരത്തെ സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മെമ്മറി കാര്‍ഡ് ലഭിച്ച് ഏഴു ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും പകര്‍പ്പ് മുദ്രവെച്ച കവറില്‍ വിചാരണക്കോടതിക്കു നല്‍കണമെന്നും പറഞ്ഞ കോടതി തുടരന്വേഷണവും വിചാരണയും നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: actress attack case: interview with adv.t.b.mini

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Lekshmi Menon
Premium

9 min

ചേക്കുട്ടിപ്പാവ, അമ്മൂമ്മത്തിരി, ചൂലാല, ശയ്യ....! പുത്തനാശയങ്ങളുടെ ആശാനാണീ ലക്ഷ്മി

May 4, 2023


Sruthilakshmi

9 min

'ആണും പെണ്ണും കെട്ടിപ്പിടിക്കുന്നതിന് ഒരര്‍ഥം മാത്രം കല്പിക്കുന്നവരോട് ഒന്നുംപറയാനില്ല'

May 27, 2023


Bindu Ammini
Premium

13 min

കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെ ഇടയില്‍നിന്ന് പോലും മാറ്റിനിര്‍ത്തി | ബിന്ദു അമ്മിണിയുമായി അഭിമുഖം

Jul 11, 2023


Most Commented