മാമോത്ത് ഹോട്‌സ്പ്രിങ്|https://twitter.com/mymyroadtrip/status/991365373189591040/photo/1
ഭൂമി മനോഹരവും അതിലേറെ നിഗൂഢവുമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനപ്പുറം പരകോടി ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണ് ഭൂമിയെന്നും അതില്‍ ഒരു കൂട്ടര്‍ മാത്രമാണ് മനുഷ്യരെന്നും എത്ര പേര്‍ കണക്കിലെടുക്കുന്നുണ്ട്? ഭൂമിയോടും പരിസ്ഥിതിയോടുമുള്ള നമ്മുടെ നിലപാടും അതുണ്ടാക്കിവെക്കുന്ന അനന്തരഫലങ്ങളും മൂലം ഓക്സിജന്‍പോലും വിലകൊടുത്തു വാങ്ങേണ്ടി വരുന്നതാണ് പുതിയകാലം. അപ്പോഴും ജൈവവൈവിധ്യങ്ങളെകുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തിരിച്ചറിവുണ്ടായിട്ടില്ല എന്നതാണ് സത്യം. ഇവിടെയാണ് അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം മാതൃകയാവുന്നത്.
യുനസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ലോകത്തിലെ തന്നെ ആദ്യ ദേശീയോദ്യാനം എന്നറിയപ്പെടുന്ന യെല്ലോസ്റ്റോണ്‍ മാര്‍ച്ച് മാസത്തില്‍ അതിന്റെ നൂറ്റിയമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രകൃതിവിഭവങ്ങളേയും ഭൂമിയിലെ വിസ്മയങ്ങളെയും നിധി പോലെയാണിവര്‍ കാത്തുസൂക്ഷിക്കുന്നത്. മനുഷ്യനപ്പുറം, വന്യജീവികള്‍ക്കപ്പുറം സൂക്ഷ്മജീവികള്‍ക്ക് പോലും ഭൂമിയില്‍ അവകാശമുണ്ടെന്ന കണക്കുകൂട്ടലില്‍ നടത്തുന്ന ഇവിടത്തെ വനവത്ക്കരണം യഥാര്‍ഥത്തില്‍ ലോകമാതൃകയാണ്.

തിളയ്ക്കുന്ന താഴ്‌വരകള്‍, ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രം, ആസിഡ് പുറന്തള്ളുന്ന ജലസ്രോതസ്സുകള്‍, ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല പ്രവാഹങ്ങള്‍, സൂക്ഷ്മജീവികളുടെ അധിവാസം കൊണ്ട് പല നിറങ്ങളിലായിപ്പോവുന്ന വെള്ളം. ഒപ്പം അമേരിക്കന്‍ കാട്ടുപോത്ത് എന്നറിയപ്പെടുന്ന ബൈസണുകളുടെയും ചെന്നായകളുടെയും സംരക്ഷണകേന്ദ്രം. ഇങ്ങനെ പോവുന്നുണ്ട് യെല്ലോസ്‌റ്റോണിലെ വിശേഷങ്ങള്‍. 1872 മാര്‍ച്ച് മാസത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്‍ഡ് ഒപ്പിട്ട് ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട യെല്ലോസ്റ്റോണ്‍ ഏറ്റവും കുറഞ്ഞ മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഭൂമിയെന്നാണ് പറയപ്പെടുന്നത്. അഗ്നിപര്‍വതങ്ങളും പൊട്ടിത്തെറിക്കുന്ന ആസിഡ് നീരുറവകളും സൂക്ഷ്മജീവികളുടെ അധിവാസ കേന്ദ്രങ്ങളും നിറഞ്ഞതിനാല്‍ മരണത്തിന്റെ താഴ്‌വരയെന്നും ഇതറിയപ്പെടുന്നു.
തീക്ഷ്ണമായ കാലാവാസ്ഥ മൂലം ശൈത്യകാലത്ത് പല ഭാഗത്തും പ്രവേശന അനുമതിയില്ലാത്ത ഇവിടെ മേയ് മുതല്‍ ഒകോടോബര്‍ വരെയാണ് പ്രധാനമായും സന്ദര്‍ശകരെത്തുക. കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഇടമെന്നും യെല്ലോസ്‌റ്റോണ്‍ അറിയപ്പെടുന്നു. വെറും വിനോദസഞ്ചാര കേന്ദ്രമെന്നതിനപ്പുറം ഭൂമിയിലെ വിസ്മയങ്ങളെ വിജയകരമായി സംരക്ഷിച്ചു പോരുന്ന ഇടംകൂടിയാണിത്. അമേരിക്കയിലെ വയോമിങ് സ്‌റ്റേറ്റില്‍ തുടങ്ങി മൊണ്ടാന, ഇഡാഹോ എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ഈ സംരക്ഷിത ജൈവമണ്ഡലം ഏകദേശം 22,19,791 ഏക്കര്‍ വിസ്തൃതിയിലാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും വന്യജീവികളെയും സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് പാര്‍ക്കിന് തുടക്കമിട്ടതെങ്കിലും ലോകത്തെ ദേശീയോദ്യാന സംരക്ഷണത്തിന്റെ മാതൃക കൂടിയാണ് യെല്ലോസ്റ്റോണ്‍. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുപോലും ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 40 മുതല്‍ 60 ലക്ഷംവരെ വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

- നിഗൂഢതയുടെ കേന്ദ്രം
മനുഷ്യവാസം തുടച്ചുനീക്കപ്പെട്ട യെല്ലോസ്റ്റോണില്‍ ലോകത്തെ പകുതിയോളമുള്ള സജീവ ഉഷ്ണജല സ്രോതസ്സുകളെ സംരക്ഷിച്ച് പോരുന്നുണ്ട്. ഏകദേശം 10,000-ല്‍ അധികം ഉഷ്ണ ജലസ്രോതസ്സുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ യെല്ലോസ്റ്റോണ്‍ നാഷണല്‍പാര്‍ക്ക് സംരക്ഷണ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം. കയ്യേറ്റം, ഉടമസ്ഥാവകാശം, വില്‍പ്പന എന്നിവയില്‍നിന്നു നിയന്ത്രിച്ച് മനുഷ്യരുടെ ആസ്വാദനത്തിനും സന്തോഷം കണ്ടെത്താനുമുള്ള ഇടമെന്ന രീതിയിലാണ് ഇന്ന് പാര്‍ക്കിനെ മാറ്റിയതെങ്കിലും ഹൈഡ്രോ തെര്‍മല്‍ സവിശേഷകള്‍ എല്ലായിടത്തും കാണാം. ചെറുചൂടു മുതല്‍ 138 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയുള്ളതാണ് ഓരോ നീരുറവയില്‍നിന്നുമുള്ള ജലം. ഒപ്പം അമ്ലസ്വഭാവമുള്ളതും ധാതുതലവണങ്ങളും വാതകങ്ങളുംചേര്‍ന്ന് പല നിറത്തിലായും ജലം പുറത്തേക്ക് വരുന്നു. ചതുപ്പുകളുടെ കേന്ദ്രമായതിനാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും നിലത്തിറങ്ങുന്നതിന് പോലും നിരോധനമാണ്. നീരുറവയില്‍നിന്നും ഒഴുകുന്ന വെള്ളത്തിന്റെ പ്രത്യേകതകളാല്‍ അതിമനോഹരമായി മാറിയ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗം തന്നെയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. നിലത്തിറങ്ങാന്‍ നിരോധനമുള്ളത് കൊണ്ട് മരപ്പലകകളാല്‍ തീര്‍ത്ത പ്രത്യേകയിടത്ത് നിന്ന് കൊണ്ട് മാത്രമാണ് കാഴ്ചകള്‍ കാണാനുള്ള അവസരം.

ചതുപ്പുകളില്‍ പതിച്ചാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായതിനാല്‍ കടുത്ത നിയന്ത്രണമാണ് ഇവിടെയെത്തുന്നവര്‍ക്ക്. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഒരു മനുഷ്യശരീരത്തെ മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാനും ഏതാനും മണിക്കൂറുകള്‍കൊണ്ട് അലിയിപ്പിച്ച് കളയാനും ശക്തിയുള്ള ചൂടുനീരുറവകള്‍ പാര്‍ക്കിലുണ്ട്. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ബോര്‍ഡുകളും രക്ഷാസംവിധാനങ്ങളും വഴിയിലൂടനീളം കാണാം. വന്യമൃഗങ്ങളുടെ വിജയകരമായ സംരക്ഷണവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തന്നെയാണ് യെല്ലോസ്റ്റോണിലെ പ്രധാന ആകര്‍ഷണം. ബൈസണ്‍, ചാരക്കരടികള്‍, അമേരിക്കന്‍ ചെന്നായകള്‍, മ്ലാവുകള്‍ എന്നിവയടക്കം 66 തരം സസ്തനികള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത അമേരിക്കന്‍ വംശജര്‍ ഇവിടെ താമസിക്കുകയും വേട്ടയാടലിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നതായും മതപരമായ ചടങ്ങുകള്‍ക്കും ചികിത്സാവശ്യാര്‍ഥവും ഉഷ്ണജല സ്രോതസ്സുകളില്‍നിന്നുള്ള വെള്ളം ശേഖരിച്ച് കൊണ്ടുപോയിരുന്നതായും പറയപ്പെടുന്നുണ്ട്.
ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല സ്രോതസ്സായ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍, അലറുന്ന പര്‍വതമെന്നറിയപ്പെടന്ന മാമത്ത് ഹോട്ട്സ്പ്രിങ്, ഏറ്റവും ശക്തമായ ചൂട് നീരുറവകള്‍ പുറത്തുവിടുന്ന നോറിസ് ഗീസര്‍ ബേസിന്‍, മഴവില്ലിന്റെ മനോഹാരിത തീര്‍ക്കുന്ന ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പ്രിങ് എന്നിവയെല്ലാം യെല്ലോസ്‌റ്റോണില്‍ സംരക്ഷിക്കുന്ന ഉഷ്ണജല സ്രോതസ്സുകളില്‍ ചിലത് മാത്രമാണ്.

- ഓരോ 45 മിനിറ്റിലും പൊട്ടിത്തെറി-ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസര്‍
ഇതുപോലെ നിരവധി ഉഷ്ണജല സ്രോതസ്സുകള്‍ പാര്‍ക്കിലുണ്ടെങ്കിലും ഏറ്റവും മനോഹരമായതും ജനപ്രീതിയുള്ളതും ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറാണ്. ഇത് പൊട്ടിപ്പുറപ്പെടുന്ന സമയത്തിന് അനുസരിച്ചാണ് ഇതിലെ വെള്ളത്തിന്റെ ചൂട്. ഏകദേശം 117 ഡിഗ്രി സെല്‍ഷ്യസ്വരെ ഇതിന്റെ ചൂട് ഉയരാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിക്കടിയില്‍നിന്ന് വെള്ളവും പുകയും നീരാവിയും മുകളിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുന്നത്. ഓരോ തവണയും 1400 മുതല്‍ 3200 ലിറ്റര്‍വരെ വെള്ളമാണ് പുറത്തേക്ക് പോവുക. പതഞ്ഞുപൊങ്ങിയൊലിക്കുന്ന വെള്ളത്തിന് സൂക്ഷ്മജീവികളുടെ സാന്നിധ്യമുളളതിനാല്‍ മഞ്ഞയും നീലയും പച്ചയും കലര്‍ന്ന നിറമാണുള്ളത്. സഞ്ചാരികള്‍ ഗീസറിലേക്ക് നാണയങ്ങളും കല്ലും വലിച്ചെറിയാന്‍ തുടങ്ങിയതോടെ ഇതിലെ സൂക്ഷ്മജീവികള്‍ നശിക്കുകയും വെള്ളത്തിന്റെ നിറത്തില്‍ പ്രകടമായ മാറ്റമുണ്ടാവുകയും ചെയ്യുന്നതായും പറയപ്പെടുന്നുണ്ട്.
പാര്‍ക്കിലെ പതിനായിരത്തോളം വരുന്ന സജീവവും നിര്‍ജീവവുമായ ഹൈഡ്രോ തെര്‍മല്‍ ഫീച്ചേഴ്‌സുകളില്‍ പകുതിയിലധികം സംരക്ഷിച്ച് പോരുന്നത് ഒമ്പത് ഗീസര്‍ ബേസിനുകളിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അപ്പര്‍ ഗീസര്‍ ബേസിനിലാണ്. ഇതില്‍ പെടുന്നതാണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറും.

- മാമത്ത് ഹോട്‌സ്പ്രിങ്-അലറുന്ന താഴ്‌വര
ഭൂമിക്കടിയില്‍നിന്നു തിളച്ചുപൊന്തുന്ന നീരുറവ നിക്ഷേപിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റുകള്‍ ഈ ഭൂപ്രതലത്തിന്റെ നിറത്തേയും രൂപത്തേയും അപ്പാടെ മാറ്റിക്കളഞ്ഞിട്ടുണ്ട്. ഐസ്‌ക്രീം തട്ടുപോലെ കാണപ്പെടുന്ന ഈ ഭൂപ്രദേശം അതിമനോഹരവും അതിലേറെ അപകടം നിറഞ്ഞതുമാണ്. ഏകദേശം 64 മുതല്‍ 165 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിലെ താപനില. ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രങ്ങള്‍ക്ക് പുറമെ നന്നേ ചൂട് കുറഞ്ഞതും ആളുകള്‍ക്ക് ഇറങ്ങാന്‍ അനുവാദമുള്ള സ്ഥലവും ഇവിടേയുണ്ട്. അതിലൊന്നാണ് ബോയിലിങ് റിവര്‍. ചൂട് നീരുറവകളില്‍നിന്നു വരുന്ന ഇതിലെ വെള്ളം ധാതുസമ്പുഷ്ടമായതിനാല്‍ പല ത്വക്ക് രോഗങ്ങള്‍ക്കും നല്ലതാണെന്ന വിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരില്‍ പലരും ഇതിലിറങ്ങി കുളിക്കുകയും ചെയ്യും. ഇളംചൂടുള്ള വെള്ളമായതിനാല്‍ കുളിക്കാന്‍ തയ്യാറായി തന്നെയാണ് പലരും ഇവിടെയെത്തുന്നത്.

- ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പ്രിങ്
ഫൗണ്ടന്‍ പോയിന്റ് എന്ന പേരിട്ടിരിക്കുന്ന മഡ്‌സ്‌പോട്ട്, ഇതില്‍നിന്നു പുറത്തേക്ക് വരുന്ന വാതകങ്ങള്‍ക്ക് രൂപമാറ്റം വന്ന് ഉണ്ടാവുന്ന പല നിറത്തിലുള്ള ചെളിക്കുമിളകള്‍-എന്നിവയെല്ലാം യെല്ലോസ്‌റ്റോണില്‍ വിസ്മയങ്ങളുടെ തീരാകാഴ്ചകള്‍ തന്നെയാണ് യാത്രക്കാര്‍ക്ക് നല്‍കുക. ഒപ്പം പ്രകൃതി സംരക്ഷണത്തിന്റെ നല്ല മാതൃകയുമാവുന്നു. ഏകദേശം 1700 തരം മരങ്ങളുടേയും ചെറുസസ്യങ്ങളുടേയും കേന്ദ്രം കൂടിയാണ് യെല്ലോസ്റ്റോണ്‍. ഇതിന് പുറമെ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളും ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വില്ലോ മരങ്ങളും ഫിര്‍ മരങ്ങളും നിറഞ്ഞ താഴ്വരയില്‍ സാന്‍ഡ് വെര്‍ബേന എന്ന അപൂര്‍വ സസ്യങ്ങളേയും കാണപ്പെടുന്നുണ്ട്. പാര്‍ക്കിന്റെ പകുതിയിലേറെ ഭാഗവും കാടായതിനാല്‍ തിരിച്ചറിയപ്പെടാത്ത നിരവധി സസ്യജാലങ്ങള്‍ ഇനിയുമിവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വെറും ദേശീയോദ്യാനം എന്നതിലപ്പുറം വംശനാശം സംഭവിച്ചുപോയ ജീവികളെ തിരിച്ചെത്തിച്ച് വനവല്‍ക്കരണത്തിന്റെ ലോകമാതൃക തീര്‍ത്ത കഥയും യെല്ലോസ്‌റ്റോണിന് കാണിച്ചുകൊടുക്കാനുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബൈസണ്‍, ചെന്നായ സംരക്ഷണങ്ങള്‍.

- ബൈസണ്‍ വാലി
അമേരിക്കയിലെതന്നെ ഏറ്റവും പഴയതും വിജയകരമായതുമായ ബൈസണ്‍ സംരക്ഷണ കേന്ദ്രമെന്നും യെല്ലോസ്റ്റോണ്‍ അറിയപ്പെടുന്നുണ്ട്. 2022 വരേയുള്ള കണക്കനുസരിച്ച് 6000 ബൈസണുകളെയാണ് യെല്ലോസ്റ്റോണില്‍ സംരക്ഷിച്ച് പോരുന്നത്. പട്ടാപ്പകല്‍ പോലും റോഡുകളിലൂടെ ബൈസണുകളുടെ സഞ്ചാരം പതിവാണിവിടെ. ബൈസണ്‍ ജാം എന്ന പേരില്‍ ട്രാഫിക് തടസ്സങ്ങള്‍ പോലുമുണ്ടാവാറുണ്ട്. ഇവയ്ക്ക് ഒരു പ്രത്യേക സ്ഥലമില്ലെന്ന നിലയ്ക്ക് യെല്ലോസ്റ്റോണിന്റെ പലഭാഗത്തും ബൈസണുകളെ വലിയ രീതിയില്‍ കാണാന്‍ കഴിയും. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
ബൈസണുകളുടെ വാഹകശേഷി ഉറപ്പാക്കാനായി വര്‍ഷാവര്‍ഷം പ്രത്യേക കണക്കെടുപ്പും നടത്തുന്നുണ്ട്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ എണ്ണം നിയന്ത്രിക്കുന്നത്. എണ്ണം കൂടുമ്പോള്‍ മനുഷ്യ-മൃഗസംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്ന് കണക്കാക്കി കൃത്യമായ മാസ്റ്റര്‍പ്ലാനോട് കൂടിയാണ് ഇവയുടെ സംരക്ഷണം. ഈ സമയങ്ങളില്‍ പാര്‍ക്കിന് പുറത്ത് നിയമങ്ങള്‍ പാലിച്ചുള്ള ബൈസണ്‍വേട്ടയ്ക്കും അനുവാദം നല്‍കും. ചില സമയങ്ങളില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ സ്ഥലം മാറ്റുകയും ചെയ്യുന്നു.
തണുപ്പു കാലത്താണ് യെല്ലോസ്റ്റോണില്‍ ബൈസണ്‍ വേട്ടയ്ക്കനുവാദം. പാര്‍ക്കിന് പുറത്തേക്ക് കടക്കുന്ന ബൈസണുകളെ ലൈസന്‍സുള്ള വേട്ടക്കാര്‍ക്ക് വെടിവെക്കാന്‍ പറ്റും. സ്ഥലം മാറ്റുകയെന്നത് വലിയ ചെലവേറിയ പദ്ധതിയായതിനാല്‍ വേട്ടയാടാന്‍ അനുവദിക്കുകയാണ് ഇവയുടെ എണ്ണം നിയന്ത്രിക്കാനായുള്ള പ്രധാന മാര്‍ഗമായി ഉപയോഗിക്കുന്നത്. രോഗം വന്നവയെ ചികിത്സിക്കാതെ സ്വാഭാവികമായ മരണത്തിന് വിട്ടുകൊടുത്തും എണ്ണം നിയന്ത്രിക്കുന്നുണ്ട്.

- തിരികെയെത്തിയ ചെന്നായ്ക്കള്‍
ചെന്നായ്ക്കള്‍ ഇല്ലാതായതോടെ സസ്യബുക്കുകളായ മാനടക്കമുള്ളവയുടെ എണ്ണം പാര്‍ക്കില്‍ അനിയന്ത്രിതമായി വര്‍ധിച്ചിരുന്നു. ഇവ ജീവനും സ്വത്തിനും ഭീഷണിയായതോടെ മനുഷ്യന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍. സസ്യബുക്കുകളായ ഇവ ക്രമാതീതമായി വര്‍ധിച്ചതോടെ പാര്‍ക്കിലെ പച്ചപ്പ് വളരെ പെട്ടെന്നാണ് ഇല്ലാതായത്. എന്നാല്‍ ചെന്നായ്ക്കള്‍ തിരിച്ചെത്തിയതോടെ ഇവയുടെ എണ്ണം കുറയാന്‍ തുടങ്ങി. ചെന്നായകളുടെ ഭീഷണി വര്‍ധിച്ചതോടെ മാന്‍കൂട്ടങ്ങളുടെ സ്വഭാവം തന്നെ മാറി. അതുവരെ ആരേയും പേടിയില്ലാതെ നടന്ന ഇവ ചില പ്രദേശങ്ങള്‍ അപ്പാടെ ഒഴിവാക്കി. അതോടെ പുല്‍മേടുകള്‍ നഷ്ടപ്പെട്ട് തരിശാക്കപ്പെട്ട പ്രദേശങ്ങളില്‍ പച്ചപ്പു കണ്ടുതുടങ്ങി. ആറ് വര്‍ഷംകൊണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് പാര്‍ക്കിലുണ്ടായത്.

പ്രകൃതിയുടെ ഭക്ഷ്യശ്യംഖലയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു ചെന്നായ്കളുടെ വരവ്. കുറ്റിച്ചെടികളായിരുന്ന കുഞ്ഞുമരങ്ങള്‍ തഴച്ച് വളര്‍ന്ന് വന്‍മരങ്ങളായതോടെ പക്ഷികളും ചെറുജീവികളും തിരിച്ചെത്തി. മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ധിച്ചു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്‍മാരുമെത്തി. മരങ്ങള്‍ വര്‍ധിച്ചതോടെ മരം തിന്നുന്ന ബീവറുകളുമെത്തി. പ്രകൃതിയിലെ എന്‍ജീനിയര്‍മാര്‍ എന്നറിയപ്പെടുന്ന ബീവറുകള്‍ മരച്ചില്ലകള്‍ക്കൊണ്ട് തടാകങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ഇവിടേക്ക് മീനുകളും താറാവുകളും നീര്‍നായകളുമെത്തി. സ്ഥലത്തെ നദികളുടേയും പുഴകളുടേയും സ്വഭാവം തന്നെ മാറി. ചുരുക്കിപ്പറഞ്ഞാല്‍ 14 ചെന്നായ്കള്‍ ഒരു സ്ഥലത്തെ ഭക്ഷ്യശൃംഖല മുന്നോട്ടു കൊണ്ടുപോവുന്നതിന്റെ ചുക്കാന്‍പിടിക്കുക തന്നെയായിരുന്നു. അങ്ങനെ വനവല്‍ക്കരണത്തിന് വലിയ പങ്കുവഹിക്കുകയും ചെയ്തു.
ഒരു രാജ്യത്തിന്റെ സമ്പത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതിയുടെ വരദാനമാണ് സംരക്ഷിത മേഖലകളായ ദേശീയോദ്യാനങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം ദേശീയോദ്യാനങ്ങളുണ്ടെങ്കിലും യെല്ലോസ്‌റ്റോണിലൂടെയാണ് ഇത് ലോകശ്രദ്ധയാകര്‍ശിച്ചതും യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതും. ഒരു പ്രദേശത്തെ നിധിപോലെ കാത്തു സൂക്ഷിച്ച് മനുഷ്യര്‍ മാത്രമല്ല ഈ ഭൂമിയുടെ അവകാശികളെന്ന് ഉറപ്പിച്ച് പറയുകയാണ് യെല്ലോസ്‌റ്റോണിന്റെ സംരക്ഷകര്‍. വെറും കാഴ്ചയ്ക്കപ്പുറം ഇത് കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെകുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഓരോ യാത്രയ്ക്കുംശേഷം സ്വയം ബോധവാന്മാരുമാകുന്നു. ഇതിനായി സാധാരക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള അനുബന്ധ പ്രദര്‍ശനങ്ങളും വിശദീകരണവും യെല്ലോസ്‌റ്റോണില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Yellowstone national park 151 anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..