വിവിയൻ വെസ്റ്റ്വുഡ്|photo:gettyimages
കുഞ്ഞു വിവിയന്‍ സ്കൂളില്‍ നിന്നും ഓടിയെത്തിയിരുന്നത് പുതിയൊരുടുപ്പ് തുന്നാനുള്ള കൊതിയുമായിരുന്നു. തന്റെ പിഞ്ഞിപ്പോയ ഉടുപ്പുകള്‍ അഴിച്ചെടുത്ത് അവള് പുതിയ ഉടുപ്പുകള്‍ തുന്നിക്കൊണ്ടിരുന്നു. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലെ ഗ്ലോസോപ്ഡെയ്ലില് പച്ചക്കറി വില്‍പ്പനക്കാരനായ ഗോര്‍ഡന്‍ സ്വയറുടെയും കോട്ടണ്‍ മില്ലില്‍ ജോലി ചെയ്തിരുന്ന ഡോറയുടെയും മകളായിരുന്നു വിവിയന്‍. പഴയ ഉടുപ്പുതുണികളില് അവള് തീര്‍ത്ത പുതിയ കുപ്പായങ്ങള്ക്കൊപ്പം തന്റെ സ്വപ്നങ്ങള്‍ കൂടിയാണ് തുന്നിച്ചേര്‍ത്തത്. സൂചിത്തഴമ്പിന്റെ വിശ്വാസത്തില്‍ ഹാരോ ആര്‍ട്ട് സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നെങ്കിലും അവള്‍ക്ക് പഠനം തുടരാനായില്ല. തൊഴിലാളി വര്‍ഗ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ 'കല 'വിശപ്പ് കെടുത്തില്ലെന്ന തിരിച്ചറിവാണ് അതിന് കാരണമെന്ന് അവര്‍ പിന്നീട് പറഞ്ഞു. എന്നാല്‍ തയ്യല്‍ പഠിക്കാത്ത ഫാഷന്‍ സ്കൂള്‍ ഡിഗ്രിയില്ലാത്ത ആ പെണ്‍കുട്ടിയാണ് പിന്നീട് ആഗോള ഫാഷന്‍ ലോകം അടക്കിവാണ ഡിസൈനറായി മാറിയത്. അതേ മരണം വരെയും 'വിവിയന്‍ വെസ്റ്റ്വുഡ്' കല കൊണ്ട് വിപ്ലവമെഴുതിയവളായിരുന്നു.
'ഞാന്‍ തീവ്രവാദിയല്ല, ദയവായി എന്നെ അറസ്റ്റ് ചെയ്യരുതേ....' ഒരു ചുവന്ന ഹൃദയത്തിനൊപ്പം വിവിയന്‍ വെസ്റ്റ്വുഡ് തന്റെ ടീഷര്ട്ടിലെഴുതി. 2005-ല്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച നിരപരാധിയായ ഴാങ് ചാള്‍സ് ഡിമെനെസിനെ അനുകൂലിച്ചാണ് ഈ ടീഷര്‍ട്ടുകള്‍ക്ക് വിവിയന്‍ രൂപകല്‍പ്പന ചെയ്തത്.
വിവിയന്റെ ടീഷര്‍ട്ടുകളിട്ട് സിവില്‍ റൈറ്റ്സ് അനുകൂലികള്‍ ലണ്ടനിലെ തെരുവുകളിലിറങ്ങി. ലോക ഫാഷന്‍ ചരിത്രത്തിലെ നിലപാടുകളുടെ രാജ്ഞി അതായിരുന്നു വിവിയന്‍ വെസ്റ്റ്വുഡ്. ഫാഷന്‍ തന്റെ ജീവിതരീതിയും രാഷ്ട്രീയവുമായിരുന്നെന്ന് ഈ ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍ ജീവിതം കൊണ്ട് തെളിയിച്ചു.
അവളുടെ വസ്ത്രങ്ങള്‍ പോലും ലോകത്തോട് സംസാരിക്കുകയായിരുന്നു. എണ്‍പത്തിയൊന്നാം വയസില്‍ 2022 ഡിസംബര്‍ 29-ന് അവര്‍ വിടപറഞ്ഞുപോകുമ്പോള്‍ ബാക്കിയാകുന്നത് ഒരു പരിസ്ഥിതി സ്നേഹിയുടെ എണ്ണമില്ലാത്ത സ്വപ്നങ്ങള്‍ കൂടിയാണ്. അവസാനകാലത്തും അവര്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും പരിസ്ഥിതിസംരംക്ഷണത്തെപ്പറ്റിയും മാത്രമായിരുന്നു.
പച്ചക്കറിക്കാരന്റെ മകളുടെ സ്വപ്നങ്ങള്‍
പച്ചക്കറിവില്‍പ്പനക്കാരനായ ഗോര്‍ഡന്‍ സ്വയര്‍ കുടുംബവും രണ്ടാം ലോകയുദ്ധത്തിന് ശേഷം ലണ്ടനിലേയ്ക്ക് കുടിയേറി. അവിടെയൊരു പോസ്റ്റ് ഓഫീസ് അവര്‍ നടത്തിയിരുന്നു. ആര്‍ട്ട് സ്കൂളില്‍ പഠിക്കാനാവാതെ വന്ന വിവിയന്‍ ഫാക്ടറിയില്‍ ജോലിക്കാരിയായി. പിന്നീടാണ് അവള്‍ക്ക് പ്രൈമറി സ്കൂള്‍ അധ്യാപികയായി ജോലി ലഭിക്കുന്നത്.

രക്തത്തിലുള്ള തന്റെ സര്‍ഗാത്മകതയ്ക്ക് ഡിഗ്രിയൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച് വിവിയന്‍ അധ്യാപനത്തിനിടയില്‍ ആഭരണങ്ങള്‍ നിര്‍മിക്കുകയും പോര്‍ട്ടോബെല്ലോ റോഡിലെ സ്റ്റാളില്‍ വില്‍ക്കുകയും ചെയ്തു. 1962-ലാണ് ഡെറക് വെസ്റ്റ്വുഡുമായി അവളുടെ വിവാഹം നടന്നത്. സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അവര്‍ വിവാഹത്തിനണിഞ്ഞത്. എന്നാല്‍, ആ വിവാഹം മൂന്നുവര്‍ഷത്തിലധികം നീണ്ടുനിന്നില്ല. അവരുടെ മകനാണ് ലോകപ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ബെന്‍ വെസ്റ്റ്വുഡ്.
സെക്സ് പിസ്റ്റളും കീറിയ ജീന്‍സും
ഗായകന് ജോണി റോട്ടനും അദ്ദേഹത്തിന്റെ സെക്സ് പിസ്റ്റള്‍ എന്ന റോക്ക് മ്യൂസിക് ബാന്റ് പംഗ് മ്യൂസികിന്റെ ശബ്ദമായി മാറുമ്പോള്‍ വിവിയന്‍ വെസ്റ്റ്വുഡെന്ന പ്രൈമറി സ്കൂള്‍ അധ്യാപിക പംഗ് ഫാഷന്‍ അടിത്തറ പാകുകയായിരുന്നു. കീറിപ്പോയിരുന്ന വസ്ത്രങ്ങള്‍ സൂചിയും നൂലും ഉപയോഗിച്ച് തുന്നിയെടുത്തിരുന്ന കാലത്ത് വിവിയന്‍ ടീ ഷര്‍ട്ടുകളിലും ജീന്സുകളിലും ഡിസൈനര്‍ റിപ്പുകള്‍ ഇട്ടു.
1970-ല്‍ പംഗ് റോക്ക് തരംഗത്തിന്റെ ഹൃദയമായി അവള് മാറിയത് വളരെ പെട്ടെന്നായിരുന്നു. അവളുടെ കത്തുന്ന ഹൃദയത്തിലാണ് സെക്സ് പിസ്റ്റള്‍ ബാന്റിന്റെ ഔദ്യോഗിക വസ്ത്രങ്ങളുടെ ഡിസൈനുകളുണ്ടായത്. സെക്സ് പിസ്റ്റള്‍ മാനേജരായിരുന്ന മാല്‍കം മക്ലാരനെ കണ്ടുമുട്ടിയത് അവളുടെ ജീവിതത്തെ മാറ്റിയെഴുതുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് റോക്ക് ബാന്റിനായി അവള് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയത്.
.jpg?$p=a8c9da3&&q=0.8)
അവള് ജീന്‍സിന് കീറലുകളിട്ടു അതൊരു ട്രെന്‍ഡാക്കി മാറ്റി. വസ്ത്രങ്ങളില്‍ ചങ്ങലയും ബക്കിളുകളും പിടിപ്പിച്ചു. റാഗ്ഡ് ടീഷര്‍ട്ടുകള്‍, ബോണ്ടേജ് പാന്റ്സ്, രാജ്ഞിയുടെ ഗ്രാഫിക്സുകള്‍, സേഫ്റ്റി പിന് എംബ്ലിഷ്മെന്റ് എന്നിവയിലൂടെ പംഗ് ഫാഷന്‍ അവളിലൂടെ ജീവന് വെക്കുകയായിരുന്നു.
'ലെറ്റ് ഇറ്റ് റോക്കും' സെക്സും
മാല്‍കം മക്ലാരനും വിവിയനും ചേര്‍ന്നാണ് ലണ്ടനിലെ കിംഗ്സ് റോഡില്‍ തങ്ങളുടെ ബ്രാന്‍ഡ് സ്റ്റോര്‍ 'ലെറ്റ് ഇറ്റ് റോക്കി'ന് നേതൃത്വം നല്‍കിയത്. പംഗ് ഫാഷന്‍ കത്തിപ്പടര്‍ന്നപ്പോള്‍ സാമ്പ്രദായികവാദികളെ വെല്ലുവിളിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ എക്സ്ക്യൂസിവ് സ്റ്റോറാക്കി ' സെക്സ് ' എന്ന പേരില്‍ ലെറ്റ് ഇറ്റ് റോക്കിനെ പുനര്‍നാമകരണം ചെയ്തത്.
റിപ്പഡ് വസ്ത്രങ്ങള്‍, തുകല്‍, ചങ്ങല, സ്ട്രാപ്പുകള്‍, ബക്കിളുകള്‍ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ അവര്‍ ഡിസൈന്‍ ചെയ്തു. റബ്ബര്‍ കൊണ്ടുണ്ടാക്കിയ ഫെറ്റിഷ് വസ്ത്രങ്ങളും അവര്‍ തങ്ങളുടെ സ്റ്റോറില്‍ ഡിസൈന്‍ ചെയ്തു. സെക്സ് പിസ്റ്റളിലൂടെ അവരുടെ വസ്ത്രങ്ങള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. ലൈംഗിക സ്വാതന്ത്യത്തെ പിന്തുണച്ച വ്യക്തിയായിരുന്നു വിവിയന്‍. തന്റെ ഡിസൈനുകളിലും അവരുടെ നിലപാടുകള്‍ സുവ്യക്തമായിരുന്നു.

1976-ല്‍ ഈ ഷോപ്പിന് സെഡിഷണറിയെന്ന് പേരു മാറ്റി. ലോകത്തെയിളക്കി മറിച്ച് പംഗ് ഫാഷന്‍ ചരിത്രത്തിലെ അടിസ്ഥാനശിലയായി അവര്‍ അപ്പോളേക്കും മാറിക്കഴിഞ്ഞിരുന്നു. ഇവരുടെ ലണ്ടന്‍ സ്റ്റോര്‍ പങ്ക് റോക്ക് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി വളര്‍ന്നു. മക്ലാരന് സംഗീതവും ഫാഷനും രണ്ടായിരുന്നില്ല. ഇവരുടെ പിന്തുടര്ച്ചക്കാരായി നിരവധിപ്പേര്‍ ഈ രംഗത്തേയ്ക്ക് വന്നു.
വിവിയനും മക്ലാരനും 1981-ല്‍ ലണ്ടനിലെ ഒളിംബിയയില് തങ്ങളുടെ ആദ്യത്തെ ക്യാറ്റ് വാക്ക് കളക്ഷന്‍ 'പൈറേറ്റ് 'എന്ന പേരില്‍ ഇത് ഒരു യുണിസെക്സ് വാര്ഡ്രോബായി അവതരിപ്പിച്ചു. വിവിയന്റെ അതിരുകളില്ലാത്ത പ്രതിഭ ലോകം അംഗീകരിച്ചു.

നിലയ്ക്കാതെയുള്ള അവളുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. മക്ലാരനുമായുള്ള പങ്കാളിത്തം 1983-ല്‍ വിവിയന്‍ അവസാനിച്ചു.വിവിയന്‍ തന്റെ ജീവിതത്തിന്റെ മധ്യാഹ്നത്തിലും പംഗ് പ്രസ്ഥാനത്തിന്റെ അന്ത:സത്തയുടെ ഭാഗമായി നിലകൊണ്ടു. മക്ലാരന്റെയും വിവിയന്റേയും മകനായ ജോ കോറെ വസ്ത്ര കമ്പനിയായ ഏജന്റ് പ്രൊവോക്കേറ്ററിന്റെ സഹസ്ഥാപകനാണ്.
ബെക്കിങ് കൊട്ടാരത്തിലെ വിവാദമായ പാവാട ചുഴറ്റല്‍
തന്റെ ക്ലാഫാമിലെ ഫ്ളാറ്റിലെ തയ്യല്‍ മെഷീനില്‍ വസ്ത്രങ്ങള്‍ തുന്നിക്കൊണ്ടിരിക്കവേയാണ് ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സില്‍ അവരെ ഡിസൈനര്‍ ഓഫ് ദി ഇയറായി (1991) പ്രഖ്യാപിക്കുന്നത്. ഫിഫ്റ്റ് വസ്ത്രങ്ങള്‍ സ്വയം തുന്നിയെടുത്തിരുന്ന ചെറിയ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെട്ടപ്പോഴും അവള് തന്റെ തയ്യല്‍ മെഷീന് ഉപേക്ഷിച്ചിരുന്നില്ല.
1992-ലാണ് അവരെ എലിസബത്ത് രാജ്ഞി 'ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപെയര്‍ ' നല്കി ആദരിക്കുന്നത്. ബെക്കിംങ് ഹാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേ കളര്‍ സ്കര്‍ട്ട് സ്യൂട്ട് ധരിച്ചെത്തിയ അവര്‍ വിവാദങ്ങള്‍ക്ക് തീ കൊളുത്തിക്കൊളുത്തി. അടിവസ്ത്രമണിയാതെ അവര്‍ പാവാട ചുഴറ്റിയത് അന്ന് വിവാദങ്ങളില്‍ അവര്‍ക്ക് ഇടം നേടിക്കൊടുത്തു.

ബെക്കിങ്ങാം കൊട്ടാരത്തിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള അലിഖിതമായ കര്‍ശന സ്റ്റൈലിങ് പ്രോട്ടോക്കോളിനെപ്പോലും അവര്‍ അവിടെ പൊളിച്ചെഴുതുകയായിരുന്നു. തന്റെ ശരീരം , വസ്ത്രം എന്നിവയിലുള്ള സ്വാതന്ത്യപ്രഖ്യാപനം അവര്‍ക്ക് രാജകൊട്ടാരത്തിനുള്ളില്പ്പോലും വ്യക്തമാക്കി.
വിവിയന്‍ വെസ്ററ്ഹുഡ് എന്നുമൊരു വിപ്ലവനക്ഷത്രമായിരുന്നു. അവര്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി സ്വന്തം ജീവിതത്തെ തിരുത്തിയെഴുതി. അതൊന്നും രാജ്ഞിയെ പ്രകോപിച്ചില്ലായെന്നു മാത്രമല്ല, 2006-ല്‍ ദേശീയതലത്തിലുള്ള അവരുടെ സംഭാവനയും പ്രതിഭയും മുന്‍നിര്‍ത്തി രാജ്യം നൈറ്റ്ഹുഡിന് തുല്യമായ വനിതാ പദവിയായ ഡെയിംഹുഡ് പദവി നല്കി ആദരിക്കുകയും ചെയ്തു.
ഫാഷനില്‍ രാഷ്ട്രീയം കലര്‍ത്തുമ്പോള്‍
'അവള് അടുത്തതായി എന്ത് ചെയ്യും?'' എന്ന ചോദ്യം ഫാഷന്‍ ലോകം ആവേശത്തോടെ ചോദിച്ചു. 1993-ല്‍ പ്രശസ്തമായ ക്യാറ്റ് വാക്കില്‍ നിന്നും മോഡല്‍ നവോമി കാംബെല്‍ മറിഞ്ഞു വീഴുമ്പോള്‍ അവര്‍ ധരിച്ചിരുന്നത് വിവിയന്റെ 9 ഇഞ്ച് പ്ലാറ്റ്ഫോം ഷൂ ആയിരുന്നു. അവര്‍ പരമ്പരാഗതമായതെല്ലാം മാറ്റിയെഴുതാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

വിക്ടോറിയന്‍ അടിവസ്ത്രങ്ങള്‍ക്ക് പുറത്തിടാവുന്ന രീതിയില്‍ വിവിയന്‍ പുതിയ രൂപം നല്കി. പഴയ കാലഘട്ടങ്ങളിലെ വസ്ത്രങ്ങള്‍ വിവിയനെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. അവള് അതില്‍ പുതിയ പാറ്റേണുകളും ഡിസൈനിങ്ങും കാലോചിതമാക്കി വരുത്തി അവതരിപ്പിച്ചു. അതിനെല്ലാം വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അവളുടെ വസ്ത്രങ്ങളും ഷോകളുമെല്ലാം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നു.
അവര്‍ തനിക്ക് ലോകത്തോട് പറയാനുള്ളത് വസ്ത്രങ്ങളിലൂടെ വരച്ചുകാട്ടി. മുദ്രാവാക്യങ്ങളും ഗ്രാഫിക്സുകളും നിറഞ്ഞ വസ്ത്രങ്ങള്‍ ഇതിനായി വിവിയന്‍ രൂപകല്‍പ്പന ചെയ്തു. ലേബര്‍ പാര്‍ട്ടി മുന്‍ നേതാവായ ജെര്‍മി കോര്ബിന്, വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് എന്നിവരുടെ ആരാധിക കൂടിയായിരുന്നു അവര്‍. അവരുടെ നിലപാടുകളെ വിവിയനും പിന്തുടര്ന്നിരുന്നു.
കൂട്ടിലടച്ച കിളിയായി പ്രതിഷേധം
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അവര്‍ ജീവിതത്തിലുടനീളം പിന്തുണച്ചു. 2020-ല്‍ അദ്ദേഹത്തെ യുഎസിലേക്ക് കൈമാറുന്നത് തടയാന്‍ ഒരു കൂറ്റന്‍ പക്ഷിക്കൂടില്‍ കയറിയിരുന്നാണ് അവര്‍ പ്രതിഷേധിച്ചത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് മുദ്രാവാക്യങ്ങളെഴുതിയ ടീഷര്‍ട്ടും ധരിച്ചാണ് അവര്‍ പ്രതിഷേധിച്ചത്.

'ഐ ആം ജൂലിയന്‍ അസാന്‍ജ് 'എന്ന പേരിലുള്ള ടീഷര്‍ട്ട് ധരിച്ചാണ് വിവിയന്റെ ഫാഷന്‍ ഷോകളില്‍ മോഡലുകള്‍ റാംപ് വാക്ക് നടത്തിയത്. അസാന്‍ജിന്റെ മോചനത്തിനായി അവര്‍ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്നു.
ഈ കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ ജയിലില്‍ വെച്ച് അസാന്‍ജ് തന്റെ ദീര്‍ഘകാല സുഹൃത്ത് സ്റ്റെല്ല മോറിസിനെ വിവാഹം കഴിച്ചപ്പോള്‍ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്തത് വിവിയനും ഭര്‍ത്താവായ ആന്‍ഡ്രിയാസ് ക്രോന്തലറും ചേര്‍ന്നാണ്.
വിയന്നയില്‍ അധ്യാപനം നടത്തിയിരുന്ന കാലത്ത് അവളുടെ വിദ്യാര്‍ഥിനിയായിരുന്ന അവരേക്കാള്‍ 25 വയസ്സ് ഇളയതായ ആഡ്രിയാസ് ക്രോന്തലറെയാണ് അവര്‍ പിന്നീട് ജീവിതപങ്കാളിയാക്കിയത്. 30 വര്‍ഷം ആ നീണ്ടുനിന്നതായിരുന്നു ആ ദാമ്പത്യം.' വിവിയന്‍ എന്നുമെന്റെ ഹൃദയത്തില്‍ ജീവിയ്ക്കും.ഞങ്ങള്‍ അവസാനം വരെയും ഒരുമിച്ചാണ്.അവളെനിയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.നന്ദി പ്രിയമുള്ളവളേ'- വിവിയന്റെ വിയോഗത്തില്‍ ആന്‍ഡ്രിയാസ് ഇങ്ങനെയാണ് കുറിച്ചിട്ടത്. ജൂലിയന്റെ മരണവാര്‍ത്തയറിഞ്ഞ ജൂലിയന്‍ അസാന്‍ജ് അവരുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അഭ്യര്‍ഥിച്ചുവെങ്കിലും ലഭിച്ചില്ല.
.jpg?$p=54bb08a&&q=0.8)
"നിങ്ങള്‍ വാങ്ങിക്കൂട്ടുന്നത് നിര്‍ത്തുക"
തന്റെ ഡിസൈനുകളിലൂടെയും നിലപാടുകളിലൂടെയും വിവിയന്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. അമിത ഉപഭോഗചോദനയ്ക്കെതിരേയും വാങ്ങിക്കൂട്ടലിനെയും അവര്‍ ഒരേപോലെ എതിര്‍ത്തു. സെലിബ്രിറ്റികള്‍ അവരുടെ ഡിസൈനുകള്‍ വാങ്ങിക്കൂട്ടുമ്പോഴും അവര്‍ സ്വന്തം നിലപാടിലുറച്ചുനിന്നു.
വസ്ത്രങ്ങള്‍ വാങ്ങുന്നത് കുറിയ്ക്കണമെന്നവര് ആഹ്വാനം ചെയ്തു. മനുഷ്യന്റെ ഭൂമിയിലെ ജീവിതത്തിന് കൂടുതല്‍ പ്രാമുഖ്യം നല്കി. നിരന്തരമായ കാലാവസ്ഥ വ്യതിയാനത്തിനെക്കുറിച്ച് അവര്‍ ബോധവത്ക്കരണം നടത്തി. അവരുടെ കത്തുന്ന ഓറഞ്ച് തലമുടി പോലും അവരുടെ നിലപാടുകളുടെ പ്രതിഫലനമായിരുന്നു.
.jpg?$p=30a7f38&&q=0.8)
ഒരു ബാഡ്ജ് ധരിക്കുന്നതിലും ടീ ഷര്ട്ടിടുന്നതിലും മുറി കളര്‍ ചെയ്യുന്നതിലും ഫാഷന്‍ കൃത്യമായൊരു ഉത്തരവാദിത്വം നടപ്പിലാക്കേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി. 1970-കളിലെ സ്ട്രീറ്റ് സ്റ്റൈലിലൂടെ കണ്ടംപററി ഫാഷന്റെ റാണിയായി അവര്‍ ജീവിതകാലത്തിലുടനീളം വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതി. അവരുടെ മിനി ക്രിനി വസ്ത്രങ്ങള്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.
വിക്ടോറിയന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് ഷോര്‍ട്ട് സ്റ്റൈല്‍ സ്കര്ട്ടായി അവര്‍ അഴിച്ചുപണിതു. പരിസ്ഥിതിയെ നശിപ്പിക്കുന്നതിനെതിരേ അവരുടെ പ്രശസ്തമായ ഓറഞ്ച് നിറമുള്ള മുടിയവര്‍ മുണ്ഡനം ചെയ്തുകൊണ്ടാണ് പ്രതിഷേധിച്ചത്. ജലസംരംക്ഷണത്തെയും വെജിറ്റേറിയന്‍ ഭക്ഷണരീതിയേയും അവര്‍ പിന്തുണച്ചു.
ആശയങ്ങള്‍ മുറുകെപ്പിടിച്ച് വിവിയന്‍ ഫൗണ്ടേഷന്
വിവിയന്റെ മരണശേഷം അവര്‍ ഉയര്‍ത്തിയ ആശയങ്ങളെ മുന്‍ നിര്‍ത്തിയാണ് വിവിയന്‍ ഫൗണ്ടേഷന് രൂപവത്ക്കരിച്ചിട്ടുള്ളത്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഫൗണ്ടേഷന് കാലാവസ്ഥ വ്യതിയാനം, യുദ്ധം നിര്‍ത്തിലാക്കുക, മനുഷ്യാവകാശ സംരംക്ഷണം, മുതലാളിത്തത്തിനെതിരേയുള്ള പോരാട്ടം എന്നീ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിവിയന്‍ തന്റെ ജീവിതത്തിലൂടെ നടപ്പിലായ ആശയങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഫാഷന്‍ എന്നത് തികഞ്ഞ സാംസ്ക്കാരിക സംഭാഷണമെന്നാണവര് വിശ്വസിച്ചിരുന്നത്. മനോഹരമായ വസ്ത്രങ്ങള്‍ വാങ്ങുന്നതിലും ധരിക്കുന്നതിലല്ല, മറിച്ച് നിങ്ങളുടെ വ്യക്തിപരമായ നിലപാടാണ് ഓരോ വസ്ത്രവും.
അതാണ് ഫാഷനിലൂടെ പരസ്യപ്പെടുന്നത്.-വിവിയന്‍ ഒരിക്കല്‍ പറഞ്ഞു. സുസ്ഥിരമായ ഫാഷനെയാണവര് പിന്തുണച്ചത്. രാഷ്ട്രീയമില്ലാതെയുള്ള ഫാഷന്‍ വിഫലമാണെന്ന് അവര്‍ വ്യക്തമാക്കി. അതിനുള്ള പിന്തുടര്ച്ചയാണ് ഫൗണ്ടേഷന് ചെയ്യുക.
പിഞ്ഞിക്കീറിയ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് പാറ്റേണുകള്‍ പഠിച്ചെടുത്ത അന്നത്തെ ചെറിയ പെണ്‍കുട്ടി അവസാനം മാറ്റിവെച്ചത് പരിസ്ഥിതി സ്നേഹത്തിന്റെ ഇഴകളായിരുന്നു. വലിച്ചെറിയാതെ തുന്നിക്കൂട്ടാനും പുനരുപയോഗം ചെയ്യാനും റീഡിസൈന്‍ ചെയ്യാനും അവള് ലോകത്തെ ജീവിതം കൊണ്ടു പഠിപ്പിച്ചു.
വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ
Content Highlights: Vivienne Westwood,Sex Pistols,Punk Fashion,Malcolm McLaren,Sex and the City,Julian Assange
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..