ദലൈലാമ | Photo: UNI PHOTO
വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ ഗ്രാമത്തിലെ കര്‍ഷക ദമ്പതിമാരുടെ വീട്ടിലേക്ക് ഒരു ദിവസം മാത്രം താമസിക്കാന്‍ അനുമതി തേടിയാണ് ലാസയില്‍നിന്ന് ആ സംഘം എത്തിയത്. പക്ഷേ, ഒരു ദിവസം താമസിച്ച് മടങ്ങിപ്പോവുകയായിരുന്നില്ല അവരുടെ ലക്ഷ്യം. കുടുംബത്തിലെ മൂന്ന് വയസ് മാത്രമുള്ള ഇളയ കുട്ടി ദലൈലാമയുടെ പുനര്‍ജന്മമാണോ എന്ന് ഉറപ്പിക്കുകയായിരുന്നു ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍നിന്ന് എത്തിയ ആ അന്വേഷണ സംഘം ലക്ഷ്യമിട്ടത്. പരിചാരകന്റെ വേഷമിട്ട സംഘത്തലവനെ മൂന്ന് വയസുകാരന്‍ പേരെടുത്ത് വിളിച്ചത് അവരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. അന്ന് മടങ്ങിയ സംഘം പിന്നീട് തിരിച്ചെത്തിയത് ദലൈലാമയുടെ ഏതാനും സ്വകാര്യവസ്തുക്കളുമായാണ്. അവ സമാനരീതിയിലുള്ള മറ്റു വസ്തുക്കളുമായി ഇടകലര്‍ത്തി ആ കുട്ടിയുടെ മുന്നില്‍വെച്ചു. 'ഇതെന്റേതാണ്, ഇതെന്റേതാണ്' ദലൈലാമയുടെ വസ്തുക്കള്‍ ഓരോന്നും എടുക്കുമ്പോള്‍ അവന്‍ പറഞ്ഞു. കുട്ടി ദലൈലാമയുടെ പുനര്‍ജന്മം തന്നെയാണെന്ന് അന്വേഷകസംഘം തീര്‍ച്ചപ്പെടുത്തി. അവനെ അവര്‍ അടുത്തുള്ള ബുദ്ധവിഹാരത്തിലെത്തിച്ചു. മൂന്ന് മാസത്തിനുശേഷം ലാസയിലെ പൊട്ടാല കൊട്ടാരത്തിലും. പിന്നാലെ അടുത്ത ദലൈലാമയായി ആ കുട്ടിയുടെ സ്ഥാനാരോഹണം നടന്നു. ആ കുട്ടിയാണ് പതിനാലാമത്തെ ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ.
ചൈനീസ് അധിനിവേശവും ഇന്ത്യയിലേക്കുള്ള പലായനവും പ്രവാസജീവിതവും വിവാദങ്ങളുമെല്ലാം ഇഴചേർന്ന് സംഭവബഹുലമായിരുന്നു ദലൈലാമയുടെ ജീവിതം. ആശിര്‍വാദം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോയാണ് ദലൈലാമയെ ഇപ്പോൾ വീണ്ടും വലിയ വിവാദത്തിൽ കൊണ്ടെത്തിച്ചത്. കുട്ടിയുടെ ചുണ്ടുകളില്‍ ദലൈലാമ ചുംബിക്കുന്നതും പിന്നീട് നാവില്‍ നക്കാന്‍ ആവശ്യപ്പെടുന്നതുമായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദലൈലാമ നടത്തിയത് ബാലപീഡനമാണെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
പൊതുമധ്യത്തിലായാല്‍പ്പോലും തന്നെ കാണാനെത്തുന്നവരെ നിഷ്‌കളങ്കമായി കളിയാക്കുന്ന ദലൈലാമയുടെ സഹജമായ പെരുമാറ്റം മാത്രമായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. സംഭവത്തിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ തന്റെ പ്രവൃത്തിയാല്‍ വേദനിച്ച കുട്ടിയോടും കുടുംബത്തോടും ലോകത്തോടും അദ്ദേഹം മാപ്പ് പറഞ്ഞു. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയനേതാവായി എട്ടു വയസ്സുകാരനായ മംഗോളിയന്‍ ബാലനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദലൈലാമ വിവാദത്തില്‍ അകപ്പെടുന്നത്. ആത്മീയ നേതാവിന്റെ വലിയ പിഴ ടിബറ്റൻ ജനതയെയും അവരുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തെയും വിശ്വാസത്തെയുമെല്ലാം എങ്ങനെ ബാധിക്കുമന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കര്‍ഷക കുടുംബത്തില്‍ ജനനം
വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ കര്‍ഷക ദമ്പതിമാരുടെ മകനായി 1935 ജൂലായ് ആറിനാണ് പതിനാലാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ (Tenzin Gyatso) ജനിച്ചത്. ലാമോ തോണ്ടുപ് (Lhamo Thondup) എന്നാണ് കുട്ടിയെ വീട്ടുകാര്‍ വിളിച്ചത്. 'ആഗ്രഹം നിറവേറ്റുന്ന ദൈവം' എന്നായിരുന്നു ആ പേരിന്റെ അര്‍ത്ഥം. ബാര്‍ലിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തും കുതിരയെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ചെറുകിട കര്‍ഷകരായിരുന്നു ലാമോയുടെ മാതാപിതാക്കള്‍. അവര്‍ക്ക് 16 കുട്ടികള്‍ പിറന്നുവെങ്കിലും അതില്‍ ബാല്യം പിന്നിട്ടത് ഏഴ് പേര്‍ മാത്രമായിരുന്നു. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരുമാണ് ലാമോയ്ക്ക് ഉണ്ടായിരുന്നത്. മൂത്ത സഹോദരി സെറിങ് ഡോള്‍മ ലാമോയെക്കാള്‍ പതിനെട്ട് വയസ്സ് മൂത്തതായിരുന്നു. ലാമോയുടെ ജനനസമയത്ത് മാതാവിനൊപ്പമുണ്ടായിരുന്നതും പ്രസവശുശ്രൂഷ നടത്തിയും മൂത്ത സഹോദരിയായിരുന്നു. മൂത്ത സഹോദരന്‍ തുപ്ടെന്‍ ജിഗ്മ നോര്‍ബു ഉയര്‍ന്ന പദവിയിലുള്ള ലാമയുടെ പുനര്‍ജന്മമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏറ്റവും ഇളയ സഹോദരന്‍ ടെന്‍സിന്‍ ചിയോഗ്യാലും മറ്റൊരു ഉന്നത ലാമയുടെ പുനര്‍ജന്മമായും അംഗീകരിക്കപ്പെട്ടു.
ചെറുപ്പത്തില്‍ ഒരു സാധാരണ കുട്ടി എന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും പ്രത്യേകത ലാമോ തോണ്ടുപ്പിനുണ്ടാകുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ഒരു കുടുംബത്തില്‍ ഒന്നിലധികം പുനര്‍ജന്മങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചിന്തിച്ചിരുന്നില്ല. ലാമോയുടെ ജനനത്തെത്തുടര്‍ന്ന് പിതാവിനുണ്ടായിരുന്ന ഗുരുതരമായ രോഗം ഭേദമായത് ശുഭസൂചനയായിരുന്നുവെങ്കിലും ആ കുടുംബം അത് വലിയ പ്രാധാന്യമുള്ള കാര്യമായി എടുത്തിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രത്തില്‍ ടിബറ്റന്‍ ഭരണകൂടം പറയുന്നത്. ചെറുപ്പകാലത്തേക്കുറിച്ച് വളരെ അവ്യക്തമായ ഓര്‍മകള്‍ മാത്രമാണ് ദലൈലാമയും പില്‍ക്കാലത്ത് പങ്കുവെച്ചിട്ടുള്ളത്. അതിലൊന്ന് മറ്റ് കുട്ടികളുമായി കളിക്കുന്നതും ചെറുപ്പത്തില്‍ മാതാവിനൊപ്പമുള്ള ചില നിമിഷങ്ങളുമാണ്.
.jpg?$p=d607ec7&&q=0.8)
ദലൈലാമയെ കണ്ടെത്തുന്നു
1933 ഡിസംബര്‍ 13-നാണ് പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്സോ അന്തരിക്കുന്നത്. ലാമോ തോണ്ടുപ്പിന് മൂന്ന് വയസുള്ളപ്പോഴാണ് ദലൈലാമയുടെ പുനരവതാരത്തെ കണ്ടെത്താന്‍ ടിബറ്റന്‍ സര്‍ക്കാര്‍ അയച്ച അന്വേഷണ സംഘം കുംബും ബുദ്ധവിഹാരത്തില്‍ എത്തുന്നത്. ഏതാനും അടയാളങ്ങളാണ് അവരെ അവിടെ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. അമ്പത്തിയേഴാം വയസില്‍ അന്തരിച്ച പതിമൂന്നാമത്തെ ദലൈലാമ തുപ്റ്റെന്‍ ഗ്യാറ്റ്സോയുടെ എംബാം ചെയ്ത ശരീരവുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. പിന്നാലെ റീജന്റായ ഒരു മുതിര്‍ന്ന ലാമയ്ക്ക് ഒരു ദര്‍ശനം ഉണ്ടായി. തെക്കന്‍ ടിബറ്റിലെ ലമോ ലാറ്റ്‌സോ എന്ന പുണ്യതടാകത്തിലെ വെള്ളത്തില്‍ ടിബറ്റന്‍ അക്ഷരങ്ങളായ Ah, Ka, Ma എന്നിവ അദ്ദേഹം കണ്ടതായാണ് പറയപ്പെടുന്നത്. സ്വര്‍ണനിറമുള്ള മേല്‍ക്കൂരയുള്ള മൂന്ന് നിലകളുള്ള ഒരു ആശ്രമവും അവിടെനിന്ന് ഒരു കുന്നിലേക്കുള്ള പാതയുമുണ്ടായിരുന്നു. അവസാനം ഒരു ചെറിയ വീട് അദ്ദേഹം കണ്ടു. അഹ് എന്ന അക്ഷരം വടക്കുകിഴക്കന്‍ പ്രവിശ്യയായ അമാദോയെ പരാമര്‍ശിക്കുന്നതാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. കാ എന്നത് കുംബും ബുദ്ധവിഹാരേേത്തായും. അതിനാലാണ് തിരച്ചില്‍ സംഘത്തെ അവിടേയ്ക്ക് അയച്ചത്.
'കുംബുമിലെത്തിയ അന്വേഷണസംഘം തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇതിനിടെ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കുന്നിന്‍ ചെരുവിലുണ്ടായിരുന്ന വീട് കണ്ടെത്താനായിരുന്നു ശ്രമം. അതിനായി അവര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ തിരച്ചില്‍ തുടങ്ങി. ലാമോ തോണ്ടുപ്പിനിന്റെ വീടിന്റെ മേല്‍ക്കൂര കണ്ടപ്പോള്‍ പുതിയ ദലൈലാമ വിദൂരത്തായിരിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പിച്ചുവെന്നാണ് ദലൈലാമയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ പറയുന്നത്. വീട്ടിലെത്തിയ സംഘം സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്താതെ രാത്രി തങ്ങാനുള്ള അനുവാദമാണ് ആവശ്യപ്പെട്ടത്. അവരുടെ നേതാവ് ക്യുത്സാങ് റിംപോച്ചെ പരിചാരകനെപ്പോലെ പെരുമാറുകയും കൂടുതല്‍ സമയം വീട്ടിലെ ഇളയ കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി അദ്ദേഹത്തെ തിരിച്ചറിയുകയും 'സേരാ ലാമ, സെരാ ലാമ' എന്ന് വിളിക്കുകയും ചെയ്തു. ക്യുത്സാങ് റിംപോച്ചെയുടെ ആശ്രമമായിരുന്നു സെറ', ജീവചരിത്രത്തില്‍ പറയുന്നു. ഗ്രാമത്തില്‍നിന്ന് മടങ്ങിയ സംഘം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിയെത്തി. ഇത്തവണ അവര്‍ പതിമൂന്നാം ദലൈലാമയുടെ നിരവധി സാധനങ്ങള്‍ കൊണ്ടുവന്നു. ഒപ്പം അതിന് സമാനമായ നിരവധി വസ്തുക്കളുമുണ്ടായിരുന്നു. ഇത് എന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് അവ കൃത്യമായി ബാലന്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ദൈലൈലാമയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയെന്ന് സംഘം ഉറപ്പിച്ചു.
.jpg?$p=c3fc77b&&q=0.8)
ടിബറ്റന്‍ നേതൃത്വത്തിലേക്ക്
ആ ആണ്‍കുട്ടി അധികം താമസിയാതെ പുതിയ ദലൈലാമയായി അംഗീകരിക്കപ്പെട്ടു. പിന്നാലെ ലാമോ തോണ്ടുപ്പിനെ കുംബുന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോയി. തന്റെ ജീവിതത്തിലെ ഒരു അസന്തുഷ്ടമായ കാലഘട്ടം ആരംഭിച്ചുവെന്നാണ് മാതാപിതാക്കളില്‍ നിന്നുള്ള വേര്‍പിരിയലിനെയും അപരിചിതമായ ചുറ്റുപാടുകളെയും പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം പില്‍ക്കാലത്ത് എഴുതിയത്. മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹം ലാസയില്‍ എത്തിയത്. 1940-ലെ ശൈത്യകാലത്താണ് ലാമോ തോണ്ടുപ്പ് പൊട്ടാല കൊട്ടാരത്തിലെത്തുന്നത്. അവിടെവെച്ച് അദ്ദേഹത്തെ ടിബറ്റിന്റെ ആത്മീയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോഖാങ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനേത്തുടര്‍ന്ന് തല മൊട്ടയടിച്ച് മെറൂണ്‍ നിറത്തിലുള്ള സന്യാസവസ്ത്രം ധരിപ്പിച്ചു. ഒപ്പം ലാമോ തോണ്ടുപ്പ് എന്ന് പേര് ഉപേക്ഷിക്കുകയും ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. പിന്നാലെ ടെന്‍സിന്‍ ഗ്യാറ്റ്‌സോ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ന്യായം, ടിബറ്റന്‍ സംസ്‌കാരം, സംസ്‌കൃതം, വൈദ്യം, ബൗദ്ധ തത്ത്വചിന്ത എന്നിവയും അദ്ദേഹം അഭ്യസിച്ചു.
ദലൈലാമ കൗമാരത്തിലേക്കെത്തിയപ്പോഴേക്കും കമ്യൂണിസ്റ്റ് ചൈന ടിബറ്റില്‍ അതിന്റെ കണ്ണ് പതിപ്പിച്ച് കഴിഞ്ഞിരുന്നു. ഫ്യൂഡലിസത്തിന്റെയും ലാമമാരുടെ പൗരോഹിത്യത്തിന്റെയും പിടിയില്‍നിന്ന് ടിബറ്റിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ചൈന പ്രഖ്യാപിച്ചത്. എന്നാല്‍, ടിബറ്റന്‍ സംസ്‌കാരത്തെ തകര്‍ത്ത് അവിടെ പിടിച്ചടക്കുക എന്നത് തന്നെയായിരുന്നു ചൈനയുടെ ലക്ഷ്യം. 1950-ലെ വേനല്‍ക്കാലത്ത് ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ പോസ്റ്റില്‍ റെയ്ഡ് നടത്തിയതായി ഖാമിലെ ഗവര്‍ണറില്‍നിന്ന് റീജന്റിന് ഒരു ടെലിഗ്രാം ലഭിച്ചു. തൊട്ടുമുമ്പുള്ള ശരത്കാലത്തും ചൈന ടിബറ്റന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറില്‍ 80,000-ത്തോളം വരുന്ന ചൈനീസ് സൈനികരുടെ ഒരു സംഘം ടിബറ്റന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. അധികം വൈകാതെ തന്നെ അവര്‍ ലാസ കീഴടക്കിയേക്കുമെന്ന ഭയം ഉയര്‍ന്നതോടെ ദലൈലാമയ്ക്ക് താല്ക്കാലിക അധികാരം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നു. കൂടിയാലോചനകള്‍ക്ക് ശേഷം ലാസയില്‍ പരിശീലനത്തിലായിരുന്ന ടെന്‍സിന്‍ ഗ്യാറ്റ്‌സോയെ പതിന്നാലാമത് ദലൈലാമ സ്ഥാനത്ത് അവരോധിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍, 1950 നവംബര്‍ 17-ന് ടിബറ്റിന്റെ താല്‍ക്കാലിക നേതാവായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു.
സംഘര്‍ഷങ്ങളുടെ കാലഘട്ടം
ചൈനീസ് അധിധിവേശം വര്‍ധിച്ചതിന് പിന്നാലെ സഹായത്തിനായി ടിബറ്റ് യു.എന്നിനെയും യു.എസ്.എ. മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളെയും സമീപിച്ചു. എന്നാല്‍, അവര്‍ക്ക് ഗുണകരമായ പ്രതികരണമൊന്നും ഉണ്ടായില്ല. പഴയ സുഹൃത്തുക്കളായ ബ്രിട്ടനില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള അകലം പാലിക്കല്‍ അവര്‍ക്കു തിരിച്ചടിയായിരുന്നു. നിവൃത്തിയില്ലാതെ കൗമാരം കടന്നിട്ടില്ലാത്ത ദലൈലാമ പീക്കിങ്ങില്‍ച്ചെന്ന് ചെയര്‍മാന്‍ മാവോ സേ തുങ്ങിനെ കണ്ടു. പരിഷ്‌കാരികളായ ഞങ്ങള്‍ നിങ്ങളെ നവീകരിക്കാന്‍ പോവുന്നുവെന്നാണ് അവസാന കൂടിക്കാഴ്ചയില്‍ ദലൈലാമയോട് മാവോ പറഞ്ഞത്. ഒടുവില്‍ ഗത്യന്തരമില്ലാതെ, 1951 മേയില്‍ ചൈനയുമായി പതിനേഴിന നിര്‍ദേശങ്ങളടങ്ങിയ കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അതോടെ, ടിബറ്റില്‍ സമാധാനാന്തരീക്ഷം നിലവില്‍വന്നു. 1955-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ദലൈലാമയെ നിയമിക്കുന്ന അവസ്ഥ വരെയുണ്ടായി.
കിഴക്കന്‍ മേഖലയിലെ ജനതയ്ക്കിടയില്‍ (ഖംപകള്‍) ഭൂമി കൂട്ടുടമസ്ഥതയില്‍ കൊണ്ടുവരാന്‍ ആരംഭിച്ചതോടെ 1956 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. ആ മേഖല ടിബറ്റിനു പുറത്തായി ചൈന കണക്കാക്കിയിരുന്നതിനാല്‍ ടിബറ്റിനു സമാനമായ പ്രത്യേകപദവി ഈ മേഖലയ്ക്ക് നല്‍കിയിരുന്നില്ല. ഖംപകള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഇത് ചൈനയ്ക്കെതിരായ ആദ്യ പ്രക്ഷോഭമായി വളര്‍ന്നു. ചൈനീസ് പട്ടാളം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാന്‍ ശ്രമമാരംഭിച്ചു. ഒപ്പം ടിബറ്റിന്റെ ഇതരപ്രദേശങ്ങളിലും സൈനിക വിന്യാസമുണ്ടായി. അവസാനം ലാസയും ചൈനീസ് പട്ടാളത്തിന്റെ വരുതിയിലായി. പ്രക്ഷോഭം കൂടുതല്‍ കുഴപ്പത്തിലേക്കു നീങ്ങിയതോടെ, ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്തേക്കുമെന്ന് ദലൈലാമയ്ക്കു മനസ്സിലായി. ഇതിനിടെ 'ഇന്നു രാത്രി നഗരം വിടണമെന്ന് കൊട്ടാരത്തില്‍നിന്ന് തന്നെ ദലൈലാമയ്ക്ക് നിര്‍ദേശം ലഭിച്ചു. ഒരു സാധാരണ സൈനികന്റെ വേഷം ധരിച്ച് അദ്ദേഹം രഹസ്യമായി അവിടെനിന്നു രക്ഷപ്പെട്ടു. ഇന്ത്യയുടെ മണ്ണിലേക്കായിരുന്നു ആ യാത്ര. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. രാജ്യം മുഴുവന്‍ അവര്‍ നിയന്ത്രണത്തിലാക്കി.
ദലൈലാമ ഇന്ത്യന്‍ മണ്ണില്‍
ലാസയില്‍നിന്ന് പുറപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ദലൈലാമയും സംഘവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തുന്നത്. ഒളിച്ചും പതുങ്ങിയും സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റിയാണ് സംഘം ഇന്ത്യയിലെത്തിയത്. 1959 മാര്‍ച്ച് 31-നാണ് അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. അന്ന് ഇരുപത്തിനാല് വയസായിരുന്നു അദ്ദേഹത്തിന് പ്രായം. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് തുടക്കത്തില്‍ ദലൈലാമയെയും സംഘത്തെയും സ്വീകരിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. ചൈനയെ പിണക്കാനുള്ള പേടി തന്നെയായിരുന്നു കാരണം. ഒടുവില്‍ പതിനെട്ടു ദിവസം നടന്നുവന്ന സംഘത്തെ ചൈനയെ പിണക്കിക്കൊണ്ട് തന്നെ നെഹ്രു ഇന്ത്യന്‍ മണ്ണിലേക്ക് സ്വീകരിച്ചു. മസൂറിയില്‍വെച്ച് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ടിബറ്റിന്റെ കാലാവസ്ഥയുമായി ഏകദേശ ഇണക്കമുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും അവര്‍ക്ക് ഭൂമി അനുവദിച്ചു. തങ്ങളുടേതായ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. മൂന്നു വര്‍ഷത്തിന് ശേഷം ചൈന ഇന്ത്യയെ ആക്രമിച്ചു.
.jpg?$p=ea79d92&&q=0.8)
ഇന്ത്യയിലെത്തിയ ടിബറ്റന്‍ സംഘം 1959 ഏപ്രില്‍ 29-ന് മസൂറിയില്‍ ആദ്യത്തെ പ്രവാസ സര്‍ക്കാര്‍ (Cetnral Tibetan Admintsiration) സ്ഥാപിച്ചു. പിന്നീടത് ധര്‍മശാലയിലെ മക്ലിയോന്‍ ഗഞ്ജിലേക്ക് മാറ്റി. ആ സര്‍ക്കാരിന് പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായി. ലെജിസ്ളേറ്റീവും എക്സിക്യുട്ടീവും ജുഡീഷ്യറിയുമുണ്ടായി. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. ഇന്ത്യയില്‍നിന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ ക്രൂരതകളും ഒരു ജനതയുടെ നിസ്സഹായതയും ലോകത്തിന് മുന്നിലെത്തിച്ചു. എല്ലാവരുടേയും പിന്തുണ തേടി. ടിബറ്റിനെ ചൈനീസ് അധിനിവേശത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇതിനിടയിലും ധര്‍മശാലയിലെ മഗ്ലിയോണ്‍ ഗഞ്ച് ടിബറ്റന്‍ പ്രവാസികളുടെ കേന്ദ്രമായി. എങ്കിലും 1959-ല്‍ ചൈനീസ് അധിനിവേശ ടിബറ്റിലെ നോര്‍ബുലിങ് കൊട്ടാരത്തില്‍നിന്ന് ദലൈലാമ രക്ഷപെട്ട് ഓടിയത് മുതല്‍ തുടങ്ങിയ ടിബറ്റന്‍ പ്രവാസികളുടെ അരക്ഷിതാവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. ചൈനയുടെ ക്രൂരമായ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പലായനംചെയ്ത ദലൈലാമ എണ്‍പത്തിയഞ്ചാം വയസ്സിലും ഇന്ത്യയില്‍ തുടരുകയാണ്. ഇനി ഒരു മടക്കം ഉണ്ടായേക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടു തന്നെ.
വിവാദങ്ങളില്‍ ദലൈലാമ
ദലൈലാമ വിവാദത്തിലാകുന്നത് ഇതാദ്യമായല്ല. 2015-ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവളാകണമെന്ന് പറഞ്ഞാണ് ആത്മീയ നേതാവ് പുലിവാല് പിടിച്ചത്. പുനര്‍ജന്മം ഒരു സ്ത്രീയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ വിവാദ മറുപടി. പിന്നാലെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താനും അദ്ദേഹം നിര്‍ബന്ധിതനായി. 2018-ല്‍ ബുദ്ധ സന്ന്യാസിമാരുടെ ലൈംഗിക ചൂഷണങ്ങള്‍ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയാണ് അദ്ദേഹം വിവാദത്തിലായത്. സന്ന്യാസിമാരില്‍ ചിലര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ച് തൊണ്ണൂറുകള്‍ മുതല്‍ തനിക്ക് അറിയാമായിരുന്നുവെന്നും ഇത് പുതിയ കാര്യമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ വര്‍ഷം തന്നെ ഗോവയില്‍ നടന്ന ഒരു പരിപാടിയില്‍ മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയാകാത്തതിന് കാരണം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വയം കേന്ദ്രീകൃത മനോഭാവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് ക്ഷമാപണം നടത്തി. 2019-ല്‍ സ്ത്രീ പിന്‍ഗാമിയെ സംബന്ധിച്ച ദലൈലാമയുടെ മറ്റൊരു പരാമര്‍ശവും വിവാദമായിരുന്നു.
ദലൈലാമയുടെ ഭാവിയെന്ത് ?
ദലൈലാമയുടെ പലായനത്തിന് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ടിബറ്റില്‍ വലിയ മാറ്റങ്ങളാണ് ചൈന കൊണ്ടുവന്നത്. ആരാധനാലയങ്ങളും ബുദ്ധവിഹാരങ്ങളും തകര്‍ക്കപ്പെട്ടു, പലരും തടവിലാക്കപ്പെട്ടു. ഇന്ത്യയുടെ സംരക്ഷണത്തില്‍ കഴിയുന്ന എണ്‍പത്തിയേഴു പിന്നിട്ട ഈ വൃദ്ധസന്ന്യാസിയെ ചൈന ഇപ്പോഴും വെറുക്കുകയും ചാരക്കണ്ണുകളോടെമാത്രം കാണുകയും ചെയ്യുന്നു എന്നതാണ് കൗതുകകരമായ കാര്യം. വിഘടനവാദിയായാണ് ചൈന അദ്ദേഹത്തെ കണക്കാക്കുന്നത്. ഇന്ത്യയോടുള്ള ചൈനയുടെ ശത്രുതയ്ക്ക് മുഖ്യകാരണവും അദ്ദേഹത്തിന് അഭയംനല്‍കി എന്നതാണ്. അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇന്നും ചൈനയുടെ ഭീഷണിയുണ്ട്. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങള്‍ക്ക് അടുത്തനിമിഷം തന്നെ ചൈനയുടെ ഭീഷണിക്കുറിപ്പ് ലഭിക്കുന്നു. അവരെ വ്യാപാരവും നയതന്ത്രവും പറഞ്ഞ് ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും അവര്‍ ശ്രമം തുടരുന്നു. ദലൈലാമയുടെ 'നീക്കങ്ങള്‍' നിരീക്ഷിക്കാന്‍ ഒരു സംഘത്തെത്തന്നെ ചൈന നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ചാരപ്രവര്‍ത്തനത്തില്‍ ഇന്ത്യയില്‍ നിന്നടക്കം ചൈനീസ് പൗരന്മാര്‍ പിടിയിലായിട്ടുമുണ്ട്.
.jpg?$p=bec7056&&q=0.8)
ഇതെല്ലാമാണെങ്കിലും ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നത് വലിയ ചോദ്യമാണ്. ടിബറ്റന്‍ വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. ഓരോ ദലൈലാമയും തൊട്ടുമുമ്പത്തെ ദലൈലാമയുടെ പുനര്‍ജന്മമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാം ചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്. ഇനി മുതല്‍ ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ നടത്തിക്കൊള്ളാമെന്നാണ് ചൈന പറയുന്നത്. പൊളിറ്റ്ബ്യൂറോ അംഗത്തെ തിരഞ്ഞെടുക്കുന്നതുപോലെ അവര്‍ക്കതൊരു രാഷ്ട്രീയപ്രക്രിയ മാത്രം. എന്നാല്‍ വിശ്വാസത്തില്‍ അടിയുറച്ച ടിബറ്റന്‍ ജനത അതൊരിക്കലും അംഗീകരിക്കില്ല. എന്നാല്‍ തനിക്കു ശേഷം ഒരു ദലൈലാമ ഉണ്ടാവില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ പഴയതുപോലെ കണ്ടെത്തി ദലൈലാമയായി വളര്‍ത്തിയെടുക്കുക അസാധ്യമാണെന്നും ദലൈലാമയും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അടുത്ത ദലൈലാമ ഒരുപക്ഷേ വനിതയായിരിക്കുമെന്നുമെല്ലാം ദലൈലാമ പലതരത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ യഥാര്‍ഥ അഭിപ്രായം തന്നെയാണോ അതോ ചൈനയെ കുഴപ്പിക്കാന്‍ പറഞ്ഞതാണോ എന്ന കാര്യത്തില്‍ അനുയായികള്‍ക്കു പോലും വ്യക്തതയില്ല. ഇക്കാര്യത്തിലൊന്നും അദ്ദേഹവും ഒരു വ്യക്തത വരുത്തിയിട്ടുമില്ല.
ചൈനീസ് വെല്ലുവിളികള്‍ മറികടന്നുകൊണ്ട് ടിബറ്റന്‍ ആചാരപ്രകാരം പഴയത് പോലെ ഒരു ദലൈലാമയുടെ സ്ഥാനാരോഹണമുണ്ടാകുമോ? പഴയതുപോലെ ഇതൊന്നും സുഖകരമായി നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മറ്റൊന്ന് അദ്ദേഹത്തിന്റേയും ടിബറ്റന്‍ ജനതയുടേയും ഇന്ത്യയിലെ ഭാവിയാണ്. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായപ്പോള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍തവണത്തേതുപോലെ പ്രവാസ സര്‍ക്കാര്‍ പ്രസിഡന്റ് ലോബാസാങ് സാങ്‌ഗേയെ ക്ഷണിച്ചില്ല. ദലൈലാമയുടെ പലായനത്തിന്റെ 60-ാം വര്‍ഷികപരിപാടികളും വേണ്ടെന്നു വെച്ചിരുന്നു. ദലൈലാമ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ചടങ്ങുകള്‍ ഒഴിവാക്കിയെങ്കില്‍ അദ്ദേഹത്തിനു ശേഷം എന്തായിരിക്കും ഇന്ത്യയുടെ നിലപാട് എന്ന കാര്യത്തില്‍ ടിബറ്റന്‍ സമൂഹത്തിന് വലിയ ആശങ്കയുണ്ട്.
അവലംബം
- https://centraltibetanreliefcommittee.net/about-us/about-his-holiness-the-dalai-lama
- https://www.dalailama.com/the-dalai-lama/biography-and-daily-life/brief-biography
Content Highlights: Tibetans in India struggle to see a future beyond an aging Dalai Lama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..