ഭാരത് ജോഡോ യാത്ര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം | വി.ഡി. സതീശൻ


By വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

4 min read
Read later
Print
Share

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ കന്യാകുമാരിയിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:PTI

ഗാന്ധി നടന്ന വഴികളുണ്ട്. ഉപ്പുപാടങ്ങളുടെ ആളുന്ന ചൂടുവഴികളിലൂടെ കാലുപൊള്ളി, കടലോരം പൂകി, വിയര്‍പ്പും കണ്ണീരും കലര്‍ത്തി വറ്റിച്ച് ഇന്ത്യയുടെ ഉപ്പ് കണ്ടെത്തിയ യാത്ര. ചമ്പാരനിലെ നാട്ടുവഴികളിലൂടെ നടന്നത് സത്യഗ്രഹത്തിന്റെ കരുത്തു തേടി. വര്‍ക്കലയിലെ ശിവഗിരിക്കുന്നു കയറി, ഗുരുവിനെ വണങ്ങി. ശാന്തിനികേതനിലെ മരത്തണലുകളില്‍ മഹാകവിക്കൊപ്പം നടന്നു. മണ്‍വഴികളിലെല്ലാം ദരിദ്രരെ കണ്ടു. സഹോദരനെ, അമ്മയെ, പെങ്ങളെ, കൂട്ടുകാരെ. അങ്ങനെ എതിര്‍ത്തവരെയെല്ലാം കൂടെക്കൂട്ടിയ യാത്ര. ഇന്ത്യ ഒപ്പം നടന്നു, ഗാന്ധി നടപ്പു നിര്‍ത്തിയതുമില്ല.

ആ വഴികളില്‍ ഒരു പതിറ്റാണ്ടോളമായി നടക്കുന്നത് ഗോഡ്‌സെയാണ്. ബിര്‍ളാ മന്ദിറില്‍ ചിന്നിത്തെറിച്ച ചുടുചോരയില്‍ ചവുട്ടിയ അതേ കാലുമായി. വെണ്‍വെളിച്ചം കെട്ടു. ഇരുട്ടു പരന്ന നഗരകാന്താരങ്ങളിലെല്ലാം ആ വെടിയൊച്ച നിരന്തരമായി കേട്ടുകൊണ്ടേയിരിക്കുന്നു. ഭയം ഒരു വൈറസാണ്. ഒന്നില്‍നിന്ന് ലക്ഷമായി, കോടിയായി പരക്കുന്ന ഒന്ന്. മിണ്ടാന്‍ പേടി. എഴുതാന്‍ പേടി. പ്രവര്‍ത്തിക്കാന്‍, എന്തിന് ചിന്തിക്കാന്‍ പോലും പേടി. അവസാനിക്കാത്ത ഭയങ്ങളുടെ ഇരുട്ടുകയത്തിലാണ് ജനങ്ങള്‍. ഭക്ഷണത്തിന്റെയും വേഷത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക ബോധത്തിന്റെയും പരിസ്ഥിതി -കാര്‍ഷിക നിലപാടുകളുടെയും ലിംഗത്തിന്റെയും ഭാഷയുടെയും എല്ലത്തിനുമപ്പുറം വിശ്വാസത്തിന്റെയും പേരില്‍ വേട്ടയാടപ്പെടുന്ന, തുറങ്കില്‍ അടക്കയ്‌പ്പെടുന്ന, കൊല ചെയ്യപ്പെടുന്ന കാലം. കലി വാഴും കാലം.

ജനായത്തത്തെയും ഗ്രാമസഭ മുതല്‍ പാര്‍ലമെന്റുവരെയുള്ള ജനപ്രതിനിധിസഭകളെയും ഈ ഭയത്തിന്റെയും വെറുപ്പിന്റെയും അന്യവത്ക്കരണത്തിന്റെയും വിഷം കാര്‍ന്നുതിന്നും, അത് ഉള്ളില്‍ കെട്ടിനിന്ന് ദ്രവിപ്പിക്കും. വ്യത്യസ്ത നിലപാടുള്ളവര്‍, രാഷ്ട്രീയ ചേരികളിലുള്ളവര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, തൊഴിലാളികള്‍... ഇങ്ങനെ ആരുണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കാത്തവരായി?

മറ്റൊരു വിഭാഗം മാധ്യമങ്ങളാണ്. ചെറുത്തുനില്‍പ്പില്ലെങ്കില്‍ പിന്നെ കാലുനക്കലും കുഴലൂത്തും. ഇതിന്റെ വിവിധ പരകായപ്രവേശങ്ങള്‍ നോക്കുക. ട്രോള്‍ സംഘങ്ങള്‍, സൈബര്‍ കൊലയാളിക്കൂട്ടങ്ങള്‍, നുണഫാക്ടറികള്‍, ഫേസ്ബുക്ക് ഫേക്ക് ഐ.ഡി വെട്ടുകിളി കൂട്ടങ്ങള്‍. ഈ പട്ടിക തീരില്ല. സത്യം അന്വേഷിക്കാനും പറയാനുമുള്ള ചങ്കുറപ്പ് കാണിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന മാധ്യമ ഫ്‌ളാറ്റ്‌ഫോമുകളെയുള്ളൂ. സത്യാനന്തരം സര്‍വനാശം.

നിരാശയുടെ, ലക്ഷ്യമില്ലായ്മയുടെ, നിഴലിനെ പോലും പേടിക്കുന്ന മാനസികാവസ്ഥയുടെ ഇരുട്ടാണെവിടെയും. ഹിന്ദു Vs മുസ്ലിം എന്ന കഥ ആളിക്കത്തിച്ചും ആദിമമായ, സനാതനമായ ഒരു ജീവവിശ്വാസത്തെ വളച്ചൊടിച്ചും രാമകഥ രാഷ്ട്രീയലാഭമാക്കിയും സൃഷ്ടിക്കുന്ന സാമ്രാജ്യം. ഭാരതീയമായ എല്ലാ നന്മകളുടെയും തിരസ്‌ക്കരണമാണത്.

പട്ടിണി, തൊഴില്‍രാഹിത്യം, തകരുന്ന സാമ്പത്തിക സ്ഥിതി, പൊതുസ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പരാജയം. ഇത്തരം ജീവല്‍പ്രശ്‌നങ്ങള്‍ തീര്‍ത്തും അവഗണിക്കുക. അരികുകളിലെ മനുഷ്യരെ കണ്ടില്ലെന്ന് നടിക്കുക. സത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ നിതാന്ത ഭയലോകങ്ങളിലേക്ക് നാടുകടത്തുക . പരിസ്ഥിതിയുടെ സംരക്ഷണം, ഭൂമിയിലെ അവകാശങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ ന്യായമായ ഉപയോഗം ഇതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല ഈ ഭരണം. ആഭ്യന്തര സുരക്ഷ നോക്കേണ്ട മന്ത്രി അമ്പലം പണിയുടെ കണക്കു നോക്കുന്നു. ആധുനികമായ ഒരറിവും തൊട്ടുപോലും നോക്കീട്ടില്ലാത്തവര്‍ ഇന്ത്യയെ പുതിയ ലോകത്തുനിന്ന് പിറകോട്ട് പിറകോട്ട് കൊണ്ടുപോകുന്നു.

ഇക്കാലത്താണ് ഒരു മനുഷ്യന്‍ ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നടക്കാന്‍ തീരുമാനിച്ചത്. ലക്ഷ്യം വ്യക്തം, മാര്‍ഗവും. വെറുപ്പിന്റെയും ഭയത്തിന്റെയും നിശബ്ദത പിളര്‍ന്ന് സംഭാഷണവും സംവേദനവും തിരികെ കൊണ്ടുവരിക, വര്‍ത്തമാനം പറയുക, നേരിട്ട് സംസാരിക്കുക, ഇന്ത്യക്ക് പറയാനുള്ളത് കേള്‍ക്കുക. ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവര്‍ക്കൊപ്പം നടന്ന് ചിരിച്ചും പറഞ്ഞും കൈ പിടിച്ചും നാടിനെ സ്‌നേഹം കൊണ്ട് പുണരുന്ന ഒരു യാത്ര. അടുത്തൊന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ പ്രവര്‍ത്തകയോ ഇത് ലോകത്തെവിടെയും ചെയ്തിട്ടില്ല. 3500 കിലോ മീറ്ററുകള്‍ താണ്ടി ഒരു ഉപഭൂഖണ്ഡത്തെ അറിയാനുള്ള മഹാവ്രതം. രാഹുല്‍ ഗാന്ധിയും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോയും ഇതാണ്; സത്യവും നീതിയും കൃത്യമായ രാഷ്ട്രീയവും ഒന്നിക്കുന്നൊരിടം.

രാജ്യത്തിന്റെ സാമ്പത്തിക നില, തൊഴില്‍ രംഗം, കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിസന്ധികള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വന്‍ അരക്ഷിതാവസ്ഥ, സ്ത്രീസുരക്ഷ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങി അതിര്‍ത്തിയിലെ കാവലായ ജവാന്‍മാരുടെ അവസ്ഥവരെ സംസാരിക്കപ്പെടണം, ചര്‍ച്ച ചെയ്യണം. വിഭാഗീയതയും മതവത്ക്കരണവും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതും എതിര്‍ക്കപ്പെടണം ചെറുക്കപ്പെടണം. നോട്ട് നിരോധനം തുടങ്ങി ചൈന പോളിസി വരെയുള്ള കൂറ്റന്‍ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതെ ജാഗ്രത പാലിക്കണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും ചവിട്ടി തേയ്ക്കപ്പെടരുത്. ഇന്ത്യയുടെ മഹത്തരവും ഗംഭീര സമര വഴികളിലൂടെ പൊരുതി നേടിയതുമായ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. പവിത്രവും അമൂല്യവുമായ ഭരണഘടനയെ ജീവനോളം കാത്തുവെക്കണം. കോടതിയും നിയമനിര്‍മാണ സഭകളും സര്‍വകലാശാലകളും കമ്മിഷനുകളും അക്കാദമികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. ഇഷ്ടമുള്ളത് പറയാന്‍, പ്രവര്‍ത്തിക്കാന്‍, ഭക്ഷിക്കാന്‍, ധരിക്കാനുള്ള വ്യക്തിയുടെ അവകാശം ജീവന്‍ കൊടുത്തും കാത്തേ മതിയാകൂ. നമ്മെക്കാള്‍ വിലപിടിപ്പുള്ളതാണ് നമ്മുടെ രാജ്യമെന്ന് തെളിയിക്കണം. ആദ്യാവസാനം സ്‌നേഹമാകണം. ഇതാണ് ഭാരത് ജോഡോ യാത്ര.

രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍, സാമൂഹിക ധ്രുവീകരണങ്ങള്‍, സാമ്പത്തിക അസമത്വങ്ങള്‍. ഇവയ്‌ക്കെല്ലാമെതിരെ ആയിരുന്നു ഈ യാത്ര. ഭരണഘടന അട്ടിമറിക്കപ്പെടുമ്പോള്‍, ജനാധിപത്യ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍, വേര്‍തിരിവുകള്‍ വര്‍ധിക്കുമ്പോള്‍, വെറുപ്പിന്റെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍. ഇനിയും നിശബ്ദരാകരുത്. മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്‌കാരത്തെക്കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഈ കെട്ടകാലത്ത് അത് അനിവാര്യതയുമാണ്. ആധുനിക ഇന്ത്യയെ നിര്‍മിച്ച കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാമെന്ന് സംഘപരിവാറോ മറ്റ് രാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല. കാരണം കോണ്‍ഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേയും ഉയര്‍ത്തെഴുനേല്‍പ്പിന്റേതുമാണ്.

പരിഹാസത്തിലൂടെ തളര്‍ത്തി ഇല്ലാതാക്കമെന്ന തന്ത്രമാണ് ആദ്യം സംഘപരിവാര്‍ പയറ്റിയത്. രാഹുല്‍ ഗാന്ധിയുടെ വസ്ത്രധാരണത്തെവരെ പരിഹരിച്ചു. ഇതിന് സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുകിളികള്‍ക്കൊപ്പം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളും നേരിട്ടിറങ്ങി. പിന്നീട് ഭരണകൂടം വിലയ്ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ജോഡോ യാത്രയെയും രാഹുല്‍ ഗാന്ധിയെയും അവഗണിച്ചു. എന്നിട്ടും രാഹുലിന് പിന്നില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതോടെ ജനപങ്കാളിത്തം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പറഞ്ഞ് യാത്ര തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയത്. അതും വിജയിക്കില്ലെന്ന് കണ്ടതോടെ കശ്മീരില്‍ പൊലീസ് സുരക്ഷ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താനും ഭരണകൂടം പദ്ധതിയിട്ടു. ഭരണത്തണലില്‍ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളെയൊക്കെ ഭേദിച്ചാണ് കശ്മീരില്‍, മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ ഐതിഹാസികമായ യാത്ര സമാപിക്കുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നൊരു ഭരണകൂടം ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വിലങ്ങണിച്ചിരിക്കുകയാണെന്ന് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയിലേക്ക് എത്തിച്ചേര്‍ന്ന ജനസഞ്ചയം തന്നെയാണ് അതിനുള്ള തെളിവ്. ഭരണകൂട ഭീകരതയെ ഭയക്കുന്നൊരു ജനത മാറ്റൊരു ബദല്‍ തേടുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയ സ്വാധീനത്തിനും അപ്പുറം കോര്‍പറേറ്റ് ബന്ധങ്ങളും അഴിമതിയിലൂടെ രാജ്യത്തെ തന്നെ വിലയ്ക്ക് വാങ്ങാവുന്നത്രയും പണവും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശേഷിയുമായി നില്‍ക്കുന്നൊരു ഫാസിസ്റ്റ് സംഘത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ചരിത്രപരമായൊരു ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്ര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.

Content Highlights: VD Satheesan writes about Bharat Jodo Yathra

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented