പഞ്ചറായ മുൻഗാമികൾ ചോദിക്കുന്നു; സഹകരണറൂട്ടിൽ ഡബിൾ ബെല്ലടിച്ചാൽ അഴിയുമോ കേരളത്തിന്റെ കുരുക്ക്?


കെ.പി നിജീഷ് കുമാര്‍

8 min read
In Depth
Read later
Print
Share

വാഹനങ്ങള്‍ക്കനുസരിച്ച് റോഡില്ല എന്നത് സത്യമാണ്. മലയോര ഹൈവേ പോലുള്ളവ വരുന്നുണ്ടെങ്കിലും ഇത് മാത്രം മതിയാകില്ല നിലവിലെ പ്രശ്‌ന പരിഹാരത്തിന്. 

ഫോട്ടോ: കെ.കെ സന്തോഷ് |മാതൃഭൂമി

കേരളത്തിന്റെ യാത്രാപ്രശ്നത്തിന് എന്താണ് പരിഹാരം. കെ റെയിലും കെ.എസ്.ആർ.ടി.സിക്ക് ബദലായ സ്വിഫ്റ്റുമെല്ലാം പരിഹാരമാർഗങ്ങളായി നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയൊരു നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തുവന്നത്. കെ.എസ്.ആർ.ടി.സിയുടെ മാതൃകയിൽ സഹകരണ മേഖലയിൽ ഒരു ട്രാൻസ്പോർട്ട് കമ്പനി. പല രാജ്യങ്ങളും ഇന്ത്യയിലെ തന്നെ ഏതാനും സംസ്ഥാനങ്ങളും വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഈ മോഡൽ കേരളത്തിന്റെ ഗതാഗതക്കുരുക്ക് അഴിക്കുമോ? സഹകരണ ബസ്സുകൾ കേരളത്തിന് പുത്തരിയല്ല. ഇക്കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്ക് രണ്ട് ഡസനിലേറെ സഹകരണ കമ്പനികൾ കേരളത്തിൽ ബസ്സോടിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സഹകരണ ബസ്സുകൾക്ക് എന്തു സംഭവിച്ചു. എത്രയെണ്ണം ഇപ്പോഴും വിജയകരമായി സർവീസ് നടത്തുന്നുണ്ട്. എത്രയെണ്ണം കട്ടപ്പുറത്തു കയറിക്കഴിഞ്ഞു. ഈ കണക്കെടുപ്പ് കൂടിയുണ്ടെങ്കിൽ മാത്രമേ മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച നെല്ലും പതിരും വേർതിരിക്കാനാവൂ.

2019-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ സമഗ്ര ഗതാഗത നയം രൂപവല്‍ക്കരിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാഥമികഘട്ടമെന്ന നിലയ്ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. സഹകരണ മേഖലയില്‍ ഇതിന് മുമ്പും സംസ്ഥാനത്ത് നിരവധി ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ വര്‍ഷങ്ങളോളം നടത്തിയിരുന്നു. പക്ഷെ അതിജീവിച്ചു പോന്നിട്ടുള്ളത് ചുരുക്കം ചിലത് മാത്രമാണ്. സഹകരണ മേഖലയിലെ ബസ് സര്‍വീസുകള്‍ക്ക് എന്ത് സംഭവിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനമായില്ലെങ്കിലും നടപ്പിലായാല്‍ എത്രകാലം നിലവിലെ അവസ്ഥയില്‍ സഹകരണ ബസ്സുകള്‍ക്ക് സ്റ്റാന്‍ഡ് പിടിക്കാനാവും. ചില സഹകരണ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളുടെ ഇന്നത്തെ അവസ്ഥ നോക്കാം.

തുരുമ്പെടുത്ത പ്രിയദര്‍ശിനി

ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ 1986-ല്‍ തുടങ്ങിയതാണ് വയനാട് ജില്ലാ പട്ടികജാതി-വര്‍ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ടുകള്‍. ഒരു കാലത്ത് വയനാട് ജില്ലയിലെ ഉള്‍നാടന്‍ ഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുകയും തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്കും തിരിച്ചും വരെ പ്രിയദര്‍ശിനിയുടെ കീഴില്‍ ബസ് സര്‍വീസുകളുണ്ടായിരുന്നു. സര്‍ക്കാര്‍ ഗ്രാന്റും പിന്തുണയും കൊണ്ട് വന്‍ലാഭത്തില്‍ സഹകരണമേഖയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കി. ഏഴ് ബസ്സുകളുണ്ടായിരുന്ന പ്രിയദര്‍ശിനിയെ ക്രമേണ സര്‍ക്കാര്‍ കൈവിടാന്‍ തുടങ്ങിയതോടെ ഇന്ന് അവശേഷിക്കുന്നത് മാനന്തവാടി-കോഴിക്കോട് റൂട്ടിലോടുന്ന ഒരു ബസ്സും പ്രാദേശികമായി ഓടുന്ന മറ്റൊരു ബസ്സും മാത്രം. ബാക്കിയുള്ളതില്‍ ചിലത് ഇപ്പോഴും കട്ടപ്പുറത്തും മറ്റ് ചിലത് വിറ്റ് ഒഴിവാക്കുകയും ചെയ്തു.

Photo Credit: Bus Kerala

വയനാട്ടിലെ ഒഴികെ മറ്റെല്ലാ സംഘങ്ങളും തകര്‍ന്നപ്പോഴും മാനന്തവാടിയിലെ സംഘം ലാഭകരമായിരുന്നുവെന്ന് പറയുന്നു പ്രിയദര്‍ശിനിയുടെ പഴയ ചെക്കിങ് ഇന്‍സ്പെക്ടര്‍ കൂടിയായിരുന്ന എം.ടി തോമസ്. പ്രതിസന്ധിയിലായപ്പോള്‍ യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാര്‍ ഫണ്ട് നല്‍കി നിലനിര്‍ത്തിയിരുന്നു. പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്ത് മുന്‍കൈ എടുത്ത് പട്ടികവര്‍ക്ഷ വികസന വകുപ്പ് മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. പക്ഷെ ഭരണം മാറിയതോടെ കഴിഞ്ഞ കുറച്ചുകാലമായി ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. സ്പെയര്‍പാര്‍ട്സ് മാറ്റിയിടാന്‍ പോലും സഹായമില്ലാതായതോടെ ശേഷിക്കുന്ന ബസ്സുകള്‍ ജീവനക്കാര്‍ക്ക് തന്നെ വാടകയ്ക്ക് നല്‍കി സര്‍വീസ് നടത്തുകയാണ് സംഘം.

യാത്രാക്ലേശം രൂക്ഷമായ തിരുനെല്ലി, വാളാട് റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിയതോടെ ആ ഭാഗങ്ങളിലേക്ക് ജനങ്ങള്‍ യാത്രാക്ലേശം നേരിടുകയാണ്. നിര്‍ത്തിയിട്ട ബസുകള്‍ക്ക് പുതിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ഓടുന്ന ബസ്സുകള്‍ തന്നെ എപ്പോഴും പണിമുടക്കുന്ന അവസ്ഥയിലുമാണ്. ട്രാന്‍സ്‌പോര്‍ട്ട് സഹകരണസംഘത്തിന്റെ മൂന്ന് ടൂറിസ്റ്റ് ബസുകളും ഓടിയിരുന്നുവെങ്കിലും ഇതും നിര്‍ത്തി. രാത്രി ഏഴിന് മാനന്തവാടിയില്‍നിന്ന് ഒരു ബസ് പുറപ്പെടുമ്പോള്‍ ഇതേസമയം തിരുവനന്തപുരത്തുനിന്ന് മറ്റൊരു ബസ് മാനന്തവാടിയിലേക്കും പുറപ്പെടുന്നതായിരുന്നു ടൂറിസ്റ്റ് ബസ്സിന്റെ പതിവ്. ഇതിലേതെങ്കിലും ബസിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഓടാനാണ് മറ്റൊരു ബസ്. വിജയകരമായി ആദ്യം സര്‍വീസ് നടത്തിയെങ്കിലും വളരെ പെട്ടെന്ന് കൂപ്പുകുത്തുന്ന അവസ്ഥയിലായി. മാനന്തവാടി പോലീസ് സ്റ്റേഷനുസമീപം സര്‍ക്കാരനുവദിച്ച ആറ് സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടമുണ്ട് സംഘത്തിന്. പക്ഷെ നിലനില്‍പിനായി പെടാപ്പാട് പെടുകയാണ്. കളക്ടര്‍ ചെയര്‍മാനും സബ് കളക്ടര്‍ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയാണ് സംഘത്തിന്റെ ചുമതലക്കാര്‍.

എങ്ങനെ കൊടുക്കും ഇ.എസ്.ഐയും പി.എഫുമെല്ലാം

വലിയ ഗതാഗത സൗകര്യമില്ലാതിരുന്ന 1957 ല്‍ ആണ് കായകുളത്ത് നിന്ന് കേരള കോപ്പറേറ്റീവ് ട്രാന്‍സ്‌പോര്‍ട്ട്(കെ.സി.ടി) സഹകരണ ബസ് സര്‍വീസിന് തുടക്കമിട്ടത്. ഉള്‍നാടുകളിലേക്കും മറ്റും ഗതാഗത പ്രശ്‌നം രൂക്ഷമായിരുന്ന കാലത്ത് കായംകുളത്തും ഹരിപ്പാടുമെല്ലാമുള്ളവരുടെ അനുഗ്രഹം കൂടിയായിരുന്നു ഈ സര്‍വീസ്‌. സി.പി.എം. നിയന്ത്രണത്തിലുള്ള സൊസൈറ്റിയായിരുന്നിട്ട് പോലും അതിജീവിക്കാന്‍ ഇന്ന് നന്നേ പാടുപെടുകയാണ് സംഘം. 27 ബസ്സുണ്ടായിരുന്ന കെ.സി.ടിക്ക് ഇന്നുള്ളത് ഏഴ് ബസ് മാത്രമാണ്. അതും പലപ്പോഴും പണിമുടക്കും. സഹകരണ മേഖലയിലാണ് ഓടുന്നതെങ്കിലും സര്‍ക്കാരില്‍ നിന്നും സഹായമൊന്നും ലഭിക്കുന്നില്ല, തന്നെയുമല്ല തൊഴിലാളികള്‍ക്ക് സഹകരണ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൊടുക്കേണ്ടി വരുന്നതും സഹകരണ ബസ് സര്‍വീസുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായി സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.

ദിവസക്കൂലിക്ക് തന്നെ നന്നേ പാടുപെടുന്ന ബസ്സുകള്‍ എങ്ങനെ ഇ.എസ്.ഐ യും പി.എഫ്.ഉം ഗ്രാറ്റിവിറ്റിയുമെല്ലാം കൊടുക്കുമെന്നാണ് ഭരവാഹികള്‍ ചോദിക്കുന്നത്. ഇതിനപ്പുറം ഇന്‍ഷൂറന്‍സ് തുകയുടെ വര്‍ധനവും എണ്ണവിലയുടെ വര്‍ധനവുമെല്ലാം മറ്റ് ബസ് സര്‍വീസുകളെ പോലെ തന്നെയാണ് സഹകരണ മേഖലയേയും ബാധിച്ചിരിക്കുന്നത്. കോവിഡ് കാലം വന്നതോടെ ബസ് സര്‍വീസുകള്‍ പകുതിയും നിര്‍ത്തിയിടേണ്ടി വന്നെങ്കിലും പഴയ അവസ്ഥയിലേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അറ്റകുറ്റപ്പണിക്ക് വലിയ പണം കണ്ടെത്തേണ്ടതും സ്‌പെയര്‍പാര്‍ട്‌സുകളുടെ വില അനിയന്ത്രിതമായി ഉയര്‍ന്നതുമാണ് ഇതിനുളള കാരണമായി കെ.സി.ടി. അധികൃതര്‍ പറയുന്നത്. ചില ബസ്സുകള്‍ ആക്രിവിലയ്ക്ക് വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിനുള്ള ഒരു ശ്രമം നടത്തിയിരുന്നുവെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നില്ല. ഇതോടെ വീണ്ടും പത്ര പരസ്യം നല്‍കി പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാനൊരുങ്ങുകയാണ് കെ.സി.ടി.

കണ്ടക്ടറുടെ രക്തസാക്ഷിത്വത്തില്‍ രൂപം കൊണ്ട വരദരാജ പൈ

സഹകരണ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് രംഗത്തെ കാസര്‍കോടിന്റെ മറക്കാന്‍ പറ്റാത്ത കഥയുണ്ട് വരദരാജ പൈയുടെ ഓര്‍മയ്ക്കായി രൂപം കൊണ്ട കാസര്‍ക്കോട് ജില്ലാ ബസ് ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റി ലിമിറ്റഡിന് പറയാന്‍. കാലം 1968 മെഹബൂബ് ബസ്സിന്റെ കണ്ടക്ടറായിരുന്നു 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, വരദരാജ പൈ എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. വരദരാജ് പൈയെ എന്തോ ഒരു കാരണത്താല്‍ മുതലാളി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടപ്പോള്‍ തൊഴിലാളി സംഘടന ഇടപെട്ടു. പിരിച്ചുവിടാന്‍ മാത്രം തക്കതായ കാരണമില്ലെന്നായിരുന്നു യൂണിയന്റെ നിലപാട്. സംഘടന സമരരംഗത്തിറങ്ങി. സൂചനാസമരം ഫലം കാണാതായപ്പോള്‍ പ്രസ്തുത ബസിന്റെ സര്‍വീസ് തടയാന്‍ തീരുമാനിച്ചു. എം.ജി റോഡില്‍ ബദ്രിയ ഹോട്ടലിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു ബസിന്റെ ഓഫീസ്. ഓഫീസിന് മുന്നില്‍ വരദരാജപൈ അടക്കം 30ഓളം പേര്‍ സമരമിരുന്നു.

Photo Courtesy: Bus Kerala

സമരം രൂക്ഷമായി. എന്നാല്‍ വഴി തടസ്സപ്പെടുത്തി സമരം നടത്തിയവരെ നേരിടാനായിരുന്നു മെഹബൂബ് ബസ് മുതലാളി കൂടിയായിരുന്ന ബസ് ഡ്രൈവറുടെ നീക്കം. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ടാക്കി. ഒരടി മുന്നോട്ടെടുക്കാന്‍ സമ്മതിക്കില്ലെന്ന മട്ടില്‍ സമരക്കാര്‍. ഡ്രൈവര്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി. വരദരാജ പൈ നെഞ്ചു വിരിച്ച് വന്ന് മുന്നില്‍ നിന്നു. മാറിനില്‍ക്കാന്‍ ഡ്രൈവറുടെ ആജ്ഞ. മാറില്ലെന്ന് പറഞ്ഞ് കൈകള്‍ വിരിച്ച് വരദരാജ് മുന്നില്‍. ഡ്രൈവര്‍ പേടിപ്പിക്കുകയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുക തന്നെ ചെയ്തു. ബസിടിച്ച് വരദരാജ് തലയിടിച്ച് പിന്നോട്ട് വീണു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന വരദരാജ പൈയെ കൂട്ടുകാര്‍ താങ്ങിയെടുത്ത് പൊലീസിന്റെ സഹായത്തോടെ കാറില്‍ കിടത്തി. പക്ഷെ തൊട്ടടുത്ത ഗവ. ആസ്പത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.

തൊഴില്‍ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ട വരദരാജ് പൈയുടെ ഓര്‍മക്കായാണ് കാസര്‍ക്കോട് ജില്ലാ ബസ് ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റി ലിമിറ്റഡ് രൂപീകരിച്ച് വരദരാജ പൈ ബസ് കാസര്‍കോട് ജില്ലയുടെ വിവിധയിടങ്ങളില്‍ ഓടിയിരുന്നത്. കാസര്‍കോട് - കാഞ്ഞങ്ങാട്, കാസര്‍കോട് - ബന്തടുക്ക, പാണത്തൂര്‍- കൊട്ടോടി - പുലിക്കോട് ചേരിപ്പാടി ജയപുരം മുന്നാട് -വട്ടംതട്ട-ചെര്‍ക്കള, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൊസൈറ്റിയുടെ വണ്ടികള്‍ എത്തുകയുണ്ടായി. കാലമേറെ കഴിഞ്ഞതോടെ വരവു ചെലവും താങ്ങനാവാത്തതോടെ സര്‍വീസ് നഷ്ടത്തിലായി. ഇടക്കാലത്ത് രണ്ട് ബസ്സുകള്‍ ഓടിയിരുന്നുവെങ്കിലും അതും നിര്‍ത്തിയിരിക്കുകായാണ് ഇപ്പോള്‍.

പട്ടാളക്കാര്‍ തുടങ്ങിയ എക്സ് സര്‍വീസ് മെന്‍; ഒടുവില്‍ തൂക്കി വിറ്റ് കടം തീര്‍ത്തു

ഒരുകാലത്ത് കോഴിക്കോടിന്റെ യശസ്സുയര്‍ത്തിയ സഹകരണ സ്ഥാപനമായിരുന്നു എക്സ് സര്‍വീസ് മെന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ലക്ഷ്യം വിരമിച്ച പട്ടാളക്കാരെ പുനരധിവസിപ്പിക്കുക. സര്‍ക്കാര്‍ പിന്തുണയുമായെത്തിയപ്പോള്‍ കോഴിക്കോടു നിന്ന് 1970-ല്‍ എക്സ് സര്‍വീസ് മെന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യ വാഹനം നിരത്തിലിറങ്ങി.ലോറിസര്‍വീസായിരുന്നു ആദ്യം പിന്നെ ബസ് സര്‍വീസുകള്‍ നിരത്തുകളില്‍ പരക്കം പാഞ്ഞു.

കോഴിക്കോട് പന്നിയങ്കര ആസ്ഥാനമായി 1947-ല്‍ ആരംഭിച്ച സര്‍വീസിന് കോഴിക്കോടായിരുന്നു ആസ്ഥാനം.നിലമ്പൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ ബ്രാഞ്ചിട്ട എക്സ് സര്‍വീസ് മെനിന് അമ്പതോളം ബസ്സുകളുണ്ടായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ടാക്സ് സബ്സിഡിയായിരുന്നു ഇതിന്റെ പ്രധാന ആശ്വാസം. മുപ്പത് ശതമാനം ടാക്സ് സബ്സിഡിയാണ് സര്‍ക്കാര്‍ നല്‍കിയത്. ആദ്യം ജില്ലാ കളക്ടര്‍ മേധാവിയായി തുടങ്ങിയ സൊസൈറ്റി പിന്നെയാണ് നോമിനേറ്റഡ് സൊസൈറ്റിയായത്.

1950-കാലത്ത് മൂന്നുമാസത്തെ ശമ്പളം ബോണസായി നല്‍കിയ സൊസൈറ്റിയായിരുന്നു എക്സ് സര്‍വീസ് മെന്‍. ഇത് മാത്രം മതി എത്ര വിജയത്തിലായിരുന്നു സര്‍വീസ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍. പല ഭാഗത്തും ഗതാഗത സൗകര്യം വിരളമായപ്പോള്‍ പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍ നിരത്തുകളില്‍ നിറഞ്ഞിരുന്നു എക്സ് സര്‍വീസ് മെന്‍ ബസ് എന്ന് അന്നത്തെ സൊസൈറ്റി അക്കൗണ്ടന്റ് പുതിയങ്ങാടിയിലെ 85വയസ്സുകാരന്‍ ദിവാകരന്‍ നായര്‍ പറയുന്നു.

എ.കെ. ആന്റണി അധികാരത്തില്‍ വന്ന സമയത്ത് ടാക്സ് സബ്സിഡി എടുത്തുകളഞ്ഞതോടെ തുടങ്ങിയ സൊസൈറ്റിയുടെ തകര്‍ച്ച അതിന്റെ അടിവേര് തന്നെയിളക്കിക്കളഞ്ഞു.നല്ല രീതിയില്‍ പോയിരുന്ന സര്‍വീസിനെ തകര്‍ക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തേയും അതിജീവിക്കാനായില്ല. അനധികൃതമായി റൂട്ടുകള്‍ അനുവദിച്ചും മെയിന്റനന്‍സിന് അനുമതി നല്‍കാതേയും സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍ മുന്നോട്ടുപോവാനാവില്ലെന്ന അവസ്ഥ വന്ന് കോടികള്‍ കടബാധ്യതായി.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് മാത്രം കോടികളുടെ തിരിച്ചടവ് ബാധ്യതയുണ്ടായി. തൊഴിലാളികളുടെ ഇ.എസ്.ഐ-പി.എഫ് എന്നിവയെല്ലാം മുടങ്ങി.ഒടുവില്‍ കിട്ടിയ വിലയ്ക്ക് വണ്ടി വിറ്റു. പന്നിയങ്കരയിലെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന ഓഫീസും സ്ഥാപനവും വിറ്റ് തിരിച്ചടവ് നടത്തി.

ട്രാന്‍സ്പോര്‍ട്് മേഖലയില്‍ സഹകരണ സ്ഥാപനം തുടങ്ങണമെന്ന് സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം വരുമ്പോള്‍ ശമ്പളത്തിന് പോലും കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന്റെ കനിവ് തേടുമ്പോള്‍ മറഞ്ഞുപോയ സഹകരണ സംഘങ്ങള്‍ പലതും ഓര്‍മപ്പെടുത്തുന്നുണ്ട്

കേരളത്തില്‍ ഇന്നുളളത് 11,000 ബസ്സുകള്‍; വേണ്ടത് 35,000 ബസ്സുകള്‍

ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കുറച്ചു ബസ്സുകള്‍ കേരളത്തിലാണെന്നാണ് ഔദ്യോഗിക കണക്ക്. 38,000 സ്വകാര്യ ബസ്സുകളും 5500 കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഉണ്ടായിരുന്ന സ്ഥാനത്ത് 7000, 4000 എന്നിങ്ങനെയായി കുറഞ്ഞു. 1000 പേര്‍ക്ക് 1.33 ശതമാനമാണ് ബസ് ദേശീയ ശരാശരിയെങ്കില്‍ അത് വെറും 0.04 മാത്രമാണ്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ പൊതു സ്വകാര്യ മേഖലയിലായി 35,000 ബസ്സുകളെങ്കിലും വേണമെന്നാണ് കണക്ക്.

സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങിയതാണ് പൊതുഗതാഗതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പറയുന്നതെങ്കിലും ഇതിന് എങ്ങനെ പരിഹാരം കാണാനാവുമെന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം. റോഡിലെ തിരക്ക് 11 ശതമാനത്തില്‍ അധികം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നുവെന്നതും ഗൗരവമായ കാര്യമാണ്.

വലിയ തോതിലുള്ള നഗരവത്കരണവും, ഉയര്‍ന്ന ജനസാന്ദ്രതയും ഭാവിയില്‍ കേരളം വാഹനങ്ങള്‍ മൂലമുള്ള വലിയ വായു മലിനീകരണ സാധ്യതകള്‍ വ്യക്തമാക്കുന്നുണ്ട്. ഡീസല്‍ ഇന്ധനങ്ങള്‍ പോലുളളവയുടെ ഉയര്‍ന്ന തോതിലുള്ള വര്‍ധനവ് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. കേന്ദ്ര മലിനീകരണ സമിതിയുടെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ നിരക്ക് നിര്‍ത്തിയിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളേക്കാള്‍ മുകളിലാണ് ഈ മലിനീകരണ നിരക്ക്. വേണ്ടവിധത്തില്‍ നേരിട്ടില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവ്, സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കും.

നിരക്ക് കൂട്ടി ഇനി എത്രനാള്‍

വാഹന നികുതി സര്‍ക്കാരിന്റെ വരുമാനത്തിലെ ഒരു സുപ്രധാന ഘടകമാണെങ്കിലും യാത്രാക്കൂലി കൂട്ടുന്നത് സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള ശരിയായ വഴിയല്ല. പൊതുഗതാഗതത്തെ നിലനിര്‍ത്തുന്നതിന് പൊതുജനം വലിയ ഭാരം ചുമക്കേണ്ടി വന്നാല്‍, അവരത് ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ യാത്രാനിരക്ക് കൂട്ടുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിന്റെ വൈവിധ്യവും സൗകര്യങ്ങളും ഒപ്പം കൂട്ടണം.

സംസ്ഥാനംമിനിമം നിരക്ക് കി.മി. നിരക്ക്
കേരളം 10ഒരു രൂപ
തമിഴ്‌നാട് 5 58 പൈസ
ആന്ധ്രാപ്രദേശ് 573 പൈസ
കര്‍ണാടക 5 75 പൈസ
മിനിമം നിരക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം മറ്റ് സംസ്ഥാനത്തേക്കാള്‍ ഇരട്ടിയാണ്. നാം 10 രൂപ ഈടാക്കുമ്പോള്‍ അയല്‍സംസ്ഥാനങ്ങള്‍ 5 രൂപയേ ഈടാക്കുന്നുള്ളു. കേരളം കിലോമീറ്ററിന് ഒരു രൂപ വാങ്ങുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ അത് 58 പൈസ മുതല്‍ 75 പൈസ വരെയാണ്. തമിഴ്നാട്ടിലാകട്ടെ സ്തീകള്‍ക്കും വിദ്യര്‍ഥികള്‍ക്കുമെമെല്ലാം യാത്ര സൗജന്യവുമാണ്. കേരളത്തിനേക്കാള്‍ വലിയ സബ്സിഡി നല്‍കിയാണ് അവിടങ്ങളില്‍ പൊതു ഗതാഗതരംഗം ചലിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ മാത്രമിത് ഏതാണ്ട് 1200 കോടി രൂപയോളം വരും.

സ്വകാര്യ ബസുകള്‍ ഓടിക്കുന്നത് ലാഭകരമല്ലാതാക്കുന്നതും, നിക്ഷേപ സൗഹൃദമല്ലാത്തതുമായ വിവേചനപരമായ നയങ്ങള്‍ മാറ്റുകയും ഇന്ധന വിലയിലങ്കിലും സബ്‌സിഡി പോലുള്ളവ നല്‍കി മേഖലയെ നില്‍നിര്‍ത്താനുള്ള അടിയന്തരമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവേണ്ടത്. അല്ലാതെ നിലവിലെ അവസ്ഥയില്‍ പുതിയ സഹകരണമേഖല രൂപീകരിക്കുക എന്നതുമായി മുന്നോട്ട് പോയാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയാലാവുകയേ ഉള്ളൂ.

പുതിയ വാഹനങ്ങള്‍ കേരളത്തില്‍

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ 1.53 കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തിയ കണക്ക്. ഇക്കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കണക്ക് കൂടി എടുത്താല്‍ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. സംസ്ഥാനത്ത് 1000 ആളുകള്‍ക്ക് 432 മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. രാജ്യത്ത് 1000 ആളുകള്‍ക്ക് കേവലം 18 വാഹനങ്ങള്‍ മാത്രമാണുള്ളതെന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തിലെ വാഹനപ്പെരുപ്പത്തിന്റെ ചിത്രം ബോധ്യമാകുക. ചൈനയില്‍ 1000 പേര്‍ക്ക് 47 വാഹനങ്ങള്‍ മാത്രമാണുള്ളത്. ബ്രിട്ടണില്‍ 499 ഉം അമേരിക്കയില്‍ 507 ഉം ആണ്. വാഹന സൂചകങ്ങളുടെയും സാന്ദ്രതയുടെയും കാര്യത്തില്‍ വലിയ വര്‍ധനവാണ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. പ്രതിവര്‍ഷം 11 ശതമാനത്തിലേറെയാണ് വാഹനങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ച.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 1980 ല്‍ സംസ്ഥാനത്ത് ആകെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയായിരുന്നു. 2000 ത്തില്‍ ഇത് 19 ലക്ഷമായി ഉയര്‍ന്നു. 2015 ല്‍ 94 ലക്ഷമായി വാഹനങ്ങളുടെ എണ്ണം ഉയര്‍ന്നു. 2017 ല്‍ എണ്ണം 1.10 കോടിയായി ഉയര്‍ന്നു. 2022 ആകുമ്പോഴേക്കും ഏതാണ്ട് 45 ലക്ഷത്തിലേറെ വാഹനങ്ങള്‍ പിന്നെയും പുതുതായി റോഡിലിറങ്ങി. ഇവയ്‌ക്കെല്ലാം സഞ്ചരിക്കാനുള്ള വഴിയെവിടെയെന്നാണ് ചോദ്യം.

Content Highlights: What happened In Our Co-Operative Bus Service in Kerala

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rayanha
Premium

5 min

ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന റയാന അല്‍ ബര്‍നാവി; ചൊവ്വയിൽ ആദ്യം കാലുകുത്തുക സ്ത്രീയോ?

May 23, 2023


Representative Image
Premium

4 min

കാരുണ്യ: കിട്ടാനുള്ളത് 300 കോടി, ആശുപത്രികള്‍ പിന്മാറുന്നു; സര്‍ക്കാര്‍ മേഖലയിലും പ്രതിസന്ധി

Sep 27, 2023


adithya l1
Premium

8 min

സൂര്യരഹസ്യം കണ്ടെത്തുമോ ആദിത്യ എല്‍1?; ISRO സൂര്യനിൽ തേടുന്ന രഹസ്യങ്ങൾ

Sep 2, 2023


Most Commented