Britain's King Charles III | Photo: Andrew Milligan/Pool via AP
''ന്യുസീലന്‍ഡ് കാലക്രമേണ ഒരു സമ്പൂര്‍ണ സ്വതന്ത്ര രാജ്യമായി മാറും. ലോകത്തിന് മുന്നില്‍ സ്വന്തം കാലില്‍ ഉയര്‍ന്നു നില്‍ക്കും. എന്നാല്‍, ഗവര്‍ണര്‍ ജനറലിനെ മാറ്റി മറ്റൊരാളെ രാഷ്ടത്തലവന്റെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഒരു അടിയന്തര നടപടിയാണെന്ന് ഈ ഘട്ടത്തില്‍ കരുതുന്നില്ല'. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യുസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചതാണ് ഇക്കാര്യം. മുന്‍ ബ്രിട്ടീഷ് കോളനിയാണ് സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ന്യുസീലന്‍ഡ്. പക്ഷേ, ബ്രിട്ടീഷ് രാജാവാണ് ഇന്നും അവിടുത്തെ രാഷ്ട്രത്തലവന്‍. അദ്ദേഹത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നതും പിരിച്ചുവിടുന്നതും തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും നിയമിക്കുന്നതും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമെല്ലാം ഗവര്‍ണര്‍ ജനറലാണ്. സായുധ സേനകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ആചാരപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതും ഗവര്‍ണര്‍ ജനറല്‍ തന്നെയാണ്. എന്നാല്‍, എലിസബത്ത് രാജ്ഞിക്ക് പകരം ചാള്‍സ് ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് എത്തുമ്പോള്‍ രാജ്യവാഴ്ചയോടുള്ള വിധേയത്വം തുടരാന്‍ താല്പര്യമില്ലെന്ന് തുറന്നുപറയുകയാണ് ന്യുസീലന്‍ഡും. ബ്രിട്ടന്റെ മുന്‍കോളനികളെപ്പോലെ ആധുനിക കാലത്ത് ബ്രിട്ടീഷ് രാജവാഴ്ചയുടെ കീഴില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച അവിടെയും വ്യാപകമാകുകയാണ്.
യു.കെയ്ക്ക് പുറമേ മറ്റ് 14 പരമാധികാര രാജ്യങ്ങളുടെ രാജാവും രാഷ്ട്രത്തലവനുമാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചാള്‍സ് മൂന്നാമനെ രാജാവായി അംഗീകരിക്കുന്ന ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ (Antigua and Barbuda), ഓസ്ട്രേലിയ, ബഹാമസ്, ബെലീസ് (Belize), കാനഡ, ഗ്രനഡ (Grenada), ജമൈക്ക, ന്യുസീലന്‍ഡ്, പാപ്പുവ ന്യൂഗിനി, സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് (Saint Kitts and Nevis), സെയ്ന്റ് ലൂസിയ, സെയ്ന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ് (Saint Vincent and the Grenadines), സോളമന്‍ ദ്വീപുകള്‍, ടുവാലു, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ Commonwealth realms എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ രാജവാഴ്ചയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ വലിയ തോതിലാണ് ഉയര്‍ന്നുവരുന്നത്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണത്തോടെ ഇത് ശക്തമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കരീബിയന്‍ രാഷ്ട്രങ്ങളില്‍. ചാള്‍സിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ശക്തമാണവിടെ. ബാര്‍ബഡോസാണ് ബ്രിട്ടീഷ് സിംഹാസത്തോടുള്ള വിധേയത്വം അവസാനിപ്പിച്ച ഏറ്റവും ഒടുവിലത്തെ രാഷ്ട്രം. 2021-ല്‍ ബാര്‍ബഡോസ് എലിസബത്ത് രാജ്ഞിയെ അതിന്റെ രാഷ്ട്രത്തലവന്‍ എന്ന സ്ഥാനത്ത് നിന്ന് നീക്കി, ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കായി. 1992-ല്‍ മൗറീഷ്യസ് റിപ്പബ്ലിക്കായി മാറിയതിനു ശേഷം ബ്രിട്ടീഷ് രാജവാഴ്ചയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ആദ്യ സംഭവമാണിത്. നിലവില്‍ ഓസ്‌ട്രേലിയും ന്യുസീലന്‍ഡും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും കരീബിയന്‍ ദ്വീപുരാഷ്ട്രങ്ങളും സമാനപാതയിലാണ് ചിന്തിക്കുന്നത്.
ചാള്‍സ് ഞങ്ങളുടെ രാജാവല്ല, പ്രതിഷേധം ശക്തം
ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളില്‍ ഭൂരിഭാഗവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി മാറിയെങ്കിലും ഓസ്‌ട്രേലിയ, കാനഡ, ന്യുസീലന്‍ഡ് അടക്കമുള്ള 14 രാജ്യങ്ങള്‍ ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി അംഗീകരിച്ച് ഇന്നും തുടരുകയാണ്. എന്നാല്‍, രാജാവ് രാഷ്ട്രത്തലവനായി തുടരുന്നതിനെതിരേ വികാരം ശക്തമാണ് പല രാജ്യങ്ങളിലും. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് അവിടങ്ങളിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മൈക്കല്‍ ആഷ്‌ക്രോഫ്റ്റ് സംഘടിപ്പിച്ച സര്‍വേയില്‍ 14 രാജ്യങ്ങളില്‍ ആറ് രാജ്യങ്ങളിലെ ജനങ്ങള്‍ ബ്രിട്ടീഷ് രാജഭരണത്തില്‍ നിന്ന് വിട്ടുപോകണമെന്ന അഭിപ്രായമുള്ളവരാണ്. ഓസ്ട്രേലിയ, കാനഡ, ജമൈക്ക, ബഹാമസ്, സോളമന്‍ ദ്വീപുകള്‍, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ എന്നീ രാജ്യങ്ങളെല്ലാം ഭരണഘടനാപരമായ രാജവാഴ്ച ഉപേക്ഷിക്കുക എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ്. കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളും സോളമന്‍ ദ്വീപുകളാണ് ഇക്കാര്യത്തില്‍ പ്രകടമായ വികാരമുയര്‍ത്തുന്നത്. അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം സോളമന്‍ ദ്വീപുകളിലെ 59% പേരും രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക്കാകണം എന്ന ആഗ്രഹമാണ് മുന്നോട്ട് വെയ്ക്കുന്നത്.
.jpg?$p=a001a4d&&q=0.8)
ചാള്‍സിനെ തങ്ങളുടെ രാഷ്ട്രത്തലന്‍ എന്ന സ്ഥാനത്തുനിന്ന് പുറത്താക്കുന്ന അടുത്ത രാജ്യം ജമൈക്ക ആയിരിക്കുമെന്ന് ചില നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ് ജമൈക്ക. കഴിഞ്ഞ വര്‍ഷം വില്യമിന്റെയും കേറ്റിന്റെയും ജമൈക്ക സന്ദര്‍ശന വേളയില്‍ ഈ മുറവിളി ഉയര്‍ന്നിരുന്നു.''ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. ഞങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും സ്വതന്ത്രവും വികസിതവും സമ്പന്നവുമായ ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങളും വിധിയും നിറവേറ്റാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു'' എന്നാണ് ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് വ്യക്തമാക്കിയത്. 2025-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ രാജ്യം റിപ്പബ്ലിക്കായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ജമൈക്ക ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി നീക്കം ചെയ്യാനുള്ള പദ്ധതികള്‍ ശക്തമാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍, ജമൈക്കയുടെ പ്രധാനമന്ത്രി ഭരണഘടന പരിഷ്‌കരണ സമിതിയിലെ 14 അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു. ഒരു റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനത്തിന്റെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ചാള്‍സിന്റെ കിരീടധാരണം ഈ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട് നയിച്ചുവെന്നാണ് നിയമകാര്യ മന്ത്രി മാര്‍ലിന്‍ മലഹൂ ഫോര്‍ട്ടെ അഭിപ്രായപ്പെടുന്നത്.
ജമൈക്കയില്‍നിന്ന് അധികം അകലെയല്ലാത്ത ബെലീസിലും സമാനമായ വികാരങ്ങളാണ് ഉയരുന്നത്. മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ബെലീസും രാജവാഴ്ച അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. റിപ്പബ്ലിക്കായി മാറുന്ന അടുത്ത കോമണ്‍വെല്‍ത്ത് രാജ്യമാകാന്‍ ബെലീസിന് സാധ്യതയുണ്ടെന്നാണ് പ്രധാനമന്ത്രി ജോണ്‍ ബ്രിസെനോ പ്രതികരിച്ചത്. ചാള്‍സിന്റെ കിരീടധാരണം തന്റെ ആളുകള്‍ക്കിടയില്‍ ഒരു ആവേശവുമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്. റിപ്പബ്ലിക്കായി മാറുന്നതിനുള്ള രീതികള്‍ പരിശോധിക്കുന്നതിനായി ഒരു ഭരണഘടനാ കമ്മീഷനെ സൃഷ്ടിച്ചുകൊണ്ട് ബെലീസ് കഴിഞ്ഞ വര്‍ഷം നിയമം പാസാക്കിയിരുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ ഹിതപരിശോധനയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ലമെന്റ് വഴി രാജ്യത്തിന്റെ രാജവാഴ്ച ഇല്ലാതാക്കുന്നതും അവര്‍ തള്ളിക്കളയുന്നില്ല.
.jpg?$p=4b3c5e8&f=1x1&w=284&q=0.8)




കരീബിയന്‍ രാജ്യങ്ങളില്‍ പൊതുവികാരം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട സ്വാധീനം അവസാനിപ്പിച്ച് കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ബാര്‍ബഡോസ് 2021-ലാണ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത ചാള്‍സ് കരീബിയന്‍ ദ്വീപ് അനുഭവിക്കേണ്ടിവന്ന അടിമത്വമെന്ന ക്രൂരത ഏറ്റുപറഞ്ഞിരുന്നു. ബാര്‍ബഡോസ് റിപ്പബ്ലിക്കായതിന് പിന്നാലെ മറ്റ് കരീബിയന്‍ ദ്വീപുകളിലും ഇതേ വികാരം ശക്തമായി. ബെലീസ്, ബഹാമസ്, ജമൈക്ക, ഗ്രനഡ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് എന്നീ ആറ് രാഷ്ട്രങ്ങളും റിപ്പബ്ലിക്കുകളാകാനുള്ള അഭിലാഷം കൊണ്ടുനടക്കുന്നവരാണ്. 2022-ല്‍ രാജകുടുംബാംഗങ്ങളുടെ കരീബിയന്‍ സന്ദര്‍ശനത്തിനിടെ വലിയ പ്രതിഷേധമാണ് ഈ രാഷ്ട്രങ്ങളിലുണ്ടായത്. കോളനിവല്‍ക്കരണത്തിന് മാപ്പ് പറയണമെന്നും അടിമത്തത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ രാജകുടുംബാംഗങ്ങളെ നേരിട്ടത്.
രാജവാഴ്ച അവസാനിപ്പിക്കണമെന്ന് ശക്തമായി ആഗ്രഹിക്കുന്ന ഒരു രാജ്യം ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയാണ്. കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ആന്റിഗ്വ 1632-ലാണ് ബ്രിട്ടീഷുകാര്‍ കോളനിയാക്കുന്നത്. പിന്നാലെ 1678-ല്‍ ബാര്‍ബുഡയും ബ്രിട്ടീഷ് കോളനിയായി. 1956-ല്‍ ഈ ദ്വീപുകള്‍ വെസ്റ്റ് ഇന്‍ഡീസ് ഫെഡറേഷനില്‍ ചേര്‍ന്നു. 1967-ല്‍ ആന്റിഗ്വയ്ക്ക് സ്വയംഭരണം നല്‍കിയെങ്കിലും വിദേശകാര്യങ്ങള്‍ക്കും പ്രതിരോധത്തിനും യു.കെയെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. 1970-കളില്‍ ആന്റിഗ്വയില്‍ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ഉയരുകയും ബാര്‍ബുഡയില്‍ നിന്ന് വേര്‍പിരിയണമെന്ന ആവശ്യവും ശക്തമാകുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളേത്തുടര്‍ന്ന് 1981 നവംബര്‍ 1-ന് ആന്റിഗ്വയും ബാര്‍ബുഡയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. താമസിയാതെ, രാജ്യം ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയിലും കോമണ്‍വെല്‍ത്തിലും ചേര്‍ന്നു.
ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലവനായി നിലനിര്‍ത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ റിപ്പബ്ലിക്കായി മാറുന്നതിനെ കുറിച്ച് രാജ്യം ഒരു ഹിതപരിശോധന നടത്താന്‍ പദ്ധതിയിടുന്നതായി 2022 സെപ്റ്റംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യം ചാള്‍സ് മൂന്നാമനെ രാജാവായി അംഗീകരിച്ചു. എന്നാല്‍ റിപ്പബ്ലിക്കായി മാറാനുള്ള രാഷ്ട്രത്തിന്റെ ആഗ്രഹത്തിന് മങ്ങലേറ്റിട്ടില്ല. രാജാവിനെ രാഷ്ട്രത്തലവന്‍ എന്ന സ്ഥാനത്തുനിന്ന് നീക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഹിതപരിശോധന നടത്താന്‍ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞിരുന്നു. 'ഇത് രാജാവിനോടുള്ള ഒരു തരത്തിലുള്ള അനാദരവുമല്ല. ഇത് ശത്രുതയുടെ ഫലമല്ല, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാകുന്നതിനും സ്വാതന്ത്ര്യത്തിന്റെ വൃത്തം പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന ഘട്ടമാണിത്.' ബ്രൗണ്‍ പറഞ്ഞു.
.jpg?$p=667515d&&q=0.8)
ഏകദേശം 4,00,000 ജനസംഖ്യയുള്ള ബഹാമസും ബ്രിട്ടീഷ് രാജാവിനെ തങ്ങളുടെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനേക്കുറിച്ച് ചിന്തിക്കുകയാണ്. 1964 ജനുവരി 7-ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം വിദേശകാര്യം, പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവ ഗവര്‍ണര്‍ ജനറല്‍ കൈകാര്യം ചെയ്യുമ്പോള്‍ ആഭ്യന്തര കാര്യങ്ങളില്‍ സ്വദേശികള്‍ക്കാണ് നിയന്ത്രണം. കാലാവസ്ഥ ദുരന്തങ്ങളേയും കോവിഡ് മഹാമാരിയേയും തുടര്‍ന്നുണ്ടായ സാമ്പത്തിക സ്ഥിതി മോശമായ ബഹാമസില്‍ രാജവാഴ്ച ഒരു പ്രധാന ആശങ്കയല്ല. എന്നിരുന്നാലും 2021-ല്‍ രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത്നിന്ന് മാറ്റിയ ബാര്‍ബഡോസിന്റെ നീക്കം മുതല്‍ ബഹാമസും സമാനമായ ആഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അടിമത്തം, കോളനിവല്‍ക്കരണം, കോളനികളുടെ ദാരിദ്ര്യം എന്നിവയിലെ പങ്കിന് രാജകുടുംബം മാപ്പ് പറയണമെന്ന് ജനങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയുടെ മരണശേഷം റിപ്പബ്ലിക്കിലേക്കുള്ള പരിവര്‍ത്തനത്തിനുള്ള ഭരണഘടനാപരമായ ഹിതപരിശോധന പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസ് പറഞ്ഞിരുന്നു. 1623-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യത്തെ കരീബിയന്‍ കോളനിയായിരുന്നു സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, 1783-ല്‍ ഫ്രഞ്ചുകാര്‍ ഗ്രനഡ ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. 1974-ല്‍ ഗ്രനഡയും 1983-ല്‍ സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസും സ്വതന്ത്രമായി. സെയ്ന്റ് ലൂസിയയും സെയ്ന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസും ചാള്‍സിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത് നിന്ന് നീക്കി ഒരു റിപ്പബ്ലിക്കാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ അത് ചെയ്യുമെന്നുമാണ് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പറയുന്നതും.
വിട്ടുപോകുമോ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും കാനഡയും ?
ഓസ്ട്രേലിയ, ന്യുസീലന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ തങ്ങളുടെ രാജ്യം റിപ്പബ്ലിക്കായി മാറണം എന്ന അഭിപ്രായത്തിന് വലിയ ജനപിന്തുണയുണ്ടെങ്കിലും ബ്രിട്ടീഷ് രാജാവിനുള്ള പിന്തുണയും കുറവല്ല. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മൈക്കല്‍ ആഷ്‌ക്രോഫ്റ്റ് സംഘടിപ്പിച്ച സര്‍വേയില്‍
ഓസ്‌ട്രേലിയയില്‍ 42 ശതമാനം പേര്‍ ബ്രിട്ടീഷ് സിംഹാസനത്തോടുള്ള വിധേയത്വം ഉപേക്ഷിച്ച് രാജ്യം റിപ്പബ്ലിക് ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. രാജ്യത്തെ 35 ശതമാനത്തിന് മാത്രമാണ് രാജഭരണത്തെ അംഗീകരിക്കാനുള്ള താല്പര്യം. സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാകാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1999-ല്‍ രാജ്യം റിപ്പബ്ലിക് ആകുന്നതിനായി ഒരു ഹിതപരിശോധന നടത്തിയിരുന്നു. അതില്‍ 54.87% പേര്‍ റിപ്പബ്ലിക് ആകുന്നതിനെതിരേ വോട്ട് ചെയ്തു. 45.13% പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാലിപ്പോള്‍ ചാള്‍സിനെ രാഷ്ട്രത്തലവന്‍ എന്ന സ്ഥാത്തുനിന്ന് നീക്കുന്നതിനെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
.jpg?$p=c2197a1&&q=0.8)
ചാള്‍സിന്റെ കിരീടധാരണം കാര്യമാക്കുന്നില്ലെന്നും അത് അപ്രസക്തമാണെന്നുമാണ് ഓസ്ട്രേലിയയില്‍ പലരും പങ്കുവെയ്ക്കുന്നത്. രാജഭരണം സമയവും പണവും പാഴാക്കുന്ന സംഗതിയാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച വിനോദസഞ്ചാര ഉപാധിയാണ്, പക്ഷേ ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇത് ആവശ്യമില്ലെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ബ്രിട്ടീഷ് രാജാവിനെ മാറ്റി രാജ്യത്തിന്റെ രാഷ്ട്രത്തലവനാക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, ഓസ്ട്രേലിയയുടെ പുതിയ അഞ്ച് ഡോളര്‍ നോട്ടില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. രാജാവിനെ രാഷ്ട്രതലവന്‍ എന്ന സ്ഥാനത്തുനിന്ന് നീക്കാന്‍ അടിയന്തര ആഹ്വാനങ്ങളൊന്നുമില്ലെങ്കിലും ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് രണ്ടാം തവണയും വിജയിച്ചാല്‍ 2025-ഓടെ ഒരു റഫറണ്ടം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാനമായ അവസ്ഥയാണ് ന്യുസീലന്‍ഡിലും. രാജ്യം റിപ്പബ്ലിക്കാകുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍, അനുയോജ്യമായ സമയത്ത് രാജവാഴ്ചയില്‍നിന്ന് മുക്തി നേടുമെന്നുമാണ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അഭിപ്രായപ്പെട്ടത്. എന്നാല്‍, അതേക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും രാജ്യം എടുത്തിട്ടില്ല. ന്യുസീലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ മുമ്പ് ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കിലും അതിനായി പ്രത്യേക സമയക്രമമൊന്നും പ്രഖ്യാപിച്ചിരുന്നില്ല. കാനഡയുടെ കാര്യത്തിലേക്ക് വന്നാല്‍ കാനഡയിലെ ജനങ്ങള്‍ 47 ശതമാനവും ബ്രിട്ടീഷ് രാജാവിനെ രാഷ്ട്രത്തലപ്പത്തു നിന്ന് ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. രാജഭരണം വേണമെന്നുള്ള ആവശ്യം 23 ശതമാനത്തിന് മാത്രം. കാനഡയിലെ ഒരു വിഘടനവാദി പാര്‍ട്ടി ബ്രിട്ടീഷ് രാജാവിനെ രാജ്യത്തിന്റെ രാഷ്ട്രത്തലവനായി നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ശ്രമിച്ചുവെങ്കിലും എം.പിമാര്‍ നിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്തു. ഇക്കാര്യത്തിന് മുന്‍ഗണന നല്‍കുന്നില്ലെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചത്. അതോടെ രാജഭരണം അവസാനിപ്പിക്കണമെന്ന ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം ഇന്നും തീരുമാനമാകാതെ അവശേഷിക്കുകയാണ്.
.jpg?$p=a231a6e&&q=0.8)
രാജഭരണത്തിനെതിരേ ബ്രിട്ടനിലും പ്രതിഷേധം
ലോകം ജനാധിപത്യം ആഘോഷിക്കുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് കിരീടധാരണച്ചടങ്ങുകള്‍ നടത്തുന്ന ബ്രിട്ടീഷ് രാജകുടുംബത്തിനുനേരെ രാജ്യത്തും പ്രതിഷേധം ശക്തമാണ്. പ്രതീക്ഷിച്ചതുപോലെ, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ദിനത്തില്‍ തന്നെ രാജ്യഭരണ വിരുദ്ധ പ്രതിഷേധക്കാര്‍ ലണ്ടനില്‍ ഒത്തുകൂടി. 'ചാള്‍സ് ഞങ്ങളുടെ രാജാവല്ല' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചായിരുന്നു പ്രതിഷേധം. 'രാജവാഴ്ച ഇല്ലാതാക്കുക,' 'എന്റെ രാജാവല്ല' എന്നിങ്ങനെയുള്ള ബോര്‍ഡുകളും പോസ്റ്ററുകളും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാജഭരണത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തുന്ന ഗ്രൂപ്പായ 'റിപ്പബ്ലിക്കി'ന്റെ തലവന്‍ ഗ്രഹാം സ്മിത്തുള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നതിന് പകരം രാജകുടുംബത്തിന്റെ വയറുനിറയ്ക്കുന്ന വ്യവസ്ഥിതി അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 1021 കോടി രൂപയാണ് ചടങ്ങുകള്‍ക്കായി ചെലവാക്കിയത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ ഇരട്ടി ചെലവ്. അതില്‍ ഭൂരിഭാഗവും സുരക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു. യു.കെ. സര്‍ക്കാരാണ് കിരീടധാരണത്തിന് പണം നല്‍കുന്നത്.
ബ്രിട്ടണില്‍ രാജവാഴ്ച വിരുദ്ധ വികാരം എലിസബത്ത് രാജ്ഞിയുടെ കാലത്ത് തന്നെ ശക്തമായിരുന്നു. രാജവാഴ്ചയ്ക്ക് എതിരായ വികാരം ഏകദേശം 18-ാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചില സംഘങ്ങള്‍ ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യം അന്ന് മുതല്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യത്തെ റിപ്പബ്ലിക്കായി മാറ്റണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ ശക്തമായി. രാജഭരണം അവസാനിപ്പിക്കണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളിലെന്നപോലെ പ്രസിഡന്റ് രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലടക്കം കാമ്പയിനും തുടങ്ങി. ആധുനിക സമൂഹത്തില്‍ സ്ഥാനമില്ലാത്ത കാലഹരണപ്പെട്ട ഒരു സമ്പ്രദായമാണ് രാജവാഴ്ചയെന്നാണ് അവര്‍ ഉയര്‍ത്തുന്നത്. രാജഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ എലിസബത്ത് രാജ്ഞി മരിച്ചതോടെ മകന്‍ ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.
.jpg?$p=9467ea2&&q=0.8)
ടുവാലു, പാപ്പുവ ന്യൂഗിനിയ ഒരു അപവാദം
ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ കൂട്ടമായ തുവാലു 1916-ലാണ് എല്ലിസ് ദ്വീപുകളുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ ആദ്യമായി കോളനിവത്കരിച്ചത്. വംശീയ സംഘര്‍ഷങ്ങള്‍ക്കും എല്ലിസ് ദ്വീപുകളില്‍നിന്നുള്ള വിഭജന ആവശ്യങ്ങള്‍ക്കും ഇടയില്‍ 1976-ല്‍ ഇവയെ രണ്ടായി വിഭജിക്കുകയും 1978-ല്‍ ടുവാലു എന്ന പേരില്‍ സ്വാതന്ത്ര്യം നേടുകയും ചെയ്തു. രാജ്യം റിപ്പബ്ലിക് ആകണമോ എന്ന ചോദ്യം ഉയര്‍ത്തി 1986-ലും 2008-ലും രണ്ട് ഹിതപരിശോധനകള്‍ നടന്നിരുന്നു. എന്നാല്‍ അത് രണ്ടും പരാജയപ്പെട്ടു. ബ്രിട്ടീഷ് രാജാവ് രാഷ്ട്രത്തലവനായി തുടരുന്ന ഏറ്റവും ചെറിയ രാജ്യമായ തുവാലുവിലെ വികാരങ്ങള്‍ നിലവില്‍ തികച്ചും വിപരീതമാണ്. ചാള്‍സ് രാജാവ് സിംഹാസനം ഏറ്റെടുക്കുന്നതില്‍ നേതാക്കള്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിക്കുകയാണ്. പരിസ്ഥിതിയോടും പ്രകൃതിയോടും ഉള്ള ചാള്‍സിന്റെ നയങ്ങള്‍ തങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനും പ്രയോജനകരമാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏതാണ്ട് സമാനമാണ് പാപ്പുവ ന്യൂഗിനിയയുടെ അവസ്ഥയും. ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും അയല്‍രാജ്യമായ പാപുവ ന്യൂ ഗിനിയയും 1880-കളില്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കോളനിവത്കരിച്ചത്. ന്യൂ ഗിനിയ എന്ന് വിളിക്കപ്പെട്ട ദ്വീപ് 1906-ല്‍ ഓസ്ട്രേലിയന്‍ ഫെഡറേഷന് കൈമാറി. കൊക്കോ, കാപ്പിത്തോട്ടങ്ങളാല്‍ സമ്പന്നമായ ന്യൂ ഗിനിയ 1975 വരെ ഓസ്ട്രേലിയന്‍ ഭരണത്തിന്‍കീഴില്‍ തുടര്‍ന്നു. നിലവിലെ രാഷ്ട്രത്തലവനായ രാജാവിനെ മാറ്റണമെന്ന ശക്തമായ ആഹ്വാനങ്ങളൊന്നും അവിടെനിന്ന് ഉയര്‍ന്നിട്ടില്ല.
ബാര്‍ബഡോസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതോടെയാണ് പല രാജ്യങ്ങളിലും സമാനവികാരം ഉയര്‍ന്നു തുടങ്ങിയത്. റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതോടെ ഓരോ രാജ്യത്തിനും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സ്വന്തം തലവനെ ആ സ്ഥാനത്ത് എത്തിക്കാന്‍ കഴിയും. ജമൈക്കയും ഗ്രനഡയും പോലെയുള്ള രാജ്യങ്ങള്‍ക്ക് ചാള്‍സിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് നീക്കുന്നതിന് ഒരു ഭരണഘടന ഭേദഗതി ആവശ്യമാണ്. എന്നാല്‍ മറ്റ് ചില രാജ്യങ്ങള്‍ക്ക് ഇതാവശ്യമില്ല.
ഔദ്യോഗികമായി ഒരു റിപ്പബ്ലിക്കായി മാറുന്നത് രണ്ടോ മൂന്നോ വര്‍ഷം കാലതാമസം വരുന്ന ഒരു നീണ്ട പ്രക്രിയ കൂടിയാണ്. ഇതിനായി ജമൈക്കയിലും ഗ്രനഡയിലും സര്‍ക്കാരുകള്‍ ഹിതപരിശോധന നടത്തേണ്ടതുണ്ട്. പ്രമേയം പാസാക്കുന്നതിന് പൊതുജനങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമാണ്. സ്വന്തം രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കാനുള്ള ആഗ്രഹം, ആഭ്യന്തര, വിദേശ കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഒരാള്‍ മേല്‍നോട്ടം വഹിക്കുന്നത് ഒഴിവാക്കുക എന്നിവയെല്ലാം രാജാവിനെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതില്‍ നിര്‍ണായകമാണ്. മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങള്‍ക്ക് അവരുടെ പൂര്‍വ്വികരെ അടിമകളാക്കി ഭരിച്ച സാമ്രാജ്യത്തില്‍ നിന്ന് തങ്ങളെത്തന്നെ വേര്‍പെടുത്തുന്നത് പ്രതീകാത്മക നീക്കമായിരിക്കും.
Content Highlights: Which nations will King Charles III head, Why do they Want to Leave the Monarchy Now?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..