.
ട്രാന്സ്വെസ്റ്റിസത്തെ കുറിച്ചുളള ലേഖന പരമ്പരയ്ക്കായുളള അന്വേഷണ/പഠനങ്ങള്‍ക്കിടയിലാണ് ഈ ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഇത് അനാമിക എന്നുവിളിച്ചുകേള്ക്കാന് ആഗ്രഹിക്കുന്ന ആ ചെറുപ്പക്കാരന്റെ ജീവിതമാണ്. ക്രോസ് ഡ്രസിങ് ചെയ്യുന്ന ഓരോ വ്യക്തിയും അടുത്തയാളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ഒരാളുടെ ജീവിതത്തിലൂടെ ക്രോസ് ഡ്രസിങ് ചെയ്യുന്ന മറ്റെല്ലാവരേയും സാമാന്യവത്ക്കരിക്കാന്‍ ആവില്ലെങ്കിലും ഈ ജീവിതം അവരുടെ ജീവിതങ്ങളുടെ ചെറിയൊരു പരിച്ഛേദമാണ്. സിഡി എന്ന് സ്വയം വിളിക്കുന്ന ക്രോസ് ഡ്രസേഴ്സിനെ ഉള്‍ക്കൊളളുന്ന പാകതയിലേക്ക് എത്താത്ത ഈ സമൂഹത്തില്‍ അവര്‍ക്ക് തുടര്‍ന്നും ജീവിക്കേണ്ടതിനാല്‍ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന പേരും സ്ഥലനാമങ്ങളും യാഥാര്‍ഥ്യമല്ല.
കമ്മലുകളിലാണ് എന്റെ ഇഷ്ടങ്ങളുടെ തുടക്കം. ചെറുപ്പത്തില്‍ തന്നെ ഞാന്‍ കാതുകുത്തിയിരുന്നു. ഒരുദിവസം ചേച്ചിയുടെ ജിമുക്കി വെറുതെ ഇടാന്‍ തോന്നി. എങ്ങനെ ആ കൊതി വന്നുവെന്നറിയില്ല. എന്തായാലും ജിമുക്കി ഇട്ടു. എന്തോ ഒരു സംതൃപ്തി തോന്നിത്തുടങ്ങുന്നത് അങ്ങനെയാണ്. എല്ലാ ക്രോസ് ഡ്രസേഴ്സിനും എന്തെങ്കിലും പ്രത്യേക വസ്തുക്കളോട് ഇഷ്ടമുണ്ടാകും. ചിലര്‍ക്ക് വളകള്‍, ചിലര്‍ക്ക് സാരി, എനിക്ക് കമ്മലുകളായിരുന്നു ഇഷ്ടം. പതിയെ സ്ത്രീകളുടെ ഡ്രസുകള്‍ ഇട്ടുതുടങ്ങി. ചേച്ചിയുടെ വസ്ത്രങ്ങള്‍ എനിക്ക് പാകമായിരുന്നില്ല. എന്നാലും ധരിക്കും. ആദ്യമായി ക്രോസ് ഡ്രസിങ്ങിനോടുളള ആഗ്രഹം ഞാന്‍ തിരിച്ചറിയുന്നത് ആറില്‍ പഠിക്കുമ്പോഴാണ്.
വീട്ടില്‍ ആരുമില്ലാത്ത അവസരങ്ങളിലായിരുന്നു പെണ്ണായുളള ഒരുക്കമെല്ലാം. പനിയാണെന്ന് പറഞ്ഞ് അവധി വരെ എടുത്തിട്ടുണ്ട്. ആദ്യം ഭയങ്കര പേടി ആയിരുന്നു. എല്ലാവരും പുറത്ത് പോയി എന്ന് ഉറപ്പുവരുത്തിയിട്ടാണ് കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്നതിന് ഒരു ദിവസം മുമ്പേ ഞാന്‍ വല്ലാത്ത ഉത്സാഹത്തില്‍ ആയിരിക്കും. ആരുമില്ലാത്ത സമയത്ത് ധരിക്കാന്‍ എടുക്കുന്ന അമ്മയുടെയും ചേച്ചിയുടെയും വസ്ത്രങ്ങളും ആഭരണങ്ങളും അതേപടി തിരിച്ചുവെക്കലായിരുന്നു അന്നത്തെ ഏറ്റവും വലിയ സാഹസം. അതുകൊണ്ട് പിന്നീട് അലക്കാന്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അതാകുമ്പോള്‍ അഴുക്കായാലും ചുളിഞ്ഞാലും അറിയില്ലല്ലോ. വീട്ടുകാര്‍ എത്തിക്കഴിഞ്ഞാല്‍ ചെയ്തത് മറക്കാനായി ഞാന്‍ വളരെ അസ്വാഭാവികമായി പെരുമാറിയിരുന്നത് എല്ലാം എനിക്ക് ഓര്‍മയുണ്ട്.
ശീലമാകുമ്പോള്‍ പേടി മാറും എന്നുപറയുന്നത് പോലെ വല്ലപ്പോഴും എന്നുളളത് ഇടയ്ക്കിടെ ആയി. ഒരിക്കല്‍ കല്യാണത്തിന് പോയി വന്ന അമ്മ മാറിയിട്ട സാരിയിലും ആഭരണങ്ങളിലും എന്റെ കണ്ണുടക്കി. സ്വാഭാവികമായും പനിപിടിച്ച ഞാന്‍ ക്ലാസില്‍ പോയില്ല. എല്ലാവരും ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയതോടെ ഞാന്‍ എഴുന്നേറ്റു. സാരി ചുറ്റി, ആഭരണങ്ങള്‍ അണിഞ്ഞു, ചുണ്ടില്‍ ചായമണിഞ്ഞു. സ്ത്രീവേഷത്തില്‍ സ്വയം മറന്നുനില്ക്കുമ്പോഴുണ്ട് സുഖമില്ലാതെ അമ്മ അവധിയെടുത്ത് തിരിച്ചുവന്നിരിക്കുന്നു. എന്തൊക്കെയോ നുണകള്‍ പറഞ്ഞ് അന്ന് തടിയൂരി.
ആരോടും ഈ രഹസ്യം പങ്കുവെക്കാന്‍ ധൈര്യം വന്നില്ല. കാഴ്ചയില്‍ സ്ത്രീഭാവങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഏഴില്‍ പഠിക്കുമ്പോള്‍ ഇന്റര്‍നെറ്റിലൂടെ ഞാന്‍ പരതിത്തുടങ്ങി. ഓര്‍ക്കൂട്ട് വഴിയാണ് സമാനമനസ്കരുളളതായി ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോഴും ഈ ടേം എനിക്കത്ര മനസ്സിലായിരുന്നില്ല. എന്നെപോലെയുളളവരെ കണ്ടെത്താനായി ഒരുപാട് സെര്‍ച്ച് ചെയ്തു. അപ്പോള്‍ കണ്ടെത്തിയതെല്ലാം ട്രാന്സ്ജെന്ഡേഴ്സിനെ ആയിരുന്നു. എന്താണ് എന്റെ സ്വത്വം എന്നുമനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നുണ്ടായില്ല. പിന്നെയും കുറേ നാള് നടത്തിയ തിരച്ചിലില്‍ ആണ് ക്രോസ്ഡ്രസിങ്ങിനെ കുറിച്ച് ഞാന്‍ മനസ്സിലാക്കുന്നത്.

ഞാന്‍ ഹോട്ടല്‍ മാനേജ്മെന്റാണ് പഠിച്ചത്. കേരളത്തിന് പുറത്തായിരുന്നു പഠനം. ആദ്യവര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ സിംഗിള്‍ റൂം തിരഞ്ഞെടുത്തു. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ഥി ആയതുകൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. അതുകൊണ്ട് പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന ഒരു സീനിയറിനെ അധ്യാപകരെല്ലാം ചേര്‍ന്ന് കമ്പൈന്‍ സ്റ്റഡിക്കായി എന്റെ റൂമില്‍ വിട്ടു. ഞാന്‍ സിംഗിള്‍ റൂം തിരഞ്ഞെടുത്തത് ആരുമറിയാതെ ക്രോസ് ഡ്രസിങ് ചെയ്യുന്നതിനുവേണ്ടിയാണ്. ഒരു ദിവസം കമ്പൈന്‍ സ്റ്റഡിക്കായി അയാള്‍ വരുമ്പോള്‍ കണ്ടത് ചുരിദാര്‍ ഇട്ടുനില്‍ക്കുന്ന എന്നെ. മറ്റൊരുവഴിയും ഇല്ലാത്തതിനാല്‍ എനിക്ക് എല്ലാം തുറന്നുപറയേണ്ടി വന്നു. ആദ്യമെല്ലാം കരുതല്‍ കാട്ടിയ അയാള്‍ അതുമുതലെടുക്കാനുളള ശ്രമം താമസിക്കാതെ ആരംഭിക്കുകയും ചെയ്തു.
ഒരിക്കല്‍ സെക്സ് ടോയ്സുമായി അയാള്‍ എന്റെ റൂമിലെത്തി. അയാളെന്നെ ലൈംഗികമായി ഉപദ്രവിച്ചു. നിന്നുകൊടുക്കാതെ എന്റെ മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല..അതു തുടര്‍ന്നു. ഓരോ തവണയും അയാള്‍ എന്റെ ശരീരത്തില്‍ തൊടുമ്പോള്‍ ആര്ത്തുകരയണമെന്നും അയാളുടെ മുഖത്ത് ആഞ്ഞടിക്കണമെന്നും അയാളെ അസഭ്യവര്‍ഷം കൊണ്ടുമൂടണമെന്നും എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇക്കാര്യം സഹപാഠികളോടും അധ്യാപകരോടും പറയുമെന്നുളള ഭീഷണിയില്‍ ഞാന്‍ നിശബ്ദനായി. നന്നായി പഠിച്ചിരുന്നത് കൊണ്ട് കോളേജ് വിടുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനാവുമായിരുന്നില്ല. ഇക്കാര്യം എങ്ങനെ അധ്യാപകരും സഹപാഠികളും ഉള്ക്കൊളളുമെന്നറിയാതെ അവരുടെ മുന്നില്‍ ഞാന്‍ അപഹാസ്യനാകുമോ എന്ന ഭയവും എനിക്കുണ്ടായിരുന്നു. പതിയെ ഞാന്‍ വിഷാദത്തിലേക്ക് നീങ്ങി. പൊതുവേ അന്തര്‍മുഖനായ ഞാന്‍ ഒട്ടും ഉത്സാഹം കാണിക്കാതായതോടെ എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടി കാര്യങ്ങള്‍ അന്വേഷിച്ചു. ആദ്യമൊന്നും അവളോട് ഞാന്‍ മനസ്സുതുറന്നില്ല. ഒരിക്കല്‍ യാത്രക്കിടയില്‍ ട്രാന്‍സ് പീപ്പിളിനോടുളള അവളുടെ അനുഭാവ പൂര്‍ണമായ പെരുമാറ്റം കണ്ടപ്പോള്‍ എനിക്കുതോന്നി അവള്‍ക്ക് എന്നെയും മനസ്സിലാകുമെന്ന്. അങ്ങനെ അവളോട് ഞാന്‍ മനസ്സ്് തുറന്നു. എന്റെ ആകെയുളള അത്താണിയായിരുന്നു അവള്. ഞാനാരാണെന്ന് തിരിച്ചറിയാന്‍ സഹായിക്കണമെന്ന ലക്ഷ്യത്തോടെ മാനസികാരോഗ്യ വിദഗ്ധന്റെ അടുത്ത് എന്നെ കൊണ്ടുപോകുന്നത് അവളാണ്. അവളും ഞാനും തമ്മിലുളള അടുപ്പം കണ്ട് എന്റെ ഗേള്ഫ്രണ്ടിന് പ്രശ്നമായി. അതോടെ അവളോടും ഞാന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. എല്ലാം കേട്ടിരുന്ന് എനിക്കൊപ്പമെന്ന് അവള് പറഞ്ഞെങ്കിലും രണ്ടുമാസത്തിനുളളില്‍ ഞങ്ങള്‍ ബ്രേക്കപ്പായി.
ക്രോസ് ഡ്രസിങ് ചെയ്യുമ്പോഴും എനിക്ക് സ്ത്രീകളോടാണ് ലൈംഗിക ആകര്‍ഷണം തോന്നിയിട്ടുളളത്. പൂര്‍ണമായും സ്ത്രീയായി മാറണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാനെന്ന് എനിക്ക് മനസ്സിലായി. ജോലി ആയതോടെ തനിച്ചുതാമസിക്കാന്‍ തുടങ്ങി. ഒരുങ്ങാനുളള അവസരങ്ങളും കൂടി. അതോടെ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ തുടങ്ങി. മാളില്‍ പോയാല്‍ ലേഡീസ് ഐറ്റംസ് വാങ്ങാന്‍ കൊതിയാണ്. ചിലപ്പോള്‍ ഇഷ്ടപ്പെട്ടത് എടുത്ത് ബാഗില്‍ ഇട്ട് മെന്‍സ് ട്രയല്‍ റൂമില്‍ പോയി ഇട്ടുനോക്കും. ഇപ്പോള്‍ കൂടുതലും വാങ്ങി ഉപയോഗിച്ച് ഉപേക്ഷിക്കുക എന്ന ലൈനാണ്. ഇതിനിടയില്‍ എന്റെ വിവാഹം കഴിഞ്ഞു. ഭാര്യയും ഞാനും ഏകദേശം ഒരേ അളവാണ്. അതുകൊണ്ട് ഡ്രസ് അവള്‍ക്കാണെന്ന് പറഞ്ഞ് വാങ്ങും.
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ബെഗംളുരുവില് ജോലി കിട്ടി. എന്നെ പോലുളളവരെ കണ്ടെത്താനുളള ശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്നിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിലെ ഒരു വ്യക്തിയെ പരിചയപ്പെടുന്നത്. ഒരു വലിയ കമ്പനിയുടെ ഉടമയായ അദ്ദേഹം ഭാര്യക്കും മക്കള്‍ക്കും ഒപ്പം ക്രോസ് ഡ്രസിങ്ങില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അമ്പരന്നുപോയി. ബെംഗളുരുവില്‍ ഇതിനുളള സ്വീകാര്യത അയാളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബെംഗളുരുവില്‍ ഇത്തരത്തില്‍ നിരവധി സുഹൃത്തുക്കളെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം എടീ എന്നാണ് വിളിക്കാറുളളത്. അവരുടെ കുടുംബത്തില്‍ നിന്നെല്ലാം വലിയ പിന്തുണയാണ്. സ്ത്രീകളുടേത് പോലെ ഏറ്റവും പുതിയ ട്രെന്‍ഡുകളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കും. ഇവിടെ ക്രോസ് ഡ്രസിങ് ചെയ്യുന്നവര്‍ക്കായി പാര്‍ലറുകളുണ്ട്. ക്രൗഡ് ബുളളിയിങ് ഇവിടെയില്ല. ഇപ്പോള്‍ മാസം ഒന്നോ രണ്ടോ തവണ ഞാന്‍ അവിടെ പോകും. പെണ്ണായി ഒരുങ്ങാന്‍. ഇവിടെ വന്നാല്‍ ഒരു ദിവസം മുഴുവന്‍ പെണ്ണായി നമുക്ക് നടക്കാം. അണിഞ്ഞൊരുങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബിലോ മാളിലോ പോകാം..ആ ദിവസങ്ങള്‍ അതിമനോഹരമാണ്, വിവരിക്കാനാകില്ല.
ടെന്‍ഷന്‍ വരുമ്പോള്‍ നിങ്ങളെന്താ ചെയ്യാറുളളത്...സാധാരണ പുരുഷന്മാര് സ്മോക്കിങ്ങും ഡ്രിങ്കിങ്ങും ആയിരിക്കും. എനിക്ക് ക്രോസ് ഡ്രസ് ചെയ്താല്‍ മതി. അപ്പോള്‍ ഭയങ്കര റിലാക്സേഷന് ആണ്, റിലീഫാണ്. വീക്കെന്‍ഡില്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്ന കാര്യവും ഏത് സിനിമയും കാണണം എന്നു ആലോചിക്കുമ്പോള്‍ ഞാന്‍ വെള്ളിയാഴ്ച വൈകുന്നേരം മുല്ലപ്പൂ വാങ്ങി, കോസ്മെറ്റിക്സ് വാങ്ങി, ധരിക്കാനുളള വസ്ത്രങ്ങള്‍ കണ്ടെത്തി അതൊക്കെ നല്കുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ ആവില്ല. എന്നെ സുന്ദരിയായ ഒരു സ്ത്രീയായി കാണുന്നതിനേക്കാള്‍ വലിയ സന്തോഷം എനിക്കില്ല. സമൂഹത്തിന് എന്നെ തിരിച്ചറിയാനാകില്ലെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു ഇരട്ടവ്യക്തിത്വം പോലെയാണ്. എന്നെ അറിയുന്ന ഒരാള്‍ക്കും അത്തരം ഒരു സംശയവും തോന്നിയിട്ടില്ല. അത്ര കോണ്ഷ്യസായാണ് ഞാന്‍ ഇടപെടുന്നത്. സ്ത്രീഭാവങ്ങളൊന്നും ക്രോസ് ഡ്രസിങ്ങിന്റേതല്ലാത്ത സമയങ്ങളില്‍ എനിക്ക് വരാറില്ല. വീട്ടില്‍ ആര്‍ക്കും ഇതുവരെ അറിയില്ല. പറയാനും തോന്നിയിട്ടില്ല. അവര്‍ എങ്ങനെയാണ് ഉള്‍ക്കൊളളുക എന്നറിയില്ല. ബെംഗളുരുവിലെ സുഹൃത്തുക്കള്‍ സമയമാകുമ്പോള്‍ ഭാര്യയെ അറിയിക്കണം എന്നുപറഞ്ഞിട്ടുണ്ട്. പറയണം. സ്ത്രീകളെല്ലാം പൊതുവേ അനുഭാവം ഉളളവരാണ്, അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.
ഇതിന് വേറെ ഒരു ഉദാഹരണം കൂടി എനിക്ക് പറയാനുണ്ട്. അന്നെനിക്ക് ചെന്നൈയിലാണ് ജോലി. ജോലി കഴിഞ്ഞ് രാത്രി മുറിയിലേക്ക് മടങ്ങുമ്പോള്‍ നഗരത്തില്‍ ലൈംഗികത്തൊഴിലാളികളെ കാണുന്നത് പതിവാണ്. അതിമനോഹരമായി വസ്ത്രം ചെയ്ത് കസ്റ്റമറെ കണ്ടെത്താനായി അവര്‍ നഗരത്തിലേക്കിറങ്ങുന്ന സമയം. പലപ്പോഴും അതുവഴി കടന്നുപോകുമ്പോള്‍ അതിലൊരാള്‍ പതിവായി എന്നെ സമീപിക്കുമായിരുന്നു. ഞാന്‍ ഒഴിഞ്ഞുമാറും. നിത്യേന കണ്ട് മുഖപരിചയവുമായി. അവരുടെ വസ്ത്രധാരണം എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. ഒരിക്കല്‍ അവര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പോയി. മുറിയിലെത്തിയ പാടേ അവര്‍ വസ്ത്രമെല്ലാം അഴിക്കാന്‍ തുടങ്ങി. ഞാന്‍ അവരോട് പറഞ്ഞു, എന്റെ ഉദ്ദേശം അതല്ല.. ഇത്ര മനോഹരമായി വസ്ത്രം ധരിക്കുന്നത് എങ്ങനെയാണെന്ന് എന്നെയും പഠിപ്പിക്കണമെന്ന്. അവര്‍ എടുത്തപാടേ നിങ്ങള്‍ ട്രാന്‍സാണോ എന്നാണ് അവരെന്നോട് ചോദിച്ചത്. ഞാന്‍ അവരുടെ മുന്നില്‍ മനസ്സുതുറന്നു. അവരിങ്ങനെ കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. കുറേനേരം അവിശ്വനീയതോടെ അവര്‍ നോക്കി നിന്നത് എനിക്കോര്‍മയുണ്ട്. അവരുടെ ജീവിതത്തില്‍ അവര്‍ കണ്ട നല്ലൊരുമനുഷ്യന്‍ എന്നുപറഞ്ഞ് എന്നെ യാത്രയാക്കിയത് ഞാനോര്‍ക്കുന്നു. ആ സുഹൃദ്ബന്ധം കുറേക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. എത്ര മര്യാദയോടെയാണ് സ്നേഹത്തോടെയാണ് അവര്‍ എന്നോട് പെരുമാറിയരുന്നതെന്നോ..സമൂഹം ഞങ്ങളെ ഉള്‍ക്കൊളളാന്‍ മടിക്കുമ്പോള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അവര്‍ തയ്യാറായത്, മര്യാദയോടെയുളള അവരുടെ പെരുമാറ്റം ഇതെല്ലാം എന്നെ വല്ലാതെ ഇമോഷണലാക്കി കളഞ്ഞു. എനിക്കുതോന്നുന്നു ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മറ്റുളളവരുടെ സങ്കടങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂവെന്ന്. നേരെ മറിച്ച് കേരളത്തിലെ പേരെടുത്ത ഒരു ട്രാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നോട് ദേഷ്യപ്പെട്ട അനുഭവവും ഉണ്ടായിട്ടുണ്ട്. ഞാന്‍ ക്രോസ് ഡ്രസ് ചെയ്ത് ഒരു ഫോട്ടോഷൂട്ട് നടത്തണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. അതിനുവേണ്ടി മേക്കപ്പ് ചെയ്തുതരാമോ എന്നുചോദിച്ച് വിളിച്ചതായിരുന്നു. അവരെന്നോട് വളരെ മോശമായാണ് പെരുമാറിയത്.
പൂര്‍ണമായും സ്ത്രീയായി മാറുക എന്ന ആഗ്രഹം അന്നും ഇന്നും എനിക്കില്ല. പുരുഷനായിരിക്കുന്നതില് ഞാന്‍ സന്തോഷവാനാണ്. സ്ത്രീകളോടാണ് ലൈംഗികാകര്‍ഷണം. സ്ത്രീയായി വസ്ത്രം ധരിക്കുമ്പോള്‍ ലൈംഗികോത്തേജനം വരാറുണ്ട്. ഒരുപാട് നേരം സ്വയം കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. ഒരു സ്ത്രീയെ കണ്ടാല്‍ പുരുഷന്മാരുടേത് പോലെ ഞാന്‍ വായ്നോക്കും. ഒപ്പം അവരുടെ ഡ്രസിങ്ങും മേക്കപ്പും ആഭരണങ്ങളും എല്ലാം ശ്രദ്ധിക്കും. ഒരിക്കല്‍ ഒരു പബ്ബില്‍ വെച്ച് അടിപൊളിയായി ഡ്രസ് ചെയ്ത ഒരു പെണ്‍കുട്ടിയെ നോക്കിനിന്നുപോയി. അവരുടെ ഡ്രസിങ് കണ്ട് നോക്കിയതാണ്. പക്ഷേ അവരുടെ കാമുകന് എന്നെ കൈവെക്കുന്ന സ്ഥിതിയായി. ഒരു കണക്കിനാണ് രക്ഷപ്പെട്ടത്. ഇത്തരത്തില്‍ ചില രസകരമായ അനുഭവങ്ങള്‍ ഇടയ്ക്കുണ്ടാകും.
ഞങ്ങളെ അംഗീകരിക്കുന്ന സമൂഹം വരും. ബെഗംളുരുവിലേതുപോലെ. നമ്മുടെ കേരളത്തില്‍ അങ്ങനെ ഉണ്ടായിരുന്നെങ്കിലെന്ന് സത്യമായും ആഗ്രഹിച്ച് പോയിട്ടുണ്ട്. പക്ഷേ ഞാന്‍ ഹാപ്പിയാണ്. എനിക്കത് മതി.
Content Highlights: Transvestism, cross-dressing, gender fluidity, life of a cross dresser
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..