ഇമ്രാൻ ഖാൻ | Photo: Rahmat Gul/ AP Photo
ഇസ്ലാമാബാദ് കോടതിക്ക് പുറത്ത് പ്രതിഷേധിച്ചതിന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെയും അനുയായികളുടെയും പേരില്‍ പോലീസ് ഭീകരക്കുറ്റത്തിന് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. വിധ്വംസകപ്രവര്‍ത്തനം, സുരക്ഷാജീവനക്കാരെ ആക്രമിക്കല്‍, കോടതിക്കു പുറത്ത് കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇമ്രാന്‍ ഖാന്റെയും 18 അനുയായികളുടെയും പേരില്‍ ഇസ്ലാമാബാദ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇമ്രാന്‍ ഖാന്‍ ഹാജരായ വേളയില്‍ കോടതിക്കു പുറത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ 25 സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. 16 പോലീസ് വാഹനങ്ങളും ഏഴ് മോട്ടോര്‍ ബൈക്കും പ്രതിഷേധക്കാര്‍ കത്തിച്ചുവെന്നും കല്ലും പെട്രോള്‍ബോംബും എറിഞ്ഞെന്നും പോലീസ് ആരോപിച്ചു.
കോടതിസമുച്ചയത്തിനു പുറത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഫര്‍ ഇഖ്ബാല്‍, ഇമ്രാനെതിരായ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 30-ലേക്കു മാറ്റി. ഒപ്പം ഇമ്രാനെതിരേയുള്ള അറസ്റ്റു വാറന്റ് റദ്ദാക്കുകയും ചെയ്തു. പിന്നാലെ പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതി ഇമ്രാന് ജാമ്യം അനുവദിക്കുകയും ചെയ്തു. ദേശീയ അസംബ്ലിയില്‍നിന്ന് ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് (ഇ.സി.പി.) ഉത്തരവിട്ടതിനും മുന്‍ പ്രധാനമന്ത്രിക്കെതിരേ ക്രിമിനല്‍ നടപടികള്‍ തുടക്കം കുറിച്ചതിനും മൂലകാരണം തോഷഖാന കേസാണ്. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഇമ്രാനെ പാക് ഭരണകൂടം വലിഞ്ഞു മുറക്കുന്നതും തോഷഖാന കേസിനെ മുന്‍നിര്‍ത്തിയാണ്. കേസില്‍ കുടുക്കി ഇമ്രാനെ ജയിലിലടയ്ക്കാന്‍ തന്നെയാണ് ഭരണകൂടത്തിന്റെ ശ്രമം. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇമ്രാന് കുരുക്കാകുമോ തോഷഖാന കേസ്?
എന്താണ് തോഷഖാന കേസ്?
പാകിസ്താനില്‍ 1974-ല്‍ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കുന്നത്. ഭരണാധികാരികള്‍, നിയമ നിര്‍മാണ സഭാംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, ഗവണ്‍മെന്റുകള്‍, അന്തര്‍ദേശീയ പ്രമുഖര്‍ എന്നിവര്‍ നല്‍കുന്ന മൂല്യമേറിയ സമ്മാനങ്ങള്‍ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്. ഈ നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഒപ്പം അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. ഇതില്‍ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാന്‍ കഴിയും. അതും സമ്മാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം അടച്ച് മാത്രമാണ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാനും സാധിക്കുക.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്കു വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്. 2022 ഓഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സര്‍ക്കാരിലെ മറ്റു ചിലരും ചേര്‍ന്നാണ് ഇമ്രാനെതിരേ കേസ് ഫയല്‍ ചെയ്തത്. 2018-ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്റെ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന ന്യായീകരണം ചൂണ്ടിക്കാട്ടിയാണ് അന്ന് പി.ടി.ഐ. നിയന്ത്രണത്തിലുണ്ടായിരുന്ന പാക് സര്‍ക്കാര്‍ ആവശ്യം നിരസിച്ചത്.
ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം ഇത് നല്‍കണമെന്ന് കമ്മീഷന്‍ ക്യാബിനറ്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. ഇതോടെ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട ഹൈക്കോടതി, ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് 2022 ഏപ്രിലില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍നിന്ന് പുറത്തായി. പാകിസ്താനില്‍ ഭരണമാറ്റം നടക്കുന്നതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ തോഷഖാന നടപടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്.
സമ്മാനങ്ങള്‍ ചതിച്ചു, ഇമ്രാനെതിരേ നടപടി





നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താകുന്നത്. ദേശീയ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇമ്രാന് പുറത്തേക്കുള്ള വഴി തുറന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഇമ്രാന്‍ ശ്രമം നടത്തിയെങ്കിലും മുട്ടുമടക്കേണ്ടിവന്നു. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. പിന്നാലെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിച്ചു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ സഭ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, ഈ രണ്ടു നടപടികളും റദ്ദാക്കിയ സുപ്രീം കോടതി, ദേശീയ സഭ പുനഃസ്ഥാപിക്കുകയും അവിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ഇമ്രാന്‍ അധികാരത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ ഓഗസ്റ്റ് നാലിന് പാകിസ്താനിലെ പി.എം.എല്‍.-എന്‍ സര്‍ക്കാരിന്റെ ഭാഗമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ (പി.ഡി.എം.) അംഗങ്ങള്‍ ഇമ്രാന്‍ ഖാനെതിരേ ദേശീയ അസംബ്ലി സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭാംഗമെന്ന നിലല്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. സമ്മാനങ്ങള്‍ വിറ്റ് സമ്പാദിച്ച പണം തന്റെ സ്വത്തു-ബാധ്യതകളുടെ വിവരങ്ങളില്‍ ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ആരോപണം. പാകിസ്താനില്‍ എല്ലാ വര്‍ഷവും സഭാംഗങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് (ഇ.സി.പി.) ആസ്തി-ബാധ്യതാ ക്കണക്കുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഇ.സി.പിക്ക് അയച്ച കത്തില്‍ സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചു. സെപ്റ്റംബര്‍ എട്ടിന് ഇ.സി.പിക്ക് നല്‍കിയ കത്തിലാണ്, പ്രധാനമന്ത്രി എന്ന നിലയില്‍ വിവിധ രാഷ്ട്രത്തലവന്മാരില്‍നിന്ന് തനിക്ക് ലഭിച്ച നാല് സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചത്. എന്നാല്‍, അവയുടെ മൂല്യത്തിന്റെ ഒരു ശതമാനം നല്‍കി സര്‍ക്കാരില്‍നിന്ന് വാങ്ങിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വില കൂടിയ വാച്ചുകളും പേനയും മോതിരവും ഉള്‍പ്പെടുന്നതായിരുന്നു ആ സമ്മാനങ്ങള്‍. തോഷഖാനയില്‍നിന്ന് 2.15 കോടി രൂപയ്ക്ക് വാങ്ങിയ സമ്മാനങ്ങള്‍ വിറ്റത് വഴി ഏകദേശം 5.8 കോടി രൂപ ലഭിച്ചതായും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
തങ്ങളുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ ഭരണകക്ഷിയായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ അംഗങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഹാജരാക്കി. പാകിസ്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 63, സെക്ഷന്‍ രണ്ട്, മൂന്ന്, ആര്‍ട്ടിക്കിള്‍ 62 ഒന്ന് (എഫ്) എന്നിവ പ്രകാരം ഇമ്രാനെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. സമ്മാനങ്ങള്‍ വിറ്റതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 21-ന് ഇമ്രാന്‍ ഖാനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ അസംബ്ലിയില്‍നിന്ന് അയോഗ്യനാക്കി. അഞ്ചു വര്‍ഷത്തേക്ക് പാര്‍ലമെന്റ് അംഗമാകുന്നതും വിലക്കി. അഴിമതി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. കമ്മിഷന്റെ തീരുമാനത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അന്ന് തന്നെ ഇമ്രാന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ അഞ്ചംഗ കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇമ്രാന്‍ ഖാന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

ആറസ്റ്റിന് ശ്രമം, സംഘര്‍ഷങ്ങള്‍
കോടതിയില്‍ ഹാജരാകാന്‍ പല തവണ നിര്‍ദേശിച്ചിട്ടും ഇമ്രാന്‍ അത് അവഗണിക്കുകയായിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന ഇമ്രാന്റെ പേരില്‍ ഇസ്ലാമാബാദ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റിറക്കി. വാറന്റുമായി ഇമ്രാനെ അറസ്റ്റ് ചെയ്താന്‍ ഇസ്ലാമാബാദ് പോലീസ് ലഹോറിലെ വീട്ടിലെത്തിയെങ്കിലും നടന്നില്ല. മാര്‍ച്ച് അഞ്ചിന് ലഹോറിലെ വീട്ടിലെത്തിയ പോലീസ് നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് മടങ്ങിയത്. പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പി.ടി.ഐ.) അധ്യക്ഷനായ ഇമ്രാനെ അറസ്റ്റു ചെയ്താല്‍ വ്യാപകമായി പ്രതിഷേധിക്കുമെന്ന് സമന്‍ പാര്‍ക്കിലെ വീടിനു ചുറ്റും കൂടിയ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. ഇമ്രാന്‍ വീട്ടിലില്ലെന്ന അറിയിപ്പാണ് കോടതിയുടെ അറസ്റ്റ് വാറന്റുമായി എത്തിയ പോലീസിനു ലഭിച്ചത്. വീട്ടില്‍ക്കയറി പരിശോധിച്ചപ്പോള്‍ കണ്ടെത്താനുമായില്ല. തുടര്‍ന്ന് പോലീസ് വീടിനു പുറത്ത് നിലയുറപ്പിച്ചു. പാര്‍ട്ടിയംഗങ്ങളും അവിടെ തമ്പടിച്ചതോടെ പോലീസ് മടങ്ങി. ഇമ്രാന്‍ എവിടെയെന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വൈകീട്ട് അഞ്ചോടെ ഇതേ വീട്ടില്‍ അദ്ദേഹം പാര്‍ട്ടിയംഗങ്ങളെ അഭിസംബോധന ചെയ്തു. കള്ളക്കേസുകളുടെ പേരിലാണ് തന്നോട് കോടതിയില്‍ ഹാജരാകാന്‍ പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേസില്‍ തന്റെ പേരിലിറക്കിയ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ഇമ്രാന്‍ ഖാന്റെ അപേക്ഷ പിന്നാലെ കോടതി തള്ളി. ഇസ്ലാമാബാദ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാനും ജഡ്ജി നിര്‍ദേശിച്ചു. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇതേ ജഡ്ജിയാണ് ഫെബ്രുവരി 28-ന് ഇമ്രാന്റെ പേരില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റിറക്കിയത്. എന്നാല്‍, അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ഇമ്രാന്‍ സ്വന്തം വീടിന്റെ മതിലുചാടി അയല്‍വീട്ടിലൊളിച്ചെന്നാണ് ആഭ്യന്തരമന്ത്രി റാണ സനാവുള്ള ആരോപിച്ചത്. പിന്നാലെ വീണ്ടും ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്യാന്‍ സര്‍വസന്നാഹവുമൊരുക്കി ലഹോറിലെത്തിയ ഇസ്ലാമാബാദ് പോലീസും അര്‍ധസൈന്യമായ പാകിസ്താന്‍ റേഞ്ചേഴ്‌സും വെറുംകൈയോടെ മടങ്ങി. പി.ടി.ഐ. ഉയര്‍ത്തിയ പ്രതിരോധത്തിനു മുന്നില്‍ അറസ്റ്റ് നീക്കം പാളുകയായിരുന്നു. അറസ്റ്റ് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇമ്രാന്റെ വീടിനുമുമ്പിലുള്ള റോഡില്‍ തമ്പടിച്ച പി.ടി.ഐ. പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. അക്രമാസക്തരായ പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ ഇസ്ലാമാബാദ് ഡി.ഐ.ജി. ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
വിവാദങ്ങള്‍ക്കെല്ലാമൊടുവില്‍ കേസില്‍ ഇമ്രാന്‍ഖാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായി. ഇമ്രാന്‍ ഹാജരാകുന്ന വേളയില്‍ കോടതിക്കു പുറത്ത് ഇമ്രാന്‍ അനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ ഇമ്രാനെതിരായ അറസ്റ്റ് വാറന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഫര്‍ ഇക്ബാല്‍ റദ്ദാക്കുകയും ചെയ്തു. മാര്‍ച്ച് 18-നുമുമ്പായി ഇമ്രാനെ അറസ്റ്റു ചെയ്യണമെന്നാണ് ജസ്റ്റിസ് ഇഖ്ബാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതി സമുച്ചയത്തിനു പുറത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഫര്‍ ഇഖ്ബാല്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 30-ലേക്കുമാറ്റി. പിന്നാലെ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചതിന് ഇമ്രാന്‍ ഖാന്റെയും 18 അനുയായികളുടെയും പേരില്‍ പോലീസ് ഭീകരക്കുറ്റത്തിന് കേസെടുത്തു. വിധ്വംസകപ്രവര്‍ത്തനം, സുരക്ഷാ ജീവനക്കാരെ ആക്രമിക്കല്‍, കോടതിക്കു പുറത്ത് കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്ലാമാബാദ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ഇമ്രാന്റെ വലിയ ആരോപണങ്ങള്‍
കേസിന് പിന്നാലെ സര്‍ക്കാരിനും സൈന്യത്തിനും എതിരേ കടുത്ത ആരോപണങ്ങളാണ് ഇമ്രാന്‍ ഉന്നയിക്കുന്നത്. അറസ്റ്റ് വെറും നാടകമാണെന്നും തന്നെ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു യഥാര്‍ഥ ഉദ്ദേശ്യമെന്നുമാണ് ഇമ്രാന്‍ ഖാന്റെ ആരോപണം. നേരത്തെ അദ്ദേഹത്തിനെതിരേ ഉണ്ടായ വധശ്രമത്തെ ചൂണ്ടിക്കാട്ടി അനുയായികളും ആരോപണം ശക്തമാക്കുന്നു. പാക് സര്‍ക്കാരിനെതിരേ ലോങ് മാര്‍ച്ച് നയിച്ചെത്തിയ ഇമ്രാന്‍ ഖാനു നേരെ കഴിഞ്ഞ നവംബറിലാണ് വധശ്രമമുണ്ടായത്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദില്‍ റാലിക്കിടെയാണ് അക്രമി വെടിയുതിര്‍ത്തത്. കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇമ്രാനുനേരെ തൊട്ടുതാഴെ നിന്ന് ആറു തവണ വെടിവച്ചു. വലതു കാല്‍മുട്ടിനു താഴെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാനെ കൊല്ലാന്‍ തന്നെയാണ് ലക്ഷ്യമിട്ടതെന്നും മറ്റാരുടെയും സഹായം ഉണ്ടായിരുന്നില്ലെന്നുമാണ് അക്രമി വെളിപ്പെടുത്തിയത്. കേസില്‍ പ്രതികൂലവിധിയുണ്ടാവുകയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇമ്രാന്‍ ലോങ്മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനൊന്നും നിയമനടപടിയെ തടയാനായില്ല.
കേസില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ തുടര്‍ന്നതിന് പിന്നാലെ കടുത്ത ആരോപണങ്ങളാണ് ഇമ്രാന്‍ ഉയര്‍ത്തിയത്. തന്റെ അറസ്റ്റ് നാടകം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പോലീസിനെ നേരിടാനെത്താന്‍ അനുയായികളോട് സാമൂഹികമാധ്യമത്തിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു അദ്ദേഹം. താന്‍ ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ സര്‍ക്കാരിനെതിരായ പോരാട്ടം തുടരാനും അദ്ദേഹം പി.ടി.ഐ. പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജയിലിലേക്കു പോകാന്‍ തയ്യാറായിരുന്നതാണെന്നും എന്നാല്‍, കീഴടങ്ങാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നുമാണ് ഇമ്രാന്‍ ഒരു ഘട്ടത്തില്‍ പ്രതിരോധമുയര്‍ത്തിയത്. വീട്ടില്‍ പരിശോധന നടത്തുന്ന വേളയില്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് പോലീസ് പ്രവേശിച്ചതെന്നും ഭാര്യ ബുഷ്റ ബീഗം മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
രാജ്യത്തുനിന്ന് ഓടിപ്പോയ നവാസ് ഷരീഫിനെ തിരികെ അധികാരത്തിലെത്തിക്കാനുള്ള ലണ്ടന്‍ പദ്ധതികളുടെ ഭാഗമാണ് കേസുകളെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. തന്നെ ജയിലിലടയ്ക്കുകവഴി രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് പ്രധാന ആരോപണം. നിലവില്‍ അഞ്ച് വര്‍ഷത്തേക്കാണ് ഇമ്രാന്‍ ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരിക്കുന്നത്. വിലക്ക് മറികടക്കാന്‍ ഇനി കോടതി മാത്രമാണ് ഏക പോവംഴി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് മറികടക്കാന്‍ കേസില്‍ കുറ്റവിമുക്തനാകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേസും വിചാരണയും ഇമ്രാന് നിര്‍ണായകമാകും.
Content Highlights: What Is The Pakistan Toshakhana Case? Know What Imran Khan Did That Landed Him In Problem With Law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..