ചാക്കോമാഷ് തല്ലിയില്ലായിരുന്നെങ്കിൽ തോമയ്ക്ക് എന്തു സംഭവിക്കുമായിരുന്നു?


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)സാധാരണയായി എപ്പോഴാണ് ഒരു കുഞ്ഞുണ്ടാകുന്നത്. തങ്ങളുടെ തലമുറ നിലനില്‍ക്കാനും തങ്ങളെ സ്‌നേഹിക്കാനും തങ്ങള്‍ക്ക് സ്‌നേഹിക്കാനും ഒരാള്‍ കൂടി  കുടുംബത്തിലേക്ക് വേണമെന്ന ആഗ്രഹത്തിന് പുറത്താണ് ഓരോ ജനനവും നടക്കുന്നത്. നിങ്ങളുടെ സന്തോഷത്തിന് വേണ്ടി നിങ്ങള്‍ ഭൂമിയിലേക്ക് ഒരാളെ കൊണ്ടുവന്നാല്‍ അതെങ്ങനെയാണ് ഒരു വലിയ ത്യാഗമായി മാറുന്നത്. അതെക്കുറിച്ച് എങ്ങിനെയാണ് കണക്കുപറയാന്‍ സാധിക്കുന്നത്?.

In Depth

പ്രതീകാത്മക ചിത്രം

രു ടോക്ക് ഷോ ആണ് വേദി. ഒരു അമ്മ മകനെക്കുറിച്ച് പരാതി പറയുന്നു. അവന്‍ നന്നായി പഠിക്കുമായിരുന്നു. എന്നാല്‍ ഏഴാം ക്ലാസിന് ശേഷം മോശമായി. ഞാന്‍ അവനെ നന്നായി തല്ലും. അവന്‍ നന്നാകുന്നതിന് വേണ്ടിയായിരുന്നു. അതില്‍ എനിക്കിതുവരേ തെറ്റ് തോന്നിയിട്ടില്ല. അമ്മയുടെ വാക്കുകള്‍ കേട്ട് ഷോയുടെ അവതാരകന്‍ തിരികെ ഒരു ചോദ്യം ചോദിച്ചു: 'എന്നു മുതലാണ് നിങ്ങള്‍ അവനെ തല്ലാന്‍ തുടങ്ങിയത്.?' ഏഴാം ക്ലാസ് മുതലെന്ന് അമ്മ. 'അന്ന് മുതലാണ് അവന്‍ പഠിപ്പില്‍ മോശമായത്. നിങ്ങള്‍ തല്ലുന്നത് നിര്‍ത്തൂ.' അയാള്‍ അത് പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ മകന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

പ്രത്യുല്‍പ്പാദനം എന്നാല്‍ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഏത് ജീവിവര്‍ഗത്തിന്റെയും നിലനില്‍പ്പിന് ആവശ്യമായ ഒന്ന്. എന്നാല്‍ ഈ ഇതിന് കുഞ്ഞുങ്ങളോട് കണക്കുപറയുന്ന ഒരോയൊരു ജീവി മനുഷ്യനാണെന്ന് വേണമെങ്കിൽ പറയാം. പത്ത് മാസം ചുമന്ന് പ്രസവിച്ചതിനും കഷ്ടപ്പെട്ട് പണിയെടുത്ത് വിദ്യാഭ്യാസം നല്‍കിയതിനുമെല്ലാം മാതാപിതാക്കള്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ തിരികെ കടപ്പാട് കാണിച്ചിരിക്കണം. ഇല്ലെങ്കില്‍ അതൊരു പ്രശ്നമാണ്. പഠിക്കാന്‍ താല്‍പര്യമില്ലെങ്കിലും നൂറില്‍ നൂറ് മാര്‍ക്കോടെ പാസാകണം. പാട്ട് പാടാനും നൃത്തം ചെയ്യാനും കളിക്കാനും താല്‍പര്യമുണ്ടെങ്കില്‍ പഠിച്ച് ജോലി ലഭിച്ചതിന് ശേഷമായിരിക്കണം. പ്രണയിക്കരുത്, കൂട്ടുകൂടരുത്, കുടുംബത്തോടൊപ്പമല്ലാതെ ടൂര്‍ പോകരുത്, വൈകീട്ട് ആറ് മണിയ്ക്ക് മുന്‍പ് വീട്ടില്‍ കയറിയിരിക്കണം, തങ്ങള്‍ കണ്ടെത്തുന്ന ആളുമായി മാത്രമായിരിക്കണം വിവാഹം. ഇങ്ങനെ പോകുന്നു പുതിയ കാലത്തും വിഷലിപ്തമായ പാരന്റിങ്ങിന്റെ സവിശേഷതകള്‍.

കുട്ടി എന്ന പ്രൈവറ്റ് പ്രോപർട്ടി

നമ്മള്‍ ജന്മം നല്‍കുന്ന കുട്ടി നമ്മുടേത് മാത്രമാണെന്നും അതില്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്നുമാണ് പലരുടെയും ധാരണ. എന്റെ മകളെ അല്ലെങ്കില്‍ മകനെ എനിക്ക് തല്ലാം വഴക്ക് പറയാം ചോദിക്കാന്‍ ആരും വരരുത്. മാനസികമായും ശാരീരികമായും ആരോഗ്യകരമായ കുട്ടികളുടെ ജീവിതത്തിന് മാതാപിതാക്കള്‍ വിലങ്ങുതടിയാകുന്നുവെങ്കില്‍ സ്റ്റേറ്റിന് അതില്‍ ഇടപെടാനും നടപടിയെടുക്കാനും സാധിക്കും. വികസിത വിദേശരാജ്യങ്ങളില്‍ പലതിലും ഇത്തരം മാതാപിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. തല്ലുന്നതും മാസസികമായി പീഡിപ്പിക്കുന്നതുമെല്ലാം സ്വഭാവികമാണെന്ന ധാരണ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. പങ്കാളിയോട്, അല്ലെങ്കില്‍ വീട്ടിലുള്ള മറ്റു മുതിര്‍ന്നവരോടുള്ള ദേഷ്യത്തിന്റെ പേരില്‍ കുട്ടിയെ തല്ലുക, പഠിക്കാതിരിക്കുന്നതിന് തല്ലുക, മാര്‍ക്ക് കുറയുന്നതിന് തല്ലുക, കളിക്കാന്‍ പോകുന്നതിന് തല്ലുക അങ്ങനെ എന്തിനും ഏതിനും കുട്ടികളെ ചെണ്ടയാക്കുന്നത് കാണാം. കുട്ടികള്‍ തെറ്റുകള്‍ ചെയ്യും, എന്നാല്‍ അതിന് അവരെ ക്രൂരമായി പീഡിപ്പിക്കുന്നതിന് പകരം തെറ്റിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുന്ന തരത്തില്‍ ശാസിച്ച് നേര്‍വഴിയിലേക്ക് കൊണ്ടുവരുമ്പോഴാണ് പാരന്റിങ് വിജയമാകുന്നത്.

കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രമാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. അമ്മ പൊള്ളലേല്‍പ്പിച്ച അഞ്ചുവയസ്സുകാരനെ അയൽക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയായിരുന്നു അത്. കുട്ടിയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നു. അതില്‍ കാലപ്പഴക്കമുള്ള മുറിവുകളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയപ്പോഴാണ് ക്രൂരതയുടെ ആഴം മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. അമ്മയോ അച്ഛനോ തല്ലിയെന്നും ശരീരം മുറിഞ്ഞുവെന്നും ഒരു കുട്ടി പരാതി പറഞ്ഞാല്‍, കാലങ്ങളായി അവരോട് മറ്റുള്ളവര്‍ പറയുന്ന ആശ്വാസവാചകമിതാണ്, അമ്മയും അച്ഛനുമല്ലേ തല്ലിയത്, നന്നാകാന്‍ വേണ്ടിയാണ്.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു തൊടുപുഴയിലെ അഞ്ചു വയസ്സുകാരന്റെ മരണം. രണ്ടാനച്ഛനാല്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് തലച്ചോറിന് ക്ഷതമേറ്റായിരുന്നു ആ കുഞ്ഞു ജീവന്‍ ഇല്ലാതായത്. അവന്റെ കുഞ്ഞനുജന്‍ കിടക്കയില്‍ മൂത്രമൊഴിച്ചു, അത് തടയാനായില്ലെന്ന മഹാപാതകത്തിനുള്ള ശിക്ഷയായിരുന്നു അവന്‍ ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളായി അവന്‍ അനുഭവിച്ച കടുത്ത ശാരീരിക പീഡനത്തിന്റെ കഥ പുറംലോകമറിഞ്ഞത് അവന്റെ മരണത്തിലൂടെയായിരുന്നു. രണ്ടാനച്ഛന്‍ മാത്രമല്ല ഈ കഥയിലെ വില്ലന്‍, അവന്റെ പെറ്റമ്മയും. സ്വന്തം മക്കള്‍ അനുഭവിക്കുന്ന വേദനകളോട് അവര്‍ കാണിച്ച നിസ്സംഗതയും ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

തോമ കുത്തിയ പോലീസുകാരന്റെ മകൻ

ഉന്നതവിദ്യാഭ്യാസത്തിന് നാട്ടില്‍ നിന്ന് വളരെ ദൂരെ അഡ്മിഷന്‍ കിട്ടി, പിന്നീട് ജോലിയുടെ ഭാഗമായി വിദേശത്ത് പോയ മനുവാണ് (യഥാര്‍ഥ പേരല്ല) ഇനി പറയാന്‍ പോകുന്ന സംഭവത്തിലെ ഇര. മാതാപിതാക്കളുടെ അടിച്ചമര്‍ത്തുന്ന സ്‌നേഹത്തില്‍ നിന്ന് പുറത്തിറങ്ങി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയാണ് ഇയാളിപ്പോള്‍. സ്‌കൂള്‍ കാലം മുതല്‍ തന്നെ സൈക്കിള്‍ ചവിട്ടാനോ വാഹനങ്ങള്‍ ഓടിക്കാനോ താല്‍പര്യമില്ലാത്ത കുട്ടിയായിരുന്നു മനു. അതുകൊണ്ടു തന്നെ അവന് ചുറ്റുമുണ്ടായിരുന്ന ആണ്‍കൂട്ടങ്ങളില്‍ നിന്ന് അവന്‍ വളരെ വ്യത്യസ്തനായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ അവന്‍ ശരാശരിയില്‍ മുകളിലായിരുന്നു. എന്നാല്‍ അവന്റെ മാതാപിതാക്കള്‍ക്ക് വേണ്ടത് ഒന്നാം റാങ്ക് മാത്രമായിരുന്നു. അതിനായി അവനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടേയിരുന്നു.

അപ്പുറത്തെ വീട്ടിലെ ഒന്നാം റാങ്കുകാരന്‍ എന്നും അവന്റെ ജീവിതത്തിലെ വില്ലനായിരുന്നു (സ്ഫടികത്തിലെ തോമയുടെ സ്‌കൂളിലെ വില്ലനായിരുന്ന പോലീസുകാരന്റെ മകനെപ്പോലെ). ഞങ്ങള്‍ ജീവിക്കുന്നത് നിനക്ക് വേണ്ടിയാണ്, പഠിക്കാന്‍ എന്തെല്ലാം സൗകര്യങ്ങളാണ് നിനക്ക് ചെയ്തു നല്‍കുന്നത്? നിനക്ക് അവനെ കണ്ടു പഠിച്ചാലെന്താ, നിന്നെ ഒന്നിനും കൊള്ളില്ല, നിനക്ക് അവനെപ്പോലെ സൈക്കിളില്‍ സ്‌കൂളില്‍ പോയാലെന്താ... തുടങ്ങിയ ശാപവാക്കുകള്‍ ബാല്യകാലം മുതല്‍ അവന്‍ കേട്ടുതഴമ്പിച്ചിരുന്നു. പഠനത്തോട് കടുത്ത വിരക്തിയായി, മാതാപിതാക്കളില്‍ നിന്ന് ഓടിപ്പോകാന്‍ അവന്‍ കൊതിച്ചു, ആത്മഹത്യയെക്കുറിച്ചും അവന്‍ ചിന്തിച്ചു. പത്താം ക്ലാസിന് ശേഷം ഐ.ഐ.ടിയിലേക്ക് മാതാപിതാക്കളുടെ നോട്ടം വീണു. കോച്ചിങ്ങിനായി പ്രമുഖ സെന്ററില്‍ അവനെ കൊണ്ടാക്കി. അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാന്‍ അവന്‍ പരമാവധി പരിശ്രമിച്ചു. പ്ലസ്ടു വിദ്യാഭ്യാസത്തിനൊടുവില്‍ JEE പരീക്ഷ പാസായെങ്കിലും അവന് ഐ.ഐ.ടി കടമ്പ കടക്കാനായില്ല. എന്നിരുന്നാലും ഇന്ത്യയിലെ താരതമ്യേന ഭേദപ്പെട്ട ഒരു സ്ഥാപനത്തില്‍ എന്‍ജീനീയറിങിന് അവന്‍ സീറ്റു നേടി. മാതാപിതാക്കളില്‍ നിന്ന് പരമാവധി ദൂരെ പോയി. ഒടുവില്‍ വിദേശത്ത് ജോലിയ്ക്ക് ശ്രമിച്ചു. അതില്‍ വിജയിച്ചു. സ്ഥടികത്തിലെ ആടുതോമയെപ്പോലെ ഒരു റൗഡിയായില്ല. അല്ലെങ്കില്‍ പാതിവഴിയില്‍ ഒരു ചാണ്‍ കയറില്‍ തൂങ്ങി പത്രമാധ്യങ്ങളില്‍ ആഘോഷിക്കപ്പെടാനോ അവന്‍ നിന്നു കൊടുത്തില്ല. മനുവിന്റെ പേര് ഇന്ന് ജീവിത വിജയം നേടിയവരുടെ പട്ടികയിലാണ്. പക്ഷേ മനു കടന്നുപോയതിന് സമാനമായ അനുഭവങ്ങളില്‍ തളര്‍ന്ന് പാതിവഴിയില്‍ ജീവിതത്തിന് പൂര്‍ണവിരാമമിട്ട ജീവനുകള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.

ചോദ്യം ഇങ്ങോട്ടു വേണ്ട, കേട്ടല്ലോ..

ഇല്ലസ്ട്രേഷൻ: വി.ബാലു

ലോകത്ത് അടിമത്തം നിരോധിച്ചിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ ഇപ്പോഴും അടിമ-ഉടമ സമ്പ്രദായം നിലനില്‍ക്കുന്നു. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ അടിമത്ത മനോഭാവം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലേതോ?

നിന്നെ ജനിപ്പിച്ചത് ഞങ്ങളാണ്, ഞങ്ങള്‍ പറയുന്നത് നീ കേള്‍ക്കണം. ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാം. ഒരു അഞ്ച് വയസ്സുള്ള കുട്ടിയോടാണ് ഇത് പറയുന്നത് എന്ന് കരുതൂ. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തു ചെയ്യും. ഞാന്‍ പറയുന്നത് മാത്രം അനുസരിക്കുക, കളിക്കരുത്, എപ്പോഴും പഠിക്കണം, കൂട്ടുകെട്ടുകള്‍ വേണ്ട, ഞാന്‍ പറയുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ 'മധുര'ച്ചൂരല്‍ കഷായം നല്‍കും.

മുതിര്‍ന്നവരെ ചോദ്യം ചെയ്യുന്നത് ഗുരുത്വമില്ലായ്മയാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. അമ്മയോ അച്ഛനോ തെറ്റു ചെയ്താല്‍ അതെക്കുറിച്ച് ചോദ്യം ചെയ്താല്‍ അടിച്ചമര്‍ത്താന്‍ എല്ലാ വഴികളും അവര്‍ ഉപയോഗിക്കും. ഞാന്‍ വളര്‍ത്തുന്ന കുട്ടി, ഞാന്‍ പറയുന്ന വഴിയിലൂടെ തന്നെ നടക്കണം. ഞാന്‍ ജനിച്ച മതത്തില്‍ തന്നെ വിശ്വസിക്കണം. അത് ചോദ്യം ചെയ്യാനേ പാടില്ല. പ്രാര്‍ഥിക്കാന്‍ വിസമ്മതിച്ചാല്‍ അറഞ്ചം പുറഞ്ചം തല്ലാം. ചോദിക്കാന്‍ ആരും വരികയില്ല എന്ന ധൈര്യവും അവര്‍ക്കുണ്ട്.

മുംബൈയില്‍ ജീവിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയാണ് ഈ കഥയിലെ നായിക. ബാല്യകാലം മുതല്‍ മാതാപിതാക്കള്‍ രൂക്ഷമായ വഴക്കിന് അവള്‍ സാക്ഷിയായിരുന്നു. അമ്മയുടെയും അമ്മൂമ്മയുടെയും പൂര്‍ണനിയന്ത്രണത്തിലായിരുന്നു അവളുടെ ജീവിതം. കുട്ടിക്കാലം മുതല്‍ അവളെ സിനിമ കാണുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോകാനോ അവളെ അനുവദിച്ചിരുന്നില്ല. മുംബൈ നഗരത്തിലെ അവളുടെ സമപ്രായക്കാരെല്ലാം വഴിപിഴച്ചവരാണ് എന്നാണ് അമ്മ അതിന് ന്യായമായി നിരത്തിയത്. കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിലാണ് അവള്‍ ജീവിതത്തില്‍ ആദ്യമായി ശബ്ദം ഉയര്‍ത്തി സംസാരിച്ചത്. അതിന്റെ പേരില്‍ അവളെ ക്രൂരമായി മര്‍ദിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. വിദ്യാഭ്യാസം എങ്ങനെയോ പൂര്‍ത്തിയാക്കിയ അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അതിന്റെ പേരില്‍ അന്നുമുതല്‍ അവളെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് അവളുടെ കുടുംബം.

പീഡനത്തിന് ഇരയായി നൂറ് കോടി കുട്ടികൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2-4 വരെയുള്ള പ്രായത്തിനിടയില്‍ നൂറ് കോടി കുട്ടികളാണ് മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേയോ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് (അതില്‍ ലൈംഗികാതിക്രമങ്ങളും ഉള്‍പ്പെടുന്നു). ഭയം, ആത്മവിശ്വസമില്ലായ്മ, പരസ്പര വിശ്വാസമില്ലായ്മ, പരിക്കുകള്‍ (ഗുരുതരമോ അല്ലാത്തതോ), മാനസിക പ്രശ്നങ്ങള്‍ (ഗുരുതരമോ അല്ലാത്തതോ), പെരുമാറ്റ വൈകല്യങ്ങള്‍ (ഗുരുതരമോ അല്ലാത്തതോ) തുടങ്ങി കുട്ടികളുടെ മരണം വരെ സംഭവിക്കുന്ന പ്രത്യാഘാതങ്ങളിലേക്കാണ് പീഡനങ്ങള്‍ വഴിവെയ്ക്കുന്നത്. മോശം പാരന്റിങ് വഴി കുട്ടികള്‍ സമൂഹ്യവിരുദ്ധരാകാനും അനുതാപം തുടങ്ങിയ വികാരങ്ങള്‍ ഇല്ലാത്തവരാകാനും സാധ്യതയുണ്ട്.

എന്തുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നു

ലഹരി ഉപയോഗം, വരുമാനമില്ലായ്മ, ദാരിദ്ര്യം, തൊഴിലില്ലായ്മ, സ്വന്തം ലൈംഗികത എന്തെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരുമ്പോഴുണ്ടാകുന്ന ആശയകുഴപ്പങ്ങള്‍, മാനസികപ്രശ്നങ്ങള്‍, കൗമാര-ബാല്യ കാലത്ത് നടക്കുന്ന വിവാഹങ്ങള്‍, വിദ്യഭ്യാസം-ജോലി നിഷേധിക്കുന്ന സാഹചര്യത്തില്‍ ഉടലെടുക്കുന്ന അമര്‍ഷം (പ്രത്യേകിച്ച് സ്ത്രീകളില്‍), പങ്കാളിയോട് തോന്നുന്ന വൈരാഗ്യം, പങ്കാളിയില്‍ നിന്ന് നേരിടുന്ന പീഡനങ്ങള്‍, സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയെല്ലാം വിഷലിപ്തമായ പാരന്റിങ്ങിന് വഴിവയ്ക്കാന്‍ സാധ്യതയുള്ള കാരണങ്ങളായി തീരുന്നു.

തലമുറകളിലേക്ക് ഈ വിഷം പടരുമ്പോള്‍

വിഷലിപ്തമായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന ഒരാള്‍ ഭാവിയില്‍ സ്വന്തം മക്കളെ അതേ സാഹചര്യത്തിലൂടെ വളര്‍ത്തുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമായി ഉണ്ടെന്നും ഇല്ലെന്നും പറയാം. മാതാപിതാക്കളില്‍ നിന്ന് താന്‍ അനുഭവിച്ചത് സ്വാഭാവികമല്ലെന്നും ഒരു കുട്ടിയും അത്തരം അവസ്ഥയിലൂടെ കടന്നുപോകരുതെന്ന് തിരിച്ചറിയുന്നവര്‍ നല്ല മാതാപിതാക്കളാകാന്‍ ശ്രമിക്കും. എന്നാല്‍ മാതാപിതാക്കളായാല്‍ ഇങ്ങനെയായിരിക്കും, അവര്‍ക്ക് കുട്ടികളുടെ മേല്‍ എല്ലാ തരത്തിലുമുള്ള അധികാരമുണ്ടെന്ന് ചിന്തിക്കുന്നവരാണെങ്കില്‍ ഇത് ഒരു സൈക്കിള്‍ പോലെ തുടരും. തലമുറയില്‍ നിന്ന് തലമുറകളിലേക്ക് ആ വിഷം പകര്‍ന്നുകൊണ്ടിരിക്കും.

മാതാപിതാക്കള്‍ കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് വിവാഹമോചിതരാകാതെ ഇരിക്കരുത്. ഇഷ്ടമില്ലാത്ത ദാമ്പത്യത്തില്‍ തളച്ചിടുമ്പോള്‍ ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അത് കണ്ട് വളരുന്ന കുട്ടിയുടെ മാനസികനില എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? രാവിലെ മുതല്‍ രാത്രി വരെ പരസ്പരം കലഹിക്കുകയും ശാരിരികമായി കയ്യേറ്റം ചെയ്യുകയും കാണുന്നത് സാക്ഷിയാകേണ്ടി വരുന്ന കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് മാതാപിതാക്കളെന്ന നിലയില്‍ കൊടുക്കാന്‍ സാധിക്കുക. വേര്‍പിരിയലുകള്‍ കുട്ടികളില്‍ തുടക്കത്തില്‍ വിഷമുണ്ടാക്കിയേക്കാം. എന്നാല്‍ അമ്മയും അച്ഛനും കൂട്ടുത്തരവാദിത്തത്തോടെ രണ്ടിടത്തിരുന്നാണെങ്കിലും ഭാവിജീവിതത്തില്‍ ഒപ്പമുണ്ടെന്ന സാഹചര്യമുണ്ടായാല്‍ ഈ ചെറിയ സങ്കടങ്ങള്‍ക്ക് എന്നെന്നേക്കുമായി മാഞ്ഞുപോകും.

മടിയിൽ കൊണ്ടുനടക്കുന്ന അടക്കാമരം

ഇല്ലസ്ട്രേഷൻ: വി.ബാലു

ജീവിതത്തിന്റെ നിയന്ത്രണം ചില മാതാപിതാക്കള്‍ മക്കള്‍ക്ക് വിട്ടു നല്‍കുകയേ ഇല്ല. മക്കളെ കയറില്‍ കെട്ടി അതിന്റെ ഒരറ്റം സ്വന്തം അരയില്‍ കെട്ടിയിടും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ഒരിക്കലും ഈ കൂട്ടര്‍ മക്കളെ അനുവദിക്കില്ല. വിവാഹത്തിന് വിസമ്മതിക്കുന്ന കുട്ടികളെ കടപ്പാടിന്റെ പേര് പറഞ്ഞ് അതിലേക്ക് തള്ളിവിടും. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പ്രസവിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും കണക്കുകള്‍ നിരത്തും. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും. സമസ്താപരാധം പറഞ്ഞ് കുട്ടികള്‍ കീഴടങ്ങുന്നത് വരെ അവരത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ ഭീഷണികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ.

അമ്മയുടെ ആത്മഹത്യഭീഷണിക്ക് മുന്നില്‍ വഴങ്ങി പതിനേഴാം വയസ്സില്‍ വിവാഹം കഴിക്കേണ്ടി വന്ന ഒരു സ്ത്രീ പങ്കുവച്ച അനുഭവമാണിത്. സ്‌കൂളില്‍ പോയി വൈകീട്ട് വീട്ടിലെത്തിയ അവളോട് ഉമ്മറത്തിരിക്കുന്ന ഒരു മാന്യവ്യക്തിയ്ക്ക് ചായ കൊടുക്കാന്‍ ആവശ്യപ്പെട്ടു. അമ്മ പറയുന്നത് യഥാവിധി അനുസരിച്ചു. രാത്രിയാണ് അതൊരു പെണ്ണുകാണലാണെന്ന് അവള്‍ തിരിച്ചറിഞ്ഞത്. പഠിക്കണമെന്നും ജോലി നേടണമെന്നും ഇപ്പോള്‍ വിവാഹം കഴിപ്പിക്കരുതെന്നും അവള്‍ അമ്മയോട് കെഞ്ചി. എന്നാല്‍ അവരത് പാടെ അവഗണിച്ചു. വിവാഹനിശ്ചയത്തിന് രണ്ടു ദിവസം മുന്‍പ് അവള്‍ വീടു വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ആ ശ്രമം കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് അവള്‍ ബന്ധുക്കള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ചാണ്‍ കയറുമായി അമ്മ മുറിയില്‍ കയറി വാതിലടച്ചു. അമ്മയെ അനുനയിപ്പിക്കാന്‍ വേണ്ടി ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചു. ഇന്ന് ഈ പെണ്‍കുട്ടിയ്ക്ക് വയസ്സ് 34, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു. മൂന്ന് കുട്ടികളുടെ അമ്മയാണ്. വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്തതിനാല്‍ ഒരു നല്ല ജോലിയ്ക്ക് വേണ്ടി അവള്‍ക്ക് ഒരുപാട് അലയേണ്ടി വന്നു. ഇതെല്ലാം നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ് വാശിക്കാരിയായ ആ അമ്മ. തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മയാണെന്ന് അവള്‍ക്ക് തുറന്ന് പറയണമെന്നുണ്ട്. എന്നാല്‍ ജനിപ്പിച്ചവളാണെന്ന വിധേയത്വവും കടപ്പാടും അവളെ പിറകോട്ട് പിടിച്ചു വലിക്കുന്നു.

പേടിയുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പരിഹസിക്കും, വാതില്‍ കുറ്റിയിടരുത്

ഇല്ലസ്ട്രേഷൻ: വി.ബാലു

പന്ത്രണ്ടു വയസ്സുള്ള ഒരാണ്‍കുട്ടി, രാത്രി ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ ഭയമാണ്. പ്രായം ഇത്രയും ആയതിനാല്‍ മാതാപിതാക്കള്‍ അവനെ മാറ്റിക്കിടത്തുന്നു. ഒരു ദിവസം രാത്രി ദുഃസ്വപ്നം കണ്ട് അവന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് ഓടി വരുന്നു. അവനെ അതിന്റെ പേരില്‍ കണക്കറ്റ് ശകാരിക്കുന്നു. നീയൊരു ആണ്‍കുട്ടിയല്ലേ, പേടിത്തൊണ്ടന്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ മറ്റൊരു വഴിക്ക് നടക്കുന്നു. പിറ്റേ ദിവസം കുടുംബത്തിലെ ഒരംഗത്തിന്റെ കല്യാണത്തിന് പോകുന്നു. മാതാപിതാക്കള്‍ അവന്റെ പേടിയെക്കുറിച്ച് ബന്ധുക്കളോട് തമാശ പറയുന്നു. ഒടുവില്‍ എല്ലാവരും ചുറ്റിലും വട്ടം കൂടി നിന്ന് അവനെ കണക്കറ്റ് പരിഹസിക്കുന്നു. അവന്റെ സ്വകാര്യതയ്ക്കും ആത്മാഭിമാനത്തിനും മുറിവേല്‍ക്കാന്‍ ഇതില്‍പ്പരം എന്തു കാരണമാണ് വേണ്ടത്.

കുട്ടികളുടെ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കുന്ന മാതാപിതാക്കളെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഒരു പ്രായം വരെ അത്തരം കാര്യങ്ങളില്‍ മാതാപിതാക്കളുടെ മേല്‍നോട്ടം ആവശ്യമായി വരും. കുട്ടികള്‍ക്ക് യാതൊരു തരത്തിലുമുള്ള സ്വകാര്യതയും അനുവദിച്ച് നല്‍കാതെ മുതിര്‍ന്നാലും എല്ലാ കാര്യങ്ങളിലും ഇടപെടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് ഇവിടുത്തെ താരങ്ങള്‍. ഭര്‍ത്താവിനൊപ്പം മുറിയില്‍ കിടക്കുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ പോലും അനുവദിക്കാത്ത മാതാപിതാക്കളുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ വിവാഹമോചനത്തിലെത്തിയ സംഭവങ്ങള്‍ നമ്മുടെ കേരളത്തിലുണ്ടായിട്ടുണ്ട്.

പൊതുമധ്യത്തില്‍ കുട്ടികളെ തല്ലുക, ചീത്തവിളിക്കുക, അലറിവിളിക്കുക, ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കുക, എന്തിന് പറയുന്നു സ്വന്തം ജീവിതത്തിലെ എല്ലാ പരാജയവും കുട്ടികള്‍ക്ക് മേല്‍ വച്ചുകെട്ടി ആത്മസംതൃപ്തി അനുഭവിക്കുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്. തങ്ങള്‍ തൊഴിലിടത്തോ കുടുംബത്തിലോ അപമാനിക്കപ്പെട്ടാല്‍ അതിന്റെ എല്ലാ ദേഷ്യവും അവര്‍ സ്വന്തം കുഞ്ഞുങ്ങളോട് തീര്‍ക്കുന്നു. പവര്‍ പൊളിറ്റിക്‌സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അവര്‍ തങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന ബോധ്യത്തില്‍ നിന്നുണ്ടാകുന്ന ധാര്‍ഷ്ട്യം.

ഇത്രയും സങ്കീർണമോ പാരന്റിങ്?

അതെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്‌ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ, സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സീമ ഉത്തമന്‍ .

എന്തുകൊണ്ടാണ് പാരന്റിങ്ങിലെ പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ മനസ്സിലാകാതെ പോകുന്നത്?

കുട്ടികളെ വളത്തിവലുതാക്കുന്ന പ്രോസസ് മനുഷ്യരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ്. മറ്റു ജീവജാലങ്ങളെല്ലാം ഒരു ഘട്ടം വരുമ്പോള്‍ കുട്ടികളെ സ്വതന്ത്രരാക്കും. മനുഷ്യര്‍ മാത്രമാണ് ദീര്‍ഘനാളില്‍ സംരക്ഷണം നല്‍കുന്നത്. കുട്ടികള്‍ എത്ര പ്രായത്തില്‍ വളര്‍ന്നാലും ചെറിയ കുട്ടികളാണ്. ഒരു കുട്ടിയുണ്ടാകുന്നതിന് മുന്‍പ് മാതാപിതാക്കള്‍ക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. എന്നാല്‍ പലരും അവരുടെ കുട്ടികളെ അവര്‍ക്ക് സാധിക്കാതിരുന്ന സ്വപ്നങ്ങള്‍ നിറവേറാനുള്ളവരായാണ് കാണുന്നത്. ചില വ്യക്തികളെങ്കിലും കുട്ടികള്‍ വലുതാകുന്ന മുറയ്ക്ക് അവരെ സ്വതന്ത്രവ്യക്തികളായി കണക്കാക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും അത് സാധിക്കാറില്ല. കുട്ടികള്‍ ഒരു പ്രായം പിന്നിടുമ്പോള്‍ പരസ്പര ബഹുമാനവും പിന്തുണയും നല്‍കി നില്‍ക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കുന്നില്ല. അതെല്ലാം വലിയ പ്രശ്‌നങ്ങളായി സംഭവിക്കാറുണ്ട്.

മറ്റുള്ളവരുമായുള്ള താരതമ്യം കുട്ടികളെ മാനസികമായി എത്രത്തോളം ബാധിക്കും?

പ്രൊഫസര്‍ സീമ ഉത്തമന്‍

എനിക്ക് ഡോക്ടറാകാനായിരുന്നു ആഗ്രഹം. എനിക്ക് സാധിച്ചില്ല. അതുകൊണ്ട് എന്റെ മകളോ മകനോ അങ്ങിനെയാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. കുട്ടിയ്ക്ക് മാതാപിതാക്കളുടെ മുഖഛായയുണ്ടായിരിക്കാം ചില സ്വഭാവസവിശേഷതകളുമുണ്ടായിരിക്കാം. പക്ഷേ അവര്‍ മറ്റൊരു വ്യക്തിയാണ്, അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഏറെ വ്യത്യസ്തമായിരിക്കും. ഒരേ വിട്ടില്‍ ഒരേ മാതാപിതാക്കള്‍ വളര്‍ത്തുന്ന കുട്ടികള്‍ വ്യത്യസ്തരല്ലേ. എന്തിന് വളരെ ഐഡന്റിലിറ്റിലിക്കലായ ഇരട്ടകുട്ടില്‍ പോലും ഈ വ്യത്യസ്തത കാണാന്‍ സാധിക്കും. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നുവെങ്കിലും വൈകാരികമായി പ്രതികരിക്കുന്ന അവസ്ഥയില്‍ മാതാപിതാക്കള്‍ എത്താറുണ്ട്. ഞങ്ങള്‍ സാധാരണക്കാരായ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍, അവരോട് കൈവിരലുകള്‍ ഉദാഹരണമായി കാണിച്ചു കൊടുക്കാറുണ്ട്. അഞ്ചു വിരലുകളും ഒരു ശരീരത്തിന്റെ ഭാഗമാണെങ്കിലും എല്ലാം വ്യത്യസ്തമായിരിക്കും. അതുപോലെയാണ് ഓരോ വ്യക്തിയും. എല്ലാവര്‍ക്കും കഴിവുകളും കുറവുകളുമുണ്ട്. ഒരു കുട്ടി വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുകയാണെങ്കിലും അവര്‍ക്ക് മറ്റു കഴിവുകള്‍ ഉണ്ടായിരിക്കും. അത് തിരിച്ചറിഞ്ഞ് പ്രോത്സാഹിച്ചാല്‍ മാത്രമേ കുട്ടികള്‍ മികച്ച വ്യക്തികളായി തീരൂ. അല്ലാതെ നീ നിന്റെ സഹോദരിയേ നോക്കൂ, അവള്‍ അങ്ങനെ അല്ലല്ലോ, അപ്പുറത്തെ വീട്ടിലെ കുട്ടി നിന്നെപ്പോലെ അല്ല, മിടുക്കനാണ്, എന്നൊക്കെ പറഞ്ഞാല്‍, കുട്ടികളെ സംബന്ധിച്ച് ഈ താരതമ്യം വലിയ സുഖകരമായ കാര്യമില്ല. സ്‌കൂളില്‍ പോയി വന്ന കുട്ടിയോട് പരീക്ഷയുടെ മാര്‍ക്ക് ചോദിക്കുമ്പോള്‍ അന്‍പതില്‍ നാല്‍പത്തിയെട്ടെന്ന് പറഞ്ഞാല്‍ നിന്റെ കൂടെ പഠിക്കുന്നയാള്‍ക്ക് എത്രയാണെന്ന് ചോദിക്കുമ്പോള്‍ 49 എന്ന് പറഞ്ഞാല്‍ അപ്പോള്‍ അടുത്ത ചോദ്യം ഇങ്ങനെയായിരിക്കും. അതെന്താ അങ്ങനെ? അവനേക്കാള്‍
കൂടുതല്‍ നന്നായി ഞങ്ങള്‍ നിന്നെ പഠിപ്പിക്കുന്നുണ്ട്, നിനക്ക് അവനേക്കാള്‍ സൗകര്യമുണ്ട്, ട്യൂഷനുണ്ട്. മാര്‍ക്ക് വാങ്ങുന്നതും പഠിക്കുന്നതുമെല്ലാം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതെല്ലാം പഠിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാനും പരീക്ഷയെ അഭിമുഖീകരിക്കാനുമുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും. അനാരോഗ്യപരമായ ഇത്തരം താരതമ്യങ്ങള്‍ ഒഴിവാക്കുക. അവരില്‍ അമിതപ്രതീക്ഷ വയ്ക്കരുത്. അമിത പ്രതീക്ഷയും സമ്മര്‍ദവും കുട്ടികളില്‍ മോശമായ സ്വാധീനം ചെലുത്തും. തത്ഫലമായി പെട്ടന്ന് ദേഷ്യം വരിക, അനുസരിക്കാതിരിക്കുക, ക്രമേണ വിഷാദത്തിലേക്ക് പോകുക ഇതിനെല്ലാം സാധ്യതയുണ്ട്.

സ്വന്തം പരാജയങ്ങളിലുള്ള അമര്‍ഷം കുട്ടികള്‍ക്ക് മേല്‍ തീര്‍ക്കുന്ന പ്രവണതകളുണ്ടല്ലോ, അതിന് ഇരയാകുന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?

രാവിലെ വീട്ടിലുണ്ടാകുന്ന സംഭവങ്ങളുടെ ഫലമായുണ്ടാകുന്ന മാനസിക നിലയിലായിരിക്കാം നമ്മുടെ ഓരോ ദിവസം തുടങ്ങുന്നത്, പ്രത്യേകിച്ച് തൊഴിലിടങ്ങളില്‍. സന്തോഷമാണെങ്കില്‍ അങ്ങനെ. അതല്ല എന്തെങ്കിലും വഴക്കാണെങ്കില്‍ മോശം അവസ്ഥയായിരിക്കും. ഈ മൂഡില്‍ പോയി ജോലി ചെയ്യുമ്പോള്‍ ചിലപ്പോള്‍ മേലധികാരിയോ മറ്റോ എന്തെങ്കിലും വഴക്കു പറയുകയോ ചെയ്താല്‍ വീണ്ടും സമ്മര്‍ദം വര്‍ധിക്കും. ഒടുവില്‍ രക്ഷിതാക്കള്‍ വീട്ടിലെത്തുമ്പോള്‍ അവരുടെ ദേഷ്യവും സമ്മര്‍ദവുമെല്ലാം തീര്‍ക്കുന്നത് കുട്ടികളുടെ മേലായിരിക്കും. എനിക്ക് എന്റെ മേലധികാരിയെ വഴക്ക് പറയാനാകില്ല, അതിനാല്‍ എന്നേക്കാള്‍ ശക്തി കുറഞ്ഞ, എന്നെ തിരിച്ചു തല്ലില്ലെന്ന് ഉറപ്പുള്ള, എന്നെ ആശ്രയിച്ച് ജീവിക്കുന്ന കുട്ടികളോട് ഈ ദേഷ്യം തീര്‍ക്കാം എന്ന മനോഭാവം. അതിന്റെ പേരില്‍ കുട്ടിയെ തല്ലുക, വഴക്കു പറയുക. കുട്ടി അറിയുന്നില്ല താന്‍ എന്ത് അപരാധം ചെയ്തിട്ടാണ് ഈ ശിക്ഷ ഏറ്റുവാങ്ങുന്നതെന്ന്.

പാരന്റിങ്ങിലെ സ്ഥിരതയില്ലായ്മ ഇല്ലായ്മ മറ്റൊരു പ്രശ്നമാണ്. അതായത് പരസ്പരവിരുദ്ധമായ രീതിയില്‍ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി. അതായത് ഒരു കുട്ടി അമ്മയോട് ഒരു ആവശ്യം പറയുമ്പോള്‍ അമ്മ സമ്മതിക്കാതെ ഇരിക്കുന്നു, അച്ഛന്‍ പറയുന്നു, അതിനെന്താ ഞാനാണ് ഈ വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് പറയുമ്പോള്‍ കുട്ടി ആശയക്കുഴപ്പത്തിലാകുന്നു. ആരെയാണ് വിശ്വസിക്കേണ്ടത് ആര് പറഞ്ഞതാണ് കേള്‍ക്കേണ്ടത് എന്ന് ചോയ്സ് കുട്ടിയില്‍ നിക്ഷിപ്തമാകുന്നു. മാതാപിതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ സംസാരിച്ച് സമവായത്തിലെത്തിയിട്ടു വേണം കുട്ടിയുടെ ആവശ്യം പരിഗണിക്കാന്‍. അച്ഛനും അമ്മയും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ നടക്കുന്ന കുടുംബങ്ങളില്‍ ഈ വിരുദ്ധാഭിപ്രായങ്ങള്‍ കുട്ടികളെ ശ്വാസംമുട്ടിക്കും.

സ്വന്തം സ്വപ്‌നങ്ങള്‍ മാതാപിതാക്കള്‍ മക്കളിലൂടെ സഫലമാക്കാന്‍ ശ്രമിക്കുന്നു, ഇത് നിഷ്‌കളങ്കമാണെന്ന് തോന്നുമെങ്കിലും കുട്ടികള്‍ അതിന് വഴങ്ങിയില്ലെങ്കില്‍ അത് വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുകയില്ലേ?

ഒരു പതിനാല് വയസ്സുള്ള ആണ്‍കുട്ടിയുടെ ഒരു കേസ് കൈകാര്യം ചെയ്ത അനുഭവം പറയാം. ഈ കുട്ടി പഠനത്തില്‍ വലിയ കുഴപ്പമൊന്നുമില്ല. മാതാപിതാക്കള്‍ ഇരുവരും അല്‍പ്പം പ്രായമുള്ളവരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്. സമൂഹികമായി ഉയര്‍ന്ന കുടുംബത്തില്‍ നിന്നാണ്. ഈ കുട്ടിയെ കൊണ്ടുവന്നത് പഠനത്തില്‍ ഉഴപ്പുന്നു, അനുസരണക്കേട് കാണിക്കുന്നു, വഴക്കുണ്ടാക്കുന്നു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ്. നമ്മള്‍ കുട്ടിയെ വിളിച്ച് സംസാരിച്ചപ്പോള്‍ അവന് ഏറ്റവും താല്‍പര്യമുള്ള കാര്യം കേട്ടപ്പോള്‍ അതിശയം തോന്നി. അവന് കെട്ടിടം പെയിന്റിങ് ജോലികളിലാണ് താല്‍പര്യം. അവന്‍ വെറുതെ പറയുന്നതല്ല, ഈ ചെറിയ പ്രായത്തിനുള്ളില്‍ അവന് കഴിയാവുന്ന റിസോഴ്‌സില്‍ നിന്നെല്ലാം അതെക്കുറിച്ച് ശാസ്ത്രീയമായ അവബോധം അവനുണ്ടാക്കിയിരിക്കുന്നു. അവന്റെ ഹോബിയും വിദ്യാഭ്യാസവും ഒരുപോലെ കൊണ്ടുപോകുന്നു. അവനോട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, എനിക്ക് ഈ ജോലി പ്രൊഫഷന്‍ ആക്കണം എന്നൊന്നും പറയില്ല, ഇതെന്റെ പാഷനാണ്. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഞാന്‍ ചെയ്യുന്നത് എന്നാണ്. ഈ കുട്ടി സ്വന്തം വീട്ടിലും അടുത്ത വിടുകളിലും ആവശ്യപ്പെടുന്ന എല്ലാ വീടുകളിലും പോയി പെയിന്റ് ചെയ്യാനും മടിയില്ല. ശാസ്ത്രീയമായ രീതികള്‍ വശമുള്ളതിനാല്‍ അവനോട് പ്രായഭേദമന്യേ പലരും വന്ന് ടിപ്പുകൾ ചോദിക്കുന്നു. രക്ഷിതാക്കളുടെ ആവശ്യം ഇവന്റെ ജോലി നിര്‍ത്തണമെന്നാണ്. അവര്‍ കാരണം പറയുന്നത്, ഞങ്ങള്‍ സമൂഹത്തില്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്, ഞങ്ങളുടെ മകന്‍ ഈ ജോലി ചെയ്യരുതെന്നാണ്. പെയിന്റ് പണിയില്‍ നിന്ന് രക്ഷിതാക്കള്‍ വിലക്കിയപ്പോള്‍ അവന്‍ പഠിത്തത്തില്‍ നിന്ന് ഉഴപ്പാനും അനുസരണക്കേട് കാണിക്കാനും തുടങ്ങിയത്. ഇതില്‍ നിന്ന് മനസ്സിലാകേണ്ട കാര്യം കുട്ടികള്‍ക്ക് ഇഷ്ടമുള്ള നല്ല ഹോബികള്‍ തുടരാന്‍ അവരെ അനുവദിക്കുക. പഠിപ്പുവേണ്ടെന്നല്ല ഇവിടെ പറയുന്നത്, സ്‌കൂളില്‍ പോകുമ്പോള്‍ പഠനവും ഒഴിവു സമയങ്ങളില്‍ അവര്‍ പ്രൊഡക്ടീവായി ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. അതില്‍ ഒരിക്കലും ദുരഭിമാനം മാതാപിതാക്കള്‍ കാണിക്കരുത്. അങ്ങനെ ചെയ്താല്‍ കുട്ടികള്‍ അനുസരണക്കേടും വാശിയും കാണിക്കും. തല്‍ഫലമായി പഠനത്തില്‍ ഉഴപ്പു സംഭവിക്കും. ഈ കുടുംബത്തെ ഞങ്ങള്‍ ഇതെല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ ഒരിക്കലും ഫോളോ അപ്പിന് വന്നില്ല. കാരണം അവര്‍ ആഗ്രഹിച്ചത് അവനെ ഞങ്ങള്‍ പറഞ്ഞ് പിന്‍മാറ്റുമെന്നായിരുന്നുവെന്ന് തോന്നുന്നു.

ബ്രോ ഡാഡിയും മമ്മി ആൻഡ് മീയും

'ഞങ്ങള്‍ ഒരു കുഞ്ഞിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നു, എന്നിട്ട് നിങ്ങള്‍ പ്രസവിക്കുന്നില്ല എന്ന് അഹങ്കാരം പറയുന്നുവോ,' ഈ ചോദ്യം സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും പലരും ചോദിച്ചു കേള്‍ക്കാറുണ്ട്. അവരോട് പറയാനുള്ളത്, മറ്റൊരാള്‍ പ്രസവിച്ചാല്‍ നിങ്ങള്‍ക്ക് കുഞ്ഞില്ലാത്തതിന്റെ ദുഃഖം തീരുകയില്ല. നന്നായി വളര്‍ത്തുവാന്‍ സാധിക്കില്ലെന്ന് തോന്നിയത് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാ ആയിരിക്കാം കുഞ്ഞുവേണ്ടെന്ന് ഒരാള്‍ തീരുമാനിച്ചത്. അത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്.

സാധാരണയായി എപ്പോഴാണ് ഒരു കുഞ്ഞുണ്ടാകുന്നത്. തങ്ങളുടെ തലമുറ നിലനില്‍ക്കാനും തങ്ങളെ സ്‌നേഹിക്കാനും തങ്ങള്‍ക്ക് സ്‌നേഹിക്കാനും ഒരാള്‍ കൂടി കുടുംബത്തിലേക്ക് വേണമെന്ന ആഗ്രഹത്തിന് പുറത്താണ് ഓരോ ജനനവും നടക്കുന്നത്. നിങ്ങളുടെ സന്തോഷത്തിന് വേണ്ടി നിങ്ങള്‍ ഭൂമിയിലേക്ക് ഒരാളെ കൊണ്ടുവന്നാല്‍ അതെങ്ങനെയാണ് ഒരു വലിയ ത്യാഗമായി മാറുന്നത്. അതെക്കുറിച്ച് എങ്ങിനെയാണ് കണക്കുപറയാന്‍ സാധിക്കുന്നത്?.

ശാരീരികമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഒരു കുഞ്ഞുണ്ടാകാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ ആ കുഞ്ഞിനെ നന്നായി വളര്‍ത്തി നല്ല പൗരന്‍മാരായി വാര്‍ത്തെടുക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. അവിടെയാണ് പാരന്റിങ് വിജയിക്കുന്നത്. കുട്ടികള്‍ തെറ്റുചെയ്യുമ്പോള്‍ അവരെ കണക്കില്ലാതെ തല്ലുകയും ശകാരിക്കുകയും ചെയ്യുന്നതിന് പകരം ആ തെറ്റിന്റെ ആഴവും പ്രത്യാഘാതവും മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. എല്ലാവര്‍ക്കും കുട്ടികള്‍ ഉണ്ടാകുന്നു, എന്നാല്‍ നമുക്കും പ്രസവിക്കാം, എന്ന സാമൂഹ്യബോധമാകരുത് കുട്ടികളുടെ ജനനത്തിന് കാരണമാകേണ്ടത്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ആരോഗ്യകരമായ കുടുംബാന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

ഇല്ലസ്ട്രേഷൻ: വി.ബാലു

ഇന്നത്തെ കാലത്ത് കൂട്ടുകുടുംബങ്ങള്‍ വിരളമാണ്. ഒരു കുട്ടി വളരുന്നതിന്റെ ഉത്തരവാദിത്തം മുഴുവന്‍ മാതാപിതാക്കളുടെ ചുമലില്‍ തന്നെയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും നിശ്ചിത സമയം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ ശ്രമിക്കണം. അവരുടെ ആശങ്കകളും വിഷമങ്ങളും സംശയങ്ങളും സന്തോഷവുമെല്ലാം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുക. ഈ രീതി കുട്ടിക്കാലം മുതലേ ശീലമായാല്‍ എത്ര മുതിര്‍ന്നാലും വൈകാരികമായ അടുപ്പം നഷ്ടപ്പെടുകയില്ല. ഒരു വീട്ടില്‍ ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ രണ്ടുപേരെയും തുല്യമായി കാണുകയും പരിഗണിക്കുകയും ചെയ്യുക. ഒരാളെ അഭിനന്ദിക്കാന്‍ മറ്റൊരാളെ താറടിച്ചു കാണിക്കുന്ന പ്രവണത വിദ്വേഷവും അസൂയയും വളര്‍ത്തും. മറ്റൊരു വീട്ടിലെ കുട്ടിയുമായി തങ്ങളുടെ മക്കളെ താരതമ്യം ചെയ്യുന്നതും സമാനമായ പ്രത്യാഘാതങ്ങളിലേക്ക് തന്നെയാണ് നയിക്കുക. സ്‌നേഹം ഉള്ളിലുണ്ടെങ്കിലും അത് തുറന്ന് പ്രകടിപ്പിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതോരുത്തരുടെയും സ്വഭാവ സവിശേഷതയെ ആശ്രയിച്ചിരിക്കും. സ്വന്തം കുട്ടികളെ പരസ്യമായി സ്‌നേഹിക്കാനും ലാളിക്കാനും ശ്രമിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്. ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നതല്ല സ്‌നേഹം എന്നു മാതാപിതാക്കള്‍ തിരിച്ചറിയുക. നിങ്ങളുടെ ശ്രദ്ധയും പരിഗണനയുമാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. നിങ്ങളുടെ കരിയറിലോ ദാമ്പത്യബന്ധത്തിലോ സംഭവിക്കുന്ന പരാജയങ്ങളും പ്രശ്‌നങ്ങളും ഒരിക്കലും കുഞ്ഞുങ്ങളുടെ മേല്‍ പഴിചാരാതെയിരിക്കുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയാണെങ്കില്‍ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുകയില്ല. താന്‍ എത്ര കഷ്ടപ്പെട്ടാലും പട്ടിണി കിടന്നാലും സ്വന്തം മക്കള്‍ ആവശ്യപ്പെടുന്നതെല്ലാം അവരുടെ വാശിക്കനുസരിച്ച് നല്‍കുന്ന മാതാപിതാക്കളുണ്ട്. അതൊരിക്കലും നല്ല പ്രവണതയല്ല, നിങ്ങളുടെ കഷ്ടപ്പാടുകള്‍ അവരുമായി പങ്കുവയ്ക്കുന്നതിലും അവര്‍ മനസ്സിലാക്കുന്നതിലും ദുരഭിമാനം വിചാരിക്കേണ്ടതില്ല.

തന്നോളം പോന്ന മക്കളെ താന്‍ എന്ന് വിളിക്കണമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. കൗമാരപ്രായത്തിലെത്തുന്ന മക്കളെ സ്വന്തം സുഹൃത്തുക്കളെ പോലെ കാണണമെന്നതായിരിക്കാം ഈ ചൊല്ലിന്റെ വ്യാഖ്യാനം. സൗഹൃദം പങ്കിടുന്ന അവസ്ഥയില്‍ ജീവിതത്തില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അവര്‍ ആദ്യം ഓടി വരുന്നത് നിങ്ങള്‍ക്കരികില്‍ ആയിരിക്കും. അതാണ് നിങ്ങളുടെ പാരന്റിങ്ങിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീണ് ആത്മഹത്യ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ വാര്‍ത്തകള്‍ ഇന്നത്തെ കാലത്ത് നിത്യസംഭവമാണ്. തനിക്ക് സംഭവിച്ച അബദ്ധം മാതാപിതാക്കളോട് തുറന്ന് പറഞ്ഞ് നിയമപോരാട്ടത്തിന് ഇറങ്ങാന്‍ സാധിക്കുന്നവര്‍ വിരളമാണ്. പലപ്പോഴും ഇത് സാധിക്കാത്തത് വീട്ടില്‍ സൗഹൃദാന്തരീക്ഷം ഇല്ലാത്തതുകൊണ്ടായിരിക്കാം. ആ തെറ്റ് തുറന്ന് പറയുന്ന സമയത്ത് ബഹളം വയ്ക്കാതെ, കുറ്റപ്പെടുത്താതെ, ഭയപ്പെടുത്താതെ അതിനെ മറികടക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കാന്‍ മാതാപിതാക്കള്‍ സജ്ജരായിരിക്കണം.

Content Highlights: Toxic Parenting, Manipulation, Controlling, Mental Health Of Children, child abuse in world


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented