മീനാക്ഷിയുടെ അച്ഛന്മാര്‍


അനൈഡ ഡേവിസ്In Depth

ആന്ദ്രേയും വിഘ്‌നേഷും മകൾക്കൊപ്പം

വൈകുന്നേരം മുഴുവന്‍ വിഘ്‌നേഷ് ആ ചിത്രത്തിലേക്കുതന്നെ നോക്കിയിരുന്നു. യു.എസിലുള്ള സുഹൃത്ത് ഫോര്‍വേഡ് ചെയ്ത ആ ചിത്രത്തിലുള്ളത് മനോഹരമായൊരു കുടുംബമായിരുന്നു. സ്വര്‍ണമണല്‍ അതിരിടുന്ന കടല്‍ത്തീരത്ത് കളിക്കുന്ന ദമ്പതികളും അവരുടെ ഓമനത്തം തുളുമ്പുന്ന കുഞ്ഞും. അതീവ സ്‌നേഹത്തോടെ പരസ്പരം ചേര്‍ത്തുപിടിച്ച ആ ദമ്പതിമാര്‍ സ്വവര്‍ഗാനുരാഗികളായ രണ്ട് പുരുഷന്മാരായിരുന്നു. പരസ്യചിത്രങ്ങളില്‍ അന്നുവരെ അയാള്‍ കണ്ടുവന്ന വെളുത്ത വര്‍ഗക്കാരല്ല, ഇരുണ്ടതൊലിയുള്ള തമിഴ് വംശജരായ രണ്ട് അച്ഛന്മാര്‍.

അച്ഛനാവണമെന്ന ആഗ്രഹം കടലാഴങ്ങളില്‍നിന്ന് തിരപോലെ ഓടിവന്ന് അയാളെ കുലുക്കി വിളിച്ചു. 'അപ്പാ' എന്ന വിളി വൈകുന്നേരങ്ങളില്‍ അയാളുടെ വിരലുകളില്‍ പിടിച്ച് ഓടിക്കളിച്ചുതുടങ്ങിയപ്പോഴാണ് വിഘ്‌നേഷ് തന്റെ ആഗ്രഹം ജീവിതപങ്കാളി ആന്ദ്രേയോട് പറയുന്നത്. 10 വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യുസീലന്‍ഡില്‍വെച്ചാണ് വിഘ്‌നേഷ് ഇറ്റലിക്കാരനായ ആന്ദ്രേയെ കണ്ടുമുട്ടുന്നത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലാരംഭിച്ച പരിചയം പിന്നെ പ്രണയമായി. 6 വര്‍ഷങ്ങള്‍ക്കുമുമ്പ് നിയമപരമായ ഒരുമിക്കലായ സിവില്‍ യൂണിയനിലൂടെ വിഘ്‌നേഷും ആന്ദ്രേയും ഒന്നായി.കുഞ്ഞുവേണമെന്ന ആഗ്രഹം ആന്ദ്രേയ്ക്കുമുണ്ടായിരുന്നു. ഇരുവരുടെയും വീട്ടുകാരോട് ആഗ്രഹം പങ്കുവച്ചപ്പോള്‍ ചെറിയ ആശങ്കയോടെയാണെങ്കിലും അവര്‍ പിന്തുണച്ചു. രണ്ട് അച്ഛന്മാര്‍ ചേര്‍ന്ന് ഒരു കുട്ടിയെ വളര്‍ത്തുന്നതിനെക്കുറിച്ച് അല്‍പമെങ്കിലും നെറ്റിചുളിച്ചത് വിഘ്‌നേഷിന്റെ അച്ഛനും അമ്മയുമായിരുന്നു. 2016ല്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ ഞെട്ടലിനോളം അത് വരില്ലെന്ന് വിഘ്‌നേഷ് പറയും. തമിഴ്‌നാട്ടിലെ മധുരൈയില്‍ മീനാക്ഷിയമ്മന്‍ കോവിലിനോടുചേര്‍ന്ന തെരുവിലെ ആ വീടിന് വര്‍ഷങ്ങളെടുത്തു വിഘ്‌നേഷിനെ വിഘ്‌നേഷായി അംഗീകരിക്കാന്‍. അച്ഛനാകാന്‍ പോകുന്ന കാര്യത്തില്‍ പക്ഷേ എതിര്‍പ്പിനേക്കാള്‍ ചോദ്യങ്ങളാണുണ്ടായിരുന്നത്. അമ്മയില്ലാതെ കുഞ്ഞ് വളരുന്നതെങ്ങനെ? ആര് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കും? എന്നിങ്ങനെ സാധാരണക്കാരായ ഏതൊരു ഇന്ത്യന്‍ മാതാപിതാക്കളെയുംപോലെ അവരും സംശയിച്ചു. രക്ഷകര്‍ത്താവ് സ്ത്രീയാണോ പുരുഷനാണോ എന്നത് കുട്ടികളെ സ്വാധീനിക്കില്ലെന്നും അവര്‍ക്കുവേണ്ടത് സ്‌നേഹവും കരുതലുമുള്ള പേരന്റിങ്ങാണെന്നും വിഘ്‌നേഷും ആന്ദ്രേയും പറഞ്ഞു മനസ്സിലാക്കാന്‍ നോക്കിയെങ്കിലും തങ്ങളിലെ അച്ഛന്മാരെ നേരിട്ടുകണ്ടപ്പോഴാണ് വീട്ടുകാര്‍ക്ക് ആശ്വാസമായതെന്ന് വിഘ്‌നേഷ് ചിരിയോടെ പറയുന്നു.

കുഞ്ഞിനെ ദത്തെടുക്കാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. പക്ഷേ ന്യുസീലന്‍ഡിലെ നിയമങ്ങള്‍ കുഞ്ഞുവേണമെന്ന ആഗ്രഹമുള്ള ഗേ ദമ്പതികള്‍ക്ക് ഒട്ടേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. ന്യുസീലന്‍ഡ് പൗരന്മാരായിരുന്നിട്ടും വിഘ്‌നേഷിനും ആന്ദ്രേയ്ക്കും മുന്നില്‍ വെല്ലുവിളികള്‍ മലപോലെ ഉയര്‍ന്നുവന്നു. ദത്തെടുക്കലും ഫോസ്റ്റര്‍ പേരന്റിങ്ങും പോലെയുള്ള ഓപ്ഷനുകളെല്ലാം പഠിച്ചശേഷമാണ് ഇരുവരും വാടക ഗര്‍ഭധാരണമെന്ന തീരുമാനത്തിലെത്തിയത്.

ഗേ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുണ്ടാവുന്നത് നിയമവിധേയമാണെങ്കിലും ന്യുസീലന്‍ഡിലെ നിയമക്കുരുക്കുകള്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് യു.എസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ വിഘ്‌നേഷും ആന്ദ്രേയും തീരുമാനിക്കുന്നത്. അവിടെയും അപേക്ഷ നല്‍കിയശേഷമുള്ള കാത്തിരിപ്പ് തന്നെയായിരുന്നു കഠിനം. പക്ഷേ മറ്റുരാജ്യങ്ങളെപ്പോലെ യു.എസ് നിരാശപ്പെടുത്തിയില്ല, IVFലൂടെ ഭ്രൂണം സൃഷ്ടിക്കുകയെന്നതായിരുന്നു ആദ്യപടി. യു.എസില്‍ തന്നെ ഇതിനായി അണ്ഡദാതാവിനെ കണ്ടെത്തി, തങ്ങളിലൊരാളിന്റെ ബീജവും ദാതാവില്‍നിന്ന് സ്വീകരിച്ച അണ്ഡവുമുപയോഗിച്ചാണ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചത്.

വാടക ഗര്‍ഭംധരിക്കുന്ന സ്ത്രീയെ കണ്ടെത്തുകയെന്നതായിരുന്നു അടുത്ത കടമ്പ. ഏജന്‍സിയില്‍ അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പിനൊടുവില്‍ യു.എസില്‍ തന്നെയുള്ള ആരോഗ്യപ്രവര്‍ത്തകയായ ജെനിഫര്‍ വിഘ്‌നേഷിന്റെയും ആന്ദ്രേയുടെയും കഥകേട്ട് അവരെ സഹായിക്കാന്‍ തയ്യാറായി. ജെനിഫറിന് സ്വന്തമായി രണ്ട് കുട്ടികളുണ്ടായിരുന്നത് കുറച്ചുകൂടി സഹായമായി. ജെനിഫറിന്റെ ഗര്‍ഭപാത്രത്തില്‍ IVF വഴി ഭ്രൂണം നിക്ഷേപിച്ചശേഷമുള്ള ദിവസങ്ങള്‍ വിഘ്‌നേഷിനിപ്പോഴും ഓര്‍മ്മയുണ്ട്. പ്രതീക്ഷകളും ആശങ്കയുമെല്ലാം കൂടിക്കുഴഞ്ഞ മാസങ്ങള്‍. ഗര്‍ഭധാരണം വിജയിച്ചശേഷം ജെനിഫര്‍ തന്നെയാണ് നവജാത ശിശുക്കളെ ശുശ്രൂഷിക്കേണ്ടതിനെക്കുറിച്ചും അവരുടെ പരിപാലനത്തെക്കുറിച്ചുമൊക്കെ വിഘ്‌നേഷിനെയും ആന്ദ്രേയെയും പഠിപ്പിച്ചത്. നവജാത ശിശു പരിചരണത്തില്‍ പ്രത്യേക പരിചയമുള്ള നഴ്‌സായ ജെനിഫര്‍ ആ വിഷയത്തില്‍ ക്ലാസ്സുകളെടുത്തിരുന്നു. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ഇരുവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിഘ്‌നേഷും ആന്ദ്രേയും ഒരേ സ്വരത്തില്‍ പറയും.

2021ല്‍ കോവിഡ് മഹാമാരി മൂര്‍ധന്യത്തിലെത്തിയ കാലത്താണ് മീനാക്ഷി പിറക്കുന്നത്. രണ്ട് ദിവസത്തെ പ്രസവവേദനയ്ക്ക്‌ശേഷമായിരുന്നു അവളുടെ വരവ്. അവളെ കൈയിലെടുക്കുമ്പോഴാണ് താന്‍ പൂര്‍ണമായുമൊരു അച്ഛനായതെന്ന് വിഘ്‌നേഷ് പറയും. തങ്ങള്‍ക്കിടയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആ നിമിഷം അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ അച്ഛനും മകളുമാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു, അവള്‍ പിറക്കുംമുമ്പേ അയാള്‍ അച്ഛനായിരുന്നു. ആറ് മാസം പേരന്റല്‍ ലീവെടുത്ത് വിഘ്‌നേഷും ആന്ദ്രേയും മീനാക്ഷിയോടൊപ്പം യു.എസില്‍ തന്നെകഴിഞ്ഞു. തിരികെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പുതിയ വീട്ടിലേക്കെത്താന്‍ രേഖകള്‍ക്കായി കാത്തിരിക്കേണ്ടതുണ്ടായിരുന്നു. മീനാക്ഷിയോടൊപ്പം ഉണരുന്നതും അവള്‍ക്ക്് ഭക്ഷണമുണ്ടാക്കുന്നതും, കുളിപ്പിക്കുന്നതും, കഥ വായിച്ചുകൊടുക്കുന്നതും വൈകുന്നേരങ്ങളില്‍ അവളെ സ്‌ട്രോളറിലിരുത്തി നടക്കാനിറങ്ങുന്നതും പതിയെ അവരുടെ ജീവിതത്തിന്റെ ഭാഗമായി.

മധുരൈ നഗരത്തിന്റെ കാവല്‍ ദേവതയായ സാക്ഷാല്‍ മീനാക്ഷിയുടെ പേരാണ് വിഘ്‌നേഷ് മകള്‍ക്കുനല്‍കിയത്. ആന്ദ്രേയുടെ ഇറ്റാലിയന്‍ വേരുകള്‍കൂടി ചേര്‍ത്തപ്പോള്‍ അവള്‍ മീനാക്ഷി കാര്‍ബോണിയായി. മെഡിറ്റെറേനിയന്‍ കടലിലെ മനോഹര ദ്വീപുകളിലൊന്നായ സാര്‍ദീനിയയാണ് ആന്ദ്രേയുടെ നാട്. അച്ഛനെ 'ബാബ്ബോ'യെന്നാണ് സാര്‍ദീനിയക്കാര്‍ വിളിക്കാറ്. മീനാക്ഷി വലുതാകുമ്പോള്‍ ആന്ദ്രേയെ ബാബ്ബോയെന്നും തന്നെ തമിഴ് ശൈലിയില്‍ 'അപ്പാ' എന്നുമാണ് വിളിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വിഘ്‌നേഷിന് സംശയമില്ല. സാംസ്‌കാരികമായി തമിഴരും ഇറ്റലിക്കാരും കുടുംബ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും വലിയ ആദരവും പ്രാധാന്യവുംകൊടുക്കുന്നവരാണെന്ന് വിഘ്‌നേഷ് പറയുന്നു. മീനാക്ഷിയ്ക്കിപ്പോള്‍ ഒരു വയസ്സും മൂന്നുമാസവുമാണ് പ്രായം. തമിഴിലും ഇറ്റാലിയനിലും ഇംഗ്ലീഷിലും ഈ അച്ഛന്മാര്‍ മീനാക്ഷിയോട് സംസാരിക്കും, കഥകള്‍ വായിച്ചുകൊടുക്കും, പാട്ടുകള്‍ പാടും. അവള്‍ വളരുമ്പോള്‍ അച്ഛന്മാരുടെ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ഭാഷകളെയും സ്‌നേഹിച്ചും ബഹുമാനിച്ചും വേണം പഠിക്കാന്‍. പൊങ്കലും ദീപാവലിയും ക്രിസ്തുമസും ഈസ്റ്ററുമെല്ലാം അവളുടെ ആത്മാവിന്റെ ഭാഗമാകണമെന്ന് ഈ അച്ഛന്മാര്‍ ആഗ്രഹിക്കുന്നു.

2021 ആഗസ്റ്റിലാണ് വിഘ്‌നേഷ് ഡാഡ്‌സ് ഓഫ് മീനാക്ഷി എന്ന ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചത്. 38,000ലധികം ഫോളോവേഴ്‌സുള്ള ഈ പേജ് മീനാക്ഷിയുടെ വിശേഷങ്ങള്‍ മാത്രമല്ല, LGBTQIA+ സമൂഹത്തിനും ഗേ പേരന്റ്‌സിനുമുള്ളൊരു അംഗീകാരം കൂടിയാണ്. വാടക ഗര്‍ഭധാരണ കാലം മുതലുള്ള നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്നതിനൊപ്പം നമുക്കുചുറ്റുമുള്ള ഏതൊരു കുടുംബവുംപോലെ നോര്‍മലാണ് സ്വവര്‍ഗാനുരാഗികളായ ദമ്പതികളും കുട്ടികളുമടങ്ങുന്ന കുടുംബമെന്ന് മീനാക്ഷിയുടെയും അച്ഛന്മാരുടെയും ജീവിതത്തിലേക്ക് തുറക്കുന്ന ഈ കൊച്ചുപേജ് ഓര്‍മ്മിപ്പിക്കുന്നു.

കുട്ടിയുടെ വളര്‍ച്ചയില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്തുന്ന തുല്യരക്ഷകര്‍തൃത്വത്തിന്റെ ശക്തരായ വക്താക്കള്‍ക്കൂടിയാണ് വിഘ്‌നേഷും ആന്ദ്രേയും. കുട്ടിയെ പ്രസവിക്കേണ്ടതും വളര്‍ത്തേണ്ടതുമെല്ലാം ഒരു ബാധ്യതയായി സ്ത്രീകളുടെമേല്‍ സൗകര്യപൂര്‍വംവെച്ചുകൊടുക്കുന്ന സമൂഹത്തിന് മുന്നിലാണ് ഈ അച്ഛന്മാര്‍ മീനാക്ഷിയെ വളര്‍ത്തുന്നത്. മക്കള്‍ക്കുവേണ്ടി അധ്വാനിച്ച് പണമുണ്ടാക്കുന്നത് മാത്രമാണ് അച്ഛന്റെ ചുമതലയെന്ന ഇന്ത്യന്‍ ധാരണകളെ പൊളിച്ചുകൊണ്ടാണ് ടെക് കമ്പനിയില്‍ ജോലിചെയ്യുന്ന വിഘ്‌നേഷും സ്റ്റാറ്റിസ്റ്റീഷ്യനായ ആന്ദ്രേയും ജോലിയോടൊപ്പം മീനാക്ഷിയുടെ കാര്യങ്ങളും വീട്ടുജോലികളുമെല്ലാം ഭംഗിയായി നോക്കുന്നത്.

രക്ഷാകർതൃത്വത്തിനോടുളള മനോഭാവം ചെറുപ്പക്കാര്‍ക്കിടയില്‍ മാറിവരുന്നുണ്ട്. പക്ഷേ പലപ്പോഴും വീട്ടുജോലികളും കുട്ടിയുടെ കാര്യങ്ങളുമൊക്കെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന അച്ഛന്മാരെ കുടുംബവും സമൂഹവും 'ഇത് നിങ്ങളുടെ ജോലിയല്ലെന്ന്' പറഞ്ഞ് പിന്തിരിപ്പിക്കുന്നതാണ് കാണുന്നത്.കുട്ടി രക്ഷിതാക്കളെ/മാതാപിതാക്കളെ കണ്ടുതന്നെയാണ് വളരുന്നത്. പരസ്പരം സഹായിച്ചും ചുമതലകള്‍ പങ്കിട്ടും ജീവിക്കുന്ന രക്ഷിതാക്കളെയാകും കുട്ടി മാതൃകയാക്കുക. കുട്ടിയുമായി മികച്ച മാനസിക അടുപ്പമുണ്ടാക്കാനും സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാനും ഇത് പങ്കാളികളെ സഹായിക്കുമെന്ന് വിഘ്‌നേഷ് പറയുന്നു.

എന്നാല്‍, തനിക്കും ആന്ദ്രേയ്ക്കും ലഭിച്ച പ്രത്യേകഅവകാശം ഇന്ത്യയിലെ ഗേ, ട്രാന്‍സ് ദമ്പതികള്‍ക്കില്ലെന്ന് വിഘ്‌നേഷ് ദുഃഖത്തോടെ പറയുന്നു. ദത്തെടുക്കലും വാടക ഗര്‍ഭധാരണവും സ്വവര്‍ഗ ദമ്പതികള്‍ക്കും, സിംഗിള്‍ പേരന്റ്‌സിനുമെല്ലാം എളുപ്പമാക്കുന്ന നിയമങ്ങളായിരുന്നു മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ സമീപകാലത്ത് പാര്‍ലമെന്റ് പുതിയ നിയമഭേദഗതിയിലൂടെ ഇതില്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്തു. നിലവില്‍ ഹെട്രോ സെക്ഷ്വല്‍ ദമ്പതികള്‍ക്കുപോലും വാടക ഗര്‍ഭധാരണവും ദത്തെടുക്കലും അപ്രാപ്യമാണ്. മുമ്പ് വിദേശികളാണ് ഇന്ത്യയിലെ അനുകൂല നിയമങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നത്. ഈ നിയമസാധ്യതയിലൂടെ തങ്ങള്‍ക്കും കുട്ടികളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യക്കാരായ കൂടുതല്‍ സ്വവര്‍ഗ ദമ്പതികളും അവിവാഹിതരും സമീപിച്ചുതുടങ്ങിയതാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വിഘ്‌നേഷ് വിശ്വസിക്കുന്നു.

സാമ്പത്തിക സ്വാതന്ത്ര്യമാണ് അച്ഛനും അമ്മയുമാകണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ക്കായി വിഘ്‌നേഷ് മുന്നോട്ടുവെയ്ക്കുന്ന ആദ്യപാഠം. കുടുംബത്തെയും സമൂഹത്തെയുമൊന്നും ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കണം. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് സ്വവര്‍ഗ പ്രണയികളെ കുറച്ചുകൂടി എളുപ്പത്തില്‍ കുഞ്ഞെന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കും. പക്ഷേ ഏത് രാജ്യത്തിലും കുട്ടിക്ക് മികച്ച ജീവിതവും വിദ്യാഭ്യാസവും നല്‍കാനുള്ള സാമ്പത്തിക ശേഷിയും, ജോലിയും ചുറ്റുപാടുമൊക്കെയുണ്ടെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകളുണ്ടാകും. പേരന്റ്‌സിന്റെ മാനസിക, ശാരീരിക ആരോഗ്യവും പ്രധാനമാണ്.'കാലം മാറുകയാണ്, ഇവിടെയും മാറ്റങ്ങളുണ്ടാകും' ഇന്ത്യയിലെ നിയമങ്ങളില്‍ പോസിറ്റീവായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന് വിഘ്‌നേഷ് ഓര്‍മ്മിപ്പിക്കുന്നു.

സിഡ്‌നിയിലെ വീട്ടില്‍ ഓരോ സായാഹ്ന നടത്തത്തിനുമൊടുവില്‍ പരിചയപ്പെടുന്ന പുതിയ പൂവുകളോടും കിളികളോടും ചിരിച്ച് മീനാക്ഷി ഹാപ്പിയാണ്. അവളുടെ ഓരോ കൊച്ചു കാല്‍വെപ്പും കണ്‍നിറയെ കണ്ട് അപ്പായും ബാബ്ബോയും കൂടെയുണ്ട്. അതിരുകള്‍ വിട്ടുകളയാന്‍ മടിക്കുന്ന ലോകത്തിനായി മാറ്റത്തിന്റെ, പ്രതീക്ഷയുടെ പുതുവഴിവെട്ടുകയാണ് ഈ കൊച്ചുകുടുംബം.

ഇന്ത്യയിലെ സ്വവര്‍ഗ ദമ്പതികളുടെ ദത്തെടുക്കല്‍ അവകാശങ്ങള്‍

സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ഇന്ത്യയില്‍ LGBTQIA+ സമൂഹത്തില്‍നിന്നുള്ള 25 ലക്ഷംപേരുണ്ട്. സ്വവര്‍ഗാനുരാഗം കുറ്റകരമായി കണ്ടിരുന്ന സെക്ഷന്‍ 377 2018-ല്‍ എടുത്തുമാറ്റിയെങ്കിലും LGBTQIA+ സമൂഹത്തോടുള്ള വിവേചനത്തിന് കുറവൊന്നുമുണ്ടായിട്ടില്ല.

ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെങ്കിലും സ്വവര്‍ഗ വിവാഹവും ദത്തെടുക്കലും ഉള്‍പ്പെടെയുള്ള മൗലിക സിവില്‍ അവകാശങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. സ്‌പെയിന്‍, ബെല്‍ജിയം എന്നിങ്ങനെ മറ്റു പലരാജ്യങ്ങളിലും ഹെട്രോ സെക്ഷ്വല്‍ ദമ്പതികള്‍ക്കുള്ള അതേ അവകാശങ്ങള്‍ ഹോമോ സെക്ഷ്വല്‍ ദമ്പതികള്‍ക്കും ലഭ്യമാണെന്ന സാഹചര്യം നിലവിലുള്ളപ്പോഴാണിത്. 2019-ല്‍ സ്വവര്‍ഗ വിവാഹം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം എന്നീ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. സ്വവര്‍ഗ പങ്കാളികളിലൊരാള്‍ക്ക് സിംഗിള്‍ പേരന്റ് എന്ന നിലയില്‍ കുട്ടിയെ ദത്തെടുക്കാമെന്നതാണ് ആകെയുള്ള വഴി. പക്ഷേ മറ്റേ പങ്കാളിക്ക് കുട്ടിയുടെമേല്‍ നിയമപരമായി യാതൊരു അവകാശവുണ്ടായിരിക്കില്ലെന്നതാണ് ഇതിലെ പ്രശ്‌നം.

UNICEFന്റെ കണക്കുകളനുസരിച്ച് 2 കോടി 96 ലക്ഷം കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടവരോ അനാഥരോ ആയി കഴിയുന്നത്. ഇന്ത്യയിലെ ഹെട്രോ സെക്ഷ്വല്‍ സമൂഹത്തിനിടയില്‍ ദത്തെടുക്കല്‍ നിരക്ക് വളരെ കുറവായിട്ടും കുഞ്ഞുങ്ങളെ കൈനീട്ടി സ്വീകരിക്കാന്‍ തയ്യാറുള്ള സ്വവര്‍ഗ ദമ്പതികളോട് കാണിക്കുന്ന വിവേചനം അര്‍ഹരായ കുട്ടികളോടുകൂടിയുള്ള ക്രൂരതയാണ്. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ വളര്‍ത്താനാകില്ലെന്ന ധാരണ തികച്ചും തെറ്റാണ്. സ്വവര്‍ഗ ദമ്പതികളുടെ പേരന്റിംഗ് ഹെട്രോ സെക്ഷ്വല്‍ ദമ്പതികളുടേതിനേക്കാള്‍ മോശമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ല. എന്നാല്‍ സ്വവര്‍ഗ ദമ്പതികള്‍ വളര്‍ത്തിയ കുട്ടികള്‍ അക്കാദമിക രംഗത്ത് മറ്റുകുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുണ്ടെന്ന് തെളിയിക്കുന്ന ഗവേഷണപഠനങ്ങള്‍ ലഭ്യമാണ്. ദത്തെടുക്കലിന്റെ ഉദ്ദേശ്യം തന്നെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ സഹായിക്കുന്ന ആരോഗ്യപരമായ കുടുംബവും അന്തരീക്ഷവും ലഭ്യമാക്കുക എന്നാണ്. രക്ഷിതാക്കള്‍ ഏത് ജെന്‍ഡറില്‍പെട്ടവരായാലും സ്‌നേഹമുള്ളവര്‍ ആയിരിക്കണമെന്നതാണ് ഏതൊരു കുട്ടിയുടെയും ഏറ്റവും വലിയ ആവശ്യം.

Content Highlights: Vighnesh and Andre, Gay couple, parenting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented