ബാഹുബലി, മാഫിയ ഡോണ്‍, നേതാജി; സിനിമയെ വെല്ലും ബ്രിജ്ഭൂഷന്റെ രാഷ്ട്രീയ ഗുസ്തി


കെ.പി നിജീഷ് കുമാര്‍Premium

വിനേഷ് ഫൊഗാട്ട്,ബ്രിജ്ഭൂഷൺ സിങ്|AFP

'ഗുസ്തിയില്‍ മത്സരിക്കാനെത്തുന്നവരെല്ലാം വലിയ ശക്തിശാലികളാണ്. അവരെ നിയന്ത്രിക്കാന്‍ കൂടുതല്‍ ശക്തിശാലിയുടെ ആവശ്യമുണ്ട്. അതിനാണ് ഞാനെത്തിയിരിക്കുന്നത്. എന്നേക്കാള്‍ ശക്തിശാലിയായ മറ്റൊരാളെ കാണിച്ച് തരാമോ?' തന്റെ ഗുസ്തി മത്സരങ്ങളിലെ ഇടപെടലുകളെ കുറിച്ച് പലപ്പോഴും ബിജെപി എം.പിയും മുന്‍ഗുസ്തി താരവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

ബാഹുബലി, മാഫിയ ഡോണ്‍, നേതാജി, ഹിന്ദുത്വ പോരാളി. ഇങ്ങനെ നിരവധി പേരുകളുണ്ട് ബ്രിജ്ഭൂഷണ്. ഒന്നും വെറുതെ കിട്ടിയതല്ല. അഗാഡ മുതല്‍ ലോക്‌സഭവരെ ഇന്ന് കാണുന്ന തരത്തിലേക്ക് ബിജെപി നേതൃത്വത്തെ പോലും സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്ന വ്യക്തിയായി യുപിയിലെ കൈസർഗഞ്ജ് എം.പി ബ്രിജ്ഭൂഷണ്‍ മാറി. മാത്രമല്ല രാജ്യത്തെ മുന്‍നിര ഗുസ്തി മത്സരങ്ങളിൽ താനറിയാതെ ഒരിലപോലും അനങ്ങില്ലെന്ന തരത്തിലേക്ക് മസില്‍പവറും പൊളിറ്റിക്കല്‍ പവറും കൊണ്ട് മാറ്റിയെടുക്കാന്‍ കുറഞ്ഞകാലം കൊണ്ട് ഈ നേതാവിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം. ആദ്യം സമാജ് വാദി പാർട്ടി ടിക്കറ്റിൽ പിന്നെ ബിജെപി ടിക്കറ്റിൽ. ഇങ്ങനെ രാഷ്ട്രീയത്തിലും അഗാഡയിലും തന്റെ അപ്രമാദിത്വം ഈ നേതാവ് മുറുകെ പിടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.

വിനേഷ് ഫൊഗാട്ട്|AFP

എവിടെ ഗുസ്തി മത്സരം നടന്നാലും അവിടെ ബ്രിജ്ഭൂഷണുണ്ടാവും. അതിന് ജൂനിയറെന്നോ സീനിയറെന്നോ നാഷണലെന്നോ സംസ്ഥാനതലമെന്നോ വ്യത്യാസമില്ല. സ്വന്തം നിലയ്ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. പത്തും ഇരുപതും അനുയായികള്‍ക്കൊപ്പം ആഡംബര കാറുകളുടെ വന്‍ അകമ്പടിയോടെ മത്സര സ്ഥലത്തെത്തുന്ന ബ്രിജ്ഭൂഷണെ എത്ര സമയം കാത്തിരിക്കാനും സംഘാടകര്‍ തയ്യാര്‍. മത്സരം തുടങ്ങിയാല്‍ പിന്നെ ബ്രിജ്ഭൂഷണാണ് താരം. അനൗണ്‍സ്‌മെന്റ്, നിര്‍ദേശം, ശകാരം. വേണമെങ്കില്‍ മത്സരാര്‍ഥികളേയും കാണികളേയും സംഘാടകരേയും തല്ലുകയും ചെയ്യും. ഒരക്ഷരം മിണ്ടാതെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കളി തുടരും. കഴിഞ്ഞ എത്രയോ കാലമായി റെസ്‌ലിങ് മൈതാനങ്ങള്‍ ഇത് കാണുന്നു. എല്ലാം എല്ലാവര്‍ക്കും പതിവ് സംഭവങ്ങള്‍ മാത്രം. ലൈംഗിക ആരോപണത്തിന്റെ പേരില്‍ ഈ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ഒരിക്കല്‍ കൂടെ വാര്‍ത്തയില്‍ നിറയുമ്പോഴും കണ്ണില്‍പൊടിയിടുന്ന നടപടികളല്ലാതെ എം.പിക്കെതിരേ വലിയ നടപടിക്ക് ബിജെപി മടിക്കുകയാണ്. കാരണം സിനിമാക്കഥയെ വെല്ലുന്ന രാഷ്ട്രീയ പിന്നാമ്പുറമുണ്ട് ഇയാളുടെ പേരില്‍.

പത്ത് വര്‍ഷത്തില്‍ അധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തുടരുന്ന ബ്രിജ്ഭൂഷണ് ബിജെപിയുടെ തുറുപ്പ് ചീട്ടായ അയോധ്യയടക്കമുള്ള സ്ഥലങ്ങളില്‍ വലിയ പിന്തുണയാണുള്ളത്. രാമജന്മഭൂമി സമരത്തിന്റെ മുന്‍നിര നായകന്‍, ജയിൽവാസം. അങ്ങനെ ഹിന്ദുത്വ പ്രവര്‍ത്തകനെന്ന ലേബല്‍. യു.പിയിലെ കുറഞ്ഞ ആറ് ജില്ലകളിലെങ്കിലും സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്തയാള്‍. അതുകൊണ്ടുതന്നെ ബിജെപിക്ക് ഈ മുന്‍ ഗുസ്തി താരത്തെ അങ്ങനെ പിണക്കാനും കഴിയില്ല. പക്ഷെ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ തന്നെ ബ്രിജ്ഭൂഷണെതിരേ ലൈംഗിക ആരോപണ പരാതിയടക്കമുള്ളവയുമായി കൊടും തണുപ്പില്‍ കഴിഞ്ഞ ദിവസങ്ങളിൽ ജന്തര്‍മന്തറില്‍ സമരത്തിലിരുന്നപ്പോള്‍ അത് കാണാതിരിക്കാനും പറ്റിയില്ല. ഇതോടെയാണ് എതിരാളികളുടെ കണ്ണില്‍ പൊടിയിടാനെന്ന രീതിയില്‍ അന്വേഷണം കഴിയുന്നത് വരെ തല്‍ക്കാലം അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതും.

  • ബാഹുബലി, ഗുസ്തിയുടെ അവസാന വാക്ക്
താന്‍ സ്വന്തമൊരു ശക്തിശാലിയാണെന്നാണ് ബ്രിജ്ഭൂഷന്റെ നിലപാട്. കുഞ്ഞുന്നാള്‍ മുതല്‍ ഗുസ്തിക്ക് വേണ്ടി ജിവിതം ഉഴിഞ്ഞുവെച്ചവനെന്ന നിലയ്ക്ക് പ്രാഥമികതലം മുതല്‍ ദേശീയതലം വരെയുള്ള മിക്ക ഗുസ്തിമത്സരങ്ങളുടേയും അവസാനവാക്ക് ഈ 66-കാരനായിരിക്കും. തനിക്കിഷ്ടമുള്ളപ്പോള്‍ മത്സരം നിര്‍ത്തിവെക്കാനും തന്റെ സൗകര്യത്തിന് അനുസരിച്ച് വീണ്ടും മത്സരങ്ങള്‍ തുടങ്ങാനുമൊക്കെ നിര്‍ദേശം കൊടുക്കാന്‍ പ്രാപ്തിയുള്ള നേതാവ്. റഫറിമാരെ തല്ലിയും റൂള്‍ബുക്കുകള്‍ വലിച്ചെറിഞ്ഞുമൊക്കെ പലപ്പോഴും മത്സരസ്ഥലത്ത് ബ്രിജ്ഭൂഷണ്‍ തന്റെ അധികാരം കാണിക്കാറുമുണ്ട്. പക്ഷെ ഇതൊന്നും ആരും വലിയ പ്രശ്‌നമായി കണക്കാക്കിയിരുന്നില്ല. കാരണം ഇയാളുടെ ഒറ്റവാക്കുകൊണ്ട് തീരുന്നതാവും പലപ്പോഴും താരങ്ങളുടെ കായിക ഭാവിയും ഒരുപക്ഷെ ജീവിതം പോലും. ഗുസ്തി മത്സര സ്ഥലങ്ങളില്‍ തന്റെ കൈക്കരുത്തുകൊണ്ട് ആളാകുന്ന ബ്രിജ്ഭൂഷണ്‍ എത്താത്ത മത്സരങ്ങളുണ്ടാവാറില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍
ചൂണ്ടിക്കാട്ടുന്നത്. എന്തെങ്കിലും കാരണത്താല്‍ എത്താനായില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സംഭവങ്ങള്‍പ്പോലുമുണ്ടായിട്ടുണ്ട്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്|AFP

2020 മാര്‍ച്ചില്‍ ഹിമാചല്‍പ്രദേശില്‍ നടന്ന ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അന്ന് ബ്രിജ്ഭൂഷണ് എത്താന്‍ കഴിഞ്ഞില്ല. ഇതോടെ പ്രത്യേകം ക്യാമറകള്‍ സജ്ജമാക്കി ഡല്‍ഹിയിലിരുന്നുകൊണ്ടാണ് ഇയാള്‍ മത്സരം നിയന്ത്രിച്ചത്. കായിക താരങ്ങള്‍ക്ക് ഭൂഷന്റെ രാഷ്ട്രീയത്തിലും ഗുസ്തിയിലുമുള്ള സ്വാധീനമറിയുന്നത് കൊണ്ടുതന്നെ എന്തുണ്ടായാലും പ്രതികാരിക്കാറില്ല. പക്ഷെ ഇതിന് വിരുദ്ധമായിപ്പോയി ഇപ്പോള്‍ സംഭവിച്ചത്. അപ്പോഴും ഭൂഷണ്‍ ചോദിച്ചത് വിനേഷ് ഫൊഗാട്ടല്ലാതെ മറ്റേതെങ്കിലും താരം തനിക്കെതിരേ ആരോപണമുന്നയിച്ചതായി കാണിച്ചതരാമോയെന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു. മാത്രമല്ല താന്‍ ഏതെങ്കിലും താരത്തെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഭൂഷണ്‍ പറഞ്ഞു. പലപ്പോഴും താരങ്ങള്‍ ബ്രിജ്ഭൂഷന്റ കാല് തൊട്ട് പ്രാര്‍ഥിച്ച ശേഷമാണ് മത്സരത്തിന് പോലുമിറങ്ങാറുള്ളതെന്നാണ് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗോദയില്‍ നിന്ന് ലഭിക്കുന്ന സ്ഥാനമാനങ്ങളേക്കാള്‍ വലുതായി ഒരു രാഷ്ട്രീയ സ്ഥാനത്തേയും കാണാത്ത ബ്രിജ്ഭൂഷണ്‍ ഈ മേഖലയില്‍ തന്റെ പ്രമാണിത്വം ഉറപ്പിക്കാന്‍ എന്ത് കൈവിട്ട കളിക്കും തയ്യാറാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ബ്രിജ്ഭൂഷണ്‍ സിങ്|PTI

  • ദാവൂദിന്റെ സഹായി തീഹാറില്‍ ജയില്‍ വാസം
വിവാദങ്ങള്‍ പുത്തരിയല്ല ഈ ബിജെപി എം.പിക്ക്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 1990-ല്‍ ടാഡ ചുമത്തപ്പെട്ട് നിരവധി മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞ ചരിത്രമുണ്ട് പറയാന്‍. ദാവൂദിന്റെ കൂട്ടാളികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്നതായിരുന്നു കുറ്റം. ഒപ്പം ബാബറി മസ്ജിദ് കേസിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.എൽ.കെ.അദ്വാനി എൻ.എം ജോഷി കല്ല്യാൺ സിങ് എന്നിവരോടൊപ്പം സി.ബി.ഐ കുറ്റപത്രത്തിൽ ഇടംപിടിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾകൂടിയാണ് ബ്രിജ്ഭൂഷൺ. കൊലപാതകം, കൊലപാതക ശ്രമം ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും നിരവധി കേസുകളുണ്ട്. 2004-ല്‍ ഗോണ്ട മണ്ഡലത്തില്‍ മത്സരിക്കാനിരുന്ന ഗാന്‍ഷ്യാം ശുക്ല റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ബ്രിജ്ഭൂഷണ്‍ സിങ് കൊലപാതക ആരോപണത്തില്‍ പെടുന്നത്. ഗോണ്ടയില്‍ നിന്നും മാറി ബ്രിജ്ഭൂഷണെ പാര്‍ട്ടി ബല്‍റാംപുരില്‍ മത്സരിപ്പിക്കാനയച്ച കാലത്തായിരുന്നു ഇത്. ഇത് കൊലപാതകമായിരുന്നുവെന്ന് പിന്നീട് മുന്‍നിര ബിജെപി നേതാവുപോലും പറഞ്ഞിരുന്നു. പക്ഷെ ബ്രിജ്ഭൂഷണ്‍ കൂളായി നടന്നു. പിന്നീട് ഗോണ്ട ജില്ലാ ഗുസ്തി അസോസിയേഷന്റെ പ്രിസഡന്റായി തുടങ്ങി ഒടുവില്‍ ദേശീയ പ്രസിഡന്റ് വരെയായി. 1980 കളില്‍ ബൈക്ക് മോഷണവും പിന്നീട് മദ്യമാഫിയയുടെ ഭാഗമാവുകയും ചെയ്ത ഭൂഷണ് ആ നിലയിലും നിരവധി കേസുകളുണ്ടായിരുന്നു. ഒരുകാലത്ത് തന്റെ സുഹൃത്തായ പണ്ഡിറ്റ് സിങ്ങെന്ന വിനോദ്കുമാറിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ 1993-ല്‍ രജിസ്റ്റര്‍ ചെയ്ത വെടിവെപ്പ് കേസില്‍ ബ്രിജ്ഭൂഷണെ ഗോണ്ട പ്രദേശിക കോടതി തെളിവില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയതും കഴിഞ്ഞ ഡിസംബറിലാണ്. ബ്രിജ്ഭൂഷണ്‍ ഗുണ്ടകളുടെ ഗുണ്ടമാത്രമല്ല, അവരുടെ നേതാവ് കൂടിയാണെന്നാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്. ഇത് ഗുസ്തി മത്സരങ്ങളിലും അസോസിയേഷനുകളിലും തുടരുകയും ചെയ്യുന്നു.

രാം ജന്മഭൂമി സമരനേതാവെന്ന നിലയില്‍ ജയില്‍ ശിക്ഷയനുഭവിച്ചുവെന്നതിന്റെ പേരില്‍ മാത്രം തന്റെ കര്‍മമണ്ഡലത്തില്‍ കാലുറപ്പിച്ച് കഴിഞ്ഞ നേതാവാണ് ബ്രിജ്ഭൂഷണ്‍. ഏത് വേദിയിലും അതിന് സ്വയം പ്രചാരണം കൊടുക്കാനും ഇയാള്‍ മറക്കാറില്ല. തന്റെ സ്വദേശമായ ഗോണ്ടയിലടക്കം ഉത്തര്‍പ്രദേശിലെ ഏറ്റവും കുറഞ്ഞത് ആറ് ജില്ലകളിലെങ്കിലും ഇതുവരെ സ്വന്തം നിലയ്ക്കുള്ള സ്വാധീനമുണ്ടാക്കിയെടുക്കാനും ഈ മാഫിയാ എം.പിക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ മകന്‍ പ്രതീക് ഭൂഷണ്‍, ഭാര്യ കേദകി ദേവി സിങ്ങ് എ്ന്നിവര്‍ക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ കൃത്യമായ സ്ഥാനമുറപ്പിക്കാനും ബ്രിജ്ഭൂഷണ്‍ ശ്രദ്ധിച്ചിരുന്നു

ഗുസ്തി താരങ്ങള്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനൊപ്പം|ANI

  • ബൈക്ക്, സ്‌കൂട്ടര്‍, ക്യാഷ് പ്രൈസ് ഇങ്ങനേയുമൊരു ജന്മദിന ആഘോഷം
എല്ലാവര്‍ഷവും ജനുവരി എട്ടിനാണ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക സമ്മാനമാണ് ശ്രദ്ധേയം. ഗോണ്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രത്യേക പരീക്ഷ നടത്തുകയാണ് ആദ്യം ചെയ്യുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മോട്ടോര്‍ബൈക്ക്, സ്‌കൂട്ടി, പണം ഇവയെല്ലാം സമ്മാനം കൊടുക്കും. വര്‍ഷഷങ്ങളായി ഇങ്ങനെ നടന്നുപോരുന്നു. ഈവര്‍ഷം ലഖ്‌നൗ, അയോധ്യ, ബഹ്‌റൈച്ച്, ശ്രാവസ്ഥി, ബല്‍റാംപുര്‍, ബരാബങ്കി ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. കേന്ദ്ര ധനമന്ത്രി പങ്കജ് ചൗധരിയടക്കമുള്ളവരാണ് ഇത്തവണത്തെ ആഘോഷത്തില്‍ പങ്കെടുത്തത്. എന്‍ജിനിയറിംഗ്, ഫാര്‍മസി, നിയമപഠനം, എന്നിവയുള്ള വിവിധ കോളേജുകളില്‍ സഹായം നല്‍കിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചും ബ്രിജ് ഭൂഷണ്‍ ഇവിടങ്ങളില്‍ തന്റെ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം മുന്നില്‍ നില്‍ക്കുന്നത് ഈ വിദ്യാര്‍ഥികളും സഹായം ലഭിച്ചവരുമാണ്.

പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയെന്ന് ബ്രിജ്ഭൂഷണ്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥികള്‍ നേരാഴ വഴിക്ക് പഠിച്ച് ജയിച്ചല്ല വരുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇവിടങ്ങളില്‍ ക്ലാസുകളില്‍ നടക്കാറില്ലെന്നും പരീക്ഷാസമയത്ത് മാത്രം വിദ്യാര്‍ഥികളെത്തി അവരെ സ്വന്തം നിലയ്ക്ക് ബ്രിജ് ഭൂഷണ്‍ വിജയിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. തന്റെ ഇത്തരം പ്രവര്‍ത്തനത്തിലൂടെ സ്വന്തം സാമ്രാജ്യം തന്നെ ഇയാള്‍ വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഏത് ആരോപണമുണ്ടായാവും വിജയിച്ച് കയറാന്‍ ഇദ്ദേഹത്തിന് കഴിയുമെന്നും സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടത് കൊണ്ടുതന്നെ മത്സരിക്കാന്‍ അവസരം കൊടുക്കുകയല്ലാതെ പാര്‍ട്ടി സ്ഥാനങ്ങളൊന്നും ബിജെപി നല്‍കുന്നില്ല. വിജയിച്ച് കയറുകയെന്നത് ബ്രിജ്ഭൂഷണെ സംബന്ധിച്ച് സ്വന്തം കാര്യം മാത്രമാണ്.

ബ്രിജ്ഭൂഷണ്‍ സിങ്|ANI

  • അച്ഛനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി മകന്റെ ആത്മഹത്യ
ഭാര്യ കേദകി ദേവി സിങ്ങിനും മകന്‍ മകന്‍ പ്രതീക് ഭൂഷണും രാഷ്ട്രീയ ഗോധയില്‍ കാലുറപ്പിക്കാനുള്ള അവസരം ബ്രിജ്ഭൂഷണ്‍ നല്‍കിയിരുന്നുവെങ്കിലും അച്ഛനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു ഇളയ മകന്‍ ശക്തി സിങ്ങ്. ഇത് വലിയ ചര്‍ച്ചയായിരുന്നു. 2004-ലായിരുന്നു മകന്റെ ആത്മഹത്യ.'' നിങ്ങളൊരിക്കലും നല്ലൊരു പിതാവായിരുന്നില്ല. നിങ്ങളൊരിക്കലും നിങ്ങളുടെ കുട്ടികളെ വേണ്ടപോലെ ശ്രദ്ധിച്ചില്ല. നിങ്ങള്‍ക്ക് സ്വന്തം കാര്യമായിരുന്നു എപ്പോഴും വലുത്. ഞങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ്. ഇങ്ങനെ ജീവിച്ചിരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല'' ഇങ്ങനെ ആത്മഹത്യാക്കുറിപ്പെഴുതിക്കൊണ്ടായിരുന്നു ബ്രിജ്ഭൂഷന്റെ തോക്കുപയോഗിച്ച് കിടപ്പറയില്‍ മകന്‍ ശക്തിസിങ്ങ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. പക്ഷേ
ഇതൊന്നും തന്റെ റെസ്‌ലിങ്, രാഷ്ട്രീയ യാത്രയ്ക്ക് ഒരു ഏറ്റക്കുറച്ചിലുമുണ്ടാക്കുകയും ചെയ്തില്ല.

  • പ്രതിരോധിക്കാന്‍ ഫെഡറേഷന്‍
റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും (ഡബ്‌ള്യു.എഫ്.ഐ.) പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെയും പേരിലുയര്‍ന്ന ലൈംഗികാതിക്രമ ആരോപണം താരങ്ങളെത്തന്നെ ഇറക്കി തടയാനൊരുങ്ങുകയാണ് ഫെഡറേഷന്‍. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുത്തവരോടാണ് വീഡിയോ സന്ദേശമിറക്കി പരാതികള്‍ക്കെതിരേ രംഗത്തെത്താന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ അനൗദ്യോഗികമായി ആവശ്യപ്പെട്ടത്. പ്രസിഡന്റിന്റെയും കോച്ചുമാരുടെയും പേരില്‍ കേരളത്തില്‍നിന്നുള്‍പ്പെടെ ലൈംഗികാതിക്രമ പരാതിയുണ്ടെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ താരങ്ങള്‍ക്കും സമ്മര്‍ദമുണ്ട്. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗുസ്തിതാരങ്ങള്‍ തയ്യാറാക്കിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരാതികളെല്ലാം വ്യാജമാണെന്ന് ഈ വീഡിയോകള്‍ പറയുന്നു.

വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

https://mbi.page.link/mbplus

Content Highlights: wrestling vinesh phogat brij bhushan sharan Singh bjp mp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented