വധശിക്ഷ മുതല്‍ ജയില്‍ശിക്ഷ വരെ; ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗിക നിയമം കടുപ്പിക്കുമ്പോള്‍


By കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co,in

6 min read
Read later
Print
Share

Getty Images

നൂറ്റാണ്ടുകളായി അന്തരാഷ്ട്ര സമൂഹം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്വവര്‍ഗ ലൈംഗികത (ഹോമോ സെക്ഷ്വാലിറ്റി). വിവേചനങ്ങളും വിവാദങ്ങളും മാത്രം അവശേഷിക്കുമ്പോഴും വിരലിലെണ്ണാവുന്ന ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രമാണ് ഈ വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ചും അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ബോധ്യമുള്ളത്.. ഇത്തരം രാജ്യങ്ങളില്‍ അവര്‍ക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.

ബില്ലിനെതിരേ ഉഗാണ്ടയിലെ വീടിനുള്ളിൽ നടന്ന പ്രതിഷേധം | Photo: AP

പല രാജ്യങ്ങളും സ്വവര്‍ഗലൈംഗികതയെ കുറ്റകൃത്യമായി കണക്കാക്കുമ്പോഴും ഐക്യരാഷ്ട്രസഭയടക്കം ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഒരാള്‍ക്ക് ഭിന്നലിംഗത്തില്‍ പെട്ടവരോട് മാത്രം താല്‍പര്യം തോന്നണമെന്ന്‌ എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് പല കോണുകളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ലൈംഗിക ചായ്‌വോ ലൈംഗിക വ്യക്തിത്വമോ അടിസ്ഥാനമാക്കിയുള്ള വിവേചനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പ്രകാരം ശരിയല്ലെന്നും സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങള്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നുമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ അഭിപ്രായം. ഇതിനിടെയാണ് സ്വവര്‍ഗ ലൈംഗികതാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയുള്ള ഉഗാണ്ട സര്‍ക്കാരിന്റെ പുതിയ ബില്ല്.

ക്രിമിനല്‍ കുറ്റം എന്നതിനപ്പുറം കടുത്ത ശിക്ഷയുംകൂടി ഉറപ്പുവരുത്തുന്നതാണ് ഉഗാണ്ട സര്‍ക്കാരിന്റെ പുതിയ ബില്ല്. ഒരാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍പോലും കുറ്റകൃത്യമാവും. ജയില്‍ ശിക്ഷ മുതല്‍ വധശിക്ഷവരെയാണ് വിവിധ വകുപ്പുകള്‍ അനുസരിച്ച് സ്വവര്‍ഗാനുരാഗികള്‍ അനുഭവിക്കേണ്ടി വരികയെന്നാണ് ബില്ല് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉഗാണ്ടന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ ബില്ലിന് ആകെയുള്ള 389 അംഗങ്ങളില്‍ രണ്ടു പേര്‍ ഒഴികെ മറ്റെല്ലാവരും പിന്തുണക്കുകയും ചെയ്തു.

എൽ.ജി.ബി.ടി. ബില്ല് പാസ്സാക്കുന്ന ഉഗാണ്ടൻ പാർലമെന്റ് | Photo: AP

ഏകദേശം മുപ്പത് ആഫ്രിക്കന്‍ രാജ്യങ്ങളാണ് സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കുന്നത്. നിരോധനമുളള ആകെ 69 രാജ്യങ്ങളില്‍ പകുതിയോളം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. മറ്റ് രാജ്യങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരേ വധശിക്ഷയടക്കം ചാര്‍ത്തപ്പെടുമ്പോള്‍ അത് വലിയ ദുരുപയോഗത്തിന് വരെ കാരണമാവുമെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുക എന്നതിന് പുറമേ ഇത്തരക്കാരെ സംരക്ഷിക്കുകയോ ഇവര്‍ക്ക് സഹായം നല്‍കുകയോ ചെയ്യുന്നത്പോലും ഗൂഢാലോചനയുടെ ഭാഗമായി കണക്കാക്കി കുറ്റക്കാരായി കണക്കാക്കും. സ്വവര്‍ഗാനുരാഗികളാണെന്ന വിവരം അധികാരികളെ അറിയിക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തയ്യാറാവണമെന്നും അതവരുടെ ഉത്തരവാദിത്തമാണെന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. വ്യക്തികള്‍ക്ക് പുറമെ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഇവര്‍ക്ക് സഹായം നല്‍കരുതെന്നും സംരക്ഷിക്കരുതെന്നും അത്തരം പ്രവൃത്തികള്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും ബില്ല് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഭരണകക്ഷിയംഗങ്ങളായ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ മാത്രമാണ് ചൊവ്വാഴ്ച ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. ഫോക്സ് ഓഡോയ് ഒയ്‌വെലാവോ, പോള്‍ ക്വിസേര ബുസിയാന എന്നിവര്‍ ബില്ലിനെതിരേ അതിശക്തമായി വാദിച്ചെങ്കിലും ബില്ല് വന്‍ഭൂരിപക്ഷത്തോടെ പാസ്സാവുകയായിരുന്നു. ബില്ലില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും നിലവിലെ പ്രൊവിഷനുകള്‍ ഭരണഘാടനാവിരുദ്ധമാണെന്നും ഇത് പൗരന്മാരെ ക്രിമിനല്‍ കുറ്റക്കാരനായി മുദ്ര കുത്താന്‍ ഉപയോഗിക്കുമെന്നും വാദിച്ചെങ്കിലും ബില്ല് പാസ്സായി.

യുവേരി മുസാവിനി Photo: |AP

ഉഗാണ്ടന്‍ പാര്‍ലമെന്റ് സ്വവര്‍ഗ ലൈംഗികതാ വിരുദ്ധ നിയമം നേരത്തെയും കൊണ്ടുവന്നിരുന്നെങ്കിലും വലിയ വിവാദത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. പുതിയ ബില്ല് പാസ്സായതോടെ ഇത് പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഇതുകൂടെ ലഭിച്ചാല്‍ നിയമമായി മാറും. പ്രസിഡന്റ് യുവേരി മുസാവിനിക്ക് ബില്ലിന് അംഗീകാരം നല്‍കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാം. പക്ഷെ, പ്രസിഡന്റിനും വിഷയത്തില്‍ അനുകൂല നിലപാടാണുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. വെറുക്കപ്പെട്ട നിയമനിര്‍മാണത്തിനുള്ള തുടക്കം എന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കാമ്പയിനുകള്‍ ബില്ലിനെ വിമര്‍ശിച്ചെവെങ്കിലും ഇതുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബില്ല് പാസ്സായതോടെ രാജ്യത്തെ പൗരന്‍മാര്‍ വലിയ ബ്ലാക്ക്മെയ്‌ലിങ്ങും മാനസികപീഡനങ്ങളും നേരിടുന്നുണ്ടെന്ന് ബി.ബി.സി. അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണം തന്നില്ലെങ്കില്‍ നിങ്ങള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞുള്ള വ്യാജഫോണ്‍ വിളികള്‍ പോലും പലരുടേയും ഫോണില്‍ എത്താന്‍ തുടങ്ങിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉഗാണ്ടയില്‍ നേരത്തെ തന്നെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കിയിരുന്നുവെങ്കിലും പുതിയ ബില്ല് വന്നതോടെ അത് കൂടുതല്‍ കര്‍ക്കശമാവുകയാണ്. ബില്ലിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വലിയ കാമ്പയിനുകള്‍ക്ക് തുടക്കമിടാനും മനുഷ്യാവകാശ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ട്രാന്‍സ്ജന്‍ഡറാണെന്നതിന്റ പേരില്‍ ഉഗാണ്ടയില്‍ ആക്രമിക്കട്ട യുവതി ബില്ലിന്റെ വാര്‍ത്ത കാണുന്നു | Photo: AP

എന്താണ് ബില്ലില്‍ പറയുന്നത്

  • ഏതെങ്കിലും വ്യക്തി കുട്ടികളെ സ്വവര്‍ഗ ലൈംഗികതയ്ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ജീവപര്യന്തം ശിക്ഷ ലഭിക്കും
  • വ്യക്തികളോ സ്ഥാപനങ്ങളോ മാധ്യമങ്ങളോ സ്വവര്‍ഗാനുരാഗികളെ പിന്തുണക്കുകയോ സഹായം നല്‍കുകയോ അവര്‍ക്ക് അനുകൂലമായ വാര്‍ത്തകളോ സാഹിത്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താലും കുറ്റക്കാരാവും. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയും വരും.
  • മാധ്യമസ്ഥാപനങ്ങളോ മാധ്യമ പ്രവര്‍ത്തകരോ എല്‍.ജി.ബി.ടി അവകാശങ്ങള്‍ക്ക് വേണ്ടിയോ ഇവരെ പിന്തുണച്ചോ സംസാരിക്കുന്നത് കുറ്റകരമാണ്.
  • കുട്ടികളോടോ അംഗവൈകല്യമുള്ളവരോടോ അബോധാവസ്ഥയിലുള്ളവരോടോ(മദ്യപിച്ചിട്ട് പോലും)സ്വവര്‍ഗ ലൈംഗിക പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് വധശിക്ഷ ലഭിക്കുക.
  • ഏതെങ്കിലും വ്യക്തിയുടെ വീടിനോ സ്ഥാപനങ്ങള്‍ക്കോ സമീപത്ത് വെച്ച് സ്വവര്‍ഗ ലൈംഗിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാലോ അല്ലെങ്കില്‍ അവിടെ ഇത്തരക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കൂടിച്ചേരലുകള്‍ നടന്നാലോ ആ കെട്ടിട ഉടമയും കുറ്റക്കാരനാവും.
  • 2014-ല്‍ ആയിരുന്നു ഉഗാണ്ടന്‍ സര്‍ക്കാര്‍ എല്‍.ജി.ബി.ടി. ഗ്രൂപ്പുകള്‍ക്കെതിരായുള്ള മറ്റൊരു നിയമം മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. മറ്റ് രാജ്യങ്ങളില്‍ നിന്നടക്കം വലിയ എതിര്‍പ്പായിരുന്നു അന്ന് നിയമത്തിനെതിരേ ഉയര്‍ന്ന് വന്നത്.
സിഡ്നിയിൽ നിന്നുള്ള ദൃശ്യം | Photo: Getty Images

സ്വവര്‍ഗലൈംഗിക ലോകത്ത്

അഫ്ഗാന്‍, അള്‍ജീരിയ, ബംഗ്ലാദേശ്, ഭൂട്ടാന്‍, പാകിസ്താന്‍, ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങി 69 രാജ്യങ്ങളിലാണ് ഇപ്പോള്‍ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കുന്നത്. ഇതില്‍ പകുതിയോളം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. പക്ഷെ, ചില രാജ്യങ്ങള്‍ ഇതിനെ ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അമേരിക്കയിലെ പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണക്കനുസരിച്ച് 69 രാജ്യങ്ങളാണ് പരസ്പരം സമ്മതപ്രകാരമുള്ള സ്വവര്‍ഗലൈംഗിക പ്രവൃത്തി കുറ്റകരമായി കണക്കാക്കി പോരുന്നത്. 129 രാജ്യങ്ങള്‍ ഇത് അനുവദിക്കുന്നുമുണ്ട്. 28 രാജ്യങ്ങളാണ് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മറ്റ് 34 രാജ്യങ്ങള്‍ വിവാഹത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഇത്തരം ബന്ധത്തെ അംഗീകരിക്കുന്നുണ്ട്. ബ്രുണായ്, ഇറാന്‍, സൗദി അറേബ്യ, യെമന്‍ പോലുള്ള രാജ്യങ്ങളാണ് സ്വവര്‍ഗ ലൈംഗിതയ്ക്ക് വധശിക്ഷ നല്‍കുന്നത്. ഇവരുടെ പട്ടികയിലേക്കാവും ബില്ല് നിയമമായാല്‍ ഉഗാണ്ടയുമെത്തുക.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അംഗോള പ്രസിഡന്റ് ജൊവാവൊ ലൊറന്‍സോ സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമെന്നത് പിന്‍വലിച്ച് നിയമസാധുത നല്‍കിയത്. മാത്രമല്ല, ജെന്‍ഡറിന്റെ പേരിലുള്ള ധ്രുവീകരണത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. ജെന്‍ഡര്‍ പരിഗണിക്കാതെ, ഇഷ്ടമുള്ളയാളെ വിവാഹം ചെയ്ത് ജീവിക്കാനള്ള അവകാശം വിവാഹസമത്വമെന്ന പേരിലാണ് അറിയപ്പെടുന്നത്. നെതര്‍ലാൻഡ്‌സ്‌ ആണ് ജനങ്ങള്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്നതിനായി വിവാഹസമത്വം അനുവദിച്ച ആദ്യരാജ്യം. ഇവരില്‍ ചിലര്‍ കുട്ടികളെ ദത്തെടുത്തും മറ്റും വളര്‍ത്തുന്നുമുണ്ട്.

സിഡ്നിയിൽ നിന്നുള്ള ദൃശ്യം | Photo:Getty Images

അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാഷ്ട്രങ്ങളും മാത്രമല്ല, അര്‍ജന്റീനയും ബ്രസീലും മെക്സിക്കോയും ദക്ഷിണാഫ്രിക്കയും സ്വവര്‍ഗരതി നിയമാനുസൃതമാക്കി. ശാസ്ത്രീയമായ പഠനങ്ങളുടെ പിന്‍ബലവും ഇതിനുണ്ടായിരുന്നു. സ്വവര്‍ഗരതി സ്വാഭാവികവും സാധാരണവുമായ ലൈംഗികതയാണെന്നും ആണ്‍-പെണ്‍ ബന്ധംപോലെതന്നെ ശക്തമാണ് സ്വവര്‍ഗബന്ധമെന്നും കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലും സ്വവര്‍ഗരക്ഷിതാക്കള്‍ ഒട്ടും പിന്നിലല്ലെന്നും അമേരിക്കയിലും ബ്രിട്ടനിലും മറ്റും നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തി. കുടുംബജീവിതം ഈ വിഭാഗത്തിലെ ആത്മഹത്യാനിരക്ക് ഗണ്യമായി കുറച്ചതായും പഠനങ്ങള്‍ തെളിയിച്ചു. ഈ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടും മറ്റും സ്വവര്‍ഗരതി നിയമവിധേയമാക്കിയത്.

വലിയ ജനക്കൂട്ട ആക്രമണവും വിവേചനവുമാണ് എല്‍.ജി.ബി.ടി. വിഭാഗത്തില്‍ പെടുന്നവര്‍ ഇപ്പോള്‍ തന്നെ ഉഗാണ്ടയില്‍ അനുഭവിച്ചുപോരുന്നത്. സ്‌കൂളുകളില്‍ കുട്ടികളെ സ്വവര്‍ഗരതിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് ഇവര്‍ക്കെതിരേ അതിശക്തമായ നടപടികളെടുക്കുന്നതിലേക്ക് സര്‍ക്കാര്‍ പോയത്. ചില മതനേതാക്കളും രാഷ്ട്രീയ നേതാക്കളുമായിരുന്നു ആരോപണത്തിന് പിന്നില്‍. രാജ്യത്തെ കിഴക്കന്‍ ജില്ലയായ ജിന്‍ജയിലെ ഒരു സ്‌കൂളില്‍ സ്വവര്‍ഗരതി ഉദ്ദേശിച്ച് വിദ്യാര്‍ഥിനികളോട് ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ചയായിരുന്നു. ആണ്‍കുട്ടികളുമായി സ്വവര്‍ഗരതിക്ക് ഇടപെടുന്ന നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കുന്നുവെന്നതിന്റെ പേരില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ചയാണ്.

സ്വവര്‍ഗ ലൈംഗികത ഇന്ത്യയില്‍

2018-ല്‍ ആണ് രാജ്യത്തെ പരമോന്നത നീതിപീഠം സ്വവര്‍ഗ ലൈംഗികസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രവിധിക്ക് തയ്യാറായത്. ചരിത്രപരമെന്ന് എല്ലാ അര്‍ഥത്തിലും വിശേഷിപ്പിക്കാവുന്ന വിധിന്യായത്തിലുടെ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് വിധിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതിക്കാണ് നിയമസാധുത നല്‍കിയത്. ഐ.പി.സി. 377ാം വകുപ്പിലെ 16-ാം അധ്യായം ഭരണഘടനാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണ് അഭിപ്രായപ്പെട്ടത്. ലിംഗവ്യത്യാസമില്ലാതെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് സുപ്രീം കോടതി അടയാളപ്പെടുത്തിയത്. ലൈംഗികതയുടെപേരില്‍ ഒരാളും ഭയന്ന് ജീവിക്കാന്‍ ഇടവരരുതെന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായം. സുപ്രീം കോടതി 2017 ആഗസ്തില്‍ പുറപ്പെടുവിച്ച സ്വകാര്യത മൗലികാവകാശമാക്കിയ വിധിന്യായത്തെ അടിത്തറയാക്കിയാണ് 2018-ലെ വിധി.

ലക്നൗവിൽ നടന്ന എൽ.ജി.ബി.ടി. മാർച്ചിൽനിന്ന് | Photo: AP

ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് വൈസ്രോയി കാനിങ് പ്രഭുവിന്റെ കാലത്താണ് തോമസ് ബാബിങ്ടണ്‍ മെക്കോള ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സിക്ക്) രൂപം നല്‍കുന്നത്. സ്വവര്‍ഗ ലൈംഗികത ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട 1857-ലെ മഹത്തായ കലാപത്തിന് ശേഷമായിരുന്നു ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമാക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായത്. പ്രകൃതിക്ക് നിരക്കുന്നതല്ല സ്വവര്‍ഗരതി എന്ന വാദമാണ് ഈ വകുപ്പിനെ അനുകൂലിക്കുന്നവര്‍ സ്ഥിരമായി മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന വാദവും ഉയര്‍ത്തപ്പെട്ടു. എന്നാല്‍, ആരാണ് പ്രകൃതിക്ക് ഇണങ്ങിയതും വിരുദ്ധവുമായ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന ചോദ്യമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉയര്‍ത്തിയത്. സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വിധിയായിന്നു അന്നുണ്ടായിരുന്നത്. എന്നിരുന്നാലും സമൂഹം ഇവരെ ഇപ്പോഴും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. തൊഴില്‍, ആരോഗ്യം, താമസം എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും ഇവര്‍ വലിയ വിവേചനമാണ്നേരിടുന്നത്.

മുംബൈയിലെ ട്രാന്‍സ് ജന്‍ഡര്‍ | Photo: AFP

സ്വവര്‍ഗ ലൈംഗികത സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതയാണ് എന്നാണ് ഇപ്പോഴും പല സമൂഹങ്ങളും കണക്കാക്കിപ്പോരുന്നത്. വലിയ സാമൂഹിക- സാമ്പത്തിക വിവേചനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിനും ഇത് വഴിവെക്കുന്നുണ്ട്. ബ്രിട്ടീഷ് കാലം മുതല്‍ക്ക് കുറ്റകൃത്യം എന്ന നിലയില്‍ തുടര്‍ന്ന് പോന്നിരുന്ന ഐ.പി.സി. 377-ാം വകുപ്പ് 2018-ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്ത് നിയമവിധേയമാക്കിയെങ്കിലും തങ്ങള്‍ക്കെതിരേയുള്ള വിവേചനങ്ങള്‍ക്കും അവഗണനയ്ക്കുമെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊന്നും നിയമപരമായ അംഗീകാരം ലഭിക്കുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നതോടെ ഇവര്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദവും പലതാണ്. പലരും ആത്മഹത്യയിലേക്കും വിഷാദത്തിലേക്കും പോവുകയും സ്വന്തം വീട്ടില്‍നിന്ന് പോലും അംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ സമൂഹത്തിന്റെ മുന്‍നിരയില്‍നിന്ന് ഒളിച്ചോടുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Uganda makes it a crime to identify as homosexuality

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
AP
Premium

6 min

അന്ന് ഇറാനില്‍ ഇന്ന് അഫ്ഗാനില്‍; വിഷപ്രയോഗത്തിൽ പഠിക്കാതെ പോകുന്ന പാഠങ്ങൾ

Jun 7, 2023


Kudakallu (Umbrella Stone) | Photo :Arranged
Premium

5 min

ശവകുടീരങ്ങളില്‍ എഴുതപ്പെട്ട കേരളത്തിന്റെ ചരിത്രം; മഹാശിലാ സ്മാരകങ്ങൾ ആര് സംരക്ഷിക്കും?

May 16, 2023


kim yo jong
Premium

6 min

കിമ്മിനെ ചൊടിപ്പിച്ച് ബൈഡനും സുക് യോളും; മുന്നറിയിപ്പുമായി കിമ്മിന്‍റെ സഹോദരി

May 12, 2023

Most Commented