എം.വി ഗംഗാവിലാസ്
51 ദിവസം, അഞ്ച് സംസ്ഥാനങ്ങള്‍ 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍. 3200 കിലോമീറ്റര്‍ വരുന്ന നദീജല യാത്ര. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ക്രൂയിസ് യാത്രയുമായി ഇന്ത്യയുടെ അഭിമാന ടൂറിസം പദ്ധതി. വിനോദസഞ്ചാരികള്‍ക്ക് പുതിയ യാത്രാനുഭവങ്ങള്‍ പകരുന്ന ഗംഗാവിലാസ് ക്രൂയിസ് യാത്രയ്ക്ക് തുടക്കമായി.
ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന രാജ്യങ്ങളില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ. ജി.ഡി.പിയുടെ 9.2 ശതമാനം സംഭാവന ചെയ്യുന്ന ടൂറിസം മേഖല കോവിഡേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറാനുള്ള പ്രയത്നത്തിലുമാണ്. ടൂറിസം മേഖലയിലെ കൂടുതല്‍ ചലനാത്മകമായ സാധ്യതകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി നദീജല ക്രൂയിസ് ടൂറിസത്തിന്റെ പുത്തന്‍ ഏടുകള്‍ മറിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
62 മീറ്റര്‍ നീളമുള്ള യാനമാണ് എം.വി ഗംഗാവിലാസ്. 12 മീറ്റര്‍ വിസ്താരവുമുള്ള യാനത്തില്‍ മൂന്നു ഡെക്കുകളുണ്ട്. 18 സ്യൂട്ടുകള്‍. അത്യാധുനിക ആഡംബര നൗകയായ എം.വി ഗംഗാവിലാസ് നീറ്റിലിറങ്ങുമ്പോള്‍ ഇന്ത്യയില്‍ ക്രൂയിസ് ടൂറിസം പുതിയ മാനങ്ങള്‍ തീര്‍ത്തേക്കാം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെ ഗംഗാവിലാസ് യാത്ര തുടങ്ങി. വാരണസിയില്‍ നിന്നും ദിബ്രുഗഡിലേക്കുള്ള 3200 കിലോമീറ്റര്‍ നീളുന്ന ഗംഗാവിലാസിന്റെ യാത്രയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്.

62 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള കപ്പലിലെ 18 സ്വൂട്ടുകളിലായി 36 യാത്രക്കാരെ ഉള്‍കൊള്ളിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും അഞ്ചു സംസ്ഥാനങ്ങളിലായുള്ള 27 നദികളിലൂടെയാണ് ഗംഗാവിലാസിന്റെ പര്യടനം. വാരണസിയില്‍ നിന്നും അസമിലെ ദിബ്രുഗഡിലേക്കുള്ള ആദ്യ യാത്രയില്‍ സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളാകും ഗംഗാവിലാസിലൂടെ ഇന്ത്യയെ തൊട്ടറിയുക.
51 ദിവസത്തെ നദീയാത്രയില്‍ പൈതൃക കേന്ദ്രങ്ങള്‍, ദേശീയോദ്യാനങ്ങള്‍, നദീതടങ്ങള്‍ എന്നിവയുള്‍പ്പടെ അമ്പതോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കു ലഭിക്കുന്നത്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ജ്, കൊല്‍ക്കത്ത, ബംഗ്ലദേശ് തലസ്ഥാനമായ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ ഗംഗാവിലാസ് കടന്നു പോകും. വാരണസിയിലെ പ്രസിദ്ധമായ ഗംഗാ ആരതി കാണാന്‍ സര്‍നാഥിലും ക്രൂസ് നിര്‍ത്തും. താന്ത്രിക കലകള്‍ക്ക് പേരു കേട്ട മയോങ്ങ്, അസമിലെ ഏറ്റവും വലിപ്പമേറിയ നദീദ്വീപും വൈഷ്ണവ സംസ്കാരത്തിന്റെ ആസ്ഥാനവുമായ മജൂലി എന്നിവയും ഗംഗാവിലാസ് സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ജൈവവൈവിധ്യം പരിചയപ്പെടുത്താന്‍ ദേശീയോദ്യാനമായ കസിരംഗയിലും സുന്ദര്‍ബന്‍ ഡെല്‍റ്റയിലും ക്രൂയിസിന് സ്റ്റോപ്പുണ്ട്.

അങ്ങനെ ഇന്ത്യയുടെ വിശാലമായ പൈതൃകവും ജൈവവൈവിധ്യവും അന്താരാഷ്ട്ര സഞ്ചാരികളിലൂടെ ആഗോളതലത്തിലേക്കെത്തിക്കുകയാകും ഗംഗാവിലാസിന്റെ ലക്ഷ്യം. വിദേശ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യ തിരഞ്ഞെടുക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങള്‍ തേടിയാണ്. അതുകൊണ്ടു തന്നെ സാംസ്കാരിക പൈതൃകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ഗംഗാവിലാസിന്റെ യാത്ര കൂടുതല്‍ വിദേശസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കും.

കപ്പലിലേക്കാവശ്യമായ ജലം നദിയില്‍ നിന്നു ശേഖരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി കപ്പലില്‍ ആര്.ഓ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഇത്തരത്തില്‍ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാം. കപ്പല്‍ നിര്‍ത്തുന്ന നഗരങ്ങള്‍ സഞ്ചാരികളെ ചുറ്റിക്കാണിക്കാനായി ഇലക്ട്രിക് റിക്ഷകളാകും ഉപയോഗിക്കുക. ഇതുവഴി വായു മലീനികരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനോടൊപ്പം തന്നെ പ്രദേശവാസികളായ സാധാരണക്കാര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മാര്‍ഗവും കൂടിയാകും തുറക്കുക.

ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കാനായി ഹോസ്പിറ്റല്‍ ഗ്രേഡ് സൈലന്‍സറുകളാണ് ഗംഗാവിലാസില്‍ ഉപയോഗിക്കുന്നത്. എന്‍ജിനില്‍ നിന്നും പുറപ്പെടുന്ന ശബ്ദം പരമാവധി കുറയ്ക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും. കൂടാതെ കപ്പലില്‍ നിന്നും രാസവസ്തുക്കളടങ്ങിയ മലിനജലം നദികളില്‍ പതിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി എണ്ണയും വെള്ളവും വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഓയില്‍ - വാട്ടര്‍ സെപ്പെറേറ്റര് മെഷീനുകളും ഗംഗാവിലാസിലുണ്ട്. കപ്പലിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് മുമ്പായി ശുദ്ധീകരിക്കുന്നതിനുള്ള മാലിന്യ പ്ലാന്റുകളും ഈ ആഡംബര നൗകയില്‍ ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്കി പ്രകൃതി സൗഹാര്‍ദ്ദമായ യാത്രയാണ് ഗംഗാവിലാസ് ഉറപ്പാക്കുന്നത്. ജനുവരി 12 വെള്ളിയാഴ്ച തുടങ്ങുന്ന ആദ്യ യാത്ര അവസാനിക്കുന്നത് മാര്‍ച്ച് ഒന്നിനായിരിക്കും. ഗംഗ, ഹൂഗ്ലീ, ബ്രഹ്മപുത്ര, പദ്മ, യമുന, മേഘ്ന, വെസ്റ്റ് കോസ്റ്റ് കനാല്‍ തുടങ്ങിയ 27 നദികളാണ് ഗംഗാവിലാസിന്റെ സഞ്ചാരപഥം. ഇരുപത്തിയയ്യായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഗംഗാവിലാസിന്റെ പ്രതിദിന ടിക്കറ്റ് നിരക്ക്. യാത്ര മുഴുവനാക്കാന്‍ ഏതാണ്ട് 20 ലക്ഷം രൂപയോളം ചെലവു വരും. ഗംഗാവിലാസ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ആഡംബര ക്രൂയിസ് നിര്‍മ്മാതാക്കളായ അന്റാര ലക്ഷ്വറി ക്രൂയിസിന്റെ വെബ്സൈറ്റില്‍ നിന്നും യാത്രാ ടിക്കറ്റ് ബുക്കു ചെയ്യാം.

ആഗോളതലത്തില്‍ നദീജല ക്രൂയിസിന്റെ വിപണിവിഹിതം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരികയാണ്. 2027ഓടെ ആഗോള വിനോദസഞ്ചാരവിപണിയില്‍ ക്രൂയിസിന്റെ വിഹിതം 37 ശതമാനമായി ഉയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. ഗംഗാവിലാസിന്റെ വരവ് ഇന്ത്യയുടെ ക്രൂയിസ് ടൂറിസത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കോവിഡാനാന്തര കാലത്തില്‍ ഇന്ത്യയിലെ ടൂറിസത്തിന് നദീജല വിനോദ സഞ്ചാരം ശക്തി കൂട്ടും. കൂടാതെ ബംഗ്ലാദേശുമായുള്ള വാണിജ്യ ബന്ധത്തിന്റെ ആക്കം കൂട്ടാനും ബംഗ്ലദേശുമായുള്ള ബന്ധത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കാനും ഗംഗാവിലാസിലൂടെയാകും.
നിലവില്‍ ഇന്ത്യയില്‍ കൊല്‍ക്കത്തയ്ക്കും വാരണസിയ്ക്കുമിടയിലായി എട്ടു ക്രൂയിസുകള്‍ ഓടുന്നുണ്ട്. 2022ല്‍ കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കീഴില്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ക്രൂയിസ് കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. ഇന്ത്യയെ ക്രൂയിസ് ഹബാക്കി മാറ്റുക. നദീ ജല ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന അജണ്ട. അതു തന്നെയാണ് എം.വി ഗംഗാവിലാസ് എന്ന അത്യാധുനിക ആഡംബക നൗക ലക്ഷ്യമിടുന്നതും.
Content Highlights: mv gangavilas worlds longest river water cruise ship all you need to know, tourism in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..