ഇനി എത്രകാലം മുഖംതിരിക്കും സെക്സ് എജ്യുക്കേഷനോട്?


പ്രണവ് ജയരാജ്പ്രതീകാത്മക ചിത്രം

സുഹൃത്തിനൊപ്പം ചായകുടിക്കാന്‍ കയറിയതായിരുന്നു. കയറിയ മുതല്‍ അവള്‍ അസ്വസ്ഥയാണ്. കടുത്ത വയറുവേദനയാണെന്ന് ചോദിച്ചപ്പോള്‍ പറയുകയും ചെയ്തു. റാന്‍ടാക്കും ഡൈജീനുമടക്കം ദഹനക്കേടിനും അസിഡിറ്റിയ്ക്കുമുള്ള സകല മരുന്നുകളും വേണോ എന്ന് ചോദിച്ച എനിക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനയാണ് അവളെ അസ്വസ്ഥയാക്കുന്നതെന്ന് മനസ്സിലാക്കാനായില്ല. ശാസ്ത്ര വിഷയത്തില്‍ ബിരുദമുള്ള ഞാന്‍ അത്രത്തോളം വിവേകശൂന്യമായാണ് ചിന്തിച്ചിരുന്നത്. ഞാനും പഠിച്ചത് ആണിനും പെണ്ണിനും കയറാന്‍ വെവ്വേറെ പടിക്കെട്ടുകളുള്ള വിദ്യാലയത്തിലായിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ്‍കുട്ടികളെ മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുത്തി സ്വയംഭോഗത്തിന്റെ തിന്മകളും മുഖം ആകര്‍ഷകമാക്കുന്നതിനുള്ള കുറുക്കുവഴികളും പറഞ്ഞുതന്നതാണ് എനിക്ക് ലഭിച്ച ആകെയുളള ലൈംഗിക വിദ്യാഭ്യാസം.

മൂന്ന് ആത്മഹത്യ ശ്രമങ്ങള്‍ക്കൊടുവിലാണ് സൗമ്യ (പേര് യഥാര്‍ഥമല്ല) കൊച്ചിയിലെ പ്രമുഖ സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തുന്നത്. ഭര്‍ത്താവ് രണ്ടു തവണയും ആത്മഹത്യാശ്രമം നടത്തിയിരുന്നു. എട്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഒരിക്കല്‍പോലും ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. (Unconsummated Marriage). കുട്ടികള്‍ ഇല്ലാത്തതിന്റെ കുറ്റപ്പെടുത്തലുകള്‍ ഇതിനകം യഥാസ്ഥിതികരായ കുടുംബക്കാർ ആരംഭിച്ചുകഴിഞ്ഞിരുന്നു. മരണത്തില്‍ ആശ്വാസം കണ്ടെത്താനായിരുന്നു ഇരുവരുടെയും തീരുമാനം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട മിഥ്യാധാരണകളും അവബോധമില്ലായ്മയും അവരെ മരണത്തിന്റെ വക്കില്‍വരെയെത്തിച്ചു.ഈ അനുഭവങ്ങളെല്ലാം ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. അഭ്യസ്തവിദ്യരെന്നു അഭിമാനപൂര്‍വം പറയുന്ന നമ്മളില്‍ എത്രപേര്‍ക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്? ജൈവികപ്രക്രിയായ ആര്‍ത്തവത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും എത്രപേര്‍ക്ക് ശരിയായ ധാരണയുണ്ട്. സമൂഹ്യമാധ്യമങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന ചില അല്പജ്ഞാനങ്ങള്‍ മാത്രമാണ് നമ്മുടെ കൈമുതല്‍. പുതുതലമുറയിലെ കുട്ടികള്‍ക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാനുള്ള ക്ലാസുകളെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. ഒരുകാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഇതും ലഭിച്ചിട്ടില്ലായിരുന്നു. യഥാസ്ഥിതികമായ ചുറ്റുപാടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിന്നിരുന്നതിനാല്‍ ജൈവശാസ്ത്രത്തിലെ പാഠഭാഗങ്ങള്‍ തനിച്ചു വായിച്ചുപഠിച്ചാല്‍ മതിയെന്നു പറഞ്ഞുതുടങ്ങുന്നതാണ് ലൈംഗിക വിദ്യാഭ്യാസത്തോടുളള അവഗണന. പന്ത്രണ്ടാം ക്ലാസ് എന്‍.സി.ഇ.ആര്‍.ടിയിലെ ഏറ്റവും ചെറിയ പാഠഭാഗങ്ങളിലൊന്നായ റീപ്രൊഡക്റ്റിവ് ഹെല്‍ത്ത് എത്ര വിദ്യാലയങ്ങളില്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ടെന്നുള്ളതുപോലും സംശയമാണ്. ബോയ്‌സ് ഓണ്‍ലി, ഗേള്‍സ് ഓണ്‍ലി സ്‌കൂളുകളും കൂടെ ആകുമ്പോള്‍ സംഗതി കുറച്ചുകൂടി ഗൗരവമുളളതാകുന്നു. പൊതുവിദ്യാലയങ്ങള്‍ ഇത്തരത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളുണ്ടാകുന്നതില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാരിന് ബോധമുണ്ടാകുന്നത് 2022ലാണ്.

കൗമാരത്തിൽ തന്നെ വിവാഹിതരാകുന്നവര്‍

ഇന്ത്യയിലെ 44 ശതമാനത്തോളം വരുന്ന ജില്ലകളില്‍ 18ന് മുമ്പേ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ ഇന്നുമുണ്ട്. ആ കണക്കുകളേക്കാള്‍ ഞെട്ടലുളവാക്കുന്നവയാണ് കൗമാരത്തില്‍ തന്നെ ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. പല വികസിത രാജ്യങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ അതിനേക്കാള്‍ ഉയര്‍ന്ന നിരക്കുകള്‍ കാണാം. ശരിയാണ് അത്തരം രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് ജനസംഖ്യ കൂടുതല്‍ തന്നെയാണ്. പക്ഷേ ഈ കണക്കുകള്‍ ഒരു ചൂണ്ടുപലക തന്നെയാണ്.

അധ്യാപകരും വിദ്യാര്‍ഥികളും പിന്നെ സമൂഹവും

കൗമാരത്തിലേക്ക് കടന്നുകഴിയുമ്പോള്‍ തന്നെ കുട്ടികളില്‍ പല സംശയങ്ങളുമുയര്‍ന്ന് തുടങ്ങും. ചോദിക്കാനുള്ള ഭയം കൊണ്ടോ, ആളുകളെന്ത് വിചാരിക്കുമെന്നതിനാലോ ഭൂരിഭാഗം കുട്ടികളും സംശയങ്ങള്‍ ഉള്ളിലൊതുക്കും. സോഷ്യല്‍ മീഡിയ വഴിയും ഇന്റര്‍നെറ്റ് വഴിയുമെല്ലാം സംശയദൂരീകരണം നടത്തും. ഇതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാവുകയാണ്. അധ്യാപകരും വിദ്യാര്‍ഥികളും ഒരേ സമൂഹത്തിന്റെ ഭാഗങ്ങളാണ്. ലൈംഗികവിദ്യാഭ്യാസത്തെ അപരാധമായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ അധ്യാപകരും മടിക്കും.

കോട്ടയത്തൊരു സ്വകാര്യ വിദ്യാലയത്തില്‍ ജോലി തേടിവന്ന ചെറുപ്പക്കാരന് കുട്ടികള്‍ക്കിടയില്‍ സദാചാര പോലീസിങ് നടത്തില്ലെന്ന് അഭിമുഖത്തിനിടെ തുറന്നുപറഞ്ഞതിന് മുപ്പതുമിനിട്ടോളം ഇന്റര്‍വ്യൂ ബോര്‍ഡിലെ അധ്യാപകന്റെ സദാചാര ക്ലാസാണ് കേള്‍ക്കേണ്ടി വന്നത്. പല കാരണങ്ങളാല്‍ ഇത്തരം അനീതികള്‍ക്കെതിരേ ശബ്ദിക്കാന്‍ സ്വാശ്രയ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ല. എത്രയൊക്കെ പാഠ്യപദ്ധതികള്‍ രൂപീകരിച്ചാലും, പരിഷ്‌ക്കരിച്ചാലും ആദ്യം പരിശീലനം നല്‍കേണ്ടത് അധ്യാപകര്‍ക്കാണ്. പാരസ്പര്യമുള്ള പഠനരീതിയെന്നെല്ലാം നാം അദ്ധ്യയനക്രമങ്ങളില്‍ ഉള്‍പ്പെടുത്തുമെങ്കിലും ഫലത്തിൽ അതൊന്നും പ്രായോഗികമാവാറില്ല.

ആണിനും പെണ്ണിനും എന്തിന് വെവ്വേറെ സ്‌കൂള്‍

ലിംഗവിവേചനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ബോയ്‌സ് ഓണ്‍ലി, ഗേള്‍സ് ഓണ്‍ലി വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് തടയിടാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയെങ്കിലും സ്വാഗതാര്‍ഹമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നാന്നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്കുമേല്‍ നീളുന്ന സദാചാര കണ്ണുകള്‍ ഇന്നും നമ്മുടെ നാട്ടില്‍ തുടരുന്നത് അങ്ങേയറ്റം നാണക്കേടുളവാക്കുന്നതാണ്.

ആണും പെണ്ണും ഒന്നിച്ചിരുന്നതിനാണ് തലസ്ഥാന നഗരിയിലെ കോളേജിനടുത്തെ ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടം പ്രദേശവാസികള്‍ തകര്‍ത്തത്. കുട്ടികള്‍ മടിയിലിരുന്നു പ്രതിഷേധിക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നടപടികളുണ്ടാകുകയും ചെയ്തു. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ വിലക്കിക്കൊണ്ട് സ്ഥാപനങ്ങളുടെ പരിസരത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നാം സാക്ഷിയായി. കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ കോളേജില്‍ ഇത്തരത്തിലൊരു നീക്കമുണ്ടായപ്പോള്‍ ബോര്‍ഡ് വച്ചത് കോളേജിനു പുറത്തായതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ മറുപടി. രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ലാത്ത, പല പേരുകളിലുള്ള സംഘടനകള്‍ ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തികൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തന്നെ ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ പരാതി ഉയര്‍ന്നപ്പോള്‍ ഇരുട്ടിന്റെ മറവിലെത്തി അവരാ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. വിദ്യാര്‍ഥികളുടെ മേല്‍ കൈവെക്കാന്‍ മടിക്കാത്ത ഇക്കൂട്ടരുടെ സമാധാനം നിലനില്‍ക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യതയിലാണെന്നുള്ളതാണ് വിരോധാഭാസം. സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും നിസംഗതയും മൗനവുമാണ് കോളേജ് അധികൃതരെ പോലും മറികടന്നുകൊണ്ട് വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ അച്ചടക്കസമിതികൾ രൂപീകരിക്കാന്‍ സദാചാരവാദികളെ പ്രേരിപ്പിക്കുന്നത്.

ലൈംഗികത എന്നുകേള്‍ക്കുമ്പോള്‍തന്നെ മുഖം ചുളിക്കുന്നവരോട്

ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ ധാരണകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ലൈംഗിക ആരോഗ്യത്തെപ്പറ്റിയും, ചൂഷണങ്ങളെപ്പറ്റിയും, രോഗങ്ങളെപ്പറ്റിയുമെല്ലാം കൃത്യമായ ധാരണ പകരുന്നതാണ് ലൈംഗിക വിദ്യാഭ്യാസം. അവ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമായിത്തന്നെ നാം കണക്കാക്കേണ്ടതാണ്. ലൈംഗികചൂഷണങ്ങളും, ലൈംഗിക രോഗങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോള്‍?

കടലാസ് പദ്ധതികള്‍

രാജ്യത്ത് കൃത്യമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി 2007-ല്‍ കേന്ദ്ര സര്‍ക്കാരും ഏയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും, യൂണിസെഫും ചേര്‍ന്ന് മുന്നോട്ട് വച്ച പദ്ധതിയായിരുന്നു അഡോളസെന്‍സ് എജുക്കേഷന്‍ പ്രൊഗ്രാം (ADOLESCENCE EDUCATION PROGRAMME) എന്നത്. എച്ച്.ഐ.വി അണുബാധ, ലൈംഗികാരോഗ്യസംരക്ഷണം, ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് ഒന്‍പതു മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു എ.ഇ.പിയുടെ ഉദ്ദേശ്യം. ഇതിനായി പരിശീലനം ലഭിച്ച അധ്യാപകരാല്‍ വര്‍ഷത്തില്‍ 16 മണിക്കൂറോളം വരുന്ന ക്ലാസുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതി. പക്ഷേ എ.ഇ.പി മുന്നോട്ട് വച്ചപ്പോള്‍ തന്നെ 12 സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനിന്നു. പീന്നീടത് ആറായി കുറഞ്ഞെങ്കിലും അനിയന്ത്രിതമായ എതിര്‍പ്പായിരുന്നു അക്കാലത്ത് സര്‍ക്കാര്‍ നേരിട്ടത്.

ഇന്ത്യന്‍ സംസ്‌കാരമൂല്യങ്ങളെ വിലകുറച്ചു കാണുന്ന പാഠ്യപദ്ധതിയെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനയച്ച കത്തില്‍ പറഞ്ഞത്. അപമാനകരവും യുവമനസ്സുകളെ മലിനമാക്കുന്നതുമായ പഠനമെന്ന് പറഞ്ഞത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയാണ്. അവസാനം, എ.ഇ.പി പാഠങ്ങള്‍ സംസ്ഥാനങ്ങളുടെ സൗകര്യാര്‍ത്ഥം വിട്ടുകൊടുക്കുക എന്നതായിരുന്നു കേന്ദ്രത്തിനു ചെയ്യാനുണ്ടായിരുന്നത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങള്‍ പൂര്‍ണമായും എ.ഇ.പി നിരാകരിച്ചപ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ചെറിയ ഭേദഗതികളോടെ പദ്ധതി നടപ്പാക്കി. വളരുകയെന്നാല്‍ മാതൃത്വത്തിനോ പിതൃത്വത്തിനോവേണ്ടിയുള്ള തയ്യാറെടുപ്പല്ലെന്നും സ്ത്രീത്വമെന്നാല്‍ കുലീനതയും നിശ്ശബ്ദതയുമല്ലെന്നും പാഠ്യപദ്ധതിയിലുള്‍പ്പെടുന്നതായി വ്യക്തമാക്കുന്നുണ്ട്. വിഷയത്തില്‍ വിശ്വാസമുള്ളവരുമായി സംശയ നിവാരണം നടത്തുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നും പഠനപദ്ധതിയില്‍ പറയുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ 'മുതിര്‍ന്ന' നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ തക്ക കാരണങ്ങള്‍ എ.ഇ.പിയുടെ ഭാഗമായിരുന്നുവെന്ന് സാരം.

2020-ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയും ചേര്‍ന്ന് മറ്റൊരു പദ്ധതിയും വിഷയത്തിന് പ്രാധാന്യം നല്‍കികൊണ്ട് രൂപകല്‍പന ചെയ്തിരുന്നു. സെക്‌സ് എജുക്കേഷന്‍ എന്നതിന് പകരം 'ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് കരിക്കുലം' എന്ന പേരിലായിരുന്നു പദ്ധതി. ആറു മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു അന്ന് അദ്ധ്യയനക്രമം രൂപപ്പെടുത്തിയിരുന്നത്. മാനസികാരോഗ്യവും ആരോഗ്യവും ശുചിത്വവും പഠനഭാഗങ്ങളായി. ഇതിനുപുറമേ എച്ച്.ഐ.വിയെക്കുറിച്ചുള്ള അവബോധവും ലിംഗസമത്വവും ലൈംഗികാരോഗ്യവും കൂടെ ചേരുന്നതോടെ പാഠ്യപദ്ധതിയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ഈ പദ്ധതിയെങ്കിലും കൃത്യമായി നടപ്പായിരുന്നെങ്കില്‍ നമുക്ക് സമാശ്വാസിക്കാമായിരുന്നു. എന്നാല്‍ രാജ്യത്ത് ലൈംഗികവിദ്യാഭ്യാസത്തില്‍ മേല്‍പ്പറഞ്ഞ നയവും ചലനങ്ങളൊന്നുമുണ്ടാക്കിയില്ല. അന്ന് നയം രൂപീകരുക്കുമ്പോള്‍ ഡോ.ഹര്‍ഷവര്‍ധനാണ് രാജ്യത്തിന്റെ ആരോഗ്യമന്ത്രി. ലൈംഗിക വിദ്യാഭ്യാസത്തിനു പകരം ഇന്ത്യന്‍ മൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കണം എന്ന് പറഞ്ഞതിന് കുപ്രസിദ്ധനാണ് അദ്ദേഹം. മുന്‍പ് ഒരിക്കല്‍ ഗര്‍ഭനിരോധനയുറകളേക്കാള്‍ മികച്ചത് പങ്കാളിയോടുള്ള വിശ്വാസ്യതയാണെന്ന് പറഞ്ഞതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഗര്‍ഭനിരോധന ഉപാധികള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രചാരണം നല്‍കുന്ന കാലത്താണ് അദ്ദേഹത്തില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായതെന്നും ഗൗരവകരമായ കാര്യമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതില്‍ വ്യക്തമായ പാഠ്യപദ്ധതിയോടുകൂടിയ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും സ്ഥിതി മറിച്ചാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും കൃത്യമായി നടപ്പാക്കുന്ന ഏകീകരിച്ച പാഠ്യപദ്ധതിയില്ല എന്നതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. രാജ്യത്തെ സ്വാശ്രയ സ്‌കൂളുകളില്‍ ഏതു രീതിയിലാണ് ലൈംഗിക വിദ്യാഭ്യാസം നടക്കുന്നതെന്നോ, അവ പരിശീലിപ്പിക്കുന്നത് കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ളവരാണോ എന്നൊന്നും പരിശോധിക്കാന്‍ ഇന്നാട്ടില്‍ സംവിധാനങ്ങളില്ല. ഇന്ത്യയില്‍ ലൈംഗികവിദ്യാഭ്യാസമെന്നാല്‍ ഗുഡ് ടച്ചും, ബാഡ് ടച്ചും, എച്ച്.ഐ.വിയും മാത്രമാണ്. സ്വവര്‍ഗാനുരാഗികളെക്കുറിച്ചോ ഭിന്നലിംഗക്കാരെക്കുറിച്ചോ മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചോ ഒരു അവബോധവുമില്ലാതെയാണ് കുട്ടികള്‍ വളരുന്നത്. ആര്‍ത്തവത്തെപ്പറ്റിപോലും ഇന്നും അജ്ഞരാണ് വലിയൊരു ഭൂരിപക്ഷവും.

ഡല്‍ഹിയിലുണ്ടൊരു വിദ്യാഭ്യാസ മാതൃക

'Unfortunately, the pain, suffering, and scars of violence has become a part of daily life for members of the community. It's time now to raise voice to stop violence against transgender people.' - Anjan Joshi

സമൂഹത്തില്‍ നിലനിന്നു വരുന്ന ചില മാതൃകകളുണ്ട്. എത്രയൊക്കെ കടലാസില്‍ എഴുതിയാലും ആളുകളുടെ മനസ്സില്‍ ഇന്നും ഇത്തിള്‍ക്കണ്ണി പോലെ പറ്റിപിടിച്ചിരിക്കുന്ന ചില നോക്കിക്കാണലുകള്‍. ഇത്തരം ചിന്തകളെയൊക്കെ കാറ്റില്‍ പറത്തിയ കഥയാണ് അഞ്ജന്‍ ജോഷിയുടേത്. ഒരു വര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങളാല്‍ രാജ്യതലസ്ഥാനത്തെ 28-ല്‍ പരം വിദ്യാലയങ്ങളെയാണവര്‍ ട്രാന്‍സ്പീപ്പിളിന് അനുകൂലമാംവിധം സൗഹാര്‍ദമാക്കിയത്. അഞ്ജന്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സ്പേസ് എന്ന സന്നദ്ധ സംഘടന നടത്തിയ പരിശ്രമത്തിന്റെ ഫലം. ഡല്‍ഹി സര്‍ക്കാരിന്റെയും നെതര്‍ലെന്‍ഡ്സ് എംബസിയുടെയും സഹായവും സംഘടനയ്ക്കുണ്ടായിരുന്നു. ട്രാന്‍സ്ജെന്ഡറുകളെ ഉള്‍ക്കൊള്ളുന്നതിനായി വിദ്യാലയങ്ങളില്‍ യൂനിസെക്സ് ശുചിമുറി സ്ഥാപിക്കുന്നതിലും ട്രാന്‍സ് ബുള്ളിയിംഗ് (Transbullying) വിരുദ്ധ കമ്മിറ്റി രൂപീകരിക്കുന്നതിലും അവര്‍ വിജയിച്ചു. ദിവസേന 500-ഓളം അധ്യാപകരെ സംഘടനയുടെ കീഴില്‍ പരിശീലിപ്പിക്കുന്നതായി 2020-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടവര്‍ വ്യക്തമാക്കുന്നുണ്ട്. ലിംഗവിവേചനമില്ലാതെ എല്ലാ കുട്ടികളുടെയും പൂര്‍ണ്ണ പങ്കാളിത്തമുറപ്പാക്കുന്നതിലും ലഭ്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും അവര്‍ക്ക് വിജയിക്കാനായി. ഇത്തരം മാതൃകകള്‍ രാജ്യത്തുടനീളം പരീക്ഷിക്കാവുന്നതാണ്. മനുഷ്യരെ വീണ്ടും വ്യത്യസ്ത സമൂഹങ്ങളായി ധ്രുവീകരിക്കുന്നതിലും നല്ലത് ഒരുമിച്ചുള്ള മുന്നോട്ടുപോക്കാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കൗമാരക്കാര്‍ക്കിടയിലെ അമ്മമാര്‍

നിയമപ്രകാരം ഇന്ത്യയില്‍ വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണെങ്കിലും രാജ്യത്ത് ഇതിനും മുന്‍പ് വിവാഹിതരാകുന്നവരുടെയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സംഖ്യ വളരെ വലുതാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5(NFHS-5) പ്രകാരം രാജ്യത്തിന്നും ശൈശവ വിവാഹങ്ങളുടെയും 19 സയസ്സിനു മുന്‍പ് ഗര്‍ഭിണിയാകുന്ന സ്ത്രീകളുടെയും സംഖ്യയില്‍ പ്രകടമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായിട്ടില്ല. ത്രിപുര (21.9), വെസ്റ്റ് ബെംഗാള്‍ (16), അസം (12) എന്നീ സംസ്ഥാനങ്ങളില്‍ കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭം ധരിക്കുന്നവരുടെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.

അന്ധവിശ്വാസങ്ങളും കൃത്യമായ സാമൂഹികാവബോധമില്ലാത്തതുമാണ് പല ഇടങ്ങളിലും ഇന്നും ഇത്തരത്തിലുള്ള സമ്പ്രദായങ്ങള്‍ നിലനിന്നു പോകുന്നതിന് കാരണം. തുല്യമായ രീതിയില്‍ രാജ്യത്ത് വിദ്യാഭ്യാസം എത്തിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി. മാതൃമരണനിരക്ക് വര്‍ധിപ്പിക്കുന്നതിനും മുന്നോട്ടുള്ള ജീവിതത്തില്‍ പോഷകക്കുറവിനെല്ലാം ഇത്തരം സമ്പ്രദായങ്ങള്‍ കാരണമാകുന്നു. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടാണ് പെണ്‍കുട്ടികളെ ചെറുപ്രായത്തിലെ വിവാഹങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ജീവിതമാണ് അടിസ്ഥാനസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇത്തരം വിവാഹങ്ങളുടെ ഭാഗമാകുന്ന കുട്ടികളില്‍ ഭൂരിപക്ഷം പേരുടെയും മാതാവും ഭര്‍തൃമാതാവുമടക്കമുള്ളവരും ഇതേ അവസ്ഥയിലൂടെ കടന്നുപോയവരാണ് എന്നുള്ളതാണ് മറ്റൊരു കണക്ക്. പതിനാറാം വയസ്സില്‍ വിവാഹിതരാകുന്ന ഇവരുടെ അടുത്ത തലമുറയില്‍പോലും ഒരു മാറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യന്‍ സാമൂഹികസ്ഥിതിയുടെ നേര്‍ചിത്രം. പുരുഷനിയന്ത്രിതമായ സമൂഹത്തില്‍ തങ്ങളുടെ അവകാശലംഘനങ്ങള്‍ ഇവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും ശൈശവ വിവാഹം ഇന്നും നടക്കുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. വെസ്റ്റ് ബെംഗാള്‍, ബിഹാര്‍, ത്രിപുര, മണിപൂര്‍, അസം എന്നീ സംസ്ഥാനങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ സാമൂഹിക അന്തരീക്ഷം കടന്നുപോകുന്ന ദുരന്തത്തെയാണ്.

കുട്ടികള്‍ക്കു നേരെയുളള ലൈംഗികാതിക്രമങ്ങള്‍

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ കണക്കും ദിനംപ്രതി ഉയരുകയാണ്. ഇന്ത്യയില്‍ അഞ്ചിനും പന്ത്രണ്ടിനുമിടയിലുള്ള കുട്ടികളില്‍ വലിയൊരു ഭൂരിപക്ഷവും രക്ഷിതാക്കളാലോ അടുത്ത കുടുംബത്തിലെ ആളുകളാലോയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ആയതിനാല്‍ ഇത്തരം കേസുകള്‍ നിയമത്തിനു മുന്നിലേക്ക് വരുന്നില്ലായെന്നതും അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്. ലൈംഗികവും ലൈംഗികേതരവുമായ സ്പര്‍ശനങ്ങളെ കുട്ടികള്‍ക്ക് തിരിച്ചറിയാനാവത്തതാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് കാരണം. ഇത്തരത്തില്‍ ലൈംഗികമായി ദുരുപയോഗപ്പെടുന്ന കുട്ടികളില്‍ മുതിര്‍ന്നതിനു ശേഷം ആത്മഹത്യാ പ്രവണത, ദേഷ്യം, ശാഠ്യം തുടങ്ങി ധാരാളം വ്യക്തിത്വ വൈകല്യങ്ങള്‍ രൂപപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും, ലഹരി ഉപയോഗത്തിനുള്ള സാധ്യതയും ഇത്തരം കുട്ടികളില്‍ കണ്ടു വരുന്നു. അക്രമം നേരിട്ട കുട്ടിയ്ക്ക് വേണ്ട കൗണ്‍സലിംഗ് ലഭ്യമാക്കാനോ നേരിട്ട മാനസികാഘാതത്തെ അതിജീവിക്കുന്നതില്‍ വേണ്ട വിദഗ്ധ സഹായം ചെയ്തു കൊടുക്കുന്നതിലോ ഇന്നും പല കുടുംബങ്ങളും മടി കാണിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തിലൂടെ ഇത്തരം സ്പര്‍ശനങ്ങളിലേക്കെത്തുന്നത് തടയുന്നതിന് കുട്ടികളെ പ്രാപ്തരാകുന്നതിനാകണം നമ്മുടെ പ്രഥമ പരിഗണന.

ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗത്തിലും 19നു മുന്‍പ് ഗര്‍ഭം ധരിക്കുന്നവരും അല്ലാത്തവരും തമ്മില്‍ വലിയ അന്തരമുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപാധികളുടെ ലഭ്യതയുടെ കാര്യത്തിലും പര്യാപ്തമായി ഉപയോഗിക്കുന്ന കാര്യത്തിലും 19നു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ കൂടുതല്‍ ധാരണയുണ്ട്. ഗര്‍ഭനിരോധനമെന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരും രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15-നും 49-നുമിടയിലുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗര്‍ഭനിരോധന ഉപാധികളെ പറ്റി അല്പമെങ്കിലും ധാരണയുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ സാമൂഹികമായ പല കാഴ്ചപ്പാടുകളാലും, വിവിധ വിശ്വാസങ്ങളാലും ഇതില്‍ നിന്നും പിന്തിരിയുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണം പ്രചാരണത്തിലാക്കേണ്ടത് അത്യാവശ്യമാണ്.

ലാറ്റിന്‍ അമേരിക്കയും പരാജയം

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ അവസ്ഥയും മോശമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമവും, ഗര്‍ഭം ധരിക്കുന്ന കൗമാരക്കാരുടെ എണ്ണവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വളരെ കൂടുതലാണ്. പതിന്നാല് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ പോലും ദുരുപയോഗപ്പെടുന്നുണ്ട് എന്നതാണ് പല രാജ്യങ്ങളിലെയും അവസ്ഥ. ഒരു പതിനൊന്നുകാരി ഗര്‍ഭിണിയായി ആശുപത്രിയിലെത്തിയാല്‍ പോലും ഇവിടെ ഒരത്ഭുതവുമില്ലെന്ന് മുന്‍ യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് ഡയറക്ടര്‍ അല്‍വാരോ സെറാനോ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗിക വിദ്യാഭ്യാസത്തോട് ഇത്തരം സമൂഹങ്ങള്‍ വച്ചു പുലര്‍ത്തുന്ന അവഗണനയുടെ ഫലം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മരണമാണ്. രാജ്യങ്ങളില്‍ 39 ശതമാനത്തോളം പെണ്‍കുട്ടികളും തങ്ങളുടെ 20-ാം വയസ്സിനു മുന്‍പായി ഗര്‍ഭം ധരിക്കുന്നുണ്ടെന്നാണ് കമിലിയ ഗിയനെല്ലയുടെ 'സെക്‌സ് എജുക്കേഷന്‍ ഇന്‍ സ്‌കൂള്‍സ്: എ ബാറ്റില്‍ ഗ്രൗണ്ട് ഇന്‍ ലാറ്റിന്‍ അമേരിക്ക' എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ലിംഗസ്വത്വം തിരിച്ചറിയുന്നതിനും ലൈംഗിക വിദ്യാഭ്യാസത്തിനുമെതിരെ പോരാടാനാണ് യാഥാസ്ഥിതികരായ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം കൃത്യമായി നടപ്പാക്കുന്നത് കുടുംബങ്ങളെ തകര്‍ക്കുകയും കുട്ടികളെ സ്വവര്‍ഗാനുരാഗികളാകുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.

ലോകത്തിന് മുന്നിലൊരു ഓറഞ്ച് മാതൃക

നാലാം വയസ്സിലാണ് നെതര്‍ലന്‍ഡ്സ് അവരുടെ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. നെറ്റി ചുളിക്കാന്‍ വരട്ടെ. നാലാം വയസ്സില്‍ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കുന്ന നാട്ടില്‍ 0.4 ശതമാനമാണ് കൗമാരക്കാര്‍ ഗര്‍ഭിണിയാകുന്നതിന്റെ കണക്ക്. ഇറ്റലി, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും മികച്ച രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയ രാഷ്ട്രങ്ങളാണ്. സി.ഇ.ഒ വേള്‍ഡ് മാഗസിന്‍ നടത്തിയ പഠനത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമായിരുന്നു നെതര്‍ലെന്‍ഡ്സിന്. ലിംഗസമത്വം, സുരക്ഷിതത്വം, തുല്യവേതനം, അധികാരത്തിലുള്ള സ്ത്രീകളുടെ എണ്ണം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്. 3,90,500-ഓളം സ്ത്രീകളായിരുന്നു സര്‍വേയില്‍ പങ്കെടുത്തത്.

നാലാം വയസ്സു മുതല്‍ ഇവിടുത്തെ വിദ്യാലയങ്ങളില്‍ നിയമപരമായി ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നുണ്ട്. എന്നു കരുതി നാലുവയസ്സുള്ള കുട്ടികളുടെയടുത്ത് ലൈംഗികതയെ കുറിച്ച് തുറന്നുപറയലല്ല ഇവിടുത്തെ രീതി. മറിച്ച് കൃത്യമായ് ലിംഗഭേദമന്യേ ആളുകളെ ബഹുമാനിക്കാനും, ശുചിത്വം പാലിക്കിന്നതിനെക്കുറിച്ചുമെല്ലാമാണ് ആരംഭത്തില്‍ മനസ്സിലാക്കുക. ചെറിയ കുട്ടികളെ വരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ലോകമാണ്. ലൈംഗികവും ലൈംഗികേതരവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് കൃത്യമായി കുട്ടികള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഉത്തരവാദിത്വത്തോടെ സമീപിക്കാനും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനും കണ്‍സെന്റിനെ കൃത്യമായ് മനസ്സിലാക്കാനും ചെറുപ്രായത്തില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസം ഇവരെ പ്രാപ്തരാക്കുന്നു.

ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കാനും അദ്ധ്യയനക്രമം മറക്കുന്നില്ല. അവരവരുടെ ലിംഗസ്വത്വവും സ്വവര്‍ഗാനുരാഗവുമെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്. രണ്ടു മനുഷ്യര്‍ തമ്മില്‍ പ്രണയിക്കുന്നത് അന്നാട്ടില്‍ സ്വാഭാവികമാണ്. ഇവര്‍ക്കെതിരേ വിധ്വേഷപ്രസംഗം നടത്താനോ, അതിക്രമം പ്രവര്‍ത്തിക്കാനോ അവിടുത്തെ പൗരന്മാര്‍ മുതിരാറില്ല. ഗര്‍ഭനിരോധന ഉപാധികളെക്കുറിച്ചും വ്യക്തമായ ധാരണ നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളാല്‍ താരതമ്യപ്പെടുത്തുമ്പോള്‍ പോലും നെതര്‍ലന്‍ഡ്സില്‍ ലൈംഗിക രോഗങ്ങള്‍ വളരെ കുറവാണ്. ലൈംഗിക രോഗങ്ങളെക്കുറിച്ചും കൃത്യമായ അവബോധം ഇവിടുത്ത പൗരന്മാര്‍ക്കുണ്ട്. ആയതിനാല്‍ രാജ്യത്തെ ലൈംഗികരോഗികളുടെ കണക്ക് 0.20 ശതമാനമാണ്. ലൈംഗികതയെ കുറിച്ച് സംശയങ്ങള്‍ ധൂരീകരിക്കാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ട ആവശ്യം ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കില്ല. അവര്‍ക്ക് രക്ഷിതാക്കളുടെ അടുത്തോ അധ്യാപകരുടെയടുത്തോ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കാലത്തിനനുസരിച്ചുള്ള ആരോഗ്യകരമായ മാറ്റത്തിന് നാം വിധേയരാകേണ്ടതുണ്ട്. സംശയമില്ലാതെ മാതൃകയാക്കാനാകുന്നതാണ്...ഈ ഡച്ച് മാതൃക

കടപ്പാട്: ഡോ. എല്‍സി ഉമ്മന്‍, സൈക്യാട്രിസ്റ്റ്, കൊച്ചി; അതുല്യ ജയാനന്ദ്, പി.ജി വിദ്യാര്‍ഥി, കാര്യവട്ടം

Content Highlights: why sex education is important


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented