കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശേരിയിലെ വിശാലമായ ആ പാടനിലങ്ങള്‍ക്ക് സമീപത്തെ വിമാനത്താവളത്തിലേക്ക് ആദ്യത്തെ വിമാനം പറന്നിറങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുന്നു.രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്‍ നാടിന് സമര്‍പ്പിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രജത ജൂബിലിയിലേക്കെത്തുമ്പോള്‍രാജ്യാന്തര വ്യോമയാന ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. 1994 മാര്‍ച്ച് 30-ന് രജിസ്റ്റര്‍ ചെയ്ത സിയാല്‍ 1999 മേയ് 25-ന് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണനാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.നെടുമ്പാശ്ശേരിയില്‍ 1300 ഏക്കറിലായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളംപൊതു- സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം കൂടിയാണ്.പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന ഖ്യാതിയും സിയാലിന് മാത്രം അവകാശപ്പെട്ടതാണ്. രജതജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍കൂടുതല്‍ വിശാലമായ ആകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് സിയാല്‍.
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി പോലെയൊരു കുഗ്രാമത്തില്‍ ഒരു വിമാനത്താവളം. അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളൊന്ന്. അത് നിര്‍മിക്കാന്‍ കോടികള്‍ കണ്ടെത്തണം, ജൈവസമ്പത്തിന്റെ കലവറയായ ഏക്കറു കണക്കിന് നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തണം. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം.. ഒരിക്കലും നടക്കാത്ത മണ്ടന്‍ ആശയമെന്ന് പറഞ്ഞ് വിമാനത്താവള പദ്ധതിയെ തള്ളിക്കളയുകയാണ് അന്ന് പലരും ചെയ്തിരുന്നത്. എന്നാല്‍, എതിര്‍പ്പുകള്‍ക്കൊന്നും പദ്ധതിയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. അഞ്ചു വര്‍ഷം കൊണ്ടാണ് വിമാനത്താവളം പണികഴിപ്പിച്ചത്. ഗ്രാമമായിരുന്ന നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍പോര്‍ട്ട് സിറ്റിയിലേക്കുള്ള മോഹിപ്പിക്കുന്ന ആ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രതിസന്ധികള്‍ നിറഞ്ഞൊരു ചരിത്രമുണ്ട്, ഒരുപാട് പേരുടെ അധ്വാനത്തിന്റെ കഥയുമുണ്ട്.
.jpg?$p=f0b49be&&q=0.8)
സിയാലിന്റെ യാത്ര; വില്ലിങ്ടണ്‍ മുതല്‍ നെടുമ്പാശ്ശേരി വരെ
1980കളുടെ അവസാനത്തോടെയാണ് കൊച്ചിയില്‍ പുതിയൊരു വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാവുന്നത്. കൊച്ചിയില്‍ അന്ന് വെല്ലിങ്ടണ്‍ ദ്വീപില്‍ നാവികസേനയുടെ വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്നെങ്കിലും വലിയ വിമാനങ്ങള്‍ക്കിറങ്ങാനുള്ള സൗകര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഈ വിമാനത്താവളത്തിന്റെ റണ്‍വേ വിപുലീകരിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ഇതിനായി 1991-ല്‍ അന്നത്തെ കേന്ദ്രവ്യോമയാന മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. അന്ന് എം.പിയായിരുന്ന കെ.വി. തോമസായിരുന്നു ഇതിന് മുന്‍കൈയെടുത്തത്. അന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഐ.എ.എസ്. ഓഫീസറായിരുന്ന വി.ജെ. കുര്യന്‍ (സിയാല്‍ മുന്‍ ഡയറക്ടര്‍) ആണ് യോഗത്തില്‍ പങ്കെടുത്തത്. നാവികസേനയുടെ വിമാനത്താവള റണ്‍വേ വലുതാക്കാന്‍ 80 കോടിയായിരുന്നു അന്ന് കണക്കുകൂട്ടിയ ചെലവ്. എന്നാല്‍,റണ്‍വേ വിപുലീകരിക്കാന്‍ നാവികസേനയോ പോര്‍ട്ട് ട്രസ്റ്റോ കേന്ദ്രസര്‍ക്കാരോ അനുകൂല പ്രതികരണം കാണിച്ചില്ല. തുടര്‍ന്നാണ് പുതിയ വിമാനത്താവളം എന്ന സാധ്യത സിന്ധ്യ മുന്നോട്ടുവെച്ചത്.
പുതിയ വിമാനത്താവളമെന്ന നിര്‍ദേശത്തിന്മേല്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രി കെ കരുണാകരനെ കൂടാതെ ടി.എം ജോക്കബ്, വി.ജെ കുര്യന്‍ തുടങ്ങിയവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. തുടര്‍ന്ന് സാധ്യതാപഠനം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ എടക്കാട്ടുവയല്‍, കളമശ്ശേരി, ചേര്‍ത്തല ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളാണ് വിമാനത്താവളത്തിന് വേണ്ടി കണ്ടെത്തിയത്. എന്നാല്‍, സ്ഥലം പരിശോധിക്കാനെത്തിയ നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഈ സ്ഥലങ്ങള്‍ തൃപ്തികരമല്ലായിരുന്നു. തുടര്‍ന്ന് സ്ഥലത്തിനായി വീണ്ടും തിരച്ചില്‍ നടത്തുകയും അന്വേഷണം ഒടുവില്‍ നെടുമ്പാശ്ശേരിയിലേക്കെത്തുകയും ചെയ്തു. റോഡ് കണക്ടിവിറ്റി മികച്ചതായതിനാല്‍ നെടുമ്പാശ്ശേരി തന്നെ വിമാനത്താവളത്തിനുള്ള സ്ഥലമായി തീര്‍ച്ചപ്പെടുത്തുകയായിരുന്നു. കേരളത്തിലെ പ്രധാന വ്യവസായ ഹബ്ബായി വളരാന്‍ തുടങ്ങുന്ന കൊച്ചിയില്‍നിന്ന് 30 കിലോ മീറ്റര്‍ മാത്രമാണ് നെടുമ്പാശ്ശേരിയിലേക്കുള്ള ദൂരം.
.jpg?$p=a3c1fa2&&q=0.8)
അനുമതിയുണ്ട്, സാമ്പത്തികമില്ല !
80 കോടി രൂപയായിരുന്നു നാവികസേനാ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി കണക്കാക്കിയതെങ്കില്‍ പുതിയ വിമാനത്താവളത്തിന്റെ എസ്റ്റിമേറ്റ് തുക 200 കോടി രൂപയായിരുന്നു. വിമാനത്താവള നിര്‍മാണത്തിനുള്ള സാങ്കേതിക ഉപദേശം മാത്രം നല്‍കാമെന്നും സാമ്പത്തികം കേരളം കണ്ടെത്തണമെന്നായിരുന്നു അന്ന് കേന്ദ്രം സ്വീകരിച്ച നിലപാട്. ഈ പ്രശ്നം പരിഹരിക്കാനായി പൊതുജന പങ്കാളിത്തത്തോടെ പണം സമാഹരിക്കാമെന്ന എന്ന ആശയം ഉയര്‍ന്നു. മുന്നോട്ടുവെച്ചു.അതായത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക അവസരങ്ങളെ മുന്‍നിര്‍ത്തി ഭാവി ഉപയോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങുക എന്ന പുതിയ ഫണ്ടിങ് രീതിയാണ് വി.ജെ. കുര്യന്‍ അടക്കമുള്ള സംഘം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്.
ആലപ്പുഴ കളക്ടറായിരിക്കെ പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ച് ഒരു പാര്‍ക്ക് നിര്‍മിച്ച അനുഭവത്തില്‍ നിന്നാണ് ലാര്‍ജ് സ്‌കെയിലില്‍ സമാനമായ രീതിയില്‍ പണം കണ്ടെത്താമെന്ന ആശയം വി.ജെ കുര്യന്‍ വിശദീകരിച്ചത്. ഇതിനുള്ള പദ്ധതി രേഖ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായി ചര്‍ച്ച ചെയ്തു. വിദേശമലയാളികളേയും വിമാനത്താവളം ഉപയോഗിക്കുന്നവരേയും സര്‍ക്കാരിനേയും മുന്നില്‍ കണ്ടായിരുന്നു ആസൂത്രണം മുഴുവനും. പുതിയ രീതി ആയതിനാല്‍ തന്നെ പലവിധ സംശയങ്ങളായിരുന്നു ഇതിനെതിരെ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഇതിന് പ്രതികൂലമായാണ് പ്രതികരിച്ചതെങ്കിലും ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ പദ്ധതിയുടെ സാധ്യത അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അദ്ദേഹം പച്ചക്കൊടി കാണിക്കുകയും ചെയ്തു. കേന്ദ്ര അതോറിറ്റിയും അന്നത്തെ വ്യോമയാനമന്ത്രി ഗുലാം നബി ആസാദും ഇതിനെ പിന്തുണച്ചു. 1994 മാര്‍ച്ച് 30-ന് സിയാല്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്ത് അവര്‍ വലിയൊരു സ്വപ്നത്തിന് വേണ്ടിയുള്ള സ്വരുക്കൂട്ടല്‍ ആരംഭിച്ചു.
.jpg?$p=b103e4b&&q=0.8)
'മണ്ടന്‍ കുര്യന്റെ മണ്ടന്‍ ആശയം, പിച്ചതെണ്ടി ഉണ്ടാക്കുന്ന വിമാനത്താവളം'
വിമാനത്താവള പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴേക്കും നാനാതുറകളില്‍നിന്ന് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരാന്‍ ആരംഭിച്ചു. നാട്ടുകാരില്‍നിന്ന് പിച്ച തെണ്ടിയാണോ പണം ഉണ്ടാക്കുന്നത്, മണ്ടന്‍ കുര്യന്‍ പറയുന്ന മണ്ടന്‍ ആശയമാണ് ഇതൊക്കെ എന്നായിരുന്നു പരിഹാസങ്ങള്‍. അദ്ദേഹം മുന്നോട്ടുവെച്ച ആശയം പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. എന്നാല്‍, ഇതിലൊന്നും അദ്ദേഹവും കൂടെ പ്രവര്‍ത്തിക്കുന്ന സംഘവും തളര്‍ന്നില്ല. വി.ജെ. കുര്യന്‍ മാത്രമായിരുന്ന അന്ന് വിമാനത്താവളത്തിന് വേണ്ടി എക്സ്‌ക്ലൂസീവായി പ്രവര്‍ത്തിക്കുന്ന ഏക ഉദ്യോഗസ്ഥന്‍. പൊതുജനങ്ങള്‍ പദ്ധതിയില്‍ സംശയങ്ങളുയര്‍ത്തിക്കൊണ്ടേയിരുന്നു. അതിനിടെ കൊച്ചിയില്‍ വിമാനത്താവളത്തിന് വേണ്ടിയുള്ള ആദ്യത്തെ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചു. വിമാനത്താവള പദ്ധതിക്ക് വേണ്ടി ജോസ് മാളിയേക്കല്‍ എന്ന വിദേശമലയാളി അയച്ച ഇരുപതിനായിരം രൂപയില്‍ നിന്നായിരുന്നു 200 കോടിയിലേക്കുള്ള ആ യാത്ര ആരംഭിച്ചത്. ഓഫീസ് സെറ്റപ്പ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം അന്ന് കൊച്ചിയിലെ ഏതാനും സുമനസ്സുകളും സംഘടനകളുമാണ് സ്പോണ്‍സര്‍ ചെയ്തത്.
1993 ഓഗസ്ത് 15-ന് സിയാലിന് വേണ്ടിയുള്ള ആദ്യത്തെ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി അമ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നമ്മള്‍ മലയാളികള്‍ ഇന്ത്യയ്ക്ക് കൊടുക്കുന്ന സമ്മാനം കൊച്ചിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനത്താവളം, കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ എന്റെ വിമാനത്താവളത്തിലേക്ക് ഞങ്ങളിറങ്ങും എന്നായിരുന്നു ആ പരസ്യത്തിന്റെ ആശയം. പിന്നീട് വിമാനത്താവളത്തിന് വേണ്ടി പണം സമാഹരിക്കാന്‍ നിരവധി ക്യാംപയിനുകള്‍ക്കും തുടക്കം കുറിച്ചു. കേരളത്തിനകത്തും വിദേശത്തും ഗള്‍ഫ് രാജ്യങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചു.വിദേശമലയാളികളെ വിമാനത്താവള പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ടി.എം ജേക്കബുമെല്ലാം അന്ന് കേരളത്തിനകത്ത് പോയതിന് പുറമേ വിദേശരാജ്യങ്ങളിലെത്തിയും പണം സമാഹരിക്കാന്‍ തുടങ്ങി. പണം കണ്ടെത്താന്‍ പലവഴികള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച തുകയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. 200 കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും ആദ്യഘട്ടത്തില്‍ 5.15 കോടി മാത്രമാണ് സംഘത്തിനും സ്വരുക്കൂട്ടാനായത്. കാരണം കൊച്ചിയിലൊരു വിമാനത്താവളം വരുമെന്ന് അന്ന് ആരും വിശ്വസിച്ചിരുന്നില്ല. !
സ്വപ്നംകാണുക... അതിനായി അശ്രാന്തമായി പ്രവര്‍ത്തിക്കുക... സിയാലിന്റെ വികസനവാക്യം ഇതാണ്
പ്രതിഷേധം, സമരം, കേസ്, ഭൂമിയേറ്റെടുക്കല്‍, തറക്കല്ലിടല്‍
വിമാനത്താവളത്തിന് വേണ്ടി ഉദ്ദേശിച്ച പണം സമാഹരിക്കാന്‍ കഴിയാത്തതിനാല്‍ കിട്ടിയ പണം തിരിച്ചുകൊടുത്ത് പദ്ധതി ഉപേക്ഷിക്കാന്‍ പ്രമുഖരുള്‍പ്പെടെ പലരും ഉപദേശിച്ചു. വീണ്ടും ശ്രമിക്കാനായിരുന്നു സിയാല്‍ സംഘത്തിന് മുഖ്യമന്ത്രി കെ. കരുണാകരന്‍ നല്‍കിയ നിര്‍ദേശം. ഇതിനായി സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്ത സിയാല്‍, കമ്പനി ആയി രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ സെക്രട്ടേറിയറ്റ് തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമെല്ലാം പലതരം തടസ്സങ്ങള്‍ നേരിട്ടെങ്കിലും അതിനെയെല്ലാം അവര്‍ തരണം ചെയ്തു. കമ്പനി രജിസ്ട്രേഷന്‍ പൂര്‍ത്തിയായതോടെ കുറച്ചുപണം കൂടി സമാഹരിക്കാന്‍ സാധിച്ചു. ലഭിച്ച തുക കൊണ്ട് ഭൂമിയേറ്റെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനെതിരേ പ്രതിഷേധ സമരങ്ങള്‍ കൊടുമ്പിരി കൊണ്ടത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രദേശവാസികളുമായി നിരന്തരം ചര്‍ച്ച നടത്തി. നാല്‍പ്പതോളം ചര്‍ച്ചകളാണ് അന്ന് ഉദ്യോഗസ്ഥര്‍ നടത്തിയത്. ഭൂമിക്ക് സെന്റിന് 100,1000 രൂപയുള്ളിടത്ത് ആയിരവും മൂവായിരവും നല്‍കിയാണ് ആദ്യത്തെ 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായത്. 3008 കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്.തുടര്‍ന്ന് 1994ല്‍ ഓഗസ്ത് 21-ന് വിമാനത്താവളത്തിന് വേണ്ടി തറക്കല്ലിട്ടു.
പണത്തിനുള്ള ബുദ്ധിമുട്ട് അപ്പോഴും രൂക്ഷമായി തുടര്‍ന്നുകൊണ്ടേയിരുന്നു. പണത്തിന് വേണ്ടി കേരളത്തിനകത്തും പുറത്തുമായി നിരവധി ബാങ്കുകളെ അദ്ദേഹം സമീപിച്ചു. ചിലര്‍ ലോണ്‍ നല്‍കി, ചിലര്‍ തള്ളിക്കളഞ്ഞു. അതിനിടെ തറക്കല്ലിട്ടിട്ടും എയര്‍പോര്‍ട്ടിനെതിരേയുള്ള പ്രതിഷേധങ്ങള്‍ തുടരുകയായിരുന്നു. എയര്‍പോര്‍ട്ട് വേണ്ടേ വേണ്ട എന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. എല്ലാത്തിനേയും തരണം ചെയ്ത് മുന്നോട്ടുപോവാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും സാമ്പത്തികം പ്രശ്നമായി തുടര്‍ന്നു. എങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കട്ടെ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതിനിടെ പണത്തിന് വേണ്ടി സിയാല്‍ സംഘം ഹഡ്‌കോയെ സമീപിച്ചെങ്കിലും ആദ്യം അത് ഫലവത്തായില്ല. അതിനിടെ വ്യവസായി ആയ എംഎ യൂസഫലി പത്ത് ലക്ഷം രൂപ സിയാലില്‍ നിക്ഷേപിച്ചു. പിന്നാലെ ഹഡ്‌കോയും പണം നല്‍കാന്‍ സമ്മതിച്ചു. 1995-ല്‍ 100 കോടി രൂപയുടെ ലോണ്‍ ആണ് ഹഡ്‌കോ സിയാലിന് നല്‍കിയത്. അതിനിടെ റണ്‍വേ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിരുന്നു. പണം ലഭിച്ചതോടെ വിമാനത്താവള നിര്‍മാണം ദ്രുതഗതിയിലായി. അതിനിടെയാണ് പ്രതിഷേധങ്ങള്‍ ശക്തമാവുകയും വിമാനത്താവള പദ്ധതിക്കെതിരേ ആയിരക്കണക്കിന് കേസുകള്‍ ഫയല്‍ ചെയ്യപ്പെടുകയും ചെയ്തു. ആലുവ മുന്‍സിഫ് കോടതിയില്‍ മാത്രം നാനൂറ് കേസുകളാണ് വിമാനത്താവള പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ ഭൂമിയേറ്റെടുക്കലിനെതിരെ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് പുറത്തുവന്നു. അപ്പീല്‍ നല്‍കിക്കൊണ്ട് ആ ഉത്തരവിനെ മറികടക്കാനും സിയാലിന് സാധിച്ചു. സുപ്രീം കോടതി വരെയാണ് ഈ കേസ് എത്തിയിരുന്നത്.
കെ. കരുണാകരന് ശേഷം അധികാരത്തിലെത്തിയ ഇ.കെ. നയനാര്‍ സര്‍ക്കാരും ആന്റണി സര്‍ക്കാരും വിമാനത്താവളത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പ്രദേശവാസികള്‍ക്ക് സ്ഥലത്തിന് മോഹിപ്പിക്കുന്ന വിലയും വിമാനത്താവളത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ പോലും പ്രതിഷേധസമരത്തിനെത്തിയതും സിയാലിന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. നിശ്ചയദാര്‍ഢ്യമോ ഭാഗ്യമോ, ഒരു പാലം പണിയാന്‍ പോലും പത്തും പതിനഞ്ചും വര്‍ഷങ്ങളെടുക്കുന്ന നാട്ടില്‍ വെറും അഞ്ചുകൊല്ലം കൊണ്ട് ഒരു വിമാനത്താവളമുയര്‍ന്നു. പറഞ്ഞ വാക്ക് പാലിച്ച് 1999 മെയ് 25-ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ജൂണ്‍ പത്തിന് വിമാനത്താവളത്തിലേക്ക് ആദ്യത്തെ വിമാനമിറങ്ങി. തുടര്‍ന്ന് ജൂലൈ ആദ്യവാരത്തോടെ നാവിക വിമാനത്താവളത്തില്‍ നിന്നുള്ള മുഴുവന്‍ വാണിജ്യ സര്‍വീസുകളും നെടുമ്പാശേരിയിലേക്ക് മാറ്റി. നെടുമ്പാശ്ശേരിയുടെ, കൊച്ചിയുടെ, കേരളത്തിന്റെ ആകാശം കൂടുതല്‍ വിശാലമായി..
.jpg?$p=818dc93&&q=0.8)
ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ കൊച്ചി വിമാനത്താവളത്തിന് സ്വന്തമാണ്. 2013-ലാണ് സിയാലില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുതുടങ്ങിയത്. 2015 ഓഗസ്ത് 18നാണ് പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി സിയാല്‍ മാറിയത്. സിയാലിന്റെ സൗകോര്‍ജ പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പരിപൂര്‍ണ പിന്തുണയും നല്‍കിയിരുന്നു.
ഇന്ന് വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കാനുള്ള വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. 45 ഏക്കറിലായാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി. കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് സിയാല്‍ ആണ്.
ഒരു വര്‍ഷം ഒരു കോടി യാത്രക്കാര്‍
'സിയാല്‍' എന്ന പേര് ഇന്ന് ഒരു വിമാനത്താവള കമ്പനി മാത്രമല്ല, പകരംവയ്ക്കാനില്ലാത്ത ഒരു മോഡല്‍ കൂടിയാണ്. ഒരിക്കലും നടക്കില്ലെന്ന് എല്ലാവരും എഴുതിത്തള്ളിയ ഒരു സ്വപ്നത്തിന് എങ്ങനെ ചിറക് നല്‍കാമെന്ന് കേരളത്തിന്, ലോകത്തിന് കാണിച്ചുതരികയായിരുന്നു സിയാല്‍. നെടുമ്പാശ്ശേരിയില്‍ 1300 ഏക്കറിലായി പ്രവര്‍ത്തിക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്നത് പ്രതിവര്‍ഷം ഒരു കോടിയിലേറെ യാത്രക്കാരാണ്. വെറും 20,000 രൂപയില്‍ പണി തുടങ്ങിയ വിമാനത്താവളം ഇന്ന് പ്രതിവര്‍ഷം നൂറ് കോടിക്ക് മേല്‍ ലാഭമുണ്ടാക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. രാജ്യത്തെ ആദ്യത്തെ പൊതുജന പങ്കാളിത്ത വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം തുടങ്ങി സിയാലിനെ അടയാളപ്പെടുത്താന്‍ ഒട്ടേറെ വിശേഷണങ്ങളുമുണ്ട്.
നിലവില്‍ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള രാജ്യാന്തര ടെര്‍മിനല്‍, ആറ് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഭ്യന്തര ടെര്‍മിനല്‍, ബിസിനസ് ജെറ്റ് വിമാനങ്ങള്‍ക്കായി പ്രത്യേക ജെറ്റ് ടെര്‍മിനല്‍, 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേക വി.വി.ഐ.പി. ലോഞ്ച്, വിദേശ, ആഭ്യന്തര കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനായി കാര്‍ഗോ ടെര്‍മിനലുകള്‍ എന്നിവയും നെടുമ്പാശ്ശേരിയിലുണ്ട്. ഇരുപത്തിയഞ്ചിലേറെ കമ്പനികള്‍ 31 രാജ്യങ്ങളിലേക്കാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസുകളുള്ളത്. ഈ വര്‍ഷം അവസാനത്തോടെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആകെ വിമാനസര്‍വീസുകള്‍ 70,000ലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം മാത്രം 1000 കോടിയുടെ വികസന പദ്ധതികളാണ് വിമാനത്താവളത്തില്‍ നടപ്പിലാക്കാന്‍ പോവുന്നത്. 425 കോടി രൂപ ചെലവു കണക്കാക്കുന്ന രാജ്യാന്തര ടെര്‍മിനലിന്റെ വിപുലീകരണം, പഞ്ചനക്ഷത്ര ഹോട്ടല്‍, ട്രാന്‍സിറ്റ് ഹോട്ടല്‍, രാജ്യാന്തര കാര്‍ഗോ ടെര്‍മിനല്‍, വാണിജ്യ മേഖല,ഗോള്‍ഫ് ടൂറിസം തുടങ്ങിയ പദ്ധതികളാണ് ഭാവിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടപ്പാക്കാന്‍ പോവുന്നത്.
.jpg?$p=fdf1e0b&&q=0.8)
സിയാല്‍ ഇന്ന് വന്‍ വിജയമാണ്, ഒരു പക്ഷെ അത് പരാജയപ്പെട്ടിരുന്നെങ്കില്‍ എന്റെ തൊഴിലിനെ പോലും അത് ബാധിച്ചേനെ. രണ്ടും കല്‍പിച്ച് ഞാന്‍ ആ റിസ്‌ക് ഏറ്റെടുക്കുകയായിരുന്നു. ഏറെ കഷ്ടപ്പെട്ടും പ്രയത്‌നിച്ചും വിമാനത്താവളം പൂര്‍ത്തിയാക്കി. സ്വപ്‌നതുല്യമായ വളര്‍ച്ച സിയാലിന് കൈവരിക്കാനായി. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിച്ചു. എന്നെ സംബന്ധിച്ച് വ്യക്തിപരമായ സന്തോഷവും സംതൃപ്തിയും അതാണ്. ഓരോരുത്തരെയും ഈ ഭൂമിയില്‍ സൃഷ്ടിച്ചതിന് പിന്നില്‍ ദൈവം ഓരോ നിയോഗം കണ്ടുവച്ചിരിക്കും. എന്റെ നിയോഗം ഈ വിമാനത്താവളമാണ്. - വി.ജെ. കുര്യന്‍
25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിന്റെ വികസനനേട്ടങ്ങളില്‍ തന്നെ ഒഴിവാക്കാനാത്ത പേരായി സിയാല്‍ മാറിയിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതാവട്ടെ വി.ജെ. കുര്യന്‍ എന്ന നിശ്ചയദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥനും. വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധിയില്‍ അദ്ദേഹത്തിന് എവിടെയെങ്കിലും ഒന്ന് കാല്‍ പതറിയിരുന്നെങ്കില്‍, മനസ്സ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന വിമാനത്താവളം നമുക്ക് സ്വന്തമാവില്ലായിരുന്നു. കുര്യന്‍ എന്ന ഒറ്റ ജീവനക്കാരനില്‍നിന്ന് ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന വമ്പന്‍ സ്ഥാപനമായി സിയാല്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നിലുള്ളത് തകര്‍ക്കാനാവാത്ത ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കഠിന പ്രയത്‌നവുമല്ലാതെ മറ്റെന്താണ്...!
Content Highlights: twenty five year of kochi international air port vj kurian


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..