ഫോട്ടോ: ദി ടെലഗ്രാഫ്
ഞങ്ങളുടെ മണ്ണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ ദുരന്തത്തിന്റെ ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യത്തിലാണ് ഇവിടത്തെ ജനങ്ങള്‍ ജീവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെയും സമുദ്രനിരപ്പ് ഉയരുന്നതിനെയും അതിജീവിക്കാന്‍ രാജ്യത്തിനാവില്ല. രാജ്യവും സമുദ്രവും സംസ്കാരവുമാണ് ജനങ്ങളുടെ മൂല്യവത്തായ സമ്പത്ത്. ഭൗതികലോകത്തിന് എന്തുസംഭവിച്ചാലും ആ സമ്പത്ത് കാത്തുസൂക്ഷിക്കാനാണ് ഞങ്ങുടെ ശ്രമം.'മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവിനെ സാക്ഷിയാക്കി കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ടുവാലു വിദേശകാര്യ മന്ത്രി സൈമണ്‍ കൊഫെ ലോകത്തോടായി പറഞ്ഞതിങ്ങനെ..
ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലങ്ങള്‍ അതിരൂക്ഷമായി അനുഭവിക്കുന്ന ടുവാലു എന്ന കുഞ്ഞന്‍രാജ്യം ഇതാദ്യമായല്ല തങ്ങളുടെ സ്ഥിതി ലോകത്തോട് വിളിച്ചുപറയുന്നത്. മുട്ടിന് മുകളിലുള്ള വെള്ളത്തില്‍ നിന്നുകൊണ്ടാണ് 2021ലെ ഉച്ചകോടിയേയും കോഫെ അഭിസംബോധന ചെയ്തത്. ആഗോളതാപനത്തിന്റെ പരിണിതഫലമായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ടുവാലുവിനെ കടലെടുക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രാജ്യത്തിന്റെ പല മേഖലകളും കടല്‍ കീഴടക്കി കഴിഞ്ഞു. കാലാവസ്ഥാമാറ്റം ടുവാലുവിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിനിടെ തങ്ങളുടെ രാജ്യത്തെ ഡിജിറ്റല്‍ രൂപത്തിലാക്കാനും ടുവാലു ഒരുങ്ങുകയാണ്.
ടുവാലു എന്ന കുഞ്ഞന്‍ രാജ്യം
വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് ആകെ വിസ്തീര്‍ണം. തെക്കന്‍ ശാന്തസമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് എട്ട് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. 1978ല്‍ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകള്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 12000-ത്തിനടുത്തുമാത്രമാണ് ടുവാലുവിലെ ജനസംഖ്യ.
തലസ്ഥാനമായ ഫുണാഫട്ടി എന്ന ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത്. കൗസിയ നാടാനുവാണ് നിലവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി. ദ്വീപ് മേഖലയായതിനാല്‍ തന്നെ മണ്ണിന്റെ അളവും കൃഷിയും താരതമ്യേനെ കുറവാണ്. മത്സ്യബന്ധനവും ടൂറിസവുമാണ് പ്രധാനവരുമാന മാര്‍ഗം. .tv എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബജറ്റിലേക്ക് ദശലക്ഷങ്ങളാണ് ടുവാലുവിന്റെ ഇന്റര്‍നെറ്റ് കണ്ട്രി കോഡ് ആയ ഈ ഡൊമെയിന് നെയിം സംഭാവന ചെയ്യുന്നത്. ടെലിവിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് .tv എന്നിരിക്കെ ബ്രോഡ്കാസ്റ്റിങ് മേഖലയിലെ വമ്പന്മാര് വലിയ വില കൊടുത്ത് ഈ ഡൊമെയിന് വാങ്ങുന്നുണ്ട്. വെരിസൈന് എന്ന കമ്പനിയാണ് ഈ ഡൊമെയിന് വ്യാപാരം നിയന്ത്രിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണുള്ളത്.
ടുവാലുവിനെ കടല്‍ വിഴുങ്ങുമോ ?
