പുതിയ വിത്തുകൾ മാറ്റിമറിക്കുന്നത് ആരുടെ ജനിതകം?


അജ്‌നാസ് നാസര്‍In-Depth

Photo: PTI

നിതകമാറ്റം വരുത്തിയ കടുക് (ജി.എം കടുക്- Genetically Modified) വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ അനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് 2016 മുതല്‍ പരിഗണിക്കാതെ മറ്റിവെച്ച നിര്‍ദേശത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജെനിറ്റിക് എഞ്ചിനീയറിങ് അപ്രൂവല്‍ കമ്മറ്റി അനുമതി നല്‍കിയിരുന്നത്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്ന തരത്തില്‍ നാല് വര്‍ഷത്തേക്കായിരുന്നു അനുമതി. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ജി.എം വിളയായി ജി.എം കടുക് മാറിയിരുന്നു. നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തുവെങ്കിലും ഇന്ത്യയില്‍ ജി.എം വിളകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പ്രധാന ഏടായാണ് ജനറ്റിക്ക് എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മറ്റിയുടെ അനുമതി വിലയിരുത്തപ്പെടുന്നത്.

ജനിതകമാറ്റം വരുത്തിയ ഇന്ത്യന്‍ കടുകിനം വരുണയും കിഴക്കന്‍ യൂറോപ്യന്‍ ഇനമായ ഏര്‍ ലിഹിരയും (ഇ.എച്ച്) തമ്മില്‍ സങ്കരണം നടത്തിയാണ് ഇപ്പോള്‍ പരിഗണനയിലുള്ള ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് -2 എന്ന ഇനം വികസിപ്പച്ചത്. 20 വര്‍ഷം മുന്നേതന്നെ, ജി.എം വിളകളുടെ കൃഷിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഭക്ഷ്യവിളയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി ലഭിച്ചിരുന്നത്. 2008 മുതല്‍ തന്നെ ഈ വിത്തിന്റെ ജൈവ സുരക്ഷാ പഠനങ്ങള്‍ ആരംഭിച്ചിരുന്നു. 2016 ല്‍ ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും എതിര്‍പ്പ് മൂലം പിന്‍വലിക്കുകയായിരുന്നു.ജി.എം കടുക്

കളനാശിനികളെ പ്രതിരോധിക്കുന്ന കടുകാണ് ജി.എം കടുക്. ഇത് 25-30 ശതമാനം വരെ കൂടുതല്‍ വിളവ് നല്‍കുമെന്നാണ്‌ ഇത് വികസിപ്പിച്ചെടുത്ത ഡല്‍ഹി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലറും ജനിതക ശാസ്ത്രജ്ഞനുമായ ദീപക് കുമാര്‍ പെന്റാളും സംഘവും അവകാശപ്പെടുന്നത്. ഇതോടെ രാജ്യത്തെ എണ്ണക്കുരു ഉത്പാദനം വര്‍ധിക്കും. ആകെ ആഭ്യന്തര ആവശ്യത്തിന്റെ 60 ശതമാനം വരെ ഭക്ഷ്യയെണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് രൂപയില്‍ കണക്കാക്കിയാല്‍ പതിനായിരക്കണക്കിന് കോടികള്‍ വരും. വര്‍ഷം 85 മുതല്‍ 90 ലക്ഷം ടണ്‍ ഭക്ഷ്യയെണ്ണ മാത്രമേ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുള്ളു. ഇത് വര്‍ധിപ്പിക്കാന്‍ ജി.എം കടുകുകള്‍ സഹായിക്കും. അതിനാല്‍ കടുകിന്റെ ഉത്പാദനം കൂടിയേ തീരു. ജി.എം കടുക് ഉപയോഗിക്കുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാമെന്നതാണ് പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. ഉയര്‍ന്ന വിളവ് നല്‍കുന്ന കടുകിനങ്ങളെ വികസിപ്പിക്കാനുള്ള വാതിലാണ് ഇതിലൂടെ തുറക്കുന്നതെന്നാണ് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. നടപടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും ഹെക്ടറിന് ഒരു ടണ്‍ എന്ന നിലയില്‍ വിളവ് മെച്ചപ്പെടത്താമെന്നും ഐ.സി.എ.ആര്‍ വ്യക്തമാക്കുന്നു. നിലവിലുള്ള വിലക്ക് നീങ്ങിയാലും ഈ കടുക് വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമായിത്തുടങ്ങാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുക്കും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യും മുന്‍പ് ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് ഇത്. ഡല്‍ഹി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ജെനിറ്റിക്ക് മാനിപ്പുലേഷന്‍ ഓഫ് ക്രോപ് പ്ലാന്റ്സ് 2002ലാണ് ഈ വിത്ത് വികസിപ്പിച്ചത്.

എന്താണ് ജി.എം വിളകള്‍

ജനിതകമായി പരിവര്‍ത്തനം ചെയ്ത വിളകളെയാണ് ജി.എം വിളകള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. വിളകളുടെ ഡി.എന്‍.എകളില്‍ ജനിതക എഞ്ചിനീയറിങ് വഴി മാറ്റംവരുത്തി ഉണ്ടാക്കുന്ന വിളകളാണ് ഇവ. 1994 ലാണ് വാണിജ്യരീതിയില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ വില്‍പ്പന ആരംഭിച്ചത്. തക്കാളി സോയബീന്‍, ചോളം, കടുക്, പരുത്തി തുടങ്ങിയ വിളകളായിരുന്നു അക്കാലത്ത് പ്രധാനമായും ജനിതകമാറ്റം വരുത്തിയിരുന്നത്.

മനുഷ്യന്‍ കൃഷി ചെയ്യാന്‍ ആരംഭിച്ച നാളുകള്‍ മുതല്‍ തന്നെ മെച്ചപ്പെട്ട വിളകള്‍ ലഭിക്കാനായി പല തരത്തിലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. അങ്ങനെയാണ്‌ ഒട്ടും ഗുണമേന്മയില്ലാതിരുന്ന കാട്ടുചെടികളില്‍ നിന്ന് ഇന്നത്തെ ധാന്യങ്ങളിലേക്കും പഴങ്ങളിലേക്കും പച്ചക്കറികളിലേക്കെല്ലാമുള്ള മാറ്റമുണ്ടാകുന്നത്. ഓരോ കൃഷി കഴിയുമ്പോഴും നല്ല വിളവ് തന്ന ചെടിയുടെ വിത്തുകള്‍ എടുത്ത് അടുത്ത തവണത്തെ കൃഷിക്കായി സൂക്ഷിക്കുന്ന രീതി കര്‍ഷകര്‍ക്ക് പൊതുവായി ഉള്ളതാണ്. ഈ പ്രക്രിയ കുറേ കാലങ്ങള്‍ തുടര്‍ന്നാല്‍ പിന്നീട് ചെടികള്‍ക്ക് പൊതുവായി മികച്ച വിത്ത് ലഭിക്കും. ക്രോസ് ബ്രീഡിങാണ് മറ്റൊരു രീതി. ഉദാഹരണത്തിന് നല്ല വിളവ് തരുന്ന ഒരു ചെടിയെ കീടബാധയോട് കൂടുതല്‍ പ്രതിരോധമുള്ള ചെടിയുമായി ബ്രീഡ് ചെയ്ത് രണ്ട് രീതിയിലും മെച്ചപ്പെട്ട ചെടികള്‍ ഉണ്ടാക്കുന്നതാണ് ഈ രീതി. വര്‍ഷങ്ങളുടെ കാലതാമസം ഉള്‍പ്പടെ നിരവധി പരിമിതികള്‍ ഈ രീതിയ്ക്കുണ്ടായിരുന്നു. ജനിതകശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായി. ചെടികളുടെ കോശങ്ങളിലെ ജീനുകളില്‍ വരുന്ന വ്യത്യാസമാണ് ക്രോസ് ബ്രീഡിങില്‍ ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. ഇതിലുണ്ടാകുന്ന കാലതാമസത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നായിരുന്നു ശാസ്ത്രം അടുത്തതായി ചിന്തിച്ചത്. ഇങ്ങനെയാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉണ്ടാവുന്നത്.

ലാബുകളില്‍ നടത്തുന്ന ജനിതക പരിവര്‍ത്തനത്തിലൂടെ നമുക്ക് ആവശ്യമുള്ള ജീനുകളെ ചെടിയില്‍ പെട്ടെന്ന് പ്രവേശിപ്പിക്കുന്നു. പ്രത്യേക ഗുണം തരുന്ന ജീനുകളെ വിളയുടെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുകയും അതില്‍ നിന്നും ചെടികളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ധാരാളം ചെടികള്‍ പെട്ടെന്ന് ഉത്പാദിപ്പിക്കാനും സാധിക്കും. വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെടുന്ന ചെടികളുടെ ജീനുകള്‍ പോലും ഇത്തരത്തില്‍ യോജിപ്പിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ജനിതക എഞ്ചിനീയറിങ്ങിലൂടെ നമുക്ക് ആവശ്യമായ ഗുണങ്ങളുള്ള ജീനുകള്‍ ഒരു കോശത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ആദ്യത്തെ രീതി. ജീന്‍ ട്രാന്‍സ്ഫെക്ഷനിലൂടെ ഈ ജീനുകളെ നമുക്ക് വേണ്ട വിളകളില്‍ പ്രവേശിപ്പിക്കുന്നതാണ് അടുത്ത രീതി. കോശങ്ങളുടെ അകത്ത് എത്തുന്ന ജീനുകളെ കോശങ്ങള്‍ തങ്ങളുടെ ഡി.എന്‍.എയുടെ ഭാഗമാക്കുന്നു. അങ്ങനെ ആ കോശത്തില്‍ പുതിയ പ്രോട്ടീനുകള്‍ ഉണ്ടാവുന്നു. ഇതിന്റെ മാറ്റം ചെടികളിലും ഉണ്ടാവും.

രോഗപ്രതിരോധ ശേഷിയുള്ള പുകയില ആയിരുന്നു ലോകത്തില്‍ ആദ്യമായി വികസിപ്പിച്ച ജനിതക മാറ്റം വരുത്തിയ ചെടി. 1983 ലായിരുന്നു ഇത്. 1994ല്‍ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ തക്കാളി യു.എസില്‍ വിപണനത്തിനായി അംഗീകാരം നല്‍കി. ജനിറ്റിക് എഞ്ചിനീയറിങ്ങിലൂടെ ഉണ്ടാക്കിയെടുത്ത ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഭക്ഷ്യവിളയായിരുന്നു ഫ്ളവര്‍ സേവര്‍ എന്നറിയപ്പെട്ടിരുന്ന ഈ തക്കാളി. അതിനുശേഷം നിരവധി ജനിതകമാറ്റം വരുത്തിയ വിളകള്‍ ശാസ്ത്രലോകം വികസിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ 2000ത്തിന്റെ തുടക്കത്തിലാണ് ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തി പ്രചാരത്തില്‍ വരുന്നത്. വലിയ മാറ്റങ്ങളായിരുന്നു ഇത് പരുത്തി കൃഷിയില്‍ ഉണ്ടാക്കിയത്. 2009 ല്‍ ബി.ടി വഴുതിന കൃഷി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും ചില സംഘടനകളും വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇവയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.

ഫ്രാങ്കെന്‍ ഫുഡ്

ജനിതകമാറ്റം വരുത്തിയ ഭക്ഷണങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് ഫ്രാങ്കെന്‍ ഫുഡ് (Frankenfood). ഇംഗ്ലീഷ് നോവലിസ്റ്റായ മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന കഥാപാത്രത്തെ സൂചിപ്പിക്കുന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആരാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. 1992 ല്‍ ന്യൂയോര്‍ക്ക് ടൈംസിന് അയച്ചുകിട്ടിയ ഒരു കത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ജനിതക ഭക്ഷണം ഭയപ്പെടുത്തുന്ന ഒന്നായി അവതരിപ്പിച്ചതില്‍ ഫ്രാങ്കന്‍ഫുഡ് എന്ന പദപ്രയോഗം നിര്‍ണായക പങ്കുവഹിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബി.ടി വിളകള്‍

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുള്ള ഉദാഹരണമാണ് ബി.ടി വിളകള്‍. പുകയില, പരുത്തി, ചോളം, വഴുതന തുടങ്ങിയവയുടെ ബി.ടിവിളകളാണ് നിലവിലുള്ളത്. ബസില്ലസ് തുരിന്‍ജിയെന്‍സിസ് (Bacillus thuringiensis) എന്ന ബാക്ടീരിയയുടെ ജീന്‍ വിളകളില്‍ പ്രവേശിപ്പിച്ചാണ് ഇവയുണ്ടാക്കുന്നത്. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ ഒരുതരം കീടനാശിനിയാണ്. ഇത് കീടങ്ങളെ കൊല്ലുന്നു. ഇതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട വിളവ് ലഭിക്കുന്നു.

ജി.എം കടുക് എന്ന ട്രോജന്‍ ഹോഴ്‌സ്

അസ്വാഭാവികവും സൂക്ഷ്മമല്ലാത്തതുമായ ഒരു സാങ്കേതികവിദ്യയാണ് ജനിതക എഞ്ചിനീയറിങ്. കൃഷിയിലും ഭക്ഷണത്തിലുമെല്ലാം വരുത്തുന്ന മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമല്ല. ഉപഭോക്താവിനും നല്ല വിത്തും ഭക്ഷണവും തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ നഷ്ടമാവും. ലോകത്ത് ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജി.എം കടുക് ഒരു ട്രോജന്‍ ഹോഴ്‌സ് മാത്രമാണ്. ഇതിന് അനുമതി ലഭിക്കുന്നതിലൂടെ കുത്തകകള്‍ അവരുടെ വിത്തുകളുമായി കളം നിറയും. കടുക് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ജി.എം കടുകിന്റെ പരീക്ഷണം പോലും അനുവദിച്ചിട്ടില്ല. ഡല്‍ഹി സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ കടുക് കളനാശിനികളെ പ്രതിരോധിക്കുന്ന സ്വഭാവഗുണമുള്ളതാണ്. എന്നാല്‍ പ്രചരിപ്പിക്കുന്നത് വിളവ് വര്‍ധിപ്പിക്കുന്ന വിത്തെന്ന് പറഞ്ഞാണ്. കടുക് ഭക്ഷണവും മരുന്നുമാണ്. പല ആയുര്‍വേദ മരുന്നുകളിലും കടുക് ഉപോയോഗിക്കുന്നുണ്ട്. ജി.എം കടുകുകള്‍ ഇതിനായി ഉപയോഗിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠനങ്ങളുണ്ടായിട്ടില്ല. ഈ കടുകുകള്‍ തേനീച്ചകളെയും പ്രതികൂലമായി ബാധിക്കാനുള്ള ഇടയുണ്ട്. ജി.ഇ.എസി ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംശയം ഉയര്‍ത്തുന്നതാണ്.

ജി.എം ഫ്രീ കേരള കൂട്ടായ്മ പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും

മനുഷ്യന് അപകടമോ?

ജനിതകമാറ്റം വരുത്തുന്ന വിളകള്‍ ഉപയോഗിക്കുന്നത് മനുഷ്യന് അപകടമാണോ എന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ആ കണ്ടുപിടുത്തത്തോളം തന്നെ പഴക്കമുണ്ട്. ഇത്തരം വിളകള്‍ ഭക്ഷിക്കുന്നത് മനുഷ്യന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് എല്ലാ കാലത്തും ഒരു വിഭാഗത്തിന്റെ വാദം. അതോടൊപ്പം ഒരു ജീവിയുടെ ജീന്‍ മറ്റൊരു ജീവിയിലേക്ക് പ്രവേശിപ്പിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് വാദിക്കുന്നവരുമുണ്ട്. സസ്യങ്ങളുടെ കാര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ വലിയ അപകടം സൃഷ്ടിക്കുമെന്ന് ചരിത്രത്തിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വാദിക്കുന്നു. അലര്‍ജികളും അവയവനാശവും വളര്‍ച്ചക്കുറവുമൊക്കെ രോഗങ്ങളിലേക്ക് ഇവ നയിക്കുമെന്നാണ് ആശങ്കകളിലൊന്ന്. ആത്മഹത്യയുടെ വിത്തുകള്‍ എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞയായ വന്ദനശിവ ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തുകളെ വിശേഷിപ്പിച്ചത്. മൊണ്‍സാന്റോ, മഹികോ പോലുള്ള കമ്പനികള്‍ പരുത്തി വിത്തുകളുടെ കുത്തക സ്വന്തമാക്കി കൊള്ളലാഭം സ്വന്തമാക്കുകയും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വന്ദന ശിവയുടെ പരാമര്‍ശം. കര്‍ഷകരെ വിത്ത് സംരക്ഷിക്കുന്നതില്‍ നിന്നും കൈമാറ്റം ചെയ്യുന്നതില്‍ നിന്നും തടയുകയും എല്ലാകാലത്തും കുത്തക കമ്പനികളുടെ ആശ്രിതരാക്കുകയും ചെയ്യുമെന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് ഉപയോഗിക്കുന്നതില്‍ ഭൂരിപക്ഷം വിളകളും അറിഞ്ഞോ അറിയാതെയോ ജനിതകമാറ്റം വരുത്തിയ വിളകളാണെന്നുള്ളതാണ് ജി.എം.ഒകളെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വാദം. ജി.എം വിളകള്‍ അപകടകരമാണ് എന്ന് തെളിയിക്കുന്നതായി അവകാശപ്പെടുന്ന പല പരീക്ഷണങ്ങളും ശാസ്ത്രീയമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ജി.എം.ഒകള്‍ മൂലം ഉണ്ടായതെന്ന് പറയപ്പെടുന്ന ആരോഗ്യ-കാര്‍ഷിക പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണങ്ങളല്ല പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. ഒരു ജീവിയുടെ ജീന്‍ മറ്റൊരു ജീവിയിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നത് പ്രകൃതി വിരുദ്ധമാണെന്ന ആശയത്തെയും ഇവര്‍ തള്ളിക്കളയുന്നു. പ്രകൃതിയിലും സ്വാഭാവികമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത് തീര്‍ത്തും പ്രകൃതി സഹജമാണ്. ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ജെനിറ്റിക്കല്‍ എഞ്ചിനീയറിങ് പോലൊരു മഹത്തായ ശാസ്ത്രനേട്ടം ഉപയോഗിക്കപ്പെടുകതന്നെ വേണം. ഇത് മികച്ച പോഷകഗുണങ്ങളുള്ള വിളകളെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദിപ്പിക്കാനാകും. മാരകമായ കീടനാശിനികളുടെ ഉപോയോഗം ഇല്ലാതാവും. അതിനാല്‍ ജി.എം.ഒകള്‍ അന്ധമായി എതിര്‍ക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അമ്പത് കൊല്ലങ്ങള്‍ക്കുള്ളില്‍ മനുഷ്യരെ തീറ്റിപ്പോറ്റാന്‍ പോകുന്നത് ജി.എം വിളകളായിരിക്കുമെന്നും ഒട്ടും അശാസ്ത്രീയമായ വാദങ്ങളുയര്‍ത്തി അതിനെ എതിര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പടെയുള്ള സംഘടനകള്‍ വ്യക്തമാക്കുന്നത്.

എങ്കിലും ജനികമാറ്റം വരുത്തിയ വിളകള്‍ മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന കാര്യം അവ വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇതിനെ അനുകൂലിക്കുന്ന ശാസ്ത്രജ്ഞരും പറയുന്ന കാര്യം. സുരക്ഷ മുന്‍കരുതല്‍ എന്ന നിലയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കണം. ജനിതകമാറ്റം വരുത്തിയ ഉത്പന്നമാണോ എന്ത് തരത്തിലുള്ള മാറ്റമാണ് വരുത്തിയത് എന്നെല്ലാമുള്ള കാര്യങ്ങള്‍ ഇത് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം. സ്വകാര്യ കമ്പനികളുടെ കുത്തകകള്‍ അവസാനിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ മേഖലയില്‍ ഇടപെടണം. ജി.എം.ഒകളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അവസാനിപ്പിച്ച് കൂടുതല്‍ ശാസ്ത്രീയമായ സംവാദങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാവണമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ നിലപാട്.

ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ കൃഷിയില്‍ ഉപയോഗപ്പെടുത്തണം; ആശങ്കകള്‍ പരിഹരിക്കപ്പെടണം- എ.ഐ.കെ.എസ്

പി. കൃഷ്ണപ്രസാദ്
കിസാന്‍സഭ നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി

കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശാസ്ത്രത്തിന്റെ സാധ്യതകളെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കര്‍ഷക സംഘത്തിനുള്ളത്. പക്ഷെ ജി.എം വിളകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ കുത്തകകളാണ് നിയന്ത്രിക്കുന്നത് എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അവരാണ് ഇതിന്റെ വിലയെല്ലാം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഇത് നിലവില്‍ വരാനുള്ള സാധ്യത ഇന്ത്യയിലില്ല. കുത്തക കമ്പനികള്‍ക്ക് അനുകൂലമായാണ് ഈ പദ്ധതികളെല്ലാം വിഭാവനം ചെയ്യപ്പെടുന്നത്. ഇത്തരം സംവിധാനങ്ങള്‍ പൊതുമേഖലയിലാണ് ഉണ്ടാവേണ്ടത്. അതേസമയം ജനിതകമാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്. കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനുമുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടണം. മണ്ണിനും വെള്ളത്തിനും ഇത്തരം വിളകളുണ്ടാക്കുന്ന മാറ്റങ്ങളെന്താണ് ഇത് ഉപയോഗിക്കുന്നത് മനുഷ്യ ശരീരത്തിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നെല്ലാമുള്ള പഠനങ്ങള്‍ നടക്കണം. നിലവില്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. കര്‍ഷക സമരം ജി.എം വിളകള്‍ക്കെതിരായിരുന്നു എന്ന് പറയാനാവില്ല. പൊതുവായ ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ സമരം ചെയ്തത്. അതില്‍ പ്രധാനപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുള്ളതായിരുന്നു. അതുപോലെ മിനിമം സപ്പോര്‍ട്ട് പ്രൈസ് നല്‍കണം, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കണം എന്നുള്ളതെല്ലാമായിരുന്നു കര്‍ഷക സംഘടനകളില്‍ എല്ലാവരും അംഗീകരിച്ച ആവശ്യങ്ങള്‍. ആ സമരത്തിന്റെ പൊതുവായ ആവശ്യങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുമതി നല്‍കരുത് എന്ന ആവിശ്യം പൊതുവായ ഉന്നയിച്ച കാര്യങ്ങളില്‍ ഉണ്ടായിരുന്നില്ല. സമരത്തിന്റെ ഭാഗമായിരുന്ന ചില സംഘടനകള്‍ക്ക് അത്തരം അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ പൊതുവായ അംഗീകരിക്കപ്പെട്ട ആവശ്യങ്ങളില്‍ അതുണ്ടായിരുന്നില്ല.

കൃഷിയുടെ സ്വാഭാവികത നഷ്ടപ്പെടും- സ്വദേശി ജാഗരണ്‍ മഞ്ച്

രഞ്ജിത്ത് കാര്‍ത്തികേയന്‍
-സ്വദേശി ജാഗരണ്‍ മഞ്ച്

ജനിതകമാറ്റം വരുത്തിയ വിളകളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് മനുഷ്യ ശരീരത്തെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല. പല വികസിത രാജ്യങ്ങളും ഇത്തരം വിളകളെ അകറ്റി നിര്‍ത്തുകയാണ്. ഇത്തരം വിളകളെ പ്രോത്സാഹിപ്പിക്കുന്നത് കൃഷിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോര്‍പ്പറേറ്റുകളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ നിയന്ത്രിക്കുന്നത്. കാര്‍ഷിക മേഖല ഇവര്‍ കയ്യടക്കും. ബി.ടി കോട്ടണ്‍ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിട്ടും ഈ പറഞ്ഞ മെച്ചങ്ങളൊന്നും ഉണ്ടായില്ല. സ്വദേശി ജാഗരണ്‍ മഞ്ച് ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ പ്രചാരണങ്ങളുമായി മുന്നോട്ട് പോകും. സംഘടനയുടെ നിലപാട് കേന്ദ്ര സര്‍ക്കാരിനെതിരെയല്ല. ഈ നയത്തെ മാത്രമാണ് എതിര്‍ക്കുന്നത്.

Content Highlights: what is genetically modified mustard genetically modified crops gm crops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented