'മരക്കാറി'ൽ മോഹൻലാൽ
മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. മരയ്ക്കാര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബ്രോ ഡാഡി, എലോണ്‍, ട്വെല്‍ത് മാന്‍ എന്നിവയടക്കം നാല് ചിത്രങ്ങളും ഇനി ഒടിടിയില്‍ കാണാം. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവര്ത്തകരുടെയും മാത്രം കലയല്ല. ഒരു വമ്പന്‍ വ്യവസായം കൂടിയാണ്. അതിന് പറയാന്‍ കോടികള്‍ മറിയുന്ന കഥകളുണ്ട്, ഒന്നര വര്‍ഷത്തിലേറെ അടച്ചിടേണ്ടി വന്ന തിയേറ്റര്‍ ഉടമകളുടെ നഷ്ടക്കണക്കുകളുടെ ദീര്‍ഘ നിശ്വാസങ്ങളുണ്ട്... കോവിഡ് ഇരുട്ടിലേക്ക് തള്ളിവിട്ട ദിവസക്കൂലിക്കാരുടെ കണക്കുകൂട്ടലുകളുണ്ട്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും തിയേറ്റര്‍ ഉപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നഷ്ടം ആര്‍ക്കാണ് ?
ഒടിടി റിലീസിന്റെ വരും വരായ്കകള്‍ നമ്മള് ലോക്ഡൗണ്‍ കാലം മുതല്‍ ചര്‍ച്ച ചെയ്തു തുടങ്ങിയതാണ്. കൊറോണ വൈറസിന്റെ ഭീതിയില്‍ നാട് എങ്ങോട്ടു പോകുന്നു എന്നറിയാതിരുന്ന ആ കാലത്തായിരുന്നു സൂഫിയും സുജാതയും ഒടിടിയിലെത്തിയത്. തിയേറ്റര്‍ എന്നു തുറക്കും എന്നറിയാത്ത കാലമായിരുന്നു അത്. മാത്രമല്ല, വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാനും പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കാനും വിലക്കുള്ള കാലം. വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് നമ്മള് സൂഫിയും സുജാതയും കണ്ടു. സി.യു സൂണ്‍ പോലുള്ള ഒടിടി ഫ്രണ്ട്ലി ചിത്രങ്ങളും ദൃശ്യം2 ഉം മാലിക്കും അടക്കമുള്ള താര ശോഭ കൂടുതലുള്ള ചിത്രങ്ങളും ഒടിടിയിലെത്തി. എന്നാല്‍ തിയേറ്റര്‍ തുറന്ന കാലത്ത്, തിയേറ്ററുകാരുടെ ആവശ്യങ്ങള്‍ ഏതാണ്ടെല്ലാം അംഗീകരിച്ച് നാട് പഴയ പടിയിലേക്ക് മടങ്ങിയെത്തുന്ന കാലത്ത് മരക്കാര്‍ പോലുള്ള ഒരു ചിത്രം തിയേറ്ററിലെത്താതെ പോകുന്നു എന്നതാണ് ചര്‍ച്ചയുടെ ആഴം കൂട്ടുന്നത്.
മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് വാദം. ഒടുവില്‍ മരയ്ക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനും തീരുമാനമായി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആന്റണി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ തിയേറ്റര്‍ ഉടമകള്‍ തള്ളി എന്നാണ് അദ്ദേഹം പറയുന്നത്. പണം ഡെപ്പോസിറ്റായി നല്കാന് തയ്യാറാണെന്ന് തിയേറ്ററുടമകള്‍ അറിയിച്ചെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍നിന്ന് കിട്ടുന്ന തുക മിനിമം ഗാരന്റിയായി കിട്ടണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. ചിത്രത്തിന് ഏതെങ്കിലും തരത്തില്‍ നഷ്ടം സംഭവിക്കുകയാണെങ്കില്‍ തിയേറ്റര്‍ വിഹിതത്തിന്റെ പത്ത് ശതമാനം നല്കണമെന്നുള്ള കടുംപിടിത്തവും തിയേറ്റര്‍ ഉടമകള്‍ അംഗീകരിച്ചില്ല എന്നും അദ്ദേഹം പറയുന്നു.
സിനിമ തിയേറ്ററിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെന്നും തിയേറ്റര്‍ ഉടമകള്‍ വേണ്ടത്ര സഹകരിച്ചില്ലെന്നുമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പക്ഷം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പാകിസ്താനുവേണ്ടി കളിക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെയാണ് തോന്നുക അതുതന്നെയാണ് ഈ തീരുമാനത്തില്‍ തങ്ങള്‍ക്ക് തോന്നുന്നതെന്നായിരുന്നു വിഷയത്തില്‍ തിയേറ്റര്‍ ഉടമകളുടെ പ്രതിനിധി അനില്‍ തോമസ് വ്യക്തമാക്കിയത്.
ഒ.ടി.ടി.?
ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്തോ ലൈവായോ വീഡിയോയും മറ്റും ലഭിക്കുന്ന സംവിധാനങ്ങളേയാണ് പൊതുവില്‍ ഒടിടി പ്ലാറ്റ്ഫോമുകളെന്ന് വിളിക്കുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്, നീ സ്ട്രീം, സോണി ലൈവ് തുടങ്ങി കാക്കത്തൊള്ളായിരം ഒ.ടി.ടി പ്ലാറ്റ്ഫോമുകള് നമുക്ക് ചുറ്റുമുണ്ട്. ലോക്ഡൗണിന് ശേഷമാണ് ഇവയെല്ലാം ഇപ്പോള്‍ കാണുന്ന തരത്തില്‍ പ്രചാരത്തിലെത്തിയത്. സിനിമയുടെ സാധ്യതകളെ വിശാലമാക്കാന്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് കഴിയുമെന്നത് ശരിയാണ്. ടിക്കറ്റെടുത്ത് സീറ്റിലിരുന്ന്, ഡോള്‍ബി അറ്റ്മോസിന്റേയോ മറ്റോ ശബ്ദ ഗാംഭീര്യത്തില്‍ മുന്നിലെ വലിയ സ്ക്രീനില്‍ സിനിമ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭവം എത്രത്തോളം ലഭ്യമാക്കാന്‍ ഇവക്കു കഴിയുമെന്നിടത്താണ് തിയേറ്ററുകളുടെ പ്രസക്തി.
അവിടെയാണ് മരക്കാര്‍ പോലൊരു ചിത്രം തിയേറ്ററിലേക്കെത്താതിരിക്കുമ്പോള് തിയേറ്റര്‍ പ്രേമികള്‍ വിഷമത്തിലാവുന്നത്. ഒരു വലിയ ബിസിനസ് സാധ്യത മങ്ങുന്നു എന്നിടത്താണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ തുരുതുരാ ഒടിടിയിലേക്ക് പോകുമ്പോള്‍ തിയേറ്റര്‍ ഉടമകള്‍ ധര്‍മ്മസങ്കടത്തിലാകുന്നത്. നാളിതുവരെ കൃത്യമായി പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിച്ച് സീറ്റുകളെല്ലാം വൃത്തിയാക്കി തിയേറ്ററുകള്‍ സംരക്ഷിച്ചു പോന്ന ഒരു വലിയ പറ്റം സംരംഭകരെയും തിയേറ്റര്‍ ഉടമകളെയും നമ്മള് കണ്ടില്ലെന്ന് നടിക്കരുത്. ഇനി കുറുപ്പ്, അജഗജാന്തരം, പട, ഹൃദയം തുടങ്ങി തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച, പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലാണ് അവരുടെ പ്രതീക്ഷ.
കോടികള്‍ മുടക്കി നിര്‍മിച്ച് പ്രദര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന സിനിമാ നിര്‍മാതാവിന്റെ ന്യായങ്ങള്‍ കാണാതിരിക്കാനാകില്ല, സിനിമ പ്രതീക്ഷിച്ചിരിക്കുന്ന തിയേറ്റര്‍ ഉടമകളുടെ ന്യായങ്ങളും നമുക്ക് തള്ളിക്കളയാനാകില്ല. അതിനിടക്ക് ഒടിടി എന്ന പുതിയതായി വികസിച്ചുവരുന്ന സാധ്യതയെ തള്ളിക്കളയാനും നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞെന്നു വരില്ല. ഇതെല്ലാം പരിഗണിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് കാര്യം. ആ മണ്ഡലത്തിലുള്ളവര്‍ തന്നെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..