.
'ബിരുദ പഠനം പൂര്‍ത്തിയാക്കണം, ഒരു പേപ്പര്‍ കൂടി കിട്ടാനുണ്ട്. അതിനുശേഷം പി.ജി ചെയ്യണം. പിഎസ്സി പരിശീലനത്തിന് പോകണം. സ്വന്തം കാലില്‍ നില്‍ക്കണം. അത്യാവശ്യം എഴുതിയിരുന്നതുകൊണ്ട് മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ആ പരിചയവുമുണ്ട്.' പതിനാറുവയസ്സില്‍ നേരിട്ട ദുരനുഭവങ്ങളെ ബോധപൂര്‍വം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു വടക്കേ മലബാറില്‍ നിന്നുളള ഈ അതിജീവിത. തന്റെ അതിജീവനയാത്രയിലെ അനുഭവങ്ങളും സമൂഹത്തോടും അധികൃതരോടും തനിക്ക് പറയാനുളളതും പങ്കുവെക്കുകയാണ് ഈ ഇരുപത്തിയാറുകാരി.
നാട്ടില്‍ കാലുകുത്തിയാല്‍ കൊല്ലുമെന്ന ഭീഷണി
'പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു സംഭവം. പിന്നീട് ഞാന്‍ ക്ലാസില്‍ പോയില്ല, മെല്ലെ പഠനം നിര്‍ത്തി. 2014-ല്‍ കേസായി എന്റെ ജില്ലയിലെ തന്നെ നിര്‍ഭയ ഹോമിലെത്തി. അവിടെ നിന്നാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്നത്. പിന്നീട് ഇങ്ങോട്ടേക്ക് വന്നു(പെണ്‍കുട്ടിയുടെ സുരക്ഷയെ കരുതി സ്ഥലപ്പേര് നല്‍കുന്നില്ല) ബിരുദ പഠനം ആരംഭിച്ചു. ഹോമില്‍ നിന്ന് 2019-ലാണ് പുറത്തിറങ്ങുന്നത്....പിന്നീട് ഹോസ്റ്റലായിരുന്നു അഭയം. ചെറിയ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ പ്രണയത്തിലായി വിവാഹം കഴിഞ്ഞു. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അറിയുന്ന ഒരാളാണ് ഭര്‍ത്താവ്. എനിക്ക് പൂര്‍ണ പിന്തുണ നല്കുന്ന വ്യക്തി.
നാട്ടില്‍ നിന്ന് ഞാന്‍ മാറിനില്ക്കാന് തീരുമാനിച്ചതാണ് എന്റെ ജീവിതത്തില്‍ ഒരുപക്ഷേ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനം. നാട്ടില്‍ നടക്കുന്നതിനെ പറ്റിയൊന്നും അറിയണ്ട. ഇവിടെ നമ്മളെ ആരും അറിയുകയുമില്ല. സമാധാനത്തോടെ ജീവിക്കാം. വീടിനടുത്തുളളവരാണ് പ്രതികളെങ്കില്‍ എങ്ങനെയാണ് വീട്ടില്‍ പോയി താമസിക്കാനാവുക.? നാട്ടില്‍ കാലുകുത്തിയാല്‍ എന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഞാന്‍ നാടുപേക്ഷിച്ചത്.
എല്ലാ കേസിലുമെന്നതുപോലെ എന്റെ കേസിലും പ്രതികള്‍ രക്ഷിതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കണം പത്തുലക്ഷം രൂപ നല്‍കാമെന്നെല്ലാം പറഞ്ഞിട്ടുണ്ട്. നമുക്ക് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് നിര്‍ഭയ ഹോമിലേക്ക് വിളിക്കുമ്പോള്‍ അച്ഛന് പോലും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നെ കുറിച്ച്, എനിക്ക് സംഭവിച്ചതിനെ കുറിച്ച്, ഞാനിപ്പോള്‍ എവിടെയാണ്, കടന്നുപോകുന്നത് എന്ത് മാനസികാവസ്ഥയിലൂടെയാണ് എന്ന് ആരും ചിന്തിച്ചിരുന്നില്ല.'
കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിവാഹവാഗ്ദാനം
'ഒരിക്കല്‍ പ്രതികളില്‍ ഒരാളുടെ അമ്മ വീട്ടില്‍ വന്നു. നിന്റെ അമ്മയുടെ സ്ഥാനത്ത് നിന്ന് സംസാരിക്കുന്നത് പോലെ കരുതണം എന്നെല്ലാം പറഞ്ഞു. അവരുടെ മകനെ രക്ഷിക്കണം എന്നുമാത്രമേ അവര്ക്കുമുളളൂ. ഞാന്‍ ഒരു പെണ്കുട്ടിയാണെന്നോ എന്റെ ജീവിതം പോയെന്നോ ആ സ്ത്രീക്കും മനസ്സിലാകുന്നില്ല. ആണുങ്ങള്‍ക്ക് എളുപ്പത്തില്‍ മറ്റൊരു ജീവിതത്തിലേക്ക് തിരിയാം..പെണ്കുട്ടികള്ക്കോ..? ഇങ്ങനെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറായി എത്രപേര്‍ മുന്നോട്ടുവരും. വന്നാല്‍ തന്നെ നാട്ടുകാര്‍ അതിന് അനുവദിക്കുമോ..കുറ്റപ്പെടുത്തലുകളും പരിഹാസവും തുടരുമ്പോള്‍ സ്വാഭാവികമായും കേള്‍ക്കുന്നവരുടെ മനസ്സ് മാറില്ലേ?
കേസില്‍ ഉള്‍പ്പെട്ട ചില പ്രതികള്‍ എന്നെ വിവാഹം കഴിക്കാം എന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നു. അവരുടെ ഉദ്ദേശം എന്റെ കൂടെ ജീവിക്കുക എന്നുളളതല്ല, അവര്‍ക്ക് കേസ് ഒത്തുതീര്‍പ്പാക്കണം. അതിന് വേണ്ടി വിവാഹവാഗ്ദാനം. പ്രതികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരുപാട് പേരുണ്ട് പക്ഷേ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകാനായിരുന്നു എന്റെ തീരുമാനം.
മാനസികാഘാതം കുറയ്ക്കുന്നതിനായി നിര്‍ഭയ ഹോമുകളില്‍ കൗണ്‍സലിങ് നല്‍കുന്നുണ്ട്. നാം മനസ്സ് തുറക്കുന്നത് അവരെ വിശ്വസിച്ചിട്ടല്ലേ, പക്ഷേ നമ്മള് പറയുന്നതെല്ലാം അവര്‍ മറ്റുജീവനക്കാരുമായി പങ്കുവെക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റ് ജീവനക്കാരോട് ഒരു കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടുണ്ടോ?എല്ലാ ജീവനക്കാരും എല്ലാ കാര്യങ്ങളും അറിയേണ്ട ആളുകള്‍ ആയിരിക്കില്ല. അവരെ മാത്രം വിശ്വസിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ അവരത് എല്ലാവരോടും പറഞ്ഞു എന്നറിയുമ്പോള്‍ പിന്നെ നമ്മുടെ മനസ്സിലുളള കാര്യങ്ങള്‍ ആരോടുപറയാനാണ്.'
ഇതാണോ പുനരധിവാസം ?
'ഹോമുകളില്‍ നിലവില്‍ പതിനെട്ടുവയസ്സുവരെ മാത്രമേ അതിജീവിതകളെ താമസിപ്പിക്കാവൂ എന്നുണ്ട്. ഞാനുളളപ്പോള്‍ അങ്ങനെയായിരുന്നില്ല. 26 വയസ്സുവരെയുളളവര്‍ അന്ന് ഹോമുകളില്‍ ഉണ്ടായിരുന്നു. പലരും വീട്ടില്‍ പോകാന്‍ സാഹചര്യമില്ലാത്തതിനാല്‍ അവിടെ തുടര്‍ന്നതാണ്. അഞ്ചുമുതല്‍ 20ന് മുകളില്‍ പ്രായമുളള കുട്ടികള്‍ വരെ ഒരു ഹോമിനകത്ത്. രക്ഷിതാക്കളെ പിരിഞ്ഞ്, ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവവുമായി ഹോമില്‍ എത്തുന്ന എല്ലാവര്ക്കും അവിടെ പൊരുത്തപ്പെട്ട് പോകാന്‍ കഴിയണമെന്നില്ല. തിരിച്ച് വീട്ടില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ നിരവധിയുണ്ടാകാം. രണ്ടാനച്ഛന്റെയോ, അമ്മാവന്റെയോ സ്വന്തം അച്ഛന്റെയോ ഉപദ്രവം നേരിടേണ്ടി വന്നവര്‍. ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോവുക സാധ്യമല്ല. അവര്‍ക്കാണ് പുനരധിവാസം വേണ്ടത്. പക്ഷേ അതെത്ര കണ്ട് നടപ്പാകുന്നുണ്ടെന്ന് ചിന്തിക്കണം.
ഹോമില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ എന്തുചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നൊന്നും നിര്‍ഭയയിലെ ആരും അന്വേഷിക്കാറില്ല. പഴയ പ്രശ്നങ്ങള്‍ വീണ്ടും നേരിടേണ്ടി വന്നിട്ടുണ്ടോ, കേസിന്റെ കാര്യങ്ങള്‍ എന്തായി എന്നൊരു അന്വേഷണവും ഉണ്ടാകാറില്ല. അവിടെ നിന്നിറങ്ങിയ ശേഷം ഞാന്‍ എന്തുചെയ്യുന്നു, കേസ് എന്തായി എന്നുചോദിച്ചു ആരും ബന്ധപ്പെട്ടിട്ടില്ല. ഹോമില്‍ നിന്ന് ഇറങ്ങിയ ശേഷം സമന്‍സ് വരുമ്പോള്‍ സ്റ്റേഷനില്‍ നിന്ന് നേരിട്ടാണ് വിളിക്കാറുളളത്. നമ്മള് തന്നെയാണ് കേസിന് പോകാറുളളത്. ഇതാണോ പുനരിധിവാസം? ഇത്രയും കാലം ഞങ്ങള്‍ നോക്കി വളര്‍ത്തിയ കുട്ടികള്‍, അവര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ കൂടെ നിര്‍ത്തി തിരിച്ച് അവര്‍ പോയിക്കഴിഞ്ഞാല്‍ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കണ്ടേ? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പുനരധിവാസം എന്നതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?
അതിജീവിതര്‍ക്ക് നഷ്ടപരിഹാരം ഉണ്ട്. പക്ഷേ പലര്‍ക്കും അതറിയില്ല. ആലപ്പുഴയിലെ ഒരു പെണ്‍കുട്ടിയുടെ കാര്യം എനിക്കറിയാം. രണ്ടാനച്ഛനാണ് പ്രതി. കേസ് തീര്‍പ്പായിട്ട് നാലുവര്‍ഷം കഴിഞ്ഞു. അവള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പലപ്പോഴും അതിജീവിതര്‍ക്ക് ഇക്കാര്യം അറിയണമെന്നില്ല ലീഗല്‍ കൗണ്‍സിലറാണ് അത് പറയേണ്ടത്.
അതിവേഗ കോടതികള്‍ വന്നുവെന്നത് സത്യമാണ്. പക്ഷേ അതിനും മുമ്പുളള കേസുകള്‍ കെട്ടികിടക്കുന്നതിനാല്‍ തന്നെ എല്ലാവരുടേയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാകുന്ന സാഹചര്യമുണ്ടാകുന്നില്ല. ഒരോ നിര്ഭയഹോമുകളിലും അതിജീവിതമാര്‍ക്ക് നിയമസഹായത്തിനായി ലീഗല്‍ കൗണ്‍സലേഴ്സിനെ വെച്ചിട്ടുണ്ട്. കേസിന്റെ കാര്യങ്ങള്‍ വേഗത്തില്‍ കൈകാര്യം ചെയ്യേണ്ടതും കോടതി നടപടികളെ കുറിച്ച് അതിജീവിതമാരെ ബോധ്യപ്പെടുത്തേണ്ടതും ഇവരാണ്. ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കണം. കേസ് വിളിക്കാത്ത ആളുകള്‍ ഇപ്പോഴുമുണ്ട്. പതിനേഴ് വയസ്സില്‍ ഹോമിലെത്തിയ ഞാന്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങുന്നത് 24 വയസ്സിലാണ്. ഇന്നെനിക്ക് 26 വയസ്സുണ്ട്. എന്റെ തന്നെ കാര്യം പറഞ്ഞാല്‍ ഏഴുകേസുകളാണ് ഉണ്ടായിരുന്നത് അഞ്ചെണ്ണത്തില്‍ വിധി വന്നു. ഒരു കേസ് കൂടി വിളിക്കാനുണ്ട്. വര്‍ഷങ്ങള്‍ എത്ര കടന്നുപോയെന്ന് ആലോചിച്ചുനോക്കൂ. ഒരു കേസില്‍ പ്രതിയെ വെറുതെ വിട്ടു.ഒരു പ്രതിക്ക് ജാമ്യം ലഭിച്ചു.'
സംഘര്‍ഷത്തിലാകുന്ന വിസ്താരങ്ങള്‍
'19-ാമത്തെ വയസ്സുളളപ്പോഴാണ് കോടതിയിലേക്ക് വിളിപ്പിക്കുന്നത്. കോടതിയിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. പോക്സോ ആയതുകൊണ്ട് കോടതിയില്‍ ആളുകള്‍ കുറവായിരിക്കും. രണ്ട് അഭിഭാഷകര്‍ എഴുതുന്ന ആരെങ്കിലും അഞ്ചോ ആറോ പേരേ ഉണ്ടാകൂ. ജഡ്ജ് ചോദിക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയണം. വെറുതെ കേറിപ്പിടിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഭവിച്ചത് വിശദമായി പറയണം. ആദ്യം കോടതിയില്‍ പോകുമ്പോള്‍ എനിക്കറിയില്ലായിരുന്നു ഇങ്ങനെ ചോദ്യമുണ്ടാകുമെന്ന്. ആദ്യം ഞാന്‍ കുറേനേരം ഒന്നും പറയാതെ നിന്നു, പിന്നെ പറഞ്ഞു. അല്ല പറയേണ്ടി വന്നു. പിന്നെയുളള എല്ലാ വിചാരണയിലും ഇത് പറഞ്ഞുകൊണ്ടിരിക്കണം. ഈ ആള് എന്താണ് ചെയ്തത്, അടുത്ത ആള് എന്താണ് ചെയ്തതെന്നെല്ലാം. എല്ലാവരും നമ്മളൊരാളെ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. അതൊരു വല്ലാത്ത അവസ്ഥയാണ്.
പോക്സോ ആയതിനാല്‍ പ്രതിയെ കാണിക്കില്ല. നമുക്കും അവര്‍ക്കുമിടയില്‍ കര്‍ട്ടനിട്ടാണ് വിസ്താരം. പക്ഷേ പ്രതി അപ്പുറത്തുണ്ടല്ലോ എന്ന വിചാരം കാരണം വല്ലാതെ ഉത്കണ്ഠാകുലരാകും. നമ്മളെ കൊണ്ട് തെറ്റിപ്പറയിപ്പിക്കുക എന്ന രീതിയിലാണ് പ്രതിഭാഗം വിസ്താരം നടത്തുക. എല്ലാവരും അങ്ങനെ ചെയ്യുമെന്നല്ല..പക്ഷേ പ്രതിഭാഗം വക്കീലിനെ കാണുമ്പോഴേ പേടിയാകും. അവര്‍ ചിലപ്പോള്‍ ദേഷ്യപ്പെട്ടും ശബ്ദമുയര്ത്തിയുമെല്ലാമായിരിക്കും കാര്യങ്ങള്‍ ചോദിക്കുക. മനോസംഘര്‍ഷത്തില്‍ ചിലപ്പോള്‍ പറയുന്നതില്‍ തെറ്റുപറ്റും. കരഞ്ഞുപോകും.
കേസ് വിളിക്കുന്ന അന്ന് രാവിലെ പ്രോസിക്യൂട്ടറെ കാണുമ്പോള്‍ മൊഴി ഓര്‍മിപ്പിക്കും. കേസ് നല്കുന്ന സമയത്ത് എന്താണോ പറഞ്ഞത് അതുതന്നെയായിരിക്കണം കോടതിയില്‍ ആവര്‍ത്തിക്കേണ്ടത്. എന്തെങ്കിലും ചെറിയ വ്യത്യാസം വന്നാല്‍ ചിലപ്പോള്‍ അത് കേസിനെ തന്നെ ബാധിക്കും. പക്ഷേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് മറന്നുപോകില്ലേ? പ്രതിഭാഗം വക്കീലിന്റെ ചില ചോദ്യങ്ങളില്‍ പകച്ചുപോയി അല്ല എന്നുപറയേണ്ടത് അതേയെന്ന് പറഞ്ഞുപോകുന്നവരുണ്ട്. ആ സമയത്തെല്ലാം നമുക്ക് പിന്തുണ നല്‍കേണ്ടത് പ്രോസിക്യൂട്ടറാണ്. ജഡ്ജിനോട് കുട്ടി ഭയന്നുപോയെന്ന് ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കും. അവര്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഒരു ധൈര്യം വരും.'
എനിക്കും ജീവിക്കണം, തലയുയര്‍ത്തി തന്നെ
'എനിക്ക് വീട്ടില്‍ പോയി താമസിക്കാനുളള സാഹചര്യമില്ല. അച്ഛന് വേറെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയാണ്. സ്വന്തമായി ഒരു വീട് എന്നുളളത് ആഗ്രഹത്തേക്കാളുപരി അത്യാവശ്യമായിരുന്നു. ഞാന്‍ ഗോത്രവര്‍ഗത്തിൽപ്പെടുന്ന വ്യക്തിയാണ്. നിര്‍ഭയയിലെ അന്നത്തെ ഡയറക്ടറുടെ പിന്തുണയോടെ ഗോത്രവര്‍ഗ ഓഫീസിലെത്തി വീടിനായി അപേക്ഷ നല്‍കിയിരുന്നു. അത് പാസ്സായതാണ്. പക്ഷേ എനിക്കിനി എന്റെ നാട്ടില്‍ തുടരാനാവില്ല. അതിനാല്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ ഭൂമിയും വീടും അനുവദിച്ച് തരണമെന്ന് അപേക്ഷിച്ചിരുന്നു. സ്ഥലം അനുവദിച്ചിട്ടുണ്ട്. കൈയില്‍ ലഭിച്ചിട്ടില്ല. ജില്ലാ കളക്ടറുടെ അനുമതി കൂടി ലഭിക്കാനുണ്ടെന്നാണ് അറിഞ്ഞത്. പിജി ചെയ്യണം. നല്ലൊരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണം.'
തയ്യാറാക്കിയത് :രമ്യ ഹരികുമാര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..