ജോഷിമഠിലെ പൊട്ടിപ്പൊളിഞ്ഞ വീടിനുമുന്നിൽ ഇരിക്കുന്ന സ്ത്രീ | ഫോട്ടോ:പി.ടി.ഐ.
നമ്മുടെ രാജ്യത്തെ ഒരു ചെറുപട്ടണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് കുടിയൊഴിഞ്ഞു. ഭീതി ജനങ്ങളെ പൊതിഞ്ഞു. ആ ഭീതിയുടെ കനലണഞ്ഞിട്ടില്ല. മരവിച്ച് പോകുന്ന തണുപ്പില്‍ നാലായിരത്തിലധികം സഹോദരങ്ങള്‍ അഭയാര്‍ത്ഥികളായി മാറി. ജനിച്ച് വളര്‍ന്ന മണ്ണ് വിട്ട്, കൊടും തണുപ്പില്‍ താല്‍ക്കാലിക സംവിധാനങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുന്നു. നമുക്ക് തെളിമയോടെ പറയാം, പ്രകൃതിയ്ക്ക് മുന്നില്‍ മറുപടിയൊന്നുമില്ലാതെ മനുഷ്യന് നിസ്സഹായനായി നില്ക്കുന്നു എന്ന്.
പുതിയ വര്‍ഷത്തിലെ ആദ്യ ദിവസങ്ങളിലാണ് ജോഷിമഠിലെ കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട് തുടങ്ങിയത്. മലനിരകള്‍ക്ക് മുകളിലെ പല കെട്ടിടങ്ങളുടേയും നില്‍പ്പ് തന്നെ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തും. അത്തരം കെട്ടിടങ്ങളില്‍ പലതും വീടുകള്‍. കൊടും തണുപ്പില്‍ ജോഷിമഠിലെ ജനങ്ങള്‍ ഉണര്‍ന്നെണീറ്റത് വിണ്ടുകീറിയ വീടുകള്‍ കണ്ടുകൊണ്ടാണ്. കൃഷിഭൂമി പലയിടത്തും രണ്ടായി പിളര്‍ന്നു നിന്നു, കളിയിടങ്ങള്‍ തകര്‍ന്നു. ജോഷിമഠിലെ ജനങ്ങളുടെ വരുമാന മാര്‍ഗത്തില്‍ പ്രധാനപ്പെട്ടത് ഒന്ന് ഹോട്ടലുകളാണ്. പുറത്ത് നിന്ന് വന്ന് താമസിക്കുന്ന യാത്രക്കാര്‍ ഒരുപാട് മനുഷ്യര്‍ക്ക് വരുമാനമാര്‍ഗം നല്കുന്നു. ആ ഹോട്ടലുകളും വിണ്ടുകീറി. മലറി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടല്‍ കെട്ടിടങ്ങള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകരാറിലായി. പൊളിച്ച് നീക്കുക എന്നത് മാത്രമേ വഴിയുള്ളു. 86 വീടുകളും ഉപയോഗ ശൂന്യമായി. പക്ഷേ, ഈ വീടുകള്‍ ഉടന്‍ പൊളിച്ച് നീക്കില്ല എന്ന ഉറപ്പാണ് പ്രാദേശിക ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയത്.
വീടുകളും ഹോട്ടലുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഉള്‍പ്പെടെ 723 കെട്ടിടങ്ങള്‍ ഈ ഭൗമ പ്രതിഭാസത്തില്‍ വിണ്ടുകീറി. ജോഷിമഠ് പട്ടണത്തിന്റെ 30 ശതമാനം വരുന്ന ഭൂപ്രദേശത്തെയാണ് ഈ കുഴപ്പം പിടിച്ച പ്രതിഭാസം ബാധിച്ചത്. വിള്ളല്‍ കണ്ടെത്തിയതിന് പിന്നാലെ ജനങ്ങള്‍ പരാതിപ്പെട്ട് തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ടു. പട്ടണത്തെ മൂന്നായി തിരിച്ചു. ആദ്യത്തേത് അതീവ അപകട സാധ്യതയുള്ള ഇടം - ഭൂമി വിണ്ടു കീറിയ 30 ശതമാനം സ്ഥലം ഈ മേഖലയില്‍പ്പെടുത്തി. രണ്ടാമത്തേത് അപകടസാധ്യത കുറഞ്ഞ സ്ഥലം - ഭൂമി വിണ്ടു കീറിയതിനോട് ചേര്‍ന്ന ഭൂ ഭാഗങ്ങളാണ് ഈ മേഖലയില്‍ ചേര്‍ത്തത്. മൂന്നാമത്തേത് സുരക്ഷിതമായ സ്ഥലങ്ങള്‍. ആദ്യത്തെ മേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്. പലരും ഒരു ജീവിതകാലത്തെ നീക്കിയിരിപ്പ് കൊണ്ട് സമ്പാദിച്ച പാര്‍പ്പിടം ഉപേക്ഷിച്ച് താല്‍ക്കാലിക താമസ കേന്ദ്രങ്ങളിലേയ്ക്ക് വണ്ടി കയറി. എല്ലാം, എല്ലാം എടുത്ത് മലയിറങ്ങുകയാണ്. ജനിച്ച് വളര്‍ന്ന വീടും നാടും ഉപേക്ഷിക്കാന്‍ ഒരു ജനത നിര്‍ബന്ധിക്കപ്പെട്ടു. ഇങ്ങനെ വീടുവിട്ട് പോകേണ്ടി വന്നവര്‍ക്ക് ആദ്യഘട്ടമായി 1.5 ലക്ഷം രൂപ നല്‍കും എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭൂമി സംബന്ധിച്ച വിശദമായ പഠനം നടത്തിയതിന് ശേഷമാണ് കൂടുതല്‍ നഷ്ടപരിഹാരത്തുകയെക്കുറിച്ച് തീരുമാനം ഉണ്ടാകു.

ഭൂമി ഇടിഞ്ഞു താഴുന്നു, ജനങ്ങള്‍ക്ക് കുടിയിറങ്ങേണ്ടിവരുന്നു എന്ന ഭീതിജനകമായ ഒരു കാര്യമാണ് നമുക്ക് മുന്നിലുള്ളത്. പക്ഷേ, ഉത്തരാഖണ്ഡില്‍ ഇത് ആദ്യ സംഭവമാണോ? ചരിത്രം പരിശോധിച്ചാല്‍ അല്ല എന്ന ഉത്തരം നമുക്ക് ലഭിക്കും. മലമുകളിലെ ഈ സംസ്ഥാനത്ത് മാത്രം നാല് ഗ്രാമങ്ങള്‍ ഇടിഞ്ഞ് താണ് ജനവാസമില്ലാതായിപ്പോയിട്ടുണ്ട്. ധാര്‍ചുല ജില്ലയിലെ ഗര്ബ്യാങ്, ഉത്തരകാശിയിലെ ബാഗി, തല്ലധുമാര്, ഉംലിഭണ്ഡാരിഗാവ് എന്നീ ഗ്രാമങ്ങള്‍ മണ്ണോട് ചേര്‍ന്നു. ഗര്ബ്യാങ് ഒരു കച്ചവട കേന്ദ്രമായിരുന്നു. ടിബറ്റില്‍ നിന്ന് ഉള്‍പ്പെടെ ആളുകളെത്തി സാധനങ്ങള്‍ വാങ്ങി തിരികെ പോയിരുന്ന ഇടം. അതെല്ലാം ഇല്ലാതായി. ഈ നാല് ഗ്രാമങ്ങളിലേയും സജീവമായ തെരുവുകള്‍ നാമാവശേഷമായി. അപ്പോഴൊക്കെയും ഈ പ്രതിഭാസത്തേക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകുകയും പരസ്പരം പറയുകയും നേതാക്കളോട് പരാതി പറയുകയും ചെയ്തതാണ്.
ഭൂമികുലുക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും എല്ലാം തുടര്‍ച്ചയായി നടന്ന, നടക്കുന്ന മേഖലയാണ് ജോഷിമഠും സമീപ പ്രദേശങ്ങളും. ഇതേക്കുറിച്ച് അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ വിശദമായ പഠനങ്ങളും നടന്നു. 1976 ല്‍ നടന്ന ഒരു പഠനത്തിന്റെ വിവരങ്ങള്‍ പറഞ്ഞു തരാം. 1976 മെയ് ഏഴിന് ഗാര്‍വല്‍ മണ്ഡലിന്റെ നേതൃത്വത്തിലുള്ള 18 അംഗ സമിതി അന്നത്തെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജോഷിമഠ് ഭൂമിശാസ്ത്രപരമായി അസ്ഥിരമായ പ്രദേശമാണ് എന്ന് ആ റിപ്പോര്‍ട്ട് സംശയമേതുമില്ലാതെ പറഞ്ഞു. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, ചരിഞ്ഞ പ്രദേശത്ത് കൃഷി പാടില്ല, മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം, ആള്‍ത്താമസം അധികം അനുവദിക്കരുത്, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തരുത് എന്നെല്ലാം സമിതി ആ റിപ്പോര്‍ട്ടിലൂടെ നിര്‍ദേശിച്ചു. ദൗര്ഭ്യാഗ്യകരമെന്ന് പറയട്ടെ. ആ റിപ്പോര്‍ട്ട് ഏത് അലമാരയില്‍ വിശ്രമിക്കുന്നു എന്ന് പോലും ഉത്തരാഖണ്ഡില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് അറിയില്ല.

ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്ന കാലത്ത് ചുരുക്കം ആളുകള്‍ മാത്രമേ ജോഷിമഠില്‍ സ്ഥിര താമസം ഉണ്ടായിരുന്നുള്ളു. എന്നാല്‍ തീര്‍ത്ഥാടനവും ടൂറിസവുമെല്ലാം ഈ ചെറുപട്ടണത്തെ ജനസാന്ദ്രത ഏറിയ ഇടമാക്കി മാറ്റി. ഇപ്പോള്‍ ഇരുപതിനായിരത്തോളം ആളുകള്‍ വസിക്കുന്നു ജോഷിമഠില്‍. പരിസ്ഥിതിയെ എങ്ങനെ ബാധിക്കും എന്ന യാതൊരു പരിശോധനയും നടത്താതെ ഒട്ടേറെ നിലകളുള്ള കെട്ടിടങ്ങള്‍ പണിതുയര്ത്തപ്പെട്ടു. ചരിഞ്ഞ പ്രദേശങ്ങളില്‍ പോലും കോണ്‍ക്രീറ്റ് തൂണുകളില്‍ താങ്ങി കെട്ടിടം പൊന്തി. ഭൂമി തുരന്ന് വേറെയും നിര്‍മ്മാണം. വൈദ്യുത പദ്ധതിക്കായി എന്‍.ടി.പി.സിയുടെ ഒരു പദ്ധതി പ്രദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനായി മലയിടിച്ചു, പാറപൊട്ടിച്ചു, ഭൂമി തുരക്കുന്നു. ഈ പദ്ധതി നിര്‍ത്തിവെക്കണം എന്ന് ജനങ്ങള്‍ കുറച്ച് ആഴ്ചകളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ ഭൂമി വിണ്ടുകീറിയതിന് ശേഷം മാത്രമാണ് പദ്ധതിയ്ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. എന്‍.ടി.പി.സിയുടെ പദ്ധതിയാണ് ഈ ഭൗമ പ്രതിഭാസത്തിന് കാരണം എന്ന് അര്‍ത്ഥമാക്കുന്നേയില്ല. എന്നാല്‍ ഈ പദ്ധതിയും കാരണമാണ് എന്നുറപ്പ്.
ഐ.എസ്.ആര്.ഒയുടെ പുതിയ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാല്‍ ജോഷിമഠ് എന്ന ഭൂപ്രദേശം എത്രമാത്രം കുഴപ്പത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാകും. 2022 ഡിസംബര്‍ 27 മുതല്‍ ജനുവരി എട്ട് വരെ മാത്രമുള്ള കാലയളവില്‍ ജോഷിമഠിലെ ഭൂമി 5.4 സെന്റീമീറ്റര്‍ ഇടിഞ്ഞു താണു. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഭൂമി ഒന്‍പത് സെന്റീമീറ്റര്‍ ഇടിഞ്ഞു താണു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ഐഎസ്ആര്‍ഒ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. രണ്ട് കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന് - ജോഷിമഠില്‍ തുടര്‍ച്ചയായി ഭൂമി ഇടിഞ്ഞ്താണുകൊണ്ടിരിക്കുകയാണ്. രണ്ട് - ആ ഇടിഞ്ഞുതാഴലിന് ഇപ്പോള്‍ വേഗം കൂടിയിരിക്കുന്നു. ജോഷിമഠ് എന്ന ഭൂപ്രദേശത്ത് ഇനി ജനവാസം സാധ്യമാകുമോ എന്ന വലിയ ചോദ്യത്തിന് മുന്നിലെ ഉത്തരത്തിലേയ്ക്ക് നയിക്കുന്ന വിവരങ്ങളാണ് ഐഎഎസ്ആര്‍ഒ നല്‍കിയത്. ജനങ്ങള്‍ ദുരിതത്തില്‍ നിന്ന് കൂടുതല്‍ ദുരിതത്തിലേയ്ക്ക് നടന്നുപൊയ്ക്കോണ്ടിരിക്കുന്നു എന്ന് കാണാം.
ജോഷിമഠില്‍ നിന്ന് നമുക്ക് എന്ത് പാഠം പഠിക്കാനുണ്ട് എന്നതാണ് ഇനിയത്തെ വിഷയം. 1976ല്‍ ഒരു വിദഗ്ധ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന നേരത്തേ പറഞ്ഞല്ലൊ. ആ റിപ്പോര്‍ട്ടിനൊപ്പം ചില നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, ചരിഞ്ഞ പ്രദേശത്ത് കൃഷി പാടില്ല, മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം, ആള്‍ത്താമസം അധികം അനുവദിക്കരുത്, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തരുത് എന്നെല്ലാം. കേരളത്തിലെ ചില പ്രദേശങ്ങളിലും ഇതെല്ലാം പാടില്ല എന്ന് വിദഗ്ധ സമിതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ജനങ്ങളെ കുടിയിറക്കാനുള്ള ഗൂഡ പദ്ധതിയായി പലരും അതിനെ ദുര്‍വ്യാഖ്യാനിച്ചു. ഈ ഭൂമിയില്‍ മനുഷ്യനും മറ്റ് സര്‍വ്വചരാചരങ്ങള്‍ക്കും സന്തോഷത്തോടെ ജീവിക്കണം. അത് പ്രകൃതിയെ മനസ്സിലാക്കിക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളു. ശാസ്ത്രമാണ് നമുക്ക് മുന്നിലുള്ള വഴി, ശാസ്ത്രത്തെ തന്നെ വിശ്വസിച്ച് മുന്നോട്ട് നീങ്ങണം. അല്ലായെങ്കില്‍ നമ്മുടെ മലകളില്‍ നിരകളില്‍ നിന്നും കുടിയിറക്കങ്ങള്‍ വിദൂരമല്ല.
Content Highlights: what is happening in Joshimath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..