.
നിര്‍ഭയനും സാഹസികനുമായ പത്രാധിപര്‍ക്ക്, ശക്തവും നിരുപാധികവുമായ പിന്തുണ നല്‍കിക്കൊണ്ട്, സ്വന്തം പത്രവും അച്ചുകൂടവുമൊക്കെ നഷ്ടപ്പെടുത്താന്‍ സന്നദ്ധത കാട്ടിയ പത്ര ഉടമ. കേരളചരിത്രത്തില്‍ ഇത്തരമൊരു ഖ്യാതി ഒരാള്‍ക്കേയുള്ളൂ-വക്കം അബ്ദുള്‍ ഖാദര്‍ മൗലവിക്ക്. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവുകൂടിയാണ് അദ്ദേഹം. ഡിസംബര്‍ 28-ന് വക്കം മൗലവിയുടെ 150-ാം ജന്മദിനമാണ്
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ വക്കം ഗ്രാമത്തിലെ പൂന്ത്രാംവിളാകം എന്ന സമ്പന്നകുടുംബത്തില്‍, 1873 ഡിസംബര്‍ 28-നാണ് ജനനം. അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബി എന്നിവര്‍ മാതാപിതാക്കള്‍. മധുര, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വേരുകളുള്ളതായിരുന്നു കുടുംബം. മതപഠനത്തിനുശേഷം മാതൃഭാഷയ്ക്ക് പുറമേ, അറബി, ഉറുദു, സംസ്കൃതം, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകള്‍ പഠിച്ചു. മതവിജ്ഞാനത്തിലെന്നപോലെ മതേതരവിജ്ഞാനത്തിലും തത്പരനായിരുന്നു. വിദ്യാഭ്യാസം മകനെ മികച്ച വ്യാപാരിയും സമ്പന്നനുമാക്കുമെന്നാണ് മാതാപിതാക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, അബ്ദുള്‍ ഖാദര്‍ ആ ദിശയിലല്ല സഞ്ചരിച്ചത്.
പിതാവിന്റെ സുഹൃത്തായ ശ്രീനാരായണഗുരുവുമായി അബ്ദുള്‍ ഖാദര്‍ ഗാഢബന്ധം പുലര്‍ത്തിയിരുന്നു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണ് അദ്ദേഹത്തെ ഒരു സാമൂഹികപ്രവര്ത്തകനാക്കിയത്. പഠനത്തിലൂടെ സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും ശ്രീനാരായണഗുരുവിന്റെ മാതൃകയില്‍ ആഹ്വാനംചെയ്തു. ഇക്കാലമായപ്പോഴേക്കും അദ്ദേഹം വക്കം മൗലവി എന്നറിയപ്പെട്ടുതുടങ്ങി. വായന ശീലമാക്കപ്പെടുകയാണ് വിജ്ഞാനസമ്പാദത്തിനുള്ള പോംവഴിയെന്ന് കണ്ടെത്തിയ മൗലവി, പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍നിന്ന് 'സ്വദേശാഭിമാനി' എന്ന പ്രതിവാരപത്രം ആരംഭിച്ചു. വിദേശത്തുനിന്ന് മുന്തിയ അച്ചുകൂടം വിലയ്ക്കുവാങ്ങി, കപ്പല്‍ മുഖേന എത്തിക്കുകയായിരുന്നു. സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യപത്രാധിപര്‍. 1906-ല്‍ പത്രം വക്കത്തേക്ക് മാറ്റി. കെ. രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേറ്റു. 1907-ല്‍ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവിതാംകൂറിലെ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരേ 'സ്വദേശാഭിമാനി' ആഞ്ഞടിച്ചു. ഇതിന് കനത്ത വില നല്‍കേണ്ടിവന്നു. ദിവാന് പി. രാജഗോപാലാചാരിയുടെ ഉത്തരവുപ്രകാരം 1910 സെപ്റ്റംബര്‍ 26-ന് പത്രം നിരോധിക്കപ്പെട്ടു. പ്രസ് കണ്ടുകെട്ടുകയും പത്രാധിപര്‍ കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. വക്കം മൗലവിയെപ്പോലുള്ള ഒരു പത്രയുടമയില്ലായിരുന്നുവെങ്കില്, രാമകൃഷ്ണപിള്ളയെപ്പോലുള്ള ഒരു പത്രാധിപര്‍ ഉയര്‍ന്നുവരുന്നത് പ്രയാസകരമായിരുന്നു.
'സ്വദേശാഭിമാനി'ക്ക് തൊട്ടുപിന്നാലെ സമുദായപരിഷ്കരണം മുന്‍നിര്‍ത്തി 'മുസ്ലിം' (1906) എന്ന മാസിക മൗലവി ആരംഭിച്ചിരുന്നു. ഒന്‍പത് ലക്കങ്ങള്‍ക്കുശേഷം അതിന്റെ പ്രസിദ്ധീകരണം നിലച്ചു. 1918-ല്‍ അറബി-മലയാളത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച 'അല്ഇസ്ലാ'മും അല്പായുസ്സായി. കനത്ത സാമ്പത്തികനഷ്ടമാണ് ഈ പ്രസിദ്ധീകരണങ്ങള്‍ വരുത്തിവെച്ചതെങ്കിലും ആദര്‍ശപരമായ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. മുസ്ലിം സമുദായത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനായി 'അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ'യ്ക്ക് മൗലവി രൂപംകൊടുത്തു. കൊടുങ്ങല്ലൂരില്‍ രൂപംകൊണ്ട് 'നിഷ്പക്ഷസംഘം' എന്ന സമുദായസംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, 1932-ല്‍ 'മുസ്ലിം ഐക്യസംഘ'മായി മാറി. സഹോദരന് അയ്യപ്പനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൗലവി, വക്കത്ത് സഹോദരസംഘത്തിന്റെ ശാഖ ആരംഭിക്കാനും മുന്നിട്ടിറങ്ങി.
ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനരീതികളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. 1921-ല്‍ ഒറ്റപ്പാലത്തുനടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. വൈക്കം സത്യാഗ്രഹത്തെത്തുടര്‍ന്ന് ഗാന്ധിജി കേരളത്തിലെത്തിയ വേളയില്‍ മൗലവി അദ്ദേഹത്തെ കാണുകയുണ്ടായി. സാമൂഹികപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും വക്കം മൗലവിയ്ക്ക് നേരിടേണ്ടിവന്നു. 1931-ല്‍ 'ഇസ്ലാമിയ പബ്ലിഷിങ് ഹൗസ്' എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. അതേവര്‍ഷം 'ദീപിക' എന്നൊരു മാസികയും ആരംഭിച്ചു. 1932 ഒക്ടോബര്‍ 31-ന്, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി അന്തരിച്ചു.
പത്രാധിപരില്ലാതെ പത്രമെന്തിന്?
പത്രം കണ്ടുകെട്ടിയശേഷം പില്ക്കാലത്ത് പ്രസ് തിരികെ നല്കാന് സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ സുഹൃത്തുക്കള്‍ വക്കം മൗലവിയെ നിര്‍ബന്ധിച്ചു. എന്റെ പത്രാധിപരില്ലാതെ പത്രമെന്തിന്, അച്ചുകൂടമെന്തിന്? എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. മൗലവിയുടെ മരണശേഷം 1958-ല്‍ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് അച്ചുകൂടവും മറ്റും അദ്ദേഹത്തിന്റെ കുടുംബത്തിന് തിരികെ ലഭിച്ചത്.
ഓര്‍മിക്കാന്‍
- അഖിലതിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, ചിറയിന്‍കീഴ് താലൂക്ക് മുസ്ലിം സംഘം, ഐക്യ മുസ്ലിം സംഘം എന്നിവ വക്കം മൗലവിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘടനകളാണ്.
- 1931-ല്‍ മൗലവി ആരംഭിച്ച 'ദീപിക' മാസികയില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തി തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ആ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
- നബിമാര്‍, ഖുര്‍ആന്‍ വ്യാഖ്യാനം, ഇസ്ലാംമത സിദ്ധാന്തസംഗ്രഹം, ദൗ ഉസ്വബാഹ് തുടങ്ങിയവ മൗലവി, മലയാളം, അറബി, അറബി-മലയാളം ഭാഷകളിലായി രചിച്ച കൃതികളാണ്.
- വിദേശവാര്‍ത്തകള്‍ക്കുവേണ്ടി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച കേരളത്തിലെ ആദ്യപത്രംകൂടിയായിരുന്നു സ്വദേശാഭിമാനി.
- 'ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തുകില്ലൊരു? നാടിനെ' എന്നതായിരുന്നു സ്വദേശാഭിമാനി പത്രത്തിന്റെ ആപ്തവാക്യം.
- ''സമ്പന്നര്‍ പാവങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ചെലവ് വഹിക്കുകയും അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാന്‍ സഹായിക്കുകയും വേണം.''
- ''മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസവും നേടിയെങ്കിലേ, മനുഷ്യപുരോഗതി സാധ്യമാവുകയുള്ളൂ.''
- ''സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗം വിദ്യാഭ്യാസമാണ്.''
Content Highlights: vakkom abdul khader moulavi, 150th birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..