ആഗോളതാപനത്താല്‍ സമുദ്രനിരപ്പുയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് ടുവാലു. ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും രാജ്യം പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് പ്രവചനങ്ങള്‍. നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്ന സമുദ്രനിരപ്പാണ് ഇവരുടെ ആശങ്ക. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയത്ത് തലസ്ഥാനമായ ഫുണാഫുട്ടിയുടെ 40 ശതമാനവും വെള്ളത്തിലാവും. ഒമ്പത് കുഞ്ഞന്‍ ദ്വീപുകളില്‍ രണ്ടെണ്ണം ഏതാണ്ട് വെള്ളത്തിനിടയിലായിക്കഴിഞ്ഞു. പല ദ്വീപുകളും സമുദ്രനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ വരെ മാത്രം ഉയരത്തിലാണുള്ളത്. ആളുകള്‍ സ്ഥലത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്. ശക്തിയേറിയ കാറ്റ് വന്നാല്‍ ദ്വീപിന്റെ എല്ലാഭാഗത്തുനിന്നും കടല്‍വെള്ളം കരയിലേക്ക് എത്തി വലിയ ഭീഷണിയാണ് ഇവിടത്തെ ജനങ്ങള്‍ക്ക് മുന്നിലുയര്‍ത്തുന്നത്. വെള്ളം വിഴുങ്ങുന്ന ടുവാലു ഇവിടത്തെ പ്രദേശവാസികള്‍ക്ക് ഏറെ വിദൂരത്തല്ലാത്തൊരു പേടിസ്വപ്നമാണ്. അടുത്ത 50-100 വര്‍ഷത്തിനിടെ ടുവാലു വാസയോഗ്യമല്ലാതായി തീരുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നതെങ്കിലും സമ്പൂര്‍ണനാശം അതിനുമുന്പേ എത്തുമെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ കാലാവസ്ഥ ഉച്ചകോടിയില്‍ ടുവാലു വിദേശകാര്യമന്ത്രി മുട്ടറ്റം വെള്ളത്തില്‍ നിന്നാണ് ലോകത്തെ അഭിസംബോധന ചെയ്തത്. തങ്ങള്‍ നേരിടുന്ന ദുരന്തത്തിന്റെ തീവ്രത ലോകത്തെ അറിയിക്കാനായിരുന്നു വിദേശകാര്യമന്ത്രിയുടെ നടപടി.
.jpg?$p=fad68fb&&q=0.8)
ജീവിക്കാന്‍ പോരാട്ടം
വലിപ്പത്തിന്റെ കാര്യത്തിലെന്നപോലെ സമ്പത്തിന്റെ കാര്യത്തിലും ടുവാലു തകര്‍ച്ചയിലാണ്. ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യുണൈറ്റഡ് നേഷന്‍സ് ഡെവല്പ്മെന്റ് പ്രോഗ്രാം ടുവാവിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പുകലര്‍ന്ന മണ്ണായതിനാല്‍ ഇവിടം കൃഷിയോഗ്യമല്ല. കൃഷിവൃത്തി നടക്കുന്നുണ്ടെങ്കിലും ഉപ്പുവെള്ളം കയറിയും ഉപ്പുകാറ്റടിച്ചും വലിയ തോതില്‍ പുലക കൃഷിയും (ഒരുതരം ചേമ്പ്) പച്ചക്കറി-പഴം കൃഷിയുമാണ് നശിച്ചുപോവുന്നത്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറികളും കപ്പയുമെല്ലാം വലിയ വിലകൊടുത്ത് ഇറക്കുമതി ചെയ്യുകയാണിവിടെ. ഉപ്പുകലര്‍ന്ന മണ്ണിനെ നേരിട്ട് കൃഷിനടത്തിയാല്‍ തന്നെ ജലദൗര്‍ലഭ്യം ഇവയെ ഇല്ലാതാക്കും. ജലസ്രോതസ്സുകളേയും കാലാവസ്ഥാമാറ്റം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഭൂഗര്‍ഭജലത്തില്‍ പോലും ഉപ്പിന്റെ കൂടിയ അളവാണുള്ളത്. മഴവെള്ളമാണ് ആശ്രയം. മഴയില്ലാത്തപ്പോള്‍ ശുദ്ധീകരിക്കുന്ന വെള്ളത്തേയും ആശ്രയിക്കും. വരള്‍ച്ചയുടെ ആവര്‍ത്തനവും കൂടുതലാണ്. മഴയുടെ അളവും കുറഞ്ഞുവെന്നാണ് ജനങ്ങള്‍ പറയുന്നത്.
മത്സ്യബന്ധനമാണ് വരുമാനമാര്‍ഗങ്ങളില്‍ പ്രധാനമെങ്കിലും മത്സ്യസമ്പത്തിന്റെ നിലനില്പും ഭീഷണിയിലാണ്. പവിഴപ്പുറ്റുകളെ ബാധിക്കുന്ന കോറല്‍ ബ്ലീച്ചിങ് പ്രക്രിയയാണ് മീനുകളെ ബാധിക്കുന്നത്. ഇത്തരം പവിഴപ്പുറ്റുകള്‍ പുറന്തള്ളുന്ന ആല്‍ഗകളെ ഭക്ഷിക്കുന്നതിലൂടെ മീനുകള്‍ വിഷമയമാവുകയും അത് മത്സ്യങ്ങളുടെ പ്രജനനത്തേയും നിലനില്പിനേയും ബാധിക്കുന്നു. ഈ മത്സ്യത്തെ ഭക്ഷിച്ചാല്‍ മനുഷ്യനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാമാറ്റമാണ് കോറല്‍ ബ്ലീച്ചിങ്ങിലേക്ക് നയിക്കുന്നത്.
.jpg?$p=48405e6&&q=0.8)
ആഴ്ചയില്‍ ടുവാലുവിലെ പത്ത് പേര്‍ക്കെങ്കിലും ഈ വിഷബാധ (Ciguatera poisoning) ഏല്‍ക്കുന്നുണ്ടെന്നാണ് ടുവാലുവിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗവും വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതാണ് സ്ഥിതിയെന്നാണ് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ പറയുന്നത്. ഇതിനുപുറമേ ഇന്‍ഫ്ളുവന്‍സ്, ഫംഗല്‍ രോഗങ്ങള്‍, ഡെങ്കിപ്പനി, ചെങ്കണ്ണ് തുടങ്ങിയ രോഗത്തിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന താപനില ഉയരുന്നതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം, ചൂട് കൂടുന്നതുകൊണ്ടുള്ള ചര്‍മരോഗങ്ങള്‍ എന്നിവയും വര്‍ധിക്കുകയാണെന്നാണ് ടുവാലുവിലെ പബ്ലിക് ഹെല്‍ത്ത് മേധാവി സുരിയ യുസാല പൗഫോലൗ 'ദി ഗാര്ഡിയന്' നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. സഹിക്കാന്‍ പറ്റാത്ത ചൂടും പലരേയും രാജ്യം വിടുന്നതിലേക്ക് വരെ എത്തിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്.
വിദേശസഹായത്തെ ആശ്രയിച്ചാണ് ടുവാലുവിലെ പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയും അയല്രാജ്യങ്ങളുമാണ് സാമ്പത്തികസഹായം നല്‍കുന്നതിലെ പ്രധാനികള്‍. ബ്രെയിന്‍ ഡ്രെയിന്‍ ആണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുമുള്ള സാഹചര്യങ്ങളും കുറവായതിനാല്‍ തെല്ല് സാമ്പത്തികസ്ഥിതിയുള്ള ആളുകള്‍ അയല്‍രാജ്യങ്ങളിലേക്കാണ് വിദ്യാഭ്യാസത്തിനായി മക്കളെ അയക്കുന്നത്.
.jpg?$p=6a12f4a&&q=0.8)
പോരാടുമോ അതോ കീഴടങ്ങുമോ.. പോംവഴികള്‍ തേടി സര്‍ക്കാര്‍
1980കള്‍ മുതല്‍ തന്നെ ടുവാലുവില്‍ സമുദ്രനിരപ്പ് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവിനെ രക്ഷപ്പെടുത്താനാവുമോ? കാലങ്ങളായി ലോകം ചോദിക്കുന്ന ചോദ്യമിതാണ്.
തലസ്ഥാനമായ ഫുണാഫട്ടിയില് എംപിമാര്‍ക്കായി സര്‍ക്കാര്‍ സ്ഥാപിച്ച മൂന്ന് നില കെട്ടിടമാണ് രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം. കെട്ടിടം സംരക്ഷിക്കാനായി വലിയ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
സ്വന്തം സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് ചേക്കേറാന്‍ ടുവാലുവിലെ ജനങ്ങള്‍ തയ്യാറാവുന്നില്ല. മറ്റൊരു പോംവഴിയും ഇല്ലാത്തപ്പോള്‍ മാത്രം അതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ജനങ്ങളുടെ ഭാഗം. എന്ത് സംഭവിച്ചാലും നേരിടുക, ദൈവം നമ്മെ സംരക്ഷിക്കും എന്നാണ് ഒരിക്കല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഫോങാഫെയില് ദ്വീപിന് ചുറ്റും ഡ്രെഡ്ജിങ് നടത്തി പത്ത് മീറ്ററോളം മണ്ണ് ഉയര്‍ത്താനായി ദ്വീപ് കൗണ്‍സിലിന് പദ്ധതിയുണ്ട്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ 'ഹൈ ഡെന്‍സിറ്റി ഹൗസിങ്' നിര്‍മിക്കാനും പദ്ധതിയുണ്ട്. 300 ദശലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതി രാജ്യത്തിനില്ല. വിദേശസഹായം ലഭിച്ചിട്ടുമില്ല.
ഫ്ളോട്ടിങ് ദ്വീപ്/ ഒഴുകും ദ്വീപ് ആണ് മറ്റൊരു പദ്ധതി. അത്തരമൊരു ആശയത്തിന്റെ സാധ്യതകളും രാജ്യം തേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തില്‍ തന്നെ അതിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. സമുദ്രത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുമെന്നായിരുന്നു ഇതിനെതിരേ ഉയര്‍ന്ന പ്രധാനമവിമര്ശനം.
ഏറ്റവും അവസാനത്തെ വഴി മാത്രമാണ് ദ്വീപ് ഒഴിപ്പിക്കല്‍. അങ്ങനെയെങ്കില്‍ ലോകത്തെ ഏറ്റവും ആദ്യത്തെ കാലാവസ്ഥാഅഭയാര്ഥികള് ടുവാലുവിലെ ജനങ്ങളായിരിക്കുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.
.jpg?$p=bec7056&&q=0.8)
'പുനഃസൃഷ്ടിക്കും'; ആദ്യ ഡിജിറ്റല്‍ രാജ്യമാകാനൊരുങ്ങി ടുവാലു
മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലു അതിന്റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കാനൊരുങ്ങുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ ത്രിമാന സാങ്കല്പിക ലോകമായ മെറ്റവേഴ്സില്‍ രാജ്യത്തിന്റെ പകര്പ്പുണ്ടാക്കാനാണ് പദ്ധതി. അത് യാഥാര്‍ഥ്യമായാല്‍ മെറ്റവേഴ്സിലെ ആദ്യ ഡിജിറ്റല്‍ രാജ്യമാകും ടുവാലു.
ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായതിനാല്‍ തന്നെ മെറ്റാവേഴ്സിലെ ഡിജിറ്റല്‍ ടുവാലുവിന്റെ സൃഷ്ടി പ്രയാസമായിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ആദ്യം കടല്‍ വിഴുങ്ങുമെന്ന് കരുതുന്ന ടീഫുവാലികു ആണ് ആദ്യമായി ഡിജിറ്റൈസ് ചെയ്യുക. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റിയുടേയും ഗ്രാഫിക്സുകളുടേയും ചിത്രങ്ങളുടേയും ആനിമേഷനുകളുടേയും വീഡിയോകളുടേയും സഹായം തേടും.
മെറ്റാവേഴ്സിലേക്ക് ഒരു രാജ്യത്തെ ഡിജിറ്റലായി പകര്‍ത്തുക എന്നത് ശ്രമകരമായ കാര്യമാണ്. കൃത്യത കുറവായിരിക്കുമെന്നതാണ് പ്രധാനവെല്ലുവിളി. മെറ്റാവേര്‍സ് ഗ്രാഫിക്സ് എത്രത്തോളം മികച്ചതാണെങ്കിലും മനോഹരരാജ്യമായ ടുവാലുവിന്റെ പൂര്‍ണമായ ഭംഗി പകര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്.
ടുവാലുവിനെ മെറ്റാവേഴ്സിലേക്ക് പകര്‍ത്തി ഡിജിറ്റല്‍ നേഷന്‍ സൃഷ്ടിക്കുന്നത് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ സംരക്ഷിക്കാനുള്ള പരിഹാരമല്ല. എന്നാല്‍ പൂര്‍ണമായും കടല്‍ വിഴുങ്ങും മുന്‍പേ മെറ്റാവേഴ്സില്‍ രാജ്യത്തിന്റെ ഭൂപ്രദേശവും സംസ്കാരവും ചരിത്രവും പുനഃസൃഷ്ടിച്ച് കാത്തുസൂക്ഷിക്കുകയാണ് ടുവാലുവിന്റെ ലക്ഷ്യം.
Content Highlights: tuvalu the sinking nation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..