ഷി ജിൻപിങ്ങും വ്ളാദിമിർ പുതിനും | Photo: AP/PTI
''10 വർഷം മുമ്പ് ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ ഞാൻ ആദ്യം സന്ദർശിച്ച രാജ്യമാണ് റഷ്യ. കഴിഞ്ഞ ദശകത്തിൽ എട്ട് തവണ റഷ്യ സന്ദർശിച്ചു. ഓരോ തവണയും വലിയ പ്രതീക്ഷയോടെയാണ് ഞാനെത്തിയത്, മികച്ച ഫലത്തോടെ മടങ്ങി. പ്രസിഡന്റ്വ്‌ളാദിമിർ പുതിനുമായി ചേർന്ന് ചൈന-റഷ്യ ബന്ധത്തിൽ പുതിയ അധ്യായങ്ങൾ തുറന്നു... ചൈനയും റഷ്യയും വലിയ അയൽക്കാരും തന്ത്രപ്രധാന പങ്കാളികളുമാണ്. ലോകത്തിലെ രണ്ട് പ്രധാനപ്പെട്ട രാജ്യങ്ങൾ, ഒപ്പം യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും. പുതിനുമായി വർഷങ്ങളായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. നാല്പതിലേറെ തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഈ കാലയളവിൽ യു.എസ്. വിരുദ്ധമുന്നണിയിൽ റഷ്യക്കൊപ്പം ചൈനയുമുണ്ടായിരുന്നു.''
റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി 'ചൈന-റഷ്യ സുഹൃദ്ബന്ധം പുതിയ അധ്യായത്തിലേക്ക്' എന്ന തലക്കെട്ടിൽ റഷ്യൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇങ്ങനെ എഴുതി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിലെത്തുന്നത്. 2019-ലാണ് ഷി അവസാനമായി റഷ്യ സന്ദർശിച്ചതെങ്കിലും ഇതിനിടെ ഇരുവരും പലതവണ കണ്ടുമുട്ടിയിരുന്നു. കഴിഞ്ഞ വർഷം ബെയ്ജിങ്ങിൽ നടന്ന ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലും ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനത്തിലും ഇരുവരും സൗഹൃദം പുതുക്കി. എന്നാൽ, റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഷിയുടെ ഇപ്പോഴത്തെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോഴാണ് ഷി ചിൻപിങ്ങിന്റെ സന്ദർശനമെന്നതും ശ്രദ്ധേയം.
പുതിന്റെ ക്ഷണപ്രകാരമായിരുന്നു മൂന്ന് ദിവസത്തെ ഷിയുടെ റഷ്യാ സന്ദര്‍ശനം. യുക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പുതിനും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് പറഞ്ഞുകേട്ടതെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മകമായ ഒരു പോംവഴിയും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞില്ല. വര്‍ഷങ്ങളായി നിലനിന്ന സൗദി-ഇറാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചൈന നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ പ്രശംസ നേടിയതിനു പിന്നാലെ ഷി ജിൻപിങ് , പുതിനെ കണ്ടപ്പോള്‍ യുക്രൈന്‍ വിഷയത്തില്‍ ചൈനയുടെ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തലുള്‍പ്പെടെ 12 ഇന നിര്‍ദേശങ്ങളുമായി മോസ്‌കോയിലേക്ക് യാത്ര തിരിച്ച ഷിയുടെ ഫോര്‍മുല യുക്രൈന്‍ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു. റഷ്യ - യുക്രൈന്‍ വിഷയത്തില്‍ പക്ഷപാതമില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്ന് ചൈന പറയുമ്പോഴും അത് റഷ്യയെ പിന്തുണയ്ക്കുന്നതാണെന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം. അത് ശരിവെച്ചുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് മാത്രമായി കൂടിക്കാഴ്ച മാറി. യു.എസിനെതിരേ ആഗോളതലത്തില്‍ ആധിപത്യം നേടിയെടുക്കുന്നതിനായി നയതന്ത്ര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നതായിരുന്നു ചൈനയുടെ പ്രധാന ലക്ഷ്യം.
പത്ത് വര്‍ഷം, 40 കൂടിക്കാഴ്ചകള്‍
ഷി ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വ്ളാദിമിർ പുതിന്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നാൽപ്പതിലധികം തവണയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. 2013-ല്‍ അധികാരമേറ്റെടുത്ത ശേഷം ഷി നടത്തിയ ആദ്യത്തെ വിദേശയാത്ര റഷ്യയിലേക്കായിരുന്നു. തങ്ങളുടെ രണ്ട് പേരുടേയും സ്വഭാവം ഒരുപോലെയാണെന്നാണ് അന്ന് കൂടിക്കാഴ്ചയ്ക്കിടയില്‍ ഷി പ്രഖ്യാപിച്ചത്. തിരിച്ച്, ചൈനയെ സ്വാഭാവിക പങ്കാളിയെന്നാണ് പുതിന്‍ വിശേഷിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷങ്ങളിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും 2015-ല്‍ ആയുധവില്‍പ്പന കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. വ്യക്തിബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് ഇരുനേതാക്കളും പരസ്പരം ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഷിയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കിയപ്പോള്‍ സിങ്ഹുവ യൂണിവേഴ്സിറ്റി പുതിനേയും ആദരിച്ചു. ഏറ്റവും കൂടുതല്‍ താന്‍ അടുത്തിടപെട്ട വിദേശപങ്കാളിയാണ് പുതിനെന്നും ഏറ്റവും നല്ല സുഹൃത്താണ് അദ്ദേഹമെന്നും തങ്ങളുടെ സൗഹൃദത്തെ വളരെയധികം വിലമതിക്കുന്നുവെന്നുമാണ് അന്ന് ഷി പ്രഖ്യാപിച്ചത്. മോസ്‌കോയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഷിയെ തന്റെ ജന്മസ്ഥലത്തേക്ക് കൊണ്ടുപോയാണ് പുതിന്‍ സൗഹൃദം ഊട്ടിയുറപ്പിച്ചത്.
2022-ലാണ് നിര്‍ണായകമായ മറ്റൊരു കൂടിക്കാഴ്ച നടന്നത്. ബീജിങ് ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം നടത്തിയ കൂടിക്കാഴ്ച, ഇരുനേതാക്കളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നതായിരുന്നു. 'പരിധിയില്ലാത്ത പങ്കാളിത്തം' ഇരുവരും പ്രഖ്യാപിച്ചത് ആ കൂടിക്കാഴ്ചയിലാണ്. ഒരിക്കലും ഒറ്റപ്പെടുകയില്ലെന്നും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അമേരിക്ക നയിക്കുന്ന പാശ്ചാത്യചേരിയെ നേരിടാന്‍ ശക്തി സംഭരിക്കാമെന്നുമായിരുന്നു ലോകത്തിന് ഇരുവരും ചേര്‍ന്ന് നല്‍കിയ സന്ദേശം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അതിരില്ലാത്തതാണെന്നും ശീതസമരകാലത്തുണ്ടായിരുന്ന സൈനിക ഉടമ്പടികളെക്കാള്‍ ശക്തമാണതെന്നുമാണ് അന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞത്. അന്നത്തെ കൂടിക്കാഴ്ച നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ യുക്രൈനെ റഷ്യ ആക്രമിച്ചു. എന്നാല്‍, ഇക്കാര്യം ഷിയ്ക്ക് അറിയാമായിരുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. പുതിന്റെ പദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ചൈന വിശദീകരിച്ചത്.

ചൈന- റഷ്യ ഭായി ഭായി
ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആജീവനാന്ത പ്രസിഡന്റായി അംഗീകരിച്ച ശേഷം ഷി ജിങ് പിങ്ങ് നടത്തുന്ന ആദ്യ വിദേശയാത്രയായിരുന്നു റഷ്യന്‍ സന്ദര്‍ശനം. ഷിയെ സംബന്ധിച്ചിടത്തോളം, റഷ്യന്‍ സന്ദര്‍ശനവും പുതിനുമായുള്ള കൂടിക്കാഴ്ചയും ലോകവേദിയില്‍ ചൈനയുടെ വര്‍ധിച്ചിവരുന്ന നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാനും യു.എസ്. നേതൃത്വത്തിലുള്ള ആഗോളക്രമത്തെ വെല്ലുവിളിക്കാനുള്ള സമയോചിതമായ അവസരമായിരുന്നു. സാമ്പത്തിക താല്പര്യങ്ങളുണ്ടെങ്കിലും റഷ്യന്‍ സന്ദര്‍ശനത്തെ 'സമാധാനത്തിന്റെ യാത്ര'യായിരുന്നു ചൈന കണക്കാക്കുന്നത്. സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ക്രിയാത്മക പങ്ക് വഹിക്കും എന്നാണ് മോസ്‌കോയില്‍ എത്തിയ ശേഷം ഷി പ്രസ്താവനയില്‍ പറഞ്ഞത്.
ദീര്‍ഘകാലമായി സൗദി അറേബ്യയും ഇറാനും തമ്മില്‍ തുടര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇടനിലക്കാരായതിന് പിന്നാലെയുള്ള ചൈനയുടെ നീക്കങ്ങള്‍ വലിയ പ്രതീക്ഷയാണ് ലോകത്തിന് നല്‍കിയത്. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷി യാത്ര പ്രഖ്യാപിച്ചതെന്നതും നിര്‍ണായകമായികുന്നു. ഏത് ഘട്ടത്തിലും പുതിനൊപ്പമെന്നത് പറയാതെ പറയുകയായിരുന്നു ഷി ജിൻപിങ് .
പുതിന്റെ ആയുധശേഖരം വേഗത്തില്‍ ശോഷിക്കുകയും പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് കീഴില്‍ റഷ്യയുടെ സമ്പദ് വ്യവസ്ഥ ബുദ്ധിമുട്ടുകയും ചെയ്യുന്ന സമയത്തുള്ള പിന്തുണയായാണ് അമേരിക്കയും യൂറോപ്പും ഷിയുടെ സന്ദര്‍ശനത്തെ വിലയിരുത്തിയത്. റഷ്യന്‍ സൈന്യത്തിന് സഹായം നല്‍കുന്ന കാര്യം ചൈന പരിഗണിച്ചേക്കുമെന്ന ആശങ്കയും സമീപദിവസങ്ങളില്‍ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം മുമ്പത്തെ പോലെ തന്നെ ചൈന നിഷേധിച്ചിരുന്നു. പകരം പാശ്ചാത്യ ചേരിക്കെതിരേ ആരോപണമുന്നയിക്കുകയാണ് അവര്‍ ചെയ്തത്. യുക്രൈന് ആയുധങ്ങള്‍ നല്‍കിയും അവരെ എരിവേറ്റിയും അമേരിക്കയാണ് യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ചൈന ആരോപിച്ചത്. പുതിനുമായുള്ള ഷിയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ആയുധ ഇടുപാടുകളുണ്ടോയെന്ന് ലോകരാജ്യങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ചുവരികയായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഔദ്യോഗികമായി സംശയിക്കുന്ന ഒരു വ്യക്തിയുമായുള്ള കൂടിക്കാഴ്ചയാണ് ഇതെന്നും യുദ്ധത്തില്‍ ചൈന പങ്കാളിയാകില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് യു.എസിലെ യുക്രൈന്‍ അംബാസഡര്‍ ഒക്സാന മാര്‍ക്കറോവ പ്രതികരിച്ചത്.

എല്ലാക്കാലത്തും റഷ്യക്കൊപ്പം
ഉഭയകക്ഷിസൗഹൃദം ഊട്ടിയുറപ്പിച്ചാണ് മൂന്നു ദിവസത്തെ റഷ്യാ സന്ദര്‍ശനം അവസാനിപ്പിച്ച് ഷി ജിന്‍പിങ് ചൈനയിലേക്ക് മടങ്ങിയത്. കൂടിക്കാഴ്ചയിലുടനീളം പാശ്ചാത്യരാജ്യങ്ങളെ വിമര്‍ശിക്കുന്ന നിലപാടാണ് ഷിയും പുതിനും സ്വീകരിച്ചത്. മധ്യേഷ്യന്‍ പ്രശ്‌നത്തില്‍ കാര്യക്ഷമായി ഇടപെട്ട ഷിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടവര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു ആ സൗഹൃദ സന്ദര്‍ശനം. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗങ്ങളൊന്നും ഷിയുടെ സന്ദര്‍ശനത്തില്‍ ഉയര്‍ന്നുവന്നില്ല. യുക്രൈനില്‍ സമാധാനമുണ്ടാക്കാന്‍ ഷി കഴിഞ്ഞ മാസം മുന്നോട്ടുവെച്ച 12 ഇന പദ്ധതിയെ പുതിന്‍ വാഴ്ത്തി. ഷിയുടെ നിര്‍ദേശങ്ങളെ തള്ളിക്കളയുന്ന യുക്രൈനെയും പാശ്ചാത്യരാജ്യങ്ങളെയും പതിവുപോലെ അദ്ദേഹം വിമര്‍ശിച്ചു. അതിനപ്പുറത്തേക്കൊന്നും സന്ദര്‍ശനത്തിലുണ്ടായില്ല. എന്നാല്‍, ഷിയുടെ 12 ഇന പദ്ധതി അവ്യക്തമാണെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം. ആക്രമണം ശക്തിപ്പെടുത്താനായി സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന് റഷ്യക്ക് സമയം നീട്ടിനല്‍കുന്നതിനുള്ള തന്ത്രമാണെന്നാണ് അവരുടെ ആരോപണം. മറുവശത്ത് യുക്രൈന്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതിയില്‍ ഒപ്പുവെക്കാന്‍ ചൈനയെ ക്ഷണിച്ചെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നുമാണ് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറയുന്നത്.
യുദ്ധത്തില്‍ നിഷ്പക്ഷ നിലപാടാണ് ചൈനയുടേതെന്നാണ് ഷിയുടെ നിലപാട്. എന്നാല്‍, ചൈനയുടേത് നിഷ്പക്ഷ ഇടപെടലായി കാണാനാവില്ലെന്നാണ് യു.എസ്. പറയുന്നത്. യുക്രൈനു പരമാധികാരമുള്ള പ്രദേശങ്ങളില്‍നിന്നു പിന്‍മാറി യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ ചൈന സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നു. എന്നാല്‍, യൂറോപ്പിനെ കൂടുതല്‍ പിണക്കാതെ, റഷ്യയുമായുള്ള ബന്ധം ആഴത്തിലാക്കുക വഴി നിഷ്പക്ഷ സമാധാന മധ്യസ്ഥന്റെ മേലങ്കി സ്വയം എടുത്തിടുകയാണ് ചൈന. 'സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സമാധാനത്തിന്റെയും യാത്ര എന്നാണ് റഷ്യന്‍ സന്ദര്‍ശനത്തെ ഷി ജിൻപിങ് വിശേഷിപ്പിച്ചത്. ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുമെന്നും റഷ്യന്‍ ഔദ്യോഗിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷി ജിൻപിങ് പങ്കുവെച്ചിരുന്നു. യുക്രൈന്‍ വിഷയത്തില്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ നിലപാടാണ് ചൈന ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സമാധാന ചര്‍ച്ചകള്‍ സജീവമായി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, നിഷ്പക്ഷത അവകാശപ്പെടുകയും സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത ചൈന യുദ്ധത്തിലുടനീളം റഷ്യയ്ക്ക് ആവശ്യമായ നയതന്ത്രപരവും സാമ്പത്തികവുമായ പിന്തുണ വാഗ്ദാനം ചെയ്യുകയാണ് ചെയ്തത്. യുദ്ധത്തെ പടിഞ്ഞാറന്‍ ശക്തികള്‍ രൂക്ഷമാക്കുന്നുവെന്ന റഷ്യന്‍ ആരോപണത്തെ ഏറ്റുപാടുകയാണ് ചൈന ചെയ്തത്.
റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകളിലും ചൈനയുടെ വ്യത്യസ്ത നിലപാട് പ്രകടമാണ്. ചൈന എല്ലാക്കാലത്തും റഷ്യക്ക് ഒപ്പം മാത്രമാണ് നിന്നത്. ഷിയുടെ റഷ്യന്‍ സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ഇത് കൂടതല്‍ പ്രകടമാകുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയുടെ വിദേശകാര്യമന്ത്രിമാരും ഉദ്യോഗസ്ഥരും യുക്രൈന്റെ പ്രതിനിധികളുമായി അഞ്ച് തവണ മാത്രമാണ് സംസാരിച്ചത്. എന്നാല്‍ ഷിയും അദ്ദേഹത്തിന്റെ ഉന്നത നയതന്ത്രജ്ഞരും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ റഷ്യന്‍ പ്രതിനിധികളുമായി 29 തവണ സംസാരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷം മാത്രം നാല് തവണ ഷി ജിൻപിങ് പുതിനുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മധ്യേഷ്യയില്‍ നടന്ന പ്രാദേശിക ഉച്ചകോടിയില്‍ നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റുമായി ഷി ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല.

ചൈനയ്ക്ക് എന്താണ് നേട്ടം ?
റഷ്യക്ക് എതിരായ അന്താരാഷ്ട്ര നടപടി തടയുന്നതില്‍ വലിയ പങ്കാണ് ചൈന വഹിച്ചത്. ഇത് ചൈനയ്ക്ക് വലിയ സാമ്പത്തിക നേട്ടമാണ് സമ്മാനിച്ചത്. റഷ്യയുമായുള്ള വ്യാപാര ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഇതോടെ ഉണ്ടായത്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യലോകം റഷ്യയോട് അകലം പാലിച്ചതോടെ ചൈന ഇത് അവസരമായി എടുത്തു. റഷ്യയില്‍നിന്ന് എണ്ണയും ഊര്‍ജ്ജ വാതകവും കുറഞ്ഞ വിലയ്ക്ക് അവര്‍ വാങ്ങിക്കൂടി. ഇതിനിടയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും റഷ്യന്‍ സൈന്യവുമായി സംയുക്ത സൈനികാഭ്യാസവും തുടര്‍ന്നു. യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ചൈനയുടെ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചു. അതേസമയം, യന്ത്രസാമഗ്രികള്‍, ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവ അവര്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 30 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാമ്പത്തികമായി റഷ്യയെ തകര്‍ക്കാമെന്ന പാശ്ചാത്യശക്തികളുടെ നീക്കത്തിന് ഇതോടെ വലിയ തിരിച്ചടിയാണ് നേരിട്ടത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ വളര്‍ച്ചയുണ്ടായിരുന്നു. 2000-നും 2021 -നും ഇടയില്‍ റഷ്യയുമായുള്ള ചൈനയുടെ വാര്‍ഷിക വ്യാപാരം 18 മടങ്ങാണ് വര്‍ദ്ധിച്ചത്. 2000-ലെ 8 ബില്യണ്‍ ഡോളറില്‍നിന്ന് അത് 147 ബില്യണ്‍ ഡോളറായി വളര്‍ന്നു. റഷ്യയില്‍നിന്നുള്ള ചൈനയുടെ ഇറക്കുമതിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും എണ്ണ, കല്‍ക്കരി, വാതകം തുടങ്ങിയ പ്രധാന ഊര്‍ജ്ജ ഉല്‍പന്നങ്ങളാണെന്നതാണ് നിര്‍ണായകമാകുന്നത്. റഷ്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതിയുടെ പകുതിയിലേറെയും ക്രൂഡ് ഓയില്‍ മാത്രമാണ്. 2021-ല്‍ മാത്രം ചൈന ഏകദേശം 40.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. അവരുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 16 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. സൗദി അറേബ്യ കഴിഞ്ഞാല്‍ ചൈനയുടെ രണ്ടാമത്തെ വലിയ എണ്ണ വില്‍പ്പനക്കാരും റഷ്യയാണ്.
പാശ്ചാത്യ ഉപരോധത്തിന് പിന്നാലെ ഡോളറിന് പകരം റൂബിള്‍-യുവാന്‍ വ്യാപാരത്തെ ആശ്രയിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് ചൈനീസ് കറന്‍സിയായ യുവാന്റെ കരുതല്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. റഷ്യയുമായി കൂടുതല്‍ അടുക്കുകയാണെന്ന് നേരത്തെ തന്നെ ചൈനീസ് വിദേശകാര്യമന്ത്രി ചിന്‍ ഗാങ് സൂചിപ്പിച്ചിരുന്നു. ഏറ്റവും പുതിയ റഷ്യ സന്ദര്‍ശനവും ചൈനയെ സംബന്ധിച്ച് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഉഭയകക്ഷിവ്യാപാരം വര്‍ധിപ്പിക്കല്‍, ഇടപാടുകള്‍ക്ക് ഡോളറിനു പകരം യുവാനോ റൂബിളോ ഉപയോഗിക്കല്‍, ഊര്‍ജ-ഭക്ഷ്യ സുരക്ഷാരംഗത്തെ സഹകരണം, റെയില്‍പ്പാളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവ സംബന്ധിച്ചുള്ള ഉടമ്പടികളില്‍ റഷ്യയും ചൈനയും ഒപ്പുവെച്ചു. സൈബീരിയയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ചൈനയിലേക്ക് വാതക പൈപ്പ്ലൈന്‍ ഇടാനും ധാരണയായി. ഇതെല്ലാം വലിയ സാമ്പത്തിക നേട്ടമാണ് ചൈനയ്ക്ക് സമ്മാനിക്കുന്നത്. യുദ്ധാനന്തരം റഷ്യന്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും യൂറോപ്പില്‍ ആവശ്യം വര്‍ധിച്ചാലും ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ബാധിച്ചേക്കില്ല.
ഈ സൗഹൃദം ഇന്ത്യക്ക് വെല്ലുവിളിയോ?
ഇന്ത്യയുടെ ചിരകാല സുഹൃത്തും അന്താരാഷ്ട്ര വേദികളില്‍ വലിയ പിന്തുണ നല്‍കുന്നവരുമാണ് റഷ്യ. കാലങ്ങളായി വളരെ അടുത്ത നയതന്ത്ര ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സൂക്ഷിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് യു.എന്‍. രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തില്‍നിന്ന് വിട്ടുനിന്നവരാണ് ഇന്ത്യ. സെനികപരമായി അവരെ വളരെയധികം ആശ്രയിക്കുന്നവരാണ് നമ്മള്‍. നമ്മുടെ ആയുധ ഇറക്കുമതിയുടെ 60 ശതമാനവും റഷ്യയില്‍നിന്നാണ്. യു.എസിനെക്കാള്‍ക്കൂടുതല്‍ വാണിജ്യബന്ധവും റഷ്യയുമായിത്തന്നെ. അടുത്ത കാലത്ത് എണ്ണ ഉള്‍പ്പെടെയുള്ള ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ പലവട്ടവും 1971-ലെ ബംഗ്ലാദേശ് യുദ്ധസമയത്തും ഐക്യരാഷ്ട്രസഭയില്‍ നമുക്കെതിരേയുയര്‍ന്ന നടപടികളെ വീറ്റോചെയ്ത് സംരക്ഷിച്ചതും സോവിയറ്റ് യൂണിയനായിരുന്നു. ഈ സൗഹൃദത്തിന് ഇപ്പോഴും വലിയ തോതിലുള്ള ഉലച്ചിലുണ്ടായില്ലെങ്കിലും സമീപവര്‍ഷങ്ങളില്‍ റഷ്യ ചൈനയോടും അവര്‍ വഴി പാകിസ്താനോടും കൂടുതലടുക്കുന്നതാണ് നാം കണ്ടത്. പ്രത്യേകിച്ചും അവര്‍ ചൈനയോട് അടുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഷിയുടെ മോസ്‌കോ സന്ദര്‍ശനവേളയില്‍ പുറത്തിറക്കിയ റഷ്യ-ചൈന സംയുക്ത പ്രസ്താവനയില്‍ നിന്ന് ഇന്ത്യയെ നേരിട്ട് ബാധിക്കുന്ന പരാമര്‍ശങ്ങളും കടന്നുവന്നിരുന്നു. അതിലൊന്ന് ഇന്തോ-പസഫിക് നയത്തിനേയും ക്വാഡിനെതിരേയുമുള്ള വിമര്‍ശനമായിരുന്നു. റഷ്യയുടെ സാന്നിധ്യമുള്ള ബ്രിക്സിലും ചൈനയുടെ നേതൃത്വത്തിലുള്ള ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലും അംഗമായ ഇന്ത്യ അമേരിക്കയുടെ സ്വാധീനമുള്ള സംഘടനകളുടേയും ഭാഗമാണ്. ചൈനയെ പ്രതിരോധിക്കാനായിരുന്നു യു.എസിന്റെ നേതൃത്വത്തില്‍ ജപ്പാനും ഓസ്ട്രേലിയക്കുമൊപ്പം ക്വാഡ് സഖ്യത്തില്‍ ഇന്ത്യ ഭാഗമായത്. ക്വാഡിനെ വിമര്‍ശിക്കുന്ന സമീപനമാണ് മോസ്‌കോയില്‍ പുതിനും ഷിയും സ്വീകരിച്ചത്. ആഗോളവേദികളിലും ബഹുരാഷ്ട്ര കൂട്ടായ്മകളിലും ചൈന-റഷ്യ-ഇന്ത്യ സഹകരണം ശക്തിപ്പെടുത്തണമെന്നതായിരുന്നു മറ്റൊരു പ്രസ്താവന. ജി 20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുന്ന ഘട്ടത്തില്‍ ഇതിന് വലിയ പ്രധാന്യവുമുണ്ട്.
ചൈന- റഷ്യ സൗഹൃദത്തിന് ലോകരാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. സൗദി-ഇറാന്‍ അനുരഞ്ജനത്തിന് പിന്നാലെയുള്ള ഷിയുടെ സന്ദര്‍ശനം ആഗോള ക്രമത്തില്‍ നടക്കുന്ന വലിയ മാറ്റങ്ങളിലേക്കു കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. പല മേഖലകളിലും അമേരിക്കയുടെ സ്വാധീനം അയഞ്ഞുവരുന്ന സാഹചര്യത്തില്‍ റഷ്യയെ ഒപ്പം നിര്‍ത്തി ഒരു പുതിയ ലോകവ്യവസ്ഥയില്‍ സ്ഥാനംനേടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. ലോകത്ത് ഒരു വലിയ സ്വാധീന ശക്തിയായി ചൈന കടന്നുവരാനുള്ള സാധ്യതയും ഏറെയാണ്. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന രാഷ്ട്രമെന്ന നിലയില്‍ ഈ പുതിയ സാഹചര്യം ഇന്ത്യക്ക് വലിയൊരു വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. അഫ്ഗാനിസ്താനിലടക്കം ഇന്ത്യയുടെ നിലപാടുകകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. സോവിയറ്റ് യൂണിയനോടൊപ്പം 1979 മുതല്‍ അഫ്ഗാനിസ്താനില്‍ നിന്നിരുന്ന ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ തയ്യാറായിരുന്നില്ല. റഷ്യ ചൈനയെ വലിയ തോതില്‍ ആശ്രയിക്കുകയും അവരുടെ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സൗഹൃദത്തിനും ഉലച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യ റഷ്യയുമായി തുടരുന്ന തന്ത്രപരമായ സൗഹൃദം തടസപ്പെടാനും സാധ്യതയുണ്ട്.
Content Highlights: Xi Jinping's Russia visit showcases Beijing’s diplomatic power, support Putin amid Ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..