റജബ് ത്വയ്യിബ് ഉർദുഗാൻ, കെമാൽ ക്ലിച്ച്ദരോലു | Photo: AP, AFP
തുര്‍ക്കി ഭൂകമ്പത്തിന്റെ കെടുതികള്‍ മറക്കാറായിട്ടില്ല. ആ കാഴ്ചകള്‍ സൃഷ്ടിച്ച അലോസരം മനസ്സ് വിട്ടുപോവുന്നുമില്ല. അര ലക്ഷത്തിലധികം പേരെയാണ് ഭൂകമ്പം മരണത്തിലേക്ക് അയച്ചത്. നിന്നനില്‍പ്പില്‍ പാര്‍പ്പിടങ്ങളില്ലാതായവര്‍ വേറെയും. അത്തരത്തില്‍ നഷ്ടങ്ങളുടെയും വേര്‍പാടിന്റെയും വേദനകളുടെയും നീണ്ട പട്ടിക ബാക്കിയാക്കി ഭൂകമ്പം കടന്നുപോയി.

ഈ കെടുതികളിലൂടെ കടന്നുപോകവേ, തുര്‍ക്കി വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ മേയ് 14-ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂണ്‍ 18 വരെയാണ് ഭരണഘടനാപരമായി തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സമയമുണ്ടായിരുന്നത്. അതിന്റെ ഒരു മാസം മുന്നേതന്നെ ഉര്‍ദുഗാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
രണ്ട് ദശാബ്ദമായി അധികാരക്കസേരയില്‍ ഇരിപ്പുറപ്പിച്ച റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കാര്യത്തില്‍ ഇത്തവണ മാറ്റവുമുണ്ടാവുമോ എന്നതിലാണ് ലോകത്തിന്റെ കണ്ണ്. ഭൂകമ്പങ്ങള്‍ നടന്നയിടത്ത് അതിന്റെ മുറിവുകള്‍ ഉണങ്ങിവരുന്നതിനു മുന്നേതന്നെ നടക്കുന്ന തിരഞ്ഞെടുപ്പ്, തുര്‍ക്കിക്കാര്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ലോകം.
.jpg?$p=79c0b37&&q=0.8)
ഉര്‍ദുഗാനോ ക്ലിച്ദരോലുവോ?
പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാന്‍ നാലു പേരാണ് രംഗത്തുള്ളത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ (പീപ്പിള്‍ അലയന്‍സ്), കമാല്‍ ക്ലിച്ദരോലു (നാഷന്‍ അലയന്‍സ്), മുഹര്‍റം ഇന്‍സ് (ഹോംലാന്‍ഡ് പാര്‍ട്ടി), സിനാന്‍ ഒഗാന്‍ (ആന്‍സസ്ട്രിയല്‍ അലയന്‍സ്) എന്നിവരാണവര്‍.
തുര്‍ക്കി രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പായി ജനങ്ങളിപ്പോഴും കാണുന്നത് ഉര്‍ദുഗാനെ തന്നെയാണെന്നാണ് വിലയിരുത്തലുകള്‍. ഇത്തവണയും തിരഞ്ഞെടുപ്പ് ചതുരംഗപ്പലകയില്‍ ഉര്‍ദുഗാനുണ്ട്. 2001-ല്‍ ഇസ്ലാമിസ്റ്റ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി സ്ഥാപിച്ച ഉര്‍ദുഗാന്‍, ഒരുവര്‍ഷത്തിനുശേഷം അതിനെ വിജയത്തിലേക്ക് നയിച്ചു. 1994 മുതല്‍ 98 വരെ ഇസ്താംബുള്‍ മേയറായി പ്രവര്‍ത്തിച്ച അദ്ദേഹം 2003 മുതല്‍ 2014 വരെ തുര്‍ക്കി പ്രധാനമന്ത്രി പദത്തിലുമെത്തി. തുടര്‍ന്ന് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞ് പ്രസിഡന്റായി. പ്രായം എഴുപതിലേക്കടുക്കുന്ന ആ മനുഷ്യനെ ഒരിക്കല്‍ക്കൂടി തുര്‍ക്കി കനിയുമോ? അതോ ഒരു നേതൃമാറ്റത്തിന് ജനത കുടപിടിക്കുമോ?
.jpg?$p=298ab5c&&q=0.8)
രാഷ്ട്രീയത്തിലാവട്ടെ, ഭരണത്തിലാവട്ടെ, ജുഡീഷ്യറിയിലാവട്ടെ, കഴിഞ്ഞ 50 വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയ ഒരു ഭരണാധികാരി ഉണ്ടായിട്ടില്ല. എന്നിരുന്നാല്‍പ്പോലും ഇത്തവണ പോരാട്ടം തീപാറുമെന്നുറപ്പാണ്. എന്തെന്നാല്‍ തുര്‍ക്കി അകപ്പെട്ട വലിയ ഭൂകമ്പം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെല്ലാം ഉര്‍ദുഗാനെ തിരിഞ്ഞുകൊത്താനുള്ള സാധ്യത കൂടുതലാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അഭിപ്രായ ഭിന്നതകള്‍ക്കും വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്കും വിലകൊടുക്കാത്ത ഭരണാധികാരിയെന്ന ആക്ഷേപവും ഉര്‍ദുഗാനു മേലുണ്ട്. അത്താ തുര്‍ക്ക് കാലത്തെ തുര്‍ക്കിയുടെ മതേതര സ്വഭാവത്തെ മുഴുവന്‍ വെട്ടിമാറ്റി തീവ്ര ഇസ്ലാമിസ്റ്റ് സ്വഭാവം രാജ്യത്ത് അടിച്ചേല്‍പ്പിച്ചതും അദ്ദേഹത്തിന് വിനയാവാനുള്ള സാധ്യത കൂടുതലാണ്.
കെമാല്‍ ക്ലിച്ദരോലുവാണ് ഉര്‍ദുഗാന് പ്രധാനമായും വെല്ലുവിളിയുയര്‍ത്തുന്ന സ്ഥാനാര്‍ഥി. ഈ സ്ഥാനാര്‍ഥിത്വത്തില്‍ തന്നെയാണ് ലോകത്തിന്റെ കണ്ണും. തുര്‍ക്കി ഗാന്ധിയെന്നാണ് എഴുപത്തിനാലുകാരനായ ക്ലിച്ദരോലു സ്വന്തം രാജ്യത്ത് അറിയപ്പെടുന്നത്. മഹാത്മ ഗാന്ധിയുടേതിനു സമാനമായ ശാരീരികരൂപവും സൗമ്യമായ പെരുമാറ്റവും കൊണ്ടാണ് ഗാന്ധി എന്ന കീര്‍ത്തിമുദ്ര അദ്ദേഹത്തിനു ലഭിച്ചത്.
തുര്‍ക്കിയിലെ ആറ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഉര്‍ദുഗാനെതിരായി മത്സരിക്കാന്‍ ഒന്നിച്ചു തിരഞ്ഞെടുത്ത പേരാണ് ക്ലിച്ച്ദരോലുവിന്റെത്. കഴിഞ്ഞ 13 വര്‍ഷമായി അദ്ദേഹം രാജ്യത്തിന്റെ പ്രതിപക്ഷനിരയുടെ തലപ്പത്തുണ്ട്. ഉര്‍ദുഗാന്‍ വിരുദ്ധരുടെ പ്രതീക്ഷകളെ കാക്കുമോ ക്ലിച്ദരോലു എന്നത് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്. 2019-ല്‍ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മുനിസിപ്പാലിറ്റികളില്‍ ഉര്‍ദുഗാന്‍ വിഭാഗത്തെ തോല്‍പ്പിച്ച് അധികാരം തിരിച്ചുപിടിച്ചതിലെ പ്രതീക്ഷകളാണ് സി.എച്ച്.പി.യെയും ക്ലിച്ദരോലുവിനെയും മുന്നോട്ടു നയിക്കുന്ന ഊര്‍ജം.
.jpg?$p=aa62323&&q=0.8)
2007 മുതല്‍ സെക്യുലര്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി.) ചെയര്‍മാനാണ് അദ്ദേഹം. ഉര്‍ദുഗാനില്‍നിന്ന് തുര്‍ക്കിക്ക് മോചനം, രാജ്യത്ത് ശക്തമായ പാര്‍ലമെന്ററി സംവിധാനം കൊണ്ടുവരിക എന്നിവയാണ് ക്ലിച്ദരോലുവിന്റെയും ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പ് ഉന്നം. ഉര്‍ദുഗാന്‍ സ്ഥാപിച്ച തീവ്ര ഭരണമാറ്റങ്ങളെയെല്ലാം പഴയപടിയിലേക്കുതന്നെ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.
പാര്‍ലമെന്ററി ജനാധിപത്യം, നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, അധികാര വികേന്ദ്രീകരണം എന്നീ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ട് തുര്‍ക്കിയെ അടിമുടി മാറ്റുമെന്ന് ക്ലിച്ദരോലു പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റിനെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്ന ആര്‍ട്ടിക്കിള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. തുര്‍ക്കിയില്‍ ഒരുപാട് പേരെ കോടതി കയറ്റിയ ആര്‍ട്ടിക്കിളായിരുന്നു ഇത്.
മുഹര്‍റം ഇന്‍സ്; ക്ലിച്ദരോലുവിന് അത്ര എളുപ്പമാവില്ല
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ഥിയായ മുഹര്‍റം ഇന്‍സിനെ വരുതിയില്‍ക്കൊണ്ടുവരാനുള്ള തീവ്രയത്നത്തിലാണ് ക്ലിച്ദരോലു പക്ഷം. എന്നാല്‍ ഇന്‍സാവട്ടെ, ഒരിഞ്ച് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നുമില്ല. വലതുപക്ഷ പാര്‍ട്ടിയായ നാഷണലിസ്റ്റ് ഹോംലാന്‍ഡ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് മുഹര്‍റം ഇന്‍സും പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗത്ത് മുന്‍പന്തിയിലുണ്ട്. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇദ്ദേഹം ഉര്‍ദുഗാനെതിരായി മത്സരിച്ചിരുന്നു. പുറത്തുവന്ന ചില അഭിപ്രായ വോട്ടെടുപ്പില്‍ ഉര്‍ദുഗാനും ക്ലിച്ദരോലുവിനും പിന്നിലായിരിക്കും ഇന്‍സ് എന്നാണ് വ്യക്തമാകുന്നത്.
നേരത്തേ സി.എച്ച്.പി. നേതാവായിരുന്ന ഇന്‍സ് പുതിയ പാര്‍ട്ടി രൂപവത്കരിച്ചാണ് ഇത്തവണ മത്സരിക്കുന്നത്. ഇന്‍സിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാനും പാര്‍ട്ടിയെ സി.എച്ച്.പി.യുമായി സഖ്യം ചേര്‍ത്താനും ക്ലിച്ദരോലു പണി പലതെടുത്തെങ്കിലും ഫലവത്തായില്ല. ഇതിനായി ഇന്‍സിനെ ക്ലിച്ദരോലു നേരില്‍ കണ്ടു, മികച്ച സീറ്റ് വാഗ്ദാനം നല്‍കി, അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസമന്ത്രി പദം വരെ വാഗ്ദാനം ചെയ്തു. ഇന്‍സ് പക്ഷേ, അതൊന്നും വകവെച്ചില്ല.
ഇന്‍സ് പക്ഷവും ക്ലിച്ദരോലു പക്ഷവും ഒന്നിച്ചു ചേര്‍ന്നാല്‍ ഒരുപക്ഷേ, ഉര്‍ദുഗാനെ അട്ടിമറിച്ചിടാനായേക്കും. പക്ഷേ, സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ഇന്‍സ്. അഭിപ്രായ വോട്ടെടുപ്പില്‍ ഇന്‍സിനു കിട്ടിയ വോട്ടിങ് വിഹിതം കാര്യമാക്കുന്നില്ലെന്നും അന്തിമജയം തനിക്കായിരിക്കുമെന്നും ക്ലിച്ദരോലു പറയുന്നു. ഉര്‍ദുഗാന്‍ നല്‍കിയ എന്തോ ഉറപ്പിന്മേല്‍ പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഇന്‍സ് ശ്രമിക്കുന്നതെന്ന് തുര്‍ക്കിയില്‍ വ്യാപകമായി സമൂഹ മാധ്യമ ട്രോളുകളും നിറയുന്നുണ്ട്.
.jpg?$p=246738b&&q=0.8)
തിരഞ്ഞെടുപ്പ് പ്രക്രിയ
ആറരക്കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 600 അംഗങ്ങളെയാണ് പാര്‍ലമെന്റിലേക്കയക്കുക. മുപ്പതു ലക്ഷത്തോളം വരുന്ന വിദേശ തുര്‍ക്കിക്കാരും വോട്ടുചെയ്യും. ഏപ്രില്‍ 27 മുതല്‍ മേയ് ഒന്‍പതുവരെയാണ് കാസ്റ്റ് വോട്ടുണ്ടായിരിക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മേയ് 28-ന് ആദ്യ സ്ഥാനങ്ങളിലുള്ള രണ്ടുപേര്‍ തമ്മില്‍ വീണ്ടും മത്സരം നടക്കും.
മേയ് 14 രാവിലെ എട്ടു മണി മുതലാണ് വോട്ടെടുപ്പ് നടക്കുക. വൈകീട്ട് അഞ്ചു മണിയോടെ അവസാനിക്കും. വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് ആറു മണിയോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അന്നു രാത്രി 12 മണിയോടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങും. അര്‍ധരാത്രിയോടെ തിരഞ്ഞെടുപ്പ് വിലക്കുകള്‍ അവസാനിക്കുകയും മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് വിലയിരുത്തലുകളും അനൗദ്യോഗികമായ ഫലങ്ങളും പുറത്തുവിടും.
പരമ്പരാഗതമായി അതിരാവിലെത്തന്നെ വിജയിയെ പ്രഖ്യാപിക്കുന്ന സ്ഥിതിയാണ് തുര്‍ക്കിയിലുള്ളത്. രാവിലെയാവുമ്പോഴേക്ക് ഏതാണ്ട് വോട്ടുകളൊക്കെ എണ്ണിക്കഴിഞ്ഞിട്ടുണ്ടാകും. തുടര്‍ന്ന് വിജയിച്ചയാള്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. എന്നാലും തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചുവെന്ന കാര്യം ഔദ്യോഗികമായി തീരുമാനിക്കുന്നത് തുര്‍ക്കിയിലെ സുപ്രീം തിരഞ്ഞെടുപ്പ് കൗണ്‍സിലാണ്. ഇതിന് ചിലപ്പോള്‍ ഒരാഴ്ച വരെ സമയമെടുത്തേക്കും. തുര്‍ക്കിയില്‍ പ്രസിഡന്‍സി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ സാധാരണ ഗതിയില്‍ ഒരേ ദിവസം തന്നെയാണ് നടക്കാറ്.
രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആരെന്ന പോലെത്തന്നെ പാര്‍ലമെന്റില്‍ പുതിയതായി ആരൊക്കെ വരുമെന്നതിലും മേയ് 14-ന് വിധിയെഴുത്തുണ്ടാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരിക്കും ഏറ്റവും സങ്കീര്‍ണമായ പ്രക്രിയയിലൂടെ കടന്നുപോവുക. 32 രാഷ്ട്രീയപ്പാര്‍ട്ടികളുള്ളതിനാല്‍ ബാലറ്റ് പേപ്പറില്‍ 32 പേരുകളുണ്ടാകും. പേരു മാറാതെ അവനവന്‍ ആഗ്രഹിച്ച ആളുകള്‍ക്കു തന്നെ വോട്ടുചെയ്യുക എന്നത് പൊതുജനങ്ങള്‍ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും.
.jpg?$p=3ca10ba&&q=0.8)
ഉര്ദുഗാന് കുരുക്കാവുക
തുര്‍ക്കിയെ ചാമ്പലാക്കിയ ഭൂകമ്പം തന്നെയാണ് ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് ആയുധം. സര്‍ക്കാര്‍ അതിനെ നേരിട്ടതില്‍ സംഭവിച്ച പാളിച്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രതിപക്ഷം ഇരിപ്പുറപ്പിക്കാന്‍ നോക്കുന്നത്. സാധന-സേവനങ്ങളുടെ വിലവര്‍ധന, സാമ്പത്തിക പ്രതിസന്ധി, അഭയാര്‍ഥി പ്രശ്നങ്ങള്‍ തുടങ്ങിയവയും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നതുറപ്പ്. തുര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 64.27 ശതമാനമാണ് തുര്‍ക്കിയിലെ വാര്‍ഷിക വിലവര്‍ധന. കുത്തനെ കൂടിയ ജീവിതച്ചെലവ്, അതിനൊപ്പംതന്നെ കൂടുതല്‍ ഇരുട്ടടിയിലാക്കിയുള്ള തൊഴിലില്ലായ്മ എന്നിവയ്ക്കെല്ലാം തുര്‍ക്കിക്കാര്‍ ചൂണ്ടുവിരല്‍വെച്ച് മറുപടി പറയും.
ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ള രാജ്യമാണ് തുര്‍ക്കി. അതിനാല്‍ത്തന്നെ കുടിയേറ്റം പ്രധാന പ്രശ്നമായി കണക്കാക്കുന്ന ഒട്ടേറെ വോട്ടര്‍മാരുണ്ട്. രാജ്യത്ത് മുന്‍പത്തേക്കാളധികം കുടിയേറ്റ വിരുദ്ധ വികാരം വര്‍ധിച്ചിട്ടുണ്ടെന്നാണ് പുതിയ സര്‍വേകള്‍ കാണിക്കുന്നത്. ഇതിനൊക്കെപ്പുറമേ ഉര്‍ദുഗാന്റെ തീവ്ര നിലപാടുകളോടുള്ള ആളുകളുടെ കടുത്ത വിയോജിപ്പ്, വിയോജിപ്പുകളെ അടക്കിനിര്‍ത്തുന്ന സ്വഭാവം, അവകാശധ്വംസനങ്ങള്‍, നീതിന്യായവ്യവസ്ഥയെ കൈപ്പിടിയിലൊതുക്കല്‍ എന്നിവയെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
.jpg?$p=cc29bd4&&q=0.8)
തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികം
മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം എന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. തുര്‍ക്കിയില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നായകനായിരുന്നു മുസ്തഫ കെമാല്‍ അത്താതുര്‍ക്ക്. മതേതരവാദിയായിരുന്ന അദ്ദേഹം, ഓട്ടമന്‍ ഭരണം അവസാനിപ്പിച്ചു, മതകോടതികളും സ്‌കൂളുകളും പൂട്ടിച്ചു, മതനേതാക്കളുടെ അധികാരം എടുത്തുകളഞ്ഞു, തൊപ്പി ധരിക്കുന്നത് നിരോധിക്കുകയും ഹിജാബ് ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
തുര്‍ക്കിയെ ഒരു ആധുനിക മതേതര രാഷ്ട്രമാക്കുന്നതില്‍ അത്താതുര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍, ഉര്‍ദുഗാന്‍ അധികാരമേറ്റെടുത്തതോടെ കഥ അപ്പാടെ മാറി. അത്താതുര്‍ക്കി കൊണ്ടുവന്ന മതേതര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളൊക്കെയും മാറ്റി ഉര്‍ദുഗാന്‍ പഴയപടി സ്ഥാപിച്ചു. ഭക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് കടുത്ത ഇസ്ലാമിസ്റ്റായ ഉര്‍ദുഗാന്‍ ശ്രമിച്ചത്.
.jpg?$p=48405e6&&q=0.8)
Content Highlights: turkey presidency and parliamentary election may 14 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..