യു.എസ്. ജനപ്രതിനിധി സഭാസ്പീക്കർ നാൻസി പെലോസിക്ക് സ്വാഗതമാശംസിച്ചുകൊണ്ട് തയ്‌വാനിൽ നടന്ന പരിപാടി | Photo: AP
യുക്രൈനു പിന്നാലെ തയ്‌വാനും മറ്റൊരു യുദ്ധക്കളമാകുമോ എന്ന ആശങ്കയിലാണ് ലോകം. ചൈനയും അമേരിക്കയും എതിര്‍ചേരികളില്‍നിന്നു പോരടിച്ചാല്‍ അതിന്റെ ആഗോള പ്രത്യാഘാതം ചെറുതായിരിക്കില്ല. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ വന്‍ശക്തിരാഷ്ട്രങ്ങളുടെ മറ്റൊരു ബലപരീക്ഷണവേദിയാവുകയാണ് തയ്‌വാന്‍. തയ്‌വാനെച്ചൊല്ലിയുള്ള അമേരിക്കയുടെയും ചൈനയുടെയും വാക്‌പോര് സൈനികബലപരീക്ഷണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. തയ്‌വാനെ പീപ്പിള്‍സ് റിപ്പബ്ലിക്കിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കങ്ങള്‍ ചൈന ശക്തിപ്പെടുത്തിയതും, ചൈന ബലപ്രയോഗത്തിന് മുതിര്‍ന്നാല്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയതുമാണ് തയ്‌വാന്‍-ചൈന തര്‍ക്കം ഒരിടവേളയ്ക്കുശേഷം വീണ്ടും അന്തര്‍ദേശീയതലത്തില്‍ സജീവചര്‍ച്ചയാക്കിയത്.

ചൈന-തയ്‌വാന്‍ തര്‍ക്കത്തിന്റെ ചരിത്രം
ചൈനയുടെ തെക്കുകിഴക്കന്‍ തീരത്തുനിന്ന് ഏതാണ്ട് 160 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് തയ്‌വാന്‍. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് ഔദ്യോഗികനാമം. 35,985 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ദ്വീപില്‍ രണ്ടരക്കോടിയോളം ജനങ്ങളുണ്ട്. സ്വന്തമായ ഭരണഘടനയും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള ഈ ഭൂപ്രദേശത്തെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായാണ് ചൈന കാണുന്നത്. അതേസമയം, തങ്ങള്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന നിലപാടിലാണ് തയ്‌വാന്‍. 1949ലാണ് ഈ തര്‍ക്കം തുടങ്ങിയത്. ചൈനയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ മാവോ സെ തുങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചു. ഇതോടെ കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ദേശീയസര്‍ക്കാര്‍ ബെയ്ജിങ് വിട്ട് തയ്‌വാന്‍ ദ്വീപിലേക്ക് പലായനംചെയ്തു. റിപ്പബ്ലിക് ഓഫ് ചൈന സര്‍ക്കാരിന്റെ ആസ്ഥാനമായി തായ്‌പേയ് മാറി. അതേസമയം, കമ്യൂണിസ്റ്റുകള്‍ ബെയ്ജിങ് ആസ്ഥാനമായി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.
ശീതയുദ്ധത്തിന്റെ സ്വാധീനം ചൈനാ തര്‍ക്കത്തിലും നിഴലിച്ചു. സോവിയറ്റ് യൂണിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചു. എന്നാല്‍, റിപ്പബ്ലിക് ഓഫ് ചൈനയെയാണ് അമേരിക്ക പിന്തുണച്ചത്. അമേരിക്കന്‍ പിന്തുണയുടെ ബലത്തില്‍ ഐക്യരാഷ്ട്രസഭാ സ്ഥിരാംഗത്വത്തില്‍ റിപ്പബ്ലിക് ഓഫ് ചൈന തുടര്‍ന്നു. അപ്പോഴും തയ്‌വാനെ ചൈനയുടെ ഭാഗമായാണ് ബെയ്ജിങ് പരിഗണിച്ചത്. 1950കളുടെ തുടക്കത്തില്‍ത്തന്നെ ബലപ്രയോഗത്തിലൂടെ ഈ ദ്വീപിനെ ചൈനയോട് ചേര്‍ക്കാനുള്ള രണ്ട് സൈനികനീക്കങ്ങള്‍ നടന്നു. അമേരിക്കയുടെ സൈനികപിന്തുണയാണ് രണ്ടുതവണയും തയ്‌വാനെ രക്ഷിച്ചത്. കാലക്രമേണ ചൈനയുടെ പ്രധാന ഭൂപ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിച്ച പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ ഔദ്യോഗിക ചൈനയായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചു.
അമേരിക്കയുടെ തയ്‌വാന്‍ നയം
1970കളില്‍ അമേരിക്കയുടെ ചൈനാനയത്തില്‍ കാതലായ മാറ്റം വന്നു. തുടക്കത്തില്‍ ചൈനയെ അംഗീകരിക്കാതിരുന്ന അമേരിക്ക, 1979ല്‍ ജിമ്മി കാര്‍ട്ടറുടെ കാലത്ത്, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം ആരംഭിച്ചു. മേഖലയിലെ റഷ്യന്‍ സ്വാധീനം തടയാനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നയംമാറ്റം. തയ്‌വാനുമായുള്ള ഔദ്യോഗിക നയതന്ത്രസൗഹൃദം അവസാനിപ്പിച്ചെങ്കിലും അനൗദ്യോഗിക സഹകരണം അമേരിക്ക തുടര്‍ന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുമ്പോള്‍ത്തന്നെ റിപ്പബ്ലിക് ഓഫ് ചൈനയെ പിന്തുണയ്ക്കുന്ന ദ്വിമുഖതന്ത്രമാണ് അമേരിക്ക പിന്തുടര്‍ന്നത്.
ബെയ്ജിങ്ങില്‍ നയതന്ത്രകാര്യാലയം തുറന്നതിനു പിന്നാലെ തയ്‌വാന്‍ റിലേഷന്‍സ് ആക്ട് പാസാക്കി തായ്‌പേയ് സര്‍ക്കാരിനോടുള്ള പ്രതിബദ്ധത അമേരിക്ക പ്രകടിപ്പിച്ചു. തയ്‌വാനുമായുള്ള വ്യാപാരസാംസ്‌കാരിക ബന്ധം ഊഷ്മളമായി തുടരുമെന്നും തയ്‌വാന്‍ ജനതയുടെ സുരക്ഷയുറപ്പാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും 1949 ഏപ്രില്‍ പത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ തയ്‌വാന്‍ റിലേഷന്‍സ് ആക്ട് അടിവരയിട്ടു. പ്രതിരോധരംഗത്ത് തയ്‌വാന് അമേരിക്കയുടെ കൈയയച്ചുള്ള സഹായം കിട്ടി. ആയുധവില്‍പ്പന നിര്‍ബാധം തുടര്‍ന്നു. തയ്വാനിലെ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തയ്‌വാന്‍ (എ.ഐ.ടി) വഴിയാണ് അമേരിക്ക തയ്‌വാന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. യഥാര്‍ഥത്തില്‍ തയ്‌വാനിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന്റെ ചുമതലയാണ് എ.ഐ.ടി. വഹിച്ചുവരുന്നത്.
.jpg?$p=71915c8&&q=0.8)
ഇങ്ങനെയെല്ലാമാണെങ്കിലും ഒരു കാര്യത്തില്‍ മാത്രം അമേരിക്ക തന്ത്രപരമായ അവ്യക്തത നിലനിര്‍ത്തിയിരുന്നു. തയ്‌വാനെതിരേ സൈനികനടപടി പാടില്ലെന്ന ഉറച്ച നിലപാടെടുത്തെങ്കിലും സൈനികനീക്കമുണ്ടായാല്‍ 1950കളിലെ തയ്‌വാന്‍ പ്രതിസന്ധിയില്‍ ഇടപെട്ടതുപോലെ, നേരിട്ടുള്ള സൈനികനടപടിയിലേക്ക് അമേരിക്ക നീങ്ങുമോ എന്ന കാര്യത്തിലായിരുന്നു ബോധപൂര്‍വമായ ആ അവ്യക്തത. 'തന്ത്രപരമായ അവ്യക്തത' എന്ന ഈ നയമാണ് ജോ ബൈഡന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. തയ്‌വാനെതിരായ ചൈനയുടെ ബലപ്രയോഗത്തെ സൈനികമായി ചെറുക്കുമെന്ന അമേരിക്കന്‍ നിലപാടാണ് ചൈന-തയ്‌വാന്‍ തര്‍ക്കം അമേരിക്ക-ചൈന സംഘര്‍ഷമായി ഇപ്പോള്‍ വികസിക്കാനിടയാക്കിയത്.
ട്രംപ് ഭരണകാലത്തെ വ്യാപാരയുദ്ധപശ്ചാത്തലത്തിലാണ് തയ്‌വാന്‍ വിഷയത്തില്‍ ചൈനയോടുള്ള നിലപാട് അമേരിക്ക കടുപ്പിച്ചത്. കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് ട്രംപ് ഭരണകൂടം തയ്‌വാന് നല്‍കിയത്. ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു ഈനീക്കം. മാത്രമല്ല, തയ്‌വാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തയ്‌വാന്‍ പ്രതിനിധികളെ ക്ഷണിച്ച് ജോ ബൈഡന്‍ ഈ ബന്ധം കൂടുതല്‍ ശക്തമാക്കി. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് തയ്‌വാന്‍ പ്രതിനിധികളെ അധികാരമേല്‍ക്കല്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ഈ നീക്കം തയ്വാന്‍ വിഷയത്തിലുള്ള അമേരിക്കന്‍ നിലപാടുമാറ്റത്തിന്റെ കൃത്യമായ സൂചനയും ചൈനയ്ക്കുള്ള മുന്നറിയിപ്പുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തയ്‌വാന്റെ പരമാധികാരസംരക്ഷണത്തിലുള്ള അമേരിക്കന്‍ താത്പര്യം ജോ ബൈഡന്‍ മറയില്ലാതെ വ്യക്തമാക്കിയത്.
ഏകചൈന, ദ്വിവ്യവസ്ഥ, ബഹുവിധ വ്യാഖ്യാനം
ചൈനയുടെ വിദേശനയത്തിന്റെ അടിത്തറയാണ് ഏകചൈനാനയം. 1980കളുടെ തുടക്കത്തില്‍ ചൈന തയ്‌വാനോടുള്ള സമീപനം മയപ്പെടുത്തി. ചൈനയുടെ അവിഭാജ്യഘടകമായി മാറാന്‍ തയ്യാറായാല്‍ തയ്‌വാന് കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കാമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. ഹോങ് കോങ്ങില്‍ വിജയകരമായി നടപ്പാക്കിയ ഈ ഏകചൈന ദ്വിഭരണ നയം (One China Two System) തയ്‌വാന്‍ അംഗീകരിച്ചില്ല. പക്ഷേ, ചൈനയിലേക്കുള്ള സഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള നിയന്ത്രണം ഇളവുചെയ്ത് ചൈനയോടുള്ള മൃദുസമീപനം തയ്‌വാന്‍ പ്രകടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ചൈന-തയ്‌വാന്‍ പ്രതിനിധികള്‍ തമ്മിലുള്ള അനൗദ്യോഗികചര്‍ച്ചകളും നടന്നു. 1992ല്‍ തയ്‌വാന്‍ ഭരണകക്ഷിയായ കുമിന്താങ് പാര്‍ട്ടിയും ചൈനീസ് പ്രതിനിധികളും തമ്മില്‍ അനുരഞ്ജനക്കരാര്‍ ഒപ്പുവെച്ചു. ഈ കരാറനുസരിച്ച് തയ്‌വാന്‍ പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഏകചൈന തങ്ങളാണെന്നാണ് തയ്‌വാന്റെ വ്യാഖ്യാനം.

2000ത്തില്‍ തയ്‌വാന്‍ സ്വാതന്ത്ര്യവാദിയായ ചെന്‍ ഷൂയ്ബിയന്‍ (Chen Shui-bian) തയ്വാന്‍ പ്രസിഡന്റായതോടെ രണ്ടുപതിറ്റാണ്ട് നീണ്ട പരിമിതസൗഹൃദനയം ചൈന അവസാനിപ്പിച്ചു. തയ്വാന്‍ ചൈനയില്‍നിന്ന് വിട്ടുപോകാന്‍ ശ്രമിച്ചാല്‍ ബലപ്രയോഗം നടത്താന്‍ ചൈനയ്ക്ക് അധികാരമുണ്ടെന്ന നിയമം ചൈന പാസാക്കി. 2008ല്‍ മാ യിങ്ഷ്യൂ (Ma Ying-jeou) ചെനിന് പിന്‍ഗാമിയായെത്തിയതോടെ ചൈന-തയ്‌വാന്‍ ബന്ധത്തില്‍ നേരിയ പുരോഗതിയുണ്ടായി. എന്നാല്‍, 2016ല്‍ ഷായ് ഇങ്‌വെന്‍ (Tsai Ing-wen) പ്രസിഡന്റായതോടെ തയ്‌വാനില്‍ വീണ്ടും ചൈനീസ് മേധാവിത്വം ചോദ്യംചെയ്തു തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് യു.എസില്‍ അധികാരത്തിലെത്തിയതോടെ തയ്‌വാന്‍-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. 1979നുശേഷം അമേരിക്കന്‍ പ്രസിഡന്റും തയ്‌വാന്‍ പ്രസിഡന്റും തമ്മില്‍ ഫോണില്‍ സംസാരിച്ചു. മാത്രമല്ല, ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്‌വാന് പ്രതിരോധായുധങ്ങള്‍ വിതരണംചെയ്യാന്‍ തീരുമാനിക്കുകയുംചെയ്തു. ഇതേസമയം, തയ്‌വാനെതിരായ അന്തര്‍ദേശീയ കാമ്പെയിന്‍ ചൈന ശക്തമാക്കി.
ആഗോളസമൂഹത്തിന്റെ ആശങ്കകള്‍
തയ്‌വാനോടുള്ള സമീപനം ബെയ്ജിങ് കര്‍ക്കശമാക്കുകയും തയ്വാൻ അനുകൂല നിലപാടില്‍ അമേരിക്ക കൂടുതല്‍ വ്യക്തതവരുത്തുകയും ചെയ്ത സാഹചര്യത്തില്‍ തയ്‌വാന്‍ കടലിടുക്ക് അന്തര്‍ദേശീയസംഘര്‍ഷത്തിന് വേദിയാകുമോ എന്നതാണ് ആശങ്ക. 2049നു മുന്‍പ്, അതായത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ ശതാബ്ദിക്കു മുന്‍പ് വിശാലചൈനയെന്ന സ്വപ്നം പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗ്രഹം. എന്നാല്‍, സമകാലിക ആഗോള രാഷ്ട്രീയസാമ്പത്തിക സാഹചര്യം അത്തരമൊരു ആഗ്രഹപൂര്‍ത്തീകരണത്തിന് അനുയോജ്യമല്ല. ഏറ്റവും പ്രധാനം യുക്രൈനിലെ റഷ്യന്‍ അനുഭവംതന്നെയാണ്. യുക്രൈനില്‍ റഷ്യ നേരിടുന്ന അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് തയ്‌വാനെതിരായ ബലപ്രയോഗത്തിന് മുതിരും മുന്‍പ് ചൈന കണക്കിലെടുക്കേണ്ടിവരും. മാത്രമല്ല, ആഗോളസമ്പദ്വ്യവസ്ഥയുമായി റഷ്യയെക്കാള്‍ കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ചൈനീസ് സമ്പദ്വ്യവസ്ഥ. അന്തര്‍ദേശീയ സാമ്പത്തികോപരോധം റഷ്യയെക്കാള്‍ ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. ലോകത്തെ പ്രധാന സൈനികശക്തികളിലൊന്നായ ചൈനയോട് ഒരുനിലയ്ക്കും പ്രതിരോധിച്ചുനില്‍ക്കാനുള്ള കഴിവ് തയ്‌വാനില്ല. പക്ഷേ, തയ്‌വാന്റെ സൈനികശക്തി മാത്രം കണക്കിലെടുത്താവില്ല ചൈനയുടെ നീക്കങ്ങള്‍. യുക്രൈനിലെ റഷ്യന്‍ അനുഭവം പ്രസക്തമാകുന്നത് അവിടെയാണ്.
(മാതൃഭൂമി ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ, 2022 ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: china-taiwan tensions us, china and taiwan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..