ഭൂമിയിലെ നരകമോ ഇത്? ലോകത്തെ ഞെട്ടിച്ച് എല്‍ സാല്‍വദോറിലെ മെഗാ ജയില്‍


By അശ്വതി അനില്‍ | aswathyanil@mpp.co.in

6 min read
Read later
Print
Share

നരകതുല്യമെന്ന് വിശേഷിപ്പിക്കാന്‍ മാത്രം എന്താണ് എല്‍ സാല്‍വദോറിലെ ജയിലില്‍ സംഭവിക്കുന്നത്? വിവാദങ്ങളുയര്‍ന്നതിന് പിന്നാലെ മെഗാ ജയിലിനെ കുറിച്ച് സര്‍ക്കാരും പ്രസിഡന്റ് നയിബ് ബുക്കെലെയും ലോകത്തോട് വിശദീകരിക്കുന്നത് എന്താണ്? 

എൽ സാൽവദോർ മെഗാ ജയിലിലെ തടവുകാരുടെ ദൃശ്യം | Photo: Reuters

യിരക്കണക്കിന് തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മെഗാ ജയില്‍, അകത്ത് ഇപ്പോഴുള്ളത് ആറായിരത്തോളം തടവുകാര്‍. എല്ലാ തടവുപുള്ളികളും കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളിലകപ്പെട്ട കൊടും കുറ്റവാളികള്‍. കൈയില്‍ വിലങ്ങണിഞ്ഞ് തലയിലും ശരീരത്തിലും പച്ചകുത്തിയ നിലയിലുള്ള തടവുകാരുടെ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചിരിക്കുന്നു. ഒന്ന് നിവര്‍ന്നുനില്‍ക്കാന്‍ പോലും സാധിക്കാതെ, ശരീരങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതുപോലെ തടവുകാര്‍. ഞെട്ടലുളവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എല്‍ സാല്‍വദോറിലെ മെഗാ പ്രിസണ്‍ ലോകശ്രദ്ധ നേടുകയാണ്. ആയിരക്കണക്കിന് തടവുപുള്ളികള്‍ ഇനിയും ഇവിടേക്ക് എത്താനുണ്ടെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും നരകതുല്യമായ ഇടം എന്നാണ് ചിത്രത്തിന് പലരും നല്‍കിയ പ്രതികരണങ്ങള്‍. നരകതുല്യമെന്ന് വിശേഷിപ്പിക്കാന്‍ മാത്രം എന്താണ് എല്‍ സാല്‍വദോറിലെ ജയിലില്‍ സംഭവിക്കുന്നത്? വിവാദങ്ങളുയര്‍ന്നതിന് പിന്നാലെ മെഗാ ജയിലിനെ കുറിച്ച് സര്‍ക്കാരും പ്രസിഡന്റ് നയിബ് ബുകെലെയും ലോകത്തോട് വിശദീകരിക്കുന്നത് എന്താണ്?

കൊലയും കൊള്ളയും പതിവായ എല്‍ സാല്‍വദോര്‍
65 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു കുഞ്ഞന്‍ രാജ്യമാണ് എല്‍ സാല്‍വദോര്‍. ഗ്യാങ് വാര്‍, ഗുണ്ടാ അഴിഞ്ഞാട്ടം തുടങ്ങിയവയ്ക്ക് എല്‍ സാല്‍വദോര്‍ പണ്ടേ കുപ്രസിദ്ധി ആര്‍ജിച്ചിരുന്നു. 1992-ല്‍ അവസാനിച്ച ആഭ്യന്തരയുദ്ധം അവശേഷിപ്പിച്ച സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരതയാണ് എല്‍ സാല്‍വദോറിനെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. കൊലപാതകം, കൊള്ളയടിക്കല്‍, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയവ രാജ്യത്ത് അനിയന്ത്രിതമായി അരങ്ങേറിക്കൊണ്ടിരുന്നു. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ഈ ഗ്യാങ്ങുകള്‍ തകിടം മറിച്ചു. ഭയപ്പാടോടെയല്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ ഒരു ഭാഗത്ത് ഒതുങ്ങിജീവിക്കുമ്പോള്‍ മറ്റൊരിടത്ത് കൊള്ളയും കൊലയും നടത്തി ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്ന് പന്തലിച്ചു. ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് വലിയ വീഴ്ച സംഭവിച്ചുവെന്നതില്‍ ഇതിലും വലിയ ഉദാഹരണം മറ്റൊന്നുണ്ടായിരുന്നില്ല. കടുത്തവിമര്‍ശനം ഉയര്‍ന്നു.

രാജ്യത്ത് അധികാരത്തിലെത്തിയ ഭരണാധികാരികള്‍ പലരും ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കാന്‍ പലതരം നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഒന്നും അത്രകണ്ട് ഫലവത്തായില്ല. 2022 മാര്‍ച്ച് 24-27 തീയതികള്‍ക്കുള്ളില്‍ മാത്രം രാജ്യത്ത് 92 പേരാണ് ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സമീപകാലത്ത് എല്‍ സാല്‍വദോറിലുണ്ടായ ഏറ്റവും കൂടിയ കൊലപാതക കണക്കായിരുന്നു അത്. അതേവര്‍ഷം മാത്രം 495 കൊലപാതകങ്ങളാണ് എല്‍ സാല്‍വദോറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കണക്കുകള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ താരതമ്യേന കുറവാണ്. 2016ല്‍ മാത്രം അയ്യായിരത്തിലേറെ കൊലപാതകക്കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 15-20 കൊലപാതകങ്ങള്‍ വരെ നടന്നിരുന്നു. എന്നാല്‍, 2019ല്‍ നയിബ് ബുകെലെ അധികാരത്തിലേറിയതിന് പിന്നാലെ കേസുകളില്‍ വന്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങി.

Photo: Reuters

അടിച്ചമര്‍ത്തലിലൂടെ അക്രമങ്ങള്‍ കുറയ്ക്കുക എന്ന സമീപനമാണ് പലരും സ്വീകരിച്ചതെങ്കില്‍ 2019ല്‍ ഭരണത്തിലേറിയ ബുകെലേയുടേത് മറ്റൊരുതരം നടപടിയായിരുന്നു. പുതിയ നിയമംതന്നെ ഇതിനായി നിര്‍മിക്കപ്പെട്ടു. ക്രിമിനല്‍ പ്രവര്‍ത്തികളിലേര്‍പ്പെട്ട പതിനായിരക്കണക്കിന് ആളുകളെ ബുകെലേ ഭരണകൂടം തടവിലാക്കി. ഏകപക്ഷീയമായിട്ടായിരുന്നു നടപടിയെന്ന രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടും ഭരണകൂട നടപടിയില്‍ യാതൊരു ഇളവും ഉണ്ടായില്ല. ഭരണകൂടത്തിന് കുറ്റവാളിയെന്ന് തോന്നുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് തടവിലാക്കി. അറസ്റ്റിനെതിരേ ശബ്ദിക്കാന്‍ ആളുകള്‍ക്ക് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചവരെപോലും സൈന്യം ആക്രമിക്കുകയോ തടവിലാക്കുകയോ ചെയ്തു. ഒപ്പം സാധാരണ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍പോലും ലഭ്യമല്ലാത്ത തരത്തില്‍ രാജ്യത്ത് നിരവധി തവണ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുത്തി. പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള അനുമതി നിയമസഭ നല്‍കിയത്.

2022 മാര്‍ച്ച് മുതല്‍ നവംബര്‍ മാസം വരെ മാത്രം പോലീസിന്റേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ നൂറുകണക്കിന് റെയ്ഡുകളാണ് രാജ്യത്തെമ്പാടും നടത്തിയത്. അരലക്ഷത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള ജയിലുകള്‍ ഗുണ്ടാതടവുകാരെകൊണ്ട് നിറഞ്ഞു. അതേസമയം വര്‍ഷങ്ങളായി അരക്ഷിതാവസ്ഥ നേരിടുന്ന, സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളെയാണ് പോലീസ് പലപ്പോഴും ലക്ഷ്യമിട്ടതെന്ന വിമര്‍ശനവും ഇതിനെതിരേ ഉയര്‍ന്നിരുന്നു.

ജയിലിന്‍റെ വിദൂര ദൃശ്യം | Photo: Getty Images

ടെകോലുകയിലെ കൂറ്റന്‍ ജയില്‍, ബുകെലെയുടെ അഭിമാനം

എല്‍ സാല്‍വദോറിന്റെ തലസ്ഥാന നഗരമായ സാന്‍ സാല്‍വദോറില്‍ നിന്നും 74 കിലോമീറ്റര്‍ അകലെ ടെകോലുകയിലാണ് പുതിയ ജയില്‍ സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള ഈ ജയില്‍ എട്ട് കൂറ്റന്‍ കെട്ടിടങ്ങളടങ്ങുന്നതാണ്. എല്ലാ കെട്ടിടങ്ങളിലുമായി 256 സെല്ലുകളാണ് ഇവിടെയുള്ളത്. ഓരോ സെല്ലുകളിലും നൂറിലേറെ തടവുകാരെവരെ പാര്‍പ്പിക്കാനാവും. ഒരു സെല്ലില്‍ രണ്ട് സിങ്കുകളും രണ്ട് ടോയ്ലറ്റുകളും മാത്രമാണുള്ളത്. ഗ്യാങ് അംഗങ്ങളെ മാത്രം പാര്‍പ്പിക്കാനായാണ് മെഗാ ജയില്‍ തുറന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്ന് ബാച്ചുകളിലായി ആറായിരത്തോളം തടവുപുള്ളികളെ മെഗാ ജയിലിലേക്ക് മാറ്റിക്കഴിഞ്ഞു. നയിബ് ബുകേലെയുടെ മേല്‍നോട്ടത്തിലായിരുന്നു തടവുകാരെ മാറ്റിയത്. വരും ദിവസങ്ങളിലും സൈന്യം കസ്റ്റഡിയിലെടുത്ത ആയിരക്കണക്കിന് തടവുകാരെ ഇവിടേക്ക് മാറ്റുമെന്നാണ് ബുകെലെ അറിയിച്ചിരിക്കുന്നത്.

ഒരു കാലത്ത് മധ്യ അമേരിക്കയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രാജ്യത്തെ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളായ എംസ്-13, ബാരിയോ 18 തുടങ്ങിയ ക്രിമിനല്‍ സംഘങ്ങളിലെ അംഗങ്ങള്‍ ഈ ജയിലിലുണ്ട്. തടവുകാരുടെ എണ്ണം കൂടുന്നതോടെ പരസ്പരമുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ജയിലിനുള്ളിലും അരങ്ങേറുമോ എന്നാണ് മറ്റൊരു ആശങ്ക. സെന്റര്‍ ഫോര്‍ ദി കണ്‍ഫൈന്‍മെന്റ് ഓഫ് ടെററിസം (CECOT) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ജയില്‍ ഇതിനോടകം തന്നെ സര്‍ക്കാരിനെതിരേ ചോദ്യങ്ങളുയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായി രാജ്യത്തെ ജയില്‍ മാറിക്കഴിയുമോ എന്നാണ് സര്‍ക്കാരിനെതിരേ ഉയരുന്ന ചോദ്യം.

Photo: Reuters

രാജ്യത്തെ മെഗാ ജയിലിന്റെ വീഡിയോ ബുകെലെ തന്നെയാണ് ആദ്യമായി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 'മെഗാ ഓപ്പറേഷനിലൂടെ 2000 തടവുകാരെ പുതിയ ജയിലിലേക്ക് മാറ്റി. ഈ ജയിലായിരിക്കും അവരുടെ പുതിയ വീട്, ജനങ്ങള്‍ക്ക് യാതൊരു ദ്രോഹവും ചെയ്യാതെ ഇവിടെയാവും ദശാബ്ദങ്ങളോളം അവര്‍ താമസിക്കുക, ഞങ്ങള്‍ ഇത് ഇനിയും തുടരും' എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബുകെല കുറിച്ചു. ഇതിനുശേഷവും ജയിലിന്റേയും തടവുകാരുടേയും നിരവധി ദൃശ്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തടവുകാരെ ജയിലിലേക്ക് മാറ്റുന്നതിന്റേയും മറ്റുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് മെഗാ ജയിലിനെതിരെ ചോദ്യങ്ങളും സര്‍ക്കാരിനെതിരേ വിമര്‍ശനവും ഉയരുന്നതിലേക്ക് നയിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് നഗ്നപാദരായി കാലും കൈയും ചങ്ങലകളാല്‍ ബന്ധിപ്പിച്ചാണ് തടവുകാരെ ജയിലിലേക്ക് മാറ്റുന്നത്. രണ്ടായിരം തടവുകാരെ സുരക്ഷാജീവനക്കാര്‍ യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുകയും പിടിച്ച് വലിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. എല്ലാവരും ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നു, തലമൊട്ടയടിച്ചിരിക്കുന്നു. സെല്ലുകളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തലയ്ക്ക് പിന്നില്‍ കൈകള്‍ പിടിച്ച് നിലത്തിരുത്തിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടിയാണ് ബുകെലെ സര്‍ക്കാരിനെ വിമര്‍ശനത്തിനിരയാക്കിയത്.

എല്‍ സാല്‍വദോറിലേത് മനുഷ്യാവകാശ ലംഘനമോ?

അടിയന്തരാവസ്ഥ, ഒപ്പം സര്‍ക്കാരിന് സംശയം തോന്നുന്നവരെയെല്ലാം വാറന്റില്ലാതെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള സൈന്യത്തിന്റെ ഏകപക്ഷീയമായ നടപടി, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുള്ള കൂച്ചുവിലങ്ങ്. എല്‍ സാല്‍വദോറിലെ സാമൂഹികാവസ്ഥ വിമര്‍ശിക്കപ്പെടുന്നതിലേക്ക് നയിച്ചത് ഇവയെല്ലാമായിരുന്നു.

തടവിനെ നിയമപരമായി നേരിടാനുള്ള അവസരം പോലും സര്‍ക്കാര്‍ ഇല്ലാതാക്കി. കസ്റ്റഡിയിലെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെയോ പുറംലോകത്തെയോ അറിയിക്കാന്‍ ഭരണകൂടം തയ്യാറായില്ല. പ്രിയപ്പെട്ടവരെകുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജയിലുകള്‍ക്ക് മുന്നില്‍ ഉറ്റവര്‍ തടിച്ചുകൂടി. ഭാര്യയും മക്കളുമടങ്ങുന്നവര്‍ ജയിലിന് പുറത്ത് താമസിക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തിച്ചു. കുടുംബനാഥന്മാരുടെ കസ്റ്റഡി പലരെയും സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചു. ആയിരക്കണക്കിന് ആളുകളെ ആഴ്ചകളോ മാസങ്ങളോ അജ്ഞാതമായി പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രം അവരുടെ കുടുംബത്തേയോ അഭിഭാഷകരെയോ കാണാന്‍ സാധിച്ചിരുന്നു. തന്റെ നടപടികളെ 'ഗുണ്ടാസംഘങ്ങള്‍ക്കെതിരായ യുദ്ധത്തിനിടെ സംഭവിച്ച സ്വാഭാവികമായ പിഴവുകള്‍' എന്നാണ് ബുകെലെ വിശേഷിപ്പിച്ചത്.

2020 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ രണ്ട് വര്‍ഷം കൊണ്ട് അറുപതിനായിരത്തോളം തടവുകാരാണ് രാജ്യത്തെ ജയിലുകളില്‍ നിറഞ്ഞത്. അതേസമയം എല്‍ സാല്‍വദോറിലെ എല്ലാ ജയിലുകള്‍ക്കും കൂടി മുപ്പതിനായിരം തടവുകാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ള. കൂട്ട തടവു കാരണം ജയിലിലെ അവസ്ഥ വഷളായി. തടവുകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാവുന്നത് കുറഞ്ഞു. ഭക്ഷണം, കുടിവെള്ളം, താമസം എന്നിവ താറുമാറായതിനൊപ്പം തിരക്കും തടവുകാര്‍ തമ്മിലുള്ള ആക്രമണത്തിലേക്കും അത് നയിച്ചു. തടങ്കലില്‍ തങ്ങള്‍ കൊടിയ പീഡനവും മനുഷ്യത്വപരമായ നടപടികളും നേരിടേണ്ടി വന്നതായി പുറത്തുവന്ന ചിലര്‍ പറഞ്ഞതും ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

അടിയന്തരാവസ്ഥയില്‍ സേന കസ്റ്റഡിയിലെടുത്ത 90 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജയിലില്‍ മരിച്ച തടവുകാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള നടപടി ക്രമങ്ങളെല്ലാം ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ആവര്‍ത്തിച്ച് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ തങ്ങളുടെ നടപടിയില്‍ നിന്ന് പിന്നോട്ടുപോയില്ല. എല്‍ സാല്‍വദോറില്‍ മനുഷ്യാവകാശലംഘനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഭൂരിഭാഗം തടവുകാര്‍ക്കും പൊതുവായി ഒരു അഭിഭാഷകനെയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്രയധികം തടവുകാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ക്ക് അധിക ബാധ്യതയായി മാറുകയും മതിയായ നിയമസഹായം നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുന്ന വലിയ വിചാരണയാണ് പലപ്പോഴും നടന്നത്. ഇത്തരം ഹിയറിങ്ങുകളില്‍ തടവുകാരുടെ വാദങ്ങളോ തെളിവുകളോ സമര്‍പ്പിക്കാനോ വിലയിരുത്താനോ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും സാധിക്കാതെ വന്നു.

രാജ്യത്തെ ജയിലുകളിലെ തടവുപുള്ളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന വിമര്‍ശനം രൂക്ഷമായി. ബുകെലെ സര്‍ക്കാരിനെ ആരോപണമുനയിലാക്കി ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പോലും രംഗത്തെത്തി.

ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ പോലും ചോദ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് സാന്‍ സാല്‍വദോറില്‍ ബുകെലെ പുതിയ ജയില്‍ തുറന്നത്. അതേസമയം അരലക്ഷത്തിലേറെയുള്ള തടവുകാര്‍ മെഗാ ജയിലിലേക്കെത്തിയാല്‍ മെഗാ ജയിലിന്‍റെ സ്ഥിതിയും മറ്റൊന്നാവില്ലെന്നാണ് ആശങ്ക.

നയിബ് ബുകെലെ | Photo: Reuters

കൊലപാതകങ്ങള്‍ നടന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? വായടപ്പിച്ച് നയിബ് ബുകെലെ

'അവര്‍ക്ക് (വിമര്‍ശകര്‍ക്ക്) പെട്ടെന്ന് എവിടെ നിന്നാണ് എല്‍ സാല്‍വദോറിനോടുള്ള സ്‌നേഹം പൊട്ടിവീണത്? വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ഇത്രയും കാലം ഇവിടെയുണ്ടായിരുന്നില്ലേ? ഗുണ്ടകള്‍ നമ്മുടെ കുട്ടികളെപ്പോലും കൊന്ന് തള്ളിയപ്പോള്‍ നഗരങ്ങളില്‍ അവര്‍ ആഘോഷിക്കുമ്പോള്‍, നമ്മുടെ കുട്ടികളെ ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോഴൊക്കെ നിങ്ങള്‍ എവിടെ ആയിരുന്നു? അവര്‍ അവിടെയുണ്ടായിരുന്നു. പക്ഷെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഗുണ്ടാസംഘങ്ങള്‍ എല്‍ സാല്‍വദോറിന് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവര്‍ അനിയന്ത്രിതമായി വളര്‍ന്ന് ആശങ്ക പടര്‍ത്തുകയാണ്. അതുകൊണ്ടാണ് നാം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. മറ്റ് രാജ്യങ്ങളുമായി ആരോഗ്യപരമായി ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സുഹൃത്തുക്കളായും പങ്കാളികളുമായും അത് വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ വാതില്‍ തുറന്നിരിക്കുകയാണ്, പക്ഷെ ഞങ്ങള്‍ എന്ത്, എപ്പോള്‍ ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ ആരേയും അനുവദിക്കില്ല. ഞങ്ങള്‍ക്ക് എന്ത് വേണമെന്ന് ഞങ്ങള്‍ക്കറിയാം, എല്‍ സാല്‍വദോര്‍ സ്വതന്ത്ര പരമാധികാര രാജ്യമാണ്. നാം നമ്മുടേതായ തീരുമാനങ്ങള്‍ കൈക്കൊള്ളും.' വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബുകെലെ നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

രാജ്യത്തിന്‍റെ പരമാധികാരത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഓര്‍മിപ്പിച്ച് ലോകത്തിന്‍റെ വായടപ്പിക്കാനുള്ള ശ്രമത്തിലാണ് നയിബ് ബുകെലെ. വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കൊലപാതകങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ചോദ്യമുയര്‍ത്തുമ്പോള്‍ തടവറകളില്‍ കുമിഞ്ഞുകൂടുന്ന 'കുറ്റവാളികളാണ്' ബുകെലെയ്ക്ക് ചൂണ്ടിക്കാണിക്കാനുള്ള ഉത്തരം.

Content Highlights: Thousands of tattooed inmates pictured in El Salvador mega-prison

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chinese youth
Premium

6 min

തൊഴിലില്ല; ഗ്രാമങ്ങളിലേക്ക്‌ ചേക്കേറാന്‍ ചൈനീസ് യുവാക്കൾ, ജാഗ്രതയോടെ സർക്കാർ

Jun 6, 2023


brijbhushan sharan singh, Wrestlers

ബ്രിജ്ഭൂഷണ് മുന്നില്‍ നിശ്ചലമായ 'ബുള്‍ഡോസര്‍'

Jun 5, 2023


cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി സിയാല്‍ മോഡല്‍

May 30, 2023

Most Commented