ജഗ്ദീപ് ധൻകർ | Photo: PTI
പ്രഖ്യാപനത്തിന് മുന്‍പ് ഒരുവട്ടം പോലും ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കാത്ത പേരായിരുന്നു എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍. നിലവില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍. ഉപരാഷ്ട്രപതിസ്ഥാനാര്ഥിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേര് കേള്‍ക്കാതിരുന്നതെന്ന് എടുത്തുപറണം. കാരണം, പശ്ചിമ ബംഗാളില്‍നിന്നുള്ള വാര്‍ത്തകളില്‍, മമതാ സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലുകളിലൂടെ അദ്ദേഹം നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മമതാ സര്‍ക്കാരിനോടും അതിന്റെ തീരുമാനങ്ങളോടും അപൂര്‍വമായി മാത്രം മമത കാണിച്ചിരുന്ന ഗവര്‍ണറായിരുന്നു ധന്‍കര്‍ എന്നു വേണമെങ്കില്‍ പറയാം. 2019 ജൂലൈ മുപ്പതിനാണ് അദ്ദേഹം ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് ഭരണപരവും രാഷ്ട്രീയ സംബന്ധിയുമായ വിഷയങ്ങളില്‍ മമതാസര്ക്കാരും ധന്‍കറും നിയതമായ ഇടവേളകളില്‍ കൊമ്പുകോര്ത്തുപോന്നു. ഒടുവില്‍ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി, പകരം മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നിയമനിര്‍മാണത്തിലേക്കു വരെ സര്‍ക്കാര്‍ എത്തുന്ന വിധം ബന്ധം വഷളാകുന്നതും കണ്ടു.
ആരിഫ് മുഹമ്മദ് ഖാനെയും മുഖ്താര്‍ അബ്ബാസ് നഖ്വിയെയും മറികടന്ന് ധന്‍കര്‍
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥികള്‍ക്കുള്ള ചര്‍ച്ചയില്‍ മുന്നിട്ടുനിന്നിരുന്ന പേരുകാരായിരുന്നു മുന്‍കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊക്കെ. രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍, ജൂലൈ ആറിന് ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രിസ്ഥാനത്തുനിന്ന് നഖ്വി രാജിവെച്ചിരുന്നു. ഇതോടെ അദ്ദേഹം തന്നെയായിരിക്കും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ശക്തിയേറി.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ടായിരുന്നു. നേരത്തെ രാഷ്ട്രപതിസ്ഥാനാര്‍ഥി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാനും മുക്താര്‍ അബ്ബാസ് നഖ്വിയും മാത്രമല്ല, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരുടെ പേരുകളും പരിഗണനാപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇവരെ മറികടന്ന് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗം തീരുമാനിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് ധന്‍കറിന്റെ പേര് പ്രഖ്യാപിച്ചത്.

'കിസാന്‍പുത്ര'- വെറുതെയല്ല ആ വിശേഷണം
ഒന്നും കാണാതെയും കണക്കുകൂട്ടലുകളില്ലാതെയുമല്ല, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പി. ധന്‍കറിനെ പ്രഖ്യാപിച്ചത്. ഇലക്ടറല്‍ കോളേജില്‍ (ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള സംവിധാനം) ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷമുള്ള പശ്ചാത്തലത്തില്‍ ധന്‍കറിന്റെ വിജയം സുനിശ്ചിതം തന്നെയാണ്. ആ വിജയംകൊണ്ട് ബി.ജെ.പി. ഉന്നമിടുന്നത് ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ കൂടിയാണ്. ഓഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നപക്ഷം, ആ സ്ഥാനത്തെത്തുന്ന ആദ്യ ജാട്ട് സമുദായംഗം കൂടിയാകും ധന്‍കര്‍.
രാജസ്ഥാന്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹരിയാണ തുടങ്ങിയിടങ്ങളില്‍ നിര്‍ണായകസാന്നിധ്യമായ, കാര്‍ഷിക നിയമ വിഷയത്തില്‍ മോദിസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയവരില്‍ പ്രധാനികളായിരുന്നു ജാട്ടുകള്‍. കാര്‍ഷിക നിയമ വിഷയത്തിലൂടെ ജാട്ടുകള്‍ക്ക് പാര്‍ട്ടിയോടുണ്ടായ അകല്‍ച്ചയെ ധന്‍കറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പരിഹരിക്കാമെന്ന വിലയിരുത്തലും ബി.ജെ.പിക്കുണ്ട്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് തന്നെ നോക്കുക. 'കിസാന്‍പുത്ര' അഥവാ കര്‍ഷകന്റെ പുത്രന് എന്നാണ് ധന്‍കറിനെ മോദി വിശേഷിപ്പിച്ചിരിക്കുന്നത്. ധന്‍കറിന്റെ വിനയത്തെ കുറിച്ചും നിയമ-നിയമനിര്‍മാണ പ്രാവീണ്യത്തെ കുറിച്ചും പ്രധാനമന്ത്രി ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനു വേണ്ടി ധന്‍കര്‍ എന്നും പ്രവര്‍ത്തിച്ചിരുന്നെന്നും മോദി പറയുന്നു.
ലക്ഷ്യം രാജസ്ഥാനും
2023 ഡിസംബറോടെ നടക്കാനിരിക്കുന്ന രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടാണ് ബി.ജെ.പി. ധന്‍കര്‍ കാര്‍ഡ് കളത്തിലിറക്കിയതെന്ന് കണക്കുകൂട്ടുന്നതിലും തെറ്റില്ല. കാരണം, രാജസ്ഥാനിലെ കിതാന സ്വദേശിയാണ് ധന്‍കര്‍. മാത്രമല്ല, നേരത്തെ പറഞ്ഞതുപോലെ ജാട്ട് സമുദായാംഗവും. രാജസ്ഥാനിലെ വലിയ വോട്ടുബാങ്കാണ് ജാട്ടുകള്‍. അവരെ ഒപ്പം നിര്‍ത്തി സംസ്ഥാനഭരണം കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കാനാണ് ബി.ജെ.പി. നീക്കം. അങ്ങനെയെങ്കില്‍ രാജ്യത്തെ വലിയസംസ്ഥാനങ്ങളിലെല്ലാം മുഖ്യശത്രുവായ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ബി.ജെ.പിക്ക് സാധിക്കുകയും ചെയ്യും. ഇടയ്ക്കിടെ പരിഭവിച്ചും കലഹിച്ചും നിലകൊള്ളുന്ന അശോക് ഗെഹലോത്ത്-സച്ചിന് പൈലറ്റ് ദ്വയം രാജസ്ഥാന് കോണ്‍ഗ്രസിന് തലവേദനയാണ് സൃഷ്ടിക്കുന്നതെങ്കില്‍ ബി.ജെ.പിക്ക് അത് ട്രംപ് കാര്‍ഡാണ്.
ആരാണ് ജഗ്ദീപ് ധന്‍കര്‍? എങ്ങനെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര
1958 മേയ് 18-നാണ് ധന്‍കറിന്റെ ജനനം. ഗോകുല്‍ ചന്ദും കേസരി ദേവിയുമാണ് മാതാപിതാക്കള്‍. ജന്മഗ്രാമമായ കിതാനയിലെ സ്കൂളില്‍നിന്നും ചിറ്റോര്‍ഗഢിലെ സൈനിക് സ്കൂളില്നിന്നുമായാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് രാജസ്ഥാന് സര്‍വകലാശാലയില്‍നിന്ന് ബി.എസ് സി ഫിസിക്സ്, എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടി. രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദളിലൂടെ കോണ്‍ഗ്രസ് വഴി ബി.ജെ.പിയിലേക്ക്. അതായിരുന്നു ധന്‍കറിന്റെ രാഷ്ട്രീയ യാത്രാഗതി. 1989-ല്‍ കോണ്‍ഗ്രസ് കോട്ടയായിരുന്ന ജുന്‍ജുനില്‍നിന്ന് ജനതാദള്‍ സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജയിച്ചു. മുഹമ്മദ് അയൂബ് ഖാനെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 1990-ല്‍ രൂപവത്കരിക്കപ്പെട്ട ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ മന്ത്രിയായി. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ചുമതലയായിരുന്നു അന്ന് അദ്ദേഹം വഹിച്ചത്.
1991-ല്‍ ധന്‍കര്‍ കോണ്‍ഗ്രസിലേക്ക് കളംമാറി. അക്കൊല്ലം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജ്മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങി. 1993-ലെ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിഷന്‍ഗഢില്‍നിന്ന് മത്സരിച്ച് വിജയിച്ച് എം.എല്‍.എ (1993-98) ആയി. 1998-ല്‍ ജുന്‍ജുനുവില്‍നിന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേ എത്താനായുള്ളൂ. അഞ്ചുകൊല്ലത്തിനു ശേഷം 2003-ല്‍ ധന്‍കര്‍ വീണ്ടും പാര്‍ട്ടി മാറി ബി.ജെ.പിയിലെത്തി. ബി.ജെ.പിയുടെ സംസ്ഥാന, ദേശീയ തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ പ്രധാനസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. രാജസ്ഥാന് കോണ്‍ഗ്രസില്‍ അശോക് ഗഹലോത്ത് ശക്തിയാര്‍ജിച്ചതും ധന്‍കറിന്റെ പാര്‍ട്ടി മാറ്റത്തിന് കാരണമായെന്ന് പറയപ്പെടുന്നുണ്ട്. ബി.ജെ.പിയിലെത്തിയ ധന്‍കറിന്, മുന്‍മുഖ്യമന്ത്രിയും രാജസ്ഥാന് ബി.ജെ.പിയിലെ കരുത്തയായ നേതാവ് വസുന്ധര രാജെയുമായി അടുത്തബന്ധമാണുണ്ടായിരുന്നത്. 2019-ല്‍ കേസരീനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണര്‍സ്ഥാനത്തെത്തുന്നത്.
മമത ബാനര്‍ജി സര്‍ക്കാര്‍ v/s ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരുമായി ധന്‍കര്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. കത്തായും ട്വീറ്റുകളായും ഇവ പുറത്തെത്തി. ധന്‍കറിനെ ബി.ജെ.പി. ഏജന്റ് എന്ന് പലപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക പോലും ചെയ്തു. സര്‍ക്കാര്‍ നിയമനങ്ങള്‍, അഴിമതി, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രമസമധാനം, അങ്ങനെ ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണമായിരുന്നു ഏറ്റുമുട്ടലുകള്‍. മമതയെ ടാഗ് ചെയ്ത് ധന്‍കര്‍ ട്വീറ്റ് ചെയ്യാറുണ്ടായിരുന്നു. ഇതില്‍ പ്രകോപിതയായ മമത, ജനുവരിയില്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരുന്നു.

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെ
രാജ്യത്ത്, രാഷ്ട്രപതിക്കു ശേഷമുള്ള, ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടെ അടങ്ങിയിട്ടുള്ള ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമസഭകളിലെ എം.എല്‍.എമാര്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കാളിത്തമില്ല. സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് രീതിയില്‍, രഹസ്യ ബാലറ്റ് ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷസ്ഥാനവും ഉപരാഷ്ട്രപതിക്കാണ്. ഉപരാഷ്ട്രപതിയായിരിക്കേ പാര്‍ലമെന്റിന്റെ ഇരുസഭകളിലോ സംസ്ഥാന നിയമസഭയിലോ അംഗമാകാന്‍ പാടില്ല. മേല്‍പ്പറഞ്ഞ പദവികള്‍ വഹിക്കുന്നുണ്ടെങ്കില്‍, ഉപരാഷ്ട്രപതിയാകുന്ന ദിവസം തന്നെ അവ ഒഴിവാക്കണം. അഞ്ചുവര്‍ഷമാണ് ഉപരാഷ്ട്രപതിയുടെ കാലാവധി. എന്നാല്‍ ഏതു സമയവും രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിക്കാം.
യോഗ്യതകള്‍:
- ഇന്ത്യന്‍ പൗരത്വമുണ്ടായിരിക്കണം.
- 35 വയസ്സു പൂര്‍ത്തിയായിട്ടുണ്ടാവണം.
- രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരിക്കണം.
- കേന്ദ്രസര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ തദ്ദേശ സ്ഥാപനങ്ങളിലോ പൊതുസ്ഥാപനങ്ങളിലോ പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കുന്നവരാകരുത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..