പട്ടാളമില്ലെങ്കിലും സേഫാണ്; കറന്‍സിയില്ല, പക്ഷേ, റിച്ചാണ്; സത്യത്തിൽ ഇതല്ലേ 'ഗോഡ്സ് ഓൺ കൺട്രി'


മനു കുര്യന്‍ഓഗസ്റ്റ് 15 ലിച്ചെന്‍സ്‌റ്റൈന്‍കാര്‍ക്ക് ദേശീയ അവധി ദിനമാണ്. വിശേഷ ദിനം. അന്ന് രാജ്യത്തെ എല്ലാവര്‍ക്കും രാജകൊട്ടാരമിരിക്കുന്ന റോസ് ഗാര്‍ഡനിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍.

liechtenstein

സ്വന്തം പട്ടാളമില്ല. സ്വന്തമായി കറന്‍സിയില്ല. സ്വന്തം ഭാഷയുമില്ല. ആ രാജ്യത്തേക്ക് പ്രവേശിച്ചോ അവിടെ നിന്ന് പുറത്തുകടന്നോ എന്ന് പെട്ടെന്ന് മനസ്സിലാകുക പോലുമില്ല. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യമാണ് ലിച്ചെന്‍സ്‌റ്റൈന്‍. ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന ഏക രാജ്യം. ജനസംഖ്യ കഷ്ടിച്ച് 39,000 ത്തില്‍ താഴെ. അതില്‍ 70 ശതമാനവും കുടിയേറ്റക്കാരാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്ന്. ക്രയ ശേഷി(percapita GDP) പ്രകാരം ലോകത്ത് രണ്ടാം സ്ഥാനം. എന്നാല്‍ ആകെ രണ്ടേ രണ്ട് ശതകോടീശ്വരന്മാരെ അവിടെ ഉള്ളൂ. ഒന്ന് രാജ്യം ഭരിക്കുന്ന രാജാവും പിന്നെ കൃത്രിമ പല്ല് വിറ്റ് കാശുകാരനായ മറ്റൊരാളും. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടുപോലെ മാപ്പില്‍ കാണാം ലിച്ചെന്‍സ്‌റ്റൈന്‍ എന്ന രാജ്യം. ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേരാണ് അവിടെ തൊഴിലെടുക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന് ജോലി എടുക്കുന്നവരാണ് 50 ശതമാനത്തിലധികവും. ഒരു ജയിലുണ്ടെങ്കിലും ജയില്‍പുള്ളികള്‍ വല്ലകാലത്തുമേ ഉണ്ടാവാറുള്ളൂ കുറ്റകൃത്യങ്ങള്‍ നന്നേകുറവ്. ഒരു കൊലപാതകം തന്നെ റിപ്പോര്‍ട്ട് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കടല്‍ തീരമില്ല. വിമാനത്താവളമില്ല. എംബസി പോലുമില്ലാത്ത ലോകത്തെ രണ്ട് രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചെന്‍സ്‌റ്റൈന്‍..

സഞ്ചാരികളുടെ പറുദീസയാണ് യൂറോപ്പെങ്കിലും അവിടെ അധികം ആരും പോകാത്ത രാജ്യവും ലിച്ചെന്‍സ്‌റ്റൈന്‍ ആണ്. ആരും സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടാത്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 62 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീര്‍ണം. ലോസാഞ്ചലസിന്റെ വലുപ്പം കണക്കിലെടുത്താല്‍ അതിന്റെ എട്ടിലൊന്നേ വരൂ. കടമില്ല. കമ്മിയില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ രാജകുടുംബമാണ് അവിടുത്തേത്. ആസ്തിപരമായി പറഞ്ഞാല്‍ ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അത്രയുമൊന്നുമില്ല. പക്ഷേ ബ്രിട്ടനില്‍ അതിലും നിയന്ത്രണം സര്‍ക്കാരിനാണ്. ഇവിടെ അതല്ല സ്ഥിതി. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ ഇഷ്ടം പോലെ രാജാവിന് ചെലവക്കാം. കൈകാര്യം ചെയ്യാം. 500 കോടി ഡോളറിന് മേലെയാണ് രാജാവിന്റെ ആസ്തി. പിന്നെയുള്ളത് ഒരേയൊരു കോടീശ്വരന്‍. ആ രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയോളം വരും കക്ഷിയുടെ ആസ്തി. ക്രിസ്റ്റഫ് സെല്ലര്‍. ഫോര്‍ബ്‌സ് മാസികയുടെ കണക്കില്‍ സമ്പന്നരില്‍ ഒരാള്‍. ഈ 65 കാരന്‍ കാശുണ്ടാക്കിയത് കൃത്രിമ പല്ല് വ്യവസായത്തിലൂടെയാണ്. ഏകദേശം 220 കോടി ഡോളര്‍ വരും. കൃത്രിമ പല്ല് കയറ്റുമതിയിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാവും വരുന്നത്. കൃത്രിമ പല്ലിന്റെ ലോകത്തെ ആകെ വില്‍പനയുടെ 20 ശതമാനവും അവിടെ നിന്നാണ് 10,000 ലേറെ മോഡല്‍ ഇവര്‍ വിപണിയില്‍ എത്തിച്ചു. ബോളിവുഡില്‍ പോലും ഇത് ഉപയോഗിക്കുന്നവരുണ്ട്.

സംതൃപ്തരായ ജനങ്ങളാണെങ്കിലും യൂറോപ്പില്‍ ഏറ്റവും ഒടുവില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച് കിട്ടിയത് ഇവിടെയാണ്. അതും 1984 ല്‍ ജനഹിത പരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തില്‍. രാജ്യത്ത് ഉപയോഗത്തിലുള്ള കറന്‍സി സ്വിസ് ഫ്രാങ്കാണ്. ഔദ്യോഗിക ഭാഷയാണെങ്കില്‍ ജര്‍മ്മനും. പക്ഷേ ആളുകള്‍ അതിന്റെ മറ്റൊരു വകഭേദമാണ് ഉപയോഗിക്കുന്നത്. രാജഭരണമായതിനാല്‍ കൂടി principaltiy എന്നാണ് വിശേഷണം. സഖ്യകക്ഷി സര്‍ക്കാര്‍ രാജാവിന്റെ അധീനതയില്‍ ഭരണം നടത്തുന്നു. പല രാജ്യങ്ങളും രാജാവാഴ്ചയില്‍ നിന്ന് ജനാധിപത്യത്തിലേക്കും മറ്റും മാറിയപ്പോഴും 2003 ല്‍ നടത്തിയ ജനഹിത പരിശോധനയില്‍ ലിച്ചന്‍സ്‌റ്റൈന്‍ രാജാവിന്റെ അധികാരം കൂട്ടി. ആരെയും നിയമിക്കാം പിരിച്ചുവിടാം ആര്‍ക്കും പൗരത്വം കൊടുക്കാം ജനഹിതത്തെ വീറ്റോ ചെയ്യാം. അങ്ങനെ സര്‍വാധിപതിയായി രാജാവ്.

ഒരുകാലത്ത് പട്ടാളമുള്ള രാജ്യമായിരുന്നു ലിച്ചെന്‍സ്‌റ്റൈന്‍. യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു കഥയുണ്ട് 1866 ല്‍ ആസ്‌ട്രോപ്രഷ്യന്‍ യുദ്ധത്തില്‍ 180 പേരാണ് പങ്കെടുക്കാന്‍ പോയത്. സാധാരണഗതിയില്‍ യുദ്ധത്തില്‍ ആള്‍നാശത്തിന്റെ വേദനാജനകമായ കഥകളാണ് പല രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ യുദ്ധത്തിന് പോയ 180 പേരും തിരിച്ചുവന്നുവെന്ന് മാത്രമല്ല അവിടെ വച്ച് സൗഹൃദത്തിലായി ഒരു ഇറ്റാലിയന്‍ പട്ടാളക്കാരനേയും ഒപ്പം കൂട്ടി. അങ്ങനെ യുദ്ധം ചെയ്യാന്‍ 180 പേര്‍ പോയി 181 പേര്‍ തിരിച്ചുവന്നു. ഇയാള്‍ ഓസ്ട്രിയക്കാരനായിരുന്നുവെന്നും ചില വാദങ്ങളുണ്ട്. അതിന് ശേഷം 1868 ല്‍ രാജാവ് സൈന്യം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. അതുപോലെ അതിര്‍ത്തി ഒരു പൊല്ലാപ്പായി ചില അധിനിവേശം നടന്ന ചരിത്രവുമുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് 2007 ലാണ് നടന്നത്. 170 ആയുധധാരികളായ സ്വിസ് പട്ടാളക്കാര്‍ വഴിതെറ്റി എത്തിയത് ലിച്ചെന്‍സ്‌റ്റൈനിലാണ്. ഏതാണ്ട് രാജ്യത്തിന്റെ ഹൃദയഭാഗത്ത് എത്തിയപ്പോഴാണ് പട്ടാളക്കാര്‍ക്കും അതിര്‍ത്തി ലംഘിച്ചത് മനസ്സിലായത് തന്നെ. അറിയാതെ സംഭവിച്ച അധിനിവേശത്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് മാപ്പ് പറഞ്ഞ് കത്തെഴുതിയപ്പോഴാണ് ഭരണാധികാരികള്‍ പോലും ഇക്കാര്യം അറിഞ്ഞത്. അതിനോടുള്ള അവരുടെ പ്രതികരണം അതിലും രസകരമാണ്. ഇങ്ങനെ ചിലത് സംഭവിക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് തൊടുത്ത ഷെല്ലുകളും മറ്റും ലക്ഷ്യം തെറ്റി അയല്‍രാജ്യത്ത് എത്തിയ സംഭവങ്ങള്‍ പലതവണ.

ഓഗസ്റ്റ് 15 ലിച്ചെന്‍സ്‌റ്റൈന്‍കാര്‍ക്ക് ദേശീയ അവധി ദിനമാണ്. വിശേഷ ദിനം. അന്ന് രാജ്യത്തെ എല്ലാവര്‍ക്കും രാജകൊട്ടാരമിരിക്കുന്ന റോസ് ഗാര്‍ഡനിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍. ലോകത്ത് തന്നെ വര്‍ഷം തോറും ഒരു രാജ്യത്തെ ഭരണാധികാരി ജനങ്ങളെ ക്ഷണിച്ച് വിരുന്ന് നടത്തുന്ന അപൂര്‍വ്വത. എല്ലാവര്‍ക്കും ഒന്നിച്ച് കൂടി ബിയര്‍ കുടിക്കാം. വൈന്‍ നുകരാം. ലോകത്ത് തന്നെ പ്രശസ്തമാണ് ലിച്ചെന്‍സ്‌റ്റൈനിലെ വൈന്‍. സവിശേഷ രുചികൊണ്ടും പ്രശസ്തം.

നിരവധി വിദേശികള്‍ പഠനത്തിനായും ജോലിക്കായും കുടിയേറാറുണ്ട്. പക്ഷേ ഏറ്റവും ബുദ്ധമുട്ട് അവിടെ പൗരത്വം കിട്ടലാണ്. 30 വര്‍ഷം സ്ഥിരതാമസക്കാരനാണെങ്കിലെ അതിനായി പരിഗണിക്കുക പോലുമുള്ളൂ. അതില്‍ 20 വയസ്സിന് താഴെയുള്ള ഓരോ വര്‍ഷവും രണ്ട് വര്‍ഷമായാണ് കണക്കാക്കുന്നത്. മറ്റൊരുവഴി അവിടെ പൗരത്വമുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ പൗരത്വം കിട്ടാനുള്ള കാത്തിരിപ്പ് കാലാവധി വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷം എന്ന കണക്കിലേക്ക് ചുരുങ്ങും. നിലവിലുള്ള പൗരത്വം ഉപേക്ഷിച്ച ശേഷമാകണം ഇതിന് ശ്രമിക്കേണ്ടത്. മറ്റൊരു വഴി 10 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് പൗരത്വത്തിനായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാം. ആത്യന്തികമായി ഇത് നല്‍കാനോ തള്ളാനോ ഉള്ള അധികാരം രാജാവിനുണ്ടെന്നത് വേറെകാര്യം. ജനഹിതപരിശോധനിയിലൂടെയും തള്ളാം കൊള്ളാം. ആകെ മൊത്തത്തില്‍ പൗരത്വവും റസിഡന്‍ഷ്യല്‍ സ്റ്റാറ്റസും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ ബുദ്ധിമുട്ടാണ് കിട്ടാന്‍ എന്ന് ചുരുക്കം. പൗരത്വം കിട്ടിയില്ലെങ്കിലും അന്നാട്ടുകാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവിടുത്തെ എല്ലാവര്‍ക്കും കിട്ടും.

സ്വിസ് ബാങ്ക് നിക്ഷേപവും മൗറീഷ്യസിലെ നിക്ഷേപവും എല്ലാവര്‍ക്കും പരിചിതമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കള്ളപ്പണം നിക്ഷേപിക്കുന്ന ഇടങ്ങള്‍. അപൂര്‍വ്വമായി മാത്രമേ കാശിന്റെ ഉടമസ്ഥരുടെ വിവരം അവര്‍ പുറത്തുവിടൂ. ആ നിക്ഷേപത്തിന് ലിച്ചെന്‍സ്‌റ്റൈനിലും സൗകര്യമുണ്ട്. അവിടത്തെ LGT ഗ്രൂപ്പ് ലോകത്തിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കിങ് അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ്. രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ 100 വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനം. ലോകത്തിന്റെ പലഭാഗത്ത് നിന്നുമായി വ്യക്തികളുടെയും സ്ഥാപനങ്ങളുടേയുമായി 31,400 കോടി ഡോളറിന്റെ നിക്ഷേപമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. tax heaven ആയാണ് രാജ്യം അറിയപ്പെടുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍. പലരാജ്യങ്ങളെ അപേക്ഷിച്ച് നികുതി വളരെക്കുറവാണ്. അതുവഴിയാണ് രാജ്യം സമ്പന്നതയിലേക്ക് നടന്നുകയറിയതും. ചെറിയ രാജ്യമെങ്കിലും വ്യവസായങ്ങളുടെ നീണ്ട നിരയുണ്ട്. കോര്‍പറേറ്റ് നികുതി 12.5 ശതമാനം മാത്രമാണ്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചന്‍സ്‌റ്റൈന്‍. ശരാശരി ഓരോ പൗരന്മാര്‍ക്കും വാര്‍ഷികവരുമാനമായി കിട്ടുന്നത് 92,000 ഡോളറാണ്. അതിന് ആനുപാതികമായി ജീവിതചെലവും കൂടുതല്‍. ശമ്പളത്തിന്റെ പകുതിയും വീട്ടുചെലവ്, യാത്രാചെലവ്, ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെയായി പോകും. ദാരിദ്ര്യമില്ല ഇവിടെ. 5.5 ഡോളര്‍ പ്രതിദിന വരുമാനത്തില്‍ കുറവുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കുകൂട്ടുന്നത്. ആകെ 2008 ലെ ആഗോളമാന്ദ്യകാലത്ത് മാത്രം കമ്മി ബജറ്റുണ്ടായി.

രാജ്യത്തിന്റെ പതാകയെ സംബന്ധിച്ചും ചില ചരിത്രകഥകളുണ്ട്. 1936 ല്‍ ബെര്‍ലിന്‍ ഒളിമ്പിക്‌സിന് എത്തിയവര്‍ പരേഡ് നോക്കുമ്പോ സമാനമായ പതാകയുമായി മറ്റൊരു രാജ്യക്കാരും, ഹെയ്ത്തിയുടെ അതേ പതാക പോലെ തന്നെ. രണ്ട് രാജ്യങ്ങളുടെയും പതാകയില്‍ മുകളിലെ ഭാഗം നീലയും ബാക്കി ചുവപ്പുമാണ് നിറം. ഒളിമ്പിക്‌സ് കഴിഞ്ഞെത്തിയതോടെ പതാകയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. അങ്ങനെ 1937 ല്‍ കിരീടം കൂടി കൊടിയില്‍ ചേര്‍ത്തു. അതാണ് ഇപ്പോഴും ഉപയോഗിക്കുന്ന പതാക. ചെറു രാജ്യങ്ങളില്‍ ശീതകാല ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ലിച്ചെന്‍സ്‌റ്റൈന്‍. രണ്ട് സ്വര്‍ണം അടക്കം 10 ഒളിമ്പിക് മെഡലുണ്ട് രാജ്യത്തിന്റെ ക്രെഡിറ്റില്‍. കൊടിയുടെ കാര്യം പോലെ തന്നെയാണ് ദേശീയ ഗാനത്തിന്റെ കാര്യവും കേട്ടാല്‍ ബ്രിട്ടന്റെ ദേശീയ ഗാനം പോലെ തന്നെ. വരികളില്‍ മാത്രം വ്യത്യാസം ഒരേ ട്യൂണ്‍ തന്നെ.

രാജ്യം ലീസിന്

രാജ്യം തന്നെ ഒരു ദിസത്തേക്ക് വാടകയ്ക്ക് എടുക്കാം എന്നൊരു കഥയുമുണ്ട്. അങ്ങനെ ഒരു ഓഫര്‍ അവിടെ ഒരിക്കല്‍ പ്രഖ്യാപിക്കുകയുണ്ടായി. കൗതുകമായി തോന്നാം. അങ്ങനെയൊന്ന് ലിച്ചെന്‍സ്‌റ്റൈനില്‍ നിന്ന് കേട്ടത് 2011 ലാണ്. ഒരു ദിവസത്തേക്ക്(രാത്രി) താത്കാലിക കറന്‍സി, അടയാള ബോര്‍ഡുകള്‍ കസ്റ്റമൈസ് ചെയ്ത് തരും രാജ്യം 'സ്വന്തമാക്കി' ആഘോഷിക്കാം. അതിനുള്ള ചെലവ് 70,0000 ഡോളര്‍. ഒരാള്‍ അതിനൊരു ശ്രമം നടത്തിയെങ്കിലും അധികൃതര്‍ അത് നിരാകരിച്ചു. അതിന് ശേഷം ഒരു കമിതാക്കള്‍ അവരുടെ വിവാഹം ഇതുപോലെ രാജ്യം ലീസിനെടുത്ത് പ്ലാന്‍ ചെയ്തു. പക്ഷേ വിവാഹം ഉപേക്ഷിച്ചതോടെ അതും മുടങ്ങി

മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് രാജ്യം സന്ദര്‍ശിക്കാന്‍ അനുകൂല കാലാവസ്ഥ ഓസ്ട്രിയയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ട്രെയിന്‍മാര്‍ഗമോ റോഡ് മാര്‍ഗമോ എത്തിച്ചേരാം. ആകെ നാല് സ്‌റ്റേഷനെ രാജ്യത്തുള്ളൂ. രാജകൊട്ടാരവും പ്രകൃതി ഭംഗിയും കേള്‍വികേട്ടതാണ്. എണ്ണത്തില്‍ കുറവെങ്കിലും വിദേശവിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുമുണ്ട് ലിച്ചന്‍സ്‌റ്റൈനില്‍

Content Highlights: the country liechtenstein in europe explained

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented