.
പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കളോ കടന്നുപോകുമ്പോള്‍ അകമ്പടി പോകുന്ന വാഹന വ്യൂഹത്തെയും അവര്‍ക്കൊപ്പം തോക്കേന്തി നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കൗതുകത്തോടെ നോക്കിനിന്നിട്ടില്ലേ? ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ആര്‍ക്കാണോ സുരക്ഷയൊരുക്കുന്നത് അവര്ക്കെതിരേയുളള നോട്ടങ്ങളെ പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. SPG, X, Y, Y+, Z, Z+ പലപ്പോഴായി വാര്‍ത്തകളില്‍ ഈ കാറ്റഗറികളിലുളള സുരക്ഷകള്‍ നാം വായിച്ചിട്ടുണ്ട്.
അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറിലെ ബിജെപി നേതാക്കള്‍ക്കും മഹാരാഷ്ട്രയില്‍ അന്ത്യമില്ലാതെ തുടരുന്ന രാഷ്ട്രീയ നാടകത്തിലെ പ്രധാനികളായ വിമത എംഎല്‍എമാര്‍ക്കും ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജീവന് ഭീഷണി ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കും ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി വിഐപി സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കോണ്‍ഗ്രസ് നേതാവും ഗായകനുമായി സിദ്ദു മൂസേവാലെയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിന് മുമ്പ് ഇതേപോലെ സുരക്ഷാ കാറ്റഗറികളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തത് ബോളിവുഡ് താരം കങ്കണ റണാവത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയപ്പോഴാണ്. ജീവന് ഭീഷണി നേരിടുന്ന, തീവ്രവാദികളുടെ അല്ലെങ്കില്‍ മറ്റു ആക്രമണകാരികളുടെ ഭീഷണി നേരിടുന്ന നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ച് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി തുടങ്ങിയ പലതരത്തിലുള്ള വാര്‍ത്തകളും പലപ്പോഴായി നാം കേട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഈ അടുത്തായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഈ കോഡുകളില്‍ അറിയപ്പെടുന്ന സുരക്ഷാ കാറ്റഗറികള്‍? ബ്ലാക്ക് കോട്ടും കണ്ണടയും ബ്ലാക്ക് ഷൂസും ധരിച്ച് കൈയില്‍ തോക്കേന്തി, ചുറ്റുപാട് സസൂക്ഷ്മം നിരീക്ഷിച്ച് നില്ക്കുന്ന കമാന്‍ഡോകള്‍. നാം വിചാരിക്കുന്നതിലും അപ്പുറത്താണ് ഇവരുടെ നിരീക്ഷണ പാടവവും ആയോധനകലയിലെ പ്രാവീണ്യവും.
സുരക്ഷ ആര്‍ക്കെല്ലാം? ഏതുതരത്തിലുളള സുരക്ഷയെന്ന് തീരുമാനിക്കേണ്ടത് ആര്?
ഇന്റലിജന്‍സിന് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആര്‍ക്കൊക്കെ സുരക്ഷ ഏര്‍പ്പെടുത്തണം എന്ന കാര്യം തീരുമാനിക്കുന്നത്. തീവ്രവാദ ഭീഷണി, ജീവഹാനി സംഭവിക്കാവുന്ന തരത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തുക.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷ പ്രധാനമന്ത്രിക്ക്
.jpg?$p=bee2790&w=610&q=0.8)
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷയാണ് പ്രധാനമന്ത്രിക്കുള്ളത്. എസ്.പി.ജി ലെവല്‍ സുരക്ഷയാണ് പ്രധാനമന്ത്രിക്ക്. എന്‍.എസ്.ജി കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതില്‍. അത്യാധുനിക തോക്കുകളും ആശയവിനിമയം നടത്താന്‍ അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. എന്തും നിരീക്ഷിക്കാനുള്ള പാടവം, ചുറ്റുഭാഗത്തും എന്ത് നടക്കുന്നു, അവയെ എങ്ങനെ നേരിടാം എന്നതില്‍ ഉന്നതതല പരിശീലനം ലഭിച്ച ഒരു കൂട്ടം കമാന്‍ഡോകളാണ് കൂര്‍മ്മ ബുദ്ധിക്കാരായ ഇവര്‍.
എസ്.പി.ജി ലെവല്‍ സുരക്ഷ എന്നാല്‍
രാജ്യത്തിന്റെ പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ലോകത്തെവിടെയും ഈ സുരക്ഷ ഉറപ്പു വരുത്തും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിത്തുടങ്ങിയത്. 1988-ലാണ് ഈ സുരക്ഷ പാര്‍ലിമെന്റിന്റെ അംഗീകാരത്തോട് കൂടി നിലവില്‍ വന്നത്. എസ്.പി.ജി ഗ്രൂപ്പിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. യൂണിറ്റിന്റെ കമാന്‍ഡോകളുടെ മൊത്തത്തിലുള്ള മേല്‍നോട്ട ചുമതല ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും. ഈ റാങ്കിലുള്ള നാലായിരത്തോളം വരുന്ന ആളുകള്‍ എപ്പോഴും അവരുടെ പക്കല്‍ ഉണ്ടാകും. രാജ്യത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളേക്കാളും ഏറ്റവും വലിയ സുരക്ഷാ സംവിധാനമാണ് എസ്.പി.ജി.
പ്രധാനമന്ത്രിയുടെ സംരക്ഷണം, കമാന്‍ഡോകളുടെ ചുമതല
- പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതല സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന കമാന്‍ഡോ സംഘത്തിനാണ് (എസ്.പി.ജി.).
- പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹം (കാര്ക്കേഡ്) ഏതൊക്കെ റൂട്ടില്‍ പോകണം ഏതൊക്കെ റൂട്ട് സുരക്ഷിതമാണ് എന്ന് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വവും എസ്.പി.ജി.ക്കാണ്.
- എസ്.പി.ജി. നിര്‍ദേശിക്കുന്ന പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ പാലിക്കാനുള്ള ചുമതല അതാത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനാണ്.
- ഒന്നിലേറെ യാത്രാമാര്‍ഗങ്ങള്‍ അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പുകളുമായി ആലോചിച്ച് എസ്.പി.ജി. തയ്യാറാക്കും.
- വാഹനവ്യൂഹത്തിന്റെ പൈലറ്റ് വാഹനങ്ങളെല്ലാം പ്രദേശത്തെ പോലീസാണ് നേതൃത്വം നല്‍കേണ്ടത്.
- ജില്ലാഭരണകൂടത്തിനും ഈ ഏകോപനത്തില്‍ പങ്കുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി.) വേദപുസ്തകമാണ് ബ്ലൂ ബുക്ക്. അതിവിശിഷ്ടവ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിച്ചിരിക്കേണ്ട ചട്ടങ്ങള്‍ അതില്‍ അക്കമിട്ടു വിവരിക്കുന്നു.
യാത്രാപദ്ധതി നല്‍കണം
പ്രധാനമന്ത്രിയുടെ യാത്രാപദ്ധതി വിശദമായിത്തന്നെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്കു നല്‍കാറുണ്ട്. ഒരുമാസം മുമ്പുതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ഇതേക്കുറിച്ച് ആലോചിക്കും. അത്യാവശ്യമെങ്കില്‍ യാത്രയ്ക്കുമുമ്പ് മോക്ഡ്രില്ലും സംഘടിപ്പിക്കാറുണ്ട്. എസ്.പി.ജി. സംഘം സംസ്ഥാന പോലീസുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും സമ്പര്‍ക്കം പുലര്‍ത്തും. യാത്രയ്ക്കുമുമ്പ് വഴി പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
ചോദ്യം ചെയ്യപ്പെടുന്ന അംബാനിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ

വ്യവസായപ്രമുഖനായ മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രം സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്.
150ലേറെ വരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം ഇവരുടെ സംരക്ഷണത്തിനുണ്ടാകും. 2013ലാണ് സെഡ് ഗാറ്റഗറിയില് നിന്ന് സെഡ് പ്ലസ് കാറ്റഗറിയിലേക്ക് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. എന്നാല്‍ സുരക്ഷാഭീഷണി സംബന്ധിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ
രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. പത്തിലേറെ വരുന്ന എന്‍.എസ്.ജി കമാന്‍ഡോകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 150ലേറെ പേര് അടങ്ങുന്ന സുരക്ഷാ ടീമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ നിയോഗിക്കുക.
വിദഗ്ദമായ ആയോധനകലകളും നിരായുധ പോരാട്ട പരിശീലനവും സിദ്ധിച്ച വിദഗ്ദന്മാരായ കമാന്‍ഡോകളായിരിക്കും ടീമില്‍ ഉണ്ടാകുക. എന്തിനും ഏതിനും ഏത് സമയത്തും സജ്ജമായിരിക്കുന്ന 150ലേറെ പേരടങ്ങുന്ന ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമാണ് ഇസെഡ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവര്‍ക്ക് ഇസെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എൻ.ഡി എയുടെ രാഷ്ട്രപതി സ്ഥാര്‍ഥി ദ്രൗപദി മുര്‍മുവിനും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
50ലേറെ പേരടങ്ങുന്ന ഇസെഡ് സുരക്ഷാ കാറ്റഗറി
യാത്രയ്ക്കിടെ കാറിനുനേരെ വെടിവെപ്പുണ്ടായ സംഭവത്തെ തുടര്‍ന്ന് എ.ഐ.എം.ഐ.എം. നേതാവും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്ക് ഇസെഡ്-കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒവൈസി അത് നിരസിക്കുകയായിരുന്നു. അത്തരമൊരു മുന്തിയ സുരക്ഷ തനിക്ക് ആവശ്യമില്ല. ഇസെഡ് കാറ്റഗറി സുരക്ഷയല്ല, എ കാറ്റഗറി പൗരനെന്ന പരിഗണനയാണ് വേണ്ടതെന്നായിരുന്നു അന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്.
ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഛിജാര്‍സി ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കള്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. നേരത്തെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിദംബരവും ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് വെച്ചിരുന്നു.
ഇസെഡ് കാറ്റഗറി സുരക്ഷയില്‍ മാതാ അമൃതാനന്ദമയിയും
.jpg?$p=99cb6fc&w=610&q=0.8)
രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സുരക്ഷയാണ് ഇസെഡ് കാറ്റഗറി സുരക്ഷ. നാലോ അഞ്ചോ എന്‍.എസ്.ജി കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന ഇസെഡ് ലെവല്‍ സുരക്ഷയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അമ്പതിലേറെ വരുന്ന അംഗങ്ങളാണ് ഉണ്ടാകുക.
നിലവില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതാ അമൃതാനന്ദമയിക്കും കേന്ദ്രം ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. യോഗ ഗുരു ബാബാ രാംദേവിന് ശേഷം ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവ് കൂടിയാണ് അമൃതാനന്ദമയി.
വൈ പ്ലസ് കാറ്റഗറി സുരക്ഷ
മാഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെയാണ് ശിവസേനാ വിമതരായ 15 എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് നല്‍കുന്നത്. 39 പേരടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് വൈ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുക. പോലീസ് ഉദ്യോഗസ്ഥരും മൂന്നോ നാലോ കമാന്‍ഡോകളും ഈ സുരക്ഷാ ടീമില്‍ ഉള്‍പ്പെടും. നേരത്തെ വിവാദ പ്രസ്താവനകളില്‍ കൂടി വിവിധ കോണില്‍ നിന്ന് വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്ന നടി കങ്കണാ റണാവത്തിനും ഇത്തരത്തില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം ഏര്‍പ്പാടാക്കിയിരുന്നു.
.jpg?$p=da706f6&w=610&q=0.8)
അഗ്നിപഥ് പ്രതിഷേധങ്ങളും, ബിജെപി നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയും
കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തുടര്‍ച്ചയായ പ്രതിഷേധത്തിനൊടുവിലാണ് ബിഹാറില്‍ ബിജെപി നേതാക്കള്‍ക്ക് കൂടുതല്‍ സുരക്ഷ കേന്ദ്രം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
എന്താണ് വൈ കാറ്റഗറി സുരക്ഷ?
രാജ്യത്തെ മറ്റൊരു സുരക്ഷാ കാറ്റഗറിയാണ് വൈ ലെവല്‍ സുരക്ഷ. ഒന്നോ രണ്ടോ എന്‍.എസ്.ജി കമാന്‍ഡോകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 28 പേരടങ്ങുന്ന ടീമാണ് വൈ കാറ്റഗറിയില്‍ ഉണ്ടാകുക. രാജ്യത്ത് ഭീഷണി നേരിടുന്ന നേതാക്കള്‍ക്കും മറ്റും നല്‍കിവരുന്ന സുരക്ഷയാണ് ഇത്.
എക്സ് ലെവല്‍ സുരക്ഷ
രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ നല്‍കിവരുന്ന സുരക്ഷയാണ് എക്സ് ലെവല്‍ സുരക്ഷ. പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ടീം ആണ് ഇത്. ഇതില്‍ കമാന്‍ഡോകള്‍ ഉണ്ടാകില്ല, ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും. ഉണ്ടാവുക.
വിഐപികളായവര്ക്ക് സുരക്ഷ ലഭിക്കുന്നത് എങ്ങനെ?
വിഐപികളായ ആളുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടായാല്‍, അവരുടെ ജീവന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടേണ്ടി വന്നാല്‍ അവര്‍ക്ക് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി സുരക്ഷ ആവശ്യപ്പെടാം. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്.
തുടര്‍ന്ന് ആവശ്യപ്പെട്ടത് പ്രകാരമുള്ള സുരക്ഷ അനുവദിക്കുന്നതിനായി, പരിശോധനകള്‍ക്കായി കേസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഭീഷണി സ്ഥിരീകരിച്ചാല്‍, ആഭ്യന്തര സെക്രട്ടറിയും ഡയറക്ടര്‍ ജനറലും സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയാണ് ആ വ്യക്തിക്ക് ഏത് വിഭാഗത്തിലുള്ള സുരക്ഷ നല്‍കണമെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷം, വ്യക്തിയുടെ വിശദാംശങ്ങള്‍ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കും.
സുരക്ഷ നല്‍കാനായി ഏര്‍പ്പെടുത്തിയ ഏജന്‍സികള്‍
വിഐപികള്‍ക്ക് സുരക്ഷ നല്കാന് വേണ്ടി വിവിധ ഏജന്‍സികളെയാണ് ഉത്തരവാദപ്പെടുത്തിയിരിക്കുന്നത്. എസ്.പി.ജി (Special Protection Group), എന്‍.എസ്.ജി (National Security Guards), ഐ.ടി.ബി.പി (Indo-Tibetan Border Police), സി.ആര്.പി.എഫ് (Central Reserve Police Force) തുടങ്ങിയ ഏജന്‍സികളാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളവ.
അത്ര ചെറുതല്ലാത്ത സുരക്ഷാ വീഴ്ച
.jpg?$p=44ac4eb&w=610&q=0.8)
എന്നാല്‍ ഇത്രയൊക്കെ സുരക്ഷ ഉണ്ടായിട്ടും പലപ്പോഴായി പ്രധാനമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സുരക്ഷാ വീഴ്ചകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അടുത്ത കാലത്തായി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ തടഞ്ഞത് വന്‍ സുരക്ഷാ വീഴ്ചയായിരുന്നു.
ഭട്ടിന്‍ഡയില്‍നിന്ന് ഫിറോസ്പുരിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രയ്ക്കിടെ ഇരുനൂറോളം കര്‍ഷകസമരക്കാര്‍ വഴി തടഞ്ഞതിനെത്തുടര്‍ന്ന് 20 മിനിറ്റോളം മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങുകായിരുന്നു. യാത്രയും ഫിറോസ്പുരിലെ റാലിയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും വഴിവെച്ചിരുന്നു.
എന്നാല്‍ അതിന് മുമ്പും പ്രധാനമന്ത്രിമാരുടെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ കേരള സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് പുറത്തുനിന്നുള്ള വാഹനം കടന്നുകയറിയിരുന്നു.
പലപ്പോഴും ജീവന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് പല നേതാക്കള്‍ക്കും സുരക്ഷ അനുവദിച്ച് കൊടുക്കാറുള്ളത്. എന്നാല്‍ ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും സുരക്ഷാ വീഴ്ചകളും പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷാ വലയം ഭേദിച്ച് പലപ്പോഴായി പല നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത് സ്വന്തം സുരക്ഷാ വിഭാഗത്തിലെ തന്നെ അംഗങ്ങളാണ് എന്നത് കൂട്ടി ചേര്‍ത്ത് വായിക്കേണ്ടതാണ്. 2008 മാര്‍ച്ചില്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് രാജ്ബീര്‍ സിങ് കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന് സഹോദരന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതും അതീവ സുരക്ഷാ വലയത്തിനുള്ളില്‍ വെച്ച് തന്നെയായിരുന്നു.
സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ ജീവന് രക്ഷപ്പെടുമായിരുന്നു.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സുരക്ഷാവിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. സുരക്ഷ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ സിദ്ദു മൂസേവാല ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന നിലപാടിലാണ് ആരാധകര്‍.
പഞ്ചാബില്‍ സിദ്ദു ഉള്‍പ്പെടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഭഗവന്ത് മന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. താല്‍ക്കാലിക നടപടിയാണെന്നായിരുന്നു വിശദീകരണം. തൊട്ടടുത്ത ദിവസമാണ് സിദ്ദു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളുയരുകയും തങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്ന് കാണിച്ച് സുരക്ഷ പിന്‍വലിക്കപ്പെട്ട പല നേതാക്കളും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്ക് വീണ്ടും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സിദ്ദു മൂസേവാലെയുടെ കൊലയ്ക്ക് പിന്നാലെ; 'ഉയര്‍ന്ന പദവിയിലുള്ള വ്യക്തികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ അവര്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേര്‍ക്കുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണം രാജ്യത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിരുന്നു.
2003-ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..