Velupillai Prabhakaran | Photo: AP/PTI
''പ്രഭാകരന് ജീവിച്ചിരിപ്പുണ്ട്. അതിനെക്കുറിച്ച് തമിഴ് പ്രവാസികളോട് പറയുന്നതില്‍ സന്തോഷമുണ്ട്. പ്രഭാകരനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിച്ചേക്കാം. തമിഴ് ഈഴത്തെ മോചിപ്പിക്കാനുള്ള തന്റെ അടുത്ത പദ്ധതി അദ്ദേഹം ഉടന്‍തന്നെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള തമിഴര്‍ പ്രഭാകരനെ സ്വാഗതം ചെയ്യാന്‍ മുന്നോട്ട് വരണം. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് ഈ വെളിപ്പെടുത്തല്‍. മഹിന്ദ രാജപക്‌സെയുടെ ഭരണം അവസാനിച്ചതും നിലവിലെ ആഗോള സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രഭാകരന് പുറത്തുവരാനുള്ള അനുയോജ്യസമയമാണിത്.''
ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന ലോക തമിഴ് ഫെഡറേഷന്‍ നേതാവ് നെടുമാരന്റെ അവകാശവാദം ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെയും പുലി പ്രഭാകരനെയും ഒരിടവേളയ്ക്ക് ശേഷം ജനശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്. 2009 മേയ് 18-ന് വടക്കന്‍ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവായ്ക്കലില്‍വെച്ച് പ്രഭാകരനെ വധിച്ചെന്നാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുന്നത്. പ്രഭാകരന്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാഷ്ട്രം ആവശ്യപ്പെട്ട എല്‍.ടി.ടി.ഇക്കും അനുകൂലികള്‍ക്കുമെതിരേ ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിച്ച വ്യാപക സൈനിക നടപടിക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതെല്ലാം തള്ളിക്കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശവാദവുമായി നെടുമാരന്‍ രംഗത്തെത്തിയത്. സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നുമാണ് നെടുമാരന്റെ ആവശ്യം.
.jpg?$p=8312ca4&&q=0.8)
ആരായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍?
ശ്രീലങ്കയില്‍ മേധാവിത്വമുള്ള സിംഹളരുടെ അടിച്ചമര്‍ത്തലില്‍നിന്ന് സ്വന്തം ജനത്തിന്റെ, തമിഴ് ജനതയുടെ മോചനം. അതായിരുന്നു ലോകം പുലി പ്രഭാകരനെന്ന് വിളിച്ച വേലുപ്പിള്ള പ്രഭാകരന്റെ ലക്ഷ്യം. തമിഴന്റെ മോചനം സായുധപോരാട്ടത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നയാള്‍ വിശ്വസിച്ചു. അതിനായി ആയുധമെടുത്ത് പോരാടി. ഒപ്പം ഒരു സംഘത്തെ വളര്‍ത്തിക്കൊണ്ടുവന്നു. അവര്‍ക്ക് പരിശീലനം നല്‍കി. കൊല്ലാനും ചാവാനും അവരെ ശീലിപ്പിച്ചു. വിവാഹം പോലും അവര്‍ക്ക് നിഷേധിച്ചു. പ്രഭാകരനെ പുലി പ്രഭാകരനാക്കിയത് പക്ഷേ, ശ്രീലങ്കയിലെ അധികാരവര്‍ഗമാണ്. അവരാണ് അയാളെ നാണംകുണുങ്ങിയില്‍നിന്ന് ആരേയും കൊല്ലാന്‍ മടിയില്ലാത്ത പുലിത്തലവനിലേക്ക് വളര്‍ത്തിയത്. 1958-ലെ വംശീയകലാപമാണ് അന്ന് ബാലനായിരുന്ന പ്രഭാകരനില്‍ വലിയ മാറ്റമുണ്ടാക്കിയത്. തന്റെ ജീവിതത്തെ നടുക്കിയ ഒരു സംഭവമായിട്ടാണ് പ്രഭാകരന്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഇതിനെക്കുറിച്ച് പില്‍ക്കാലത്ത് അദ്ദേഹം വിവരിക്കുന്നുണ്ട്: ഒരിക്കല്‍ അമ്മായി വീട്ടിലെത്തുമ്പോള്‍ അവരുടെ മുഖത്തും കൈകാലുകളിലും പൊള്ളിയ കറുത്തു തടിച്ച പാടുകളുണ്ടായിരുന്നു. ലഹളയ്ക്കിടയില്‍ പൊള്ളലേറ്റതാണെന്ന് അമ്മായി പറഞ്ഞൊഴിഞ്ഞു. പിന്നീട് നിർബന്ധിച്ചപ്പോള്‍ അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കി; 'കൊളംബോയില്‍ താമസിക്കുന്ന സ്ഥലത്ത് രാത്രി ഒരു സംഘം ആളുകള്‍ വന്ന് വീടാക്രമിച്ചു. ഞങ്ങള്‍ പേടിച്ച് കുളിമുറിയില്‍ ഒളിച്ചു. വന്നവര്‍ പെട്രോള്‍ ഒഴിച്ച് വീടിനു തീവെയ്ക്കാന്‍ തുടങ്ങുന്നതിനെ എതിര്‍ത്ത ഭര്‍ത്താവിനെ അവര്‍ അടിച്ചുകൊന്നു. വീട് കത്തുന്നതിനിടയ്ക്ക് കുട്ടികളുമായി ഞാന്‍ തീക്കിടയിലൂടെ പിറകിലേക്കോടി മതിലു ചാടിക്കടന്നു. അയല്‍വാസികളായ ചില സിംഹള സ്ത്രീകളാണ് ഞങ്ങളെ ആശുപത്രിയിലെത്തിച്ചത്. കുറെനാള്‍ അവിടെ കിടന്നതിനു ശേഷമാണ് പൊള്ളിയ ഭാഗങ്ങള്‍ ഉണങ്ങിക്കിട്ടിയത്.'
'അമ്മായി ഇക്കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവരുടെ ശരീരത്തിലെ പൊള്ളിയ ഭാഗങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങി. ലഹളക്കാര്‍ കാട്ടുന്ന ക്രൂരതകളെപ്പറ്റി കേട്ടപ്പോള്‍ എന്റെ ആളുകളോട് വല്ലാത്ത സഹതാപം തോന്നി. ഈ ദുരിതത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ആവേശമായി. നിരപരാധികളായ ആളുകളെ സായുധരായ ഒരു സംഘം കൊന്നൊടുക്കന്നതിനെതിരേ സായുധപോരാട്ടമാണ് ആവശ്യമെന്ന് ഞാന്‍ കണക്കുകൂട്ടി.' 1984-ല്‍ പ്രഭാകരന്‍ മലയാളിയായ പത്രപ്രവര്‍ത്തക അനിത പ്രതാപിനു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം ആദ്യമായി പറഞ്ഞത്. പിന്നീട് നല്‍കിയ അഭിമുഖങ്ങളിലും അദ്ദേഹം ഇതാവര്‍ത്തിക്കുന്നുണ്ട്.
നാണംകുണുങ്ങിയായ പുസ്തകപ്പുഴു
വടക്കന്‍ ശ്രീലങ്കയിലെ തീരദേശ പട്ടണമായ വെല്‍വെട്ടിത്തുറയില്‍ 1954 നവംബര്‍ 26-നാണ് പ്രഭാകരന്‍ ജനിച്ചത്. ശ്രീലങ്കന്‍ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന തിരുവെങ്കിടം വേലുപ്പിള്ളയുടെയും പാര്‍വതി പിള്ളയുടെയും നാലു മക്കളില്‍ ഇളയ കുട്ടിയായിരുന്നു പ്രഭാകരന്‍. ജഗദീശ്വരി, വിനോദിനി എന്നീ സഹോദരിമാര്‍ക്കും ചേട്ടന്‍ മനോഹരനും ശേഷം എത്തിയ സന്തതി. ഇളയ കുട്ടിയായിരുന്നതുകൊണ്ട് വീട്ടില്‍ എല്ലാവരുടേയും ഓമനയായിരുന്നു പ്രഭാകരന്‍. മാസ്റ്റര്‍ എന്ന അര്‍ഥത്തില്‍ 'ദുരൈ' എന്ന ഓമനപ്പേരിട്ടാണ് പ്രഭാകരനെ എല്ലാവരും വിളിച്ചിരുന്നത്. തികഞ്ഞ ഗാന്ധിയനായ വേലുപ്പിള്ള, അക്രമങ്ങള്‍ക്ക് എന്നും എതിരായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരില്‍ ലാന്‍ഡ് ഓഫീസറായി ജോലി ചെയ്തിരുന്ന വേലുപ്പിള്ളയുടെ പൂര്‍വികര്‍ തെക്കന്‍ കേരളത്തിലുള്ളവരായിരുന്നു. എന്നാല്‍, ക്ഷേത്രനിര്‍മിതി കുലത്തൊഴിലായുള്ള അവര്‍ അധികകാലവും പ്രവര്‍ത്തിച്ചത് തമിഴ്നാട്ടിലാണ്. അവിടെനിന്നാണ് ശ്രീലങ്കയിലേക്കു കുടിയേറിയത്.
കുട്ടിക്കാലംമുതലേ കഠിനമായ അച്ചടക്കത്തിന്റെ അന്തരീക്ഷത്തിലാണ് പ്രഭാകരന്‍ വളര്‍ന്നത്. പുറത്തുള്ള കുട്ടികളുമായി ഇടപഴകാന്‍പോലും വീട്ടില്‍ അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടികളെ കാണുന്നത് അദ്ദേഹത്തിന് വലിയ നാണമായിരുന്നു. നാല് മക്കള്‍ക്കും അച്ഛനായിരുന്നു മാതൃക. ദുശ്ശീലങ്ങളൊന്നുമില്ലാത്ത വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു തിരുവെങ്കിടം വേലുപ്പിള്ള. മകനെ പഠിപ്പിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, പഠനകാലത്ത് ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു അദ്ദേഹം. നാണംകുണുങ്ങിയായ പുസ്തകപ്പുഴുവായിരുന്നു കുട്ടിക്കാലത്ത് പ്രഭാകരന്‍. നെപ്പോളിയനും അലക്‌സാണ്ടറുമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങള്‍. സുഭാഷ് ചന്ദ്രബോസിനെയും ഭഗത് സിങ്ങിനെയുംഅയാള്‍ ഇഷ്ടപ്പെട്ടു. പ്രഭാകരനെ ഏറ്റവും ആകര്‍ഷിച്ചത് നേതാജിയാണ്.
വായനയായിരുന്നു പ്രഭാകരന്റെ പ്രധാന വിനോദം. അലക്സാണ്ടര്‍, നെപ്പോളിയന്‍ തുടങ്ങിയ വീരനായകന്മാരെ പരിചയപ്പെട്ടത് അങ്ങനെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധരതിലക്, ഭഗത് സിങ് എന്നിവരെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവിതത്തെ വിപ്ലവകാരിയുടെ മാര്‍ഗത്തിലേക്കു മാറ്റാന്‍ അടിത്തറയിട്ടത് ആ പുസ്തകങ്ങളായിരുന്നുവെന്ന് പില്‍ക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിംഹളരുടെ അതിക്രമങ്ങളുടെ കഥകള്‍ തിരുവെങ്കടം വേലുപ്പിള്ളയുടെ മടിയിലിരുന്നു കേട്ടാണ് പ്രഭാകരന്‍ വളര്‍ന്നത്. സ്വന്തം ജനത അനുഭവിക്കുന്ന ക്രൂരതയുടെ കഥകളായിരുന്നു പ്രഭാകരന്റെ അച്ഛനെ കാണാനെത്തിയവര്‍ക്കും എന്നും പറയാനുണ്ടായിരുന്നത്.
.jpg?$p=8384990&&q=0.8)
സായുധ പോരാട്ടത്തിനിറങ്ങുന്നു
വലിയൊരു ചരിത്രഭൂമിയായ വെല്‍വെട്ടിത്തുറയിലായിരുന്നു പ്രഭാകരന്റെ കുടുംബം താമസിച്ചിരുന്നത്. ആലഡി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. അതിനു ശേഷം സെക്കന്‍ഡറി പഠനം വരെ ചിദംബരം കോളേജില്‍. ചിദംബരം കോളേജില്‍ പഠിക്കുന്ന കാലത്തും പ്രഭാകരന്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു. പഠനത്തേക്കാള്‍ അദ്ദേഹത്തിന് താല്പര്യം ദ്വീപിലെ പൊതുവിശേഷങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലുമായിരുന്നു. പഠനത്തില്‍ മകന്റെ താല്പര്യം കുറയുന്നത് കണ്ട വേലുപ്പിള്ള മകനെ ഒരു ട്യൂഷന്‍ സെന്ററില്‍ ചേര്‍ത്തു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പ്രഭാകരനെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകനെ പ്രത്യേകം ശ്രദ്ധിച്ചു പഠിപ്പിക്കാനായി വേലുപ്പിള്ള അവിടെ ഒരധ്യാപകനെ ചുമതലപ്പെടുത്തി. തമിഴ്ഭാഷ പഠിപ്പിക്കുന്ന വേണുഗോപാല്‍ എന്ന അധ്യാപകനായിരുന്നു അത്. പ്രഭാകരന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ കണ്ടുമുട്ടലായിരുന്നു അത്.
ഫെഡറല്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തകനായിരുന്ന വേണുഗോപാല്‍ മനസ്സുകൊണ്ടൊരു വിപ്ലവകാരിയായിരുന്നു. ഫെഡറല്‍ പാര്‍ട്ടിക്ക് തണുപ്പന്‍ രീതിയാണെന്നും ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ കഴിവില്ലെന്നും പറഞ്ഞ് പാര്‍ട്ടിയില്‍നിന്ന് പുറത്തെത്തിയാള്‍ കൂടിയായിരുന്നു വേണുഗോപാല്‍. സമാനചിന്താഗതിക്കാരെ ചേര്‍ത്ത് വേണുഗോപാല്‍ 'സെല്‍ഫ് റൂള്‍ പാര്‍ട്ടി' എന്ന തീവ്രവാദപ്രവര്‍ത്തകരുടെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഈ സമയത്താണ് സാമൂഹിക വിഷയങ്ങളില്‍ വലിയ താല്പര്യമുള്ള പ്രഭാകരന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി എത്തുന്നത്. വേണുഗോപാലിന്റെ ക്ലാസ്സുകള്‍ പ്രഭാകരനെ സ്വാധീനിച്ചു. പ്രഭാകരന്റെ രാഷ്ട്രീയചിന്തകള്‍ക്ക് ആവേശം പകരാന്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ക്കായി.
കോളേജ് വിദ്യാഭാസം ഉപേക്ഷിച്ചാണ് പ്രഭാകരന്‍ പോരാട്ടത്തിനിറങ്ങിയത്. അതിനായി രാഷ്ട്രീയം പഠിക്കാന്‍ രാഷ്ട്രീയയോഗങ്ങളിലെ സ്ഥിരംസാന്നിധ്യമായി. ഒപ്പം ആയോധനകലകള്‍ അഭ്യസിച്ചു. ആദ്യം തമിഴ് യൂത്ത് ഫ്രണ്ടിലാണ് ചേര്‍ന്നു. അക്കാലത്ത് ബോംബ് ഉണ്ടാക്കുന്നതിനിടെ സ്‌ഫോടനത്തില്‍ കാലിന് പരിക്കേറ്റിരുന്നു. അന്ന് വീണതാണ് കരികാലന്‍ എന്ന വിളിപ്പേര്. പിന്നീട് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ ഇന്ത്യയിലേക്ക് കടന്നെങ്കിലും ജാഫ്‌നയില്‍ തിരിച്ചെത്തി. തമിഴ് ജനതയെ സ്വതന്ത്രരാക്കാന്‍ പറ്റിയ ഏകവഴി ആയുധമെടുത്തുള്ള പോരാട്ടം മാത്രമാണെന്ന് കരുതുന്ന ഒരു സംഘത്തെ ചേര്‍ത്ത് തമിഴ് ന്യൂ ടൈഗേഴ്‌സ് രൂപവത്കരിച്ചു. കടുവയെ അതിന്റെ കൊടിയടയാളമാക്കി. 1976 മേയ് മാസത്തില്‍ ഈ സംഘടന പേര് മാറ്റി ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) ആയി.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ നാള്‍ വഴി
- 1972 - വേലുപ്പിള്ള പ്രഭാകരന്‍ തമിഴ് ന്യൂ ടൈഗേഴ് സിന് രൂപം നല്‍കി.
- 1976 - സംഘടനയുടെ പേര് എല്‍. ടി.ടി.ഇ. എന്നാക്കി
- 1983 - ശ്രീലങ്കൻ സര്‍ക്കാരുമായി എല്‍.ടി.ടി.ഇ. തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
- 1987 - ഇന്ത്യ-ശ്രീലങ്ക അനുരഞ്ജനക്കരാര്‍. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പുതിയ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ ധാരണ. ഇന്ത്യ സമാധാന ദൗത്യസേനയെ അയച്ചു.
- 1990 - ഇന്ത്യ ദൗത്യസേനയെ പിന്‍വലിച്ചു.
- 1991 - രാജീവ് ഗാന്ധിയുടെ വധം
- 1993 - പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ടു.
- 1995 - പുലികളുടെ നിയന്ത്രണത്തിലായിരുന്ന ജാഫ്‌ന സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാവുന്നു.
- 1996 - കൊളംബോ സെന്‍ട്രല്‍ ബാങ്കില്‍ നടത്തിയ ചാവേര്‍ ആക്രമണം. മുല്ലൈത്തീവ് പുലികള്‍ പിടിച്ചെടുത്തു.
- 1998 - കിളിനൊച്ചി പുലികളുടെ നിയന്ത്രണത്തിന്‍ കീഴിലായി.
- 1999 - വാന്നി മേഖല പുലികള്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെക്കു നേരെ വധശ്രമം.
- 2000 - എലിഫന്റ് പാസ് സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പുലികള്‍ക്ക്.
- 2002 - നോര്‍വേയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍.
- 2004 - എല്‍.ടി.ടി.ഇ. കിഴക്കന്‍ മേഖല കമാന്‍ഡര്‍ കേണല്‍ കരുണ അമ്മന്‍ സംഘടന വിട്ടു
- 2005 - വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമര്‍ കൊല്ലപ്പെട്ടു.
- 2007 - കിഴക്കന്‍ മേഖല സൈന്യം തിരിച്ചുപിടിച്ചു.
- 2008 - സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറി. പുലികള്‍ക്കുനേരെ സൈനിക നടപടി ശക്തമാക്കി.
- 2009 - എല്‍.ടി.ടി.ഇ. സൈനികമായി പരാജയപ്പെട്ടതായി പ്രസിഡന്റ് മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു. എല്‍.ടി.ടി.ഇ. പരാജയം സമ്മതിച്ചു. പിന്നാലെ പ്രഭാകരന്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
.jpg?$p=74dd70a&&q=0.8)
പ്രഭാകരന് പിഴച്ചതെവിടെ?
ശ്രീലങ്കയില്‍ 30 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനും കടുത്ത വിവേചനത്തിന്റെ കഥയാണ് പറയാനുള്ളത്. അവഗണനയ്ക്കും വിവേചനത്തിനുമെതിരേ ഉയര്‍ന്ന ചെറുപ്രതിഷേധങ്ങളാണ് പിന്നീട് പ്രതികാരസ്വഭാവം കൈവരിച്ചത്. 1975-ല്‍ ജാഫ്‌ന മേയര്‍ ദൂരപ്പയെ വധിച്ചുകൊണ്ടാണ് എല്‍.ടി.ടി.ഇ. വരവറിയിച്ചത്. 1983-ല്‍ അവര്‍ സര്‍ക്കാരുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചു. തമിഴ് ജനതയുടെ സ്വാതന്ത്ര്യപോരാട്ടത്തില്‍ ഇന്ത്യയില്‍നിന്ന് പ്രഭാകരന്‍ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 1987-ല്‍ ഇന്ത്യന്‍ സമാധാനസേന ശ്രീലങ്കയില്‍ എത്തിയത് പ്രഭാകരന്റെ പ്രതീക്ഷകളെ തകിടംമറിച്ചു. 90-ല്‍ സമാധാനസേനയെ പിന്‍വലിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. അതിന് കാരണക്കാരനായ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലാണ് അത് കലാശിച്ചത്. അതോടെ പ്രഭാകരന്‍ ഇന്ത്യയുടെ ശത്രുവായി. എല്‍.ടി.ടി.ഇയെ ലോകരാഷ്ട്രങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
തമിഴന്റെ പ്രശ്‌നം പരിഹരിക്കാന്‍ അവതരിച്ച നേതാവില്‍നിന്ന് ആഭ്യന്തരയുദ്ധാനന്തരം രൂപീകരിക്കാനിരിക്കുന്ന തമിഴ് രാഷ്ട്രത്തിന്റെ ഏകാധിപതി എന്ന നിലയിലേക്ക് പ്രഭാകരന്‍ മാറി. അന്തിമപോരാട്ടത്തില്‍ സ്വയരക്ഷയ്ക്ക് തമിഴ് ജനതയെ കവചമായി ഉപയോഗിക്കുന്ന നിലയിലേക്ക് വരെ അദ്ദേഹമെത്തി. തന്റെ താല്പര്യങ്ങള്‍ക്കായി തമിഴ് ജനതയുടെ വിമോചന അഭിലാഷങ്ങള്‍ എല്ലാക്കാലത്തും പ്രഭാകരന്‍ ഉപയോഗിച്ചിട്ടുണ്ട്. 1987-ല്‍ ഇന്ത്യ- ശ്രീലങ്ക അനുരഞ്ജന കരാറില്‍ തമിഴര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന ഫെഡറല്‍ സംവിധാനത്തിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍, സിംഹള മേധാവികള്‍ക്കൊപ്പം ഇതിന് തുരങ്കം വെയ്ക്കുന്ന നടപടികളാണ് എല്‍.ടി.ടി.ഇയും സ്വീകരിച്ചത്. 1994-ല്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ ഇരുസമൂഹങ്ങള്‍ക്കുമിടയില്‍ നിലനിന്ന വിടവ് പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നെങ്കിലും അതും പ്രഭാകരന് സ്വീകാര്യമായിരുന്നില്ല. സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന ഒറ്റ ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. 2002-ല്‍ നോര്‍വെയുടെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാന കരാറില്‍നിന്ന് ആദ്യം പിന്നാക്കം പോയതും പ്രഭാകരന്‍ തന്നെയാണ്.
തമിഴ് ജനതയുടെ മോചനം എന്ന ന്യായമായ ആവശ്യവുമായി പോരിനിറങ്ങിയ പ്രഭാകരന് പക്ഷേ, പാതിയില്‍ വഴിതെറ്റി. തമിഴര്‍ക്ക് വിമോചനത്തിന് പകരം ദുരിതം തന്നെയാണ് പ്രഭാകരനും സമ്മാനിച്ചത്. വിമോചന പോരാളിയില്‍നിന്ന് ഒരു ഭീകരവാദ സംഘടനയുടെ തലവന്‍ എന്ന കുപ്രസിദ്ധിയിലേക്ക് അദ്ദേഹം അധഃപതിച്ചു. അനിവാര്യമായ പതനമായിരുന്നു അതിന്റെ അനന്തരഫലം. പ്രഭാകരന്റെ ഏകാധിപത്യ പ്രവണത അനുയായികളേയും അദ്ദേഹത്തില്‍നിന്ന് അകറ്റി. രഹസ്യങ്ങളുടെ കാവല്‍ക്കാരനായിരുന്ന കേണല്‍ കരുണ കൂറ് മാറിയത് എല്‍.ടി.ടി.ഇയുടെ പതനത്തിന് ആക്കംകൂട്ടി. തീവ്രനിലപാടുള്ള മഹിന്ദ രാജപക്‌സെ പ്രസിഡന്റായി എത്തിയതോടെ തകര്‍ച്ച പൂര്‍ണമായി. 2009 മേയ് 18-ന് ശ്രീലങ്കന്‍ സൈന്യം പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചു. വഴിതെറ്റിപ്പോയ ഒരു വിമോചന പോരാട്ടത്തിന്റെ അന്ത്യമായിരുന്നു അത്. വിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം സഫലമാകൂ എന്ന് വിശ്വസിച്ച ഒരു പോരാളിയുടെ ജീവിതത്തിന്റേയും അന്ത്യം!
.jpg?$p=fad68fb&&q=0.8)
പ്രഭാകരന് എങ്ങനെയാണ് മരിച്ചത്?
2009 മെയ് 18-നാണ് ശ്രീലങ്ക പ്രഭാകരനെ വധിച്ചതായി പ്രഖ്യാപിക്കുന്നത്. ആ വര്‍ഷം ജനുവരിയില്‍ തന്നെ പുലികളുടെ ഭരണസിരാകേന്ദ്രമായിരുന്ന മുല്ലൈത്തീവ് സൈന്യം പിടിച്ചെടുത്തിരുന്നു. ശ്രീലങ്കന്‍ സൈന്യം എല്‍.ടി.ടി.ഇക്കെതിരെ സമ്പൂര്‍ണ ആക്രമണം അഴിച്ചുവിടുകയും മുല്ലൈത്തീവ് മേഖലയിലെ പ്രഭാകരന്റെ ഒളിത്താവളം വളയുകയുമായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. മേയ് 16-ന് എല്‍.ടി.ടി.ഇ. സൈനികമായി പരാജയപ്പെട്ടതായി പ്രസിഡന്റ് മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു. പിറ്റേന്ന് എല്‍.ടി.ടി.ഇ. പരാജയം സമ്മതിച്ചു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രത്യേക സേന പ്രഭാകരനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ശ്രീലങ്കന്‍ സൈനിക വക്താവ് പറഞ്ഞത്. മുല്ലൈത്തീവിലെ വനത്തില്‍നിന്ന് കവചിത വാഹനത്തില്‍ അനുയായികളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. രണ്ട് മണിക്കൂര്‍ നീണ്ട വെടിവയ്പ്പിന് ശേഷം, ശ്രീലങ്കന്‍ സൈന്യം തൊടുത്തുവിട്ട റോക്കറ്റ് വാനിലേക്ക് ഇടിക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഭാകരന്റെ മരണം എല്‍.ടി.ടി.ഇ. ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2009 മെയ് 24-ന് എല്‍.ടി.ടി.ഇയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവന്‍ സെല്‍വരസ പത്മനാഥന്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ''അതുല്യനായ നേതാവ് രക്തസാക്ഷിത്വം വഹിച്ചു'' എന്ന് പറഞ്ഞിരുന്നു.
വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയില്ല- ശ്രീലങ്ക
നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരന്‍ ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാര്‍ സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളിക്കളഞ്ഞു. അവകാശവാദത്തെ ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19-ന് പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ഡി.എന്‍.എ. തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ വക്താവ് കേണല്‍ നളിന്‍ ഹെരാതും പ്രതികരിച്ചു.
Content Highlights: Who is LTTE leader Velupillai Prabhakaran, and How he died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..