കടമ്പകള്‍ നിരവധി, ഇടുക്കിയില്‍ എന്നിറങ്ങും വിമാനം?; മണ്ണിടിഞ്ഞ ഭാഗം കെട്ടിപ്പൊക്കാന്‍ വേണം 40 ലക്ഷം


ഇ. ജിതേഷ്നിയമപരമായും ഭൂമിശാസ്ത്രപരമായും മണ്ണിന്റെ ഘടന അനുസരിച്ചും ഈ ഭൂമി എയര്‍സ്ട്രിപ്പിന് ഒട്ടും അനുയോജ്യമല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം

INDEPTH

വണ്ടിപ്പെരിയാർ സത്രത്തിലെ എയർസ്ട്രിപ്പ് നിർമാണം

ടുക്കിയുടെ മണ്ണില്‍ ചെറുവിമാനം ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി അനിശ്ചിതമായി നീളുകയാണ്. എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായി നിര്‍മിച്ച വണ്ടിപ്പെരിയാറിലെ സത്രം എയര്‍സ്ട്രിപ്പില്‍ ഉടന്‍ ചെറുവിമാനം ഇറങ്ങുമെന്ന് സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ എയര്‍സ്ട്രിപ്പില്‍ പരീക്ഷണ പറക്കല്‍ പോലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള നിയമപ്രശ്‌നങ്ങളും ഒരുവശത്ത് നിലനില്‍ക്കുന്നു. ഇതിനിടെയാണ് റണ്‍വേയുടെ ഒരുവശത്തെ ഷോള്‍ഡര്‍ ഇടിഞ്ഞ് വലിയ അപകടമുണ്ടായത്. ഇതോടെ കോടികള്‍ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയും തുലാസിലായി. എയര്‍സ്ട്രിപ്പ് പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ തന്നെ ഇനിയും ലക്ഷങ്ങള്‍ ചെലവാകും.

കനത്ത മഴയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 100 മീറ്ററോളം നീളത്തില്‍ 150 അടിയോളം താഴ്ചയിലേക്കാണ് ഇവിടെ മണ്ണിടിഞ്ഞത്. അതേസമയം മണ്ണിടിച്ചില്‍ എയര്‍സ്ട്രിപ്പ് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും റണ്‍വേയ്ക്ക് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നും സ്ഥലം എംഎല്‍എ വാഴൂര്‍ സോമന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സുരക്ഷാ മതില്‍കെട്ടി റണ്‍വേയുടെ വശം പഴയ നിലയിലാക്കാന്‍ 40 ലക്ഷം രൂപയോളം ചെലവാകുമെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ ഈ 40 ലക്ഷം ആര് ചെലവാക്കും?. നിലവില്‍ 15 കോടിയോളം രൂപയാണ് സര്‍ക്കാര്‍ എയര്‍സ്ട്രിപ്പിനായി ചെലവഴിച്ചത്. കരാറുകാരനില്‍ നിന്നുതന്നെ നഷ്ടം ഈടാക്കി ഇടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാനാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഈ അധികച്ചെലവ് കരാറുകാരന്‍ വഹിക്കുമോ എന്നാണ് അറിയേണ്ടത്.

ഇടുക്കി എയര്‍ സ്ട്രിപ്പ് (അപകടം നടക്കുന്നതിന് മുമ്പ്, ശേഷം)

പണി പൂര്‍ത്തിയാക്കി കൈമാറുന്നതുവരെ നഷ്ടമുണ്ടായാല്‍ കരാറുകാരന്‍തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടത്തിന് മുമ്പുതന്നെ എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം മന്ദഗതിയിലാകാന്‍ കാരണം കരാറുകാരനും സര്‍ക്കാരും തമ്മിലുള്ള ചില തര്‍ക്കങ്ങളാണ്. ഈ സാഹചര്യത്തില്‍ അപകടം മൂലമുണ്ടായ അധികച്ചെലവ് വഹിക്കാന്‍ കരാറുകാരന്‍ തയ്യാറാകുമോ എന്നതും കണ്ടറിയണം. ഇക്കാര്യത്തില്‍ കരാറുകാരനുമായി വീണ്ടും തര്‍ക്കമുണ്ടായാല്‍ എയര്‍സ്ട്രിപ്പ് നിര്‍മാണം പിന്നെയും ഇഴയുമെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ കരാറുകാരനെ അയോഗ്യനാക്കി റീടെന്‍ണ്ടര്‍ ക്ഷണിച്ച് പണി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് എംഎല്‍എയുടെ വിശദീകരണം. നഷ്ടം നികത്താന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണെന്നും ഇവിടെ സംരക്ഷണഭിത്തി വേണമെന്ന കാര്യം കരാറുകാരന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.

എയര്‍ സ്ട്രിപ്പിന്റെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തില്‍ പിഴവുകള്‍ വന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസിനെ മേല്‍നോട്ട ചുമതലയില്‍ നിയോഗിച്ചത്. ചില തത്പരകക്ഷികള്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്, വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.

വാഴൂര്‍ സോമന്‍ എംഎല്‍എ

95 ശതമാനം പണിയും പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍

എന്‍.സി.സി.ക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ എയര്‍സ്ട്രിപ്പാണിത്. ആകെ 650 മീറ്ററാണ് റണ്‍വേയുടെ നീളം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം പുരോഗമിച്ചത്. നിലവില്‍ എയര്‍സ്ട്രിപ്പിന്റെ 95 ശതമാനത്തോളം പണിയും പൂര്‍ത്തിയായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയ്യാറാക്കുന്നത്. എന്നാല്‍ സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടത് നിര്‍ദിഷ്ട പദ്ധതി പ്രദേശത്തിന് പുറത്തായതിനാല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടി വരുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. റണ്‍വേയുടെ സംരക്ഷണത്തിനുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.സിയും പൊതുമരാമത്ത് വകുപ്പിന് കത്തുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ അനുയോജ്യമായ ഉടന്‍ എയര്‍സ്ട്രിപ്പ് നിര്‍മാണം പുനഃരാരംഭിച്ച് പണി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിര്‍മാണത്തില്‍ അപാകതയെന്ന് ആരോപണം

മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിനായി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണ് ഇത്ര വലിയ തോതില്‍ മണ്ണിടിയാന്‍ കാരണമെന്നാണ് ആരോപണം. ഈ ഭാഗത്ത് നീരുറവയുണ്ടെന്ന് വനം വകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാതെ യാതൊരു പഠനവും നടത്താതെ നിര്‍മാണവുമായി മുന്നോട്ടുപോയതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്നും വാദമുണ്ട്. കുന്നിടിച്ച് നിരത്തി നിര്‍മിച്ച റണ്‍വേയ്ക്ക് ആവശ്യമായ സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതും മണ്ണിടിച്ചിലിന് ആക്കംകൂട്ടി. റണ്‍വേയോട് ചേര്‍ന്ന് വലിയ ഉറവകള്‍ രൂപപ്പെടുന്നതിനാല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്താല്‍ കൂടുതല്‍ മണ്ണിടിയാനും സാധ്യതയുണ്ട്. ഇവിടെ കയര്‍ ഭൂവസ്ത്രം വിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നേരത്തെ പദ്ധതി നിശ്ചയിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഇതിന് തടസവാദം ഉന്നയിച്ചതിനാല്‍ ആ ജോലികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഒരുവശത്തെ മണ്ണിടിഞ്ഞത്.

മണ്ണിടിഞ്ഞ ഭാഗം

എതിര്‍പ്പുകള്‍ നിരവധി, കേസ് കോടതിയില്‍

നിയമങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ എംഎന്‍ ജയചന്ദ്രന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പെരിയാര്‍ കടുവ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവ സങ്കേതത്തിന് ഭീഷണിയാകുമെന്ന് കാണിച്ച് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മേധാവിക്ക് നല്‍കിയ കത്തുകളും നേരത്തെ പുറത്തുവന്നിരുന്നു. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എയര്‍ സ്ട്രിപ്പ് നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്നും വനം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വനം മേധാവിയും വനംമന്ത്രിയും അവഗണിച്ചു. പെരിയാര്‍ കടുവാ സങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് പി.പി. ഐഎഫ്എസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ കത്തില്‍ പാരിസ്ഥിതിക ഭീഷണി അക്കമിട്ട് പറയുന്നുണ്ട്. കടുവാ സങ്കേതത്തിന് 630 മീറ്റര്‍ അകലെ നിര്‍മിക്കുന്ന എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണണത്തിന് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ഫീല്‍ഡ് ഡയറക്ടറുടെ കത്തില്‍ പറയുന്നു.

Also Read
SERIES

പുഴുക്കലരിയല്ല, റേഷൻ കടയിൽ ഇനി പാലും പണവും ...

SERIES

സ്മാർട്ടാവണം, പക്ഷേ, മനസിലുണ്ടാവണം പാതിവഴിയിൽ ...

SERIES

കണ്ടുപഠിക്കണം സർക്കാരിനും മുന്നേ ഹൈടെക്കായ ...

കടുവാ സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന നിര്‍മാണത്തിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഈ അനുമതിക്കായി എന്‍സിസിയോ പൊതുമരാമത്ത് വകുപ്പോ ശ്രമം നടത്തിയില്ല. വിമാനങ്ങള്‍ റണ്‍വേയിലേക്ക് ഇറങ്ങുന്നതും പറന്നുയരുന്നതും കടുവാ സങ്കേതത്തിന് മുകളിലൂടെയാണ്. വിമാനങ്ങളുടെ ശബ്ദമലിനീകരണം കടുവാ സങ്കേതത്തെ ബാധിക്കും. എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്ന പ്രദേശം കടവുകളുടെ പ്രജനന കേന്ദ്രമാണ്. കടുവകളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വന്നാല്‍ അത് നാട്ടിലേക്കിറങ്ങി മനുഷ്യനുമായുള്ള സംഘര്‍ഷത്തിനു വഴിവെക്കുമെന്നും ഫീല്‍ഡ് ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ സ്ട്രിപ്പ്, പെരിയാര്‍ കടുവാ സംരക്ഷണകേന്ദ്രത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ കടുവ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയിരുന്നു. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല.

നിയമപരമായും ഭൂമിശാസ്ത്രപരമായും മണ്ണിന്റെ ഘടന അനുസരിച്ചും ഈ ഭൂമി എയര്‍സ്ട്രിപ്പിന് ഒട്ടും അനുയോജ്യമല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. സാധാരണ ഒരു വിമാനത്തിന്റെ ലാന്‍ഡിങ് വേളയില്‍ അതിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകൃതിക്ക് ആഘാതമുണ്ടാകുമെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ പെരിയാര്‍ കടുവ സങ്കേതത്തെ സത്രം എയര്‍സ്ട്രിപ്പ് ദോഷകരമായി ബാധിക്കും. ഇത് വലിയ പാരിസ്ഥിതിക നാശത്തിന് വഴിവയ്ക്കും. വനത്തിനുള്ളില്‍ നിരന്തരം ശല്യമുണ്ടായാല്‍ കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യവുമുണ്ടാകാം. ആറ് മുതല്‍ എട്ട് മാസം വരെ മഞ്ഞു മൂടി കിടക്കുന്ന പ്രദേശമാണിത്. താഴ്ന്ന് പറക്കുന്ന ധാരാളം പക്ഷികളുള്ളതിനാല്‍ അവയില്‍ ഇടിച്ചുണ്ടാകുന്ന അപകടസാധ്യതയും ഇവിടെ ഏറെയാണ്. എന്‍സിസി കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണെങ്കില്‍ കേരളത്തില്‍ മറ്റ് സ്ഥലങ്ങളുണ്ട്. കൊച്ചിയിലെ ഏയറോഡ്രോം വെറുതേ കിടക്കുകയാണ്. അവിടെ പരിശീലനം ആകാമല്ലോയെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. സംസ്ഥാന വനംവകുപ്പിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പദ്ധതിക്ക് എതിരായിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ മറ്റുതാത്പര്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

കടുവസംരക്ഷണ അതോറിറ്റിയുടെ വാദങ്ങള്‍

  • പെരിയാര്‍ കടുവസങ്കേതത്തിലേക്ക് അര കിലോമീറ്റര്‍ ദൂരമേയുള്ളൂ.
  • നിര്‍മാണത്തിന് കേന്ദ്രവന്യജീവി ബോര്‍ഡിന്റെ അനുമതി വാങ്ങിയിട്ടില്ല.
  • പദ്ധതി സംബന്ധിച്ച് പാരിസ്ഥിതികാഘാതപഠനം നടത്തിയിട്ടില്ല.
  • എയര്‍സ്ട്രിപ്പ് നിര്‍മിച്ച മേഖല അതിലോല പരിസ്ഥിതി പ്രദേശമാണ്.
  • പദ്ധതിപ്രദേശം റിസര്‍വ് വനമാണ്, കടുവകളുടെ ആവാസവ്യവസ്ഥ തകരും.
  • എയര്‍സ്ട്രിപ്പ് മൂലം വനത്തിനുള്ളില്‍ ശബ്ദമലിനീകരണം ഉണ്ടാകും.
സര്‍ക്കാര്‍ പറയുന്നത്

പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വാണിജ്യ അടിസ്ഥാനത്തിലുള്ള എയര്‍സ്ട്രിപ്പ് ആണെങ്കില്‍ മാത്രമേ അനുമതിയുടെ ആവശ്യമുള്ളുവെന്നാണ് സര്‍ക്കാര്‍ വാദം. പ്രതിരോധ സേനയ്ക്ക് കീഴിലുള്ള എന്‍സിസിക്കായുള്ള പദ്ധതിയാണിതെന്നും ഇതുസംബന്ധിച്ച ഉത്തരവിന്റെ രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

വിമാനം ഇറങ്ങാന്‍ ഒരു കുന്ന് കൂടി തടസം

പരീക്ഷണ പറക്കലിന്റെ ഭാഗമായി എയര്‍സ്ട്രിപ്പില്‍ അടുത്തിടെ രണ്ടുതവണ ചെറുവിമാനമിറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. റണ്‍വേയുടെ ഒരുഭാഗത്തെ കുന്ന് നിരത്താത്തതാണ് വിമാനമിറക്കാന്‍ തടസമെന്ന് കണ്ടെത്തിയിരുന്നു. ഈ കുന്ന് ലാന്‍ഡിങ് വേളയില്‍ പൈലറ്റിന്റെ കാഴ്ച മറയ്ക്കുന്നുവെന്നും അപകട സാധ്യത വര്‍ധിക്കുന്നുവെന്നുമായിരുന്നു വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് റണ്‍വേയുടെ മുന്നിലെ ചെറുകുന്ന് ഇടിച്ചുതാഴ്ത്തണമെന്ന നിര്‍ദേശം വന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തി നടത്തിവരികയായിരുന്നു. ഇതോടെ റണ്‍വേയുടെ നീളം ആയിരം മീറ്ററായി ഉയര്‍ത്താനും സാധിക്കും.

എയര്‍സ്ട്രിപ്പ് സ്ഥിതിചെയ്യുന്ന പ്രദേശം

എയര്‍സ്ട്രിപ്പ് പദ്ധതി

പ്രതിവര്‍ഷം 1000 എന്‍.സി.സി. കേഡറ്റുകള്‍ക്ക് സൗജന്യമായി വിമാനം പറപ്പിക്കാന്‍ പരിശീലനം നല്‍കുന്നതിനാണ് ദേശീയ നിലവാരത്തിലുള്ള എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. 200 കുട്ടികള്‍ക്ക് ഒരേസമയം താമസിച്ച് പരിശീലനം നടത്താനാകും. 15 സീറ്റുള്ള ചെറുവിമാനങ്ങളാണ് എയര്‍സ്ട്രിപ്പില്‍ ഇറക്കുക. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ദുരന്തനിവാരണത്തിനും എയര്‍സ്ട്രിപ്പ് ഉപയോഗിക്കാം. സൈന്യത്തിന്റെ ചെറു വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.

12 ഏക്കര്‍ സ്ഥലമാണ് എയര്‍സ്ട്രിപ്പിനായി ആദ്യം അനുവദിച്ചത്. പിന്നീട് 15 ഏക്കര്‍ സ്ഥലംകൂടി എന്‍.സി.സി. ആവശ്യപ്പെട്ടിരുന്നു. സ്ഥലം വനം വകുപ്പിന്റെയാണെന്ന വിജ്ഞാപനം എത്തിയതാണ് പണി തുടരാന്‍ തടസ്സമായത്. നിലവില്‍ എയര്‍ സ്ട്രിപ്പിന്റെ പണികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയ സൗകര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതോടൊപ്പം ഒരുവശത്ത് സംരക്ഷ ഭിത്തി കെട്ടിപ്പൊക്കേണ്ട പണിയും ഇനി പൂര്‍ത്തീകരിക്കണം.

സത്രം എയര്‍സ്ട്രിപ്പില്‍ സുരക്ഷിതമായി വിമാനം ഇറങ്ങണമെങ്കില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് കരിങ്കല്‍ഭിത്തി കെട്ടിപ്പൊക്കാന്‍ സമയമെടുക്കും. ഇതിന് അനുമതിയും കിട്ടേണ്ടതുണ്ട്. ഈ കടമ്പകളെല്ലാം കടന്ന് പദ്ധതി എന്ന് യാഥാര്‍ഥ്യമാകുമെന്നതാണ് ചോദ്യം. സംസ്ഥാനത്തെ അഭിമാന പദ്ധതിയെന്ന് വാഴ്ത്തുമ്പോഴും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം പദ്ധതി പാതിവഴിയില്‍ അവസാനിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇതോടൊപ്പം എയര്‍സ്ട്രിപ്പിനെതിരേയുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.

Content Highlights: what is the future of Idukki satram air strip

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented