മുര്‍മു വരുമ്പോള്‍ വഴിമാറുന്ന ചരിത്രം, അതിലൂടെ മുന്നേ നടന്നു തെളിഞ്ഞവര്‍


ശ്രുതി ലാല്‍ മാതോത്ത്ദ്രൗപദി മുർമു | Photo: PTI

സ്വാതന്ത്ര്യസമര കാലം മുതല്‍ സ്ത്രീകളുടെ നിര്‍ണായക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യന്‍ രാഷ്ട്രീയം. 1946ല്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിച്ചപ്പോള്‍ അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ബീഗം റസൂല്‍, ദുര്‍ഗാഭായ് ദേശ്മുഖ്, ഹന്‍സ മേത്ത, കമല ചൗധരി, ലീലാ റോയ്, മാലതി ചൗധരി, പൂര്‍ണിമ ബാനര്‍ജി, രാജ്കുമാരി അമൃത് കൗര്‍, രേണുക നായിഡു, ലക്ഷ്മി പണ്ഡിറ്റ്, ആനി മസ്‌ക്രീന്‍ എന്നിങ്ങനെ 15 വനിതാ അംഗങ്ങളുണ്ടായി. അതില്‍ രാജ്കുമാരി അമൃത് കൗര്‍ (1947ലും 51ലും) ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലെ പുത്രികാ രാജ്യത്ത് പ്രഥമ ആരോഗ്യമന്ത്രിയായി. പിന്നാലെ 1952ല്‍ മരതകം ചന്ദ്രശേഖര്‍ ആരോഗ്യ സഹമന്ത്രി സ്ഥാനം വഹിച്ചു. 1962-67ലെ കേന്ദ്ര മന്ത്രിസഭയില്‍ ആഭ്യന്തര, സാമൂഹിക ക്ഷേമ സഹമന്ത്രിയായും മരതകം ചന്ദ്രശേഖര്‍ സാന്നിധ്യമറിയിച്ചു. 1966ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധിയും ലക്ഷ്മി എന്‍ മേനോനും വനിതാ പ്രതിനിധികളായുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെ രാജ്യത്ത് ഇതിനകം 14 പ്രധാനമന്ത്രിമാരുണ്ടായി. ഇവരില്‍ നെഹ്റു കുടുംബ പാരമ്പര്യത്തിന്റെ ബലത്തില്‍ ഇന്ദിരാഗാന്ധി വന്നതൊഴിച്ചാല്‍ മറ്റൊരു വനിതയും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ല. 14 രാഷ്ട്രപതിമാരില്‍ പ്രതിഭാ പാട്ടീല്‍ എന്ന ഏക വനിതയിലൊതുങ്ങി വനിതാ പ്രാതിനിധ്യം. എങ്കിലും ഭാവി തലമുറയ്ക്ക് വഴികാട്ടികളായി, കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ച വനിതകളുണ്ടായി. അവരുടെ രാഷ്ട്രീയ സവിശേഷതകളും പദ്ധതികളും പലപ്പോഴും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയെങ്കിലും ആ സംഭാവനകള്‍ അവഗണിക്കാവുന്നതായിരുന്നില്ല. വിവിധ പദവികള്‍ അലങ്കരിക്കാനും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കാനും സാധിച്ച രാജ്യത്തെ വനിതകളെ അറിയാം.

പ്രതിഭാ പാട്ടീല്‍

രാജ്യത്തെ പ്രഥമ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. 1962ല്‍ ഇരുപത്തിയേഴാം വയസ്സിലായിരുന്നു പ്രതിഭ പാട്ടില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതേവര്‍ഷം പ്രതിഭ ജല്‍ഗാവോണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എദ്ലാബാദില്‍ നിന്ന് നാലുതവണ തുടര്‍ച്ചയായി സഭയിലെത്തി. വസന്ത്ദാദാ പാട്ടില്‍, ബാബാസാഹിബ് ഭോസ്ലെ, എസ് ബി ചവാന്‍, ശരദ് പവാര്‍ എന്നിവരുടെ മന്ത്രിസഭകളില്‍ പ്രതിഭ മന്ത്രി പദം വഹിച്ചു. 2007 ജൂലൈ 25 നാണ് ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അഭിഭാഷക കൂടിയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 1985ല്‍ രാജ്യസഭയിലെക്കും 1991ലെ പൊതുതിരഞ്ഞെടുപ്പില്‍ അമരാവതി മണ്ഡലത്തില്‍ നിന്ന ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു. 1967ല്‍ രണ്ടാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വസന്ത്‌റാവു നായിക്കിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ സഹമന്ത്രിയായി. 1972-1978 കാലയളവില്‍ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിര്‍മാണം വകുപ്പുകളില്‍ കാബിനറ്റ് മന്ത്രിയായി. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാധ്യക്ഷയായിരുന്നു.

ഇന്ദിരാഗാന്ധി

ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. പിതാവായ ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്‌റു കുടുംബത്തില്‍ നിന്ന് വന്ന അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷയായിരിക്കെയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1964ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.1955ല്‍ ഇന്ദിര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായി. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പും കൈകാര്യം ചെയ്തു. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിയുടെ പിന്നാലെ 31ന് ഒക്ടോബര്‍ 1984ന് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ദാരുണാന്ത്യം.

നിര്‍മ്മല സീതാരാമന്‍

കേന്ദ്ര ധനമന്ത്രിയാണ്. നേരത്തെ പ്രതിരോധവകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്കുശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ്. മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിയ്ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച വനിത, നിര്‍മ്മല സീതാരാമന് വിശേഷണങ്ങള്‍ നിരവധിയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തില്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിര്‍മ്മല സീതാരാമന്‍. ഒന്നാം മോദി മന്ത്രിസഭയില്‍ 2017 സെപ്തംബറിലണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായിരുന്നത്. 2014 മേയ് 26ന് മോദി മന്ത്രിസഭയില്‍ അംഗമായ നിര്‍മ്മല സീതാരാമന്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു. 1959 ആഗസ്ത് 18 ന് തമിഴ്നാട്ടിലെ മധുരയിലാണ് നിര്‍മ്മല സീതാരാമന്‍ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി.വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2006ല്‍ ആണ് ബി.ജെ.പിയില്‍ ചേരുന്നതും പാര്‍ട്ടിയുടെ ദേശീയ വക്താവായി മാറിയതും. 2016 മുതല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്‌ക്കൂളിലെ ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

സുഷമ സ്വരാജ്

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ബി.ജെ.പി നേതാവ് കൂടിയായ സുഷമ സ്വരാജ്. ഒപ്പം ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ വിദേശകാര്യമന്ത്രിയും. ആദ്യമായി വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല വഹിച്ചത് ഇന്ദിരാഗാന്ധിയാണ്. 1977ല്‍ ഹരിയാനയില്‍ മന്ത്രിയാകുമ്പോള്‍ 25 വയസായിരുന്നു അവര്‍ക്ക്. പില്‍ക്കാലത്ത് 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്നു വരെ നീളുന്ന 51 ദിവസം ഡല്‍ഹിയായി. ബി.ജെ.പിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന വിശേഷണവുമുണ്ട്. ഏഴുതവണ ലോക്‌സഭ എംപിയായും അഞ്ച് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചു. 1991ല്‍ രാജ്യസഭാംഗമായി. 1996ല്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലെ പതിമൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആദ്യ വാജ്‌പേയി സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. പിന്നീട് 1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും മന്ത്രിയായി. 1999ല്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി. 2000ലും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പാണ് കൈകാര്യം ചെയ്തത്. 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചു.

മീരാകുമാര്‍

ലോക്‌സഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാണ് മീരാകുമാര്‍. ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വനിതയും. 2009 മുതല്‍ 2014 വരെയാണ് സ്ഥാനത്തിരുന്നത്. 1985ല്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയാവുന്നത്. ബിജ്‌നോറില്‍ പാസ്വാനെയും മായാവതിയെയും തോല്‍പിച്ചു. ബിജ്‌നോറിനു ശേഷം ഡല്‍ഹിയിലെ കരോള്‍ ബാഗ്, ബിഹാറില്‍ സസ്‌റാം മണ്ഡലം എന്നിവിടങ്ങളില്‍ നിന്നു മത്സരിച്ചു ജയിച്ച മീരാ കുമാര്‍ അഞ്ചുതവണ എംപിയായി. 1990ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായി. 2004ല്‍ ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സാമൂഹികനീതി, ശാക്തീകരണ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയായ മീരാ കുമാര്‍ സുപ്രധാനമായ പല നിയമനിര്‍മാണങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. അസംഘടിത തൊഴിലാളികള്‍ക്കു സാമൂഹികനീതിയും സംരക്ഷണവും ഉറപ്പുവരുത്തുന്ന ബില്ലാണ് അതിലൊന്ന്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന പ്രായം 18 ആയിരുന്നത് 14 ആക്കി കുറച്ചതു മീരാ കുമാറാണ്. 2009ല്‍ കേന്ദ്ര ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ലോക്‌സഭാ സ്പീക്കറാകാന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ബിഹാറിലെ പട്‌നയില്‍ ജനിച്ച മീരാ കുമാര്‍, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു പ്രതിരോധവും റെയില്‍വേയുമടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ജഗ്ജീവന്‍ റാമിന്റെ മകളാണ്. അമ്മ സ്വാതന്ത്ര്യസമരസേനാനി ഇന്ദ്രാണി ദേവിയാണ്. 1973ല്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നു. മാഡ്രിഡിലും (1976-77), ലണ്ടനിലും (1977-79) ജോലിനോക്കിയ ശേഷം 1980 മുതല്‍ 1985 വരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു.

ഡോ. നജ്മ.എ. ഹെപ്തുള്ള

16 വര്‍ഷക്കാലം രാജ്യസഭാ ഉപാധ്യക്ഷയായിരുന്നു. പദവിയിലിരുന്ന അവര്‍ മണിപ്പൂര്‍ സംസ്ഥാന ഗവര്‍ണറായും കേന്ദ്രന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷയുമായിരുന്നു.

രാജ്കുമാരി അമൃത് കൗര്‍

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിലെ ഏക വനിതയും പ്രഥമ ആരോഗ്യമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ ഭരണം നിയന്ത്രിച്ച ആദ്യ ഏഷ്യന്‍ വനിതയുമാണ് രാജ്കുമാരി അമൃത് കൗര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഇന്ത്യയിലെ ആദ്യ സംഘടനയായ ഓള്‍ ഇന്ത്യ വിമണ്‍സ് കോണ്‍ഫറന്‍സി (1926ല്‍)ന് രൂപം നല്‍കിയതും കൗറാണ്. ബാലവിവാഹം, ദേവദാസി സമ്പ്രദായം തുടങ്ങിയവയ്ക്കെതിരെയാണ് സംഘടന പ്രവര്‍ത്തിച്ചത്. ഇവരുടെ പ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 14ല്‍ നിന്നും 18 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. കപുര്‍ത്തല രാജകുടുംബത്തില്‍ രാജാ ഹര്‍നം സിങ്ങിന്റെ മകളായി 1889 ഫെബ്രുവരി 2ന് ജനിച്ചു. ലണ്ടനില്‍ പഠിച്ച കൗര്‍, 1918ലാണ് മഹാത്മാ ഗാന്ധിയെയും ഗോപാല്‍ കൃഷ്ണ ഗോഖലെയെയും കണ്ടുമുട്ടുന്നത്. ആ കൂടികാഴ്ച ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും പങ്കാളിയാക്കി. പിന്നാക്കക്കാരെ സേവിക്കുന്നതിനായി ഇന്ത്യന്‍ സമൂഹത്തിന്റെ സേവകര്‍ എന്ന പ്രസ്ഥാനവും അവര്‍ രൂപീകരിച്ചിരുന്നു. ഓള്‍ ഇന്ത്യ വിമണ്‍സ് എജ്യുക്കേഷന്‍ ഫണ്ട് അസോസിയേഷന്റെ ചെയര്‍മാനായിരുന്ന കൗര്‍, 1945ല്‍ ലണ്ടനിലെ യുണെസ്‌കോ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. യുണൈറ്റഡ് പ്രൊവിന്‍സില്‍ നിന്ന് ഭരണഘടനാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമൃത് കൗര്‍, ഏക സിവില്‍ കോഡ് വേണമെന്ന് ആവശ്യപ്പെട്ട ചുരുക്കം വനിതാ അംഗങ്ങളില്‍ ഒരാളായിരുന്നു. ആരോഗ്യമന്ത്രി പദവിയില്‍ എയിംസ്, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍, സെന്‍ട്രല്‍ ലെപ്രസി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, രാജ്കുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്സിങ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി.

വിജയലക്ഷ്മി പണ്ഡിറ്റ്

സ്വാതന്ത്യത്തിന് മുന്‍പ് രാജ്യത്ത് മന്ത്രിസഭാ പദവി വഹിച്ച ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിജയ ലക്ഷ്മി പണ്ഡിറ്റ്. യു.എന്‍ പൊതുസഭയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന നിലയിലും അറിയപ്പെടുന്നു. യു.പി അസംബ്‌ളിയിലേക്കു 1937ലും 1946ലും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പ്രാവശ്യവും സ്വയംഭരണം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ പ്രവര്‍ത്തിച്ചു. നാല്‍പതുകളുടെ അവസാനത്തില്‍ റഷ്യയിലെ ഇന്ത്യയുടെ അംബാസഡറും പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു.

താരകേശ്വരി സിന്‍ഹ

കേന്ദ്രമന്ത്രിസഭയിലെ ആദ്യ ഡെപ്യൂട്ടി ധനകാര്യ മന്ത്രി താരകേശ്വരി സിന്‍ഹ. 1958-64ല്‍ പദവിയിലിരുന്നു. 1952ല്‍ പാട്‌ന ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും ആദ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957, 1962, 1967 വര്‍ഷങ്ങളില്‍ ബാര്‍ഹ് നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയിലും ടോക്യോയിലേയ്ക്കും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുകയും ചെയ്തിട്ടുണ്ട്.

ഷാനോ ദേവി

സംസ്ഥാന നിയമസഭയില്‍ സ്പീക്കര്‍ പദവിയിലിരുന്ന ആദ്യ വനിതയാണ് ഷാനോ ദേവി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അവര്‍ 1966 ഡിസംബര്‍ 6 മുതല്‍ 1967 മാര്‍ച്ച് 17 വരെയാണ് ഹരിയാന സ്പീക്കര്‍ പദവിയില്‍ പ്രവര്‍ത്തിച്ചത്. 1962 മാര്‍ച്ച് 19 മുതല്‍ 1966 ഒക്ടോബര്‍ 31 വരെ പഞ്ചാബ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു.

സരോജിനി നായിഡു

ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റുമായിരുന്നു സരോജിനി നായിഡു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതോടുകൂടി ഉത്തര്‍ പ്രദേശിലെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഹോം റൂള്‍ ലീഗിന്റെ ഇന്ത്യന്‍ അംബാസഡറായി ഇംഗ്ലണ്ടിലേക്കയച്ച വനിതയും സരോജിനി നായിഡുവാണ്. 1925ല്‍ കാണ്‍പൂര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. 1942ല്‍ ഗാന്ധിജിയുമായി ചേര്‍ന്ന് ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1879 ഫെബ്രുവരി 13ന് ആന്ധ്രയിലെ ഹൈദരാബാദിലായിരുന്നു ജനനം. കിഴക്കന്‍ ബംഗാളിലെ സംസ്‌കൃത പഠനത്തിനും യോഗവിദ്യയിലും പ്രസിദ്ധമായ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കണ്ണിയായിരുന്നു സരോജിനി. അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ അവര്‍ പ്രണയിച്ച് വിവാഹം ചെയ്തത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഭാരതകോകിലം, ഇന്ത്യയുടെ വാനമ്പാടി എന്നീ പേരുകളിലും സരോജിനി നായിഡു അറിയപ്പെടുന്നു. രാജ്യസ്‌നേഹത്തിനും കലാവാസനയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കിയ ഈ ധീരവനിത 1949 മാര്‍ച്ച് രണ്ടിന് അന്തരിച്ചു. ആജീവനനാന്ത സംഭാവനകളും സ്ത്രീ വിമോചനത്തിനായുള്ള സംഭാവനകളും പരിഗണിച്ച്, സരോജിനി നായിഡുവിന്റെ ജന്മദിനം ഇന്ത്യയില്‍ ദേശീയ വനിത ദിനമായി ആചരിക്കുന്നു

വയലറ്റ് ആല്‍വ

രാജ്യസഭ ഉപാധ്യക്ഷ പദവിയിലെത്തിയ ആദ്യ വനിതയാണ് വയലറ്റ് ആല്‍വ. ഇന്ത്യയിലെ ഹൈക്കോടതിയില്‍ ആദ്യമായി വാദിച്ച വനിത കൂടിയാണ്. 1952ല്‍ വയലറ്റ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1957ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം, വയലറ്റ് ജവഹര്‍ലാല്‍ നെഹ്രു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി ചുമതലേയറ്റു. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് നിരവധി തവണ തടവറകള്‍ക്കുള്ളിലായിട്ടുണ്ട്. 1962ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. 1969 നവംബര്‍ 20ന് മസ്തിഷ്‌കാഘാതം മൂലം അന്തരിച്ചു. വയലറ്റ് ആല്‍വയുടെ മകന്‍ നിരഞ്ജന്റെ ഭാര്യയാണ് ഇക്കുറി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥയായി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ.

ജസ്റ്റിസ് അന്ന ചാണ്ടി

ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ് ജസ്റ്റിസ് അന്ന ചാണ്ടി. 1937ല്‍ ജഡ്ജായി ജില്ലാകോടതിയില്‍ അധികാരമേറ്റ അവര്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയെന്ന ഖ്യാതിയ്ക്കും ഉടമയാണ്. കേരളത്തില്‍ നിയമബിരുദം നേടിയ ആദ്യ വനിതയുമാണ്. ബാരിസ്റ്ററായിരുന്ന കാലത്ത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. 1931ല്‍ ശ്രീമൂലം പ്രജാ സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചു. 1932ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് ശ്രീമതി എന്ന പേരില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവര്‍ പുറത്തിറക്കിയിരുന്നു. 1943ല്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയായും സ്ഥാനമേറ്റു. 1948ല്‍ ജില്ലാജഡ്ജിയായി. അന്നത്തെ ദിവാനായിരുന്ന സര്‍. സി.പി. രാമസ്വാമിഅയ്യര്‍ ആണ് അന്നയെ നിയമിച്ചത്. 1959 ഫെബ്രുവരി 9ന് ഹൈക്കോടതിയിലെ ജഡ്ജി ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1967 ഏപ്രില്‍ 5ന് വിരമിച്ചു.

സുചേത കൃപലാനി

ഇന്ത്യന്‍ സംസ്ഥാന ഭരണരംഗത്ത് അധികാരത്തിലെത്തിയ ആദ്യവനിതയാണ് സുചേത കൃപലാനി. ഉത്തര്‍പ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ അവര്‍ 1963 മുതല്‍ 67 വരെ അധികാരത്തിലിരുന്നു. 1962ലാണ് സുചേത കൃപലാനി കാണ്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നു ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സഭയില്‍ തൊഴില്‍, കമ്മ്യൂണിറ്റി വികസനം, വ്യവസായം വകുപ്പുകളുടെ മന്ത്രിയായി. ഇതേസമയത്ത് തന്നെ കമലാപതി ത്രിപാഠിയും അന്നത്തെ മുഖ്യമന്ത്രി സിബി ഗുപ്തയും തമ്മില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തു. ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഗുപ്ത പരാജയപ്പെട്ടതിനാല്‍ ഡല്‍ഹി വിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി സുചേതേയാട് ആവശ്യപ്പെടുകയായിരുന്നു. 1908 ജൂണ്‍ 25ന് ഒരു ബംഗാളി കുടുംബത്തിലാണ് സുചേതയുടെ ജനനം. സോഷ്യലിസ്റ്റു നേതാവായിരുന്ന ആചാര്യ ജെ.ബി. കൃപലാനിയെ വിവാഹം കഴിച്ച സുചേത, പിന്നാലെ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ വകുപ്പിന്റെ ആദ്യനേതാവ് എന്ന ബഹുമതിയും അവര്‍ക്കാണ്. 1949ല്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രതിനിധിയായി സുചേതയെ തിരഞ്ഞെടുത്തു.1952ല്‍, ആചാര്യ കൃപലാനി പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആ വര്‍ഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട് ചെറുകിട വ്യവസായ സഹമന്ത്രിയായി. അഞ്ചു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ അതേ മണ്ഡലത്തില്‍നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതിശയകരമായ പ്രഭാഷണവൈദഗ്ധ്യമുള്ള അവര്‍ വിശിഷ്ട പാര്‍ലമെന്റേറിയന്‍ എന്ന പദവിക്കും അര്‍ഹയായി. 1971ല്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു.1974 ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.

മമത ബാനര്‍ജി

നിലവില്‍ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്. 15ാം വയസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് ബംഗാളിന്റെ മുഖ്യമന്ത്രി കസേര വരെ എത്തിയ മമത 1955ലാണ് ജനിച്ചത്. കാലിഘട്ട് പാലത്തിനു സമീപമുള്ള ഹാരിഷ് ചാറ്റര്‍ജി തെരുവിലായിരുന്നു ആറു സഹോദരന്‍മാരൊത്തുള്ള മമതയുടെ കുട്ടിക്കാലം. പതിനാലാം വയസില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്ന മമത ദുരിതകടലുകള്‍ നീന്തികടന്ന് ഭരണസിരാ കേന്ദ്രത്തിലെത്തിയ വ്യക്തിയാണ്. മുഖ്യമന്ത്രിയായ ശേഷവും താന്‍ വളര്‍ന്ന ഹുഗ്ലീ നദീതീരത്തെ രണ്ടുമുറി വീട്ടിലാണവര്‍ കഴിയുന്നത്. ചരിത്രത്തില്‍ ബിരുദം നേടി ശേഷം, സജീവ രാഷ്ട്രീയം തുടങ്ങിയ മമത, കോണ്‍ഗ്രസ് യുവജന സംഘടനയുടെ പ്രവര്‍ത്തകയായി. ഇന്നത്തെ അതേ ഗാംഭീര്യത്തോടെ 1977ല്‍ കൊല്‍ക്കത്തയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് 'ലോക്‌നായക്' ജയപ്രകാശ് നാരായണനെ തടഞ്ഞു. 1972ലാണ് മമത ബാനര്‍ജി കല്‍ക്കട്ടയിലെ കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റിയിലെത്തുന്നത്. 1984ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ ഇടതുതരംഗത്തിലും സോമനാഥ് ചാറ്റര്‍ജി എന്ന പ്രമുഖ നേതാവിനെ പരാജയപ്പെടുത്തി പിടിച്ചുനിന്നു അവര്‍. 1997ല്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. 2006ല്‍ മമത ബംഗാളിന്റെ മണ്ണില്‍ തന്റെ വേരുകള്‍ ഉറപ്പിച്ചു. 2011 മെയ് 20 മുതല്‍ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി ആണ്.

ജയലളിത

ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത. 1991 ജൂണ്‍ 24 മുതല്‍ 1996 മെയ് 12 വരെയും പിന്നീട്, 2001 മെയ് 14 മുതല്‍ 2001 സെപ്റ്റംബര്‍ 21 വരെയും 2015 മെയ് 23 മുതല്‍ 2016 ഡിസംബര്‍ അഞ്ചു വരെയുമായി മുഖ്യമന്ത്രി പദത്തില്‍ ഇരുന്നു. 1982ല്‍ ജയലളിത അണ്ണാ ഡി.എം.കെയില്‍ അംഗമായി. 1984 മുതല്‍ 1989 വരെ രാജ്യസഭയിലെത്തി. പിന്നീട് എംജിആറിന്റെ മരണശേഷം പാര്‍ട്ടി രണ്ടുപക്ഷമായി പിളര്‍ന്നപ്പോള്‍ കരുത്തോടെ പിടിച്ച് നിന്നു. 1989 മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവായ ജയലളിതക്ക് കരുണാനിധി മുഖ്യമന്ത്രിയായ നിയമസഭയില്‍ വച്ച് വസ്ത്രംപോലും നഷ്ടപ്പെടുമെന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധി വധത്തിനുശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ അണ്ണാ.ഡി.എം.കെ സഖ്യം 234 സീറ്റില്‍ 225ഉം നേടിയപ്പോള്‍ മുഖ്യമന്ത്രി കസേരയിലെത്തി. ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതല്‍ക്കൂട്ടായി എന്നു പറയാം. ജയലളിതയുടെ ജീവിതത്തിന്റെ ഓരോ ദശകവും തമിഴ്ജനതയുടെ ജീവിതത്തിന്റെ ഏടുകളായിരുന്നു. രാഷ്ട്രീയത്തിനപ്പുറം തമിഴകത്തിന്റെ അമ്മയും പുരട്ചി തലൈവിയുമായി മാറി. ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ജയലളിതയുടെ സ്മരിക്കപ്പെടുന്നു. മികച്ച അഭിനേത്രി എന്ന നിലയില്‍ ജയലളിത ചലച്ചിത്രരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്. അഭിനയിച്ച എണ്‍പത്തിയഞ്ചു ചിത്രങ്ങളില്‍ എണ്‍പതെണ്ണവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. തെലുഗുവില്‍ അഭിനയിച്ച ഇരുപത്തിയെട്ടെണ്ണവും ബോളിവുഡില്‍ അഭിനയിച്ച ഇസാത് എന്ന ചിത്രവും ഹിറ്റുകളിലുള്‍പ്പെടും.

ഷീല ദീക്ഷിത്

ആധുനിക ഡല്‍ഹിയുടെ വികസനത്തിന് അടിത്തറ പാകിയ നേതാക്കളിലൊരാളായ ഷീല ദീക്ഷിത്. 1998 മുതല്‍ 2013 വരെ മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിട്ടുണ്ട് ഷീല. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. രാജ്യതലസ്ഥാനത്ത് റോഡുകള്‍, ഫ്ലൈ ഓവറുകള്‍, മലിനീകരണ നിയന്ത്രണം, പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ വികസനത്തില്‍ ഷീല നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2014ല്‍ കേരള ഗവര്‍ണറായിരുന്നു. ഗവര്‍ണറായിരുന്ന കാലത്തെ അവരെടുത്ത നിര്‍ണായകമായ ഒരു തീരുമാനം, എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. എ.വി. ജോര്‍ജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിസിയെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ പിരിച്ചുവിടുന്നത്. 1984-1989 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുണ്ട്. ഷീലയുടെ കഴിവുകള്‍ കണ്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് യുഎന്നില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. ഉത്തര്‍പ്രദേശിലെ കനൗജ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഷീലാ ദീക്ഷിത് പാര്‍ലമെന്റിലെത്തി. ലോക്‌സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയിലും അംഗമായിരുന്നു. 1986 മുതല്‍ 1989 വരെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രിയായും ഷീലാ ദീക്ഷിത് പ്രവര്‍ത്തിച്ചു.

മായാവതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ് മായാവതി. ചെറുപ്പത്തില്‍ ജില്ലാ കലക്ടറാവാന്‍ മോഹിച്ച് ഒടുവില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രികസേരയിലെത്തിയ വനിത. 1984ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ച കാന്‍ഷിറാമിന്റെ അനുയായിട്ടാണ് രാഷ്ട്രീയ പ്രവേശനം. 1989ല്‍ ബനോറില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ അവര്‍ 1995ല്‍ മുപ്പത്തിയൊമ്പതാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി. 1997ലെ രണ്ടാംമൂഴം ആറുമാസം മാത്രം. എന്നാല്‍ സമര്‍ത്ഥയായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ഒരു മാസത്തിനകം വീണ്ടും മുഖ്യമന്ത്രിയായി. 2002 മുതല്‍ 2003 വരെ ചെറിയൊരു കാലയളവിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ അക്ബര്‍പൂരില്‍ നിന്ന് വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി വിജയിച്ചതിനെ തുടര്‍ന്ന് മായാവതി മുഖ്യമന്ത്രിയായി. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി പരാജയപ്പെട്ടതോടെ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവച്ചു. 2012ല്‍ രാജ്യസഭയിലുമെത്തിയ മായാവതി പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടില്ല.

മെഹ്ബൂബ മുഫ്തി

കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയും രാജ്യത്ത് മുസ്ലിം സമുദായത്തില്‍ നിന്ന് പദം അലങ്കരിച്ച രണ്ടാമത്തെ വനിതയും ദേശീയ തലത്തില്‍ അറിയപ്പെട്ട ചുരുക്കം കശ്മീരി വനിതകളിലൊരാളുമാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2016 ഏപ്രില്‍ നാലു മുതല്‍ 2018 ജൂണ്‍ 20 വരെ മുഖ്യമന്ത്രി പദത്തിലിരുന്നു. ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമാണ്.

ആനന്ദിബെന്‍ പട്ടേല്‍

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദിബെന്‍ പട്ടേല്‍. 2014ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാന്‍ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയില്‍ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. അധ്യാപികയായിരുന്ന അവര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. കേശുഭായ് സര്‍ക്കാരിലും മന്ത്രിയായിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. ഉത്തര്‍ പ്രദേശ് ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചു

വസുന്ധര രാജെ സിന്ധ്യ

ഭാരതീയ ജനത പാര്‍ട്ടി പ്രതിനിധി വസുന്ധര രാജെ രാജസ്ഥാന്‍ മുഖ്യമന്ത്രി ആയിരുന്നു. 2003 ഡിസംബര്‍ എട്ടു മുതല്‍ 2008 ഡിസംബര്‍ 18 വരെയും 2013 ഡിസംബര്‍ എട്ടു മുതല്‍ 2018 ഡിസംബര്‍ 17 വരെയും പദവിയിലിരുന്നു.1984ല്‍ സജീവ രാഷ്ട്രിയ പ്രവര്‍ത്തനംആരംഭിച്ചു. രാജസ്ഥാനിലെ ഝാലവാര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നു 1989 മുതല്‍ 2013 വരെ തുടര്‍ച്ചയായി നാലു തവണ വിജയിച്ച് ലോക്‌സഭയില്‍ എത്തി. 2008ല്‍ പ്രതിപക്ഷ നേതാവായിരുന്നു.

ഉമ ഭാരതി

ഭാരതീയ ജനത പാര്‍ട്ടി പ്രവര്‍ത്തകയായ ഉമ ഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു. 2003 ഡിസംബര്‍ എട്ടു മുതല്‍ 2004 ഓഗസ്റ്റ് 23 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ മനുഷ്യവിഭവ വകുപ്പ്, ടൂറിസം, യുവജനകാര്യ വകുപ്പ്, കായികവകുപ്പ്, ഖനി വകുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തില്‍ പ്രധാന പങ്കു വഹിക്കുകയുണ്ടായി.1984ല്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കൊണ്ടാണ് രാഷ്ട്രീയത്തിലെ രംഗപ്രവേശം. കന്നി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1989ല്‍ ഖജുരാഹോയില്‍ നിന്ന് സഭയിലെത്തി. 1991, 1996, 1998 എന്നീ വര്‍ഷങ്ങളില്‍ സീറ്റ് ഉമാഭാരതി നിലനിര്‍ത്തി. 1999ല്‍ ഭോപ്പാലില്‍ നിന്ന് മത്സരിച്ചാണ് ഉമാഭാരതി ജയിച്ചത്. വാജ്പേയി മന്ത്രിസഭയില്‍ മനുഷ്യവിഭവ വകുപ്പ്, ടൂറിസം, യുവജനകാര്യ വകുപ്പ്, കായികവകുപ്പ്, ഖനി വകുപ്പ് എന്നിവ ഉമാഭാരതി കൈകാര്യം ചെയ്തിട്ടുണ്ട്. 2003 തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ എത്തിക്കാന്‍ ഉമാഭാരതിക്ക് സാധിച്ചു. 2004 ഓഗസ്റ്റില്‍ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

റാബ്രി ദേവി

മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച രാഷ്ട്രീയ ജനതാ ദള്‍ പ്രവര്‍ത്തകയാണ് റാബ്രി ദേവി. 1997 ജൂലൈ 25 മുതല്‍ 1999 ഫെബ്രുവരി 11 വരെയും, 1999 മാര്‍ച്ച് ഒമ്പത് മുതല്‍ 2000 മാര്‍ച്ച് ഒമ്പത് വരെയും, 2000 മാര്‍ച്ച് 11 മുതല്‍ 2005 മാര്‍ച്ച് ആറു വരെയും ആയിരുന്നു ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നത്. 2020 മുതല്‍ ആര്‍.ജെ.ഡി.യുടെ ദേശീയ ഉപാധ്യക്ഷയാണ്. 1995ലാണ് ഭര്‍ത്താവും ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ പിന്തുണയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചപ്പോള്‍, 1997 ജൂലൈ 25ന് ആദ്യമായി ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബീഹാര്‍ നിയമസഭ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

ശശികല കാകോദ്കര്‍

മുന്‍ ഗോവ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കറുടെ മകളാണ്. പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 1973ല്‍ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഗോവ മുഖ്യമന്ത്രി പദത്തിലെത്തി. 1973 ഓഗസ്റ്റ് 12 മുതല്‍ 1979 ഏപ്രില്‍ 27 വരെ പദവിയിലിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന കകോദ്കര്‍, പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷ പഠന മാധ്യമമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ (ബിബിഎസ്എം) മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ 1967ലെ ഗോവ, ദാമന്‍ - ദിയു നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്താണ് സഭയിലെത്തിയത്. ഗോവ, ദാമന്‍ - ദിയു സഭയിലെ രണ്ടാമത്തെ വനിതാ അംഗമെന്ന ഖ്യാതിയും അവര്‍ക്കുണ്ട്. പിന്നീട് 1972ല്‍ ബിച്ചോലിം മണ്ഡലത്തില്‍ നിന്ന് ജയിച്ച് പിതാവ് ദയാനന്ദ് ബന്ദോദ്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഹമന്ത്രിയായി നിയമിതയായി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം, പൊതുസഹായം, , ചെറുകിട സമ്പാദ്യം വകുപ്പുകളും കൈകാര്യം ചെയ്തു.

നന്ദിനി സത്പതി


ഒഡീഷയിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന നന്ദിനി സത്പതി. സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും ഒഡീഷയിലെ ആദ്യ മുഖ്യമന്ത്രിയുമാണ്. 1972 ജൂണ്‍ 14 മുതല്‍ 1973 മാര്‍ച്ച് മൂന്നുവരെയും 1974 മാര്‍ച്ച് ആറുമുതല്‍ 1976 ഡിസംബര്‍ ആറുവരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ വൃത്തങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ട ഇവര്‍ ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ മന്ത്രിസഭയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്നു. ഒറിയ സാഹിത്യത്തിലെ അതികായനായ പത്മഭൂഷണ്‍ കാളിന്ദി ചരണ്‍ പാണിഗ്രാഹിയുടെ മകളായാണ് ജനനം. കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതമാരംഭിച്ച നന്ദിനി 1962ല്‍ രാജ്യസഭാംഗമായി. ഒറിയ സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 1998ല്‍ ഇവര്‍ക്ക് സാഹിത്യഭാരതി സമ്മാന്‍ നേടി.2006 ഓഗസ്റ്റ് 4ന് ഭുവനേശ്വറില്‍ അന്തരിച്ചു.

സയ്യിദ അന്‍വാര തൈമൂര്‍

ഇന്ത്യയിലെ പ്രഥമ മുസ്ലീം വനിതാ മുഖ്യമന്ത്രിയും അസം ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്നു സയ്യിദ അന്‍വാര തൈമൂര്‍. 1980 ഡിസംബര്‍ ആറുമുതല്‍ 1981 ജൂണ്‍ 30 വരെ അസം മുഖ്യമന്ത്രി പദം അലങ്കരിച്ച കോണ്‍ഗ്രസ് നേതാവാണ്. 1983 മുതല്‍ 1985 വരെ തൈമൂര്‍ പിഡബ്ല്യുഡി മന്ത്രിയായിരുന്നു. 1956ല്‍ ജോര്‍ഹത്തിലെ ഡെബിചരന്‍ ബറുവ ഗേള്‍സ് കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 1972, 1978, 1983, 1991 വര്‍ഷങ്ങളില്‍ അസം അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. 1988ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 1991ല്‍ അസമിലെ കൃഷി മന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.

ജാനകി രാമചന്ദ്രന്‍

അഭിനേത്രിയും തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമാണ് ജാനകി രാമചന്ദ്രന്‍. മുഖ്യമന്ത്രിസ്ഥാനത്ത് വന്ന ഏക മലയാളി വനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവര്‍ കേരളത്തിലെ വൈക്കം സ്വദേശിയാണ്. വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാല്‍ അയ്യരുടെയും മകളായാണ് ജനനം. പിതാവ് രാജഗോപാല അയ്യര്‍ അറിയപ്പെടുന്ന സംഗീതജ്ഞന്‍ ആയിരുന്നു. എംജി രാമചന്ദ്രന്റെ ഭാര്യയായിരുന്ന അവര്‍ അണ്ണാ ഡിഎംകെയെ പ്രതിനിധീകരിച്ച് 1988 ജനുവരി ഏഴു മുതല്‍ 1988 ജനുവരി 30 വരെ വെറും 23 ദിവസം മാത്രമാണ് മുഖ്യമന്ത്രി ആയത്. ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചുവെങ്കിലും കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനയുടെ 356ാം വകുപ്പുപയോഗിച്ച് തമിഴ്‌നാട് നിയമസഭയെ പിരിച്ചുവിടുകയായിരുന്നു. ഒരു വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.

രജിന്ദര്‍ കൗര്‍ ഭട്ടല്‍

പഞ്ചാബ് മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ വനിത. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ രജിന്ദര്‍ കൗര്‍ ഭട്ടല്‍ വെറും 83 ദിവസം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന നേതാവാണ്. 1996 നവംബര്‍ 21 മുതല്‍ 1997 ഫെബ്രുവരി 12 വരെയാണ് പദവിയിലിരുന്നത്. 1994ല്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1997 ഫെബ്രുവരിയില്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.

ഐഷാബായി

രാജ്യത്തെ ഒരു നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ മലയാളിയായ ഐഷാബായിയാണ്. 1957ല്‍ കേരളത്തിലെ ഒന്നാം നിയമസഭയിലാണ് ഇന്ത്യയിലെതന്നെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറായി മുപ്പതാം വയസ്സില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 1959ല്‍ വിമോചനസമരത്തിലൂടെ ഇ.എം.എസ് മന്ത്രിസഭ അട്ടിമറിക്കപ്പെടുന്നത് വരെ ഐഷാബായി സ്തുത്യര്‍ഹമായ രീതിയില്‍ ആ പദവി അലങ്കരിച്ചു. കായംകുളം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സരോജിനി ബാനുവിനെ 13000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഐഷാബായി നിയമസഭയിലെത്തിയത്. 1960ല്‍ വീണ്ടും മല്‍സരിച്ച് കോണ്‍ഗ്രസിലെ പ്രബലനായ എം.കെ .ഹേമചന്ദ്രനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും ഐഷാബായി കായംകുളത്തിന്റെ എം.എല്‍.എ ആയി. ഓച്ചിറ ക്ലാപ്പനയിലെ പ്രശസ്തമായ കൊട്ടയ്ക്കാട്ട് കുടുംബത്തിലെകെ. ഒ. ഉസ്മാന്‍ സാഹിബിന്റെയും കറ്റാനം ഇലിപ്പക്കുളം കൈതവന കുടുംബാംഗവുമായ ഫാത്തിമ കുഞ്ഞിന്റേയും എട്ട് മക്കളില്‍ മൂന്നാമത്തെ കുട്ടിയായി ജനനം. പ്രയാര്‍ ഹൈസ്‌കൂള്‍, കറ്റാനം പോപ് പയസ്, വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഐഷാബായ് വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് കായംകുളം മുനിസിഫ് കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങി മുന്നാട്ടുപോകുമ്പോഴാണ് ആദ്യ തെരത്തെടുപ്പില്‍ കായംകുളത്ത് നിന്ന് മത്സരിക്കാന്‍ അവസരം വന്നത്.ഈ സ്ഥാനം പില്‍ക്കാലത്ത് അലങ്കരിച്ചിട്ടുള്ള മറ്റു രണ്ടു വനിതകള്‍ ഐഷാബായിയുടെ പിന്‍ഗാമിയായി വന്ന നഫീസത്ത് ബീവിയും ഭാര്‍ഗവി തങ്കപ്പനുമാണ്.

ജസ്റ്റിസ്. എം. ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവി. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി എന്നതിന് പുറമെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരുന്ന ആദ്യ മുസ്ലിം വനിത എന്ന ബഹുമതിയും ജസ്റ്റിസ് ഫാത്തിമ ബീവിക്ക് സ്വന്തമാണ്. അവര്‍ തമിഴ്നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.14 നവംബര്‍ 1950 നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968 ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972 ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും, 1974ല്‍ ജില്ലാ, സെഷന്‍സ് ജഡ്ജും ആയി. 1980 ജനുവരിയില്‍ ഇങ്കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചു. പക്ഷേ 1989 ഒക്ടോബര്‍ 6ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29 വിരമിച്ചു.

ഷാനോ ദേവി

സംസ്ഥാന നിയമസഭയില്‍ സ്പീക്കര്‍ പദവിയിലിരുന്ന ആദ്യ വനിതയാണ് ഷാനോ ദേവി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അവര്‍ 1966 ഡിസംബര്‍ 6 മുതല്‍ 1967 മാര്‍ച്ച് 17 വരെയാണ് ഹരിയാന സ്പീക്കര്‍ പദവിയില്‍ പ്രവര്‍ത്തിച്ചത്. 1962 മാര്‍ച്ച് 19 മുതല്‍ 1966 ഒക്ടോബര്‍ 31 വരെ പഞ്ചാബ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. 1951 മുതല്‍ 1966 വരെ അമൃത്സര്‍ സിറ്റി വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും 1962 മുതല്‍ 1966 വരെ ജഗാദ്രി മണ്ഡലത്തില്‍ നിന്നും പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്യത്തിന് മുന്‍പ് 1940ല്‍ പഞ്ചാബ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേവി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്നത്. 1946ല്‍ 19000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും സഭയിലെത്തി. 1951ലെ തിരഞ്ഞെടുപ്പില്‍ ബിജെഎസിന്റെ പ്രകാശ് ചന്ദിനെയും 1962ല്‍ ജെഎസ്സിന്റെ ഇന്ദര്‍ സൈനിനെയും പരാജയപ്പെടുത്തി.

Content Highlights: women leaders in India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented