ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനായകനായി എട്ടുവയസ്സുകാരനെ ദലൈലാമ വാഴിക്കുന്നു
പര്‍വതമുകളില്‍, ശാന്തമായ അന്തരീക്ഷത്തില്‍ ഒരിടം. അതാണ് ധര്‍മശാല. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തോടെ അറുപതുകൊല്ലം മുന്‍പാണ് ദലൈലാമ തന്റെ അനുയായികളുമായി ഇന്ത്യയിലേക്ക് പലായനംചെയ്തത്. അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നിര്‍ദേശപ്രകാരം അവര്‍ ധര്‍മശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ എത്തി. ബുദ്ധവിഹാരവും താമസസ്ഥലവും നിര്‍മിച്ച അവര്‍ അവിടെ ടിബറ്റന്‍ അഭയാര്‍ഥി ഗവണ്‍മെന്റിന്റെ ആസ്ഥാനമായ സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ സ്ഥാപിച്ചു. അന്ന് മുതല്‍ ദലൈലാമയുടേയും ടിബറ്റന്‍ ബുദ്ധമതക്കാരുടേയും ആശ്രയകേന്ദ്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് ധര്‍മശാല. അടുത്തിടെ 600-ലധികം മംഗോളിയന്‍ ബുദ്ധമതക്കാര്‍ ധര്‍മശാലയില്‍ ഒത്തുകൂടിയത് ഈ നഗരത്തെ വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടുവയസ്സുകാരനായ മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്ത അപൂര്‍വ ചടങ്ങിനാണ് ധര്‍മശാല സാക്ഷ്യം വഹിച്ചത്. മംഗോളിയന്‍ വംശജനായ കുട്ടിയെയാണ് പത്താമത്തെ 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ' (Khalkha Jetsun Dhampa Rinpoche )യായി ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമ വാഴിച്ചത്. തങ്ങള്‍ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചൈനയെ തള്ളിയാണ് ദലൈലാമയുടെ നടപടി.
മാര്‍ച്ച് എട്ടിനാണ് അമേരിക്കയില്‍ ജനിച്ച ഒരു ആണ്‍കുട്ടിയെ പത്താമത്തെ 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ' അല്ലെങ്കില്‍ മംഗോളിയരുടെ ഗെലുഗ് വംശത്തിലെ പത്താമത്തെ 'ജെബ്സുന്ദംബ ഖുതുക്തു' (Jebtsundamba Khutuktu)ആയി അഭിഷിക്തനായത്. വര്‍ഷങ്ങളോളം മംഗോളിയന്‍ ബുദ്ധമതക്കാരെ നയിച്ച 9-ാമത്തെ 'ജെബ്സുന്ദംബ ഖുതുക്തു' 2012-ലാണ് അന്തരിച്ചത്. മംഗോളിയക്കാരെ സംബന്ധിച്ച് 'ജെബ്സുന്ദംബ ഖുതുക്തു' ഒരു സാധാരണ സന്യാസിയല്ല. അവരുടെ മതപരവും വിശ്വാസപരവുമായ എല്ലാത്തിനോടും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥാനമാണത്. ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ ഒഴിഞ്ഞു കിടന്ന ആ സ്ഥാനത്തേക്കാണ് പത്ത് വയസുകാരന്‍ എത്തുന്നത്. ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെയുള്ള ദലൈലാമയുടെ ഈ നടപടി അവരെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. 1995-ല്‍, ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെ ദലൈലാമ 11-ാം പഞ്ചെം ലാമയായി ഒരു ആറുവയസ്സുകാരനെ പ്രഖ്യാപിച്ചിരുന്നു. മൂന്നുദിവസത്തിനുശേഷം കൂട്ടിയെയും കുടുംബത്തെയും കാണാതായി. ചൈന തട്ടിക്കൊണ്ടു പോയതായാണ് പരാതി. ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ അതീവ പ്രാധാന്യമുള്ളതാണ് നിലവിലെ ദലൈലാമയുടെ നടപടികള്‍.
ടിബറ്റില്‍ എന്താണ് സംഭവിച്ചത്?
എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ടിബറ്റില്‍ ബുദ്ധമതം പ്രചാരത്തിലാവുന്നത്. ദലൈലാമയുടെ വാഴ്ച അവിടെ ആരംഭിക്കുന്നതാകട്ടെ പതിനാറാം നൂറ്റാണ്ടിലും. 1720-ല്‍, ഏഴാമത്തെ ദലൈലാമയുടെ കാലത്ത് സുംഗാറുകള്‍ (ആദിവാസി സംഘങ്ങള്‍) ടിബറ്റിനെ കീഴടക്കാനെത്തി. ചൈനീസ് ഭരണകൂടമാണ് അവരെ തോല്‍പ്പിക്കാന്‍ സഹായം നല്‍കിയത്. ഇതിന് ശേഷം രണ്ട് ഉദ്യോഗസ്ഥരെ (ആംബന്‍സ്) ചൈന ലാസയില്‍ നിയമിച്ചുതുടങ്ങി. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ മുമ്പത്തെ ലാമയുടെ പുനരവതാരമായാണ് കരുതുന്നത്. ഒരു ലാമയുടെ മരണശേഷം പുതിയ ലാമ വരുന്നതിനുമുമ്പ് ചെറിയൊരു ഇടവേളയുണ്ടാകാറുണ്ട്. ഇക്കാലയളവില്‍ ടിബറ്റിന്റെ ഭരണം കൈയാളിയിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളായിരുന്ന ആംബനുകളും റീജന്റുമാരുമായിരുന്നു. 1895-ല്‍ ചുമതലയേറ്റ പതിമ്മൂന്നാമത് ദലൈലാമയുടെ സ്വതന്ത്രമായ രീതികള്‍ ചൈനയില്‍നിന്നും കടുത്ത പ്രതികരണങ്ങള്‍ക്കിടയാക്കി. 1910-ല്‍ ചൈന ടിബറ്റിനെ കീഴടക്കി. ഇതോടെ, ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തുകയും ടിബറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബ്രിട്ടീഷുകാരുമായി അദ്ദേഹം ധാരണയിലെത്തി. അത് പ്രകാരം 1914-ല്‍ സിംലയില്‍വെച്ച് ബ്രിട്ടന്‍, ചൈന, ടിബറ്റ് എന്നീ ത്രിരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍പ്രകാരം മക്മോഹന്‍ രേഖ എന്നറിയപ്പെടുന്ന പുതിയ അതിര്‍ത്തി നിലവില്‍വന്നു. 1933-ല്‍ പതിമ്മൂന്നാമത് ദലൈലാമ അന്തരിച്ചു.
1949-ല്‍ 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന' രൂപവത്കരിച്ചശേഷം, ടിബറ്റിനെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ആദ്യലക്ഷ്യങ്ങളിലൊന്ന് എന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതോടെ അപകടം മണത്ത ടിബറ്റന്‍ അധികാരികള്‍ ലാസയില്‍ പരിശീലനത്തിലായിരുന്ന തങ്ങളുടെ പതിന്നാലാമത് ദലൈലാമയെ സ്ഥാനത്ത് അവരോധിച്ചു. ഒപ്പം ഐക്യരാഷ്ട്രസഭയേയും യു.എസ്.എ. മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളെയും സഹായത്തിനായി സമീപിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാര്‍ നെഹ്‌റു ടിബറ്റിലെ സായുധ ഇടപെടല്‍കൊണ്ട് അന്താരാഷ്ട്ര തലത്തിലുണ്ടാകാന്‍പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങളുടെ ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ് ചൈന അത് തള്ളിക്കളഞ്ഞു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതുള്‍പ്പെടെ വ്യവസ്ഥകളുള്ള കരാറില്‍ 1951 മേയില്‍ ടിബറ്റും ചൈനയും ഒപ്പുവെച്ചു. അതോടെ, ടിബറ്റില്‍ സമാധാനാന്തരീക്ഷം നിലവില്‍വന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ടിബറ്റില്‍ ചൈനയ്ക്ക് എതിരായ പ്രക്ഷേഭം രൂപപ്പെട്ടു. ഇതോടെ ചൈന സൈനിക നടപടികള്‍ ആരംഭിച്ചു. ഇതിനേത്തുടര്‍ന്ന് ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്ന് മനസിലാക്കിയ ദലൈലാമ രഹസ്യമായി അദ്ദേഹം അവിടെനിന്നു രക്ഷപ്പെട്ടു. 1959-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് കടന്നു. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. ടിബറ്റ് അവര്‍ നിയന്ത്രണത്തിലാക്കി.

ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ
ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ആത്മീയനേതാവാണ് 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ' അഥവ 'ജെബ്സുന്ദംബ ഖുതുക്തു'. അടുത്ത ദലൈലാമയെ അംഗീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ആ സന്നാസ്യയായിരിക്കും. അതിനാല്‍തന്നെ തങ്ങള്‍ക്ക് അനുകൂലമുയി ഒരു ദലൈലാമയെ പ്രതിഷ്ഠിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. അക്കാദമിക്-കോര്‍പ്പറേറ്റ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിത്തില്‍ നിന്നുള്ളയാളും മുന്‍ മംഗോളിയന്‍ പാര്‍ലമെന്റംഗത്തിന്റെ ചെറുമകനുമാണ് നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കുട്ടി. ഇരട്ടസഹോദരനുമുണ്ട് റിംപോച്ചെയ്ക്ക്. സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസറായ അല്‍തന്നാര്‍ ചിഞ്ചുലു (Altannar Chinchuluun)ന്റെയും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മോന്‍ഖ്നാസന്‍ നര്‍മന്ദഖി (Monkhnasan Narmandakh)ന്റെയും ഇരട്ട ആണ്‍കുട്ടികളായ അഗിഡായി (Aguidai), അചില്‍തായ് അല്‍ത്തന്നാര്‍ (Achiltai Altannar) എന്നിവരില്‍ ഒരാളാണ് കുട്ടിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മംഗോളിയന്‍ ബാലന്റെ മുത്തശ്ശി ഗരംജാവ് സെഡന്‍ (Garamjav Tseden) മംഗോളിയന്‍ പാര്‍ലമെന്റിലെ മുന്‍ അംഗമായിരുന്നു. മാര്‍ച്ച് 8-ന് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഏകദേശം അറുനൂറോളം ബുദ്ധമതാനുയായികള്‍ പങ്കെടുത്ത ചടങ്ങിലാണ് 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ'യുടെ പുനര്‍ജന്മം കണ്ടെത്തിയതായി ദലൈലാമ പ്രഖ്യാപിച്ചത്. ഇതോടെ പത്താമത്തെ ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിന്‍പോച്ചെ ആയി ബാലന്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
പത്തുവയസുകാരന്റെ വിവരങ്ങള്‍ ടിബറ്റന്‍ ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനേപ്പറ്റി കുടുംബവും പ്രതികരിച്ചിട്ടില്ല. സ്ഥാനാരോഹണത്തോട് ചൈനയുടെ പ്രതികരണം ഭയന്നു തന്നെയാണ് റിന്‍പോച്ചെയുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുന്നത്. 1995-ല്‍ ദലൈലാമ പുതിയ പഞ്ചന്‍ലാമയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൈനീസ് അധികാരികള്‍ കുട്ടിയെ തടവിലാക്കുകയും അവരുടെ സ്വന്തം പഞ്ചന്‍ ലാമയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കുട്ടിക്കും അതിന് സമാനമായ ഒരു വിധി വരുമെന്ന് ധര്‍മ്മശാല ഭയപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. ടിബറ്റന്‍ ബുദ്ധമത നേതാക്കള്‍ തങ്ങളുടെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളുടെ പുനര്‍ജന്മത്തെ തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും അസാധാരണമല്ല. ഈ അംഗീകാരത്തിന് മതത്തിനുള്ളില്‍ വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍ ടിബറ്റിനു മേല്‍ ചൈന പരമാധികാരം അവകാശപ്പെടുന്നതിനാല്‍, അത്തരം അംഗീകാരങ്ങള്‍ പലപ്പോഴും ടിബറ്റും ചൈനയും തമ്മിലുള്ള പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്. മംഗോളിയയിലെ ബുദ്ധമതക്കാര്‍ക്ക് തീരുമാനത്തോട് സ്വീകാര്യതയാണെങ്കിലും രാജ്യത്തെ മതേതര ദേശീയവാദികകള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. ചൈനയില്‍ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ച് വലിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്. മധ്യഏഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന തീരുമാനം വന്നതിന് പിന്നാലെ മംഗോളിയക്ക് മേല്‍ ചൈനീസ് സമ്മര്‍ദ്ദം ശക്തമാകാനും സാധ്യതയുണ്ട്. എന്നാല്‍ ചൈനയുടെ പ്രതികരണം വരാത്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ മംഗോളിയ മൗനം പാലിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം
'ജെബ്സുന്ദംബ ഖുതുക്തു'വിന്റെ തിരഞ്ഞെടുപ്പിന് മതപരമായ പ്രാധാന്യം മാത്രമല്ല, മംഗോളിയയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തും പ്രാധാന്യമുണ്ട്. മംഗോളിയയുടെ അടുത്ത ആത്മീയ നേതാവിന് വേണ്ടിയുള്ള ഈ അന്വേഷണം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും വിളനിലംകൂടിയാണ്. മംഗോളിയയുടെ മതപരമായ കാര്യങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം നിഴല്‍ വീഴ്ത്തുന്നതിനിടയിലായിരുന്നു 'ജെബ്സുന്ദംബ ഖുതുക്തു'വിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പും സ്ഥാനോരോഹണവും. മംഗോളിയയിലെ ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും ഉയര്‍ന്ന ലാമയെ പ്രതിനിധീകരിക്കുന്ന ഈ പദവി, 2012-ല്‍ ഒന്‍പതാമത്തെ 'ജെബ്സുന്ദംബ ഖുതുക്തു'വിന്റെ മരണശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തന്റെ പിന്‍ഗാമിയെ ദലൈലാമ മാത്രം അംഗീകരിക്കണമെന്നതായിരുന്നു ഒന്‍പതാമത്തെ ജെബ്സുന്ദംബയുടെ ആഗ്രഹം. എന്നാല്‍, പുതിയ നേതാവിനെ അംഗീകരിക്കുന്നതിന് മുമ്പ് അംഗീകാരം തേടാന്‍ ചൈന മംഗോളിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. അതിര്‍ത്തിക്കപ്പുറത്തുള്ള ബുദ്ധമതത്തെ നിയന്ത്രിക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ചൈനയുടെ ടിബറ്റന്‍ പോളിസിയില്‍ മംഗോളിയ നിര്‍ണായകമായത്.
മംഗോളിയയുടെ ചരിത്രം, സംസ്‌ക്കാരം, പരമാധികാരത്തിന്റേയും ജനാധിപത്യത്തിന്റെയും ആശയങ്ങള്‍ എന്നിവയുമായി ബുദ്ധമതം ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നതാണ്. അതിനൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഭാവി ചൈനീസ് നയതന്ത്രത്തില്‍ കുടുങ്ങിക്കടക്കുകയാണ്. ചൈനയുടെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പോലും അടുത്ത 'ജെബ്സുന്ദംബ ഖുതുക്തു'വിനെ തിരിച്ചറിയുന്ന പ്രക്രിയ അത്യന്തം വെല്ലുവിളികളും സങ്കീര്‍ണ്ണതകളും നിറഞ്ഞതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ വലിയ തോതിലുള്ള രാഷ്ട്രീയ സ്വീധീനമുണ്ടാകുമെന്നത് തന്നെയാണ് അതിനെ വെല്ലുവിളി നിറഞ്ഞതാക്കുന്നത്. മംഗോളിയയിലെ ഒരു മുന്‍ പാര്‍ലമെന്റ് അംഗവും പൊതുരാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനമുള്ള ഒരു വ്യവസായി വനിതയുടെ ചെറുമകനെയാണ് ഇപ്പോള്‍ 10-ാമത്തെ ജെബ്സുന്ദംബ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ തിരഞ്ഞെടുപ്പിലെ ഇടപെടല്‍ പ്രക്രിയയുടെ സുതാര്യതയെയും സമഗ്രതയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഇത് തിരഞ്ഞെടുത്ത നേതാവിന്റെ ആത്മീയ അധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വിഘടനവാദിയായി ചൈന വിലയിരുത്തുന്ന ദലൈലാമ ഇതിനകം നിരവധി തവണ മംഗോളിയ സന്ദര്‍ശിക്കുകയും പല മതനേതാക്കളേയും തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2016-ലെ തന്റെ അവസാന മംഗോളിയ സന്ദര്‍ശന വേളയില്‍, ചൈനയുടെ നയതന്ത്ര മുന്നറിയിപ്പും അവഗണിച്ചുകൊണ്ട് തന്നെ പുതിയ 'ജെബ്സുന്ദംബ ഖുതുക്തു'വിനെ തിരിച്ചറിയുന്നതിനുള്ള ചടങ്ങ് അദ്ദേഹം രഹസ്യമായി നടത്തിയതായാണ് വിവരം. അതിനേത്തുടര്‍ന്ന് മംഗോളിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈന നികുതി ചുമത്തിയിരുന്നു. ചൈനയുടെ വടക്കന്‍ മേഖലയിലേക്ക് അതിര്‍ത്തി കടന്നെത്തുന്ന ചരക്കുകള്‍ക്ക് അധിക ഗതാഗതഫീസും ഈടാക്കിയിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് 2017-ല്‍ ചെയ്തത് പോലെ മംഗോളിയയ്ക്കെതിരെ ഇത്തവണ ചൈന വ്യാപാര-സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. എങ്കിലും അതീവ പ്രാധാന്യമുള്ള മതപരമായ വിഷയത്തില്‍ തന്ത്രപരമായ സമീപനം അവര്‍ സ്വീകരിച്ചേക്കും.
.jpg?$p=fad68fb&&q=0.8)
ചൈന തട്ടിക്കൊണ്ടുപോയ പഞ്ചെം ലാമ
ടിബറ്റില്‍ തന്ത്രപ്രധാന സ്ഥാനങ്ങളെല്ലാം തങ്ങളോട് ആലോചിച്ച് മാത്രമേ പ്രഖ്യാപിക്കാവൂ എന്നണ് ചൈനീസ് നിലപാട്. ഇതിന് വിരുദ്ധമായി 1995-ല്‍, ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെ ദലൈലാമ 11-ാം പഞ്ചെം ലാമയായി ആറുവയസ്സുകാരനായ ഗെധുന്‍ ചോകി നൈമ(Gedhun Choekyi Nyima)യെ പ്രഖ്യാപിച്ചിരുന്നു. ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് പഞ്ചെം ലാമ. ദലൈലാമയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനമാണ് ഒരു പഞ്ചെം ലാമയ്ക്കുള്ളത്. ദലൈലാമയുടെ പുനര്‍ജന്മത്തെ തിരിച്ചറിയുന്നതില്‍ പ്രധാന പങ്ക് വഹിക്കുക എന്നതാണ് പഞ്ചെം ലാമയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാളുടെ പ്രധാന കര്‍ത്തവ്യം. മുമ്പത്തെ പഞ്ചന്‍ ലാമ ലോബ്സാങ് ചോക്കി ഗയാല്‍റ്റ്സെന്‍ പലതവണ ചൈനീസ് ഭരണത്തിനെതിരേ രംഗത്തുവന്നയാളാണ്. 1960-കളിലെ ടിബറ്റിലെ ക്ഷാമത്തെക്കുറിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് എട്ട് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. 1989-ല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചത്. 1995-ലാണ് അടുത്ത പഞ്ചന്‍ ലാമയാകാന്‍ സാധ്യതയുള്ളവരുടെ പട്ടിക ദലൈലാമയ്ക്ക് അയച്ചത്. ആ വര്‍ഷം മെയ് 15-ന് ഗധുന്‍ ചോകി നൈമയെ പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായി അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നുദിവസത്തിനുശേഷം കൂട്ടിയെയും കുടുംബത്തെയും കാണാതായി. പിന്നീട് ആ ബാലനേക്കുറിച്ച് ഇരുവരെ വിവരങ്ങളൊന്നുമില്ല. ചൈന തട്ടിക്കൊണ്ടു പോയതായാണ് പരാതി. ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ അതീവ പ്രാധാന്യമുള്ളതാണ് നിലവിലെ ദലൈലാമയുടെ നടപടികള്‍.
ഗെധുന്‍ ചോകി നൈമയെ തട്ടിക്കൊണ്ടുപോയതിന് ആറുമാസത്തിനുശേഷം പഞ്ചെം ലാമയുടെ യഥാര്‍ത്ഥ പുനര്‍ജന്മത്തെ തങ്ങള്‍ കണ്ടെത്തിയതായി ചൈനീസ് അധികാരികള്‍ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ മകനും ടിബറ്റന്‍ ബാലനുമായ ഗ്യാല്‍സെന്‍ നോര്‍ബുവിനെയാണ് ചൈന പഞ്ചെം ലാമയായി പ്രഖ്യാപിച്ചത്. ബീജിങ്ങില്‍ താമസിക്കുന്ന ഗ്യാല്‍സെന്‍ നോര്‍ബു വളരെ അപൂര്‍വമായി മാത്രമേ ടിബറ്റ് സന്ദര്‍ശിച്ചിട്ടുള്ളൂ. കനത്ത പോലീസ് സുരക്ഷയിലാണ് ഈ സന്ദര്‍ശനങ്ങളെല്ലാം നടന്നിട്ടുള്ളതും. ചൈനീസ് സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിലെ (സി.പി.പി.സി.സി) അംഗവും സര്‍ക്കാര്‍ ബുദ്ധിസ്റ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗവുമാണ് ഗ്യാല്‍സെന്‍ നോര്‍ബു. 2015-ലെ ഒരു പ്രസംഗത്തില്‍ 'ദേശീയ ഐക്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ടിബറ്റില്‍ ബുദ്ധമതത്തെ നിയന്ത്രിച്ചും ദലൈലാമയുടെ സ്വാധീനം തകര്‍ക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് പഞ്ചെം ലാമയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിലയിരുത്തുന്നത്. ടിബറ്റുകാരെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമായി തങ്ങള്‍ പ്രഖ്യാപിച്ച പഞ്ചെം ലാമയെ ചൈനക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഒപ്പം ദലൈലാമയുടെ പുനര്‍ജന്മം കണ്ടെത്താനുള്ള സമയം വരുമ്പോള്‍, അത് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനും ഇതുവഴി ചൈനക്ക് കഴിയും. അതിനാല്‍തന്നെ ടിബറ്റുകാര്‍ 'പഞ്ചെം സുമ' (തെറ്റായ പഞ്ചെം) എന്നാണ് ഗയാല്‍സെന്‍ നോര്‍ബുവിനെ വിളിക്കുന്നത്.
പഞ്ചെം ലാമ എവിടെ?
ചൈന തട്ടിക്കൊണ്ടുപോയതിനുശേഷം, ഗെധുന്‍ ചോകി നൈമ എവിടെയാണെന്ന് അജ്ഞാതമാണ്. അദ്ദേഹത്തിന്റെ സംരക്ഷണാര്‍ത്ഥമാണ് നൈമ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താത്തതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന്‍' എന്നാണ് വിശേഷിപ്പിച്ചത്. 1996 മെയ് 28-ന് ഗെധുന്‍ ചോകി നൈമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമിതി ചൈനയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചൈന ഇത് തള്ളിക്കളഞ്ഞു. പിന്നലെ ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ അംബാസഡര്‍ ഗെധുന്‍ ചോകി നൈമ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണെന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തയെന്നായിരുന്നു അവകാശവാദം. ഗെധുന്‍ ചോകി നൈമ സാധാരണ ജീവിതം നയിക്കുകയാണെന്നാണ് 1998 മുതല്‍ ചൈന അവകാശപ്പെടുന്നത്.
.jpg?$p=bec7056&&q=0.8)
ഗെധുന്‍ ചോകി നൈമയെ ഇപ്പോള്‍ കണ്ടാല്‍ എങ്ങനെയിരിക്കും? വ്യക്തമായ ഉത്തരം ആര്‍ക്കും നല്‍കാന്‍ കഴിയാത്ത ചോദ്യം. എന്നാല്‍ 2019-ല്‍ ഒരു ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് ഗെധുന്‍ ചോകി നൈമ ഇപ്പോള്‍ എങ്ങനെയുണ്ടാകുമെന്നതിന്റെ ഒരു ഛായാചിത്രം നിര്‍മിച്ചു. ടിബറ്റന്‍കാരുമായി കൂടിയാലോചിച്ച് സമഗ്രമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ടിം വിഡ്ഡന്‍ എന്ന കലാകാരന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ഇത്തരത്തിലൊരു ചിത്രം നൂറു ശതമാനം ക്രിത്യമായിരിക്കില്ല. എങ്കിലും മുഖത്തിന്റെ അനുപാതത്തിന്റെ കാര്യത്തില്‍, ചിത്രവും അവന്‍ ഇപ്പോഴുള്ള രൂപവും തമ്മില്‍ വലിയ പൊരുത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ടിം വിഡ്ഡന്‍ പ്രതികരിച്ചത്. 2019 ഏപ്രില്‍ 23-ന് ഒരു ബിബിസി ഷോയിലാണ് ചിത്രം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനിടെ കാണാതായ പഞ്ചെം ലാമ എവിടെയെന്ന് വെളിപ്പെടുത്തണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹമിപ്പോള്‍ സാധാരണ ജീവിതം നയിക്കുകയാണെന്നായിരുന്നു ചൈനയുടെ മറുപടി. ബിരുദം പൂര്‍ത്തിയാക്കിയ ലാമയ്ക്ക് ഇപ്പോള്‍ സ്ഥിരം ജോലിയുണ്ടെന്നും ചൈന പറഞ്ഞിരുന്നു.
മംഗോളിയന്‍ വംശജനായ കുട്ടിയെയാണ് പത്താമത്തെ 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ' യായി ടിബറ്റന്‍ ആത്മീയനേതാവായ ദലൈലാമ വാഴിച്ചതിനേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നതാണ് ചൈനയുടെ നിലപാട്. ഈ സാഹചര്യത്തില്‍ 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ'യുടെ തിരഞ്ഞെടുപ്പ് നിയമപരമല്ലെന്ന് കരുതുന്നതിനാലാകാം ചൈന മൗനം പാലിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ദലൈലാമ 11-ാം പഞ്ചെം ലാമയായി ആറുവയസ്സുകാരനെ പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനകം കുട്ടിയെ കടത്തിക്കൊണ്ടുപോയ ചൈനയെ ടിബറ്റ് ഭയക്കുന്നു എന്നത് വ്യക്തമാണ്. കുട്ടിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാത്തത് അതിന് തെളിവാണ്. എങ്കിലും 'ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിംപോച്ചെ' യായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിക്കും ഗെധുന്‍ ചോകി നൈമയുടെ വിധിയുണ്ടാകുമോ എന്നാണ് ലോകം ഭയക്കുന്നത്.
Content Highlights: Who is the Mongolian boy named as third highest Buddhist spiritual leader?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..