എന്നെ നയിക്കുന്നത് എന്റെ ബോദ്ധ്യമാണ്, കോണ്‍ഗ്രസ് തകരരുതെന്ന ബോദ്ധ്യം-ശശി തരൂര്‍


ശശി തരൂർ/ കെ.എ. ജോണി

Exclusive Interview

Shashi Tharoor | Photo: AK Bijuraj/ Mathrubhumi

1897 ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായി ഒരു മലയാളി ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തേക്ക് മത്സരിക്കുകയാണ്. ശങ്കരന്‍ നായരെപ്പോലെ ശശി തരൂരിന്റെയും വേരുകള്‍ പാലക്കാട് ജില്ലയിലാണെന്നത് യാദൃച്ഛികതയാവാം. നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയായ സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഒരു പുതിയ വഴിത്തിരിവിന്റെ മുനമ്പില്‍ നില്‍ക്കെ ശശി തരൂര്‍ മാതൃഭൂമി പ്രതിനിധി കെ എ ജോണിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്:

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അന്തിമമായി താങ്കളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ്?പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെങ്കിലും ഇതൊരു വലിയ അവസരമായാണ് ഞാന്‍ കാണുന്നത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ താല്‍പര്യം ഉടലെടുക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിനും ഉണര്‍ത്തുന്നതിനുമുള്ള അവസരം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ ഉറച്ചു നിന്നു, അപ്പോള്‍ പിന്നെ നമ്മള്‍ ആ നിലപാടിനെ ബഹമാനിക്കുക തന്നെ വേണം. അത് പറയുമ്പോള്‍ തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടത് കാര്യങ്ങള്‍ നേരെയാക്കാന്‍ കൂടുതല്‍ സമയം എടുക്കുന്തോറും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവുന്നതിനുള്ള സാദ്ധ്യത ഏറെയാണെന്നതാണ്. അതുകൊണ്ടാണ് പ്രസിഡന്റ് സഥാനത്തേക്കുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് ഞാന്‍ കഴിഞ്ഞ കുറെക്കാലമായി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് കുറെക്കൂടി ഫലപ്രദമായി സംഘടനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവും. പാര്‍ട്ടി അണികളെ ഉണര്‍ത്തുക വഴി പാര്‍ട്ടിയുടെ പുനരുജ്ജീവനം ശക്തിപ്പെടുത്താനും ഈ നേതാവിന് കഴിയും. പൊതുജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു നേതാവിന് കൂടുതല്‍ സ്വീകാര്യതയുണ്ടാവും. '' കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കും '' എന്ന ചിന്താഗതി നമ്മളെ ഒരിടത്തുമെത്തിക്കില്ല.

ഇന്നിപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള പ്രശ്നത്തിന് രണ്ട് തലങ്ങളുണ്ട്. രാഷ്ട്രത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്നതിനുള്ള പ്രസാദാത്മകമായ ഒരു ദര്‍ശനം മുന്നോട്ടുവയ്ക്കെുന്നതിനൊപ്പം തന്നെ പാര്‍ട്ടി നേരിടുന്ന സംഘടനാപരവും ഘടനാപരവുമായ പ്രതിസന്ധികള്‍ തരണം ചെയ്യുക എന്നതാണത്. ഇന്നത്തെ ഈ സംവിധാനത്തില്‍ ദീര്‍ഘകാലമായി കുടുങ്ങിക്കിടന്നതിലൂടെയുള്ള ബാദ്ധ്യതകള്‍ ഇല്ലാത്ത ഒരു പുതിയ നേതാവിന് ഈ രണ്ട് ഉത്തരവാദിത്വങ്ങളും (പുറത്ത് നിന്ന് കൂടുതല്‍ വോട്ടുകള്‍ ആകര്‍ഷിക്കുക, പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്വസ്വലമാക്കുക) നിര്‍വ്വഹിക്കാനാവും. പാര്‍ട്ടിക്കുള്ളിലും പുറത്തും കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് ആരോഗ്യകരവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നതിലൂടെ എല്ലാ തലങ്ങളിലും ചലനാത്മകത സൃഷ്ടിക്കുന്നതിന് ജനാധിപത്യപരമായ മത്സരത്തിനാവും. മൂന്ന് മുഖ്യ കാരണങ്ങള്‍ കൊണ്ടാണ് മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. 1, ജനാധിപത്യപരമായ മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെയും രാഹുല്‍ ഗാന്ധിയുടെയും കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. 2, അധികാരം കൂടുതല്‍ വികേന്ദ്രീകൃതമാക്കുക, ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുക, എല്ലാ തലങ്ങളിലും നേതൃത്വവുമായി കൂടുല്‍ സംവദിക്കുന്നതിനും അടുക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടാക്കുക എന്നിങ്ങനെ പാര്‍ട്ടിക്കൊരു പുതുജീവന്‍ പകരുന്നതിന് എനിക്ക് എന്റേതായ നിരവധി ആശയങ്ങളുണ്ട്. 3, എന്തിലെങ്കിലും നമ്മള്‍ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനായി എന്ത് പ്രത്യാഘാതം നേരിടുന്നതിനും നമ്മള്‍ തയ്യാറാവണം. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്നെ നയിക്കുന്ന വിശ്വാസ പ്രമാണമാണിത്.

ഈ പോരാട്ടത്തില്‍ താങ്കളുടെ കരുത്തായി താങ്കള്‍ കാണുന്നതെന്താണ്?

സംഘടനപരമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഫലപ്രദമായ നേതൃത്വവും ഉണ്ടാവുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനാവുകയുള്ളു. സംഘടനകളുടെ ഉയര്‍ന്ന തലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായതിന്റെ തെളിവുകളും രേഖകളും എനിക്ക് മുന്നോട്ടുവെയ്ക്കാനാവും. ഉദാഹരണത്തിന് ഐക്യരാഷ്ട്ര സംഘടനയില്‍ എന്റെ പ്രവര്‍ത്തനം പരിശോധിക്കാം. അവിടെ പൊതു വിവര വകുപ്പിന്റെ ചുമതലയുള്ള ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഏറ്റവും വലിയ വകുപ്പിന്റെ ആശയ വിനിമയ സംവിധാനത്തിനാണ് ഞാന്‍ നേതൃത്വം നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള ഈ വകുപ്പിന് ദിശാബോധം നല്‍കുന്നതിനും അതിന്റെ ബജറ്റ് അതിര് കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും , പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനും എനിക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഞാന്‍ നേതൃത്വം നല്‍കണമെന്ന കാഴ്ചപ്പാടിലേക്ക് പലരേയും നയിച്ചത് എന്റെ ഈ പ്രവര്‍ത്തന ശൈലിയാണ്.

അടുത്ത കാലത്ത് നിന്നുള്ള ഉദാഹരണം വേണമെങ്കില്‍ അഖിലേന്ത്യ ഫ്രൊഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം നോക്കാം. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞാന്‍ ഈ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവന്നത്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരം പ്രവര്‍ത്തകരുള്ള സജീവ സംഘടനയായി ഫ്രൊഫഷനല്‍ കോണ്‍ഗ്രസ് വളര്‍ന്നുകഴിഞ്ഞു. ബിജെപിയെ പോലൊരു പാര്‍ട്ടിയെ നേരിടുന്നതിനും കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനും എനിക്ക് എന്റേതായ മുന്‍ഗണനകളുണ്ട്. പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ എനിക്ക് മുന്‍പരിചയമില്ലെന്ന് വിമര്‍ശിക്കുന്നവരുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വല്ലാതെ അപലപിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു മുന്‍പരിചയം ഇല്ലാത്തതാവാം ചിലപ്പോള്‍ കൂടുതല്‍ അഭികാമ്യം. വിജയിക്കണമെന്ന വാശിയോടെയല്ലാതെ ഞാന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. രണ്ട് തവണ ഇടത് പക്ഷം തുടര്‍ച്ചയായി വിജയിച്ച , ബിജെപി ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന തിരുവനന്തപുരത്താണ് ഞാന്‍ മൂന്നു വട്ടം വിജയിച്ചതെന്ന് മറക്കരുത്.

ജി 23 താങ്കളെ ഉപാധികളില്ലാതെ പിന്തുണയ്ക്കുമോ?

ജി 23 ഒരു സംഘടനയല്ല. ആ പദം മാദ്ധ്യമ സൃഷ്ടിയാണ്. കോണ്‍ഗ്രസിനെ പുാനരുജ്ജിവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന വിശാല ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന സമീപനമാണിത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡെല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളു. ജി 23ന്റെ പ്രതിനിധിയായല്ല ഞാന്‍ മത്സരിക്കുന്നത്. അവരുടെ പിന്തുണ ഞാന്‍ തേടിയിട്ടുമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി 23 വരുന്നതിനും എത്രയോ മുമ്പ് , 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്ന നിലയിലാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല , മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് താങ്കള്‍ക്കെതിരെ മത്സരിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ പുതിയ പരിസരം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്? ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഹൈ കമാന്‍ഡ് ശരിക്കും നിഷ്പക്ഷ സമീപനം പുലര്‍ത്തുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

രാജസ്ഥാനിലെ സംഭവ വികാസങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് പാര്‍ട്ടി അദ്ധ്യക്ഷ അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍. ഹൈക്കമാന്‍ഡ് നിഷ്പക്ഷമായിരിക്കുമോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം കോണ്‍ഗ്രസ് അദ്ധ്യക്ഷയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ രണ്ടാഴ്ചകളില്‍ പല വട്ടം എന്നോട് നടത്തിയ സംഭാഷണങ്ങളില്‍ തന്നിട്ടുള്ള ഉറപ്പാണ്. മത്സരം സ്വാഗതം ചെയ്യുന്നുവെന്നും പല സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങട്ടെയെന്നും ഒരാളെയും പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങള്‍ പിന്തുണയ്ക്കുകയില്ലെന്നുമാണ് നെഹ്രു - ഗാന്ധി കുടുംബം എന്നോട് വ്യക്തമാക്കിയിട്ടുള്ളത്. ഈ ഉറപ്പുകള്‍ സന്തോഷത്തോടെയാണ് ഞാന്‍ അംഗീകരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിതിപൂര്‍വ്വവുമായിരിക്കുമെന്ന പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതിയില്‍ എനിക്കൊരു സംശയവുമില്ല. മറ്റ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലെ, ഈ തിരഞ്ഞെടുപ്പ് പ്രക്രിയ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് ഞാനും മുന്നോട്ടു നീങ്ങുന്നത്.

മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ താങ്കളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് നിരീക്ഷണമുണ്ട്. അങ്ങിനെയെന്തെങ്കിലും പേടിയുണ്ടോ?

നേരത്തെ പറഞ്ഞതുപോലെ , എന്റെ ബോദ്ധ്യങ്ങളുടെ പുറത്താണ് ഞാന്‍ മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന ബോദ്ധ്യം. ചില കോണുകളില്‍ നിന്ന് പ്രതികൂലവും വിപരിതവുമായ പ്രതികരണങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയാണെങ്കില്‍ അങ്ങിനെയാവട്ടെ! ഈ പോരാട്ടത്തില്‍ ഒരു അധസ്ഥിതനായാണ് ഞാന്‍ കാണപ്പെടുന്നതെന്നതില്‍ എനിക്ക് അഭിമാനമേയുള്ളു. നിലവിലുള്ള അവസ്ഥ നിലനിര്‍ത്താനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വ്യവസ്ഥിതി ഒന്നിച്ചു നില്‍ക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നതും എന്നെ അലട്ടുന്നില്ല. ചില ഘട്ടങ്ങളില്‍ നമ്മുടെ ബോദ്ധ്യങ്ങള്‍ക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ധൈര്യം നമുക്കുണ്ടാവണം, പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും!

Content Highlights: A new leader will re-energize and reform the Congress, says Shashi Tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented