ഷി ജിന്‍പിങ് എന്ന മാവോ 2.0; ജീവിതാവസാനം വരെ നയിക്കും, എന്താകും ചൈനയുടെ ഭാവി...?


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co.in



Premium

ഷി ജിൻപിങ്ങ്|AP

2018 മാര്‍ച്ച് 18-നായിരുന്നു ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ ചൈനയും ലോകവും ഏറെ ചര്‍ച്ച ചെയ്ത ആ നിര്‍ണായക ഭരണഘടനാ ഭേദഗതി നിര്‍ദേശമുണ്ടായത്. അതിങ്ങനെയായിരുന്നു- രാജ്യത്തെ പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതമുള്ള രണ്ട് തവണകളായിരിക്കും കാലാവധിയെന്ന നിയമം എടുത്തുകളയണം. പ്രസിഡന്റിന് അദ്ദേഹത്തിന്റെ മരണം വരെ തുടരാം. അല്ലെങ്കില്‍ ആരോഗ്യം ക്ഷയിക്കുന്നതുവരെ തുടരാനുള്ള പുതിയ നിയമത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനായിരുന്ന മാവോ സെ തുങ്ങിന് ശേഷം മാവോ 2.0 ആയി മാറിയ ഷി ജിന്‍പിങ്ങിന് ജീവിതാവസാനംവരെ രാജ്യം ഭരിക്കാനുള്ള അനുമതി നല്‍കാനുള്ളത് കൂടിയായിരുന്നു ആ ഭേദഗതി.

ആകെയുള്ള 2964 പ്രതിനിധികളില്‍ അന്ന് രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്തു, മൂന്നു പേര്‍ വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി. പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് പെട്ടികളില്‍ ആ നിര്‍ദേശത്തെ അന്ന് വോട്ട് ചെയ്ത് പാസാക്കിയത് 2958 പേരാണ്. പാര്‍ട്ടിയിലും പാര്‍ലമെന്റിലും അധികാരം ഉറപ്പിച്ച് നിര്‍ത്തിയ ഷി ഈ ഭേദഗതിയിലൂടെ ആജീവനാന്തകാലത്തേക്ക് തന്നെ സ്വയം അവരോധിക്കുകയായിരുന്നുവെന്നതാണ് സത്യം. 2013-ല്‍ അധികാരത്തിലേറിയ ഷിയുടെ ഭരണകാലാവധി 2023-ല്‍ അവസാനിക്കാനിരിക്കെ ഈ ഭേദഗതിയെ കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു. ഇതോടെ മാവോയ്ക്കൊപ്പം ചരിത്രത്തില്‍ ഇടം നേടുകയാണ് ഷി ജിന്‍പിങും. തുടര്‍ച്ചയായി മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റായി ഷിയുടെ പേര് അംഗീകരിക്കപ്പെട്ടു.

1990 മുതലാണ് പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷം വീതമുള്ള രണ്ട് തവണയായി നിജപ്പെടുത്തുന്ന നിയമം നിലവില്‍ വന്നത്. ഈ കീഴ്വഴക്കം ലംഘിച്ച് പാര്‍ട്ടിയുടേയും ചൈനയുടേയും ഏകാധിപതിയായി തുടരാനുള്ള നീക്കങ്ങള്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ഷി ആരംഭിച്ചിരുന്നു. പാര്‍ട്ടി ഭരണഘടനയില്‍ തന്റെ പേരും തത്ത്വചിന്തകളും ഉള്‍പ്പെടുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ മാവോ സെ തുങ്ങിനൊപ്പമെത്താന്‍ ഷിക്ക് കഴിഞ്ഞു. പുതുയുഗത്തില്‍ സോഷ്യലിസത്തിന്റെ ചൈനീസ് മാതൃകയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിന് ഷീ ജിന്‍പിങ് ചിന്ത. (Xi Jinping Thought on Socialism with Chinese Characteristics for a New Era)- എന്ന ഷീ തത്ത്വം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അത് പീന്നീട് പാര്‍ട്ടിയുടെ പ്രമാണമായി മാറി. പാഠപുസ്തകങ്ങളില്‍ പോലും എഴുതപ്പെട്ടു. മാവോ സെ തുങ്ങിന് ശേഷം മറ്റൊരു കമ്യൂണിസ്റ്റ് നേതാവിന്റേതായുള്ള തത്ത്വചിന്ത ആദ്യമായി അംഗീകരിക്കപ്പെട്ടത് ഷി ജിന്‍പിങ്ങിന്റേതായിരുന്നു. 2012-ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായതോടെ സര്‍വമേഖലകളിലും പിടിമുറുക്കി അധികാരം തന്നില്‍ കേന്ദ്രീകരിക്കാനുള്ള മാര്‍ഗങ്ങളെല്ലാം ഷി പരീക്ഷിച്ചിരുന്നു. ഏകാധിപത്യത്തിലേക്കെടുക്കുന്നതിനെ മറച്ചുപടിക്കാനായി അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ഷി വളര്‍ത്തിക്കൊണ്ടു വന്നത്. 2012-ല്‍ ലോകത്തെ ഏറ്റവും വലിയ സൈന്യത്തിന്റെ ആധിപത്യവും ഷി തന്നിലേക്കെത്തിച്ചു. മാവോ സെ തുങ്ങിനെ പോലെയാവുക ലക്ഷ്യമിട്ട് മാവോയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ബഹുമാനപദം ലിങ്ഷിയു, ഷി തന്റെ പേരിനൊപ്പം ചേര്‍ക്കാനും തുടങ്ങി.

ഷി ജിന്‍പിങ്ങ് | Photo: AP

  • ചൈനയുടെ ചരിത്രത്തിലേക്ക് ഷി തത്ത്വങ്ങള്‍
19-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാനദിവസമാണ് ഷി യുടെ പേരിലുള്ള രാഷ്ട്രീയ തത്ത്വങ്ങള്‍ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ചൈനയുടെ ഭരണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമെന്തെന്നാണ് പ്രധാനമായും ഷി തത്ത്വങ്ങളില്‍ പ്രതിപാദിക്കുന്നത്. അതില്‍ ചിലത് ഇതാണ്: പൂര്‍ണവും ആഴത്തിലുള്ളതുമായ നവീകരണവും ആശയങ്ങളും, മനുഷ്യനും പ്രകൃതിയും തമ്മില്‍ യോജിപ്പോടെയുള്ള ജീവിതം. ചൈനീസ് സൈന്യത്തിന് മേലെ പാര്‍ട്ടിക്കുള്ള അധികാരം ഉറപ്പിക്കുക. ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയത്തിന് ഊന്നല്‍ നല്‍കുക.

ഷിക്കു മുമ്പ് മാവോയുടെ പേര് മാത്രമായിരുന്നു ജീവിച്ചിരിക്കേ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. മറ്റൊരു പ്രത്യയശാസ്ത്ര ആചാര്യനായ ഡെങ് സിയാവോ പിങ്ങിന്റെ പേര് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. എന്നാല്‍, ഷി പാര്‍ട്ടിയും അധികാരവും പിടിച്ചതോടെ രണ്ടാം മാവോയായി മാറി. തന്റെ പേരും തത്ത്വവും ജീവിച്ചിരിക്കേ തന്നെ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഷി ജിന്‍പിങ്ങിന്റെ ചിന്തകളെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനുള്ള തീരുമാനത്തിന് പാര്‍ട്ടിക്കകത്ത് എതിരില്ലായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആധുനിക ചൈനയുടെ മൂന്നാം ഘട്ടമെന്നാണ് ഷിയുടെ കാലം അറിയപ്പെടുക. ആഭ്യന്തര കലാപത്തിലമര്‍ന്നിരുന്ന ചൈനയെ ഒന്നിപ്പിച്ച മാവോയുടെ ഭരണത്തിന് കീഴിലുള്ള കാലം, സമ്പന്നതയിലേക്കുയര്‍ന്ന ഡെങ് സിയാവോപിങ്ങിനു കീഴിലുള്ള കാലം എന്നിവയാണ് ഇതിനു മുമ്പുള്ള കാലഘട്ടങ്ങൾ അറിയപ്പെടുന്നത്.

  • മാവോ ജയിലിലാക്കിയ അച്ഛന്റെ മകന്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരണീയനായ നേതാവും മാവോ സെ തുങ്ങിന്റെ സന്തത സഹചാരിയുമായിരുന്ന സോങ്ഷൂണിന്റെ മകനാണ് ഷി ജിന്‍പിങ്. ഉപപ്രധാനമന്ത്രിയായിരുന്ന സോങ്ഷുണ്‍ പാര്‍ട്ടിയുടെ അധികാരകേന്ദ്രമാവുമെന്ന് കണ്ട് സോങ്ഷുണിന് മാവോ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തരകലാപം ആരോപിച്ച് ജയിലിലടച്ചു. പിന്നീടുള്ള ഷിയുടെ കാലം ദുരിതത്തിന്റേതായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഷിയുടെ വീടാക്രമിച്ചു. ഒരു സഹോദരി ആത്മഹത്യ ചെയ്തു. ജീവിക്കാന്‍ വേണ്ടി ഫാക്ടറികളില്‍ വരെ ജോലി ചെയ്തു. ഒടുവില്‍ ഒളിച്ചോടാന്‍ വരെ ശ്രമിച്ചപ്പോഴും പിടിക്കപ്പെട്ട് നിര്‍ബന്ധിത സാമൂഹിക സേവനത്തിന്റ പേരില്‍ കഠിനജോലികള്‍ക്കായി നിയോഗിക്കപ്പെട്ടു. അധികാരമില്ലാതാവുന്നതിന്റെ വേദന നന്നായറിഞ്ഞു. ഇക്കാലത്ത് പാര്‍ട്ടിയിലേക്കെത്താന്‍ പല തവണ ശ്രമിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ 1969-ല്‍ പ്രാദേശികതലത്തില്‍ സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് ഷി വന്നത്. ദുരിതകാലത്തെ മറന്ന് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി. ഒറ്റലക്ഷ്യം തന്നേയും കുടുംബത്തേയും വഴിയാധാരമാക്കിയ മാവോയേക്കാളും വലിയ മാവോയാവുക.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വേദി | Photo: AP

തീരപ്രവിശ്യയായ ഫുജിയാന്റെ ഗവര്‍ണര്‍ പദവയിലെത്തിയതാണ് ആദ്യം കൈപ്പിടിയിലാക്കിയ അധികാരകേന്ദ്രം. 2002-ല്‍ ഷെജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി തലവനായും 2007-ല്‍ ഷാങ്ഹായിലെ പാര്‍ട്ടി നേതാവുമായി. രാജ്യത്തേയും പാര്‍ട്ടിയേയും നിയന്ത്രിക്കാന്‍ അധികാരമുള്ള പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ആ വര്‍ഷമാണ് എത്തിയത്. ഹു ജിന്താവോയുടെ പിന്‍ഗാമിയായി 2012-ല്‍ ഷി വന്നതോടെ ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അപ്പാടെ മാറുന്ന കാഴ്ചയാണ് കണ്ടത്. 2013-ല്‍ ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഉന്നത നേതാക്കളെ പോലും ജയലിലടച്ചു. പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 2017 വരേയുള്ള ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മാത്രം നൂറിലധികം നേതാക്കളെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷിച്ചത്. തന്റെ പിന്‍ഗാമിയാവുമെന്ന് കരുതിയിരുന്ന സ്വന്തം നേതാക്കളെ പോലും ജീവപര്യന്തം ജയിലിലാക്കി. ഇതോടെ ചൈനക്കാര്‍ ഒരിക്കല്‍ കൂടെ മാവോ സെ തുങ്ങിനെ ഓര്‍മിച്ചു. അണിയറിയില്‍ പുതിയ മാവോ ഒരുങ്ങുന്നതായി വിലയിരുത്തപ്പെട്ടു. ഷി ജിന്‍പിങ് മാവോ 2.0 ആയി.

  • സ്വേച്ഛാധിപതിയായ കമ്യൂണിസ്റ്റ്
പാവങ്ങളോടും സാധാരണക്കാരോടും തൊഴിലാളികളോടുമൊക്കെ മമത പുലര്‍ത്തുകയെന്നതാണ് കമ്യൂണിസ്റ്റ് ലക്ഷ്യമെങ്കിലും കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തോളം ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മൊത്ത വരുമാനത്തിന്റെ വെറും ആറ് ശതമാനം മാത്രമാണ് സാമൂഹിക ക്ഷേമത്തിന് ചെലവിടുന്നതെന്നാണ് കണക്കാക്കെപ്പെടന്നത്. അത് രാജ്യത്ത് ദരിദ്രരും-ധനികരും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചു. ഇതിനിടെയാണ് ആജീവനാന്ത ഭരണാധികാരം നേടിയെടുക്കുന്നതും. പ്രസിഡന്റിന് തവണകളുടെ പരിധിയില്ലാതെ തുടരാന്‍ വേണ്ട ഭരണഘടനാ ഭേദഗതിയുടെ വിവരം പുറത്തായതോടെ ചൈനീസ് ജനത വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ എതിര്‍ ശബ്ദങ്ങളെ ഷി ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജനാധിപത്യമെന്നത് നിഷിദ്ധ പദമായി തുടര്‍ന്നു.

1989-ല്‍ ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ ജനാധിപത്യ പ്രക്ഷോഭകാരികളെ അതിക്രൂരമായി അടിച്ചമര്‍ത്തിയതിനെ അതിശക്തമായി വിമര്‍ശിച്ച ഷി ജിന്‍പിങ്ങാണ് അധികാരത്തിലേറിയതോടെ ഇതേ നില തുടര്‍ന്നത്. ഷി ജിന്‍പിങ്ങിനെതിരേ മാവോ കാലത്തിലേക്കുള്ള തിരിച്ചുപോക്ക്, ഏകാധിപത്യത്തിന്റെ തിരിച്ചുവരവ്, നവയുഗ ചക്രവര്‍ത്തിയുടെ പിറവി, ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചക്കാരന്‍ തുടങ്ങിയ ശക്തമായ വാക് പ്രയോഗങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍, ഇതൊക്കെ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാന്‍ ഷി ഉത്തരവിട്ടു. വാര്‍ത്തകളില്‍ പോലും ഷിക്കെതിരായ കമന്റുകളുണ്ടായാല്‍ നീക്കം ചെയ്തിരിക്കണമെന്നടക്കമുള്ള അതിശക്തമായ സെന്‍സര്‍ഷിപ്പ് നയങ്ങളടക്കമുള്ളവരാണ് രാജ്യത്ത് നടപ്പാക്കുന്നത്.

കിങ് ജോങ് ഉന്‍, ഷി ജിന്‍പിങ്ങ്‌

ബെയ്ജിങ്ങിലെ സിന്‍ഹുവ സര്‍വകലാശയില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയ ഷി 2008-ലാണ്‌ ചൈനയുടെ പ്രധാന വാണിജ്യകേന്ദ്രമായ ഷാങ്ഹായിലെ പാര്‍ട്ടി മേധാവി സ്ഥാനത്തെത്തിയത്. വൈസ്പ്രസിഡന്റ് എന്ന നിലയില്‍ ബെയ്ജിങ് ഒളിമ്പിക്സ്, ചൈനയുടെ 60-ാം വാര്‍ഷികം എന്നിവയുടെ നടത്തിപ്പില്‍ പ്രകടിപ്പിച്ച സംഘടനാ മികവ് അദ്ദേഹത്തെ ഉന്നത നേതൃസ്ഥാനത്തിലേക്ക് എത്തിക്കുന്നതിന് സഹായിച്ചു. പ്രശസ്ത ഗായിക പെങ് ലി യുവാന്‍ ആണ് ഷിയുടെ ഭാര്യ. വിവാഹത്തിന് ശേഷവും സംഗീതവേദികളില്‍ സജീവമായിരുന്നു പെങ് ലി. പക്ഷെ, ഭര്‍ത്താവ് പാര്‍ട്ടിയുടെ അധികാര കേന്ദ്രത്തില്‍ കയറാന്‍ തുടങ്ങിയതോടെ വേദികള്‍ ഉപേക്ഷിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഷി മിങ് സെ ആണ് ഏക മകള്‍.

  • വെള്ളക്കടലാസ് പ്രതിഷേധം
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും സെന്‍സര്‍ഷിപ്പുകളെ വായടപ്പിക്കാനുള്ള ഉപകരണവുമായി കണ്ടിരുന്ന ഷി ജിന്‍പിങ്ങ് അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായിരുന്നു 2022 നവംബര്‍ മാസത്തില്‍ നടന്ന വെള്ളപേപ്പര്‍ പ്രതിഷേധം. ഷി ജിന്‍ പിങ് സര്‍ക്കാര്‍ വര്‍ഷങ്ങളായി അടിച്ചര്‍ത്തിയിരുന്ന ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പാര്‍ക്കുന്ന സിന്‍ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംഖിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ പത്തു പേര്‍ മരിച്ചതാണ് കഴിഞ്ഞ കുറേക്കാലമായി കാണാതിരുന്ന തരത്തിലുള്ള പ്രതിഷേധത്തിനിടയാക്കിയത്.

കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കെട്ടിടത്തിന്റെ വാതിലുകളും അഗ്‌നിരക്ഷാ കവാടങ്ങളും പോലും അധികൃതര്‍ അടച്ചിരുന്നു. അതോടെ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. ഇതോടെ പത്ത് പേര്‍ തീപ്പിടിച്ചു മരിച്ചു. വടക്കുപടിഞ്ഞാറുള്ള ഉറുംഖിമുതല്‍ കിഴക്ക് ഷാങ്ഹായ് വരെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തുപോകൂ, ഷി ജിന്‍ പിങ് പുറത്തുപോകൂ എന്നീ മുദ്രാവാക്യങ്ങള്‍ ആദ്യമായി ഉയര്‍ന്നുകേട്ടു. ഷിയുടെ പൂര്‍വ വിദ്യാലമായ ബെയ്ജിങ്ങിലെ സിന്‍ഗുവ സര്‍വകലാശാലയുള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

വെള്ളക്കടലാസ് പ്രതിഷേധത്തില്‍ നിന്ന്

1989-ലെ ടിയാനെന്‍മെന്‍ കൂട്ടക്കുരുതിയിലേക്ക് നയിച്ച പ്രതിഷേധങ്ങളേക്കാള്‍ വിപുലമായിരുന്നു അത്. എത്ര പേര്‍ അറസ്റ്റിലായി എന്നു പോലും വ്യക്തമല്ല. ഇതോടെ പ്രതിഷേധത്തെ പോലീസ് ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. പ്രതിഷേധം ചിത്രീകരിച്ചോയെന്നറിയാന്‍ ഒട്ടേറെ പേരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചു. ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്തു. ആവര്‍ത്തിച്ചാല്‍ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. തെരുവുകള്‍ പോലീസിനാല്‍ നിറഞ്ഞതോടെ പ്രതിഷേധങ്ങള്‍ തത്കാലത്തേക്കു ശമിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സമരം തുടരുക തന്നെ ചെയ്തു. ഭരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം ഭരണകൂടത്തെ തങ്ങള്‍ക്കു വിളിക്കാനുള്ളതെല്ലാം ഒരക്ഷരംപോലുമെഴുതാത്ത വെള്ളക്കടലാസിലൂടെ പ്രതിഷേധക്കാര്‍ വിളിച്ചു.

ഷാങ്ഹായിലും ബെയ്ജിങ്ങിലും ഷിയുടെ പാഠശാലയായിരുന്ന ത്‌സിന്‍ഗുവ സര്‍വകലാശാലയിലും നാന്‍ജിങ്ങിലെ കമ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലുമെല്ലാം 'എ ഫോര്‍' വെള്ളക്കടലാസേന്തി ഒന്നും മിണ്ടാതെ അവര്‍ പ്രതിഷേധിച്ചു. 'ഞങ്ങള്‍ക്കു പറയാനുള്ളതെല്ലാം, എന്നാല്‍, പറയാന്‍ കഴിയാത്തതെല്ലാം ശൂന്യമായ ഈ താളിലുണ്ട്' എന്നാണ് അവര്‍ പറഞ്ഞത്. സാമൂഹികമാധ്യമങ്ങളില്‍ ജനങ്ങളിട്ട കോടിക്കണക്കിനു ലോക്ഡൗണ്‍ വിരുദ്ധ പോസ്റ്റുകള്‍ സര്‍ക്കാര്‍ നീക്കി അവിടം ശൂന്യമാക്കി. ഒന്നും മിണ്ടാനനുവദിക്കാത്ത സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി ആ എഴുതാത്താളുകള്‍.

ഷി ഭരണം 2023-ലേക്ക് കടക്കുമ്പോള്‍ മാവോയെ പോലെ, ലെനിനെ പോലെ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ് ഷി ജിന്‍പിങ്ങും. പാശ്ചാത്യ ആശയങ്ങളും അഴിമതിയും വിഭാഗീയതയും അവിശ്വസ്തതയും അപചയങ്ങളായിക്കണ്ട് യുവാക്കളുടെ സാമൂഹികമാധ്യമ ഉപയോഗമുള്‍പ്പെടെ നിരീക്ഷിക്കുകയാണ് ഷി. ജനാധിപത്യ പ്രക്ഷോഭങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുന്നു. സെന്‍സര്‍ഷിപ്പുകള്‍ ശക്തമാക്കുന്നു. പക്ഷെ, വെള്ളക്കടലാസ് പ്രതിഷേധം പോലുള്ള സംഭവങ്ങളും ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഇതിനെ ഏറെ ആശങ്കയോടെ നോക്കികാണുന്നുമുണ്ട് ഷി.

Content Highlights: Xi Jinping is the president of China for the third time

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented