കൂടല്ലൂർ അച്യുതൻ (ഒരു പഴയകാല ചിത്രം)
അത്ഭുതങ്ങൾ നഷ്ടപ്പെടുന്ന ഒരു തലമുറയ്ക്ക് മാത്രമേ ഗൃഹാതുരത്വം മനോരോഗമാണെന്ന് പറയാനാവുകയുള്ളുവെന്ന് അച്ച്യുതൻ കൂടല്ലൂർ പറയുമായിരുന്നു. മാതൂഭൂമിയുടെ ചെന്നൈ എഡിഷനിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഒരു കുറിപ്പിൽ ഓണത്തിന്റെ നിറങ്ങൾ അച്ച്യൂതേട്ടൻ ഓർത്തെടുത്തത് മറക്കാനാവില്ല. നിറങ്ങളുടെ ലയമാണ് കൂടല്ലൂരിന്റെ സൃഷ്ടികൾ എന്നാണ് കലാവിമർശകനായ തിയഡോർ ഭാസ്കരൻ എഴുതിയത്. നിറങ്ങളെ ഇത്രമാത്രം സ്നേഹിച്ച ഒരു മലയാളി ചിത്രകാരൻ വേറെയുണ്ടോ എന്നറിയില്ല. ഈ സവിശേഷത കൊണ്ടുതന്നെയാവണം അച്യുതൻ കൂടല്ലൂരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ഗീത ഹഡ്സൺ 'Red Symphony' എന്ന് പേരിട്ടത്.
ഭാരതപ്പുഴയും കുന്തിപ്പുഴയും സമ്മേളിക്കുന്ന കൂടല്ലൂരിലെ ആകാശങ്ങളുടെ നിറപ്പകിട്ടുകളെക്കുറിച്ച് ചെന്നൈയിൽ നീലാങ്കരയിലെ വീട്ടിലിരുന്ന് അച്യുതേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തീർത്തും മൂർത്തമായ നിറങ്ങൾ കൊണ്ടാണ് അച്ച്യുതേട്ടൻ അമൂർത്തമായ ചിത്രങ്ങൾ തീർത്തത്. ചെറുപ്പത്തിൽ രേഖാചിത്രങ്ങളിലായിരുന്നു കമ്പം. ആരെക്കണ്ടാലും അവരുടെ മുഖങ്ങൾ കടലാസിലേക്ക് പകർത്തിയിരുന്ന കാലം. അന്ന് പക്ഷേ, കളി പ്രധാനമായും സാഹിത്യത്തിലായിരുന്നു. അക്കാലത്ത് പല മലയാളം പ്രസിദ്ധീകരണങ്ങളിലും അച്ച്യുതൻ കൂടല്ലൂരിന്റെ കഥകൾ അച്ചടിച്ചു വന്നു. അന്ന് കൂടെക്കൂടിയ വായനാശീലം എന്നും കൂടെ നിന്നു.
ആത്മാവും മാംസവും തമ്മിലുള്ള സംഘർഷങ്ങളിൽ നിതാന്തമായി ഉലഞ്ഞുകൊണ്ടിരുന്ന നിക്കൊസ് കസാൻദ്സാക്കിസിന്റെ രചനകളുടെ വലിയൊരു സ്വാധീനം കൂടല്ലൂരിന്റെ വരയിലും ജീവിതത്തിലുമുണ്ടായിരുന്നു. ഇതുവരെയുള്ള യുദ്ധം ചെകുത്താനുമായിട്ടായിരുന്നെന്നും ഇനിയങ്ങോട്ടുള്ള പോരാട്ടം ദൈവവുമായിട്ടായിരിക്കുമെന്നും റിപ്പോർട്ട് ടു ഗ്രെക്കൊ എന്ന ആത്മകഥയിൽ സാക്കിസ് പറയുന്നത് അച്ച്യൂതേട്ടൻ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു.
സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുമായാണ് അച്ച്യുതേട്ടൻ ചെന്നൈയിലെത്തിയത്. റെയിൽവേയിൽ ജോലി നോക്കുന്നതിനിടെ തമിഴ്നാട് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ നിയമനം കിട്ടി. ഏറെ വർഷങ്ങൾക്ക് ശേഷം സർക്കാർ സർവ്വീസിൽനിന്ന് സ്വയം വിരമിച്ചാണ് സ്വന്തം ഇഷ്ടങ്ങൾക്കായി ജീവിതം പൂർണ്ണമായും മാറ്റിവെച്ചത്. എന്തുകൊണ്ട് വിവാഹം വേണ്ടെന്ന് വെച്ചെന്ന ചോദ്യത്തിന് ജീവിതം അങ്ങിനെയങ്ങ് ആവുകയായിരുന്നു എന്നായിരുന്നു മറുപടി. ഇടയ്ക്കൊരിക്കൽ ഒരു ടെലിഫോൺ ഭാഷണത്തിൽ പഴയൊരു പ്രേമത്തെക്കുറിച്ച് അച്യുതേട്ടൻ പറഞ്ഞു. ചെന്നൈയിൽ അടുത്ത വീട്ടിൽ തമാസിച്ചിരുന്ന ഒരു പെൺകുട്ടിയിരുന്നു നായിക. ഒരു പരിധി വരെ പ്ലറ്റോണിക് എന്ന് വിളിക്കാവുന്ന ഈ പ്രണയത്തിലെ പെൺകുട്ടി പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഐ.എ.എസ്. ഓഫീസറായി. അവർ തമ്മിലുള്ള സൗഹൃദം പക്ഷേ, അവസാന നാളുകൾ വരെ തുടർന്നു.
രവിവർമ്മയല്ല സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ് ഗോയയാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതെന്ന് ഒരു അഭിമുഖത്തിൽ അച്ച്യുതേട്ടൻ പറയുന്നുണ്ട്. സൽവദോർ ദാലിയുടെ സർറിയലിസത്തിലേക്ക് പോകാതെ അബ്സ്ട്രാക്ഷനിലേക്ക് നീങ്ങിയത് പക്ഷേ, ഉൾവിളി ഒന്നുകൊണ്ടായിരുന്നു. ജിവിതത്തിൽനിന്നു തന്നെയാണ് തന്റെ രചനകൾ ഉടലെടുക്കുന്നതെന്നാണ് അച്ച്യതേട്ടൻ തറപ്പിച്ചു പറഞ്ഞിരുന്നത്. കണ്ടതും അനുഭവിച്ചതുമായ നിറങ്ങൾ ഒരു സംഗീതശിൽപത്തിലെന്നതുപോലെ ബ്രഷുകളിലേക്ക് ഉറന്നൊഴുകുകയായിരുന്നു.
ഒരേ സമയം വിഭ്രമിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന മൂർത്തമായ നിറങ്ങൾ. ശ്വസിക്കുന്ന ചിത്രങ്ങളാണ് കൂടല്ലൂരിന്റേതെന്ന് ജർമ്മൻ കലാമവിമർശകൻ ഏണസ്റ്റ് ഡബ്ളിയു. കൊളിൻസ്പെർഗർ ചൂണ്ടിക്കാട്ടുന്നത് വെറുതെയല്ല. മനുഷ്യരൂപങ്ങൾ ഇല്ലെങ്കിലും മാനവികതയുടെ പകർന്നാടൽ തന്നെയാണ് അച്ച്യുതേട്ടന്റെ ചിത്രങ്ങൾ എന്ന് തോന്നിയിട്ടുണ്ട്. എം. ഗോവിന്ദനുമായുള്ള സംഭാഷണങ്ങളിലൂടെ വളരുകയും ജ്വലിക്കുകയും ചെയ്ത മാനവികതയായിരുന്നു അത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രസന്നഭരിതവും പ്രകാശപൂർണ്ണവുമായ അടരുകളിൽ ആഹ്ളാദിച്ചിരുന്ന മാനവികത. ഇന്ത്യൻ ജനാധിപത്യത്തിന്റെ തുടർച്ചകൾക്കായുള്ള പ്രതികരണങ്ങൾ അടിച്ചമർത്തപ്പെടുന്നതിൽ അദ്ദേഹം ഖിന്നനും ദുഃഖിതനുമായിരുന്നു. നിങ്ങളോട് യോജിക്കാത്തവരെ ഇല്ലാതാക്കുകയാണ് നല്ലതെന്ന് കരുതിയാൽ അതോടെ എല്ലാം തീരുമെന്നും ഇന്ത്യയുടെ ബഹുസ്വരത അങ്ങിനെയങ്ങ് ഇല്ലാതാക്കാൻ കഴിയില്ലെന്നുമാണ് ഒരിക്കൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അച്ച്യുതേട്ടൻ വ്യക്തമാക്കിയത്.
.jpg?$p=1e74d83&w=610&q=0.8)
പുസ്തകത്തിന്റെ കവർ
മാതൃഭൂമി ചെന്നൈ എഡിഷനിൽ എഴുതിയിരുന്ന കുറിപ്പുകൾ അഞ്ച് കൊല്ലം മുമ്പ് 'ചെന്നൈ കാഴ്ച' എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ കവർ ആരുടേതായിരിക്കണമെന്ന കാര്യത്തിൽ സംശയമേതുമുണ്ടായിരുന്നില്ല. പുതിയൊരു കവർ വരയ്ക്കാൻ തോന്നുന്നില്ലെന്നും എന്നാൽ ചില പെയിന്റിങ്ങുകൾ അയച്ചുതരാമെന്നും അതിൽ നിന്നൊരെണ്ണം തിരഞ്ഞെടുത്തോളൂ എന്നുമാണ് അച്ച്യുതേട്ടൻ അന്ന് അത്യധികം സ്നേഹത്തോടെ പറഞ്ഞത്.
ദ്രാവിഡത്തിന്റെ മനസ്സും ഭാവനയും നിറയുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ട ഒരു രചന ചൂണ്ടിക്കാട്ടിയപ്പോൾ അതിന്റെ ഒറിജിനൽ സ്കാൻ ചെയ്ത് അടുത്ത ദിവസം തന്നെ അയച്ചു തന്നു. ചെന്നൈയിൽ സക്കറിയയും മേതിൽ രാധാകൃഷ്ണനും വരുമ്പോൾ അച്ച്യുതേട്ടനോട് പറയുമായിരുന്നു. ഒരു നിവൃത്തിയുണ്ടെങ്കിൽ വരാതിരിക്കാൻ അച്ച്യുതേട്ടന് ആവുമായിരുന്നില്ല. നാട്ടിലേക്കുള്ള യാത്രകൾ ചുരുക്കമായിരുന്നു. പക്ഷേ, കേരളം എപ്പോഴും ആ മനസ്സിലുണ്ടായിരുന്നു.
കൊച്ചി മുസിരിസ് ബിനാലെ എന്തുകൊണ്ടോ അച്ച്യുതേട്ടന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അതിൽ വല്ലാത്തൊരു പ്രകടനപരത ഉണ്ടെന്നായിരുന്നു വിമർശം. പ്രകടനങ്ങൾ ജീവിതത്തിലെന്നപോലെ കലയിലും അച്ച്യുതേട്ടൻ തിരസ്കരിച്ചു. ലോകം മുഴുവൻ അറിയപ്പെട്ടിട്ടും ലണ്ടനിലെ സൗതബിസിലും ക്രിസ്റ്റീസിലും വിലമതിക്കപ്പെട്ട ചിത്രകാരനായിരുന്നിട്ടും സ്വയം പ്രദർശനത്തിന് വെയ്ക്കാൻ അച്ച്യുതേട്ടൻ ഒരിക്കലും മുതിർന്നിട്ടില്ല. എല്ലാ അർത്ഥത്തിലും ഏകാന്തമായൊരു വഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു അത്. ജീവിതത്തിലായാലും ചിത്രകലയിലായാലും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..