'ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത' സോറോസ്; അദാനി വഴി ലക്ഷ്യമിടുന്നത് മോദിയെയോ!


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.inനിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമെടുന്നതില്‍ വിദഗ്ദ്ധനായിരുന്നു സോറോസ്. ഇതോടെ അദ്ദേഹം സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി അതിവേഗം വളര്‍ന്നു.

Premium

ജോർജ് സോറോസ് | Photo: twitter.com/georgesoros

'ഇന്ത്യ ഒരു ജനാധിപത്യമാണ്. പക്ഷേ, അതിന്റെ നേതാവ് നരേന്ദ്രമോദി ജനാധിപത്യവാദിയല്ല. മോദിയും അദാനിയും അടുത്ത ബന്ധമുള്ളവരാണ്. അവരുടെ വിധിയും പരസ്പരബന്ധിതമാണ്. ഓഹരിവിപണിയില്‍ അദാനി ക്രമക്കേട് കാട്ടിയതായി ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ഓഹരികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. പക്ഷേ, അദാനി വിഷയത്തില്‍ മോദി മൗനം തുടരുകയാണ്. വിദേശ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കണം. പാര്‍ലമെന്റില്‍നിന്നുമുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയേണ്ടിവരും. ഈ വിവാദം മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയും അനിവാര്യമായ നവീകരണത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്യും. ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു' - ജോര്‍ജ് സോറോസ്


ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാമ്പത്തികരംഗത്ത് അടിപതറുന്ന അദാനി വിഷയത്തില്‍ നടത്തിയ പ്രതികരണമാണ് ശതകോടീശ്വരനായ ജോര്‍ജ് സോറോസിനെ അടുത്തിടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഗൗതം അദാനി നേരിടുന്ന കടുത്ത പ്രതിസന്ധി നരേന്ദ്രമോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനം സാധ്യമാകുമെന്നായിരുന്നു മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്ത് സംസാരിക്കവേ ജോര്‍ജ് സോറോസ് പറഞ്ഞത്. പരാമര്‍ശത്തിന് പിന്നാലെ രാജ്യത്ത് ചര്‍ച്ചകളും കൊഴുത്തു. ബിജെപിയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് സോറോസിന് നേരെ ഉയര്‍ന്നത്. രാജ്യത്തിനു നേരെയുള്ള വിദേശ ശക്തികളുടെ ആക്രമണമായി അദ്ദേഹത്തിന്റെ പരാമര്‍ശത്തെ കാണണമെന്ന കടുത്ത നിലപാടാണ് ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുക എന്നതു മാത്രമാണ് സോറോസ് ലക്ഷ്യമിടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെക്കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും സംസാരിക്കാന്‍ ഒരു വിദേശ പൗരന് എന്നാണെന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തിയത്. ഒപ്പം കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധം തിരയുകയും ചെയ്തു അവര്‍. എന്നാല്‍ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഒപ്പം ഇന്ത്യയിലെ ജനാധിപത്യ പുനരുജ്ജീവനത്തില്‍ സോറോസിന് ഒന്നും ചെയ്യാനില്ലെന്നും അവര്‍ പറഞ്ഞുവെയ്ക്കുന്നു.

ആരാണ് ജോര്‍ജ് സോറോസ് ?

ഹംഗേറിയന്‍ വംശജനായ യു.എസ്. ശതകോടീശ്വരനും നിക്ഷേപകനുമാണ് 92 വയസ്സുകാരനായ ജോര്‍ജ് സോറോസ്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടിക എടുത്താല്‍ അതിലും ജോര്‍ജ് സോറോസിന്റെ പേരുണ്ടാകും. സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍ പ്രകാരം 70000 കോടി രൂപയോളമാണ് അദ്ദേഹത്തിന്റെ ആസ്തി. ലണ്ടന്‍ മെര്‍ച്ചന്റ് ബാങ്കില്‍ ജോലി ചെയ്തതിനു ശേഷം 1956-ലാണ് അദ്ദേഹം ന്യൂയോര്‍ക്കിലെത്തുന്നത്. തുടക്കത്തില്‍ യൂറോപ്പ്യന്‍ സെക്യൂരിറ്റീസ് അനലിസ്റ്റായി പ്രവര്‍ത്തിക്കുകയും വളരെ വേഗത്തില്‍ ആ മേഖലയില്‍ പേരെടുക്കുകയും ചെയ്തു. 1969-ല്‍ അദ്ദേഹം തന്റെ ആദ്യത്തെ ഹെഡ്ജ് ഫണ്ടായ (പലരില്‍ നിന്ന് പണം സ്വീകരിച്ച് നിക്ഷേപിക്കല്‍) ഡബിള്‍ ഈഗിള്‍ തുറന്നു. 1973-ല്‍ സോറോസ് ഫണ്ട് മാനേജ്മെന്റ് (പിന്നീട് ഇത് ക്വാണ്ടം എന്‍ഡോവ്‌മെന്റ് ഫണ്ട് എന്ന് അറിയപ്പെട്ടു) ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സോറോസ് ധനകാര്യലോകത്ത് ശ്രദ്ധേയനായത്.

നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമെടുന്നതില്‍ വിദഗ്ദ്ധനായിരുന്നു സോറോസ്. ഇതോടെ അദ്ദേഹം സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി അതിവേഗം വളര്‍ന്നു. അനുബന്ധ കമ്പനികളുടെ ഒരു ശ്രേണിക്ക് തന്നെ രൂപം നല്‍കി സോറോസ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നിക്ഷേപകരില്‍ ഒരാളായി മാറി. അദ്ദേഹത്തിന്റെ ധീരമായ നിക്ഷേപതീരുമാനങ്ങള്‍ സമ്പത്ത് അതിവേഗം വളരാന്‍ കാരണമായി. 1987 ഒക്ടോബറിലെ ലോകമെമ്പാടുമുള്ള ഓഹരി വിപണി തകര്‍ച്ച അദ്ദേഹം കൃത്യമായി മുന്‍കൂട്ടി കണ്ടിരുന്നു. വ്യവസായി എന്നതിനപ്പുറം ജനാധിപത്യ മുല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ഫൗണ്ടേഷനുകളുടെ സ്ഥാപകനുമാണ് സോറോസ്. ജനാധിപത്യം, സുതാര്യത, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനെന്ന് അവകാശപ്പെട്ട് രൂപവത്കരിച്ച ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സോറോസാണ് സ്ഥാപിച്ചത്. ശീതയുദ്ധകാലത്തിന് പിന്നാലെ എഴുപതിലധികം രാജ്യങ്ങളിലേക്ക് തന്റെ സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കാനും സോറോസിന് സാധിച്ചു. ഒബാമ, ഹില്ലരി ക്ലിന്റന്‍, ജോ ബൈഡന്‍ എന്നിവരെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു സോറോസ്.

ജോര്‍ജ് സോറോസ് ( ഫയല്‍ ചിത്രം) | Photo: AFP PHOTO

ജൂതകുടുംബത്തില്‍ ജനനം, ലണ്ടനില്‍ പഠനം

ഒരു സമ്പന്ന ജൂതദമ്പതികളുടെ മകനായി 1930-ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് ജോര്‍ജ് സോറോസിന്റെ ജനനം. അക്കാലത്തെ മറ്റ് സമ്പന്ന -മധ്യവര്‍ഗ ജൂതകുടുംബങ്ങളെപ്പോലെ തന്നെ തങ്ങളുടെ വേരുകളില്‍ അസ്വസ്ഥരായിരുന്നു സോറോസിന്റെ മാതാപിതാക്കളും. ആന്റി-സെമറ്റിക് ജൂതര്‍ എന്നാണ് പില്‍ക്കാലത്ത് സോറോസ് തന്നെ തന്റെ കുടുംബത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തിവാദര്‍ സോറോസ് ഒരു അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു. മാതാവ് എര്‍സെബെറ്റ് (എലിസബത്ത് എന്നും അറിയപ്പെടുന്നു) ആകട്ടെ ഒരു അറിയപ്പെടുന്ന സില്‍ക്ക് കടയുടെ ഉടമസ്ഥത കൈയാളിയിരുന്നു കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു. 1944-ല്‍ നാസി ജര്‍മ്മനി, ഹംഗറി പിടിച്ചടക്കുമ്പോള്‍ 13 വയസ്സായിരുന്നു സോറോസിന്. നാസികള്‍ യഹൂദ കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കി. സോറോസിനെയും മറ്റ് സ്‌കൂള്‍ കുട്ടികളെയും അധിനിവേശകാലത്ത് സ്ഥാപിതമായ ജൂത കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു. പിന്നാലെ ക്രിസ്ത്യാനികളാണെന്ന വ്യാജരേഖ നിര്‍മിച്ചാണ് അദ്ദേഹത്തിന്റെ കുടുംബം അക്കാലത്തെ അതിജീവിച്ചത്.

പതിനേഴാമത്തെ വയസില്‍ സോറോസ് പാരീസിലേക്ക് താമസം മാറ്റി. അവിടെ നിന്നാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്നത്. അവിടെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായി. എന്നാല്‍ തത്വചിന്തയിലേക്ക് അകര്‍ഷിക്കപ്പെട്ടു. അങ്ങനെ തത്ത്വചിന്തകനായ കാള്‍ പോപ്പറിന്റെ വിദ്യാര്‍ഥിയായി. പഠിക്കുമ്പോള്‍ സോറോസ് റെയില്‍വേ പോര്‍ട്ടറായും വെയിറ്ററായും ജോലി ചെയ്തിരുന്നു. 1951-ല്‍ തത്വചിന്തയില്‍ ബിരുദം നേടിയ ശേഷം 1954-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് തന്നെ തത്ത്വചിന്തയില്‍ ബിരുദാനന്തര ബിരുദവും നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം സര്‍വകലാശാലയില്‍ തുടരാനും പ്രൊഫസറായി ജോലി ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് തക്ക ഗ്രോഡുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അങ്ങനെയാണ് ലണ്ടനിലെ ഒരു നിക്ഷേപ സ്ഥാപനത്തില്‍ അദ്ദേഹം ജോലിക്ക് കയറുന്നത്.

'ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത വ്യക്തി'

സാമ്പത്തികരംഗത്തെ പ്രഗല്‍ഭനാണെങ്കിലും രാഷട്രീയ രംഗത്തും സജ്ജീവ സാന്നിധ്യമാണ് സോറോസ്. ഒപ്പം എല്ലാക്കാലത്തും വിവാദങ്ങളുടെ തോഴനും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത വ്യക്തി എന്ന നിലയില്‍ കുപ്രസിദ്ധനുമാണ് ജോര്‍ജ് സോറോസ്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് ഷോര്‍ട് ചെയ്ത് സോറോസ് 100 കോടി (ഒരു ബില്യണ്‍) യു.എസ്. ഡോളര്‍ സമ്പാദിച്ചു എന്നതാണ് അദ്ദേഹത്തിനെതിരായ വലിയ ആരോപണങ്ങളിലൊന്ന്. 1992 സെപ്റ്റംബറില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പൗണ്ട് സ്റ്റെര്‍ലിംഗിന്റെ മൂല്യം കുറയ്ക്കുന്നത് അവസരമാക്കിയതാണ് അദ്ദേഹം വലിയ തുക സമ്പാദിച്ചത്. പൗണ്ടിന്റെ മൂല്യം കുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സോറോസ് തന്റെ ക്വാണ്ടം ഗ്രൂപ്പ് ഓഫ് കമ്പനികള്‍ വഴി കോടിക്കണക്കിന്
പൗണ്ട് വിറ്റിരുന്നു. അതില്‍ ഭൂരിഭാഗവും കടം വാങ്ങിയ പണമായിരുന്നു. പിന്നീട് സോറോസ് പൗണ്ട് തിരികെ വാങ്ങി, കടം വാങ്ങിയ പണം തിരിച്ചടച്ചു. ഇതുവഴി ഏകദേശം 100 കോടി ഡോളര്‍ ലാഭം നേടിയതായാണ് കണക്കാക്കുന്നത്. സോറോസ് മാത്രമല്ല ഇത്തരത്തില്‍ പൗണ്ടിന്റെ മൂല്യം കുറയ്ക്കുന്നത് അവസരമാക്കി പണം സമ്പാദിച്ചത്. എന്നാല്‍, സോറോസിന്റെ വ്യാപ്തി മറ്റെല്ലാവരെയും കടത്തിവെട്ടുന്നതായിരുന്നു. ഈ ചൂതാട്ടം അദ്ദേഹത്തിന് 'ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത മനുഷ്യന്‍' എന്ന വിളിപ്പേര് നേടിക്കൊടുത്തു.

1994-ല്‍, ജാപ്പനീസ് കറന്‍സിയായ യെനിനെതിരേ ഡോളറിന്റെ മൂല്യം ഉയരുമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ അത് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ വലിയ നഷ്ടം വരുത്തിവെയ്ക്കുകയാണുണ്ടായത്. മൂല്യം ഉയരുന്നതിന് പകരം വര്‍ഷം മുഴുവനും ഡോളറിന്റെ മൂല്യം ഇടിഞ്ഞു. അതുവഴി ക്വാണ്ടം ഫണ്ടിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 1997-ല്‍ തായ്ലന്‍ഡ് കറന്‍സിയായ ബാത്ത് ഊഹക്കച്ചവടത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും സോറോസിനെതിരേ ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ സോറോസ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ആ വര്‍ഷം ഏഷ്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് സോറോസിനെതിരേ പരസ്യമായി രംഗത്തെത്തുകയും മലേഷ്യന്‍ കറന്‍സിയായ റിങ്കറ്റിന്റെ വീഴ്ചയ്ക്ക് ഉത്തരവാദി അദ്ദേഹമാണ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദി | Photo: ANI

തുടരുന്ന വിവാദങ്ങള്‍, ആരോപണങ്ങള്‍...

ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളില്‍ ജനാധിപത്യം, സുതാര്യത, അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ടീം പ്രവര്‍ത്തിക്കുന്നുവെന്നാണ് ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് അവകാശപ്പെടുന്നത്. 1984-ല്‍ തന്റെ സമ്പത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് സോറോസ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. സോറോസ് ഏകദേശം 1800 കോടി ഡോളര്‍ സംഘടനയ്ക്ക് നല്‍കിയതായി 2017-ല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് പലവിധ ആരോപണങ്ങളും അദ്ദേഹത്തിനെതിരേ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. യൂറോപ്പ്യന്‍ യൂണിയനെ അസ്ഥിരമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ സഹായിച്ചെന്നാണ് ഒരു ആരോപണം. എന്നാല്‍ സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ പുടിനെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് 2016-ലെ ഒരു റിപ്പോര്‍ട്ടില്‍ റഷ്യന്‍ മാധ്യമയായ സ്പുട്‌നിക് ആരോപിച്ചിരുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനും സോറോസും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് ആഗോളഅസ്ഥിരതയില്‍ നിന്ന് ലാഭം നേടാനും അന്താരാഷ്ട്ര തലത്തില്‍ നവലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുകയാണെന്നും സ്പുട്‌നിക് ആരോപിച്ചിരുന്നു.

റഷ്യയില്‍ മാത്രമല്ല, അമേരിക്കയിലും അരാജകത്വം വിതക്കാന്‍ സോറോസ് ശ്രമിച്ചതായാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നുകേട്ടത്. 2011-ല്‍ യുഎസിലുടനീളം അലയടിച്ച വാള്‍സ്ട്രീറ്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ധനസഹായം നല്‍കിയതായും അദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകളെല്ലാം സോറോസും പ്രതിഷേധക്കാരും നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് തുടക്കമിട്ട മുതലാളിത്ത വിരുദ്ധ കനേഡിയന്‍ ഗ്രൂപ്പായ ആഡ്ബസ്റ്റേഴ്‌സും സോറോസും തമ്മില്‍ പരോക്ഷ സാമ്പത്തിക ബന്ധങ്ങള്‍ കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010-ലും 2011-ലും മധ്യപൂര്‍വേഷ്യയിലും വടക്കേ ആഫ്രിക്കയിലും ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തരംഗമുണ്ടായപ്പോഴും സോറോസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായ പൊതുപ്രതിഷേധമായിരുന്നു അറബ് വസന്തം എന്ന പേരില്‍ അറയിപ്പെട്ടത്. ടുണീഷ്യയിലെയും ഈജിപ്തിലെയും ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതില്‍ പ്രതിഷേധക്കാര്‍ വിജയിച്ചു. അറബ് വസന്ത പ്രതിഷേധത്തില്‍ പ്രാദേശിക സംഘടനകള്‍ക്ക് ധനസഹായവും വിഭവങ്ങളും നല്‍കി സോറോസ് പിന്തുണച്ചുവെന്നും ആരോപണമുണ്ട്.

പുതിയ വിവാദം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ജോര്‍ജ് സോറോസ് വിമര്‍ശനമുന്നയിക്കുന്നത് ഇതാദ്യമല്ല. രണ്ട് വര്‍ഷം മുമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ജോര്‍ജ് സോറോസ് രംഗത്തെത്തിയിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സോറോസ് വിമര്‍ശിച്ചത്. ലോകത്ത് ദേശീയത കുറയുന്നതിന് പകരം തീവ്രമാകുകയാണ് ചെയുന്നത്. അതിന്റെ ഏറ്റവും വലുതും ഭയപ്പെടുത്തുന്നതുമായ ഉദാഹരണം ഇന്ത്യയാണ്. അവിടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു, അന്ന് സോറോസ് പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

എന്നാല്‍, ഗൗതം അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുറത്തുവന്ന ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ജോര്‍ജ് സോറോസ് രംഗത്തെത്തിയത്. അദാനി വിഷയത്തിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെ മോദിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുനരുദ്ധാരണം പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു സോറോസിന്റെ പ്രസ്താവന. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ സമ്മേളനത്തിലാണ് വന്‍കിട നിക്ഷേപകനായ സോറോസ് മോദിക്കെതിരായ പരാമര്‍ശം നടത്തിയത്. 'മോദിയും അദാനിയും അടുത്ത ബന്ധമുള്ളവരാണ്. അവരുടെ വിധിയും പരസ്പരബന്ധിതമാണ്. വിഷയത്തില്‍ മോദി മൗനം പാലിക്കുകയാണ്. എന്നാല്‍ അദ്ദേഹം വിദേശനിക്ഷേപകരുടെ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണം. ഇന്ത്യയിലെ ജനാധിപത്യത്തില്‍ ഒരു പുനരുദ്ധാരണം പ്രതീക്ഷിക്കുന്നു'- സോറോസ് പറഞ്ഞു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രസമ്മേളനത്തില്‍ | Photo: ANI

ബിജെപിയുടെ എതിര്‍ വാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുമുള്ള ആക്രമണമാണ് സോറോസ് നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം. മോദിയെ തകര്‍ത്ത് സോറസിനു താല്‍പര്യമുളളവരെ രാജ്യത്ത് വാഴിക്കാനാണു നീക്കമെന്നും പാര്‍ട്ടി ആരോപിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്തതിനേത്തുടര്‍ന്ന് ആ രാജ്യം സാമ്പത്തിക യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചയാളാണ് സോറോസെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ആഗ്രഹമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമാണ് ബിജെപി ഉയര്‍ത്തുന്ന വിമര്‍ശനം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിനെ താഴെ ഇറക്കി, പ്രിയപ്പെട്ടവരെ ഭരണമേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ ശ്രമമാണ് ഈ വാദങ്ങളെല്ലെമെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രിമാരടക്കമാണ് രംഗത്ത് വന്നത്.

സോറോസിന്റെ പ്രസ്താവന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. 'നരേന്ദ്ര മോദിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപ സോറോസ് ചെലവഴിച്ചിട്ടുണ്ട്. യു.എസ്. ഫ്രഞ്ച് പ്രസിഡന്റുമാരും ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്രമോദിയെ പരസ്യമായി പ്രശംസിച്ചത് ചിലരെ വിറകൊള്ളിക്കുന്നു. അവര്‍ക്കു വേണ്ടതു ദുര്‍ബലമായ ഇന്ത്യയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച വിദേശികള്‍ക്ക് മുമ്പും മറുപടി നല്‍കിയിട്ടുണ്ട്. ഈ പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ ഓരോ ഇന്ത്യക്കാരനും തയ്യാറാകണം'-സ്മൃതി പറഞ്ഞു. തന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന, ന്യൂയോര്‍ക്കിലെ ഒരു വൃദ്ധനായ കോടീശ്വരന്‍ മാത്രമാണ് സോറോസെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരിഹാസം.

എന്നാല്‍ സോറോസിന്റെ പരാമര്‍ശത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനും ബിജെപി ശ്രമിച്ചു. സോറോസിന്റെ സന്നദ്ധസംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പിന്തുണ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചെന്നാണ് പാര്‍ട്ടി ആരോപിച്ചത്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സലില്‍ ഷെട്ടി ജോഡോ യാത്രയില്‍ പങ്കെടുത്തെന്നും ബി.ജെ.പി. ആരോപിക്കുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങളും ബി.ജെ.പി. ദേശീയവക്താവ് ഷെഹ്സാദ് പൂനവാല പുറത്തുവിട്ടിരുന്നു. 'കോണ്‍ഗ്രസ് കാ ഹാത്, ജോര്‍ജ് സോറോസ് കെ പ്രൊപ്പഗാന്‍ഡ കെ സാത്' എന്നാണ് ഷെഹ്സാദ് പൂനവാല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്വിറ്ററില്‍ കുറിച്ചത്.

സോറോസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്

ജോര്‍ജ് സോറോസുമായി ബന്ധമൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി വിവാദം ഇന്ത്യയിലെ ജനാധിപത്യ പുനരുജ്ജീവനത്തിന് ഇടയാക്കിയാലും ജോര്‍ജ് സോറോസിന്റെ പ്രസ്താവനയ്ക്ക് അതില്‍ പങ്കൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. കോണ്‍ഗ്രസ്, പ്രതിപക്ഷ കക്ഷികള്‍, രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയില്‍ ആശ്രയിച്ചാണ് ജനാധിപത്യ പുനരുജ്ജീവനം സംഭവിക്കുന്നതെന്നും ജോര്‍ജ് സോറോസിനെ പോലുള്ള വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണയിക്കാനാവില്ലെന്ന് നമ്മുടെ നെഹ്‌റൂവിയന്‍ പാരമ്പര്യം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Who Is George Soros, All about the billionaire who says Adani's troubles will weaken PM Modi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented