ഇ.എം.എസ് അന്തരിച്ചു; അറിയാതെ ചോദിച്ചു പോയി 'നാളെ അവധിയായിരിക്കും അല്ലേ ?'


എം.ബി.ബാബു.

5 min read
Read later
Print
Share

ഇഎംഎസ് നമ്പൂതിരിപ്പാട് | Photo: Mathrubhumi Archive

ങ്ങകലെയുള്ള പട്ടരുടെ ഹോട്ടലില്‍നിന്ന് നെയ്‌റോസ്റ്റിന്റെ മണം മാനാഞ്ചിറക്കാറ്റില്‍ പറന്നുവന്നു മൂക്കിലടിച്ചു. അങ്ങനെ എന്തെല്ലാം എവിടെനിന്നൊക്കെ വരുമെന്നോര്‍ത്ത് കണ്ണടച്ച് പുല്‍മൈതാനത്ത് കിടന്നു.

സന്ധ്യ കഴിഞ്ഞാല്‍ മുറിയിലേക്ക് ചേക്കേറണം. അവിടെ രാവിലെ തയ്യാറാക്കിവെച്ച കഞ്ഞി ബീന്‍സ് തോരനും കൂട്ടി കഴിക്കണം. പിന്നെ ഉറങ്ങണം. അതുവരെ സമയം പോക്കാനാണ് ഈ കിടപ്പ്. സന്തതസഹചാരിയായ തോള്‍സഞ്ചിയില്‍ ഒരു പുസ്തകം കിടപ്പുണ്ട്. സഖാവ് ഇ എം എസിനെപ്പറ്റി ഉള്ളതാണ്. കോഴിക്കോട്ടങ്ങാടിയില്‍നിന്ന് വില നല്‍കി കുറച്ചു പുസ്തകങ്ങളേ വാങ്ങിയിട്ടുള്ളൂ. അതില്‍ ഒന്നാണിത്.

ചുവന്ന പുറം ചട്ടയുള്ള ആ പുസ്തകം വായിക്കാന്‍ പലകുറി തുറന്നതാണ്. വിരസമായ ആമുഖം കാരണം വായിച്ചു തീര്‍ന്നില്ല. അങ്ങനെ മടക്കിവെച്ച് സഞ്ചിയില്‍ തൂങ്ങി കിടക്കുന്നു, എന്നോടൊപ്പം നടക്കുന്നു. സഞ്ചിയിലെ പുസ്തകം മാടിവിളിച്ചു - എന്നെ വായിക്കൂ സഹോദരാ, പണം കൊടുത്ത് വാങ്ങിയതല്ലേ? വായിച്ചു കഴിഞ്ഞ് ആര്‍ക്കെങ്കിലും കൊടുക്കൂ -ഇഎംഎസ് എന്ന വ്യക്തിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞതിനുശേഷം നാലാള്‍ കൂടി അറിയട്ടെ.

കണ്ണുതുറന്ന് എഴുന്നേറ്റു. പുസ്തകം തുറന്ന് ആമുഖം ഒഴിവാക്കി വായന തുടങ്ങി. അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട് പുസ്തകത്തില്‍. ഇഎംഎസ് എന്ന വ്യക്തി. ആകര്‍ഷകമായ ബാഹ്യ രൂപമില്ലാത്ത, സംസാര വൈകല്യമുള്ള കറുത്ത കുറിയ ഒരാള്‍. ഇയാള്‍ ലോകാരാധ്യനായ നേതാവ് ആയത് എങ്ങനെയാണെന്നാണ്, അതിന്റെ നാള്‍വഴികള്‍ ആണ് വിരസത ഇല്ലാതെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. ചിലയിടങ്ങളില്‍ അതിശയോക്തി ഉണ്ട്.

അതുവരെ ചിത്രത്തിലും പത്രത്തിലും അത്യപൂര്‍വമായി ടെലിവിഷനിലൂടെയും മാത്രം കണ്ടിട്ടുള്ള ഇഎംഎസ്സിനോട് കൂടുതല്‍ ആരാധന തോന്നി. നേരില്‍ കണ്ടാല്‍ കൊള്ളാം എന്ന മോഹവും. പക്ഷേ ആള്‍ കര്‍ക്കശക്കാരനും പരുക്കനും ആണെന്നാണ് പുസ്തകത്തിലുള്ളത്. അതിനാല്‍ മനസ്സിന്റെ മോഹത്തിന് ബുദ്ധി എതിര് നിന്നു.

മൈതാനം അടച്ചപ്പോള്‍ നടന്ന് മുറിയിലെത്തി. പുസ്തകം മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടില്ല. വായന തുടര്‍ന്നു. രാത്രി 10.30 കഴിഞ്ഞപ്പോള്‍ വാതില്‍പ്പടിയില്‍ ഒരു ആളനക്കം. ലോഡ്ജിന്റെ ഉടമയാണ്. രാത്രി 10.30 ന് ലൈറ്റ് അണയ്ക്കണം എന്ന നിബന്ധന ഓര്‍മിപ്പിക്കാന്‍ പുറത്ത് ഉലാത്തുകയാണ്.

ഇഎംഎസ് നമ്പൂതിരിപ്പാട് ആര്യ അന്തര്‍ജ്ജനത്തെ വിവാഹം കഴിച്ച അധ്യായം പൂര്‍ത്തിയാക്കാനാവാതെ പുസ്തകം അടച്ചുവെച്ചു. ലൈറ്റ് അണച്ചു.

ബാബുവിന് ഇഎംഎസ്
അയച്ച കത്ത്

ഇഎംഎസ് - ആര്യ വിവാഹത്തിന്റെ അറുപതാം വര്‍ഷമാണ് ഇപ്പോള്‍ എന്ന് അപ്പോഴാണ് ഓര്‍മ വന്നത്. എന്നിലെ ജേണലിസം വിദ്യാര്‍ത്ഥി ഉണര്‍ന്നു. പത്തര കഴിഞ്ഞതിനാല്‍ ലൈറ്റ് ഇടാന്‍ പാടില്ല. കറണ്ട് പോകുന്ന അവസരങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന മെഴുകുതിരി കത്തിച്ചു. കത്തുകളും ഊമക്കത്തുകളും എഴുതാനായി തോള്‍സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റ് കാര്‍ഡുകളില്‍ ഒന്നെടുത്തു. ലോകമറിയുന്ന വ്യക്തിക്ക് വിലാസം ഒന്നേയുള്ളൂ. അത് കാര്‍ഡില്‍ എഴുതി - ഇഎംഎസ് നമ്പൂതിരിപ്പാട്, തിരുവനന്തപുരം .

എഴുത്തിന്റെ ലക്ഷ്യം മൂന്ന് വരികളില്‍ ഒതുക്കി -കോഴിക്കോട് ജേണലിസം വിദ്യാര്‍ഥിയാണ്. കണ്ടാല്‍ കൊള്ളാമെന്നുണ്ട്. അഭിമുഖമാണ് ലക്ഷ്യം. എട്ടാം നാള്‍ ഒരു തപാല്‍ കവറില്‍ മറുപടി ലഭിച്ചു -വീട്ടിലെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പൂര്‍ണ മേല്‍വിലാസം ഉള്ള ലെറ്റര്‍ ഹെഡില്‍ ആയിരുന്നു മറുപടി അയച്ചത്.

അതിങ്ങനെ -
സെപ്റ്റംബര്‍ 21 ന്റെ കത്ത് കിട്ടി. അഭിമുഖത്തിനു സമയം ഉണ്ടാക്കാന്‍ നോക്കാം. എങ്കിലും അതിനു മുന്നേ തന്നെ താങ്കള്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.
സ്‌നേഹത്തോടെ ഇ എം എസ് നമ്പൂതിരിപ്പാട്.

ഏത് ദിവസം ഏത് സമയത്ത് എത്തണം എന്ന് അറിയാന്‍ വീട്ടിലെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. മറുതലയ്ക്കല്‍ ഫോണ്‍ എടുത്ത ആള്‍ പരിചയപ്പെടുത്തി - അദ്ദേഹത്തിന്റെ സെക്രട്ടറിയാണ്. രാവിലെ എട്ടിന് മുമ്പ് എത്തിക്കോളു. അതിനുശേഷം അദ്ദേഹം തിരക്കിലാകും. വീട്ടിലേക്കുള്ള വഴിയും പറഞ്ഞു തന്നശേഷമാണ് ഫോണ്‍ വെച്ചത്.

തിരുവനന്തപുരത്തെ സുഹൃത്ത് രാജനെ ഫോണില്‍ ബന്ധപ്പെട്ട് പിറ്റേന്ന് അവിടെ എത്തുന്ന കാര്യം അറിയിച്ചു. രാത്രി തീവണ്ടിയില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

രാജന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. അവന്റെ വീട്ടിലെത്തി കുളിച്ചു. ഭക്ഷണം പോലും കഴിക്കാതെ നേരെ ഇഎംഎസ് നമ്പൂതിരിപ്പാട് താമസിക്കുന്ന ഇടത്തേക്ക് രാജനോടൊപ്പം സ്‌കൂട്ടറില്‍ പുറപ്പെട്ടു.

നഗരത്തില്‍ നിന്ന് ഉള്ളിലേക്ക് മാറി ഒരു ചെറിയ ഫ്‌ളാറ്റ്. രാവിലെ എട്ടിനു മുന്നേ അവിടെ എത്തി. ഇഎംഎസ് നമ്പൂതിരിപ്പാട്, ഭാര്യ ആര്യ അന്തര്‍ജനം സഹായി വേണു എന്നിവര്‍ മാത്രമാണ് ഫ്‌ളാറ്റില്‍ .

നീല കൈലിമുണ്ടും ഇന്നര്‍ ബനിയനുമാണ് ഇഎംഎസിന്റെ വേഷം. ഊണ്‍മേശയില്‍ പ്രഭാത ഭക്ഷണങ്ങള്‍ റെഡിയാക്കി മൂടി വെച്ചിട്ടുണ്ട്.

വായനാമുറിയില്‍നിന്ന് ഇറങ്ങിവന്ന ഇഎംഎസ് ചോദിച്ചു -'ബാബു ,അല്ലെ?'
'അതെ' - ഞാന്‍ പറഞ്ഞു - 'ജേണലിസ്റ്റ് അല്ല ജേണലിസം വിദ്യാര്‍ഥിയാണ്.'
'അറിയാം, അതുകൊണ്ടാണല്ലോ വരാന്‍ പറഞ്ഞത്' - ഇഎംഎസ് പറഞ്ഞു.
'വരൂ, ഭക്ഷണം കഴിക്കാം.' - എന്നെയും രാജനെയും അദ്ദേഹം ക്ഷണിച്ചു.
സംസാരത്തില്‍ വിക്ക് ഒട്ടും ഇല്ലായിരുന്നു.
'വേണ്ട'- ഒരു ഫോര്‍മാലിറ്റിക്ക് ഞാന്‍ പറഞ്ഞു, കൂടെ ഉണ്ടായിരുന്നു രാജനും.
'പിന്നെ എന്തിനാണ് ഞങ്ങള്‍ ഇത്രയും നേരം നിങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നത്?'
ചെറിയ ദേഷ്യത്തോടെ ആയിരുന്നു ഇഎംഎസ് പ്രതികരിച്ചത്. വാക്കുകളില്‍ അല്പം വിക്കും ഉണ്ടായിരുന്നു.

കൈകഴുകി വന്നു. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു. ഇഎംഎസ് കഴിച്ചത് മൂന്ന് ഇഡ്ഡലിയും സാമ്പാറും ചായയും. ഭക്ഷണം കഴിച്ച് എണീക്കവെ അദ്ദേഹം പറഞ്ഞു - 'മെല്ലെ കഴിച്ചാല്‍ മതി. ധാരാളം സമയമുണ്ട്. ധൃതി പിടിക്കേണ്ട.'
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വായനാമുറിയിലേക്ക് ചെന്നു. ചാരുകസേരയില്‍ ഇഎംഎസ് ഇരിപ്പുണ്ട്.
റെക്കോഡര്‍ ഓണ്‍ ചെയ്തു. ക്യാമറ രാജനെ ഏല്‍പ്പിച്ചു. കടലാസും പേനയും കൈയില്‍ എടുത്തു.
ഇഎംഎസ് ചോദിച്ചു - 'ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടില്ലേ?'

ഇഎംഎസിനെ അഭിമുഖം ചെയ്യുന്ന ബാബു

ഉണ്ട് എന്നു പറഞ്ഞ്, അഞ്ച് പേജുകളില്‍ തയ്യാറാക്കിയ 25 ചോദ്യങ്ങള്‍ അദ്ദേഹത്തിന് കൈമാറി. ചോദ്യങ്ങള്‍ അദ്ദേഹം പൂര്‍ണമായി വായിച്ചു.
വായിച്ചശേഷം അഞ്ച് പേജുകളും തിരികെ തന്ന് അദ്ദേഹം പറഞ്ഞു -'ഇവയില്‍ അഞ്ചു ചോദ്യങ്ങള്‍ മാത്രം ചോദിക്കുക.'
വിഷണ്ണനായി ഞാന്‍ അഭ്യര്‍ഥിച്ചു -'ഒരു 10 ചോദ്യങ്ങള്‍?'
'തര്‍ക്കിക്കാന്‍ ആണ് വന്നതെങ്കില്‍ നിങ്ങള്‍ക്ക് പോകാം.' - ഇഎംഎസ് കടുപ്പിച്ചു പറഞ്ഞു.

ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ മാര്‍ക്ക് ചെയ്തു കൊടുത്തു.
എല്ലാത്തിനും വിശദവും വ്യക്തവുമായ ഉത്തരങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു .
ചോദ്യങ്ങള്‍ക്ക് ഉപചോദ്യങ്ങള്‍ നടത്തിയപ്പോഴും അദ്ദേഹം മടികൂടാതെ പ്രതികരിച്ചു. എഴുതിക്കൊണ്ടുപോയ 25 ചോദ്യങ്ങള്‍ക്കും അദ്ദേഹം തത്വത്തില്‍ മറുപടി നല്‍കി.

അഭിമുഖം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു - ധൃതി ഇല്ലെങ്കില്‍ ഉച്ചയ്ക്ക് ഊണുകഴിച്ച ശേഷം പോയാല്‍ മതി. എനിക്ക് പുറത്ത് ഒന്ന് രണ്ട് പരിപാടിയുണ്ട്, പോകണം. അംബാസഡര്‍ കാര്‍ പുറത്തുവന്ന് ഹോണടിച്ചു. വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഇഎംഎസ് വേണുവിനൊപ്പം കാറില്‍ കയറിപ്പോയി. രാജനോടൊപ്പം സ്‌കൂട്ടറില്‍ ഞാന്‍ നഗരത്തിലേക്ക് മടങ്ങി.

തീവണ്ടി വരാന്‍ സമയമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ചുമ്മാതെ ഇരിക്കുമ്പോള്‍ അഭിമുഖത്തിന്റെ ഓഡിയോ ഒന്ന് കേള്‍ക്കാന്‍ തീരുമാനിച്ചു.
തോള്‍സഞ്ചിയില്‍ റെക്കോര്‍ഡര്‍ പരതി.
സഞ്ചിയില്‍ പേനയും പേപ്പറും മാത്രം. റെക്കോര്‍ഡറും ക്യാമറയും കാണാനില്ല.
പരിഭ്രാന്തി മൂത്തു.
എവിടെപ്പോയി?

അപ്പോഴാണ് ഓര്‍മ്മ വന്നത്. ഇഎംഎസിന്റെ അഭിമുഖം കിട്ടിയ ആഹ്ലാദത്തില്‍ റെക്കോര്‍ഡറും ക്യാമറയും എടുക്കാന്‍ മറന്നു.
ഓട്ടോറിക്ഷ പിടിച്ച് വീണ്ടും ഇഎംഎസിന്റെ വീട്ടിലേക്ക് .
ഫ്‌ളാറ്റിന്റെ താഴെ കയ്യില്‍ റെക്കോര്‍ഡും ക്യാമറയുമായി ഇഎംഎസിന്റെ ഭാര്യ ആര്യ അന്തര്‍ജനം കാത്ത് നില്‍പ്പുണ്ട്.
ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയ എന്നെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു -'കുട്ടി വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.'
റെക്കോര്‍ഡറും കാമറയും കയ്യില്‍ തന്നിട്ട് അവര്‍ പറഞ്ഞു - 'എന്തായാലും പേടിച്ചു പോയിക്കാണും അല്ലേ. ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് പോകാം.'

വീട്ടില്‍ കൊണ്ടുപോയി ഊണുമേശയിലെ കൂജയില്‍ നിന്ന് വെള്ളം പകര്‍ന്നുതന്നു.

ചോദിക്കാതെതന്നെ, ഇഎംഎസും ആയുള്ള വിവാഹവും തുടര്‍ന്നുള്ള ജീവിതവും ഒരു കഥപോലെ പറഞ്ഞു തന്നു.
അതും റെക്കോര്‍ഡറില്‍ പകര്‍ത്തി.
റെക്കോര്‍ഡറും ക്യാമറയും മറക്കാതെ എടുത്തു നേരെ കോഴിക്കോട്ടേക്ക് വണ്ടി കയറി.

ക്യാമറയില്‍ നിന്ന് റോള്‍ എടുത്ത് ഫിലിം ഡെവലപ്പ് ചെയ്തു. ഇഎംഎസിനോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ രാജന്‍ ഭംഗിയായി എടുത്തിട്ടുണ്ട്. വിലകുറഞ്ഞ ക്യാമറയുടെ കൃത്യത കുറവ് ചിത്രങ്ങളില്‍ കാണാമായിരുന്നു. അഭിമുഖം പ്രസിദ്ധപ്പെടുത്തണം. അതിന് വഴിതേടി. ജേണലിസം വിദ്യാര്‍ഥി ആയിരുന്നതിനാല്‍ മുഖ്യധാരാ പത്രങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. നിറയെ പ്രസിദ്ധീകരണങ്ങളുള്ള കോഴിക്കോട്ടങ്ങാടിയില്‍ കുറെ സ്ഥാപനങ്ങള്‍ കയറിയിറങ്ങി.

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികള്‍ അന്ന് നടത്തിയിരുന്ന ഒരു ആഴ്ചപ്പതിപ്പ് അഭയം നല്‍കി.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അഭിമുഖം ഒരു ജേണലിസം വിദ്യാര്‍ഥിക്ക് കിട്ടി എന്നത് അവര്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇഎംഎസിനെ അഭിമുഖം ചെയ്യുന്ന ഫോട്ടോകള്‍ സഹായകമായി. പിറ്റേ ആഴ്ചയില്‍ ആര്യയും വേളിയും ഇഎംഎസും എന്ന കവര്‍ പതിപ്പായി അഭിമുഖം അച്ചടിച്ചുവന്നു. വായനക്കാരില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ലേഖകന്‍ ഇഎംഎസിനെ അഭിമുഖം ചെയ്യുന്ന ചിത്രവും അച്ചടിച്ചു. ഒരു ജേണലിസം വിദ്യാര്‍ഥിക്ക് കിട്ടുന്ന അത്യപൂര്‍വ നേട്ടമായി ആയി സഹപാഠികള്‍ ഇതിനെ വിലയിരുത്തി.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു. ക്ലാസ് മുറിയിലെ ടെലിവിഷനില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി കാണിച്ചു -ഇ.എം.എസ് അന്തരിച്ചു. ക്ലാസ് ശോകമൂകമായി. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തി
നാട്ടിലേക്ക് പോകാന്‍ അവധി കാത്തിരിക്കുന്ന എന്നിലെ ഒരു ഗ്രാമീണന്‍ അറിയാതെ ചോദിച്ചു പോയി -നാളെ അവധിയായിരിക്കും അല്ലേ ?

ലോകം ആരാധിക്കുന്ന ഒരു പ്രതിഭയുടെ വിയോഗത്തില്‍ ദുഃഖിക്കാതെ, നാട്ടിലേക്ക് പോകാനുള്ള സന്തോഷം കണ്ടെത്തുന്ന എന്നിലെ അറിവില്ലായ്മയെ സഹപാഠികള്‍ കുറ്റപ്പെടുത്തി. ചിലര്‍ ശകാരിച്ചു.

പിറ്റേന്ന് ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഇ.എം.എസ്. എന്ന പേര് കറുപ്പ് അക്ഷരത്തില്‍ വെണ്ടയ്ക്ക വലിപ്പത്തില്‍ നിരത്തിയപ്പോഴാണ് ആ വില മനസ്സിലായത് -ഒരു പോസ്റ്റ് കാര്‍ഡിന് വിശദമായി മറുപടി അയച്ച , കൂടെയിരുത്തി ഭക്ഷണം നല്‍കിയ, ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരം നല്‍കിയ, സ്‌നേഹത്തോടെ പെരുമാറിയ ആ ചെറിയ മനുഷ്യന്‍ എത്ര വലിയ വ്യക്തി ആയിരുന്നു എന്ന് അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയത്.

Content Highlights: untold story by MB Babu ems namboodiripad

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adithya l1
Premium

8 min

സൂര്യരഹസ്യം കണ്ടെത്തുമോ ആദിത്യ എല്‍1?; ISRO സൂര്യനിൽ തേടുന്ന രഹസ്യങ്ങൾ

Sep 2, 2023


KAL Neem G Auto
Premium

6 min

വാങ്ങിയവര്‍ പെട്ടു, അവകാശവാദങ്ങള്‍ക്ക് ബ്രേക്ക്‌; കേരളത്തിന്റെ ഇ-ഓട്ടോ പെരുവഴിയില്‍

Jun 16, 2023


Rayanha
Premium

5 min

ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന റയാന അല്‍ ബര്‍നാവി; ചൊവ്വയിൽ ആദ്യം കാലുകുത്തുക സ്ത്രീയോ?

May 23, 2023


Most Commented