ജനക്കൂട്ടം ആക്രോശിച്ചു, കൊലയാളി മേരിയെ കൊന്നുകളയൂ; ആദ്യമായി തൂക്കിലേറ്റപ്പെട്ട ആനയുടെ കഥ 


അഖില്‍ ശിവാനന്ദ്സ്പാര്‍ക്‌സ് വേള്‍ഡ് ഫേയ്മസ് ഷോയുടെ താരമായിരുന്നു മേരി എന്ന ഏഷ്യന്‍ ആന. 'ഭൂമിയിലെ ഏറ്റവും വലിയ മൃഗം' എന്നാണ് പരസ്യ പോസ്റ്ററുകളില്‍ സര്‍ക്കസ് കമ്പനി അവളെ പരിചയപ്പെടുത്തിയത്. അവള്‍ക്ക് അഞ്ച് ടണ്ണില്‍ അധികം ഭാരമുണ്ടെന്നാണ് അവര്‍ അവകാശപ്പെട്ടത്.

tail n tales

പ്രതീകാത്മക ചിത്രം | Photo: AFP PHOTO/ MANAN VATSYAYANA

1916 സെപ്റ്റംബറിലെ ഒരു തണുത്ത വൈകുന്നേരം. അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്തെ എര്‍വിന്‍ എന്ന കൊച്ചു നഗരത്തില്‍ സ്പാര്‍ക്‌സ് വേള്‍ഡ് ഫെയ്മസ് ഷോ എന്ന സർക്കസ് അരങ്ങേറുകയാണ്. സംഗീതോപകരണങ്ങള്‍ വായിച്ചും ബേസ്‌ബോള്‍ കളിച്ചും ചടുല സംഗീതത്തിനനുസരിച്ച് അഭ്യാസങ്ങള്‍ കാണിച്ചും സര്‍ക്കസിന്റെ പ്രധാന ആകര്‍ഷണമായ ആനകള്‍ കാണികളെ രസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച ഷോ അല്ലാതിരുന്നിട്ടും സര്‍ക്കസ് കാണാന്‍ വലിയ ജനക്കൂട്ടമാണ് എര്‍വിനില്‍ തടിച്ചുകൂടിയത്. പരിശീലിച്ച അടവുകളെല്ലാം ആനകള്‍ റിങ്ങില്‍ പുറത്തെടുത്തെങ്കിലും കാണികളെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. സ്പാര്‍ക്‌സ് സര്‍ക്കസിന്റെ യഥാര്‍ഥ ഹീറോയുടെ വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ് ആ ഷോയ്ക്ക് സമാപനമായത്.

മേരി. അവളായിരുന്നു സ്പാര്‍ക്‌സ് വേള്‍ഡ് ഫെയ്മസ് ഷോയുടെ പ്രധാന ആകര്‍ഷണം. അഞ്ച് ടണ്ണിലധികം ഭാരമുണ്ടായിരുന്ന ഏഷ്യന്‍ ആനയായിരുന്നു മേരി. സംഗീതത്തിന് അനുസരിച്ചുള്ള മേരിയുടെ അഭ്യാസപ്രകടനത്തിനായാണ് കാണികള്‍ ഓരോരുത്തരും കാത്തിരുന്നത്. ഒരര്‍ഥത്തില്‍ ആ സര്‍ക്കസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം തന്നെ മേരിയായിരുന്നു. പക്ഷേ അന്ന് ചുവപ്പും സ്വര്‍ണം കലര്‍ന്ന നെറ്റിപ്പട്ടവും കൃത്രിമ നീല തൂവലുകള്‍കൊണ്ടുളള അലങ്കാരങ്ങളും അഴിച്ചുമാറ്റിയ നിലയില്‍ സര്‍ക്കസ് കൂടാരത്തിന് പുറത്ത് ചാറ്റല്‍മഴ നനഞ്ഞ് തലകുനിച്ച് നില്‍ക്കുകയായിരുന്നു മേരി. അതിനകം നാട്ടുകാര്‍ അവള്‍ക്ക് ഒരു പേര് ചാര്‍ത്തിക്കൊടുത്തിരുന്നു കൊലയാളി മേരി.മേരിയുടെ കഥ തുടങ്ങുന്നു, ചാര്‍ലിയുടേയും

ചാര്‍ലി സ്പാര്‍ക്‌സ് എന്ന മനുഷ്യനിന്‍ നിന്നാണ് മേരിയുടെ കഥ ആരംഭിക്കുന്നത്. ഒരു ഇംഗ്ലീഷ് സംഗീതജ്ഞന്റെ മകനായിരുന്നു അദ്ദേഹം. എട്ടാം വയസില്‍ തന്നെ അഭ്യാസങ്ങള്‍ പരിശീലിക്കാന്‍ ആരംഭിച്ച ചാര്‍ലി പിതാവിന്റെ മരണശേഷം കുടുംബം പുലര്‍ത്താനായി തെരുവില്‍ സംഗീത-നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പിന്നീട്, യൂട്ട നഗരത്തിലേയ്ക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് ചാര്‍ലിയുടെ സര്‍ക്കസ് ദിനങ്ങള്‍ ആരംഭിക്കുന്നത്. അവിടെ ഒരു ഹോട്ടലിലെ താമസത്തിനിടയില്‍ ചാര്‍ലിയും മാതാവും ജോണ്‍ എച്ച്. വൈസ്‌മെന്‍ എന്ന ഹാസ്യകലാകാരനെ കണ്ടുമുട്ടി. ചാര്‍ലിയുടെ കഴിവുകളില്‍ ആകൃഷ്ടനായ ജോണ്‍ പെട്ടന്നുതന്നെ അവനുമായി അടുത്തു. ക്ഷയരോഗം മൂലം കഷ്ടത അനുഭവിച്ചിരുന്ന ചാര്‍ലിയുടെ മാതാവാകട്ടെ, തന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കുമോ എന്ന് ജോണിനോട് ചോദിച്ചു. ചാര്‍ലിയെ ദത്തെടുത്തെ ജോണ്‍ അവന്റെ പേര് ചാര്‍ലി സ്പാര്‍ക്സ് എന്നാക്കി മാറ്റുകയും ചെയ്തു.

1890-ല്‍ ജോണ്‍ വൈസ്‌മെന്‍ തന്റെ ആദ്യത്തെ ചെറിയ സര്‍ക്കസ് , സ്പാര്‍ക്‌സ് ആന്‍ഡ് അലന്‍ വാഗണ്‍ ഷോ ആരംഭിച്ചു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിച്ച് സര്‍ക്കസ് അവതരിപ്പിക്കുകയായിരുന്നു അവരുടെ രീതി. പിന്നീട് അവരതിനെ ജോണ്‍ എച്ച്. സ്പാര്‍ക്‌സ് വിര്‍ജിനിയ ഷോ എന്ന് പുനര്‍നാമകരണം ചെയ്തു. ഷോ വലിയ വിജയമായി. 1901-ല്‍ ചാര്‍ലിക്ക് 25 വയസുള്ളപ്പോള്‍ ജോണ്‍ സര്‍ക്കസ് അവസാനിപ്പിച്ച് ടൂറിങ് നഗരം വിടാന്‍ തീരുമാനിച്ചു. നോര്‍ത്ത് കരോലിനയില്‍ ഒരു ഹോട്ടല്‍ വാങ്ങി അനുബന്ധമായി ഒരു ചെറിയ മൃഗശാലയും ജോണ്‍ ഒരുക്കി. പിന്നീട് ഈ മൃഗശാലയില്‍വെച്ച് ജോണ്‍ പകര്‍ച്ചവ്യാധി പിടിപെട്ട ഒരു സിംഹക്കുട്ടിയുടെ കടിയേറ്റ് മരിച്ചു. ഇതോടെയാണ് ചാര്‍ലി സര്‍ക്കസിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ഒരു സര്‍ക്കസ് എങ്ങനെ വിജയത്തിലെത്തിക്കണം എന്നതിനേക്കുറിച്ച് ചാര്‍ലിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. 1903-ല്‍ തന്നെ സര്‍ക്കസിന്റെ വിപുലീകരണം ആരംഭിച്ച ചാര്‍ലി പിന്നീട് അതിനെ സ്പാര്‍ക്‌സ് വേള്‍ഡ് ഫേയ്മസ് ഷോ എന്ന് പുനര്‍നാമകരണം ചെയ്തു. സര്‍ക്കസിലൂടെ പ്രേക്ഷകരെ എങ്ങനെ രസിപ്പിക്കണമെന്നും ചാര്‍ലിക്ക് അറിയാമായിരുന്നു. കോമാളികള്‍, അക്രോബാറ്റുകള്‍, സിംഹം, ആന, കുതിര പോലുള്ള മൃഗങ്ങളെ ഉപയോഗിച്ചുള്ള ചാര്‍ലിയുടെ സര്‍ക്കസ് അക്കാലത്ത് വലിയ ശ്രദ്ധപിടിച്ചുപറ്റി.

പ്രതീകാത്മക ചിത്രം

ബിഗ് മേരി

സ്പാര്‍ക്‌സ് വേള്‍ഡ് ഫേയ്മസ് ഷോയുടെ താരം മേരി എന്ന ഏഷ്യന്‍ ആനയായിരുന്നു. 'ഭൂമിയിലെ ഏറ്റവും വലിയ മൃഗം' എന്നാണ് പരസ്യ പോസ്റ്ററുകളില്‍ സര്‍ക്കസ് കമ്പനി അവളെ പരിചയപ്പെടുത്തിയത്. അവള്‍ക്ക് അഞ്ച് ടണ്ണില്‍ അധികം ഭാരമുണ്ടെന്നും എതിരാളികളായ ബാര്‍നം ബെയ്‌ലി കമ്പനിയുടെ സര്‍ക്കസ് ആന ജംമ്പോയേക്കാള്‍ മൂന്ന് ഇഞ്ച് ഉയരം അധികമുണ്ടെന്നുമാണ് അവര്‍ അവകാശപ്പെട്ടത്. സംഗീതോപകരണങ്ങള്‍ വായിച്ചും അഭ്യാസങ്ങള്‍ കാണിച്ചും ബേസ്‌ബോള്‍ കളിച്ചും മേരി ജനക്കൂട്ടത്തെ വിസ്മയിപ്പിച്ചു. എന്നാല്‍ അതിലെല്ലാമുപരി ഗ്രാമീണ മേഖലയിലെ ജനക്കൂട്ടത്തെ ആകര്‍ഷിച്ചത് അവളുടെ ഭീമാകാരമായ വലിപ്പവും സൗമ്യ സ്വഭാവവുമായിരുന്നു. അത്രയും വലിയ ഒരു മൃഗത്തെ അവര്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. 8000 ഡോളര്‍ മുതല്‍ 20,000 ഡോളര്‍ വരെ പലരും അവള്‍ക്ക് വില പറഞ്ഞു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.

എന്നാല്‍, സ്പാര്‍ക്‌സ് കുടുംബത്തിന് മേരി വെറുമൊരു സര്‍ക്കസ് മൃഗം മാത്രമായിരുന്നില്ല. 1898-ല്‍ അവള്‍ക്ക് നാല് വയസ് പ്രായമുള്ളപ്പോഴാണ് ചാര്‍ലിയുടെ പിതാവ് മേരിയെ വാങ്ങുന്നത്. അന്നുമുതല്‍ ആ കുടുംബത്തിന്റെ അരുമയായി അവള്‍ മാറി. സര്‍ക്കസിലെ മൃഗഡോക്ടറായ ആഡി മിച്ചലിനെ ചാര്‍ലി വിവാഹം കഴിച്ചതിനുശേഷം ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാതിരിക്കുകയും ചെയ്തതോടെ അവര്‍ക്ക് മേരിയോടുള്ള അടുപ്പം കൂടി. ചാര്‍ലിയും ഭാര്യയും സ്വന്തം കുട്ടിയെപ്പോലെയാണ് മേരിയെ നോക്കിയത്. മേരിയെ എല്ലാവരും സ്‌നേഹത്തോടെ 'ബിഗ് മേരി' എന്ന് വിളിച്ചു. സര്‍ക്കസ് കമ്പനിയിലെ എല്ലാ മൃഗങ്ങളോടും പ്രത്യേകിച്ച് തങ്ങളുടെ പ്രിയപ്പെട്ട മേരിയോട് സൗമ്യമായി പെരുമാറണമെന്ന് ചാര്‍ലി തന്റെ ജീവനക്കാരോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.

റെഡ് എല്‍ഡ്രിജ് ജോലി തേടി എത്തുന്നു

ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കസ് അയതിനാല്‍തന്നെ സ്പാര്‍ക്കസ് വേള്‍ഡ് ഫേയ്മസ് ഷോയ്ക്ക് മറ്റ് സര്‍ക്കസുകളില്‍നിന്ന് വ്യത്യസ്തമായി അവരുടേതായ പല രീതികളുമുണ്ടായിരുന്നു. എതിരാളികള്‍ക്ക് മുന്‍തൂക്കം ലഭിക്കാതിരിക്കാനായി സ്പാര്‍ക്കസ് സര്‍ക്കസ് കമ്പനി പോകാനിരിക്കുന്ന റൂട്ടുകള്‍ എപ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്നു. ഒപ്പം വളരെ വിരളമായി മാത്രമേ പേപ്പറുകളില്‍ സര്‍ക്കസിനേക്കുറിച്ച് പരസ്യം നല്‍കിയിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കസ് നഗരത്തില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്ററുകള്‍ പതിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

വിര്‍ജിനിയയിലെ സെന്റ്‌പോള്‍ എന്ന ചെറുനഗരത്തിലേക്ക് സ്പാര്‍ക്‌സ് സര്‍ക്കസ് എത്തുന്നതിനുമുമ്പ്, 1916 സെപ്റ്റംബര്‍ 11-ന് പ്രദേശത്തെ ഹോട്ടല്‍ തൊഴിലാളിയായ വാള്‍ട്ടര്‍ റെഡ് എല്‍ഡ്രിജ് ഈ പോസ്റ്ററുകളിലൊന്ന് കണാനിടയായി. അക്കാലത്തെ എല്‍ഡ്രിജിന്റെ പ്രായം സംബന്ധിച്ച് കൃത്യമായി വിവരങ്ങളില്ലെങ്കിലും അദ്ദേഹത്തിന് 23നും 38 നും ഇടയില്‍ പ്രായമുണ്ടാകാമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സെന്റ്‌പോള്‍സിലെ ഒരു നദീതീര ഭക്ഷണശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു അയാള്‍. സ്പാര്‍ക്‌സ് സര്‍ക്കസ് നഗരത്തിലെത്തിയതോടെ എല്‍ഡ്രിജ് ഒരു ജോലിക്കായി സര്‍ക്കസിലെ ആനകളുടെ മുഖ്യപരിശീലകനായ പോള്‍ ജേക്കബിയെ സമീപിച്ചു. എല്‍ഡ്രിജിന് പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും ജേക്കബ് അവനെ അണ്ടര്‍ കീപ്പറായി നിയമിച്ചു.

ആനകളുടെ പരിപാലനവും അവയ്ക്ക് ഭക്ഷണം നല്‍കലും പരേഡുകള്‍ക്കായി അവയെ ഒരുക്കുകയുമായിരുന്നു എല്‍ഡ്രിജിന് ലഭിച്ച ചുമതല. മേരിയുടെ പരിപാലന ചുമതലയും അയാള്‍ക്കാണ് ലഭിച്ചത്. അവള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായി. തുടക്കത്തില്‍ മൃഗങ്ങളോട് സൗമ്യമായി ഇടപെടണമെന്ന കമ്പനിയുടെ നയം അയാള്‍ പിന്തുടര്‍ന്നു. സെന്റ്‌പോളിലെ ഷോ അവസാനിച്ചതോടെ, ഹോട്ടലിലെ തന്റെ ജോലി പൂര്‍ണമായും ഉപേക്ഷിച്ച് എല്‍ഡ്രിജ് സര്‍ക്കസ് സംഘത്തിനൊപ്പം അടുത്ത ലക്ഷ്യസ്ഥാനമായ ടെന്നിസിയിലെ കിങ്‌സ്‌പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. അക്കാലത്ത് ഒരു വ്യാവസായിക നഗരമായി വളര്‍ന്നുവരികയായിരുന്നു കിങ്‌സ്‌പോര്‍ട്ട്.

കൊലയാളി മേരി

സെപ്റ്റംബര്‍ 12-ന് കിങ്‌സ്‌പോര്‍ട്ടില്‍ ആദ്യത്തെ കൗണ്ടി മേള നടക്കുകയാണ്. സ്പാര്‍ക്‌സ് വേള്‍ഡ് ഫെയ്മസ് ഷോയും അതിന്റെ ഭാഗമാകുകയാണ്. അടുത്തുള്ള പട്ടണങ്ങളില്‍നിന്നടക്കമുള്ളവര്‍ കിംഗ്‌സ്‌പോര്‍ട്ടില്‍ എത്തിയതോടെ നഗരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. തെരുവുകളില്‍ ജനം നിറഞ്ഞു. അവരെല്ലാം മേരിയെ കാണാനായി തെരുവുകള്‍ക്ക് ഇരുവശത്തും അക്ഷമരായി സ്ഥാനം പിടിച്ചു. അപ്പോഴതാ മേരിയും മറ്റ് സര്‍ക്കസ് ആനകളും വരിവരിയായി വരവായി. മുന്നില്‍ മേരി, തൊട്ടു പിന്നാലെ ക്യൂന്‍, ടോപ്‌സി, അവളുടെ രണ്ട് കുട്ടികള്‍. അവര്‍ തലയും തുമ്പികൈയും കുലുക്കി നടന്നു നീങ്ങുന്നത് കൗതുകത്തോടെ വീക്ഷിച്ച് ജനക്കൂട്ടം തെരുവിന് ഇരുവശത്തും നില്‍ക്കുകയാണ്. അടുത്തുള്ള ജലസംഭരണി ലക്ഷ്യമാക്കിയാണ് ആനകള്‍ നടന്നുനീങ്ങിയത്.

തോട്ടിയുമായി റെഡ് എല്‍ഡ്രിജാണ് മേരിയെ നയിച്ചത്. മേരിയെ പ്രകോപിപ്പിക്കരുതെന്നും നയത്തില്‍ മാത്രമേ അവളോട് ഇടപെടാവൂ എന്നും സര്‍ക്കസ് കമ്പനി എല്‍ഡ്രിജിന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയ മേരി വഴിയില്‍ നിന്നു. നിലത്ത് ഒരു കഷ്ണം തണ്ണിമത്തന്‍ കണ്ടാണ് ആന നടത്തം അവസാനിപ്പിച്ചത്. തുമ്പികൈ നീട്ടി ആ തണ്ണിമത്തന്‍ കഷ്ണം എടുക്കാനായി അവള്‍ ശ്രമിച്ചു. എല്‍ഡ്രിജിന്റെ നിര്‍ദേശങ്ങളൊന്നും അവള്‍ അനുസരിച്ചില്ല. ഇതോടെ കമ്പനി നല്‍കിയ മുന്നറിയിപ്പുകള്‍ മറന്ന എല്‍ഡ്രിജ് വടികൊണ്ട് അവളെ ക്രൂരമായി അടിച്ചു. അവളുടെ ശരീരത്തില്‍ നിന്നും രക്തം പൊടിഞ്ഞു. കലി കയറിയ മേരി അയാള്‍ക്കു നേരെ തിരിഞ്ഞു. തുമ്പികൈയില്‍ അയാളെ വായുവിലേക്ക് പൊക്കിയെടുത്ത് താഴെയിട്ടു. പിന്നാലെ തല ചവിട്ടി മെതിച്ചു.

ഇത് കണ്ടുനിന്ന ജനക്കൂട്ടം നിലവിളിച്ചുകൊണ്ട് ചിതറിയോടി. പ്രദേശവാസികളിലൊരാള്‍ അവള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പക്ഷേ, ഉന്നം പിഴച്ചു. ജനക്കൂട്ടത്തിന്റെ വലിയ ബഹളം കേട്ടാണ് ചാര്‍ലി സ്പാര്‍ക്‌സ് ഓടിയെത്തിയത്. റെഡ് എല്‍ഡ്രിജിനെ നിലത്തിട്ട് ചവിട്ടിയ മേരിയെയാണ് അയാള്‍ കണ്ടത്. തുമ്പികൈയില്‍ തലോടി അയാള്‍ ആ വലിയ മൃഗത്തിനടത്തുനിന്നു. അവള്‍ ശാന്തയായി അയാളോട് ചേര്‍ന്നു നിന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നുയര്‍ന്ന ആവശ്യം അയാളെ ഞെട്ടിച്ചു. ആ ആനയെ കൊന്നുകളയൂ.. ജനക്കൂട്ടം ചാര്‍ലി സ്പാര്‍ക്‌സിനോട് ആക്രോശിച്ചു.

പ്രതീകാത്മക ചിത്രം

ചാര്‍ലി സ്പാര്‍ക്‌സ് പ്രതിസന്ധിയിലാകുന്നു

റെഡ് എല്‍ഡ്രിജിന്റെ മരണത്തിന് പിന്നാലെ കിങ്‌സ്‌പോര്‍ട്ട് അധികൃതര്‍ മേരിയെ അറസ്റ്റ് ചെയ്തു. അവളെ പ്രദേശത്തെ ജയിലിന് സമീപത്തേക്ക് മാറ്റി. ജയിലിന് സമീപവും അവളെക്കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. അതേസമയം മേരിയുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാനാകാത്ത വിഷമാവസ്ഥയിലായിരുന്നു ചാര്‍ലി സ്പാര്‍ക്‌സും സര്‍ക്കസും ജീവനക്കാരും. അക്കാലത്ത് ആരെയെങ്കിലും കൊലപ്പെടുത്തുകയോ, പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന ആനകളെ രഹസ്യമായി പേരുമാറ്റി മറ്റ് സര്‍ക്കസ് കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ എല്‍ഡ്രിജിന്റെ കൊലപാതക വാര്‍ത്ത ടെന്നിസിയില്‍ കാട്ടുതീ പോലെ പടര്‍ന്നു. പത്രങ്ങള്‍ മേരിയെ 'കൊലയാളി മേരി'യെന്ന് വിളിച്ച് വാര്‍ത്തകള്‍ എഴുതി. അവള്‍ മുമ്പും ആളുകളെ കൊലപ്പെടുത്തിയിരുന്നതായി വാര്‍ത്തകള്‍ പരന്നു.

കിങ്‌സ്‌പോര്‍ട്ടിന് സമീപ നഗരമായ ജോണ്‍സണ്‍ സിറ്റിയുടെ മേയര്‍ ചാര്‍ലിയുടെ സര്‍ക്കസിന് പ്രവേശന അനുമതി നിഷേധിച്ചു. ജോണ്‍സണ്‍സിറ്റിയായിരുന്നു സ്പാര്‍ക്‌സ് സര്‍ക്കസിന്റെ അടുത്ത പ്രദര്‍ശനകേന്ദ്രം. മേരിയുമായി എത്തിയാല്‍ അനുമതി നല്‍കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. പിന്നാലെ പല നഗരങ്ങളും സമാന തീരുമാനം എടുത്തേക്കുമെന്ന് ചാര്‍ലി ഭയന്നു. അയാള്‍ ബുദ്ധിമാനായ ഒരു വ്യവസായിയാരുന്നു. ജനങ്ങളെ പിണക്കി സര്‍ക്കസുമായി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. റെഡ് എല്‍ഡ്രിജിന് വേഗത്തില്‍ നീതി ലഭ്യമാക്കിയില്ലെങ്കില്‍ അത് സര്‍ക്കസ് കമ്പനിയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്ന് ചാര്‍ലി ഭയന്നു. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തായണ് തീരുമാനമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒരു മനുഷ്യജീവന്‍ അമൂല്യമാണ്. അത് തള്ളിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ ചാര്‍ലി വിശദീകരിച്ചത്.

ജനങ്ങള്‍ വലിയ എതിര്‍പ്പുയര്‍ത്തിയതോടെ മേരിയെ പരസ്യമായി കൊന്നുകളയാന്‍ സ്പാര്‍ക്‌സ് സര്‍ക്കസ് തീരുമാനിച്ചു. പക്ഷേ എങ്ങനെ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ആനയെ എങ്ങനെ കൊലപ്പെടുത്തിയാലും അത് കാണാന്‍ വലിയ ജനക്കൂട്ടം എത്തുമെന്നുറപ്പായിരുന്നു. അവളുടെ മസ്തിഷ്‌കത്തില്‍ വെടിവെച്ച് കൊലപ്പെടുത്താനാണ് ആദ്യം ആലോചിച്ചതെങ്കിലും വലിയ ജനക്കൂട്ടം ഉണ്ടായാല്‍ അത് കൂടുതല്‍ അപകടം സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലുണ്ടായി. വൈദ്യുതി ഉപയോഗിച്ച് കൊലപ്പെടുത്താമെന്ന് കരുതിയെങ്കിലും ടെന്നിസിയില്‍ അക്കാലത്ത് അതിനാവശ്യമുള്ള വൈദ്യുതി ഇല്ലായിരുന്നു. ഒടുവില്‍ ആനയെ പരസ്യമായി തൂക്കിക്കൊലപ്പെടുത്താന്‍ ചാര്‍ലി തീരുമാനിച്ചു. അതിനായി ക്ലിഞ്ച്ഫീല്‍ഡില്‍ നിന്ന് വലിയ ക്രെയിനുകള്‍ എത്തിക്കാനും തീരുമാനമായി. എന്നാല്‍, പ്രദേശത്ത് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ക്രെയിനുകള്‍ വിട്ടുനല്‍കാനാന്‍ ക്ലിഞ്ച്ഫീല്‍ഡ് നഗര അധികൃതര്‍ തയ്യാറായില്ല. ആനയെ തൂക്കിക്കൊല്ലാനായി ക്ലിഞ്ച്ഫീല്‍ഡിന് തെക്കുഭാഗത്തുള്ള എര്‍വിന്‍ നഗരത്തിലെത്തണം എന്ന അവസ്ഥ വന്നുചേര്‍ന്നു. അങ്ങനെ സെപ്റ്റംബര്‍ 13ന് മേരിയുള്‍പ്പെടെയുള്ള സര്‍ക്കസ് സംഘം എര്‍വിന്‍ ലക്ഷ്യമാക്കി നീങ്ങി.

മേരിയെ തൂക്കിലേറ്റുന്നു...

കനത്തമഴ പെയ്തുതോര്‍ന്ന ഒരു പ്രഭാതത്തിലാണ് സ്പാര്‍ക്‌സ് വേള്‍ഡ് ഫെയ്മസ് ഷോ സര്‍ക്കസ് സംഘം എര്‍വിന്‍ നഗരത്തിലെത്തുന്നത്. രാത്രി മുഴുവന്‍ പെയ്ത മഴയില്‍ പ്രദേശമാകെ ചെളിനിറഞ്ഞിരുന്നു. നഗരത്തിലെത്തിയ ദിവസം മേരിയെ ഒഴിവാക്കി ഒരു ചെറിയ സര്‍ക്കസ് പ്രകടനം സ്പാര്‍ക്‌സ് നടത്തി. എന്നാല്‍ അവരുടെ മുന്‍കാല പ്രകടനങ്ങളുടെ നിഴല്‍ മാത്രമായിരുന്നു അത്. മേരിയുടെ വിടവ് എല്ലാവരുടേയും പ്രകടനത്തില്‍ ദൃശ്യമായിരുന്നു. ആ സമയമത്രയും സര്‍ക്കസ് ടെന്റിന് പുറത്ത് ചങ്ങലക്കിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു മേരിയെ. ഷോ കഴിഞ്ഞതോടെ അയിരക്കണക്കിന് എര്‍വിന്‍ നിവാസികള്‍ അവളെ തൂക്കിക്കൊല്ലാനായി നിശ്ചയിച്ചിരുന്ന റെയില്‍ യാര്‍ഡിലേയ്ക്ക് ഇരച്ചെത്തി. പറ്റാവുന്ന സ്ഥലത്തെല്ലാം അവര്‍ സ്ഥാനം പിടിച്ചു. വ്യക്തമായി ആ കാഴ്ച കാണുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മേരിയുടെ അന്ത്യം കാണാനാഗ്രഹിക്കാത്ത ചില സ്പാര്‍ക്‌സ് സര്‍ക്കസ് തൊഴിലാളികളും നാട്ടുകാരും സ്ഥലത്തുനിന്ന് പിന്‍വാങ്ങി.

മേരിയെ ശാന്തയാക്കാനായി ചാര്‍ലി അവളെ മറ്റ് ആനകള്‍ക്കൊപ്പം നടത്തി. റെയില്‍ യാര്‍ഡില്‍ മേരി എത്തിയപ്പോള്‍, സര്‍ക്കസ് പരിശീലകര്‍ ചങ്ങല ഉപയോഗിച്ച് അവളുടെ കാലുകള്‍ ബന്ധിച്ചു. പിന്നാലെ മറ്റ് ആനകളെ പ്രദേശത്തുനിന്ന് മാറ്റി. അതേസമയം റെയില്‍ട്രാക്കിന് താഴെ സര്‍ക്കസ് ജീവനക്കാരും റെയില്‍വേ തൊഴിലാളികളും ചേര്‍ന്ന് മേരിക്കായി ഒരു വലിയ ശവക്കുഴി വെട്ടി. ക്രെയിനിന്റെ ചങ്ങല മേരിയുടെ കഴുത്തിന് ചുറ്റും എറിഞ്ഞതോടെ ജനക്കൂട്ടം നിശബ്ദമായി. ക്രെയിന്‍ ഓപ്പറേറ്റര്‍ ഹാന്‍ഡില്‍ ചലിപ്പിച്ചതോടെ ചങ്ങല മേരിയുടെ കഴുത്തില്‍ വരിഞ്ഞുമുറുകി. ചങ്ങല വലിഞ്ഞതോടെ അവളുടെ മുന്‍കാലുകള്‍ നിലത്തുനിന്ന് ഉയര്‍ന്നു. പെട്ടന്ന് മേരിയുടെ കഴുത്തില്‍ ബന്ധിച്ചിരുന്ന ചങ്ങല പൊട്ടി വലിയ ശബ്ദത്തോടെ അവള്‍ നിലത്ത് പതിച്ചു. 'ഭ്രാന്തിയായ ആന' എന്ന് അലറിവിളിച്ചുകൊണ്ട് ജനക്കൂട്ടം ചിതറിയോടി. ക്രൂരമായി പരിക്കേറ്റ് അവള്‍ താഴെ തളര്‍ന്നു കിടന്നു.

ജനക്കൂട്ടം ഒന്ന് അടങ്ങിയതോടെ, മറ്റൊരു തൊഴിലാളി മേരിയുടെ മുകളില്‍ കയറി കട്ടിയുള്ള മറ്റൊരു ചങ്ങല അവളുടെ കഴുത്തില്‍ വീണ്ടും ബന്ധിച്ചു. ക്രെയിന്‍ വീണ്ടും അവളെ വലിച്ച് ഉയര്‍ത്തി. ചങ്ങല മുറുകിയതോടെ അവളുടെ ശ്വാസം നിലച്ചു. അവളുടെ മൃതദേഹം ആ ചങ്ങലയില്‍ കിടന്നാടി. മേരിയെ തൂക്കിലേറ്റിയതോടെ ജനക്കൂട്ടം പലവഴിക്ക് പിരിഞ്ഞുപോയി.ക്രെയിനില്‍ നിന്ന് ഇറക്കിയ അവളെ തൊഴിലാളികള്‍ ചേര്‍ന്ന് അടുത്ത് തന്നെ കുഴിച്ച കുഴിയില്‍ മറവുചെയ്തു. അവളെ കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് അടയാളങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. പക്ഷേ, ആനയെ തൂക്കിലേറ്റിയ നഗരം എന്ന ദുഷ്‌പേര് എര്‍വിന്‍ നഗരത്തെ വിട്ടുപോയില്ല.

അവലംബം:

https://blueridgecountry.com/archive
https://www.themoonlitroad.com
https://blueridgecountry.com/archive
https://www.dailymail.co.uk

Content Highlights: The town that hanged an elephant, a macabre story of murder and revenge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented