വിമാനത്തിന്റെ അവശിഷ്ടവുമായി റിച്ചാർഡ് ഗോഡ്ഫ്രേയും റെക്കേജ് ഹണ്ടറും | Photo: Twitter.com/fl360aero
2014 മാര്‍ച്ച് 8-ന് പുലര്‍ച്ചെ 1.19. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും ചൈനയിലെ ബെയ്ജിങ് ലക്ഷ്യമാക്കി പറന്നുയര്‍ന്ന എംഎച്ച് 370 ബോയിങ് വിമാനത്തില്‍ നിന്നും ക്വാലാലംപൂരിലെ എയര്‍ ട്രാഫിക് കണ്ട്രോള് സ്റ്റേഷനിലേക്ക് ഒരു സന്ദേശം എത്തി. ആകാശത്ത് 35,000 അടി ഉയരത്തിലായിരുന്നു ആ വിമാനം അപ്പോള്‍. 'ഗുഡ് നൈറ്റ് മലേഷ്യന്‍ ത്രീ സെവന് സീറോ' എന്നതായിരുന്നു ആ സന്ദേശം. അതായിരുന്നു വിമാനത്തില്‍നിന്നും ലഭിച്ച അവസാന സന്ദേശം. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം വിമാനം ദിശമാറി പറക്കുന്നത് ഉപഗ്രഹക്യാമറകളില് പതിഞ്ഞിരുന്നു. ബെയ്ജിങ് ലക്ഷ്യമാക്കി വടക്കു കിഴക്ക് ഭാഗത്തേക്കു പോകാതെ എതിര് ദിശയിലേക്കാണ് വിമാനം തിരിഞ്ഞത്. മലാക്ക കടലിടുക്കിനു മുകളിലൂടെ പറന്ന വിമാനം പിന്നീട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
പിന്നെ കണ്ടത് വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലായിരുന്നു. കോടികള്‍ ചെലവഴിച്ച് കടലും കരയും അരിച്ചുപെറുക്കി തിരച്ചില്‍ നടത്തി. ഓസ്ട്രേലിയന്‍ തീരം മുതല്‍ ആഫ്രിക്കന്‍ തീരം വരെയുള്ള ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ വിശദമായ തിരച്ചില്‍ നടന്നു. പക്ഷേ, ഫലമുണ്ടായിരുന്നില്ല. പിന്നാലെ ആരോപണങ്ങളും വിവാദങ്ങളുമുണ്ടായി. വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് പലരും പഠനങ്ങളും സിദ്ധാന്തങ്ങളും പുറത്തിറക്കി. പക്ഷേ, മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 എന്ന വിമാനത്തിന് എന്ത് പറ്റി എന്ന ചോദ്യത്തിന് മാത്രം ഇന്നും കൃത്യമായ ഉത്തരമില്ല. എങ്കിലും ഉറ്റവരെ നഷ്ടമായ ഒരുപാട് കുടുംബങ്ങള്‍ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്, ആ വിമാനത്തിന് എന്ത് സംഭവിച്ചു എന്ന വാര്‍ത്ത അറിയാന്‍...
ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പറന്ന വിമാനം
2014 മാര്‍ച്ച് 8-ന് പുലര്‍ച്ചെ 12.14നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്-777 വിമാനം എംഎച്ച് 370 മലേഷ്യന്‍ തലസ്ഥാനനഗരമായ ക്വാലാലംപൂരിലെ എയര്‍പോര്‍ട്ടില്‍നിന്നും പറന്നുയര്‍ന്നത്.ചൈനയിലെ ബെയ്ജിങ് വിമാനത്താവളമായിരുന്നു ലക്ഷ്യം. മലേഷ്യന്‍ സ്വദേശിയായ സാഹറി അഹമ്മദ് ഷാ എന്ന അനുഭവസമ്പന്നനായ പൈലറ്റായിരുന്നു വിമാനത്തിന്റെ പ്രധാന ക്യാപ്റ്റന്‍. ഫാരിഖ് അഹമ്മദ് ഹമീദ് എന്ന 27-കാരനായിരുന്നു സഹപൈലറ്റ്. 10 ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരും 227 യാത്രക്കാരുമുള്‍പ്പെടെ ആ വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത്. 239 പേര്. യാത്രക്കാരില്‍ 153 പേര് ചൈനീസ് പൗരന്മാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ക്വാലലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയം നടക്കുന്നത്. ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ക്വാലലംപൂരിലെ കണ്ട്രോള് സ്റ്റേഷനില്‍നിന്നും നല്കിയ നിര്‍ദേശത്തിനുള്ള മറുപടിയായാണ് വിമാനത്തില്‍ നിന്ന് സന്ദേശം എത്തിയത്. ഒപ്പം കണ്ട്രോള് സ്റ്റേഷനിലുള്ളവര്‍ക്ക് ശുഭരാത്രിയും പൈലറ്റ് നേര്‍ന്നു. എന്നാല്‍ വിമാനത്തില്‍നിന്ന് ഹോചിമിന്‍സിറ്റി സ്റ്റേഷനിലേക്ക് സന്ദേശം ഒന്നും എത്തിയില്ല. പൈലറ്റുമായി ബന്ധപ്പെടാന്‍ എയര്‍ ട്രാഫിക് കണ്ട്രോള് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവര്‍ മലേഷ്യന്‍ അധികൃതര്‍ക്ക് വിവരം കൈമാറി.
മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വിയറ്റ്നാം അതിര്‍ത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തില്‍നിന്ന് സിഗ്നല്‍ നല്കുന്ന ട്രാന്‍സ്പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്നാണ് കരുതുന്നത്. പിന്നീട് ഉപഗ്രത്തിലേക്ക് വിമാനത്തില്‍ നിന്ന് സിഗ്നല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏത് പ്രദേശത്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് തകര്‍ന്നുവീണിരിക്കാമെന്ന നിഗമനത്തിലാണ് വിദഗ്ധരെല്ലാം ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്.

ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചില്‍
വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരച്ചില്‍ സംരംഭമായിരുന്നു എംഎച്ച് 370-ന് വേണ്ടി നടത്തിയത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടല്‍മേഖലയായിരുന്നു ആദ്യഘട്ടത്തില്‍ തിരച്ചില്‍ നടത്തിയത്. എംഎച്ച് 370 ആ മേഖലയില്‍ എവിടെ എങ്കിലും തകര്ന്നുവീണിട്ടുണ്ടാകും എന്ന് തന്നെയാണ് തുടക്കത്തില്‍ കരുതിയിരുന്നത്. കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ മേഖലയിലെ വിവിധ രാജ്യങ്ങളും പങ്കുചേര്‍ന്നിരുന്നു. പിന്നീട് വിവിധ ഏജന്സികകളും ഇതില്‍ പങ്കാളികളായി.
കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഉപഗ്രഹ സിഗ്നല്‍ ലഭിച്ചുവെന്ന് കരുതപ്പെടുന്ന മധ്യ ഏഷ്യന്‍ പ്രദേശം മുതല്‍ ഓസ്ട്രേലിയിയയുടെ തെക്കന്‍ തീരത്ത് വരെ ഇതെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏതാണ്ട് 1,20,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലാണ് ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത്. ഓസ്ട്രേലിയ, മലേഷ്യ, ചൈന സര്‍ക്കാരുകള്‍ മൂന്ന് വര്‍ഷത്തോളം സംയുക്തമായാണ് ഇതിന് നേതൃത്വം നല്‍കിയത്. തിരച്ചിലിനിടയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ നിന്ന് നിരവധി വിമാനാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്നും സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. മൂന്ന് വര്‍ഷത്തോളം കോടികള്‍ ചെലവാക്കിയിട്ടും ഫലമില്ലാതെ വന്നതോടെ ഓസ്ട്രേലിയ, മലേഷ്യ, ചൈന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തിവന്ന തിരച്ചില്‍ 2017 ജനുവരിയില്‍ നിര്‍ത്തി. പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ഏജന്‍സികളും തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനഭാഗങ്ങള്‍ കിട്ടിയിരുന്നു എങ്കിലും വിമാനത്തില്‍ എന്തു സംഭവിച്ചുവെന്ന നിര്‍ണായക വിവരം നല്കാന് കഴിയുന്ന ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ സാധിച്ചില്ല. വിമാനത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഒന്നിനും തെളിവുകളോ സ്ഥിരീകരണമോ ഉണ്ടായില്ല.

പൈലറ്റിനെ പ്രതിക്കൂട്ടിലാക്കി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍
വിമാനം തകര്‍ന്നെന്നും അതിലുള്ള എല്ലാവരും കൊല്ലപ്പെട്ടുവെന്നുമാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. വിമാനം കാണാതായ അന്ന് തുടങ്ങിയതാണ് ഇതു സംബന്ധിച്ച ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും. ഇക്കാര്യത്തില്‍ ഏറ്റവുമധികം സംശയിക്കപ്പെടുന്നത് പ്രധാന പൈലറ്റായിരുന്ന സാഹറി അഹമ്മദ് ഷായും. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് സാഹറി അഹമ്മദ് ഷായ്ക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നുമാണ് തുടക്കും മുതല്‍ പ്രചരിച്ച കഥ. സഹപൈലറ്റിനെ കോക്പിറ്റില്‍ നിന്നും പുറത്താക്കി, വിമാനത്തിന്റെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ച ശേഷം വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഷായുടെ കുടുംവും മലേഷ്യന്‍ സര്‍ക്കാരും അത് നിഷേധിച്ചിരുന്നു.
ചൈനയും അമേരിക്കയും ഉത്തര കൊറിയയും റഷ്യയുമൊക്കെ പ്രതികളാകുന്ന മറ്റ് ഒട്ടനവധി സിദ്ധാന്തങ്ങള്‍ പിന്നാലെ പുറത്തുവന്നു. വടക്കന്‍ കൊറിയ വിമാനം പിടിച്ചെടുത്തു എന്നതായിരുന്നു അതിലൊന്ന്. വിമാനം അമേരിക്കന്‍ വ്യോമസേന വെടിവച്ചിട്ടു എന്നതായിരുന്നു മറ്റൊന്ന്. യുഎസിന്റെ നിരീക്ഷണ സംവിധാനത്തിന്റെ സാങ്കേതികവിദ്യ നിര്‍മിച്ച ഫ്രീസ്കെയില്‍ സെമികണ്ടക്ടര്‍ എന്ന കമ്പനിയുടെ ജീവനക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും ഇവരെ പിടികൂടാന്‍ വേണ്ടി ചൈന ആസൂത്രണം ചെയ്തതാണ് വിമാനത്തിന്റെ തിരോധാനം എന്നുമാണ് മറ്റൊരു ഒരു പ്രമുഖ വാദം. റഷ്യ വിമാനം തട്ടിയെടുത്തുവെന്നു മധ്യേഷ്യയിലെ ഏതോ അജ്ഞാത സ്ഥലത്ത് എംഎച്ച് 370 ലാന്‍ഡ് ചെയ്തുവെന്നും ആദ്യകാലത്ത് സിദ്ധാന്തങ്ങളുണ്ടായിരുന്നു.
വിമാനം കാണാതായി നാലു വര്‍ഷത്തിനു ശേഷം ഇത് സംബന്ധിച്ച് മലേഷ്യന്‍ അധികൃതര്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ വിമാനത്തിന് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം നല്കാന് ഈ റിപ്പോര്‍ട്ടിനും കഴിഞ്ഞിരുന്നില്ല. വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താനാകൂ എന്നാണ് മലേഷ്യയുടെ നിലപാട്. എന്നാല്‍, വിമാനത്തിന് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് മലേഷ്യന്‍ അധികൃതര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നും പല കാര്യങ്ങളും പുറത്തുവിടാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഒരു വാതില്‍ കണ്ടെത്തുന്നു
മഡഗാസ്കറിലെ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയ വിമാനാവശിഷ്ടമാണ് മലേഷ്യന്‍ വിമാനത്തെ വീണ്ടും വാര്‍ത്തകളില്‍ നിറക്കുന്നത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ വാതിലാണ് മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. 2017-ല്‍ ഫെര്‍ണാണ്ടോ കൊടുങ്കാറ്റിന് പിന്നാലെ മഡഗാസ്കര്‍ തീരത്തടിഞ്ഞ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ഡോറാണ് റ്റാറ്റാലി എന്ന മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. എന്നാല്‍ ഇത് എന്താണെന്ന് തിരിച്ചറിയാതെ അദ്ദേഹമിത് തന്റെ വീട്ടില്‍ സൂക്ഷിച്ചുവരികയായിരുന്നു. റ്റാറ്റാലിയുടെ ഭാര്യ വസ്ത്രമലക്കുന്നതിനുള്ള വാഷിങ് ബോര്‍ഡായാണ് ഇവ ഉപയോഗിച്ചു വന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് വ്യക്തമായി.
ബ്രിട്ടീഷ് എന്‍ജിനീയറായ റിച്ചാര്‍ഡ് ഗോഡ്ഫ്രേയും റെക്കേജ് ഹണ്ടറും (വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിരയുന്ന വ്യക്തി) അമേരിക്കക്കാരനുമായ ബ്ലെയിന്‍ ഗിബ്സണും ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ പഠനവിധേയമാക്കിയത്. വിമാനം മനഃപൂർവം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വേഗത്തല്‍ കടലില്‍ ഇടിച്ചിറക്കി വിമാനം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു പൈലറ്റിന്റെ ലക്ഷ്യമെന്നാണ് ഇവര്‍ അനുമാനിക്കുന്നത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍, വാതിലിന്റെ ഭാഗങ്ങള്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്ന പൊട്ടലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് ഇത്തരമൊരു സൂചന ലഭിച്ചിരിക്കുന്നത്.

ലക്ഷ്യമിട്ടത് വിമാനം പൂര്‍ണമായി തകര്‍ക്കുക?
പൈലറ്റ് വിമാനം പൂര്‍ണമായി തകര്‍ക്കാനാണ് ലക്ഷ്യമിട്ടതെന്നാണ് റിച്ചാര്‍ഡ് ഗോഡ്ഫ്രേയും ബ്ലെയിന്‍ ഗിബ്സണും പറയുന്നത്. ഡോറിന് മുകളില്‍ കണ്ട നാല് അര്‍ധ സമാന്തര പിളര്‍പ്പുകള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിന്റെ ഫലമായുണ്ടായതാണ് എന്ന അനുമാനമാണ് വിമാനം ഇടിച്ചിറക്കിയതാണെന്ന നിഗമനത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്. വിമാനത്തെ പൂര്‍ണമായും പിളര്‍ക്കാനുതകുന്ന വിധത്തിലും വിമാനം വൈകാതെ മുങ്ങുന്ന വിധത്തിലുമുള്ള വിമാനത്തിന്റെ ലാന്‍ഡിങ് ഇക്കാര്യം സ്ഥിരീകരിക്കുന്നതായും ഗോഡ്ഫ്രേയും ഗിബ്സണും പറയുന്നു. സമുദ്രത്തിലെ അടിയന്തര ലാന്‍ഡിങ്ങിന്റെ സാഹചര്യത്തില്‍ ലാന്‍ഡിങ് ഗിയര്‍ താഴ്ത്താറില്ല. എന്നാല്‍ ഇത് താഴ്ത്തുന്നത് വിമാനം പല കഷണങ്ങളായി നുറുങ്ങുന്നതിനും വിമാനം വേഗത്തില്‍ മുങ്ങിത്താഴുന്നതിനും ഇടയാക്കും. ഇത് ഏതെങ്കിലും വിധത്തിലുള്ള യാത്രക്കാരുടെ രക്ഷപ്പെടല്‍ തടസപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു.
ചോദ്യങ്ങള്‍ അവശേഷിക്കുന്നു
വിമാനം മനഃപൂര്‍വം ഇടിച്ചിറക്കുകയായിരുന്നുവെന്ന് റിച്ചാര്‍ഡ് ഗോഡ്ഫ്രെയും ബ്ലെയ്ന്‍ ഗിബ്സണും പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ പിന്നെയും അവശേഷിക്കുകയാണ്. വാതിലിലെ പൊട്ടലുകള്‍ മറ്റും പഠനവിധേയമാക്കിയാണ് അവര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ എന്നാല്‍ വര്‍ഷങ്ങളായി തുണി അലക്കുന്നതിനായി ഉപയോഗിച്ച ഒരു വിമാന ഭാഗത്തിന്റെ പൊട്ടലുകള്‍ അപഗ്രഥിച്ച് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് എത്തുന്നത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം. ഒപ്പം ഒട്ടേറെ ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാര്‍ക്കും രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെയുളള 12 ജോലിക്കാര്‍ക്കും എന്തു സംഭവിച്ചു, വിമാനം തകര്ന്നുവീണതാണെങ്കില് അതിന്റെ അവശിഷ്ടങ്ങള്‍ എവിടെ എന്നിവയെല്ലാം ഉത്തരമില്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.
Content Highlights: Was MH370 Deliberately Downed By Pilot? Debris Offers New Clues To Mystery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..