പേരിലെ മാർക്സിനേയും ലെനിനേയും വെട്ടിയ അതിഷി; പഴയ ഒന്നാം റാങ്കുകാരി ഇനി മന്ത്രി, AAP തുറുപ്പുചീട്ട്‌


സാബി മുഗു | sabith@mpp.co.inപക്വതയാർന്ന സംസാരശൈലി, ഏവരേയും ആകർഷിക്കുന്ന പെരുമാറ്റം, രാഷ്ട്രീയ പ്രവർത്തക എന്നതിനേക്കാൾ കൂടുതലായി അതിഷിക്ക് ചേരുക വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭ എന്നതാകും. 2001-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദമെടുത്ത് ബിരുദാനന്തര ബിരുദത്തിനായി ഓക്സ്ഫഡിലേക്ക് വിമാനം കയറിയ അതിഷിയുടെ ഇന്ത്യയിലേക്ക് തിരിച്ചുള്ള വരവ് വിദ്യാഭ്യാസ വിപ്ലവം തീര്‍ക്കാനുള്ള നിയോഗവുമായിട്ടായിരുന്നു.

Premium

അതിഷി | Photo: ANI

2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്, ഏവരും ഉറ്റുനോക്കിയ ഫലങ്ങളിലൊന്ന്‌ കാല്‍ക്കാജി മണ്ഡലത്തിലെ ജനവിധിയായിരുന്നു. ഓക്സഫഡിൽ നിന്നെത്തി രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ടൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ 38-കാരി അതിഷിയുടെ മണ്ഡലം. 2015-ൽ കെജ്രിവാൾ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന (നിലവിൽ മദ്യകുംഭകോണക്കേസിൽ അറസ്റ്റിലായ) മനീഷ് സിസോദിയയുടെ ഉപദേഷ്ടകയായി വിദ്യാഭ്യാസ വിപ്ലവം തീർത്ത വ്യക്തിയാണ് അതിഷി. 2020ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി ഉയരുകയും പാർട്ടി വക്താവ് എന്ന നിലയിൽ നിരന്തരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ അറസ്റ്റിലായി മന്ത്രിസ്ഥാനവും രാജിവച്ചു. രാഷ്ട്രീയ തിരിച്ചടിക്കിടയില്‍ എഎപിയുടെയും കെജ്രിവാളിന്റെയും മറുപടിയാണ് അതിഷി. മൊഹല്ല ക്ലിനിക്കുകള്‍ പോലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാണ് എഎപിക്ക് ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിക്കൊടുത്തത്. അതിന് അണിയറയില്‍ ചുക്കാന്‍ പിടിച്ചതാകട്ടെ അതിഷിയും. ഇതുവരെ സിസോദിയയുടെ പിന്നിലായി അണിയറയിലായിരുന്നു ആ റോളെങ്കില്‍ ഇനി സിസോദിയയുടെ പകരക്കാരിയായി മുന്‍നിരയിലേക്ക് മന്ത്രിപദവിയില്‍ നിയോഗിക്കപ്പെടുന്നു. അവരുടെ മേഖലയായ വിദ്യാഭ്യാസം തന്നെ വകുപ്പായി ലഭിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടേയും സത്യേന്ദ്ര ജെയിനിന്റേയും അറസ്റ്റിന് പിന്നാലെയാണ്, അതിഷിയ്ക്കും സൗരഭ് ഭരദ്വാജിനും കെജ്രിവാൾ മന്ത്രിസഭയിലേക്കുള്ള വഴി തുറക്കുന്നത്. ഇതാദ്യമായിട്ടാണ് രണ്ടാം കെജ്രിവാൾ മന്ത്രിസഭയിൽ ഒരു സ്ത്രീ സാന്നിധ്യം എന്നതും ഏറെ ശ്രദ്ധേയമാണ്.

പക്വതയാർന്ന സംസാരശൈലി, ഏവരേയും ആകർഷിക്കുന്ന പെരുമാറ്റം, രാഷ്ട്രീയ പ്രവർത്തക എന്നതിനേക്കാൾ കൂടുതലായി അതിഷിക്ക് ചേരുക വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭ എന്നതാകും. 2001-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫന്‍സ്‌ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദമെടുത്ത് ഓക്സ്ഫഡിലേക്ക് വിമാനം കയറിയ അതിഷിയുടെ ഇന്ത്യയിലേക്ക് തിരിച്ചുള്ള വരവ് വിദ്യാഭ്യാസ വിപ്ലവം തീര്‍ക്കാനുള്ള നിയോഗവുമായിട്ടായിരുന്നു. ഡല്‍ഹിയിലെ തെരുവുകളില്‍ അത് അറിവിന്റെ പുതിയ വഴിതുറക്കലായി

സാധാരണക്കാരുടെ 'സേവക', എ.എ.പിയിലേക്ക്

1981-ൽ ജനിച്ച അതിഷി സ്പ്രിങ് ഡെയിൽ സ്കൂളിൽ നിന്നായിരുന്നു ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത്. ബിരുദാനന്തര ബിരുദ പഠനത്തിനായി വിദ്യാർഥികളുടെ സ്വപ്ന സർവകലാശാലയായ ഓക്സ്ഫഡിലേക്ക്. 2003-ൽ സ്കോളർഷിപ്പോടു കൂടിയായിരുന്നു അതിഷി ഓക്സഫഡിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുക്കുന്നത്. ശേഷം ഓക്സ്ഫഡിൽ തന്നെ ഗവേഷകയായും അതിഷി പ്രവർത്തിച്ചിട്ടുണ്ട്.

2013-ലാണ് രാഷ്ട്രീയ പ്രവേശനം. ഓക്സ്ഫഡിൽ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ അതിഷി, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വരെ പ്രവർത്തിച്ചത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അതിഷി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ അതൊരു രാഷ്ട്രീയ പ്രവേശനമായിരുന്നില്ല. ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്ത അതിഷി പല എൻ.ജി.ഒകൾക്ക് വേണ്ടിയും പ്രവർത്തിച്ചു വരികയായിരുന്നു. അതിഷിയെ പാർട്ടിയിലേക്ക് അടുപ്പിച്ചത്‌ മുൻ എ.എ.പി. അംഗമായിരുന്ന, പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണായിരുന്നു. 2013-ൽ ആംആദ്മി പാർട്ടിയിൽ ചേരുമ്പോൾ അതിഷിയുടെ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു ആംആദ്മി പാര്‍ട്ടിയും മുന്നോട്ടുവച്ചത്‌. പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള ഘടകങ്ങൾ അതിഷിയ്ക്ക് വേറെ തിരയേണ്ടി വന്നില്ല.

Photo: PTI

ചൂലുമായെത്തിയവർ രാജ്യതലസ്ഥാനം തൂത്തപ്പോൾ

2012-ൽ മാത്രം രൂപീകരിച്ച ഒരു പാർട്ടി വൈകാതെ ഡല്‍ഹിയുടെ ഭരണം പിടിച്ചപ്പോള്‍ അതിഷി പാർട്ടിയുടെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പാർട്ടി 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അത്ഭുതവും അട്ടിമറിയുമായിരുന്നു. ചൂലുമായെത്തി ഒരു പാർട്ടി രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചപ്പോൾ അതിന്റെ തലപ്പത്ത് കെജ്രിവാൾ എന്ന ഐഐടിക്കാരനായിരുന്നു. 70 സീറ്റുകളിൽ 67 എണ്ണവും തൂത്തുവാരിയപ്പോൾ കെജ്രിവാളിന്റെ കൂടെ വിജയാഘോഷത്തിൽ പങ്കുചേരാൻ അതിഷിയും ഉണ്ടായിരുന്നു.

ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് പിന്നിൽ

രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവം. സർക്കാർ സ്കൂളുകൾ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയ്ക്ക് പിന്നാലെ പ്രവർത്തിച്ച കരങ്ങളിൽ ഒന്ന് അതിഷിയുടെ ആയിരുന്നു. ദേശീയ പരീക്ഷകളിൽ സ്വകാര്യ സ്കൂളുകളേക്കാൾ സർക്കാർ സ്കൂൾ വിദ്യാർഥികൾ മികച്ച ഫലങ്ങൾ സ്വന്തമാക്കി, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എട്ടായിരത്തിലേറെ പുതിയ ക്ലസ് മുറികൾ നിർമ്മിച്ചു. അതുവരെ അധികമൊന്നും ഡൽഹിയിലെ സ്കൂളുകളിൽ കേട്ടു കേൾവിയില്ലാതിരുന്ന പിടിഎ യോഗങ്ങൾ എല്ലാ സ്കൂളുകളിലും നടന്നു. ഡല്‍ഹിയിലെ സ്കൂളുകളിലും വിദ്യാഭ്യാസ മേഖലകളിലും വന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായി മാറി. ഇതോടെ അതിഷിയുടെ പ്രശസ്തിയും വർധിച്ചു തുടങ്ങി. ഇത് ചിലയിടങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കാനും തുടങ്ങിയിരുന്നുവെന്ന് വേണം കരുതാൻ. 2018-ൽ, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല എന്ന് ചൂണ്ടിക്കാട്ടി അതിഷിയുടെ ഉൾപ്പെടെയുള്ള ഉപദേശകരുടെ നിയമനം റദ്ദാക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കിടവെച്ചിരുന്നു.

പിന്നീട് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന മണ്ഡലത്തിൽ തന്നെ എ.എ.പി. സ്ഥാനാർഥിയായി അതിഷിയെ പാർട്ടി നിയോഗിച്ചു. ബി.ജെ.പി. സ്ഥാനാർഥി ക്രിക്കറ്റ് താരമായിരുന്ന ​ഗൗതം ഗംഭീറിനും കോൺഗ്രസ് സ്ഥാനാർഥി അര്‍വിന്ദര്‍ സിങ് ലൗവ്‍ലിക്കുമെതിരെ ആയിരുന്നു ഈസ്റ്റ് ഡല്‍ഹിയിലെ അതിഷിയുടെ പോരാട്ടം. തിരഞ്ഞെടുപ്പിൽ പക്ഷേ തോറ്റു.

മാർക്സിന്റെ 'മാ' + ലെനിനിന്റെ 'ലെന' = മാർലെന

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, രാജ്യതലസ്ഥാനത്ത് മനീഷ് സിസോദിയയുടെ കീഴിൽ വിദ്യാഭ്യാസ വിപ്ലവം തീർക്കുന്ന അതിഷിയെ അല്ലാതെ മറ്റൊരു ഓപ്ഷൻ പാർട്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം അതിഷി മാർലെന എന്ന പേരിനെച്ചൊല്ലിയുള്ള വിവാദമായിരുന്നു ഉടലെടുത്തത്. ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പിയും ഇടതുപക്ഷ പ്രവർത്തകയെന്ന് കോൺഗ്രസും മുദ്രകുത്തി. മാർലെന എന്ന പേര് ഭാരതതീയരുടേതല്ല എന്ന ആരോപണം വേറെയും. ഇതിന് പിന്നാലെ മാർലെന എന്ന പേര് അതിഷി ഒഴിവാക്കുകയും ചെയ്തിരുന്നു.

സമ്പന്നരും പാവപ്പെട്ടവരും അടങ്ങുന്ന രണ്ട് വിഭാഗക്കാര്‍ മാത്രമാണ് ലോകത്തുള്ളതെന്ന് വിശ്വസിച്ച രണ്ടുപേരുടെ പേരുകളില്‍നിന്നാണ് ആ പേര് ഉത്ഭവിക്കുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരായ കാള്‍ മാര്‍ക്സിലെ 'മാര്‍' ഉം വ്ലാദിമര്‍ ലെനിനിലെ 'ലെന'യുമാണ് പേരിന് പിന്നിൽ. ഡൽഹി സർവകലാശാല പ്രൊഫസർമാരായ അതിഷിയുടെ മാതാപിതാക്കൾ വിജയ് കുമാർ സിങും ത്രിപ്ത വാഹിയുമാണ് അതിഷിയ്ക്ക് ഇത്തരത്തിൽ ഒരു പേര് നൽകുന്നത്. ഇടതുപക്ഷ പ്രവർത്തകരായിരുന്നു ഇവർ. മാർക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് മകളുടെ പേരിനൊപ്പം ഇവർ മാർലെന എന്നു കൂടി ചേർത്തതെന്നാണ് അന്ന് പാർട്ടി വ്യക്തമാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിഷിയ്ക്കെതിരേയും മനീഷ് സിസോദിയക്കെതിരേയും വന്ന
പ്രചാരണങ്ങൾ മനീഷ് സിസോദിയ പങ്കുവെച്ച ചിത്രം | Photo: https://twitter.com/msisodia

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം കോൺഗ്രസും ബി.ജെ.പിയും, അതിഷിയുടെ പേര് തെറ്റിധാരണയ്ക്ക് ഇടയാക്കും വിധത്തിൽ പ്രചരിപ്പിക്കുകയും, അതിഷി വിദേശിയാണെന്ന പ്രചാരണം വ്യാപകമാകുകയും ചെയ്തപ്പോള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു, 'അതിഷിയുടെ മതത്തെക്കുറിച്ചു കോൺഗ്രസും ബി.ജെ.പിയും അസത്യം പ്രചരിപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ബി.ജെ.പി., കോൺഗ്രസ് പ്രവർത്തകരേ, നിങ്ങളുടെ എതിർ സ്ഥാനാർഥിയുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്. ഒരു രജപുത്ര വനിത. ഝാൻസിയിലെ റാണി..അവർ ജയിക്കും പുതിയ ചരിത്രം സൃഷ്ടിക്കും’ എന്ന്. എന്നാൽ വാക്കുകൾ ലോക്സഭ തിരഞ്ഞെടുപ്പിൽ അത്രമേൽ പ്രതിഫലിച്ചില്ല, ബി.ജെ.പി. സ്ഥാനാർഥി ഗംഭീർ ഗംഭീര വിജയവുമായി ലോക്സഭയിലെത്തി. രാജ്യതലസ്ഥാനത്തെ വികസനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അതിഷിയും.

നിയമസഭയിലേക്ക്

Photo: PTI

2020-ലെ ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഷിയ്ക്ക് വീണ്ടും ഒരവസരം കൂടി പാർട്ടി നൽകി. ഇത്തവണ ആംആദ്മി പാർട്ടിക്ക് തെറ്റിയില്ല. ജനങ്ങൾ വിധിയെഴുതിയപ്പോൾ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പിന്നിലെ കരങ്ങൾ ജനങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിഷി നിയമസഭയിലെത്തി. സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മന്ത്രിസഭയിലേക്ക് ആര് എന്ന ചോദ്യത്തിനുത്തരം അതിഷി എന്നായിരുന്നു. അങ്ങനെ രണ്ടാം കെജ്രിവാൾ സർക്കാരിൽ വനിതാ ദിനത്തിന്റെ തൊട്ടടുത്ത ദിവസത്തിൽ ഒരു സ്ത്രീ സാന്നിധ്യം കൂടി കടന്നു വരുന്നു, അതിഷി സിങ്.

ഐക്യരാഷ്ട്ര സഭയിലുയർന്ന 'ഡൽഹി മോഡൽ'

ഡൽഹിയിൽ നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലേക്ക് അതിഷിയ്ക്ക് ക്ഷണം ഉണ്ടായി. ചുരുങ്ങിയ വാക്കുകളിൽ ഘടാഘടിയൻ വികസനങ്ങളെക്കുറിച്ച് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചപ്പോൾ പാർട്ടിയ്ക്ക് അതൊരു അഭിമാന നിമിഷം കൂടിയായിരുന്നു. കെജ്രിവാൾ സർക്കാരിന്റെ വികസന നയങ്ങൾ ലോകവും ചർച്ച ചെയ്തു തുടങ്ങിയിരുന്നു.

സമത്വം, പാരിസ്ഥിതിക സുസ്ഥിരത, സാമ്പത്തിക അച്ചടക്കം എന്നിവ ഉറപ്പാക്കിക്കൊണ്ട് പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള പൊതു സേവനങ്ങൾ എങ്ങനെ നൽകാം എന്ന ചോദ്യത്തോടെ ആരംഭിച്ച പ്രസംഗത്തിലുടനീളം, ആശങ്കകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരുപാട് കാര്യങ്ങളെ ഡൽഹി സർക്കാർ നടപ്പിലാക്കിയത് എങ്ങനെ എന്ന് കൂടി വിവരിക്കുകയായിരുന്നു അതിഷി.

'എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നിവ നൽകുന്നത് ചെലവേറിയതാണെന്നായിരുന്നു 90-കളിലെ വിശ്വാസം, ഈ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്ന സർക്കാരുകൾ കൂടുതൽ പണം ചിലവഴിക്കുകയും കടക്കെണിയിലുമാകുന്ന അവസ്ഥ. അതുകൊണ്ട് തന്നെ വികസ്വര രാജ്യങ്ങളിൽ പലരും ഈ സേവനങ്ങളിൽ നിന്ന് പിന്മാറാൻ തുടങ്ങിയിരുന്നു. തുടർന്ന് വെള്ളവും വൈദ്യുതിയും സ്വകാര്യ വത്കരിച്ച് അവയ്ക്ക് ജനങ്ങളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കി. സർക്കാരുകൾ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലത്തിനും ചിലവഴിക്കുന്നതിൽ ഗണ്യമായി കുറവുണ്ടായി. ഇത് വിദ്യാഭ്യാസ മേഖലയുടേയും ആരോഗ്യമേഖലയുടേയും തകർച്ചയ്ക്ക് കാരണമായി. എന്നാൽ 30 ദശലക്ഷം വരുന്ന ജനങ്ങളുള്ള ഡൽഹിയിൽ ഇവ രണ്ടും ഒരുമിച്ച് ചെയ്യാൻ സാധിക്കുമെന്ന് കഴിഞ്ഞ ഏഴു വർഷത്തിനിടെ ഞങ്ങൾ തെളിയിച്ചിരിക്കുന്നു.'

ജനറൽ അസംബ്ലിയിൽ വെച്ച് അതിഷി, ഡൽഹിയിലെ വികസന നേട്ടങ്ങളെക്കുറിച്ചു കെജ്രിവാൾ സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പറഞ്ഞു തുടങ്ങിയത് ഇങ്ങനെയായിരുന്നു.

നിലവിൽ ഡൽഹിയിൽ 24/7 വൈദ്യുതിയുണ്ട്, രാജ്യത്തെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കുകളിൽ ഒന്ന് ഞങ്ങളുടേതാണ്. 4 ദശലക്ഷം കുടുംബങ്ങൾക്ക് പൂജ്യം വൈദ്യുതി ബില്ലാണ് ലഭിക്കുന്നത്, വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. നഗരത്തിലെ 1500ലധികം ജനവാസ മേഖലകളിൽ ആദ്യമായി പൈപ്പ് ലൈൻ ജലവിതരണം നടത്തി. സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ മികച്ച പ്രകടനമാണ് കഴിഞ്ഞ അഞ്ച് വർഷമായി കാഴ്ചവെക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഡൽഹിയിൽ രണ്ട് ലക്ഷം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറി. സർക്കാർ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകൾ സൗജന്യ ആരോഗ്യ സംരക്ഷണമാണ് ജനങ്ങൾക്ക് നൽകിവരുന്നത്. എന്നാൽ ഇത് സർക്കാരിന് അത്രയേറെ ചിലവ് വരുത്തുന്നില്ല. ഇതെല്ലാം ചെയ്യുമ്പോഴും സംസ്ഥാനത്തിന്റെ വരുമാനവും ബജറ്റ് തുകയും വർധിക്കുകയാണ്. ഡൽഹി സർക്കാരിന്റെ മൊത്തം ബജറ്റ് 2015ൽ 300 ബില്യണിൽ നിന്ന് 2022ലെത്തിയപ്പോഴേക്കും 750 ബില്യണായി ഉയർന്നു. ആളോഹരി വരുമാനം രാജ്യത്തിന്റെ മൊത്തം ആളോഹരി വരുമാനത്തേക്കാൾ മൂന്നിരട്ടിയാണ്. സംസ്ഥാന ജിഡിപി ദശകത്തിൽ 150 ശതമാനം വർധിച്ചു. നിലവിൽ ധനകമ്മി ഇല്ലാത്ത ഏക സംസ്ഥാന സർക്കാരാണ് ഡൽഹി.

ഒരു സർക്കാരിന് തങ്ങളുടെ എല്ലാ പൗരന്മാർക്കും ഉയർന്ന നിലവാരമുള്ള പൊതുസേവനങ്ങൾ നൽകാനും ഒപ്പം തന്നെ സാമ്പത്തിക നേട്ടം കൈവരിക്കാനും ഒരേ സമയം കഴിയുമെന്ന് അരവിന്ദ് കെജ്രിവാൾ സർക്കാർ തെളിയിച്ചിരിക്കുന്നു എന്ന് പറഞ്ഞുവെച്ചായിരുന്നു അതിഷിയുടെ പ്രസംഗം അവസാനിച്ചത്.

ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ

സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ ആരംഭിക്കുക, സാധാരണക്കാർക്കുതകും വിധത്തിൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ഫീസ് ക്രമീകരിക്കുക, വിദ്യാർഥികളുടെ മാനസികമായ ക്ഷേമത്തിന് ഊന്നൽ നൽകുന്ന ഹാപ്പിനസ് പാഠ്യപദ്ധതി തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മാറ്റങ്ങളും അതിഷിയുടെ നേതൃത്വത്തിൽ ഡൽഹി സർക്കാർ നടപ്പിലാക്കി. ഇതിൽ എടുത്ത് പറയേണ്ട പദ്ധതികളിൽ ഒന്നായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി.

ഹാപ്പിനസ് പാഠ്യ പദ്ധതി

ഡൽഹിയിലെ വിദ്യാർഥികൾക്കിടയിൽ നടപ്പിലാക്കി വൻ വിജയത്തിലായ പദ്ധതികളിലൊന്നായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി. ദിവസവും 16 ലക്ഷത്തോളം വിദ്യാർഥികളാണ് സന്തോഷവാന്മാരായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നതെന്നായിരുന്നു പദ്ധതിയെക്കുറിച്ച് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ പറഞ്ഞത്.

2018 ജൂലൈയിലായിരുന്നു ഹാപ്പിനസ് പാഠ്യപദ്ധതി ഡൽഹിയിൽ നടപ്പിലാക്കുന്നത്. എല്ലാവിദ്യാർഥികളുടേയും സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി ദിവസവും അരമണീക്കൂർ നീക്കിവെക്കുന്നതാണ് ഈ പദ്ധതി. നഴ്സറി മുതൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ 35 മിനിറ്റ് ക്ലാസ് നൽകുന്നത്. സംസ്ഥാനത്തെ 1030 സർക്കാർ സ്കൂളുകളിലാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്.

എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും വിട്ട് നിന്ന് സന്തോഷത്തോടെ ഓരോ വിദ്യാർഥിയും അവരുടെ പഠനം ആരംഭിക്കാൻ ഈ ഒരു പദ്ധതി കൊണ്ട് സാധിക്കുന്നു. കോവിഡ് സമയത്ത് എല്ലാവരും ഏറെ പ്രതിസന്ധിയിലായിരിക്കുമ്പോഴും ഈ പദ്ധതിയിൽ കൂടി വിദ്യാർഥികളുടെ സമ്മർദ്ദം കുറക്കാൻ സാധിച്ചുവെന്നാണ് സിസോദിയ പറഞ്ഞത്.

ഡൽഹി മോഡലും കേരളത്തിൽ നിന്നുള്ള സംഘവും, ഒരു 'ആപ്പി'ന്റെ കഥ

വിദ്യാഭ്യാസ മേഖലയിലെ 'ഡല്‍ഹി മോഡല്‍' പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ രാജ്യതലസ്ഥാനത്ത് എത്തിയെന്ന അതിഷിയുടെ ട്വീറ്റ് കേരളത്തിലും വൻ തോതിൽ ചർച്ചയായിരുന്നു. ഡല്‍ഹി കാല്‍ക്കാജിയിലെ സ്‌കൂളുകളിലൊന്നില്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയെന്നായിരുന്നു അതിഷിയുടെ ട്വീറ്റ്. വിദ്യാഭ്യാസത്തിലെ ഡല്‍ഹി മോഡല്‍ മനസ്സിലാക്കാനും കേരളത്തില്‍ നടപ്പിലാക്കാനും അവര്‍ക്ക് താല്‍പര്യമുണ്ടെന്നും അതിഷി ട്വീറ്റില്‍ പറഞ്ഞിരുന്നു. 'ഇതാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ രാഷ്ട്രനിര്‍മിതിയുടെ ആശയം. സഹകരണത്തിലൂടെ വികസനം', ഇതായിരുന്നു അതിഷിയുടെ ട്വീറ്റ്.

കേരളം നമ്പർ വൺ ആണെന്ന് പറയുമ്പോഴും വിദ്യാഭ്യാസ മോഡലിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഡൽഹിയിൽ പോയതിനെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും ഒന്നടങ്കം വിമർശിച്ചു. ഇത് വലിയ തോതിൽ ചർച്ചയായപ്പോൾ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നെ രംഗത്തെത്തി. ഡല്‍ഹി മോഡലിനേക്കുറിച്ചു പഠിക്കാന്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി ട്വീറ്റ് ചെയ്തു. അതേസമയം, കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞമാസം ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഷി സ്വീകരിച്ച 'ഉദ്യോഗസ്ഥര്‍' ആരാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം മറുപടി നൽകി.

ഫെയ്‌സ്ബുക്കിലും ഇതുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടി കുറിപ്പ് പങ്കുവെച്ചിരുന്നു. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എല്‍ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്, എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. സന്ദര്‍ശനം നടത്തിയവര്‍ ആരൊക്കെ ആയിരുന്നെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റില്‍ വന്ന വസ്തുതാപരമായ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദിയെന്നും കുറിപ്പില്‍ പറയുന്നു.

Content Highlights: who is aap leader atishi all you need to know

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented