അധികാരത്തിന്റെ അകത്തളങ്ങളിൽ വിരാജിച്ച യോഗ ഗുരു; ആരായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരി...?


സ്വന്തം ലേഖിക

Premium

ഇന്ദിര ഗാന്ധിയും ധീരേന്ദ്ര ബ്രഹ്‌മചാരിയും | Image Credit :twitter.com/KiranKS

'ന്നെക്കുറിച്ചെഴുതുന്ന ഭൂരിഭാഗം വാര്‍ത്തകളും തെറ്റാണ്. സര്‍ക്കുലേഷന്‍ കുത്തനെ ഇടിയുമ്പോഴോ അല്ലെങ്കില്‍ എന്നില്‍നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ചികഞ്ഞെടുക്കുന്നതിനായി ആരെങ്കിലും ചട്ടം കെട്ടുമ്പോഴോ ആണ് പത്രക്കാര്‍ എന്നെ കാണാനായി വരുന്നത്. ഞാന്‍ വില്‍ക്കപ്പെടുമെന്ന് ഉറപ്പുളളതിനാല്‍ അവര്‍ എന്നെ കുറിച്ചുളള വാര്‍ത്തകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.' രാജീവ്ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ ഉദയത്തോടെ നെഹ്‌റു കുടുംബത്തില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകന്‍ പ്രഭു ചാവ്‌ളയുടെ ചോദ്യത്തോട് ധീരേന്ദ്ര ബ്രഹ്‌മചാരി പ്രതികരിച്ചത് ഇങ്ങനെയാണ്.

ആരാണ് ധീരേന്ദ്ര ബ്രഹ്‌മചാരി?

ഇന്ത്യന്‍ റാസ്പുട്ടിന്‍, പറക്കും യോഗി തുടങ്ങി വിശേഷണങ്ങള്‍ നിരവധിയുണ്ടായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരിക്ക്. ആറടി ഒരിഞ്ച് ഉയരം, വെളുത്ത് നീണ്ടുമെലിഞ്ഞ സുമുഖനായ, ക്രിസ്തുവിനോട് രൂപസാദൃശ്യമുള്ള അരോഗദൃഢഗാത്രന്‍. വെളുത്ത നിറത്തിലുളള മസ്ലിന്‍ വസ്ത്രത്താല്‍ മേലാവരണം ചെയ്ത് സ്ത്രീകളുടെ ഹാന്‍ഡ് ബാഗ് പോലുള്ള വെളുത്ത തുണിയിലുളള ബാഗുമായിട്ടായിരിക്കും പലപ്പോഴും യോഗി പ്രത്യക്ഷപ്പെടുന്നത്. രൂപം തികഞ്ഞ സാത്വികന്റേതിന് സമാനമായിരുന്നെങ്കിലും ആ ജീവിതം ഒരിക്കലും അത്രമേല്‍ ലളിതമായിരുന്നില്ല. 'നിരവധി മുഖങ്ങളുളള ഒരു സന്ന്യാസിയാണ് അയാള്‍. അയാളുടെ കൈവശം യാതൊരു അധികാരപദവികളുമുണ്ടായിരുന്നില്ല. പക്ഷേ, നിസ്സീമമായ പ്രഭാവശക്തി അയാള്‍ക്കുണ്ടായിരുന്നു. ആഡംബരങ്ങളില്‍ മുഴുകി ജീവിക്കുന്ന, പ്രധാനമന്ത്രിയുടെ അടുത്തുവരെ പിടിപാടുളള യോഗാ ഗുരു. അദ്ദേഹത്തെ ആളുകള്‍ ഭയന്നിരുന്നു, ബഹുമാനിക്കുകയും ചെയ്തിരുന്നു.'

ആകാശനീല ടൊയോട്ട കാറില്‍ സഞ്ചരിച്ചിരുന്ന യോഗിക്ക് നിരവധി ആഡംബര കാറുകളും എയര്‍ ക്രാഫ്റ്റുകളും സ്വന്തമായുണ്ടായിരുന്നു. വ്യക്തിഗത എയര്‍ സ്ട്രിപ്പുകള്‍, തോക്കുനിര്‍മാണം ഉള്‍പ്പടെയുളള ബിസിനസ്സുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം. കേന്ദ്രമന്ത്രിമാർ ഉള്‍പ്പടെയുളള ഉന്നതര്‍ സ്വന്തം നേട്ടങ്ങള്‍ക്കുളള ചവിട്ടുപടികള്‍ മാത്രം. ഒരു യോഗിയുടെ ജീവിതമല്ലല്ലോ താങ്കള്‍ നയിക്കുന്നതെന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരിക്കല്‍ യോഗി മറുപടി നല്‍കിയത് ഇങ്ങനെയാണ്: 'ലോകത്തെ മനോഹരമായ കാര്യങ്ങളെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു നല്ല മനുഷ്യന്‍ ഒരു നല്ലകാര്യം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനര്‍ഥം അയാള്‍ക്കെന്തോ കുഴപ്പമുണ്ടെന്നല്ലേ? മനോഹരമായ എന്തും- അത് മേശയോ കാറോ സ്ത്രീയോ വിമാനമോ വീടോ എന്തുമാകട്ടേ... ഞാനത് ഇഷ്ടപ്പെടുന്നു. ഞാനെല്ലായ്‌പ്പോഴും നല്ല, രമണീയമായ വ്യക്തികളെ തിരഞ്ഞെടുക്കുന്നു.'

ധീരേന്ദ്ര ബ്രഹ്‌മചാരി| Image Credit: facebook.com/dhirendrabrahmachari

ബിഹാറിലെ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ധീരേന്ദ്ര ബ്രഹ്‌മചാരി പതിന്നാലാം വയസ്സിലാണ് വീടുപേക്ഷിച്ച് വാരാണസിയിലേക്ക് തിരിക്കുന്നത്. കുട്ടിക്കാലത്ത് വായിക്കാനിടയായ ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ആ യാത്ര. അവിടെവെച്ച് മഹര്‍ഷി കാര്‍ത്തികേയനില്‍നിന്ന് യോഗാപാഠങ്ങള്‍ പഠിച്ച അദ്ദേഹം പിന്നീട് യോഗയുടെ പ്രചാരകനായി മാറി. ഡല്‍ഹി, മാന്തലായ്, കട്‌ര തുടങ്ങി ഇടങ്ങളില്‍ അദ്ദേഹം യോഗാ ആശ്രമങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാലയാസ് ആയി അറിയപ്പെടുന്ന വിശ്വയാതന്‍ യോഗാശ്രമത്തിന്റെ ഉടമസ്ഥന്‍ ആയിരുന്നു ധീരേന്ദ്ര. മന്തലായിയിലുള്ള ധീരേന്ദ്രയുടെ ആശ്രമം 126 ഏക്കറിലാണ്‌ വ്യാപിച്ചു കിടന്നിരുന്നത്. സ്വകാര്യ എയര്‍സ്ട്രിപ്പും മൃഗശാലയുമുള്‍പ്പടെ അക്കാലത്തെ ആധുനിക സൗകര്യങ്ങളെല്ലാമുളള തികഞ്ഞ ആഡംബര ആശ്രമം. യോഗയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പ്രമുഖരെ യോഗ പരിശീലിപ്പിച്ചിരുന്ന ധീരേന്ദ്ര നെഹ്‌റു കുടുംബത്തിലെത്തിച്ചേരുന്നതോടെയാണ് ഒരു 'നാഷണല്‍ ഫിഗര്‍' ആയി മാറുന്നത്.

ആഫ്റ്റര്‍നൂണ്‍ ഡിസ്പാച്ച് ആന്‍ഡ് കൂറിയര്‍-ല്‍ ഖുശ്‌വന്ത് സിങ് വിശാലമായ പൂന്തോട്ടത്തോടുകൂടിയ ധീരേന്ദ്രയുടെ വീടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആ വീട്ടില്‍ അദ്ദേഹത്തിന് കറുത്ത നിറത്തിലുളള പശുക്കളുളള ചെറിയൊരു ഫാമുണ്ടായിരുന്നവത്രേ. പശുക്കളുടെ പാലിന് ഔഷധഗുണമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
നെഹ്‌റു കുടുംബത്തിലേക്കുളള പ്രവേശനം

നെഹ്‌റു കുടുംബത്തില്‍ ധീരേന്ദ്ര എത്തിപ്പെട്ടതിനെ ചൊല്ലി ഒട്ടേറെ കഥകളുണ്ട്. അതിലൊന്ന്, കശ്മീരില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ നെഹ്‌റുവിനെ ധീരേന്ദ്ര ബ്രഹ്‌മചാരി നേരിട്ട് സന്ദര്‍ശിച്ച് യോഗയുടെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയായിരുന്നുവെന്നതാണ്‌. 'രാജ്യത്തിന്റെ ഏക പ്രതീക്ഷ താങ്കളാണ്. അതുകൊണ്ട് താങ്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. താങ്കളെ ഞാന്‍ യോഗ പഠിപ്പിക്കാം. യോഗ നിങ്ങളുടെ മനസ്സും ശരീരവും ക്ഷമതയോടെയിരിക്കാന്‍ സഹായിക്കും.' ധീരേന്ദ്രയുടെ ഈ വാക്കുകളെ മുഖവിലയ്‌ക്കെടുത്ത നെഹ്‌റു അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. നെഹ്‌റുവിന് പുറമേ ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങി നിരവധി പേര്‍ക്ക് അദ്ദേഹം യോഗാപാഠങ്ങള്‍ പകര്‍ന്നു. പിന്നീട് നെഹ്‌റുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മകള്‍ ഇന്ദിരയുടെ യോഗ പരിശീലകനായി അദ്ദേഹം മാറുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും | Photo: Getty Images

എന്നാല്‍, കശ്മീരില്‍വെച്ച് നെഹ്‌റുവിനെയല്ല ഇന്ദിരയെയാണ് ധീരേന്ദ്ര ആദ്യം കണ്ടതെന്ന് രാജ്യസഭ എം.പിയായിരുന്ന യശ്പാല്‍ കപൂര്‍ പറയുന്നു. ജമ്മുവിന് അടുത്തുളള ശികാര്‍ഗാഹില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. മഞ്ഞുപോലെ വെളുത്ത ധോത്തിയണിഞ്ഞ് അയാള്‍ പ്രത്യക്ഷപ്പെട്ടു. ഒരു കുതിരപ്പുറത്തായിരുന്നു എത്തിയത്. ദൂരെ പുസ്തകവായനയില്‍ മുഴുകിയിരിക്കുന്ന ഇന്ദിരയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പക്ഷേ, ഇന്ദിരയുടെ കണ്ണില്‍ യോഗി പതിഞ്ഞിരുന്നു. ആരായിരുന്നു അതെന്ന ഇന്ദിരയുടെ അന്വേഷണം അവര്‍ തമ്മിലുളള കൂടിക്കാഴ്ചയിലേക്കാണ് നയിച്ചത്. താന്‍ ഒരു യോഗ ടീച്ചറാണെന്നും നിരവധി പ്രമുഖരെ യോഗ പഠിപ്പിക്കുന്നുണ്ടെന്നും ധീരേന്ദ്ര സ്വയം പരിചയപ്പെടുത്തി. ഇന്ദിര കണ്ടെത്തിയതാണെങ്കിലും അതല്ല മകള്‍ക്കായി നെഹ്‌റു കണ്ടെത്തിയതാണെങ്കിലും യോഗാഗുരു താമസിയാതെ തന്നെ ആ കുടുംബത്തിലെ നിര്‍ണായക സാന്നിധ്യമായി. ഇന്ദിരയിലൂടെ നെഹ്‌റുവിനെ സ്വാധീനിച്ച് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മാത്രം കരുത്താര്‍ജിക്കുകയും ചെയ്തു. നെഹ്‌റുവിനെയും ഇന്ദിരയെയും കാത്തുകിടന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി ധീരേന്ദ്രയെ കാണാനും സമയം ചെലവഴിച്ചു.

ഇന്ദിരയും ധീരേന്ദ്രയും തമ്മില്‍

ധീരേന്ദ്രയെയും ഇന്ദിരയെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് അറുപതുകളുടെ തുടക്കം പുറത്തുവന്നത്. യോഗിയുടെ ആകാരസൗഷ്ഠവത്തില്‍ ഇന്ദിര ആകൃഷ്ടയായിരുന്നുവെന്നും അവര്‍ തമ്മിലുളള ബന്ധം കേവല സൗഹൃദത്തേക്കാള്‍ ഉപരിയായിരുന്നുവെന്നുമായിരുന്നു ആ കഥകള്‍. ഇന്ദിരയുടെ വിരോധികള്‍ മാത്രമല്ല, അടുപ്പക്കാര്‍പോലും ആ കഥകള്‍ക്ക് ജീവന്‍ പകര്‍ന്നു. 'എല്ലാ ദിവസവും രാവിലെ അടഞ്ഞ വാതിലുകള്‍ക്കകത്ത് ഒരു മണിക്കൂര്‍ അയാള്‍ ഇന്ദിരയ്‌ക്കൊപ്പമായിരുന്നു. യോഗാപാഠങ്ങള്‍ ചിലപ്പോള്‍ കാമസൂത്ര പാഠങ്ങളില്‍ അവസാനിച്ചിരിക്കാം.' എന്നാണ് നെഹ്‌റു കുടുംബവുമായി വളരെ അടുത്ത ബന്ധമുളള പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിങ് ഒരിക്കല്‍ പറഞ്ഞത്.

സുഹൃത്തായിരുന്ന ദൊറോത്തി നോര്‍മാന് 1958-കളില്‍ എഴുതിയ കത്തില്‍ യോഗിയുടെ പ്രഭാവത്തെ കുറിച്ച് ഇന്ദിര ഗാന്ധി വാചാലയാകുന്നുണ്ട്. 'ശ്രേഷ്ഠനായ ഒരു യോഗിയില്‍നിന്ന് യോഗ പഠിക്കുന്നതിനായി അതിരാവിലെ ഞാന്‍ എഴുന്നേറ്റു. എല്ലാവരേയും ആകര്‍ഷിക്കുന്ന പ്രൗഢഗംഭീരമായ ശരീരത്തിന് ഉടമയാണ് അദ്ദേഹം.' ദൊറോത്തിക്കെഴുതിയ കത്തില്‍ ഇന്ദിര പറയുന്നു. ഇന്ദിരയുടെ മുറിയില്‍ തനിച്ച് കയറാന്‍ അനുവാദമുളള, ഇന്ദിരയെ തനിച്ച് കാണാന്‍ അനുവാദമുള്ള ഏക പുരുഷനായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരിയെന്ന് 'ഇന്ദിര- ലൈഫ് ഓഫ് ഇന്ദിര നെഹ്‌റു ഗാന്ധി' എന്ന ജീവചരിത്രത്തില്‍ കാതറിന്‍ ഫ്രാങ്ക് പറയുന്നുണ്ട്. ദിവസവും ഒരു മണിക്കൂര്‍ യോഗപഠനത്തിനായി ഇന്ദിര മാറ്റിവെച്ചിരുന്നു. കാതറിന്‍ ഫ്രാങ്കിന്റെ വിവരണത്തെ ഇന്ദിരയുടെ സുഹൃത്തായിരുന്ന പി.ഡി. ടണ്ഡന്‍ വെറും അപവാദമെന്ന് പറഞ്ഞ് തള്ളിയിരുന്നു. ധീരേന്ദ്രയുമായുളള അവരുടെ ബന്ധത്തെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ടെങ്കിലും അതെത്രത്തോളം ഗാഢമായിരുന്നു, അവര്‍ അനുരക്തരായിരുന്നുവോ എന്നെല്ലാമറിയാമായിരുന്നത് അവരിരുവര്‍ക്കും മാത്രമാണ്. പുറത്തുനിന്നുളളവരെ സംബന്ധിച്ചിടത്തോളം ബാക്കിയെല്ലാം അനുമാനങ്ങള്‍ മാത്രം.

സാധാരണ വാര്‍ത്തകള്‍ക്കപ്പുറം കനപ്പെട്ട കണ്ടന്റുകള്‍ക്കായി ഒരിടം JOIN WHATSAPP GROUP

എന്തുതന്നെയാണെങ്കിലും ഇന്ദിരയുടെ തീരുമാനങ്ങളില്‍ യോഗിയുടെ സ്വാധീനം പ്രകടമായിരുന്നു. യോഗിക്കായി വഴിവിട്ട ഇടപെടലുകള്‍ ഇന്ദിര നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ചില നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇന്ദിരയെന്ന നേതാവിനൊപ്പം തന്നെ യോഗിയും വളര്‍ന്നു. ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാത്ത യോഗി അധികാരം മതിവരുവോളം നുണഞ്ഞു. അറുപതുകളുടെ തുടക്കത്തില്‍ വാടകക്കെട്ടിടത്തില്‍ യോഗ പരിശീലനം നല്‍കിയിരുന്ന യോഗിക്ക് അതേ റോഡില്‍ ദേശീയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനായി 3.3 ഏക്കര്‍ ഭൂമിയാണ് അനുവദിക്കപ്പെട്ടത്.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാള്‍ തന്റെ ആത്മകഥയായ 'മാറ്റേഴ്‌സ് ഓഫ് സിഡ്‌ക്രെഷനി'ല്‍ എഴുതിയ ഒരു അനുഭവമുണ്ട്. അത് ഇങ്ങനെയായിരുന്നു:' ഞാന്‍ നിര്‍മാണ്‍ ആവാസ് രാജ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ദിര ഗാന്ധിയുടെ യോഗ ഗുരുവായിരുന്ന ധീരേന്ദ്ര ബ്രഹ്‌മചാരി സര്‍ക്കാര്‍ ഭൂമി ആശ്രമത്തിന്റെ പേരിലേക്ക് മാറ്റുന്നതിനായി ആവശ്യപ്പെട്ടിരുന്നു. നല്ല വിലയുള്ള ആ ഭൂമി അദ്ദേഹത്തിന് വേണ്ടി വിട്ടുകൊടുക്കുന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഫയല്‍ മുന്നോട്ടുനീക്കാന്‍ ഞാന്‍ അനുവദിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു. കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിച്ച പോലെ നടന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി. ഞാന്‍ അതിന് വലിയ പ്രാധാന്യം കൊടുത്തില്ല. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഉമാശങ്കര്‍ ദീക്ഷിതിനെ കാബിനറ്റ് മന്ത്രിയാക്കി എന്നേക്കാള്‍ ഉയര്‍ന്ന പദവിയില്‍ ഇരുത്തി. ഇതുസംബന്ധിച്ച് ഇന്ദിര ഗാന്ധിയുമായി സംസാരിച്ചെങ്കിലും അവര്‍ എനിക്ക് മറുപടിയൊന്നും നല്‍കിയില്ല. പക്ഷേ, ഉമാശങ്കര്‍ ദീക്ഷിത്തും ഭൂമി നല്‍കാന്‍ അനുവാദം നല്‍കിയില്ല. കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെയും തല്‍സ്ഥാനത്തുനിന്ന് മാറ്റി. അവര്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കുന്ന ഒരു മന്ത്രിയെ ആ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു.'

ധീരേന്ദ്രയുടെ ഡല്‍ഹിയിലുളള യോഗ സെന്ററിന് നല്‍കിക്കൊണ്ടിരുന്ന ഗ്രാന്റ് നിര്‍ത്തലാക്കുന്നത് ഡോ. ശ്രീമാലിയാണ്. ഗ്രാന്റിന് വേണ്ടിയുളള അപേക്ഷ കണ്ടില്ലെന്ന് വെക്കുക മാത്രമല്ല, മുന്‍വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ദിര ഗാന്ധി പ്രധാനമന്ത്രി നെഹ്‌റുവിന്റെ മുന്നില്‍ എത്തിച്ചു. നെഹ്‌റു ശ്രീമാലിയുടെ അടുത്ത് കാര്യം അവതരിപ്പിച്ചെങ്കിലും ധീരേന്ദ്രയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 'ജാലകത്തിലൂടെ ഞാന്‍ ശ്രീമാലിയെ പുറക്കേത്ത് തള്ളുകയാണോ വേണ്ടത്? എന്തുകൊണ്ടാണ് ബ്രഹ്‌മചാരി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത്?' എന്നായിരുന്നു ഇന്ദിരയുടെ അമിത ഇടപെടലില്‍ അസംതൃപ്തനായ നെഹ്‌റുവിന്റെ പ്രതികരണം. താമസിയാതെ ശ്രീമാലി കാബിനറ്റില്‍നിന്ന് പുറത്തായി. ധീരേന്ദ്രയുടെ അധികാരത്തിന്റെ കരുത്ത് വെളിവായ ഉദാഹരണങ്ങളില്‍ മറ്റൊന്ന്. പ്രധാനമന്ത്രിയുമായുള അടുപ്പത്തിന്റെ പേരില്‍ മേനി നടിക്കാന്‍ യോഗി മിനക്കെട്ടിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനശക്തി പകല്‍പോലെ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം പെട്രോളിയം മന്ത്രിയായിരുന്ന പി.സി. സേഥി, നിയമമന്ത്രിയായിരുന്ന ശിവശങ്കര്‍ തുടങ്ങി അരഡസനോളം കേന്ദ്രമന്ത്രിമാര്‍ അദ്ദേഹത്തെ സ്ഥിരമെന്നോണം സന്ദര്‍ശിച്ചിരുന്നത്.

വിമാനക്കമ്പക്കാരായ സഞ്ജയും ധീരേന്ദ്രയും

സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയും | Photo: Getty Images

ഇന്ദിരയുടെ ഇളയമകന്‍ സഞ്ജയുമായും സുദൃഢമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ബ്രഹ്‌മചാരിക്ക് സാധിച്ചു. വിമാനം പറപ്പിക്കല്‍ ആവേശമായിരുന്ന സഞ്ജയും എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുളള ബ്രഹ്‌മചാരിയും തമ്മിലുളള ബന്ധം ദൃഢമാകാന്‍ കൂടുതല്‍ കാരണങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ഒരു സമയത്ത് സഞ്ജയുടെ നിഴലായി പോലും ധീരേന്ദ്ര മാറി. സഞ്ജയുമായുളള അടുപ്പത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹവുമായി മാത്രമല്ല, ഇന്ദിരയും രാജീവും സഞ്ജയും മേനകയും സോണിയയും ഫിറോസ് ഗാന്ധിയുമുള്‍പ്പടെ എല്ലാവരുമായും തനിക്ക് വളരെ അടുത്ത ബന്ധമാണെന്നും താന്‍ ഗാന്ധി കുടുംബത്തിലെ ഒരംഗമാണെന്നാണ് കരുതുന്നതെന്നുമാണ്‌ ധീരേന്ദ്ര പറഞ്ഞിട്ടുളളത്. 'ഇന്ദിര ഗാന്ധിയുമായി തനിച്ച് സംസാരിക്കുക എന്നുളളത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സഞ്ജയോ ധീരേന്ദ്രയോ കൂടെക്കൂടെ ആ മുറിയില്‍ കയറിയിറങ്ങുമെന്ന് 'ഇന്ദിര ഗാന്ധി എ പേഴ്‌സണല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ബയോഗ്രഫി'യില്‍ ടി.പി..മിശ്ര പറയുന്നുണ്ട്.

സഞ്ജയ് ഗാന്ധിയുടെ മൃതദേഹത്തിനരികെ ധീരേന്ദ്ര ബ്രഹ്‌മചാരി| Photo: Getty Images

1980 ജൂണ്‍ 23-ന് Pitts S2 എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണാണ് സഞ്ജയ് മരണപ്പെടുന്നത്. ധീരേന്ദ്രയുടെ എയര്‍ക്രാഫ്റ്റായിരുന്നു അത്. 'സഞ്ജയ് വളരെ നല്ല പൈലറ്റാണ്. പക്ഷേ, വിമാനം പറത്തുമ്പോള്‍ കൂടുതല്‍ പ്രകടനങ്ങള്‍ക്ക് മുതിരരുതെന്ന്‌ ഞാന്‍ അദ്ദേഹത്തോട് എല്ലായ്‌പ്പോഴും പറയാറുണ്ട്.' സഞ്ജയുടെ മരണത്തിന്റെ തൊട്ടുപിറ്റേന്ന് അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ധീരേന്ദ്ര പറഞ്ഞു. സഞ്ജയുടെ വേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും സംസ്‌കാരചടങ്ങില്‍ രാജീവ് ഗാന്ധിക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കാനും ധീരേന്ദ്ര മുന്നിട്ടുനിന്നു. ആ കുടുംബത്തിന് ആരാണ് ധീരേന്ദ്രയെന്ന് രാജ്യം മുഴുവന്‍ മനസ്സിലാക്കുന്നത് അപ്പോഴാണ്. സഞ്ജയുടെ അകാലത്തിലുളള വേര്‍പാട് ഇന്ദിരയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ധീരേന്ദ്രയിലുളള ഇന്ദിരയുടെ വൈകാരിക ആശ്രയത്വം അതോടെ വര്‍ധിച്ചു. യോഗിയുടെ നിര്‍ദേശമുനുസരിച്ച് സമാധാനം കണ്ടെത്തുന്നതിനായി രാജ്യത്തെ നിരവധി ക്ഷേത്രങ്ങളില്‍ അവര്‍ സന്ദര്‍ശനം നടത്തി. രുദ്രാക്ഷമണിഞ്ഞു.

സഞ്ജയുടെ ഭാര്യ മേനകയ്ക്ക് ചില ചുമതലകള്‍ നല്‍കാന്‍ ഇന്ദിര തീരുമാനിച്ചിരുന്നു. പക്ഷേ, ഇറ്റലിയിലേക്കു മടങ്ങുമെന്ന രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയയുടെ ഭീഷണിക്ക് മുന്നില്‍ ഇന്ദിര നിസ്സഹായയായി. ഇന്ദിരയെ മാനസികമായി പിന്തുണച്ചത് ധീരേന്ദ്രയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നു മേനകയെ പുറത്താക്കാനുളള തീരുമാനമെടുക്കുമ്പോഴും യോഗി കൂടെ വേണമെന്ന് ഇന്ദിരയ്ക്ക് നിര്‍ബന്ധമായിരുന്നു. ഒരു ഘട്ടത്തില്‍ പ്രതീക്ഷിച്ചതില്‍നിന്ന് വിഭിന്നമായി പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും വഴക്ക് മൂര്‍ച്ഛിക്കുകയും ചെയ്തതോടെ നിലവിട്ടു കരഞ്ഞ ഇന്ദിരയെ ആ മുറിയില്‍നിന്ന് പുറത്തേക്ക് ആനയിച്ചത് ധീരേന്ദ്രയാണ്. ഗാന്ധി കുടുംബത്തില്‍ ധീരേന്ദ്രയുടെ സ്ഥാനത്തെ കുറിച്ചുളള ചോദ്യത്തിനെല്ലാം അതിനൊരു കാരണമുണ്ടായിരിക്കും എന്നു മാത്രമായിരുന്നു ഇന്ദിരയുടെ മറുപടി.

വിദേശ മാധ്യമങ്ങള്‍ പോലും നെഹ്‌റു കുടുംബത്തില്‍ ധീരേന്ദ്രയ്ക്കുളള സ്ഥാനത്തെ അത്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്. 'യോഗ പരിശീലകനും ബിസിനസുകാരനുമായ ധീരേന്ദ്ര ബ്രഹ്‌മചാരിയെ ഇന്ദിരയ്‌ക്കൊപ്പവും സഞ്ജയ്‌ക്കൊപ്പം പലപ്പോഴും കാണാം. അയാള്‍ നെഹ്‌റു കുടുംബത്തിന്റെ യോഗാ പരിശീലകനാണ് എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. അയാളുടെ ഭാവി പ്രധാനമന്ത്രിയെ ആശ്രയിച്ചാണ് ഇരുന്നിരുന്നത്. 1977-ലെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് മുമ്പ് സഞ്ജയ് ഗാന്ധിയുടെ വിവാദ ചേരി നിര്‍മാര്‍ജന നയത്തെയും ജനന നിയന്ത്രണ പദ്ധതികളെയും ശക്തിയുക്തം പിന്തുണച്ചിരുന്ന ആളായിരുന്നു അദ്ദേഹം. വന്‍തുക മുടക്കി ആശ്രമം നിര്‍മിച്ച ധീരേന്ദ്ര പലപ്പോഴും ഇറക്കുമതി ചെയ്ത വാഹനങ്ങളിലും എയര്‍ക്രാഫ്റ്റുകളിലുമാണ് സഞ്ചരിച്ചിരുന്നത്. 77-ലെ ഇന്ദിരയുടെ തോല്‍വിയോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ധീരേന്ദ്രക്കെതിരേ ഒന്നൊന്നായി കുറ്റകൃത്യങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ടു.' ദ ന്യൂയോര്‍ക്ക് ടൈംസില്‍ മൈക്കിള്‍ കോഫ്മാന്‍ ധീരേന്ദ്രയെ കുറിച്ച് എഴുതിയത് ഇപ്രകാരമാണ്.

അനിവാര്യ പതനം

ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കൂടുമെന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ധീരേന്ദ്രയുടെ അവസാനകാലം. ഗാന്ധി കുടുംബവുമായുളള അടുപ്പത്തിന്റെ പേരില്‍ 77-ല്‍ അധികാരത്തിലെത്തിയ ജനത സര്‍ക്കാര്‍ സ്വാമിയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥകാലത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഷാ കമ്മിഷന്‍ ധീരേന്ദ്രയെ നന്നായി തന്നെ കുടഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് യു.എസില്‍നിന്ന് ഇറക്കുമതി ചെയ്ത എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ടായിരുന്നു അത്. കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ആക്രമണം. ആ വിമാനത്തിലായിരുന്നു 77ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ദിര ഗാന്ധി സഞ്ചരിച്ചിരുന്നത് എന്നുള്ളത് മറ്റൊരു കൗതുകം.

'ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഞാന്‍ ഇരയാക്കപ്പെടുകയായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കുന്നതിലൂടെ ഇന്ദിര ഗാന്ധിക്ക് ക്ഷതമേല്‍പ്പിക്കുകയാണെന്നാണ് അവര്‍ കരുതിയത്.' ഗാന്ധി കുടുംബവുമായുളള അടുപ്പം തന്നെ ആക്രമിക്കുന്നതിനുളള കാരണമാക്കുന്നവെന്ന ഇരവാദമാണ് അക്കാലത്ത് ധീരേന്ദ്ര ഉയര്‍ത്തിയത്.

1981-ല്‍ എച്ച്.കെ.എല്‍. ഭഗത് വിവര-പ്രക്ഷേപണ കേന്ദ്രമന്ത്രിയായിരിക്കേയാണ് ദൂരദര്‍ശനില്‍ എല്ലാ ബുധനാഴ്ചയും സംപ്രേഷണം ചെയ്തിരുന്ന ധീരേന്ദ്രയുടെ യോഗാപാഠങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതെ നിര്‍ത്തലാക്കുന്നത്. കാണികള്‍ കുറവായതിനാല്‍ സമയമാറ്റത്തിന് ദൂരദര്‍ശന്‍ അധികൃതര്‍ യോഗിയെ സമീപിച്ചെന്നും അദ്ദേഹം വഴങ്ങാത്തതിനാല്‍ പ്രോഗ്രാം നിര്‍ത്താന്‍ ദൂരദര്‍ശന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് ഇതിന് നല്‍കപ്പെട്ട വിശദീകരണമെങ്കിലും യോഗിയുടെ ശക്തിക്ഷയത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു അത്.

രാജീവ് ഗാന്ധി | Photo: Getty Images

നെഹ്‌റു കുടുംബത്തില്‍നിന്ന് ധീരേന്ദ്ര നിഷ്‌കാസിതനാകുന്നത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെയാണ്. വീട്ടിനകത്ത് ധീരേന്ദ്രയുടെ സാന്നിധ്യം പോലും രാജീവിനെ അസ്വസ്ഥനാക്കി. ഇഷ്ടപ്രകാരം കയറിച്ചെന്നിരുന്ന വീട്ടില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയതിന് ശേഷം മാത്രം പ്രവേശനം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുളള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. രാജീവിന്റെ സത്യപ്രതിജ്ഞാചടങ്ങിന് പോലും ധീരേന്ദ്ര ക്ഷണിക്കപ്പെട്ടില്ല. എന്നാല്‍, ഇന്ദിരയുമായുളള അതേ ബന്ധം രാജീവുമായി തനിക്കുണ്ടെന്നാണ് ധീരേന്ദ്ര അവകാശപ്പെട്ടിരുന്നത്. രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ലോകത്തെ കാണിക്കുന്നതിന് വേണ്ടിയാണ് സത്യപ്രതിജ്ഞാചടങ്ങിന് രാഹുല്‍ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദിര മരണപ്പെട്ടപ്പോള്‍ പോലും ധീരേന്ദ്രയെ രാജീവ് അടുപ്പിച്ചില്ലെന്നാണ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ പറയുന്നത്. ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്നതിന് സമീപമെത്തിയ ധീരേന്ദ്രയെ രാജീവിന്റെ നിര്‍ദേശപ്രകാരം താഴേക്ക് മാറ്റി നിര്‍ത്തി. ഒരു കാലത്ത് ഇന്ദിരയെ തനിച്ചുകാണാന്‍ അനുവാദമുണ്ടായിരുന്ന ധീരേന്ദ്രയുടെ മുഖത്തേറ്റ കനത്ത പ്രഹരം.

സഞ്ജയിനെ പോലെ വിമാനം തകര്‍ന്നുവീണാണ് ധീരേന്ദ്ര ബ്രഹ്‌മചാരി മരണപ്പെടുന്നത്. 1994-ല്‍ മാന്തലായിയിലെ അപര്‍ണ ആശ്രമത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു യോഗി. കാലാവസ്ഥ മോശമാണെന്ന് പൈലറ്റ് മുന്നറിയിപ്പു നല്‍കിയെങ്കിലും യാത്ര മാറ്റിവെക്കാന്‍ യോഗി തയ്യാറായില്ല. മാന്തലായിയില്‍ വിമാനമിറക്കുന്നതിനിടയില്‍ പൈന്‍ മരത്തിലിടിച്ചാണ് വിമാനം തകരുന്നത്. ധീരേന്ദ്ര ബ്രഹ്‌മചാരിയും ഒപ്പമുണ്ടായിരുന്ന പൈലറ്റും അപകടത്തില്‍ മരണപ്പെട്ടു.

'അപകടകാരി, അതിശക്തന്‍... അയാളുടെ ക്രൂരതകളെ കുറിച്ച് ഒരു പുസ്തകം തന്നെ എനിക്കെഴുതാന്‍ സാധിക്കും. പക്ഷേ, അയാള്‍ ഒരു തരത്തിലുളള ചര്‍ച്ചയും അര്‍ഹിക്കുന്ന വ്യക്തിയല്ല. ഒരു വലിയ തട്ടിപ്പുകാരൻ...!' രാഷ്ട്രീയക്കാരനല്ലാത്ത എന്നാല്‍, രാഷ്ട്രീയക്കാരനേക്കാള്‍ കൗശലമുളള മനസ്സിനുടമയായ ധീരേന്ദ്രയെ കുറിച്ച് അദ്ദേഹത്തെ നേരിട്ടറിഞ്ഞ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്.

കേട്ടറിഞ്ഞ കഥകളേക്കാള്‍ വലുതായിരിക്കാം ഒരു പക്ഷേ അവര്‍ കണ്ടറിഞ്ഞ ധീരേന്ദ്ര ബ്രഹ്‌മചാരി...!


കടപ്പാട് - ധീരേന്ദ്ര ബ്രഹ്‌മചാരിയുമായുളള മാധ്യമ പ്രവര്‍ത്തകന്‍ പ്രഭു ചാവ്‌ലയുടെ അഭിമുഖങ്ങള്‍(ഇന്ത്യ ടുഡെ), ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഇന്ദിര ഗാന്ധിയുടെ ജീവചരിത്രങ്ങള്‍

Content Highlights: Who is Dhirendra Brahmachari? his relation with Indira Gandhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented