യെവ്ജനി പ്രിഗോസിൻ, വ്ളാദിമിർ പുതിൻ | Photo: AP
എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. എന്തിനെക്കുറിച്ചാണെന്നും അറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ എന്നുമറിയില്ല. ചിലപ്പോള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്നുറപ്പില്ല. അദ്ദേഹം തന്നെയാണോ തീരുമാനമെടുക്കുന്നത്? അതോ മറ്റാരെങ്കിലുമാണോ?
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ കഴിഞ്ഞയാഴ്ച യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈൻ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണനൃത്തം ചവിട്ടുമ്പോൾ സെലൻസ്കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാർത്ഥത്തിൽ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോ അതോ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്നർ ഗ്രൂപ്പുമായുള്ള ബന്ധം പുതിൻ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങൾ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലൻസ്കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിർ പുതിനോ യവ്ജെനി പ്രിഗോസിനോ?
.jpg?$p=1990e2a&&q=0.8)
റഷ്യ-യുക്രൈന് യുദ്ധത്തെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നതിന്റെ പേരില്‍ 19 വയസ്സുകാരി ഒലസ്യ ക്രിവറ്റ്സോവ എന്ന റഷ്യന്‍ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ആര്ക്കാങ്കെള്സ്ക്ക് പ്രവിശ്യയില്‍ വീട്ടുതടങ്കലിലാണ്. ഒക്ടോബറില്‍ ക്രിമിയന്‍ പാലത്തില്‍ നടന്ന ഒരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തുവെന്നതാണ് കുറ്റം. പോസ്റ്റിട്ടതിന് ശേഷം ക്രിവറ്റ്സോവയിലെ താമസസ്ഥലത്തേക്ക് ഒരു ദിവസം പോലീസ് സംഘം ഇരച്ചുകയറുകയും തന്നെയും ഭര്‍ത്താവിനേയും നിലത്ത് കമഴ്ത്തിക്കിടത്തി ചുറ്റിക കൊണ്ട് അടിക്കാനോങ്ങുകയായിരുന്നുവെന്ന് ഒലസ്യ പറയുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ശിക്ഷ നടപ്പാക്കുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ മുന്‍ വീഡിയോ ഇവരെ കാണിക്കുകയും ചെയ്തു. ഒലസ്യയുടെ നീക്കങ്ങളെല്ലാം ഓരോ നിമിഷവും മനസ്സിലാക്കാന്‍ പ്രത്യേക ട്രാക്കിങ് സംവിധാനം ശരീരത്തില്‍ ഘടിപ്പിച്ചാണ് അന്ന് സംഘം മടങ്ങിയത്. ഇത് വാഗ്നര്‍ ഗ്രൂപ്പിന്റെ ആദ്യ മുന്നറിയിപ്പ് മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ വാഗ്നേറിയന്‍ ശിക്ഷ നടപ്പിലാക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ് യുക്രൈനില്‍.
- വാഗ്നറിനൊപ്പം ചേരുക അല്ലെങ്കില്‍ ക്രൂരപീഡനം
- ജയിലില്‍നിന്ന് റിക്രൂട്ട്മെന്റ്
മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ ദിമിത്രി ഉത്കിനാണ് ഇപ്പോൾ സംഘത്തലവന്. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനിനെതിരേ പോരാടാന്‍ ഇപ്പോള്‍ വാഗ്നര്‍ ഗ്രൂപ്പിലുള്ളത്. ഇതില്‍ പതിനായിരം പേർ കോണ്‍ട്രാക്ടേഴ്സും 40,000 പേർ കുറ്റവാളികളുമാണ്. പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യെവ്ജനി പ്രിഗോസിന് എന്ന വ്യാപാരി ഗ്രൂപ്പിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ പ്രധാന ജോലി യുക്രൈനിനെതിരേ അണിനിരക്കുകയെന്നതാണ്.

യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി ഏറെ അടുപ്പമുള്ള പ്രിഗോസിന്, പുതിന്റെ അനുവാദത്തോടെയാണ് സംഘത്തെ മുന്നോട്ട് കൊണ്ടുപോവുന്നതെന്നും ആരോപണം വരുന്നുണ്ട്. 2014-ല്‍ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് ആദ്യമായി വാഗ്നാര്‍ ഗ്രൂപ്പ് പങ്കെടുത്തത്. പിന്നീടങ്ങോട്ട് മുന്‍നിര സൈനികരാവുകയും ചെയ്തു. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് സൈനികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ഇത് റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിന് അടുത്താണെന്നത് കൊണ്ടുതന്നെ സായുധ ഗ്രൂപ്പും റഷ്യന്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും സംശയമുണ്ടാക്കുന്നുണ്ട്.
റഷ്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നള്ളവരേയും സംഘാംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ ഏകദേശം അയ്യായിരത്തോളം പേരെ യുക്രൈന് സെന്റര്‍ ഓഫ് അനലിറ്റിക്സ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. പരിശീലനകാലത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെല്ലാം വിലക്കാണ്. ട്രെയിനിങ്ങുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയവയൊന്നും ഏതെങ്കിലും നെറ്റ്വര്‍ക്ക് വഴി പങ്കുവെക്കുന്നതിനും വിലക്കുണ്ട്. റഷ്യയിലാണെങ്കിലും പുറത്താണെങ്കിലും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനും പാടില്ല. പാസ്പോര്‍ട്ടും മറ്റും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയും പകരം പേരെഴുതാത്ത പ്രത്യേക നമ്പര്‍ പതിച്ചിട്ടുള്ള ടാഗ് മാത്രമാണ് ഇവര്‍ക്ക് നല്‍കുക. ഒപ്പം പത്ത് വര്‍ഷത്തെ മുന്‍കൂര്‍ കരാര്‍ കമ്പനിയുമായി വെക്കുകയും വേണം.

മൊബൈൽ, ടാബ്ലെറ്റ്, മറ്റേതെങ്കിലും സംഭാഷണ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രത്യേകം നിയന്ത്രിച്ചിരിക്കും. കമാന്‍ഡന്‍ഡിന്റെ അനുമതിയോടെ നിശ്ചിതസമയത്തേക്ക് മാത്രമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക. ഏതെങ്കിലും തരത്തിലുള്ള വിശ്വാസലംഘനം കണ്ടെത്തിയാല്‍ വലിയ ശിക്ഷയ്ക്ക് വിധേയരാവുകയും പിരിച്ചുവിടപ്പെടുകയും ചെയ്യും. റഷ്യന്‍ പട്ടാളക്കാര്‍ തന്നെയാണ് ഇവര്‍ക്ക് ആവശ്യമുള്ള ഉപദേശ- നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നാണ് യുക്രൈന് സെക്യൂരിറ്റി സര്‍വീസ് ആരോപിക്കുന്നത്. യുദ്ധസമയത്ത് യുക്രൈനിന്റേയും റഷ്യയുടേയും ഭാഗത്ത് വലിയ ആള്‍നാശമുണ്ടാവാന്‍ തുടങ്ങിയതോടെയാണ് വാഗ്നര്‍ ഗ്രൂപ്പിനെ വലിയ രീതിയില്‍ യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
- ഉത്തര കൊറിയയില്‍നിന്ന് ആയുധം

റഷ്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെങ്കിലും കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവിധ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഇവരുടെ സംഘത്തെ ഇപ്പോള്‍ യുക്രൈനില്‍ യുദ്ധമുഖത്ത് റഷ്യ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സായുധ സംഘത്തിന്റെ സാന്നിധ്യം യുക്രൈനിലുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. റഷ്യന്‍ ഭരണഘടന പ്രകാരം റഷ്യയ്ക്ക് സ്വകാര്യ സേനകളെ പിന്തുണക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ സാന്നിധ്യം അംഗീകരിക്കാനും റഷ്യന്‍ പിന്തുണ പുറത്തു പറയാനും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുന്‍ സൈനികരെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും സംഘം വികസിച്ചതോടെ ജയിലില്‍ നിന്നടക്കമുള്ളവരെ ഇതില്‍ ചേര്‍ക്കുകയായിരുന്നു. വിരമിച്ചവരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സൈനികരേയുമെല്ലാം സംഘം ലക്ഷ്യമിട്ടു. വലിയ പണം വാഗ്ദാനം നല്കി കൂടെ ചേര്‍ക്കുകയും ചെയ്തു. ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇപ്പോഴും പുതിന് സമ്മതിക്കുന്നില്ലെങ്കിലും റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഇവര്‍ക്ക് വേണ്ട സാമ്പത്തിക പിന്തുണയടക്കം നല്‍കുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

- പുതിന്‍സ് ഷെഫ്, പിന്നീട് വാഗ്നര്‍ സ്ഥാപകന്‍
2014-ല്‍ ക്രിമിയന്‍ പെനിന്‍സുലയില്‍ നടന്ന യുദ്ധത്തില്‍ യുക്രൈനിനെ നിരായുധരാക്കാനും മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും റഷ്യന്‍ സൈനികര്‍ക്കൊപ്പം പ്രധാന പങ്കുവഹിച്ചത് വാഗ്നര്‍ സംഘാംഗങ്ങളാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിമിയയിലെ അധിനിവേശത്തിന് ശേഷം സംഘം യുക്രൈനിലെ ഡൊണ്ബാസിലേക്ക് പോവുകയും സര്‍ക്കാര്‍ സംവിധാനത്തെയാകെ കൈപ്പിടിയിലാക്കാനും റഷ്യന്‍ സൈന്യത്തെ സഹായിച്ചുവെന്ന് ബി.ബി.സി. അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോണബ്സിലെ യുദ്ധം തുടങ്ങിയ ഉടന്‍ യുക്രൈന് എയര്‍ഫോഴ്സ് വാഹനമായ ലുഷിന്‍ 11-76 വെടിവെച്ചിട്ടായിരുന്നു വാഗ്നര്‍ സംഘം അക്രമത്തിന് മൂര്‍ച്ചകൂട്ടിയത്. ലുഹാന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയായിരുന്നു അക്രമം. യുദ്ധത്തില്‍ വിമാനവും വിമാനത്താവളവും പൂര്‍ണമായി തകരുകയും ചെയ്തു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 49 പേരാണ് കൊല്ലപ്പെട്ടത്.

- മറഞ്ഞിരുന്നല്ല പോരാട്ടം നേരിട്ട്

ഇതിനിടെ വാഗ്നര്ഗ്രൂപ്പിനെതിരേ മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ റഷ്യന്‍ സൈന്യത്തിന് തന്നെ ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രൈനിലെ പല അക്രമങ്ങളുടേയും ക്രഡിറ്റ് റഷ്യന്‍ സൈന്യത്തിന് പകരം വാഗ്നര്‍ ഗ്രൂപ്പ് നേരിട്ടെടുക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പലപ്പോഴും യുദ്ധവിജയങ്ങള്‍ പ്രഖ്യാപിക്കുന്നത് വാഗ്നര്‍ സ്ഥാപകന്‍ യെവ്ജെനി പ്രിഗോസിനാണ്. പ്രിഗോസിന് പലപ്പോഴും വ്യക്തിപരമായി തീരുമാനമെടുക്കുന്നുവെന്നും ഇത് റഷ്യന്‍ സൈന്യത്തിന് ഭീഷണിയാവുമെന്നും കഴിഞ്ഞ ദിവസം യു.എസ്. ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര കുറ്റവാളി പട്ടികയില്‍ പെടുത്തിയതോടെ വലിയ ഉപരോധങ്ങളാണ് ഭാവിയില്‍ വാഗ്നര്‍ നേരിടാന്‍ പോവുന്നത്.
ആഫ്രിക്കയിലും മറ്റിടങ്ങങ്ങളിലും വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വ്യാപാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഉപരോധം വരാന്‍ സാധ്യതയുണ്ട്. കൂടാതെ വാഗ്നറിന് യു.എസില്‍ ആസ്തികള്‍ ഉണ്ടെങ്കില്‍ അത് കണ്ടെത്തി മരവിപ്പിക്കുകയും ഗ്രൂപ്പിന് ഫണ്ടോ സേവനങ്ങളോ നല്‍കുന്നതില്‍നിന്ന് യു.എസ്. പൗരന്മാരെ വിലക്കുകയും ചെയ്യും. ഇറ്റാലിയന്‍ മാഫിയകളേയും ജാപ്പനീസ്, റഷ്യന്‍ ക്രിമിനല്‍ സംഘടനകളെയും ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ പട്ടികയിലാണ് യു.എസ്. വാഗ്നറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യുക്രെയിനിലെ നിയമവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് വാഗ്നറിന്റെ ഉദ്ദേശ്യമെന്നായിരുന്നു പ്രിഗോസിനിന്റെ പ്രതികരണം.
Content Highlights: wagner group volodymyr Zelensky Ukraine Russia war putin's chef
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..