അമേരിക്കന്‍ എഫ് 16 പാകിസ്താനിലേയ്ക്ക് പറക്കുമ്പോൾ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?


സ്വന്തം ലേഖകന്‍

5 min read
In Depth
Read later
Print
Share

f 16

പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നത് ഉള്‍പ്പടെയുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി 450 മില്യണ്‍ യു.എസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അംഗീകാരം നല്‍കിയതില്‍ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇന്ത്യ. അനവസരത്തിലുള്ള അനുചിതമായ തീരുമാനമാണ് ഇതെന്നാണ് ഇന്ത്യയുടെ ആക്ഷേപം. യു.എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂവിനെയാണ് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2018ല്‍ പാകിസ്താനുള്ള 200 കോടി ഡോളര്‍ സുരക്ഷ സഹായവും ആയുധ വിതരണവും യു.എസ് മരവിപ്പിച്ചിരുന്നു. താലിബാന്‍ ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്നതിന്റെ പേരില്‍ പാകിസ്താനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായായിരുന്നു സുരക്ഷാ സഹായം നിര്‍ത്തലാക്കിയത്. ഇതിനുശേഷം ആദ്യമായാണ് അമേരിക്ക വീണ്ടും പാകിസ്താനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.

എല്ലാ കാലത്തും പാകിസ്താനുമായുള്ള ബന്ധത്തിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു എഫ് 16 യുദ്ധവിമാനങ്ങളുടെ വിതരണവും അവയ്ക്കുള്ള തുടര്‍ സഹായങ്ങളും. 1980 കളിലും പിന്നീട് 1990 കളിലുമായാണ് അമേരിക്ക ഈ യുദ്ധ വിമാനങ്ങള്‍ പാകിസ്താന് കൈമാറിയത്. പാകിസ്താന്‍ വ്യോമസേനയുടെ നിര്‍ണായക ശക്തിയായി ഈ യുദ്ധ വിമാനങ്ങള്‍ പിന്നീട് മാറി. അമേരിക്ക- പാകിസ്താന്‍ ബന്ധത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്നായി ഈ വിമാനങ്ങള്‍ തുടരുകയും ചെയ്തു. പിന്നീട് 2018ല്‍ ഡൊണാള്‍ഡ് ട്രംപ് ഇത്തരം സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചതോടെയാണ് ഈ ബന്ധത്തിന് ഇളക്കം തട്ടിയത്. ഇപ്പോള്‍ ഈ പാക്കേജ് നല്‍കുന്നതിലൂടെ പാകിസ്താന് മേലുള്ള സ്വാധീനം വീണ്ടുമുറപ്പിക്കാനുള്ള ബൈഡന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

എഫ് 16

എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍. അമേരിക്കയ്ക്കായി 1976 ല്‍ ജനറല്‍ ഡൈനാമിക്‌സ് കമ്പനിയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ എന്‍ജിന്‍ സൂപ്പര്‍ സോണിക് മള്‍ട്ടി റോള്‍ ഫൈറ്റര്‍ വിമാനമാണിത്. 1993ല്‍ ജനറല്‍ ഡൈനാമിക്‌സ്, ലോഹ്ഹീഡ് കോര്‍പ്പറേഷനു നിര്‍മാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാര്‍ട്ടിനായി. പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാന്‍ ശേഷിയുള്ള പോര്‍വിമാനങ്ങളാണിത്. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളാണ് എഫ് 16ന്റെ പ്രധാന എതിരാളികള്‍. 1986ലെ സോവിയറ്റ്അഫ്ഗാന്‍ യുദ്ധകാലത്താണ് എഫ് 16 പാക് വ്യോമസേനയുടെ ഭാഗമാവുന്നത്. 2002ല്‍ താലിബാനെതിരേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാകിസ്താന് സാധിച്ചു. ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കാനാണ് ഈ വിമാനങ്ങള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. പാകിസ്താന്‍ ആകെ 40 വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ 30 ല്‍ കൂടുതല്‍ എണ്ണം ഇപ്പോഴും സര്‍വീസിലുണ്ട്. 71 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അമേരിക്ക പിന്നീട് കരാര്‍ റദ്ദാക്കുകയായിരുന്നു. നിലവിലുള്ള വിമാനങ്ങള്‍ കാലപ്പഴക്കവും പഴയ സാങ്കേതിക വിദ്യയും കാരണം പിന്‍വലിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായി നില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക പുതിയ സഹായ പാക്കേജുമായി എത്തിയിരിക്കുന്നത്.

സവാഹിരിയുടെ വധവും അമേരിക്കയുടെ ഉപഹാരവും

സവാഹിരി

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാകിസ്താന്റെ എഫ് 16 വിമാനങ്ങളുടെ എഞ്ചിനും സാങ്കേതിക വിദ്യകളും ഉള്‍പ്പടെ മാറ്റി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. എന്നാല്‍ ഇവയില്‍ വിമാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കലോ പുതിയ ആയുധങ്ങളോ ഉള്‍പ്പെടുന്നില്ലെന്നാണ് യു.എസ് കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരം. തങ്ങളുടെ പ്രധാന ഭീകരവിരുദ്ധ പങ്കാളി എന്ന നിലയില്‍ പാകിസ്താന് തങ്ങള്‍ തന്നെ നല്‍കിയ സംവിധാനങ്ങളുടെ പരിപാലനം മാത്രമാണ് ഈ പാക്കേജെന്നും യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം അല്‍-ഖ്വായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊല്ലപ്പെടുത്തിയ ഓപ്പറേഷന് പാകിസ്താന്‍ നല്‍കിയ സഹായങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രതിഫലമാണ് ഈ ഡീലെന്ന ആക്ഷേപവും സജീവമാണ്. സവാഹിരിയുടെ മരണത്തിന് പിന്നാലെ ഐ.സ്.ഐ തലവന്‍ ഡയറക്ടര്‍ ജനറല്‍ നദീം അഞ്ജൂമിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനവും ഈ വാദത്തിന്റെ ശക്തി കൂട്ടി. എന്നാല്‍ അമേരിക്കയും പാകിസ്താനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. യുക്രൈന്‍-റഷ്യ വിഷയത്തില്‍ ഉള്‍പ്പടെ ഇന്ത്യ-അമേരിക്ക ബന്ധം അത്ര സുഖകരമല്ലാത്ത ഒരു സാഹചര്യത്തില്‍ കൂടിയാണ് ബൈഡന്‍ സര്‍ക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ആശങ്ക

പാകിസ്താന്‍ നടത്തുന്ന ആഭ്യന്തര ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനാണ് പുതിയ പദ്ധതിയെന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം. പാക് അതിര്‍ത്തിക്കുള്ളില്‍ ഭീകരവിരുദ്ധ ആവശ്യങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് അമേരിക്കയുമായുള്ള കരാര്‍. വിമാനത്തില്‍ ആയുധം ഘടിപ്പിക്കുന്നതിന് മുന്‍പ് അമേരിക്കയെ അറിയിക്കണമെന്നും ചട്ടമുള്ളതായാണ് സൂചന. പക്ഷേ, പാകിസ്താന്റെ പോര്‍വിമാനങ്ങളുടെ ലക്ഷ്യം എല്ലാ സാഹചര്യങ്ങളിലും ഇന്ത്യന്‍ അതിര്‍ത്തികളാവും എന്നതാണ് ഇന്ത്യന്‍ ആശങ്കയുടെ അടിസ്ഥാനം. മൃതപ്രായരായി സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പാകിസ്താന്‍ എയര്‍ഫോഴ്‌സിന്റെ ശക്തികേന്ദ്രങ്ങളായ എഫ് 16 വിമാനങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ളതാണ് പുതിയ അമേരിക്കന്‍ സഹായം. ഇത് പാകിസ്താന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. 2019 ല്‍ ഇന്ത്യക്കെതിരായ വ്യോമാക്രമണത്തില്‍ പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈ വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഒരു എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യയുടെ മിഗ് 21 വിമാനത്തില്‍ നിന്നാണ് അഭിനന്ദന്‍ എഫ് 16 വെടിവെച്ചിട്ടത്. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ നിഷേധിക്കുകയാണുണ്ടായത്. പാകിസ്താനിലേയ്ക്കുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ വരവിൽ ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയുണ്ടോ? ഭാവിയിൽ ഈ വിമാനങ്ങൾ ഉയർത്തിയേക്കാവുന്ന ഭീഷണി പ്രതിരോധിക്കാനും അതിന് തക്ക തിരിച്ചടി നൽകാനുമുള്ള എന്ത് ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്? ഈ അന്വേഷണത്തിൽ ഇന്ത്യയ്ക്ക് അത്ര വലിയ ആശങ്കയ്ക്ക് വകയില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ഇന്ത്യയുടെ ആവനാഴിയും ശക്തമാണ്.

ഇന്ത്യയുടെ പ്രധാന യുദ്ധവിമാനങ്ങള്‍

റഫാല്‍

ബുധനാഴ്ച അംബാല വ്യോമതാവളത്തിലെത്തിയ റഫാല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാല്‍ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങള്‍ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാര്‍ മുന്നറിയിപ്പ് റിസീവറുകള്‍, ലോ ബാന്‍ഡ് ജാമറുകള്‍, ഇന്‍ഫ്രാറെഡ് തിരച്ചില്‍ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാന്‍സിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. 2016 സെപ്റ്റംബറിലാണ്‌ ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാല്‍ വിമാനങ്ങളാണ്‌ ഇന്ത്യ വാങ്ങുന്നത്. ഇതില്‍ 28 എണ്ണം സിംഗിള്‍ സീറ്റും എട്ടെണ്ണം ഡബിള്‍ സീറ്റുമാണ്. 10 ടണ്‍ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്.

സുഖോയ്-30

2002-ലാണ് ഇന്ത്യയിലെത്തുന്നത്. റഷ്യന്‍ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചരിക്കാനും എവിടേയും ബോംബിടാന്‍ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിള്‍ സീറ്റുമുണ്ട് ഇതിന്. ഒരു എക്‌സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാന്‍ ശേഷി. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗത.

മിറാഷ് 2000

മിറാഷ്-2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാര്‍ന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ്. 1985-ലാണ് ആദ്യമായി കമ്മീഷന്‍ ചെയ്തത്. റഫാലിന്റെ നിര്‍മാതാക്കളായ ഫ്രാന്‍സിലെ ദസോ ഏവിയേഷനാണ് ഇതിന്റേയും നിര്‍മാതാക്കള്‍. സിംഗിള്‍ എഞ്ചിനും സിംഗിള്‍ സീറ്റുമുള്ള മിറാഷ് 2000 ന് പരമാവധി വേഗത മണിക്കൂറില്‍ 2495 കി.മീറ്റാണ്. രണ്ട് 30 എംഎം ഇന്റഗ്രല്‍ പീരങ്കികളും രണ്ട് മാട്രാ സൂപ്പര്‍ 530 ഡി മീഡിയം റേഞ്ചും രണ്ട് ആര്‍ -550 മാജിക് 2 ക്ലോസ് കോംബാറ്റ് മിസൈലുകളും വഹിക്കുന്നു.

മിഗ്-27

മിഖായോന്‍ ഗുരേവിച്ച് രൂപകല്‍പ്പന ചെയ്ത മിഗ് 27 ലൈസന്‍സ് കരാര്‍ പ്രകാരം എച്ച്.എ.എല്ലാണ് നിര്‍മിച്ചത്. സിംഗിള്‍ എഞ്ചിന്‍, സിംഗിള്‍ സീറ്ററായ മിഗ് 27 ന്റെ പരമാവധി വേഗത 1700 കി.മീറ്ററാണ്. ഒരു 23 എം.എം.ആറ് ബാരല്‍ റോട്ടറി ഇന്റഗ്രല്‍ പീരങ്കി വഹിക്കുന്ന ഇതിന് 4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങള്‍ ബാഹ്യമായി വഹിക്കാന്‍ കഴിയും.

മിഗ്-29

മിഖായോന്‍ ഗുരേവിച്ച് നിര്‍മിച്ച മറ്റൊരു യുദ്ധവിമാനമാണ് മിഗ് 29. 1970കളില്‍ യുഎസിന്റെ എഫ് സീരീസ് വിമാനങ്ങളായ എഫ്-15, എഫ്-16 എന്നിവയെ നേരിടുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. 1985-ലാണ് ഇത് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ ഉപയോഗിക്കുന്നു. ഇരട്ട എഞ്ചിന്‍, സിംഗിള്‍ സീറ്റ്, ആകാശത്ത് വ്യക്തമായ മേധാവിത്വമുള്ള മിഗ്-29 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2445 കി.മീറ്ററാണ്. 17 കിലോമീറ്റര്‍ പോരാട്ട പരിധിയുണ്ട്. 30 എംഎം പീരങ്കിയും നാല് ആര്‍ -60 ക്ലോസ് കോംബാറ്റും രണ്ട് ആര്‍ -27 ആര്‍ മീഡിയം റേഞ്ച് റഡാര്‍ ഗൈഡഡ് മിസൈലുകളും വഹിക്കുന്നു.

ജാഗ്വര്‍

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും ഫ്രഞ്ച് വ്യോമസേനയും ചേര്‍ന്ന് വികസിപ്പിച്ചെത്ത ഒരു യുദ്ധവിമാനമാണ് ജാഗ്വാര്‍. ഇരട്ട എഞ്ചിനും സിംഗിള്‍ സീറ്റും. നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്. മണിക്കൂറില്‍ 1350 കി.മീറ്റര്‍ വേഗതയില്‍ വരെ പറക്കും.

തേജസ്

വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് യുദ്ധവിമാനമാണിത്. മണിക്കൂറില്‍ 2205 കി.മീറ്റര്‍ വരെ പരമാധി താണ്ടും. മിറാഷ്-2000 സ്വീഡന്റെ ഗ്രിപ്പന്‍ തുടങ്ങിയവയോട് കിടപിടിക്കുന്നു. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ കഴിയും. എച്ച്.എ.എല്ലാണ് നിര്‍മിച്ചിട്ടുള്ളത്.

മിഗ്-21

1961-ലാണ് റഷ്യയില്‍ നിന്ന് മിഖായോന്‍ ഖുരേവിച്ച് മിഗ് 21 വിമാനം ഇന്ത്യ ഏറ്റെടുക്കുന്നത്. സിംഗിള്‍ എഞ്ചിനാണ്. സിംഗിള്‍ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. വ്യോമസേനയുടെ നട്ടെല്ലായി അറിയപ്പെടുന്ന മിഗ്-21 ന്റെ പരമാവധി വേഗത മണിക്കൂറില്‍ 2,230 കിലോമീറ്ററാണ്. നാല് ആര്‍-60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റര്‍ ഇരട്ട ബാരല്‍ പീരങ്കി വഹിക്കാനാകും.

Content Highlights: What Does US Aid To Upgrade Pakistan’s F-16s Mean for India?

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Garlic
Premium

7 min

തക്കംപാര്‍ത്ത് ചൈനയിറക്കിയ വെളുത്തുള്ളിതന്ത്രം; ചെലവുകുറയ്ക്കാന്‍ ജയില്‍പുള്ളികളും അടിമകളും

Oct 2, 2023


indira Gandhi, Dhirendra Brahmachari
Premium

9 min

അധികാരത്തിന്റെ അകത്തളങ്ങളിൽ വിരാജിച്ച യോഗ ഗുരു; ആരായിരുന്നു ധീരേന്ദ്ര ബ്രഹ്‌മചാരി...?

Mar 13, 2023


nandini milk
Premium

6 min

'നന്ദിനി'യുടെ നാട്ടിലേക്ക് 'അമുല്‍' വരുമ്പോള്‍; പാലില്‍ തിളയ്ക്കുന്ന കര്‍ണാടക രാഷ്ട്രീയം

Apr 17, 2023

Most Commented