ക്ഷീരവിപ്ലവം അമൂൽ മുതൽ അടുക്കള വരെ


ഹര്‍ഷ വി.എസ്.

പ്രതീകാത്മക ചിത്രം

നിത്യജീവിതത്തില്‍ നമ്മള്‍ ഏറെ ഉപയോഗിക്കുന്ന പാലില്‍ ശരാശരി 87 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. സാധാരണ പശുവിന്‍പാലില്‍ ശരാശരി 3.4 ശതമാനം പ്രോട്ടീന്‍, 3.6 ശതമാനം കൊഴുപ്പ് (Milk Fat), 4.6 ശതമാനം ലാക്ടോസ്, 0.7 ശതമാനം മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു.

പാല്‍ കേടാകുന്നതെങ്ങനെ?

വെള്ളത്തിന്റെ ഉയര്‍ന്ന അളവും പോഷകങ്ങളുടെ സാന്നിധ്യവും സൂക്ഷ്മാണുക്കളുടെ പ്രിയപ്പെട്ട ഇടമായും പാലിനെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് സാധാരണ ഊഷ്മാവില്‍ പാല്‍ പെട്ടെന്ന് കേടാവുന്നതും. പാല്‍ കേടാവാതെ സൂക്ഷിക്കാന്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി ചെയ്യുന്നത് പാസ്ചറൈസേഷന്‍ (Pasturization) എന്ന പ്രക്രിയയാണ്. ഇതിനായി സാധാരണ പാല്‍ കുറഞ്ഞത് 72 ഡിഗ്രി സെന്റിഗ്രേഡില്‍ 15 സെക്കന്‍ഡെങ്കിലും ചൂടാക്കി, തുടര്‍ന്ന് തണുപ്പിച്ച് വൃത്തിയായി പാക്ക്‌ചെയ്‌തെടുക്കുന്നു. ഇതുവഴി പാലിലെ രോഗാണുക്കള്‍ നശിക്കുന്നുണ്ടെങ്കിലും പാല്‍ പൂര്‍ണമായും സൂക്ഷ്മാണുക്കളില്‍ നിന്ന് വിമുക്തമാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പാല്‍ നാല് ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിക്കുമ്പോള്‍പോലും രണ്ടുമുതല്‍ ഏഴുവരെ ദിവസം മാത്രമേ കേടാകാതെയിരിക്കുന്നുള്ളൂ.

ഇനി, ഇതില്‍ക്കൂടുതല്‍ ദിവസം പാല്‍ കേടുകൂടാതെ സൂക്ഷിക്കാനും മാര്‍ഗമുണ്ട്. യു.എച്ച്.ടി. ട്രീറ്റഡ് പാല്‍ (Ultra High Temperature treated milk) എന്നാണിവ അറിയപ്പെടുന്നത്. പാല്‍ 135 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രണ്ടുമുതല്‍ നാലുവരെ സെക്കന്‍ഡ് സമയം മാത്രം ചൂടാക്കുന്നു. വളരെ ഉയര്‍ന്ന ചൂടില്‍, ഏതാണ്ട് പൂര്‍ണമായും സൂക്ഷ്മാണുക്കള്‍ നശിക്കുന്നുവെന്ന് പറയാം. തെര്‍മോഫിലസ് ആന്‍ഡ് സ്‌പോര്‍സ് പോലെ പാസ്ചറൈസേഷന്‍ ചെറുക്കുന്ന സൂക്ഷ്മാണുക്കളും ഇവിടെ ഇല്ലാതാവുന്നു. 135-150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സ്റ്റെറിലൈസേഷന്‍ നടത്തിയും പാല്‍ അണുവിമുക്തമാക്കാം. സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കുന്ന, ഫ്ളേവേഡ് പാലെല്ലാം ഇങ്ങനെ നിര്‍മിച്ചെടുക്കുന്നതാണ്.

പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ?

പാലിന്റെ പരിശോധനയ്ക്ക് ആദ്യകാലങ്ങളില്‍ ലാക്ടോ മീറ്റര്‍ ആണ് ഉപയോഗിച്ചിരുന്നത്. പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാനുള്ള ഏറ്റവും ലഘുവായ പരിശോധനകൂടിയാണിത്. പാലിലെ കൊഴുപ്പിന്റെ അളവ് കണ്ടെത്താനായി ഗര്‍ബര്‍ ടെസ്റ്റ് നടത്താം. മില്‍ക്കോ ടെസ്റ്ററുകളും മില്‍ക്ക് അനലൈസറുകളും ഇപ്പോഴുണ്ട്. 30 മുതല്‍ 40 വരെ സെക്കന്‍ഡ്‌കൊണ്ട് പാലിലെ ഘടകങ്ങളുടെ അളവ് അറിയുന്നതിനും പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുന്നതിനും ഏറെ സഹായകരമാണ് മില്‍ക്ക് അനലൈസറുകള്‍. 15 സെക്കന്‍ഡ്‌കൊണ്ട് പ്രവര്‍ത്തിക്കുന്നവയുമുണ്ട്. പാലിലെ വെള്ളവും കൊഴുപ്പും പ്രോട്ടീനും ലാക്ടോസും എല്ലാം കൃത്യമായി വേര്‍തിരിച്ചുകാണിക്കുന്ന പരിശോധനാ ഉപകരണങ്ങളുമുണ്ട്. ഇത്തരം ആധുനിക ഉപകരണങ്ങളില്‍ അള്‍ട്രാസോണിക് ശബ്ദവും ഇന്‍ഫ്രാറെഡും ഒക്കെ ഉപയോഗിച്ചാണ് പാല്‍പരിശോധന നടത്തുന്നത്. കൂടാതെ മായംചേര്‍ത്ത പാലിലെ ഘടകങ്ങളും വളരെയെളുപ്പത്തില്‍ ഈ യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നു.

പാലിന്റെ വൃത്തി

പാലിലെ ഘടകങ്ങള്‍ കണ്ടുപിടിക്കുന്നതും പാലില്‍ മായംചേര്‍ത്തിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതും പോലെ പ്രധാനമാണ് പാലിന്റെ ഗുണനിലവാരം അറിയുന്നതും. തൊഴുത്തിലെയും പശുവിന്റെയും കറവക്കാരന്റെയും വൃത്തിമുതല്‍ പാല്‍ സൂക്ഷിക്കുന്ന പാത്രങ്ങളുടെയും വിതരണശൃംഖലയുടെയും സൗകര്യങ്ങള്‍ വരെയുള്ള നിരവധി ഘടകങ്ങളനുസരിച്ചാണ് പാലില്‍ സൂക്ഷ്മാണുക്കളുടെ എണ്ണവും തരവും ഉണ്ടാവുക. എം.ബി.ആര്‍.ടി. (Methylene Blue Dye Reduction Test) പരിശോധനയിലൂടെയാണ് സാധാരണ അണുഗുണനിലവാരം കണ്ടെത്തുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം (FSSA) 2006 ഇന്ത്യയില്‍ നടപ്പാക്കിയത് അതുവരെ ഭക്ഷ്യമേഖലയിലുണ്ടായിരുന്ന നിയമങ്ങളെല്ലാം കോര്‍ത്തിണക്കിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടുമാണ്. ഈ നിയമപ്രകാരം ഏത് ഭക്ഷണപദാര്‍ഥം പാക്കറ്റിലാക്കി വിപണിയിലെത്തിക്കുമ്പോഴും ലേബലില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട കാര്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. വാങ്ങുന്ന ഭക്ഷണപദാര്‍ഥത്തിന്റെ ചേരുവകളെല്ലാംതന്നെ പായ്ക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം. കൂടാതെ, ഉത്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നെയിം, അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ വിവരം, അളവ്, ഉപയോഗിക്കാവുന്ന കാലയളവ്, സൂക്ഷിക്കേണ്ട ഊഷ്മാവ്, നിര്‍മാതാവിന്റെ വിവരം, വില, ലൈസെന്‍സ് നമ്പര്‍ തുടങ്ങിയവയുമുണ്ടാകും.

ഭക്ഷ്യസുരക്ഷാനിയമമനുസരിച്ച് പാലില്‍ നിശ്ചിതശതമാനം കൊഴുപ്പും സോളിഡ്‌സ് നോട്ട് ഫാറ്റും (എസ്.എന്‍.എഫ്.) ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നെയ്യുടെ കൊഴുപ്പും വെള്ളവും ഒഴിവാക്കിയുള്ള മറ്റ് ഘടകങ്ങളെയാണ് എസ്.എന്‍.എഫ്. എന്ന് പറയുന്നത്. വിറ്റാമിനുകള്‍, കാത്സ്യം, ലാക്ടോസ്, മിനറല്‍സ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

വിവിധ പാലുത്പന്നങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിവിധ ഘടക പദാര്‍ഥങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ചിട്ടുണ്ട്.

ഏത് ഭക്ഷണപദാര്‍ഥവും കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന കാലയളവാണ് ഷെല്‍ഫ് ലൈഫ്. ആ സമയപരിധിക്കുശേഷം ഭക്ഷണം ഗുണനിലവാരത്തോടെ ഉപയോഗിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല, പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ച നിലയില്‍ വിപണിയില്‍ തുടരാനും കഴിയില്ല. ഉത്പന്നത്തിന്റെ ലേബലില്‍ പറഞ്ഞിട്ടുള്ള ഊഷ്മാവിലാണോ സൂക്ഷിക്കുന്നത് എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ഉത്പാദനം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതുവരെ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരം നിലനിര്‍ത്താന്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

കറന്നെടുത്ത പാല്‍ ക്ഷീരകര്‍ഷകര്‍ നേരിട്ട് വില്‍ക്കുകയോ ക്ഷീരസംഘത്തില്‍ വില്‍ക്കുകയോ ചെയ്യുന്നു. ആദ്യ ഗുണനിലവാര പരിശോധന ഇവിടെയാണ്. അവിടെനിന്ന് ബള്‍ക് മില്‍ക്ക് കൂളര്‍/ചില്ലിങ് പ്ലാന്റ്/ഡെയറി പ്ലാന്റില്‍ എത്തിക്കുന്നു. പാല്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്തി, കൃത്യമായ അളവില്‍ കൊഴുപ്പ്, എസ്.എന്‍.എഫ്. എന്നിവ ക്രമപ്പെടുത്തും. പാസ്ചറൈസേഷന്‍ ആവശ്യമെങ്കില്‍ അതും ഹോമോജിനൈസേഷനും (പാലിലെ കൊഴുപ്പ് കണികകളെ ചെറുതാക്കുന്ന പ്രവൃത്തി) നടത്തി പായ്ക്ക് ചെയ്ത് വില്പനകേന്ദ്രങ്ങളില്‍ എത്തിക്കുന്നു. പാല്‍ സംഭരണംമുതല്‍ വില്പനവരെ ശീതീകരണ ശൃംഖല പാലിക്കപ്പെടുന്നതിലൂടെയാണ്, പാല്‍ കേടുകൂടാതെ ഉപഭോക്താക്കളുടെ കൈയിലെത്തുന്നത്.

ധവള വിപ്ലവം

1965-ല്‍ രൂപവത്കരിച്ച നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍.ഡി.ഡി.ബി.) നേതൃത്വത്തില്‍ 1970-കളില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഫ്‌ലഡ് എന്ന ഗ്രാമവികസന പദ്ധതിയാണ് ഇന്ത്യയിലെ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത്. ധവളവിപ്ലവം ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റി. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പാല്‍, ക്ഷീര വിപണന ശൃംഖല വഴി നഗരങ്ങളിലെത്തിച്ചതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന പാലിന് ന്യായവില ഉറപ്പാക്കാനായി. ലോകത്തിലെ പാല്‍ ഉത്പാദനത്തിന്റെ 21 ശതമാനം പങ്കുവഹിച്ചുകൊണ്ട് ഇന്ത്യ ഇന്നും ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി തുടരുന്നു. 2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ പാല്‍ ഉത്പാദനം 20.996 കോടി ടണ്‍ ആണ്. ആളോഹരി പാല്‍ ഉപഭോഗമാകട്ടെ 427 ഗ്രാമും.

ക്ഷീരസംഘങ്ങളും വര്‍ഗീസ് കുര്യനും

വര്‍ഗീസ് കുര്യന്‍

എന്‍.ഡി.ഡി.ബി.യുടെ ആദ്യ ചെയര്‍മാന്‍ മലയാളിയായ ഡോ. വര്‍ഗീസ് കുര്യനാണ്. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഗുജറാത്തിലെ ആനന്ദില്‍ അദ്ദേഹം തുടങ്ങിവെച്ച ക്ഷീര സഹകരണ സംഘത്തിന്റെ മാതൃകയില്‍ ഇന്ത്യയിലെങ്ങും ക്ഷീര സഹകരണ സംഘങ്ങള്‍ നിലവില്‍ വന്നു. അവ ആനന്ദ് പാറ്റേണ്‍ ഡെയറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി (APCOS) എന്നറിയപ്പെട്ടു.

കേരളത്തിലും ക്ഷീരകര്‍ഷകര്‍ ഭരണസമിതി അംഗങ്ങളായ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ നിലവില്‍ വന്നു. ഒന്‍പത് അംഗ ഭരണസമിതി അംഗങ്ങളില്‍ മൂന്നെണ്ണം വനിതകള്‍ക്കായും ഒരെണ്ണം എസ്.സി.-എസ്.ടി. വിഭാഗക്കാര്‍ക്കായും നിലവില്‍ സംവരണം ചെയ്തിരിക്കുന്നു. ഇപ്പോള്‍ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് വനിതയായിരിക്കണം എന്ന ബില്ലും സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളാണ് മേഖലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള യൂണിയനുകളിലുള്ളത്. കേരള സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ക്ഷീരസംഘങ്ങളില്‍ തിരഞ്ഞെടുപ്പുവിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

കേരളത്തില്‍ 3600-ല്‍പരം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുണ്ട്. എല്ലാം ക്ഷീരവികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലബാര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ യൂണിയനുകളിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (KCMMF) എന്ന സംസ്ഥാന യൂണിയനുമുണ്ട്. ഇവര്‍ വിപണനം നടത്തുന്ന പാലിന്റെയും പാലുത്പന്നങ്ങളുടെയും ബ്രാന്‍ഡ് നെയിം ആണ് മില്‍മ.

അമുലിന്റെ മാതൃക പിന്തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളും പാല്‍ സംഭരണ-വിപണനത്തിന് ഇത്തരം യൂണിയനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. അവയെല്ലാം വില്‍ക്കുന്ന പാലിന് ഓരോ ബ്രാന്‍ഡ് നെയിമും ഉണ്ട്. അവ താഴെപ്പറയുന്നു

കര്‍ണാടക നന്ദിനി
ബിഹാര്‍സുധ
ഗുജറാത്ത്അമൂല്‍, സാഗര്‍
നാഗാലാന്‍ഡ്കെവി
ഒഡിഷഓംഫെഡ്
ഹരിയാണ വിറ്റാ
പഞ്ചാബ്വേര്‍കാ
ഉത്തര്‍പ്രദേശ് പരാഗ്
ത്രിപുരഗോമതി
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍അനിഡോ (ANIIDO)
ആന്ധ്രപ്രദേശ്വിജയ
തമിഴ്‌നാട്ആവിന്‍
ഓപ്പറേഷന്‍ ഫ്‌ലഡ് എന്നത് പാലുത്പാദനം വര്‍ധിപ്പിക്കാന്‍ ആരംഭിച്ചതാണ്. പിന്നീടിത് കാലിത്തീറ്റ, കന്നുകാലികളുടെ ആരോഗ്യം തുടങ്ങി സമഗ്ര മേഖലയിലും എത്തിച്ചേര്‍ന്നു.

ക്ഷീരദിനം

എല്ലാവര്‍ഷവും ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിച്ചുവരുന്നു. യുണൈറ്റഡ് നേഷന്‍സിന്റെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് പാലിന്റെയും ക്ഷീരമേഖലയുടെയും പ്രാധാന്യം മനസ്സിലാക്കുന്നതിനായി 2001 മുതല്‍ ലോക ക്ഷീരദിനം ആഘോഷിക്കുന്നത്. 2022-ലെ ലോക ക്ഷീരദിനം, കാലാവസ്ഥാ വ്യതിയാനത്തില്‍ ക്ഷീരമേഖലയുടെ പങ്ക് കുറയ്ക്കുന്നതിന് ചെയ്ത പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും ഡെയറി നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളും ബോധവത്കരണവുമാണ് ആഹ്വാനം ചെയ്തത്.
ഇന്ത്യയില്‍ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിച്ചുവരുന്നു.

എരുമപ്പാല്‍
ഏറ്റവുമധികം എരുമകള്‍ ഉള്ളത് ഇന്ത്യയിലാണ്. പശുവിന്‍ പാലില്‍നിന്നുമാത്രമാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആദ്യകാലത്ത് സാങ്കേതികവിദ്യ ലഭ്യമായിരുന്നത്. ഇന്ത്യയില്‍ എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചു. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പാല്‍പ്പൊടി ഫാക്ടറി 1955-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍നെഹ്റു ഉദ്ഘാടനംചെയ്തു.

ക്ഷീരകര്‍ഷകര്‍ നിര്‍മിച്ച സിനിമ

ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത 1976-ലെ മന്ഥന്‍ എന്ന ഹിന്ദി സിനിമ ഗുജറാത്തില്‍ തുടങ്ങിയ പാല്‍ വിപ്ലവത്തെക്കുറിച്ചുള്ളതായിരുന്നു. ചിത്രത്തിന് തിരക്കഥയെഴുതിയ വിജയ് തെണ്ടുല്‍ക്കര്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഈ സിനിമ നിര്‍മിച്ചത് ഗുജറാത്തിലെ ക്ഷീരകര്‍ഷകരായിരുന്നു. അഞ്ചുലക്ഷം ക്ഷീരകര്‍ഷര്‍ രണ്ടുരൂപവീതം സ്വരൂപിച്ചായിരുന്നു നിര്‍മാണം. പൊതുജനപങ്കാളിത്തത്തോടെയുള്ള (ക്രൗഡ് ഫണ്ടഡ്) ആദ്യത്തെ സിനിമ എന്ന് വിശേഷിപ്പിക്കാം.

(മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: white revolution, Verghese Kurien , national milk day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented