പെറുവിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്നു | Photo: Diego Ramos / AFP
ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യുക, അഭയം തേടി പ്രസിഡന്റും കുടുംബവും അയല്‍രാജ്യത്തിന്റെ എംബസിയിലേക്ക് പലായനം ചെയ്യുക, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കുക, മണിക്കൂറുകള്‍ക്കുള്ളില്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക, ഇതൊന്നും അംഗീകരിക്കാത്ത ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുക, ദേശീയപാതകള്‍ ഉപരോധിക്കുക, റെയില്‍പാതകള്‍ തകര്‍ക്കുക, വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുക, ഇതോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം സര്‍ക്കാരിന് അടച്ചുപൂട്ടേണ്ടിവരിക.... ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലാണ് ഇതെല്ലാം നടക്കുന്നത്. രണ്ട് മാസക്കാലമായി വലിയ പ്രതിഷേധത്തിനാണ് പെറു സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയ അസ്ഥിരാവസ്ഥയില്‍ തകര്‍ന്ന നിലയിലാണ് രാജ്യം.
മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തതിനേത്തുടര്‍ന്ന് ഉടലെടുത്ത രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പരിക്കേറ്റവരും ജയിലിലായവരും അനവധി. ഇതോടെ നിലവിലെ പ്രസിഡന്റ് ദിനാ ബൊല്വാര്‍ദേയ്ക്ക് എതിരേ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. 'ഞങ്ങള്‍ അസ്വസ്ഥരാണ്. ഇതെല്ലാം കാണുമ്പോള്‍ കടുത്ത രോഷമാണ് തോന്നുന്നത്. ഈ സംഭവങ്ങളെല്ലാം വലിയ ആഘാതവും ഞെട്ടലുമാണ് തരുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്രാമങ്ങളില്‍ നിന്ന് ഞങ്ങള്‍ ലിമയിലേക്ക് എത്തിയത്. സ്വേച്ഛാധിപത്യസര്‍ക്കാരിന് കീഴിലായ ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാനാണ് ഞങ്ങള്‍ എത്തിയത്. ദിനാ ബൊല്വാര്‍ദേയുടെ രാജിയ്ക്കൊപ്പം, പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. ജനങ്ങള്‍ അവരേയും കോണ്‍ഗ്രസിനെയും പുറത്താക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്', പ്രതിഷേധക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയതോടെ ഇന്‍ക സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ മാച്ചു പിച്ചു സര്‍ക്കാര്‍ അടച്ചിരുന്നു. രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ബൊല്വാര്‍ദേയുടെ രാജിയാവശ്യപ്പെട്ട് ഡിസംബര്‍ മുതല്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ അന്‍പതോളം പേര്‍ മരിച്ചെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് വിനോദസഞ്ചാരികള്‍ മാച്ചു പിച്ചുവില്‍ കുടുങ്ങിപ്പോയത്. മാച്ചു പിച്ചുവിലെത്താനുള്ള ഏകമാര്‍ഗമായ റെയില്‍പ്പാളങ്ങള്‍ക്ക് പ്രക്ഷോഭകര്‍ കേടുവരുത്തിയിരുന്നു. ഇതുമൂലം 300 വിദേശികളുള്‍പ്പെടെ നാനൂറിലേറെ വിനോദസഞ്ചാരികളാണ് അവിടെ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഇവരെ ഒഴിപ്പിച്ചത്. ഇതോടെ സഞ്ചാരികളുടെ സുരക്ഷയും രാജ്യത്തെ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് മാച്ചു പിച്ചു അടയ്ക്കുന്നുവെന്നാണ് സാംസ്‌കാരികമന്ത്രാലയം നല്‍കുന്ന വിശദീകരണം.
പെറുവിന്റെ സമ്പദ് വ്യവസ്ഥ ടൂറിസത്തെ വലിയതോതില്‍ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ടൂറിസം വ്യവസായത്തില്‍ മാച്ചു പിച്ചു നല്‍കുന്ന സംഭാവന ചെറുതല്ല. പ്രതിഷേധം രാജ്യത്തെ ഏറ്റവും വലിയ ഖനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിലേക്കും നയിച്ചു. മാച്ചു പിച്ചുവിലേയ്ക്കുള്ള കവാടമായ കുസ്‌കോയിലുള്ള ചെമ്പ് ഖനി ഈമാസം മൂന്ന് പ്രാവശ്യമാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്നാണ് ഖനി അടച്ചത്. തലസ്ഥാന നഗരമായ ലിമയില്‍ സാന്‍ മാര്‍കോസ് ദേശീയ സര്‍വകലാശാലയ്ക്ക് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയും വിമാനത്താവളങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും കെട്ടിടങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ പലയിടത്തും ഏറ്റമുട്ടലുകളുണ്ടായി. സാധാരണക്കാര്‍ അടക്കമുള്ളവരാണ് ഇതില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ എന്താണ് പെറുവില്‍ സംഭവിച്ചത്? ഭരണമാറ്റത്തിലേക്ക് നയിച്ചത് എന്തെല്ലാമായിരുന്നു ?
പെറു എന്തുകൊണ്ട് അശാന്തം?
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കടുത്ത രാഷ്ട്രീയപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് പെറു. അധികാരത്തിലെത്തിയതു മുതല്‍ പെഡ്രോ കാസ്റ്റിലോയും പാര്‍ലമെന്റായ കോണ്‍ഗ്രസും തമ്മില്‍ പരസ്യ ഏറ്റുമുട്ടലിലായിരുന്നു. കാസ്റ്റിലോയെ പുറത്താക്കാന്‍ പാര്‍ലമെന്റ് ശ്രമങ്ങള്‍ ആരംഭിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ഭിന്നതകള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കാസ്റ്റിലോ പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനുണ്ടായിരുന്ന ഭൂരിപക്ഷമാണ് കാസ്റ്റിലോയെ ഈ രീതിയില്‍ ചിന്തിപ്പിച്ചിരിക്കുക. എന്നാല്‍ ഇതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് കാസ്റ്റിലോയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് ശ്രമമാരംഭിച്ചത്. 2021-ന്റെ അവസാനത്തിലും 2022 ഫെബ്രുവരിയിലും കാസ്റ്റിലോയെ ഇംപീച്ച് ചെയ്യാനുള്ള ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ഏഴിന് വീണ്ടും പാര്‍ലമെന്റ് സമ്മേളിച്ച് കാസ്റ്റിലോയെ പുറത്താക്കുകയായിരുന്നു. 130 അംഗ സഭയില്‍ 101 പേരും അദ്ദേഹത്തെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ല.
പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ കാസ്റ്റിലോയും കുടുംബവും അഭയംതേടി ലിമയിലെ മെക്സിക്കോ എംബസിയിലേക്കു യാത്ര തിരിച്ചെങ്കിലും പിടിയിലായി. അദ്ദേഹത്തിന്റെ ഭാര്യയേയും കുടുംബത്തേയും യാത്ര തുടരാന്‍ അനുവദിച്ചെങ്കിലും കാസ്റ്റിലോയെ സൈന്യം അറസ്റ്റുചെയ്ത് ജയിലിലടച്ചു. അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാസ്റ്റിലോയെ തങ്ങളുടെ പ്രതിനിധിയായി കണ്ടിരുന്ന ഒരുവിഭാഗം ഇതിനെതിരേ പ്രതികരിച്ചു. പ്രത്യേകിച്ച് ഗ്രാമീണമേഖലയില്‍ നിന്നുള്ളവര്‍. അവര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗ്രാമങ്ങളില്‍ നിന്ന് ലിമയിലേയ്ക്ക് എത്തി. പലയിടത്തും അവര്‍ പോലീസുമായി ഏറ്റുമുട്ടി. ഗതാഗതം തടസപ്പെടുത്തുകയും വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം
നടത്തുകയും ചെയ്തു. രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റിന് അധികാരം തിരിച്ചുനല്‍കുക, അദ്ദേഹത്തെ തടവില്‍ നിന്നു മോചിപ്പിക്കുക, ദിനാ ബൊല്വാര്‍ദേ രാജി വയ്ക്കുക, കാസ്റ്റിലോയെ ഇംപീച്ച് ചെയ്ത പാര്‍ലമെന്റ് നടപടി റദ്ദാക്കുക, പാര്‍ലമെന്റ് പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങള്‍. എന്നാല്‍ സമരാനുകൂലികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ബൊല്വാര്‍ദേ. പ്രതിഷേധക്കാര്‍ അക്രമങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. കാസ്റ്റിലോയെ കോടതി 18 മാസത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചതോടെ സ്ഥിതി രൂക്ഷമായി. തുടര്‍ന്നാണ് പ്രതിഷേധം അതിരുവിട്ടതോടെ സര്‍ക്കാരിന് മാച്ചു പിച്ചു അടയ്‌ക്കേണ്ടിവന്നത്.

കാസ്റ്റിലോയുടെ ഉദയവും വീഴ്ചയും
ഇടതുചിന്താഗതിക്കാരനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന പെഡ്രോ കാസ്റ്റിലോ 2021-ലാണ് പെറുവില്‍ അധികാരത്തിലെത്തുന്നത്. വലതുപക്ഷ നേതാവും ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളുമായ കീകോ ഫുജിമോറിയെ 44,000 വോട്ടിനാണ് 53-കാരനായ കാസ്റ്റിലോ പരാജയപ്പെടുത്തിയത്. ഇടത് പാര്‍ട്ടിയായ പെറു ലിബ്രേ പാര്‍ട്ടിയുടെ നേതാവായിരുന്നു കാസ്റ്റിലോ. തിരഞ്ഞെടുപ്പില്‍ 50.2 ശതമാനം വോട്ടോടെയാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ അദ്ദേഹത്തിന് അത്ര എളുപ്പമായിരുന്നില്ല. സുഗമമായി ഭരണം നടത്തുന്നതിനാവശ്യമായ ഭൂരിപക്ഷം പാര്‍ലമെന്ററില്‍ കാസ്റ്റിലോയ്ക്കും അദ്ദേഹത്തിന്റെ മുന്നണിക്കും ഉണ്ടായിരുന്നില്ല. 130 അംഗ സഭയില്‍ 37 അംഗങ്ങള്‍ മാത്രമായിരുന്നു പെറു ലിബ്രേ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. അത് ഭരണം ദുഷ്‌കരമാക്കി. സാമൂഹ്യ-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനോ, ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരാനോ കാസ്റ്റിലോയ്ക്ക് കഴിഞ്ഞില്ല.
നിരക്ഷരരായ കര്‍ഷക ദമ്പതിമാരുടെ മകനായി രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ പുന നഗരത്തിലാണ് കാസ്റ്റിലോ ജനിച്ചത്. ചെറിയ ജോലികള്‍ ചെയ്താണ് അദ്ദേഹം തന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയിരുന്നത്. പഠനശേഷം ജന്മനാട്ടില്‍ തന്നെയുള്ള പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 2017-ലെ ദേശീയ അധ്യാപക പണിമുടക്കാണ് കാസ്റ്റിലോയുടെ ഭാവിമാറ്റിയെഴുതിയത്. ദേശീയ പണിമുടക്കിന് നേതൃത്വം നല്‍കിയതിലൂടെയാണ് അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധേയനാകുന്നത്. രാജ്യത്തിന്റെ ദരിദ്രമായ വടക്കന്‍ മേഖലയില്‍ നിന്ന് വന്നതിനാല്‍ തന്നെ കാസ്റ്റിലോയ്ക്ക് തലസ്ഥാനമായ ലിമയിലെ പരമ്പരാഗത അധികാരകേന്ദ്രങ്ങളുടേയോ നേതാക്കളുടെയോ കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളുടെ, പ്രത്യേകിച്ചും കര്‍ഷകരുടെയും തൊഴിലാളികളുടെയും പിന്തുണയാണ് കാസ്റ്റിലോയ്ക്ക് ഉണ്ടായിരുന്നത്. ഇവരുടെ വോട്ടാണ് ആദ്ദേഹത്തെ അധികാരത്തിലെത്തിച്ചതും. 'സമ്പന്നമായ പെറുവില്‍ ആരും ഇനി ദരിദ്രരായി ജീവിക്കില്ല' എന്നതായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു മുദ്രാവാക്യം.
2021 ജൂലായ് 28-ന് അഞ്ചുവര്‍ഷ കാലാവധിയുള്ള പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെങ്കിലും കാര്യമായി ഒന്നും ചെയ്യാനാകാതെ പരാജിതനായി കാസ്റ്റിലോയ്ക്ക് മടങ്ങേണ്ടിവന്നു. അധികാരത്തിലെത്തിയ ശേഷം വിപ്ലവകരമായ ചില തീരുമാനങ്ങള്‍ തന്റെ കര്‍മപരിപാടിയില്‍ കാസ്റ്റിലോ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റെ വിമാനം വില്‍ക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പണം കണ്ടെത്തുന്നതിനായിരുന്നു അത്. ഒട്ടേറെ ചെലവ് ചുരുക്കല്‍ പരിപാടികളും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ കാസ്റ്റിലോ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ മുതലാളിവര്‍ഗവും വലതുപക്ഷവും ഭരണത്തില്‍ ഇടപെടുന്നതായി ആരോപണമുണ്ടായിരുന്നു. അവര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ഏറിയതോടെ ഒരുപരിധിവരെ അദ്ദേഹത്തിന് ഇതിനെല്ലാം വഴങ്ങിക്കൊടുക്കേണ്ടിവരികയും ചെയ്തു. ഇത് പ്രശ്‌നം വീണ്ടും ഗുരുതരമാക്കി. ഭരണത്തില്‍ മുന്‍പരിചയമില്ലാതിരുന്നതും അദ്ദേഹത്തിന് തിരിച്ചടിയായി. മുതലാളിത്ത ശക്തികള്‍ക്ക് പ്രസിഡന്റ് വഴങ്ങിയെന്ന് വന്നതോടെ പെറു ലിബ്രേ പാര്‍ട്ടി അദ്ദേഹവുമായി അകന്നു. 2021 ജൂണില്‍ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. അതോടെ ഭരണരംഗത്തും മുന്നണിയിലും കാസ്റ്റിലോ ശരിക്കും ഒറ്റപ്പെട്ടു.

ഇരുട്ടിവെളുത്തപ്പോള്‍ പ്രസിഡന്റ് മാറി
പെഡ്രോ കാസ്റ്റിലോയെ സ്ഥാനഭ്രഷ്ടനാക്കിയതിന് പിന്നാലെ വൈസ് പ്രസിഡന്റായിരുന്ന ദിനാ ബൊല്വാര്‍ദേ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ബൊല്വാര്‍ദേ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. കാസ്റ്റിലോയെ പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ദിനാ ബൊല്വാര്‍ദേ സ്ഥാനമേറ്റു. കാസ്റ്റിലോയുടെ വൈസ് പ്രസിഡന്റായിരുന്നു ബൊല്വാര്‍ദേയെ പാര്‍ലമെന്റ് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി ബൊല്വാര്‍ദേ. 60-കാരിയായ ബൊല്വാര്‍ദേ, കാസ്റ്റിലോ മന്ത്രിസഭയില്‍ സാമൂഹിക നീതി വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ അവര്‍ രാജി വയ്ക്കുകയായിരുന്നു. അത് ഇരുവര്‍ക്കുമിടയിലുള്ള അകല്‍ച്ച ശക്തമാക്കുകയും ചെയ്തു. ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രീ പെറു പാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരുന്നുവെങ്കിലും അധികാരത്തിലെത്തിയതോടെ അവര്‍ കളം മാറ്റി. ഫ്രീ പെറു പാര്‍ട്ടിയുടെ ആദര്‍ശങ്ങളെ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. പിന്നാലെ പാര്‍ട്ടി അവരെ പുറത്താക്കുകയും ചെയ്തു.
തെക്കന്‍ പെറുവില്‍ ഒരു സാധാരണ കുടുംബത്തിലാണ് ദിനാ ബൊല്വാര്‍ദേ ജനിച്ചത്. 14 മക്കളില്‍ ഇളയവളായിരുന്നു ബൊല്വാര്‍ദേ. പെറുവിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകുമെന്ന് കരുതപ്പെട്ടിരുന്ന കീകോ ഫുജിമോറിയില്‍ നിന്ന് വ്യത്യസ്തമായി അധികാര കേന്ദ്രങ്ങളുടെ പാരമ്പര്യമൊന്നും പറയാനില്ലാത്തതായിരുന്നു ബൊല്വാര്‍ദേയുടെ കുടുംബം. നേഴ്‌സിങ് പഠിക്കാനാണ് തുടക്കത്തില്‍ ആഗ്രഹിച്ചതെങ്കിലും പിന്നീട് നിയമപഠനത്തിനായി ലിമയിലേക്ക് കുടിയേറി. 17 വര്‍ഷത്തോളം പെറുവിലെ പബ്ലിക് റെക്കോഡ്‌സ് ഓഫീസിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. 2018-ലാണ് പൊതുരാഷ്ട്രീയ രംഗത്തേയ്ക്ക് അവര്‍ കടന്നുവരുന്നത്. ജില്ലാതല തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകൊണ്ടായിരുന്നു തുടക്കം. 2020-ല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2023-ല്‍ കാസ്റ്റില്ലോയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായതോടെയാണ് രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ അവരെ ശ്രദ്ധിച്ചുതുടങ്ങുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കാസ്റ്റിലോയുമായി തെറ്റിയെങ്കിലും അവര്‍ പദവി രാജിവച്ചിരുന്നില്ല. കാസ്റ്റിലോ ഇംപീച്ച് ചെയ്യപ്പെട്ടതോടെ അപ്രതീക്ഷിതമായി പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
ആളിക്കത്തി പ്രതിഷേധം
കാസ്റ്റിലോ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും അദ്ദേഹത്തെ ജയിലിലടച്ച്, ബൊല്വാര്‍ദേ ഭരണം പിടിക്കുകയും ചെയ്തതോടെ പെറുവില്‍ പ്രതിഷേധം ആളിക്കത്തി. സംഘര്‍ഷത്തില്‍ ഇതുവരെ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. 200 പോലീസുകാരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ മേഖലകളിലടക്കം പ്രതിഷേധം രൂക്ഷമായി. ഇതോടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സൈന്യത്തെയും പോലീസിനെയും സര്‍ക്കാര്‍ നിയോഗിച്ചു. പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനമായ ലിമയിലേക്ക് വലിയ ഒഴുക്കുണ്ടായി. ഒടുവില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം അതിരുവിട്ടതോടെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി ആല്‍ബര്‍ട്ടോ ഓട്ടറോളയാണ് ഡിസംബറില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാസ്റ്റിലോയെ തടവില്‍നിന്ന് മോചിപ്പിക്കണമെന്നും ഉടന്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അനുയായികള്‍ തെരുവില്‍ പ്രതിഷേധം തുടര്‍ന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ദേശീയപാത ഉപരോധമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നാണ് ഓട്ടറോള അറിയിച്ചത്. ഈ സാഹചര്യത്തില്‍ പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അടിയന്തരാവസ്ഥ അനിവാര്യമെന്ന നിലപാടിലായിരുന്നു ബൊല്വാര്‍ദേയും. എന്നാല്‍, അതൊന്നും അക്രമങ്ങള്‍ക്ക് തടയിടാനായില്ല. ഓരോ ദിവസം ചെല്ലുന്തോറും പ്രതിഷേധം കൂടുതല്‍ ശക്തമാവുകയായിരുന്നു. കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള അധികാരം പോലീസിന് നല്‍കി. സംഘംചേരല്‍ തടയാനും ജുഡീഷ്യല്‍ ഉത്തരവില്ലാതെ പ്രതിഷേധക്കാരുടെ വീടുകള്‍ പരിശോധിക്കാനും ഇതോടെ പോലീസിന് കഴിയുമായിരുന്നു.
കലാപശ്രമവും ഗൂഢാലോചനക്കുറ്റവുമാരോപിച്ചുള്ള വിചാരണയ്ക്ക് മുന്നോടിയായി കാസ്റ്റിലോയെ 18 മാസം കൂടി തടവില്‍ വേണമെന്നാണ് ഇതിനിടെ പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിച്ച് പ്രഖ്യാപിച്ചതിനും നാലുമാസം മുമ്പ് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ആദ്യഘട്ടത്തില്‍ ബൊല്വാര്‍ദേ പറഞ്ഞത്. പ്രക്ഷോഭം തണുപ്പിക്കാന്‍ തിരഞ്ഞെടുപ്പ് രണ്ടുവര്‍ഷം നേരത്തേയാക്കി 2024 ഏപ്രിലില്‍ നടത്താമെന്ന് ബൊല്വാര്‍ദേ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ 2023 ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ബൊല്വാര്‍ദേ അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് അത് തള്ളിക്കളഞ്ഞിരുന്നു. എന്നാലിപ്പോള്‍ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടത്താമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബൊല്വാര്‍ദേ.





പെറുവില്‍ ആരുടെ അട്ടിമറി?
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പെറുവിലെ ഭരണമാറ്റത്തേയും പുതിയ ഭരണകൂടത്തേയും സ്വാഗതം ചെയ്തപ്പോള്‍ അയല്‍ രാജ്യങ്ങള്‍ പൊതുവില്‍ ഇതിനെ അപലപിക്കുകയാണ് ചെയ്തത്. 'ജനാധിപത്യധ്വംസനം' എന്നാണ് മെക്‌സിക്കോ, അര്‍ജന്റീന, കൊളംബിയ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ നടപടിയെ വിശേഷിപ്പിച്ചത്. ബസീല്‍, അര്‍ജന്റീന, മെക്സിക്കോ, ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റിനെ പുറത്താക്കിയ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കാസ്റ്റിലോ എടുത്ത തീരുമാനമാണ് സ്ഥിതി ഗുരുതരമാക്കിയതെന്നാണ് പാശ്ചാത്യലോകം വിലയിരുത്തുന്നത്. ഇത് അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് അവര്‍ കരുതുന്നത്. പെറുവിലെ പ്രതിപക്ഷവും ഏതാണ്ടിതിന് സമാനമായാണ് ചിന്തിക്കുന്നത്.
രാജ്യത്തിന് അകത്തുനിന്നും കാസ്റ്റില്ലോയ്ക്ക് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കാസ്റ്റിലോയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നാണ് രാജ്യത്തെ സുപ്രീം കോടതിയും വിധിച്ചത്. അദ്ദേഹത്തിന്റെ നടപടിയെ പിന്തുണയ്ക്കില്ലെന്ന് സൈന്യവും പൊലീസും വ്യക്തമാക്കി. പിന്നാലെ അദ്ദേഹത്തെ പുറത്താക്കുന്നതിനെ 130 അംഗ സഭയില്‍ 101 പേരും അനുകൂലിച്ചത് അദ്ദേഹം എത്രത്തോളം ഒറ്റപ്പെട്ടു എന്നതിന് തെളിവാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല എന്നതാണ് സത്യം. സര്‍ക്കാരില്‍ അദ്ദേഹത്തെ പിന്തുണച്ചവര്‍ പോലും അത്യാവശ്യഘട്ടത്തില്‍ പിന്തുണയ്ക്കാതിരുന്നതോടെ അദ്ദേഹം അധികാരകേന്ദ്രങ്ങള്‍ക്ക് പുറത്തായി.
എന്നാല്‍ പെറുവിലെ സംഭവവികാസങ്ങള്‍ക്ക് മറ്റൊരു രാഷ്ട്രീയ മാനം നല്‍കുന്നവരുമുണ്ട്. കാസ്റ്റിലോ എല്ലാക്കാലത്തും സാധാരണക്കാരുടെ പ്രതീകമായിരുന്നു. രാജ്യത്തെ വരേണ്യവര്‍ഗത്തിന് വലിയ താല്‍പര്യമില്ലാത്ത വ്യക്തിത്വം. ലിമയിലെ അധികാരകേന്ദ്രങ്ങളുടേയോ നേതാക്കളുടെയോ പിന്തുണ ഒരുകാലത്തും കാസ്റ്റിലോയ്ക്കില്ലായിരുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഗ്രാമീണ ജനവിഭാഗങ്ങളുടേയും പിന്തുണയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതിനാല്‍ തന്നെ പരമ്പരാഗതമായി അധികാരം കൈയാളിയിരുന്ന സമ്പന്നവര്‍ഗവും ഗ്രാമീണമേഖലകളിലെ സാധാരണക്കാരും തമ്മിലുള്ള സംഘര്‍ഷം കൂടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് നിരീക്ഷണം. അത് ഏതാണ്ട് ഒരു പരിധിവരെ ശരിയാണ് താനും. കാസ്റ്റിലോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിമയിലേക്ക് എത്തുന്നവരില്‍ അധികവും അധികാര കേന്ദ്രങ്ങള്‍ക്കെല്ലാം പുറത്തായ സാധാരണ ജനങ്ങളാണ് എന്നതു തന്നെ ഇതിന് ഉദാഹരണം.
ഇതെല്ലാമാണെങ്കിലും പെറുവിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നാണ് രാജ്യത്തെ ഇടതുപാര്‍ട്ടികളുടെ ആരോപണം. പെറു ഉള്‍പ്പെടെയുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ ചൈനയോട് അടുക്കുന്നതാണ് ഇതിന് പിന്നിലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അധികാരമേറ്റതിന് പിന്നാലെ ചൈനയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം ശക്തമാക്കുമെന്ന് കാസ്റ്റിലോ പ്രഖ്യാപിച്ചിരുന്നു. ഇതിനായി നീക്കവും നടത്തിയിരുന്നു. ഇതെല്ലാം അമേരിക്കയെ ചൊടിപ്പിക്കുന്നായിരുന്നു. സ്വാഭാവികമായും ഇടത് അനുകൂല സര്‍ക്കാരുകള്‍ ഈ രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്നത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു വലത് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരിക്കും. ഇതാണ് അട്ടിമറികളിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും കഴമ്പില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ജനാധിപത്യ സംരക്ഷണം മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നാണ് അവരുടെ വാദം.
Content Highlights: What's behind the violence, protests in Peru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..