Pushpa Kamal Dahal | Photo: Subhav Shukla/ PTI
സാൻവിച്ച് ബ്രഡ് കഷ്ണങ്ങൾക്കിടയിൽപ്പെട്ട ചീസ്
രണ്ട് ശക്തരായ അയൽരാജ്യങ്ങൾക്കിടയിൽ കിടക്കുന്ന നേപ്പാളിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അക്ഷരാർഥത്തിൽ കുടുങ്ങിക്കിടക്കുകയാണ് അവരുടെ രാഷ്ട്രീയവും നയതന്ത്രവും ഭാഗധേയവുമെല്ലാം. നേപ്പാളിന്റെ നിലനിൽപ്പുതന്നെ ഇരുരാജ്യങ്ങളേയും ആശ്രയിച്ചാണുള്ളത്. ഇരുവരേയും പിണക്കാതെ മാത്രമേ അവർക്കൊരു മുന്നോട്ടുപോക്കുള്ളൂ. മാവോവാദി ഗറില്ലാ നേതാവ് പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമ്പോഴും ഇതിന് മാറ്റമില്ല. ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം മെച്ചപ്പെടുത്താൻ പഴയ തർക്കങ്ങളെല്ലാം മറക്കുമെന്നാണ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രചണ്ഡ പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഇതിനായി ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രത്യക്ഷത്തില്‍ ഇങ്ങനെയെല്ലാം പറയുമെങ്കിലും കാര്യങ്ങള്‍ ഇതിന് വിപരീതമാണ്. അധികാരമേറ്റെടുത്ത് അധികം വൈകാതെ തന്നെ ചൈനയോട് അടുക്കുന്നതിന്റെ സൂചനകള്‍ പ്രചണ്ഡ നല്‍കിക്കഴിഞ്ഞു. അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാഠ്മണ്ഡു -കെറുങ് റെയില്‍വേ (Kathmandu-Kerung) പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്.) തയ്യാറാക്കുന്നതിനായി ചൈനീസ് സാങ്കേതിക സംഘം ഡിസംബര്‍ 27-ന് കാഠ്മണ്ഡുവിലെത്തി. ടിബറ്റന്‍ മേഖലയിലെ കെറുങ് നഗരത്തെ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പദ്ധതി. എട്ട് ബില്യണ്‍ യു.എസ്. ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നേപ്പാളിന്റെ വികസനത്തിന് ആക്കംകൂട്ടുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇത് രാജ്യത്തെ കടക്കെണിയിലാക്കുമെന്ന് മറുവിഭാഗവും വാദിക്കുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പ്രചണ്ഡ സര്‍ക്കാറിന്റെ തീരുമാനം.
ഒരു കാലത്ത്, നേപ്പാളിനെ വിറപ്പിച്ച മാവോവാദി ഗറില്ലാ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ. നേപ്പാള്‍ ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയിലകപ്പെട്ട 10 വര്‍ഷക്കാലത്ത്, ഏകദേശം എട്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞാണ് പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചത്. ഒളിവില്‍ താമസിച്ചതാകട്ടെ ഇന്ത്യയിലും. ഏറെ വര്‍ഷങ്ങള്‍ മറഞ്ഞിരിക്കാന്‍ തിരഞ്ഞെടുത്ത ഇന്ത്യക്ക് എതിരായ നിലപാടുകളാണ് അധികാരത്തില്‍ എത്തിയ ശേഷം പ്രചണ്ഡ പിന്നീട് സ്വീകരിച്ചതിലധികവും. മൂന്നാം വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചണ്ഡ എത്തുമ്പോള്‍ ഇന്ത്യ-നേപ്പാള്‍ ബന്ധം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഷേര്‍ ബഹാദൂര്‍ ദൂബയുടെ പിന്‍ഗാമിയായി പ്രചണ്ഡ എത്തുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏത് തരത്തില്‍ മുന്നോട്ട് പോകും എന്നത് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കര്‍ഷക കുടുംബത്തില്‍ ജനനം, പിന്നീട് ഗറില്ലാ വഴിയില്‍
മധ്യനേപ്പാളിലെ കാസ്കി ജില്ലയില്‍ ഒരു ബ്രാഹ്മണ കര്‍ഷക കുടുംബത്തില്‍ 1954 ഡിസംബര്‍ 11-ന് പ്രചണ്ഡയുടെ ജനനം. കുഞ്ഞിന് ഘനശ്യാം ദഹല്‍ എന്നു പേരിട്ടു. കടുത്ത ദാരിദ്യത്തിലായിരുന്നു കുട്ടിക്കാലം. പിന്നീടാണ് കുടുംബം ചിറ്റ്വാനിലേക്ക് കുടിയേറുന്നത്. അവിടെവെച്ച് ഒരു സ്കൂള്‍ അധ്യാപകനാണ് ആദ്യമായി കമ്മ്യൂണിസം അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്. പിന്നീട് മെട്രിക്കുലേഷന്‍ പരീക്ഷയുടെ സമയത്താണ് ഘനശ്യാം ദഹല്‍ എന്ന പേര് മാറ്റി പുഷ്പ കമല്‍ ദഹല്‍ എന്ന പേര് സ്വീകരിക്കുന്നത്. 1971-ല്‍ പഠനത്തിനായി കാഠ്മണ്ഡു നഗരത്തിലേക്ക് കുടിയേറിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ചിറ്റ്വാനിലേക്ക് മടങ്ങി. അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് അനിമല്‍ സയന്‍സില്‍നിന്ന് അഗ്രിക്കള്‍ച്ചറില്‍ ഡിപ്ലോമ നേടിയ ദഹല്‍ ഒരു റൂറല്‍ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. പിന്നീട് മറ്റ് ജോലികള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം 1979 വരെ ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.
1980-കളിലാണ് കമ്മ്യൂണിസ്റ്റ് വിപ്ലവ സംഘടനകളില്‍ ദഹല്‍ ആകര്‍ഷിക്കപ്പെടുന്നത്. 1981-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(ഫോര്‍ത്ത് എസ്റ്റേറ്റ്) എന്ന സംഘടനയില്‍ അംഗമായി. 1989-ല്‍ മാവോയിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളി(മാഷല്‍)ന്റെ സെക്രട്ടറിയായി. ഈ സംഘടനയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) ആയത്. 1996-ലാണ് പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം നടത്തിക്കൊണ്ട് നേപ്പാളിലെ രാജ്യഭരണത്തിനെതിരായി സി.പി.എന്‍. പ്രചാരണം ആരംഭിക്കുന്നത്. രക്തരൂക്ഷിതമായ ഈ ആഭ്യന്തര യുദ്ധകാലഘട്ടത്തില്‍ പ്രചണ്ഡ വര്‍ഷങ്ങളോളം ഇന്ത്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 1990 മുതല്‍ ഒളിവിലിരുന്നാണ് അദ്ദേഹം പാര്‍ട്ടിയെ നിയന്ത്രിച്ചത്. 2000-ല്‍ പാര്‍ട്ടി ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള രാജവാഴ്ച അവസാനിപ്പിച്ച് നേപ്പാളിനെ ഒരു റിപ്പബ്ലിക്കാക്കി മാറ്റുക എന്നതായിരുന്നു പ്രചണ്ഡയുടെ പ്രഖ്യാപിത ലക്ഷ്യം. 1996 മുതല്‍ 2006 വരെ നീണ്ട സായുധ കലാപത്തിനൊടുവിലാണ് വിമതപക്ഷം സര്‍ക്കാരുമായി സമാധാന കരാറിലേക്ക് എത്തുന്നത്. രാജ്യത്ത് ആഭ്യന്തരയുദ്ധം നടക്കുമ്പോഴും പിന്നാട് സമാധാന കരാറിലേക്ക് എത്തുമ്പോഴും അദ്ദേഹം സി.പി.എന്നിന്റെ അധ്യക്ഷനായിരുന്നു. പതിറ്റാണ്ടുകളായി സായുധകലാപത്തിൽ ഏര്‍പ്പെട്ടിരുന്ന മാവോവാദികള്‍ 2005-ലാണ് സര്‍ക്കാരുമായി സമാധാന സംഭാഷണമാരംഭിച്ചത്. തുടര്‍ന്ന് 2006-ല്‍ അന്നത്തെ പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്രാളയും പ്രചണ്ഡയും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചു.
.jpg?$p=a80322e&&q=0.8)
പ്രധാനമന്ത്രി കസേരയില്‍ മൂന്നാമൂഴം
മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാളിന്റെ പ്രധാനമന്ത്രിയാവുന്നത്. 2008-ലാണ് പ്രചണ്ഡ ആദ്യമായി ആ സ്ഥാനത്ത് എത്തുന്നത്. 2008 ഏപ്രില്‍ 10-ന് 601 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) 220 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പിന്നാലെ പുതിയ അസംബ്ലി രാജവാഴ്ച അവസാനിപ്പിപ്പ് നേപ്പാളിനെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ആ വര്‍ഷം ഓഗസ്റ്റ് 15-ന് പ്രചണ്ഡയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. അങ്ങനെ നേപ്പാള്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായി പ്രചണ്ഡ. വലിയ ഭൂരിപക്ഷത്തിലാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാ നിര്‍മാണ സമിതിയിലെ 464 അംഗങ്ങള്‍ പ്രചണ്ഡയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 113 വോട്ടാണ് ഷേര്‍ ബഹാദൂര്‍ ദൂബയ്ക്ക് ലഭിച്ചത്. 601 അംഗ സമിതിയിലെ 537 പേരാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ 280 ദിവസം മാത്രമേ അദ്ദേഹത്തിന് ആ കസേരയില്‍ ഇരിക്കാന്‍ സാധിച്ചുള്ളൂ. സൈനിക മേധാവിയെ മാറ്റുന്നത് സംബന്ധിച്ച് പ്രസിഡന്റ് രാംബരണ്‍ യാദവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2009 മെയ് 25-ന് പ്രചണ്ഡ രാജിവെച്ചു.
2016-ലാണ് പ്രചണ്ഡ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്. മുന്‍ പ്രധാനമന്ത്രി കെ.പി. ശർമ ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ രാജിവെച്ചതിനെത്തുടര്‍ന്നാണ് പ്രചണ്ഡയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മാധേശ് ജനതയുടെ താല്‍പ്പര്യങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ മാധേശി മുന്നണിയുടെ പിന്തുണ നേടിയ ശേഷമാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയോട് ചായ്വുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യത്തിലായിരുന്നു രണ്ടാം തവണ. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അധികാരം പങ്കിടാനും തീരുമാനിച്ചിരുന്നു. 2017 മെയ് മാസത്തില്‍ പ്രചണ്ഡ സ്ഥാനമൊഴിഞ്ഞു. നേപ്പാളി കോണ്‍ഗ്രസ് നേതാവായ ഷേര്‍ ബഹാദൂര്‍ ദൂബ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി. ഇത്തവണ 307 ദിവസമാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നത്.
പ്രചണ്ഡ- ഒലി സംഘര്‍ഷം
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച പ്രചണ്ഡയുടെ പാര്‍ട്ടി, കെ.പി. ശർമ ഒലിയുടെ കമ്യൂണിസറ്റ് പാര്‍ട്ടി ഓഫ് നേപ്പാളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. 2018-ലെ തിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികളും തൂത്തുവാരി. പിന്നാലെ ഒലി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. 2018-ല്‍ പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) കമ്യൂണിസറ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) എന്നിവ തമ്മില്‍ ലയിച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ധാരണപ്രകാരം പ്രചണ്ഡയും ഒലിയും പ്രധാനമന്ത്രി പദവി പങ്കിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 2019 നവംബറില്‍ പ്രചണ്ഡ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. പകരം ഒലി പ്രധാനമന്ത്രി കസേരയില്‍ തുടരാനും ധാരണയായി. പ്രധാന തീരുമാനങ്ങളില്‍ ഒലി പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് പ്രചണ്ഡ ആവശ്യപ്പെട്ടെങ്കിലും ഒലി ഏകപക്ഷീയമായി പല സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി.
ഇതോടെ പ്രധാനമന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് തുടക്കത്തിലുണ്ടാക്കിയ കരാര്‍ പാലിക്കണമെന്ന് പ്രചണ്ഡ ആവശ്യപ്പെട്ടു. എന്നാല്‍ ഒലി അതിന് വഴങ്ങിയില്ല. മാത്രമല്ല, 2020 ഡിസംബറില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്യാനും ഒലി തീരുമാനിച്ചു. ഭരണകക്ഷി മന്ത്രിമാര്‍ പ്രധാന നയങ്ങളില്‍ സഹകരിക്കുന്നില്ലെന്നായിരുന്നു ഇതിന് അദ്ദേഹം നല്കിയ ന്യായീകരണം. ഇതിനോട് രൂക്ഷമായാണ് പ്രചണ്ഡ പ്രതികരിച്ചത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച പ്രചണ്ഡ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ അനുയായികളോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുള്ള ഒലിയുടെ തീരുമാനം പിന്നാലെ സുപ്രീം കോടതി റദ്ദാക്കി.
2021 മാര്‍ച്ച് 13-ന് പ്രചണ്ഡ വിഭാഗം സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മന്ത്രിമാരെ തിരിച്ചുവിളിച്ചതോടെ ഒലി സർക്കാർ ന്യൂനപക്ഷമായി. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്ക് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടാനായില്ല. 276 അംഗ സഭയില്‍ 93 വോട്ടുകളേ ഒലിക്ക് ലഭിച്ചുള്ളൂ. 136 വോട്ടുകളാണ് വിശ്വാസവോട്ട് നേടാന്‍ വേണ്ടിയിരുന്നത്. ഇതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഔദ്യോഗികമായി പുറത്തായി. ഒലിയും പ്രചണ്ഡയും ഒന്നിച്ച് അണിനിരന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു (എന്‍.സി.പി.) കഷ്ടിച്ച് മൂന്നു വര്‍ഷമേ ആയുസ്സുണ്ടായുള്ളൂ. അങ്ങനെയൊരു പേരില്‍ നിലനില്ക്കാന് പാര്‍ട്ടിക്ക് അര്‍ഹതയില്ലെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയില്‍നിന്ന് ആ പേരു നീക്കം ചെയ്യപ്പെട്ടു. സുപ്രീം കോടതി വിധിക്ക് പിന്നാലെ ലയനത്തിന് മുമ്പത്തെ അവസ്ഥയിലേക്ക് ഇരുപാര്‍ട്ടികളും മടങ്ങുകയും ചെയ്തു.
.jpg?$p=1990e2a&&q=0.8)
മൂന്നാം ഊഴം അതിനാടകീയം
നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രചണ്ഡ മൂന്നാം തവണയും നേപ്പാള്‍ പ്രധാനമന്ത്രിയായത്. നവംബര്‍ 20-ന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ആഴ്ചകളോളം സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായിരുന്നു. ഒടുവില്‍ ഏഴു പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യം രൂപവത്കരിച്ചാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. 275 അംഗ ജനപ്രതിനിധി സഭയില്‍ 89 സീറ്റു നേടിയ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) 78 സീറ്റും പ്രചണ്ഡ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) 32 സീറ്റും നേടി. ഒലിയുടെ നേതൃത്വത്തില്‍ ഏഴ് പാര്‍ട്ടികളും മൂന്ന് സ്വതന്ത്ര എം.പിമാരും യോജിച്ച് പുതിയ സഖ്യമായതോടെയാണ് പുതിയ സര്‍ക്കാരിന് വഴിതെളിഞ്ഞത്. രാഷ്ട്രീയ പ്രജാരത്ന, രാഷ്ട്രീയ സ്വതന്ത്ര, നാഗരിക് ഉന്മുക്തി, ജനതാ സമാജ്വാദി, ജനമത് എന്നീ പാര്‍ട്ടികളും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ പ്രചണ്ഡയും നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയായ ഷേര്‍ ബഹാദൂര്‍ ദൂബയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാനും പ്രചണ്ഡയും ഷേര്‍ ബഹാദൂര്‍ ദൂബയും തമ്മില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ആദ്യപകുതി തനിക്കു വേണമെന്ന് പ്രചണ്ഡ നിര്‍ബന്ധം പിടിച്ചതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. തുടര്‍ന്നാണ് പ്രചണ്ഡ, ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളുമായി ചര്‍ച്ചകള്‍ നടത്തിയത്. പ്രചണ്ഡയുടെ വാശി ഒലി സമ്മതിച്ചതോടെയാണ് പ്രചണ്ഡയ്ക്ക് ഇപ്രാവശ്യം അധികാരത്തിലേക്ക് വഴിതുറന്നത്.
തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന സൂചനകള്‍ വന്നപ്പോള്‍ തന്നെ പ്രചണ്ഡയുമായി സഖ്യത്തിന് ഒലി ശ്രമം തുടങ്ങിയിരുന്നു. ഒപ്പം ദൂബയ്ക്കും സഖ്യസൂചനകള്‍ നല്‍കുകയും ചെയ്തു. പ്രചണ്ഡ ഇല്ലെങ്കില്‍ ഒലിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചേക്കുമെന്ന് ദൂബയും കരുതി. എന്നാല്‍ ഇതിനെ തന്ത്രപരമായ നീക്കത്തിലൂടെ ഒലി മറികടക്കുകയായിരുന്നു. ഇത് പ്രകാരം. സര്‍ക്കാരിന്റെ അഞ്ചു കൊല്ലത്തെ കാലാവധിയില്‍ രണ്ടര കൊല്ലം പ്രചണ്ഡ പ്രധാനമന്ത്രിയാകും. തുടര്‍ന്ന് ഒലിയോ അദ്ദേഹത്തിന്റെ കക്ഷിയിലെ മറ്റൊരു നേതാവോ ആയിരിക്കും പ്രധാനമന്ത്രിയെന്നാണ് ഇരുകക്ഷികളും തമ്മിലുള്ള നിലവിലെ ധാരണ. സമാനധാരണയുടെ പുറത്തായിരുന്നു ഇരുകക്ഷികളും ചേര്‍ന്നുള്ള മുന്‍ സര്‍ക്കാരുകളും എന്നതാണ് കൗതുകം. ഇരുവരുടേയും വാശിയുടെ പുറത്താണ് അതില്‍ പലതും തകര്‍ച്ചയിലേക്ക് നീങ്ങിയതും.
രാഷ്ട്രീയ അസ്ഥിരതയും പിടിമുറുക്കുന്ന ചൈനയും
മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയെങ്കിലും രാഷ്ട്രീയ അസ്ഥിരതയാണ് പ്രചണ്ഡ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രചണ്ഡ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന് 32 സീറ്റ് മാത്രമാണുള്ളത്. തന്റെ പാര്‍ട്ടിയേക്കാള്‍ അധികം സീറ്റ് നേടിയ പാര്‍ട്ടിയുടെയും ചെറുകക്ഷികളുടെയും സ്വതന്ത്ര എം.പിമാരുടെയും പിന്തുണയോടെയാണ് പ്രചണ്ഡ അധികാരത്തിലേക്ക് എത്തിയത്. അധിനാല്‍ തന്നെ ഭരണത്തില്‍ വലിയ വെല്ലുവിളികളാണ് പ്രചണ്ഡയെ കാത്തിരിക്കുന്നത്. പലവട്ടം സഖ്യം രൂപീകരിച്ചും പിണങ്ങി മാറിയും അധികാര വടംവലിയില്‍ ഒപ്പത്തിനൊപ്പമുള്ള ശര്‍മ ഒലിയെ പിണക്കാതെ മുന്നോട്ട് പോകുക എന്നതാണ് ഏറ്റവും വലിയ കടമ്പ. ഒപ്പം സഖ്യത്തില്‍ കൂടെക്കൂട്ടിയ ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും താല്പര്യങ്ങള് സംരക്ഷിക്കുകയും വേണം. അതോടൊപ്പം അയല്‍ക്കാരായ ഇന്ത്യയുടെയും ചൈനയുടെയും വ്യത്യസ്ത താല്പര്യങ്ങള്ക്കനുസരിച്ച് ഇരുവരേയും പിണക്കാത്ത നിലപാടുകള്‍ സ്വീകരിക്കുകയും വേണം.
2017-ലാണ് ഇതിന് മുമ്പ് പ്രചണ്ഡയും ഒലിയും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെടുന്നതും സര്‍ക്കാരുണ്ടാക്കുന്നതും. അന്ന് ഇരുവരും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടതിന് പിന്നില്‍ ചൈനയുടെ വലിയ തോതിലുള്ള ഇടുപെടലുണ്ടായിരുന്നു. അന്നത്തെ ചൈനീസ് അംബാസഡറാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഇന്ത്യന്‍ അനുകൂല സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്താനാണ് നയതന്ത്ര മര്യാദകള്‍ പോലും ലംഘിച്ച് ചൈനീസ് സര്‍ക്കാര്‍ നേപ്പാളിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെട്ടത്. എന്നാല്‍, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും താക്കോല്‍ സ്ഥാനത്തിനായുള്ള ചരടുവലികളും ആ സര്‍ക്കാരിനെ തകര്‍ച്ചയിലെത്തിച്ചു. പിന്നീടും ചൈനയോട് അനുകൂല നിലപാടാണ് പ്രചണ്ഡ സ്വീകരിച്ചത്. എല്ലാ കാര്യത്തിലും ഇന്ത്യയെ ആശ്രയിക്കാതെ ചൈനയെ ഒപ്പം നിര്‍ത്തി മാത്രമേ നേപ്പാളിന് വളര്‍ച്ചയുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
കാഠ്മണ്ഡു-കെറുങ് റെയില്‍വേ പദ്ധയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നേപ്പാളിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ടിബറ്റന്‍ മേഖലയിലെ കെറുങ്ങ് ചൈനയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ആയിരക്കണക്കിന് കിലോ മീറ്റര്‍ അകലെയാണ് എന്നതാണ് ഒരു പ്രധാന കാരണം. വ്യാപാര മേഖലയെ പരിഗണിക്കുകയാണെങ്കില്‍ 2020-21 ല്‍ ചൈനയില്‍നിന്ന് 233.92 ബില്യണ്‍ രൂപയുടെ സാധനങ്ങളാണ് നേപ്പാള്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍, ഒരു ബില്യണ്‍ രൂപയുടെ സാധനങ്ങള്‍ മാത്രമാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. പദ്ധതിക്ക് എട്ട് ബില്യണ്‍ യു.എസ്. ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ നാല് മടങ്ങാണിത്. നേപ്പാളിനെപ്പോലെ ചെറിയ വരുമാനമുള്ള ഒരു രാജ്യത്തിന് താങ്ങാവുന്നതിലധികമാണിത്. കടത്തിന്റെ മുതലും പലിശയും അടച്ചുതീര്‍ക്കുക അസാധ്യമെന്നാണ് വിലയിരുത്തുന്നത്. ഇത്തരത്തില്‍ ചൈന രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പ്രചണ്ഡ വീണ്ടും രാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.
.jpg?$p=8a7b7b1&&q=0.8)
പ്രചണ്ഡയും ഇന്ത്യയും ചൈനയും
രാജ്യത്ത് നേപ്പാളി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതാണ് ഇന്ത്യയ്ക്ക് പൊതുവേ ഗുണകരം. രാഷ്ട്രീയ അസ്ഥിരത തുടര്‍ക്കഥയായ നേപ്പാളില്‍
കക്ഷികള്‍ മാറിമാറി ഭരണത്തില്‍ വരുന്നതാണ് സമീപകാലത്തെ പതിവ്. ഇത്തവണ നേപ്പാളി കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ശക്തരായ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിണക്കം മറന്ന് വീണ്ടും ഒന്നിക്കുകയായിരുന്നു. രാജ്യത്തെ പ്രബലരായ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഖ്യം വീണ്ടും നേപ്പാളില്‍ അധികാരത്തിലെത്തിയത് ചൈനയ്ക്ക് അനുകൂലമാണ്. ഈ അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ പിന്നണിയില്‍ അവര്‍ ചരടുവലിക്കാനുള്ള സാധ്യതയും കൂടുതലാണ്. നേപ്പാളി കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടത് പ്രചണ്ഡയുടെ മാത്രമല്ല, ചൈനയുടേയും ആവശ്യമാണ്.
ഇന്ത്യയിലെ പ്രമുഖ നേതാക്കളുമായും പ്രചണ്ഡയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍, 2008-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ നിലപാടുകളില്‍ വലിയ മാറ്റം വന്നു. അധികാരമേറ്റതിന് പിന്നാലെ പ്രചണ്ഡ സന്ദര്‍ശിച്ച ആദ്യരാജ്യം ചൈനയായിരുന്നു. അന്നോളമുള്ള നേപ്പാള്‍ പ്രധാനമന്ത്രിമാർ പിന്തുടര്ന്ന് പോന്നിരുന്ന പതിവ് തെറ്റിച്ചാണ് പ്രചണ്ഡ ചൈനയ്ക്ക് പറന്നത്. ഇന്ത്യയുമായുള്ള കരാറുകളെല്ലാം റദ്ദാക്കണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. എന്നാല്‍ തന്നെ പുറത്താക്കുന്നതിനു ചരടുവലിച്ചത് ഇന്ത്യയാണെന്നായിരുന്നു പ്രചണ്ഡയുടെ ആരോപണം.
ഇന്ത്യ-നേപ്പാള്‍ വംശജരായ മാധേശികള്‍ നേപ്പാളിന്റെ തെക്കന്‍ പ്രദേശത്ത് ഒരു സ്വയംഭരണമേഖല സ്ഥാപിക്കാനുള്ള സമരത്തിലാണ്. 2015-ല്‍ നേപ്പാളില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ഇവര്‍ നടന്ന പ്രക്ഷോഭം നേപ്പാളിനെ പിടിച്ചുലച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തിയാണ് മാധേശികള്‍ പ്രതികരിച്ചത്. ഭക്ഷ്യസാമഗ്രികളുടെയും ഇന്ധനത്തിന്റെയും നീക്കം മുടങ്ങിയതോടെ നേപ്പാള്‍ സ്തംഭിച്ചു. സമരത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പ്രചണ്ഡയുടെ ആരോപണം. അധികാരത്തിലിരുന്ന സമയങ്ങളിലെല്ലാം പ്രചണ്ഡ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കുന്നതും ഇന്ത്യയെ ചൊടിപ്പിക്കുന്നതാണ്.
ഇതെല്ലാമാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇന്ത്യയെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഒരു നിലനില്‍പ്പ് നേപ്പാളിനില്ല. ഇന്ത്യയെ ആശ്രയിക്കാതെ നേപ്പാളിന് നിലനില്ക്കാന് കഴിയില്ല. അത് നേപ്പാളിലെ ഭരണ നേതൃത്വത്തിനും വ്യക്തമായി അറിയാം. ചൈനീസ് പ്രഭാവത്തില്‍ വീണുപോകുമ്പോളും നേപ്പാളിനെ ഇന്ത്യയോട് അടുപ്പിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഏതാണ്ട് 80 ലക്ഷത്തോളം നേപ്പാളി പൗരന്മാര് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍. രാഷ്ട്രീയ ബന്ധത്തിന് പുറമേ ചരിത്രപരമായും സാംസ്കാരികപരമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ശക്തമാണ്. ഭക്ഷണ- ഇന്ധന ആവശ്യങ്ങള്‍ക്കായി നേപ്പാള്‍ അധികം ആശ്രയിക്കുന്നതും ഇന്ത്യയെയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര രാഷ്ട്രീയത്തിന് എന്ത് മാറ്റമുണ്ടായാലും ഇന്ത്യയെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു നീക്കം അവര്‍ക്ക് ഗുണകരമാകില്ല.
Content Highlights: Who Is Pushpa Kamal Dahal, The New Pm Of Nepal?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..