ലവ് യൂ റോജര്‍, ടെന്നീസിനുണ്ടാകുമോ ഇനിയൊരു സുവര്‍ണ കാലം..


ഷീബ ജെയിംസ്

റോജർ ഫെഡറർ

ചില ഭീതികളുണ്ട്, സ്ഥായിയാണത്. ഒരിക്കലും നടന്നില്ലെങ്കില്‍ എന്നാശിക്കുന്നത്. നടക്കും എന്നുറപ്പുള്ളത്. പേക്കിനാവ് പോലെ അലട്ടുന്നത്. മൃതി പോലെ പരമാര്‍ത്ഥം. 1998-ല്‍ ജൂനിയര്‍ വിംബിള്‍ഡണിലൂടെ പ്രൊഫഷണല്‍ ടെന്നീസിലേക്ക് എത്തി, 24 വര്‍ഷം, ടെന്നീസ് ലോകത്ത് ഏറെക്കുറെ അനിഷേധ്യനായി, കാലദേശാന്തരങ്ങള്‍ക്കപ്പുറം സ്വീകാര്യനായിരുന്ന റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍, അവസാനിക്കുന്നത് ടെന്നീസ് എന്ന കളിയുടെ ഗൃഹാതുരമായ മനോഹാരിതയാണ്. അവശേഷിക്കുന്നത്, സജീവ ടെന്നീസില്‍ ഇനി ഫെഡറര്‍ ഉണ്ടാകില്ലെന്ന നൊമ്പരപൂര്‍ണമായ സത്യവും. ഒരു മേഖല ഇഷ്ടപ്പെടുന്നതിനും പിന്തുടരുന്നതിനും ഒരു ന്യായമുണ്ടാകും. ടെന്നീസില്‍ അത് റോജര്‍ ഫെഡറര്‍ എന്ന സ്വിസ് മാസ്റ്റര്‍ ആയിരുന്നു.

ടെന്നീസ് ലോകത്തെ നിങ്ങള്‍ എന്നന്നേക്കുമായി മാറ്റിമറിച്ചു. സൗന്ദര്യവും ആഭിജാത്യവും പ്രൗഢിയും സമന്വയിച്ചിരുന്ന കുറിയ ഷോട്ടുകളുടെയും കായികക്ഷമത അളക്കുന്ന നീണ്ട റാലികളുടെയും സന്തുലിതമായ മേളമായിരുന്നു ഒരോ ഫെഡറര്‍ മാച്ചുകളും. പോയ കാലത്ത് എതിരാളികളെ പോലും വശീകരിക്കുന്ന ഹൃദ്യത ആര്‍ജ്ജിച്ചു. ഓരോ മത്സരങ്ങളിലൂടെയും കരിയറിനെ മെച്ചപ്പെടുത്തിയതിനൊപ്പം ഉയര്‍ന്ന ചിന്തകളിലേക്കും സ്വഭാവഗുണങ്ങളിലേക്കും മുന്നേറി. ആകര്‍ഷകമായ പക്വതയുടെ ആള്‍രൂപമായി. റോള്‍ മോഡല്‍ എന്ന് ഉള്ളില്‍ത്തട്ടി വിളിക്കാന്‍ റോജറെ അര്‍ഹമാക്കുന്നതും താരതമ്യങ്ങള്‍ക്ക് അതീതനാക്കുന്നതും ഇക്കാര്യങ്ങളൊക്കെയാണ്. തന്റെ മത്സരങ്ങളിലെ കുലീനതയുടെ തുടര്‍ച്ച പോലെ തന്നെയുള്ള വൈകാരികവും മനോഹരവുമായ വിടവാങ്ങല്‍ കുറിപ്പിലുടെ ഫെഡറര്‍ മത്സരാത്മക ടെന്നീസിനോട് യാത്ര പറയുമ്പോള്‍ ടെന്നീസിനപ്പുറം കായികരംഗത്തെ ഒരു സുവര്‍ണയുഗത്തിന്റെ തന്നെ അന്ത്യമാകുന്നു. 'ഈ നീണ്ട കാലത്ത് ടെന്നീസ് എനിക്കെല്ലാം തന്നു. സ്വപ്നം കണ്ടതിനേക്കാള്‍ ഉദാരമായ നേട്ടങ്ങള്‍. 1500 ലേറെ മത്സരങ്ങള്‍. ത്രസിപ്പിക്കുന്ന ജയങ്ങള്‍, സ്ഥായിയായ കരിയര്‍. ഇപ്പോള്‍ എന്റെ പ്രൊഫഷണല്‍ ലോകം അവസാനിപ്പിക്കേണ്ടത് ആവശ്യമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു' ഭാര്യ മിര്‍ക്ക, സൃഹൃത്തുകള്‍, സഹകളിക്കാര്‍, ദേശങ്ങള്‍ അപ്രസക്തമാം വിധമുള്ള ലക്ഷക്കണക്കിന് ആരാധകര്‍ എന്നിവരെയെല്ലാം പരാമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ ഇട്ട വൈകാരികമായ കുറിപ്പില്‍ ഫെഡറര്‍ പറഞ്ഞു.

കണക്കുകള്‍ കടന്നു പോകും, റോജര്‍ നിലനില്‍ക്കും

മുന്‍ യു.എസ് താരം ജോണ്‍ പാട്രിക്ക് മക്കെന്റോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'ലോകത്തെ മികച്ച അഞ്ച് കളിക്കാരിലൊരാളായാണ് ഞാന്‍ എന്നെ കാണുന്നത്. എന്നാല്‍ റോജര്‍ ഫെഡറര്‍ക്ക് അടുത്തെത്തിയെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല.'ആദ്യമായി 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായ ആഴ്ചകളിലെ ഒന്നാം റാങ്ക് നേട്ടം. 103 എടിപി കിരീടങ്ങള്‍ ഈ കണക്കുകളെല്ലാം കാലത്തിന്റെ ഒഴുക്കില്‍ വഴിമാറും. എന്നാല്‍ ആസ്വാദ്യകരമായ ടെന്നീസിന്റെ നാളുകള്‍ നിലനില്‍ക്കും. മക്കെന്റോ പറഞ്ഞതുപോലെ കളിക്കളത്തില്‍ നേട്ടമുണ്ടാക്കിയ ഇതിഹാസ തുല്യര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ വളരെ അനായാസമായി നമ്മെ ആനന്ദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ പ്രതിഭകള്‍ക്കു മാത്രമുള്ളതാണ്. റാക്കറ്റ് കൈയ്യിലുള്ളപ്പോഴും അല്ലാത്തപ്പോഴും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിപ്രഭാവമാണ് റോജര്‍ ഫെഡററെ വ്യത്യസ്തരിലെ വ്യത്യസ്തന്‍ ആയി മാറ്റിയത്.

ഒരാള്‍ വിരാജിക്കുന്ന മേഖലയിലെ അസാമാന്യ നേട്ടങ്ങളും കാലത്തെ അതിജീവിക്കുന്ന സ്ഥിരതയുമൊക്കെ ചേര്‍ന്നാണ് ഇതിഹാസങ്ങള്‍ പിറക്കുന്നത്. കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ സ്ഥിരത ചോര്‍ന്നു പോയ നിലയിലായിരുന്നു ഫെഡറര്‍. എന്നിട്ടും, ഓരോ ഗ്രാന്‍ഡ്സ്ലാമുകള്‍ വരുമ്പോഴും ടൂര്‍ മാച്ചുകള്‍ നടക്കുമ്പോഴും ഒരിക്കല്‍ കൂടി ആ നൈസര്‍ഗികമായ വോളിയും സ്മാഷുകളും കാണാന്‍ നാം കൊതിച്ചു. മത്സരം തോറ്റാല്‍ പോലും ആ ഷോട്ടുകളും കോര്‍ട്ടിലെ ചലനങ്ങളുമെല്ലാം തീര്‍ക്കുന്ന അലൗകികമായ അന്തരീക്ഷം ഫെഡററെ പിന്തുടരുന്നവരെ പ്രചോദിപ്പിച്ചു. ഒരു കാലത്ത് ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാമുകളില്‍ പുറത്തായാല്‍ അനുഭവപ്പെടുന്ന നിരാശ പിന്നീട് കുറഞ്ഞതിനു കാരണം, വിജയത്തേക്കാള്‍ സവിശേഷവും അപൂര്‍വ്വവുമാണ് ആ റാക്കറ്റിലെ ഷോട്ടുകളും കേളീശൈലിയും എന്ന തിരിച്ചറിവ് കൂടെയാണ്. സ്വാഭാവികവും കറയറ്റതുമായ ആ ചലനങ്ങളും ശരീരഭാഷയുമൊന്നും മറ്റുള്ളവര്‍ക്ക് അനുകരികരിക്കാനാകില്ലെന്ന ഗൂഢമായ സന്തോഷം, ജയങ്ങള്‍ക്ക് അപ്പുറമാണ് ഫെഡറര്‍ എന്ന കാഴ്ചപ്പാടിലെത്തിച്ചു. കിരീടങ്ങളും പരാജയങ്ങളുമൊന്നുമല്ല, ടെന്നീസ് ഷോട്ടുകള്‍ക്ക് ഇത്രത്തോളം മനോഹാരിതയുണ്ടെന്ന വിളംബരങ്ങള്‍ അതായിരുന്നു ഫെഡറര്‍ നിറഞ്ഞാടിയ ഓരോ കളികളും. ഇക്കാര്യം മനസിലാക്കുമ്പോള്‍ തലമുറകള്‍ താണ്ടിയും ഈ മഹത്വം നിലനില്‍ക്കും.

പകരക്കാരനില്ല

മികച്ചതെന്ന് ലോകം വാഴ്ത്തിയ ഒട്ടേറെ കായിക താരങ്ങള്‍ കളമൊഴിഞ്ഞു. വനിതകളുടെ ടെന്നീസിനെ വിപ്ലവ തുല്യമാക്കിയ സെറീന വില്യംസ് വിരമിച്ചത് അടുത്തിടെയാണ്. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും എന്ന പ്രകൃതി നിയമം എല്ലായിടത്തും ബാധകമെങ്കിലും ചിലര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ എളുപ്പമല്ല. ഗ്രാന്‍ഡ്സ്ലാം വിജയങ്ങളുടെയും മറ്റ് നേട്ടങ്ങളുടെയും കണക്കെടുപ്പില്‍ റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചും ഇനി വരുന്നവരും വരാനിരിക്കുന്നവരുമെല്ലാം റെക്കോഡുകള്‍ തിരുത്തിയേക്കാം. എന്നാല്‍ കണക്കിലെ കളികള്‍ ഒരു വാദത്തിനായി നമുക്ക് ചൂണ്ടിക്കാണിക്കാമെങ്കിലും കോര്‍ട്ടിലെ റോജര്‍ ഫെഡററുടെ റാലികള്‍, കൈ കാല്‍ ചലനങ്ങള്‍ എന്നിവയെല്ലാം ആനന്ദം പ്രസരിപ്പിക്കുന്നതും ലാസ്യകലകള്‍ പോലെ ആസ്വാദ്യകരവുമായിരുന്നു. ജയിക്കാനായി മാത്രമുള്ള പ്രായോഗികമായ പവര്‍ ടെന്നീസില്‍ ഇനി അന്യമായിരിക്കും, ഇത്തരത്തിലുള്ള നിമിഷങ്ങള്‍.

കാലത്തിനനുസരിച്ച് കായികരംഗത്തെ രീതികളും നേട്ടങ്ങളും മാറുന്നു. ഒരു കാലത്ത് ജീവിച്ചവരുടെ നേട്ടങ്ങളും അടുത്ത തലമുറകളിലെ കായിക താരങ്ങളെയും താരതമ്യം ചെയ്യുന്നതിലും നേട്ടങ്ങളുടെ കണക്കെടുപ്പിലും വലിയ പ്രസക്തി ഇല്ല. പ്രയോഗിക കളികളുടെ വക്താക്കള്‍ നേട്ടങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുമ്പോള്‍, വൈകാരികതയിലൂന്നിത്തന്നെ പ്രായോഗിക നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായി എന്നതാണ് അലസഗംഭീരമായ കളികൊണ്ട് ഫെഡറര്‍ തെളിയിച്ചത്. പലപ്പോഴും കണ്ടിട്ടുണ്ട്, റോജര്‍ ഫെഡറര്‍ വിരമിക്കുന്നതിനെ കുറിച്ചുള്ള ആരാധക ആശങ്കകള്‍. അത് ഉള്‍ക്കൊള്ളാന്‍ തക്കവണ്ണമുള്ള മാനസികമായ തയ്യാറെടുപ്പ് ഇനിയും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചവരെ കാണാം. ഓരോ ഷോട്ടിലും ഫെഡറര്‍ക്കു വേണ്ടി ആര്‍ത്തുവിളിക്കുന്ന ആളുകളുടെ മനോഭാവം എതിരാളികളെ പലപ്പോഴും നിരാശനാക്കിയിരുന്നു. ഈ അടുത്ത കാലമായതോടെ പക്ഷഭേദമുള്ള ആ കാണികളെ ഉള്‍ക്കൊള്ളാന്‍ മാത്രം ചില എതിരാളികളും വളര്‍ന്നു വന്നു എന്നത് വസ്തുത.

2019 ലെ വിംബിള്‍ഡണ്‍ ഫൈനലിന്റെ ടൈബ്രേക്കറില്‍, ജോക്കോവിച്ചിനോടു പരാജയപ്പെട്ട മത്സരത്തിനു ശേഷം, ഫെഡറര്‍ക്കുവേണ്ടി ആര്‍ത്തു വിളിച്ച കാണികളെ കുറിച്ച് ജോക്കോവിച്ച് ചിരിയോടെ എടുത്തു പറഞ്ഞിരുന്നു. ഈ ദിനം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, എന്ന റാഫേല്‍ നദാലിന്റെ പ്രതികരണം മനസിലുള്ളപ്പോഴും കായിക മേഖലയിലെ അനിവാര്യതയാണ് വിരമിക്കലെന്നത് ഉള്‍ക്കൊണ്ടേ മതിയാകൂ. വെറുമൊരു ടെന്നീസ് കാണിയെ ടെന്നീസ് പ്രേമിയാക്കിയതില്‍, ടെന്നീസ് ആസ്വാദനത്തിന്റെ രീതി തന്നെ മാറ്റി മറിച്ചതില്‍ ഫെഡററുടെ അത്യാകര്‍ഷകമായ വ്യക്തിശോഭ പ്രധാന കാരണമായിരുന്നു. ഇതുവരെ ടെന്നീസ് പിന്തുടരാന്‍ ശക്തമായ ഒരു ന്യായം ഉണ്ടായിരുന്നു, ഇനി അതില്ല. ഇത്തവണത്തെ ലേവര്‍ കപ്പിനു ശേഷം ഫെഡറര്‍ കളം വിടുമ്പോള്‍ ചിലര്‍ക്കെങ്കിലും ടെന്നീസ് പഴയതുപോലെ ആയിരിക്കില്ലെന്നുറപ്പ്.

വാഴ്ത്തിയും നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയ

സമീപകാലത്ത് എപ്പോള്‍ വേണമെങ്കിലും റോജര്‍ ഫെഡറര്‍ ടെന്നീസ് മതിയാക്കുമെന്ന ഉള്‍ഭീതി ഉണ്ടെങ്കിലും ആ പ്രഖ്യാപനം ഏറെ പേര്‍ക്കും ഹൃദയഭേദകം തന്നെയായിരുന്നു, എന്ന് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളില്‍ കാണാം. കളത്തിലെ മഹത്തായ വൈരികളും കളത്തിനു പുറത്ത് അടുത്ത സുഹൃത്തുക്കളുമാണ് റാഫേല്‍ നദാലും റോജര്‍ ഫെഡററും. വ്യക്തിപരമായും സ്‌പോര്‍ട്‌സിനും ദു:ഖ ദിനമാണ് ഈ ദിവസമെന്ന് ഫെഡററുടെ വിരമിക്കല്‍ വാര്‍ത്ത അറിഞ്ഞ് റാഫേല്‍ നദാല്‍ കുറിച്ചു. 'ജീനിയസ്, ടെന്നീസിന്റെ ചരിത്രത്തിലെ തനത് വ്യക്തതിത്വം, കോര്‍ട്ടില്‍ ഇനി എക്കാലവും നിങ്ങളുടെ അഭാവം നിഴലിക്കും' -- ലയണല്‍ മെസ്സി പറയുന്നു. ഓരോ തവണ കളിക്കാനിറങ്ങുമ്പോഴും ഫെഡററില്‍ നിറഞ്ഞുനിന്ന വ്യക്തിശോഭ ഒരിക്കലും മങ്ങല്‍ ഏല്‍ക്കാത്തതാണെന്നായിരുന്നു യുവരാജ് സിങിന്റെ കുറിപ്പ്. 'ഞങ്ങളുടെ വഴികള്‍ എപ്പോഴും സമാനമായിരുന്നു. നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഒപ്പം എന്നെയും' സെറീനയുടെ വാക്കുകള്‍. 'ടെന്നീസെന്നാല്‍ ഫെഡറര്‍ തന്നെയായിരുന്നു, ഈ തലമുറയിലെ ഒട്ടേറെ പേര്‍ക്കും. ആ യുഗത്തിന് അന്ത്യമായി. എക്കാലത്തെയും മഹത്തായ താരം'-- വീരേന്ദര്‍ സേവാഗ് പ്രതികരിച്ചു. ഒട്ടേറെ വര്‍ഷങ്ങള്‍, പ്രതിസന്ധികള്‍ ഇതിലൂടെ എല്ലാം നാം പോയപ്പോഴും ഒരു ഭാഗത്ത് ഫെഡറര്‍ സമ്മോഹനമായ കളി തുടര്‍ന്നു. പ്രചോദനത്തിന്റെ വെളിച്ചമായി നിന്നു. നീണ്ട 24 വര്‍ഷം.

ടെന്നീസ് വെറുമൊരു കളിയല്ലെന്ന് എല്ലായ്പോഴും തെളിയിച്ച, ആരാധകരെ വൈകാരികമായി കീഴടക്കിയ സ്വിസ് മാസ്റ്റര്‍, നിങ്ങള്‍ പകര്‍ന്ന ആനന്ദോന്മാദങ്ങള്‍ക്ക് നന്ദി മാത്രം...

Content Highlights: will the golden era of tennis will end after the retirement of Roger Federer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented