വിദേശകാര്യമന്ത്രി വാങ് യി
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദര്‍ശനം ഒട്ടേറെ പ്രത്യേകതകളുള്ളതായിരുന്നു. 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ചൈനീസ് നേതാവായ വാങ്, പ്രസിഡന്റ് ഷി ജിന്‍ പിങ്ങടക്കമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നതനേതൃത്വത്തിനും ലിബറേഷന്‍ ആര്‍മിക്കും ഒരേപോലെ സ്വീകാര്യനായ അപൂര്‍വം ചൈനീസ് നേതാക്കളില്‍ ഒരാളാണ്. വിദേശകാര്യമന്ത്രി എന്നതിനപ്പുറം ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിലെ (കേന്ദ്ര കാബിനറ്റ്) സ്റ്റേറ്റ് കൗണ്‍സിലര്‍മാരില്‍ ഒരാളുമായ വാങ് അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ രൂപവത്കൃതമായ പ്രത്യേക പ്രതിനിധിതല ചര്‍ച്ചകളില്‍ അവസാനമായി ചൈനീസ് ഭാഗത്തെ നയിച്ചിരുന്നു എന്നും ഓര്‍ക്കുക.
വാങ്ങിന്റെ സന്ദര്‍ശനം ഒരു ഔദ്യോഗിക ക്ഷണം സ്വീകരിച്ചുകൊണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച്, അദ്ദേഹം നടത്തിയ ദക്ഷിണേഷ്യന്‍ ദൗത്യത്തിന്റെ ഭാഗമായി പാകിസ്താന്, അഫ്ഗാനിസ്താന്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയെ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. അതേസമയം, ഗാല്‍വന്‍ സംഘര്‍ഷത്തിനുശേഷം ഒരു മുതിര്‍ന്ന ഇന്ത്യന്‍ നേതാവിന്റെ ബെയ്ജിങ് സന്ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ വാങ്ങിനെപ്പോലുള്ള ഒരുന്നത നേതാവിനെ അതും ഔദ്യോഗിക ക്ഷണമൊന്നുമില്ലാതെ ഡല്‍ഹിക്കയക്കാന്‍ ചൈനീസ് നേതൃത്വം തയ്യാറായി എന്നതും ശ്രദ്ധിക്കപ്പെട്ടു.
ചൈനയുടെ നീക്കങ്ങള്‍
അതിര്‍ത്തിയില്‍ പ്രത്യേകിച്ചും ലഡാക്കില്‍ ചിലയിടങ്ങളില്‍ നേര്‍ക്കുനേരെത്തന്നെ ഇരുഭാഗവും സൈനികരെ വിന്യസിച്ചിട്ട് രണ്ടുവര്‍ഷമായി.ഇത്തരം ഭാഗങ്ങളില്‍നിന്ന് അവരെ പൂര്‍ണമായും പിന്‍വലിക്കാനും അവര്‍ക്കുപിന്നില്‍ വിന്യസിച്ചിട്ടുള്ള പതിനായിരക്കണക്കിനു പടയാളികളെയും ഉഗ്രപ്രഹരശേഷിയുള്ള ആയുധസാമഗ്രികളെയും പൂര്‍വസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളിലെ സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന കാലവിളംബം വരുത്തുകയാണ്. വാങ്ങിന്റെ ഡല്‍ഹി സന്ദര്‍ശനം ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഒരു പര്യവേക്ഷണ ഉദ്യമം എന്നതിനപ്പുറം ഇന്ത്യക്ക് എന്തെങ്കിലും സുദൃഢമായ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന് ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല.
ഷിയുടെ മോഹങ്ങള്‍
ഈ വര്‍ഷാവസാനം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാനമായ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍ പിങ് മൂന്നാമതൊരു വട്ടം കൂടി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായോ, അല്ലെങ്കില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടേക്കാവുന്ന പാര്‍ട്ടി ചെയര്‍മാനായോ അവരോധിക്കപ്പെടും. പാര്‍ട്ടിയില്‍ മാവോ സേതുങ്ങിനെപ്പോലൊരു സ്വേച്ഛാധിപതി വീണ്ടും ഉണ്ടാകാതിരിക്കാന്‍ 1990 കളില്‍ അന്നത്തെ പരമോന്നത നേതാവ് ഡെങ്ങ് സിയാവോപിങ് ഉറപ്പാക്കിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കുള്ള രണ്ടുവട്ടം മാത്രം എന്ന ക്ലിപ്തപരിധി ഷി ജിന്‍ പിങ് എടുത്തുകളഞ്ഞതിനോട് ഉയര്‍ന്ന നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. അതേസമയം, തന്നെ പാര്‍ട്ടിയില്‍ പരസ്യമായി ചോദ്യംചെയ്യാന്‍ ഇന്നാര്‍ക്കും ധൈര്യമില്ലെന്ന് ഷി ജിന്‍ പിങ്ങിന് അറിയാമെങ്കിലും തന്റെ സ്ഥാനാരോഹണം സുഗമമായി നടക്കാന്‍ ഇന്ത്യയുമായുള്ളതടക്കം അതിര്‍ത്തിമേഖലകള്‍ ശാന്തമായിരിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. മുന്‍പറഞ്ഞ കാരണംകൊണ്ടുകൂടി ചൈനയില്‍ നടക്കാനിരിക്കുന്ന പതിന്നാലാമത് ബ്രിക്സ് ഉച്ചകോടി വിജയിക്കണമെന്നതില് ഷി ജിന്‍ പിങ്ങിന് വ്യക്തിപരമായി താത്പര്യമുണ്ട്. ചൈന നേതൃത്വം നല്കുന്ന ഈ കൂട്ടായ്മയുടെ സുപ്രധാന ഉന്നതസമ്മേളനം ഇന്ത്യന്‍ പ്രധാനമന്ത്രി ബഹിഷ്കരിക്കുന്നത് ആഭ്യന്തരതലത്തില്‍ ഷി ജിന്‍ പിങ്ങിനുള്ള തിരിച്ചടിയായി കണക്കാക്കപ്പെടും. വാങ്ങിന്റെ സന്ദര്‍ശനത്തില്‍ നരേന്ദ്രമോദിയുടെ ബ്രിക്സിലെ സാന്നിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാകണം.
പാകിസ്താന് ബന്ധം
ചൈനയുടെ ഭൂരാഷ്ട്രതന്ത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള പാകിസ്താനില്‍ ചൈനീസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേക ആശങ്കകള്‍ക്കൊന്നും ഇടമില്ല. ഇസ്ലാമാബാദില് മാര്‍ച്ച് 23-ന് നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി.) രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ആതിഥേയനായ പാക് വിദേശകാര്യമന്ത്രിയുടെ ക്ഷണപ്രകാരം വാങ് പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ പങ്കെടുത്തതിലും അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍, ഒ.ഐ.സി.യിലെ പ്രസംഗത്തില്‍ വാങ് കശ്മീര്‍പ്രശ്നത്തെ പരാമര്‍ശിച്ചത് തന്റെ ഇന്ത്യന്‍ യാത്രയ്ക്ക് തൊട്ടുമുന്‍പാണെന്നത് പ്രധാനമാണ്.
അന്താരാഷ്ട്രതലത്തില്‍ അഫ്ഗാനിസ്താനിലെ താലിബാന് ഭരണകൂടത്തോട് ലോകരാജ്യങ്ങള്‍ പൊതുവില്‍ അവലംബിച്ചിട്ടുള്ള സമീപനത്തില്‍നിന്ന് വ്യത്യസ്തമായി ഏറക്കുറെ സ്വതന്ത്രമായ ഒരു നിലപാടാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. ഔദ്യോഗികമായി താലിബാനെ അംഗീകരിച്ചിട്ടില്ലെങ്കിലും അവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചൈന തയ്യാറായി. ഇതില്‍ പാകിസ്താനുള്ള പങ്ക് ചെറുതല്ല.
ചൈന മാറേണ്ടതുണ്ട്
ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങവും തീരുമാനിച്ചതിനാണ് സന്ദര്‍ശനത്തിനുശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയം പുത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പ്രാധാന്യം നല്‍കിയത്. അതിര്‍ത്തിത്തര്‍ക്കം ഉഭയകക്ഷിബന്ധങ്ങളുടെ മൊത്തത്തിലുള്ള വികാസത്തിന് തടസ്സമാവരുത് എന്ന പ്രഖ്യാപിത നിലപാട് ചൈന ആവര്‍ത്തിച്ചു. ഗാല്‍വന്‍ സംഘര്‍ഷത്തിനു മുമ്പുവരെ ഈ സമീപനത്തെ അതിന്റെ പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ടാണെങ്കിലും ഇന്ത്യ എതിര്‍ത്തിരുന്നില്ല.
അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനായി വര്‍ഷങ്ങളുടെ ശ്രമഫലമായി 1993, 1996, 2005, 2012 എന്നീ വര്‍ഷങ്ങളില്‍ സമാധാനക്കരാറുകളുണ്ടാക്കിയിരുന്നു. ഇത് ലംഘിച്ച് ചൈന 2020-ല്‍ ലഡാക്കില്‍ കടന്നുകയറുകയും അഭൂതപൂര്‍വമായ സൈനികവിന്യാസം നടത്തുകയും ചെയ്തതോടെ ഇന്ത്യ ഈ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അതോടെ അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷിബന്ധങ്ങളുടെ പുരോഗതിക്കുള്ള മുന്ഉപാധിയാക്കുകയും ചെയ്തു. ചൈനക്ക് ഇത് സ്വീകര്യമായിരുന്നില്ലതാനും.
ഇന്ത്യന്‍ നിലപാടുകള്‍
ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധം ഇപ്പോള്‍ സാധാരണനിലയിലല്ലെന്നും അത് സാധാരണനിലയിലാവാന്‍ ചൈനയാണ് തങ്ങളുടെ നിലപാടുകളില്‍ സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും ജയ്ശങ്കര് വാങ്ങിനോട് തുറന്നുപറഞ്ഞതായി വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2020 ആദ്യം കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചൈനയില്‍ വൈദ്യപഠനം നടത്തുകയായിരുന്ന ഏകദേശം 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ആ വര്‍ഷം മാര്‍ച്ചോടെ ഇവരില്‍ ബഹുഭൂരിഭാഗം പേരുടെയും വിസയും റെസിഡന്റ് പെര്‍മിറ്റുകളും റദ്ദാക്കിയിരുന്നു. തിരിച്ചുചെല്ലുന്ന ഈ വിദ്യാര്‍ഥികളില്‍നിന്ന് ചൈനയില്‍ കോവിഡ് പടര്‍ന്നുപിടിക്കാതിരിക്കാനായി അവരുടെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായായിരുന്നു ഈ നടപടി.
എന്നാല്‍, ചൈനയുമായി നല്ല ബന്ധങ്ങളുള്ള ചില രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുചെല്ലാന്‍ പിന്നീട് അനുവാദം നല്‍കിയെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും ത്രിശങ്കുവിലാണ്. ഇത്തരം വിവേചനപരമായ നടപടികള്‍ പിന്‍വലിക്കണമെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം നാട്ടില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്പ്പെടുത്താമെന്നുമാത്രമാണ് വാങ് പറഞ്ഞത്. യുക്രൈന് പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്‍ നിലപാടില്‍നിന്ന് വിട്ടുനിന്നത് ചൈന സ്വാഗതം ചെയ്യുന്നു. എന്നാല്‍, ചൈനയോട് ചേര്‍ന്ന് യുക്രൈന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് ഗുണകരമാവില്ല എന്ന് ചൈനീസ് നേതൃത്വത്തിനും അറിയാം, എങ്കിലും ഇന്ത്യയെ യു.എസില്‍നിന്ന് അകറ്റാന്‍ ലഭിക്കുന്ന ഒരു അവസരവും അവര്‍ പാഴാക്കാതിരിക്കാന് ശ്രദ്ധിക്കും എന്നതും സത്യമാണ്.
(ചൈനയിലെ വിവിധ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ലേഖകന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസില്‍ ഡിസ്റ്റിങ് ഗ്യുഷ്ഡ് സീനിയര്‍ ഫെലോ, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചില്‍ സീനിയര്‍ ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു)
Content Highlights: Wang yi's India visit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..