സ്ത്രീകള്‍ പ്രതിഷേധിക്കുക തന്നെ വേണം


സ്വന്തം ലേഖിക

ഇറാനിലെ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ നടന്ന പ്രകടനത്തിൽനിന്ന് | ഫോട്ടോ: എ.എഫ്.പി.

ലോകത്ത് എവിടെയാണെങ്കിലും അനീതിക്കെതിരേ ഒരു വാക്കിലൂടെയോ നോക്കിലൂടെയോ പ്രതിഷേധം ഉയരുന്നുണ്ടെങ്കില്‍ അത് പ്രതീക്ഷാജനകമാണ്. ഇനി അത്തരം പ്രതിഷേധങ്ങള്‍ക്ക് മുന്നണിപ്പോരാളികളാകുന്നത് സ്ത്രീകളാണെങ്കില്‍ ആ പ്രതീക്ഷയ്ക്ക് തെളിച്ചം കൂടും. കാരണം, പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി അതിന്റെ അരുതുകളുടെ ചങ്ങലപ്പൂട്ടിടുന്നത് സ്ത്രീകളുടെ കാല്‍പാദങ്ങളിലാണ് എന്നതു തന്നെ. ലോകമെമ്പാടും സ്ത്രീകേന്ദ്രീകൃത പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. ഇതിന്റെ നിലവിലെ ഉദാഹരണമാണ് ഇറാനില്‍നിന്നുള്ളത്. മഹ്‌സ അമിനിയുടെ മരണവും അതേത്തുടര്‍ന്നുള്ള ഹിജാബ് കത്തിക്കല്‍ പ്രതിഷേധവും ആഗോളശ്രദ്ധ നേടുകയാണ്. അവകാശങ്ങള്‍ക്കു വേണ്ടിയും വിവേചനങ്ങള്‍ക്കെതിരേയും നടത്തപ്പെട്ട, നടക്കുന്ന ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പ്രധാനപ്പെട്ട ചില സ്ത്രീമുന്നേറ്റങ്ങള്‍.

  • മഹ്‌സ അമിനിയുടെ മരണവും ഇറാനിലെ ഹിജാബ് കത്തിക്കല്‍ പ്രതിഷേധവും
ഹിജാബ് ധരിച്ചിട്ടും മുടിയിഴകള്‍ പുറത്തുകണ്ടുവെന്ന് ആരോപിച്ചാണ് മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ ഇറാനിലെ ഔദ്യോഗിക സദാചാര പോലീസ് ( ഗഷ്ട് ഇ ഇര്‍ഷാദ് ) അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 13-ന് ടെഹ്‌റാനില്‍ വെച്ചായിരുന്നു സംഭവം. അറസ്റ്റിന് പിന്നാലെ തടവുകേന്ദ്രത്തിലെത്തിച്ച മഹ്‌സ, കുഴഞ്ഞുവീണതിന് പിന്നാലെ കോമയിലായി. തുടര്‍ന്ന് മൂന്നുദിവസത്തിനു ശേഷം ആശുപത്രിയില്‍വെച്ച് മഹ്‌സ മരിച്ചു. അതേസമയം, മഹ്‌സയുടെ തലയില്‍ ബാറ്റണ്‍ കൊണ്ട് അടിച്ചെന്നും വാഹനത്തിന്റെ ചുമരില്‍ തല ഇടിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ സദാചാര പോലീസ് വിഭാഗം തള്ളിക്കളഞ്ഞിട്ടുണ്ട്.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ അവരുടെ ചിത്രവുമായി പ്രതിഷേധിക്കുന്നു. ഫോട്ടോ: എ.എഫ്.പി.

മഹ്‌സയുടെ മരണം ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ഹിജാബുകള്‍ പരസ്യമായി കത്തിച്ചും മുടിമുറിച്ചും ഇറാനിലെ സ്ത്രീകള്‍ തെരുവിലിറങ്ങി. ഇത്തരം പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിന് ചട്ടക്കൂടുകള്‍ രൂപവത്കരിക്കപ്പെട്ടത്. പൊതുവിടങ്ങളില്‍ എല്ലാ സ്ത്രീകളും ശിരോവസ്ത്രവും അയഞ്ഞ കുപ്പായങ്ങളും ധരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഗഷ്ട് ഇ ഇര്‍ഷാദ് അല്ലെങ്കില്‍ ഗൈഡന്‍സ് പട്രോള്‍ എന്നാണ് ഔദ്യോഗിക സദാചാര പോലീസ് അറിയപ്പെടുന്നത്. സ്ത്രീകള്‍ ഒരുപാട് മുടി പുറത്തുകാണിക്കുന്നുണ്ടോ, അയഞ്ഞതല്ലാത്ത വസ്ത്രമാണോ ധരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ സദാചാര പോലീസിന് അധികാരമുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴയ തടവോ ചാട്ടവാര്‍ അടിയോ ലഭിച്ചേക്കാം.

  • മീ ടൂ മൂവ്‌മെന്റ്
ലൈംഗിക ചൂഷണത്തെ അതിജീവിച്ചവര്‍ ഒറ്റയ്ക്കല്ല എന്ന സന്ദേശത്തെ വ്യാപകമാക്കുന്നതില്‍ മീ ടൂ മൂവ്‌മെന്റ് വഹിച്ച പങ്ക് ഏറെ വലുതാണ്. 2017-ലാണ് മീ ടൂ മൂവ്‌മെന്റ് ശക്തിയാര്‍ജിച്ചത്. സ്ത്രീകള്‍, പുരുഷന്മാര്‍, എല്‍.ജി.ബി.ടി.ക്യൂ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ അങ്ങിനെ വിവിധ ലൈംഗികസ്വത്വങ്ങളുള്ളവര്‍ തങ്ങള്‍ നേരിട്ട ജോലിസ്ഥലത്തേത് ഉള്‍പ്പെടെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു തുടങ്ങി. Me Too എന്ന ഹാഷ് ടാഗോടെയാണ് അവര്‍ ദുരനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹോളിവുഡ് താരങ്ങളും അവര്‍ അവര്‍ നേരിട്ട കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള ചൂഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തി. ഇതോടെ മീ ടൂ മൂവ്‌മെന്റിന് കൂടുതല്‍ പ്രചാരമായി. ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വിന്‍സ്റ്റൈനെതിരേ ആഞ്ജലീന ജോളി, റോസ് മക്‌ഗോവ ഉള്‍പ്പെടെ 24-ല്‍ അധികം നടിമാരാണ് മീ ടൂ ഉന്നയിച്ചത്. ബലാത്സംഗവും ലൈംഗിക ആക്രമണവും നേരിട്ടതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. ഇതോടെ മീ ടൂ മൂവ്‌മെന്റ് കൂടുതല്‍ ശക്തിയാര്‍ജിച്ചു. അതേസമയം, നടിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച വിന്‍സ്റ്റൈന്‍, ലൈംഗിക ബന്ധങ്ങള്‍ ഉഭയസമ്മത പ്രകാരമായിരുന്നു എന്നാണ് വാദിച്ചത്.

ലൈംഗിക അതിക്രമ അതിജീവിതയും ന്യൂയോര്‍ക്കില്‍നിന്നുള്ള വനിതാവകാശ പ്രവര്‍ത്തകയുമായ ടരാന ബുര്‍ക്കെയാണ് മീ ടൂ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. 2006-ലാണ് ടരാന ഈ പ്രയോഗം സാമൂഹിക മാധ്യമമായ മൈ സ്‌പേസില്‍ അവതരിപ്പിച്ചത്. ലൈംഗിക ചൂഷണം നേരിട്ട സ്ത്രീകള്‍ ഒറ്റയ്ക്കല്ലെന്നും സമാന അനുഭവം നേരിട്ടവര്‍ വേറെയുമുണ്ടെന്ന് ബോധ്യപ്പെടുത്താനും അതിജീവിതരെ ശാക്തീകരിക്കുക എന്നതുമായിരുന്നു ടരാനയുടെ ലക്ഷ്യം. എന്നാല്‍ മീ ടു എന്ന ഹാഷ് ടാഗിന് പ്രചാരം നല്‍കാനിടയായത് ഹോളിവുഡ് നടി അലൈസ മിലാനോയുടെ ഒരു ട്വീറ്റ് ആയിരുന്നു. നിങ്ങള്‍ ലൈംഗിക അതിക്രമമോ ആക്രമണമോ നേരിട്ടുണ്ടെങ്കില്‍ ഈ ട്വീറ്റിന് മറുപടിയായി മീ ടൂ എന്നെഴുതൂ എന്നായിരുന്നു അലൈസുടെ ട്വീറ്റ്. ഇതിന് പിന്നാലെ ലക്ഷക്കണക്കിന് തവണയാണ് മീ ടു എന്ന ഹാഷ് ടാഗ് സാമൂഹികമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെട്ടത്. 2017-ല്‍ ടരാന ടൈംസ് മാസികയുടെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ നടിയും മിസ് ഇന്ത്യ മുന്‍കിരീട ജേതാവുമായിരുന്ന തനുശ്രീ ദത്തയായിരുന്നു മീ ടൂ മൂവ്‌മെന്റിന്റെ മുഖ്യവക്താവായി വര്‍ത്തിച്ചത്.

തനുശ്രീ ദത്ത| ഫോട്ടോ: എ.എഫ്.പി.

  • ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരേ അമേരിക്കയില്‍ നടന്ന പ്രതിഷേധം
സ്ത്രീയുടെ ശരീരത്തിനു മേല്‍ ആര്‍ക്കാണ് അവകാശം? ആരാണ് അത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്? ഇത്തരം ശക്തമായ ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചു കൊണ്ടുള്ളതായിരുന്നു, അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര അവകാശവുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധം. പ്രശസ്തമായ റോ വേഴ്‌സസ് വേഡ് കേസ് പരിഗണിക്കവേ, അമേരിക്കന്‍ ഭരണഘടന ഗര്‍ഭച്ഛിദ്രത്തിന് അവകാശം നല്‍കുന്നുവെന്ന് യു.എസ്. സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു. 1973-ല്‍ ആയിരുന്നു ചരിത്രപരമായ ഈ വിധി പ്രസ്താവിക്കപ്പെട്ടത്. എന്നാല്‍ ഈ വിധി, 2022 ജൂണ്‍ 24-ന് ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ വിമന്‍സ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ കേസ് പരിഗണിക്കവേ യു.എസ്. കോടതി റദ്ദാക്കി. ഇതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

ഗര്‍ഭച്ഛിദ്ര അവകാശത്തെ അനുകൂലിക്കുന്നവര്‍ നടത്തിയ പ്രതിഷേധത്തില്‍നിന്ന്| ഫോട്ടോ: എ.എഫ്.പി.

1969-ല്‍ മൂന്നാംവട്ടം ഗര്‍ഭിണിയായപ്പോള്‍, ആ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശത്തിനു വേണ്ടി നോര്‍മ മക് കോര്‍വേ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം നല്‍കുന്ന വിധി യു.എസ്. കോടതി പുറപ്പെടുവിക്കുന്നത്. ടെക്‌സാസ് സ്വദേശിനിയായിരുന്ന നോര്‍മ, അന്ന് ജെയിന്‍ റോ എന്ന പേരിലായിരുന്നു കോടതിയെ സമീപിച്ചത്. എതിര്‍ഭാഗത്തുണ്ടായിരുന്നത് പ്രാദേശിക ജില്ലാ അറ്റോര്‍ണിയായിരുന്ന ഹെന്‍ട്രി വേഡ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് റോ വേഴ്‌സസ് വേഡ് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സുപ്രീം കോടതിയില്‍നിന്ന് കേസിന്റെ വിധി വരുന്നതിന് മുന്‍പേ നോര്‍മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. 2022-ലെ വിധിക്കു പിന്നാലെ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങി. മൈ ബോഡി മൈ ചോയ്‌സ് (എന്റെ ശരീരം എന്റെ അവകാശം), നോ യൂട്രസ് നോ ഒപ്പീനീയന്‍ (ഗര്‍ഭപാത്രമില്ലാത്തവര്‍ അഭിപ്രായം പറയേണ്ട) തുടങ്ങിയവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍.

  • പെമ്പിളൈ ഒരുമൈ
കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത തൊഴിലാളിസ്ത്രീസമരമായിരുന്നു ഇടുക്കി ജില്ലയിലെ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ 2015 സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ചത്. ശമ്പളവും ബോണസ് വര്‍ധനയുമായിരുന്നു അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയോ തൊഴിലാളി സംഘടനകളുടെയോ പിന്തുണയില്ലാതെ, തോട്ടംതൊഴിലാളിസ്ത്രീകള്‍ സമരം ചെയ്തു. കണ്ണന്‍ ദേവന്‍ കമ്പനിയിലെ പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളായിരുന്നു സമരത്തില്‍ പങ്കെടുത്തത്. ശമ്പളവും ബോണസും വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറായതോടെയാണ് സമരം അവസാനിച്ചത്.

സ്ത്രീകളുടെ കൂട്ടായ്മ അഥവാ പെമ്പിളൈ ഒരുമൈ എന്നായിരുന്നു സമരം അറിയപ്പെട്ടത്. ഐതിഹാസികസമരത്തിന്റെ വിജയത്തിന് പിന്നാലെ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പ്രധാന സമരനേതാക്കളായിരുന്ന ലിസി സണ്ണിയായിരുന്നു പ്രസിഡന്റ്. രാജേശ്വരി സെക്രട്ടറിയും. ശേഷം, 2016-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്തറിയിക്കാന്‍ പെമ്പിളൈ ഒരുമൈയ്ക്ക് സാധിച്ചു. എന്നാല്‍, പിന്നീട് പെമ്പിളൈ ഒരുമൈയില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അത് സംഘടന ചിന്നിച്ചിതറുന്നതിലേക്കും നയിച്ചു. എന്നിരുന്നാലും സംഘടനകളുടെയോ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ, സമരം ചെയ്ത് അവകാശം നേടിയെടുത്ത ഒരുകൂട്ടം സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെ സൂചകം എന്ന നിലയില്‍ പെമ്പിളൈ ഒരുമൈയും അവരുടെ സമരവും കേരളത്തിന്റെ തൊഴില്‍സമര ചരിത്രത്തില്‍ വേറിട്ടുതന്നെ നില്‍ക്കും.

പൊമ്പിളൈ ഒരുമൈയുടെ വിജയാഘോഷത്തില്‍നിന്ന്| ഫോട്ടോ: മാതൃഭൂമി

  • സ്ലട്ട് വാക്ക്
റേപ്പ് കള്‍ച്ചറിനെതിരേ ആഗോളതലത്തില്‍ അരങ്ങേറിയ പ്രതിഷേധമായിരുന്നു സ്ലട്ട് വാക്ക്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലൈംഗിക ആക്രമണത്തിന്റെ ഇരകളെ അധിക്ഷേപിക്കുന്ന രീതി മാറിയേ തീരൂ എന്നതായിരുന്നു സ്ലട്ട് വാക്കിന്റെ ലക്ഷ്യം. 2011-ല്‍ കാനഡയിലെ ടൊറന്റോയില്‍ മൈക്കിള്‍ സാന്‍ഗുനൈറ്റി എന്നൊരു പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് ഈ മുന്നേറ്റത്തിന് വഴിമരുന്നിട്ടത്. ലൈംഗിക അതിക്രമം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് സ്ത്രീകള്‍ അഭിസാരികമാരെ പോലെ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യോര്‍ക്ക് സര്‍വകലാശാലയിലെ ഓസ്ഗുഡ് ഹാള്‍ ലോ സ്‌കൂളില്‍, കാമ്പസുകളിലെ ബലാത്സംഗത്തിനെതിരേയുള്ള പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് അവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് കാരണമെന്ന വിധത്തിലുള്ള പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. കാനഡയ്ക്ക് പിന്നാലെ അമേരിക്ക, ഓസ്ട്രേലിയ, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യു.കെ, ബ്രസീല്‍, സിംഗപ്പുര്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും പ്രാദേശികഭാഷയിലുള്ള പേരുകള്‍ സ്വീകരിച്ച് പ്രതിഷേധങ്ങള്‍ നടന്നു.

  • മിസ് അമേരിക്ക പ്രൊട്ടസ്റ്റ്
മിസ് അമേരിക്ക സൗന്ദര്യമത്സരത്തിനെതിരേ 1968 സെപ്റ്റംബര്‍ ഏഴിന് ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് ഈ പ്രതിഷേധം നടന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഒരുകൂട്ടം സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. എല്ലാ സ്ത്രീകളും സുന്ദരിമാരാണ്, നിങ്ങള്‍ക്ക് മാംസമാണ് ആവശ്യമെങ്കില്‍ കശാപ്പുകാരന്റെ അടുത്തേക്കു പോകൂ... തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ പ്രതിഷേധിച്ചത്. സെക്‌സിസത്തെ പ്രോത്സാഹിപ്പിക്കുന്ന സൗന്ദര്യമത്സരങ്ങള്‍ക്കെതിരേയുള്ള അമര്‍ഷമായിരുന്നു ആ ബാനറുകളിലൂടെയും പ്ലക്കാര്‍ഡുകളിലൂടെ അവര്‍ പ്രകടിപ്പിച്ചത്. ന്യൂയോര്‍ക്ക് റാഡിക്കല്‍ വുമന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഓരോകൊല്ലവും നടത്തിവരുന്ന സൗന്ദര്യമത്സരം അവസാനിപ്പിക്കണം എന്നത് മാത്രമായിരുന്നില്ല പ്രതിഷേധക്കാരുടെ ആവശ്യം. മത്സരത്തിന്റെ വാണിജ്യവത്കരണം, വിയറ്റ്‌നാം യുദ്ധമുഖത്തെ സൈനികരെ സന്തോഷിപ്പിക്കാന്‍ മത്സരവിജയികളെ അവിടേക്ക് അയക്കുന്നത് തുടങ്ങിയവയെയും പ്രതിഷേധക്കാര്‍ എതിര്‍ത്തിരുന്നു. അന്നേവരെ ഒരു കറുത്തവര്‍ഗക്കാരി കിരീടം ചൂടാത്തതിനാല്‍ സൗന്ദര്യമത്സരത്തില്‍ വര്‍ണവിവേചനം ഉണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. മേക്ക് അപ്പ് വസ്തുക്കള്‍, ഹെയര്‍ സ്‌പ്രേ തുടങ്ങിയ സ്ത്രീസൗന്ദര്യവര്‍ധക വസ്തുക്കള്‍ ഫ്രീഡം ട്രാഷ് കാന്‍ എന്നെഴുതിയ വലിയ പാത്രങ്ങളിലൊന്ന് നിക്ഷേപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടരണം പ്രതിഷേധങ്ങള്‍

ഇവ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളില്‍ കാലങ്ങള്‍ മുന്‍പും ഇപ്പോഴും സ്ത്രീ കേന്ദ്രീകൃത മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. 1789-ല്‍ ഫ്രാന്‍സിലെ വെര്‍സേയില്‍ നടന്ന വനിതാ മാര്‍ച്ച് മുതല്‍ നിര്‍ഭയ്ക്കു വേണ്ടി ന്യൂഡല്‍ഹിയില്‍ കത്തിത്തീര്‍ന്ന മെഴുകുതിരികള്‍ വരെ അവയില്‍ ഉള്‍പ്പെടുന്നു. ചൂഷണരഹിതമായ വ്യവസ്ഥിതി സ്വപ്നം കാണുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഈ പ്രതിഷേധങ്ങളുടെ പതാകവാഹകര്‍. സ്ത്രീകള്‍ മാത്രമല്ല, വിവേചനങ്ങള്‍ക്കിരയാകുന്ന മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളും അവകാശങ്ങള്‍ക്കും മാനുഷികപരിഗണനയ്ക്കും വേണ്ടിയുള്ള പോരാട്ടം നടത്തുന്നുണ്ട്. അവയില്‍ അണിചേരുന്ന പുരുഷന്മാരുമുണ്ട്. ഈ പോരാട്ടങ്ങളെല്ലാം ലക്ഷ്യംവെക്കുന്നത് കുറച്ചുകൂടി മെച്ചപ്പെട്ടതും ഏവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പാകത്തിനുള്ള ലോകത്തിന് വേണ്ടിയാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നിടം വരെ പോരാട്ടങ്ങളും പ്രതിഷേധങ്ങളും തുടരട്ടേ...

Content Highlights: women protest around the world


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented